November 18 Wednesday 2026

‘പഴയ ഭയങ്ങൾ വീണ്ടും കടന്നുവരുന്നു; പക്ഷേ, എനിക്ക് പോരാടിയേ തീരൂ’- ബിൽക്കീസ് ബാനു

Bilkis Bano

2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗർഭിണി ആയിരുന്ന 19 കാരി ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും മൂന്നുവയസ്സുള്ള മകളടക്കം 14 കുടുംബാംഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു.  മനഃസാക്ഷിയെ മരവിപ്പിച്ച അതിക്രൂരകൃത്യം ചെയ്ത കുറ്റവാളികളുടെ ശിക്ഷ മരവിപ്പിച്ചുകൊണ്ട് രാജ്യത്തെ പരമോന്നത കോടതി ഉത്തരവിട്ടിരിക്കുന്നു.

ഒക്ടോബർ 28ന് കേസിലെ രണ്ട് കുറ്റവാളികളുടെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി മരവിപ്പിക്കുകയും അവർക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. തന്നോട് ആലോചിക്കുകയോ തന്‍റെ ഭാഗം കേൾക്കുകയോ ചെയ്യാതെയാണ് കേസിലെ രണ്ട് കുറ്റവാളികളുടെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി മരവിപ്പിക്കുകയും അവർക്ക് ജാമ്യം അനുവദിക്കുകയും ചെയ്തതെന്ന് പറഞ്ഞ ബില്‍ക്കീസ് ബാനു, കോടതി വിധിയില്‍‌ വേദനയും ഞെട്ടലും അവിശ്വാസവും പ്രകടിപ്പിച്ചു.

സുപ്രീം കോടതി ഉത്തരവിൽ പറയുന്നത്?
ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച്, ഒക്ടോബർ 28-ന് ഈ കേസിലെ 11 കുറ്റവാളികളിൽപ്പെട്ട ബിപിൻചന്ദ് കനയ്യലാൽ ജോഷി, പ്രദീപ് രാമൻലാൽ മോദിയ എന്നിവരുടെ ശിക്ഷ മരവിപ്പിക്കുകയും, ശിക്ഷാവിധിക്കെതിരായ അവരുടെ അപ്പീലുകൾ തീർപ്പാകുന്നതുവരെ ജാമ്യം അനുവദിക്കുകയും ചെയ്തു. നവംബർ പകുതിയോടെയാണ് ഈ ഉത്തരവ് കോടതിയുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തത്.

ഇരുവരും 17 വർഷത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും, അവരിൽ ഒരാൾക്ക് ഗുരുതരമായ ശാരീരിക വൈകല്യമുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കൂടാതെ, അവരുടെ അപ്പീലുകളിൽ വസ്തുതാപരവും നിയമപരവുമായ ചില ചോദ്യങ്ങൾ ഉയർന്നിട്ടുണ്ടെന്നും, അവ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രതിഭാഗം അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര വാദിച്ചത്, അപ്പീൽ നൽകിയവരിൽ ഒരാളുടെ പേര് യഥാർഥ എഫ്.ഐ.ആറിൽ (FIR) ഉണ്ടായിരുന്നില്ലെന്നും, സംഭവം നടന്ന് ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് ഇയാളെ കേസിൽ ഉൾപ്പെടുത്തിയതെന്നും ആണ്. എന്നാൽ, കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി അഡീഷണൽ സോളിസിറ്റർ ജനറൽ രാജ താക്കറെ ജാമ്യാപേക്ഷകളെ എതിർത്തു.

2024 ജനുവരിയിൽ സുപ്രീം കോടതി റദ്ദാക്കിയ ശിക്ഷാ ഇളവ് (remission) ലഭിച്ച 11 കുറ്റവാളികളിൽ ഉൾപ്പെടുന്നവരാണ് ഇവർ. വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റിയതിനാൽ, ഇവർക്ക് ശിക്ഷാ ഇളവ് നൽകാനോ നേരത്തെ ജയിൽ മോചിതരാക്കാനോ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് അന്ന് കോടതി വിധിച്ചിരുന്നു; കൂടാതെ 11 പേരും ജയിലിലേക്ക് തിരികെ പോകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഒക്ടോബർ 28-ലെ ഉത്തരവ് ഇവരുടെ കുറ്റസമ്മതത്തെയോ ശിക്ഷാവിധിയെയോ റദ്ദാക്കുന്നില്ല; ശിക്ഷാവിധിക്കെതിരായ അപ്പീലുകൾ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

ബാനുവിന്‍റെ ഭാഗം കേള്‍ക്കാതെയുള്ള ഉത്തരവ് 
മുതിർന്ന അഭിഭാഷക ശോഭ ഗുപ്ത മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ, തന്നെ അറിയിക്കാതെ സുപ്രീം കോടതി തനിക്കെതിരായ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത് ഇത് രണ്ടാം തവണയാണെന്ന് ബാനു കുറ്റപ്പെടുത്തി.
“എന്നെ വിളിച്ചു വരുത്തുകയോ എന്റെ ഭാഗം കേൾക്കുകയോ ചെയ്യാതെ, സുപ്രീം കോടതി വീണ്ടും – അതായത് രണ്ടാം തവണയും – ഒരു ഉത്തരവ് പുറപ്പെടുവിച്ചു എന്നത് എനിക്ക് വിശ്വസിക്കാനാവുന്നില്ല. മാധ്യമ വാർത്തകളിലൂടെയാണ് ഞാനറിഞ്ഞത്,” അവർ പറഞ്ഞു.

അവർ ചോദിച്ചു: “എനിക്ക് നേരെ ഇത്രയും ക്രൂരത ചെയ്തവരുടെ ശിക്ഷാവിധി സുപ്രീം കോടതിക്ക് എങ്ങനെയാണ് മരവിപ്പിക്കാൻ കഴിയുക? എന്നെ അറിയിക്കുക പോലും ചെയ്യാതിരുന്നത് എങ്ങനെ? കോടതിയിൽ എന്‍റെ ശബ്ദം കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പോലും അവർക്ക് സാധിച്ചില്ലേ?”

തന്‍റെ 24 വർഷത്തെ പോരാട്ടത്തെക്കുറിച്ച് ഓർത്തെടുത്തുകൊണ്ട് ബാനു പറഞ്ഞു, തനിക്ക് 19 വയസ്സുള്ളപ്പോഴാണ് “എന്‍റെ ലോകം, എന്‍റെ കുഞ്ഞുമകൾ, എന്‍റെ കുടുംബം, എന്‍റെ വീട്, മനുഷ്യത്വത്തിലുള്ള എന്‍റെ വിശ്വാസം എന്നിവയെല്ലാം എന്നിൽ നിന്ന് ക്രൂരമായി പിടിച്ചെടുക്കപ്പെട്ടത്.” തകർന്നടിഞ്ഞ ജീവിതം വീണ്ടും കെട്ടിപ്പടുക്കാനും പുഞ്ചിരിക്കാൻ പഠിക്കാനും ശ്രമിച്ച തനിക്ക്, ഒടുവിൽ “കഠിനമായി പോരാടി നേടിയ നീതി തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ്” ഉണ്ടായിരിക്കുന്നതെന്ന് അവർ വേദനയോടെ വിവരിച്ചു.

“പഴയ ഭയങ്ങൾ വീണ്ടും കടന്നുവരുന്നു. എനിക്ക് വീണ്ടും ഭയമാകുന്നു. എനിക്കുവേണ്ടിയും, എന്‍റെ കുടുംബത്തിനും മക്കൾക്കും വേണ്ടി. നീതിയിലുള്ള വിശ്വാസം വീണ്ടും നഷ്ടപ്പെടുമോ എന്ന ഭയവും എന്നെ വേട്ടയാടുന്നു.”
ഈ ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അവർ വ്യക്തമാക്കി: “ഈ ഉത്തരവിനെതിരെ ഞാൻ പോരാടും. ഞാൻ പോരാടിയേ തീരൂ. എന്‍റെ മക്കൾക്കുവേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത്; ജീവിതകാലം മുഴുവൻ ഇത്തരം ഭയങ്ങളുടെയും മുറിവുകളുടെയും നിഴലിൽ ജീവിക്കാൻ അവർ അർഹരല്ല. ജീവിക്കാൻ അർഹതയുണ്ടായിരുന്ന, എന്നാൽ കൊല്ലപ്പെട്ട എന്‍റെ മൂന്ന് വയസ്സുകാരി മകൾ സാലിഹയ്ക്ക് വേണ്ടിയും, അവളുടെ ഓർമകൾ ആവശ്യപ്പെടുന്ന നീതിക്ക് വേണ്ടിയും ഞാൻ പോരാടും. ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത്.”

കേസിന്‍റെ പശ്ചാത്തലം
2002-ലെ ഗുജറാത്ത് കലാപത്തിനിടെ, അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനു ഗ്രാമത്തിൽ നിന്ന് പലായനം ചെയ്യുന്നതിനിടെ ഒരു സംഘം ആളുകളാൽ കൂട്ടബലാത്സംഗത്തിന് ഇരയായി. മൂന്ന് വയസ്സുള്ള മകൾ സാലിഹ ഉൾപ്പെടെ, ബാനുവിന്‍റെ കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെട്ടു. പ്രാദേശിക പൊലീസ് ആദ്യം കേസ് തള്ളിക്കളഞ്ഞതിനെത്തുടർന്ന്, ബാനു ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിക്കുകയും ഒടുവിൽ സുപ്രീം കോടതിയിലെത്തുകയും ചെയ്തു. തുടർന്ന് സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും വിചാരണ മുംബൈയിലേക്ക് മാറ്റുകയും ചെയ്തു.

2008-ൽ, ഒരു പ്രത്യേക സിബിഐ കോടതി 11 പേരെ കുറ്റക്കാരായി കണ്ടെത്തുകയും അവർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു. 2017-ൽ ബോംബെ ഹൈക്കോടതി ഈ ശിക്ഷാവിധികൾ ശരിവെച്ചു. 2022 ആഗസ്റ്റിൽ, ഗുജറാത്ത് സർക്കാർ തങ്ങളുടെ ശിക്ഷാ ഇളവ് നയം (remission policy) ഉപയോഗിച്ച് ഈ 11 പേരെയും മോചിപ്പിച്ചു. ഹിന്ദു ദേശീയവാദികളായ അനുയായികൾ മാലയിട്ടും മധുരം നൽകിയും ഇവരെ സ്വീകരിച്ചത് രാജ്യവ്യാപകമായും അന്താരാഷ്ട്രതലത്തിലും വലിയ പ്രതിഷേധത്തിന് വഴിവെച്ചു. 2024 ജനുവരിയിൽ സുപ്രീം കോടതി ഈ ശിക്ഷാ ഇളവ് റദ്ദാക്കുകയും, ഇവർ വീണ്ടും ജയിലിലേക്ക് മടങ്ങുകയും ചെയ്തു.
ഒക്ടോബർ 28-ന് ജാമ്യം ലഭിച്ച രണ്ടുപേരും 2024-ന്‍റെ തുടക്കം മുതൽ വീണ്ടും കസ്റ്റഡിയിലായിരുന്നു. ശിക്ഷാവിധിക്കെതിരെ ഇവർ നൽകിയ അപ്പീലുകൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

……………..

കുറ്റവാളികൾക്ക് കോടതിയിൽ നിന്ന് ലഭിക്കുന്ന ഏതൊരു ഇളവും ഏറ്റവും സൂക്ഷ്മമായ നിയമപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇത്തരം തീരുമാനങ്ങൾ നീതിനിർവഹണ സംവിധാനത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെയും, നിയമത്തിന് അതീതമായി ആരുമില്ലെന്ന തത്വത്തെയും നിരാകരിക്കുന്നതാണ്. നീതിയുടെയും ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്‍റെയും തത്വങ്ങൾക്കനുസൃതമായി സുപ്രീം കോടതി തങ്ങഭളുടെ തീരുമാനം പുനഃപരിശോധിക്കപ്പെടണം.

ബിൽക്കീസ് ബാനുവിന് നീതി ലഭിക്കുക എന്നത് ഒരു ഇരയെയും അവരുടെ കുടുംബത്തെയും മാത്രം ബാധിക്കുന്ന വിഷയമല്ല; മറിച്ച്, സ്ത്രീകളുടെ അന്തസ്സ്, നിയമത്തിനു മുന്നിലെ തുല്യത, നീതിയെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള ഭരണഘടനാപരമായ മൂല്യങ്ങൾ എന്നിവയോടുള്ള നമ്മുടെ കൂട്ടായ പ്രതിബദ്ധതയുടെ പരീക്ഷണം കൂടിയാണെന്ന് പറയാതെ വയ്യ.

 

Related