November 18 Wednesday 2026

വിപണി മൗലികവാദം എന്ന ‘ഫാസിസ്റ്റ് വൈറസ്’

Isabella M. Weber

ഇസബെല്ല വെബര്‍-ന്റെ Anti-Fascist Economics: In Defence of Affordability, Dignity & Democracy എന്ന പുസ്തകത്തിന്റെ വായന | ഭാഗം – 03

ചരിത്രപരമായ അവലോകനത്തിനാണ് ഗ്രന്ഥത്തിലെ ഒന്നാം ഭാഗത്ത് ശ്രമിക്കുന്നതെങ്കില്‍ The Return of the Fascist Virus എന്ന രണ്ടാം ഭാഗത്തിലെ അഞ്ച് അധ്യായങ്ങളിലൂടെ വര്‍ത്തമാനകാല പ്രതിസന്ധികളെ വിശകലന വിധേയമാക്കുകയാണ് ഇസബെല്ല വെബര്‍.

വിപണി മൗലികവാദം (market fundamentalism) എന്ന ‘ഫാസിസ്റ്റ് വൈറസ്’ എങ്ങനെയാണ് തിരിച്ചുവന്നതെന്ന് ഇതിലൂടെ വിശദീകരിക്കുന്നു. മനുഷ്യജീവിതത്തെ കേവലം ഉപോല്‍പ്പന്നമായി കാണുകയും, ജനാധിപത്യപരമായ ആവശ്യങ്ങളേക്കാളും ലാഭത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുന്ന ഈ പ്രവണത, സമീപകാലത്തെ വിലക്കയറ്റം, ജനങ്ങളുടെ ദുരിതങ്ങളെ അവഗണിക്കുന്ന നയങ്ങള്‍, ബദലുകളെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കുള്ള വിലക്ക്, അതുമൂലമുണ്ടായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍, ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മൂലധനത്തിനുള്ള കഴിവില്ലായ്മ എന്നിവയിലൂടെയാണ് പ്രകടമാകുന്നത്. ഈ സാഹചര്യങ്ങളൊക്കെ ചേര്‍ന്ന് തീവ്രവലതുപക്ഷ ശക്തികളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയെന്ന് വെബര്‍ വാദിക്കുന്നു.

അതോടൊപ്പം, സ്വേച്ഛാധിപത്യ ഭരണവാഴ്ചയ്ക്ക് തടയിടാന്‍, അവശ്യസാധനങ്ങള്‍ എല്ലാവര്‍ക്കും താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുന്നതിനും, ജനാധിപത്യപരമായ നിയന്ത്രണം ഉറപ്പാക്കുന്നതിനും മുന്‍ഗണന നല്‍കുന്ന ഒരു സാമ്പത്തിക വ്യവസ്ഥയുടെ അടിയന്തിര ആവശ്യകതയെ അവര്‍ പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.

വിപണി മൗലികവാദ സമീപനങ്ങള്‍ സാധാരണക്കാരുടെ ഉപജീവനമാര്‍ഗ്ഗങ്ങളെ ഒരു ‘അനിവാര്യമായ നഷ്ടം’ (collateral damage) എന്ന നിലയില്‍ തള്ളിക്കളഞ്ഞുവെന്നും, ഇത് കോര്‍പ്പറേറ്റ് ശക്തികളിലേക്കും സ്വകാര്യ മൂലധനത്തിലേക്കും സമ്പത്ത് കുമിഞ്ഞുകൂടുന്നതിന് കാരണമായെന്നും വെബര്‍ വാദിക്കുന്നു. ഇത് ജനാധിപത്യ സര്‍ക്കാരുകളെ നിസ്സഹായരാക്കി മാറ്റുകയും, അതൃപ്തിയില്‍ അധിഷ്ഠിതമായ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണ് ഒരുക്കുകയും ചെയ്തതായി അവര്‍ വിലയിരുത്തുന്നു.

ഊര്‍ജ്ജം, ഭക്ഷണം തുടങ്ങിയ അവശ്യസാധന മേഖലകളില്‍ കോര്‍പ്പറേറ്റുകള്‍ റെക്കോര്‍ഡ് ലാഭം നേടുമ്പോള്‍ തന്നെ, സാധാരണ കുടുംബങ്ങള്‍ കടുത്ത ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്നുവെന്ന് വെബര്‍ വിലയിരുത്തുമ്പോള്‍, സവിശേഷമായി ഇന്ത്യനവസ്ഥയെയാണോ അവര്‍ സൂചിപ്പിക്കുന്നതെന്ന് നമ്മള്‍ അത്ഭുതപ്പെട്ടേക്കാം. വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ക്കിടയില്‍, ലാഭം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വിലക്കയറ്റം അഥവാ ‘സെല്ലേഴ്‌സ് ഇന്‍ഫ്‌ലേഷന്‍’ (sellers inflation) എങ്ങിനെ സംഭവിക്കുന്നുവെന്നും ഈ ലാഭം വിരലിലെണ്ണാവുന്ന ഏതാനും പേരിലേക്ക് (സമ്പന്നരിലേക്ക്) മാത്രം കേന്ദ്രീകരിക്കപ്പെടുന്നതെങ്ങിനെയെന്നും വിശദീകരിക്കുന്നതിലൂടെ ഫാസിസ്റ്റ് ഭരണകൂട വാഴ്ചയിലേക്ക് വിവിധ രാജ്യങ്ങള്‍ കടന്നുചെല്ലാനിടയായ സാഹചര്യം നമുക്ക് വ്യക്തമാകുന്നു.

വരുമാനത്തിന്റെ വലിയൊരു പങ്കും അവശ്യസാധനങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വരുന്ന താഴ്ന്ന, ഇടത്തരം വരുമാനക്കാര്‍ക്ക് ഇത് ഇരട്ട പ്രഹരമായി മാറുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിക്കുകയും, ജനങ്ങളെ സംരക്ഷിക്കാന്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്ന വിശ്വാസം തകര്‍ക്കുകയും ചെയ്ത ‘സമ്പത്ത് പുനര്‍വിതരണത്തിലെ ആഘാതങ്ങളായി’ (redistribution shocks) ഇതിനെ വിലയിരുത്താം. പണപ്പെരുപ്പത്തെ കേവലം ഒരു സാമ്പത്തിക പ്രതിഭാസമായിട്ടല്ല, മറിച്ച് ജനജീവിതത്തെ ബാധിക്കുന്ന, രാഷ്ട്രീയ പ്രത്യാഘാതങ്ങളുള്ള ഒരു പ്രതിസന്ധിയായാണ് ഇവിടെ കാണുന്നത്. വലിയൊരു വിഭാഗം ജനങ്ങളെ സംബന്ധിച്ചിടത്തോളം, ‘ഒട്ടകത്തിന്റെ നട്ടെല്ലൊടിച്ച വൈക്കോല്‍ത്തുരുമ്പ്’ (the straw that broke the camel’s back) ആയി ഈ പ്രതിസന്ധി മാറി.

പണപ്പെരുപ്പം കുറയ്ക്കുന്നതിനായി പലിശനിരക്കുകള്‍ ഉയര്‍ത്തുക (ഇതിലൂടെ തൊഴിലില്ലായ്മയും സാമ്പത്തിക പ്രയാസങ്ങളും വര്‍ദ്ധിക്കുന്നത് അംഗീകരിച്ചുകൊണ്ട്), ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുക, അല്ലെങ്കില്‍ ‘വിപണി സ്വയം ശരിയാകുന്നത് വരെ കാത്തിരിക്കുക’ തുടങ്ങിയ മുഖ്യധാരാ നയസമീപനങ്ങളെ ഗ്രന്ഥകാരി ആഴത്തില്‍ വിശകലന വിധേയമാക്കുന്നുണ്ട്. സര്‍ക്കാരുകള്‍ വിപണി ശക്തികള്‍ക്ക് വഴങ്ങി പ്രവര്‍ത്തിക്കണമെന്ന നവലിബറല്‍ വാദഗതിയും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. സാമ്പത്തിക വിതരണത്തിലെ തടസ്സങ്ങള്‍ മൂലമുണ്ടാകുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍, ‘അസ്തിത്വപരമായ വേദനകളെ (existential pain) നിസ്സാരമായി പരിഗണിക്കുന്ന’ പ്രവണതയെ വെബര്‍ വിമര്‍ശിക്കുന്നു. ഇത് സാമ്പത്തികമായി ചോദ്യം ചെയ്യപ്പെടേണ്ട ഒന്നാണെന്ന് മാത്രമല്ല, ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ലെന്നോ അല്ലെങ്കില്‍ അതിന് അവര്‍ തയ്യാറല്ലെന്നോ ഉള്ള സന്ദേശം നല്‍കുന്നതിനാല്‍ ഇത് രാഷ്ട്രീയമായി അപകടകരവുമാണ് എന്ന് അവര്‍ വിശദീകരിക്കുന്നു. ഉപജീവനമാര്‍ഗ്ഗങ്ങളെ മാറ്റങ്ങള്‍ക്ക് വിധേയമാക്കാവുന്ന ഘടകങ്ങളായി (adjustable variables) കാണുന്നതിനെ സാധാരണവല്‍ക്കരിച്ച നവലിബറല്‍ നയങ്ങളുടെ തുടര്‍ച്ചയായാണ് വെബര്‍ ഇതിനെ വിലയിരുത്തുന്നത്.

ഫാസിസ്റ്റ് ഭരണകൂട വാഴ്ചകള്‍ക്കും ലോക യുദ്ധത്തിനും ശേഷം സാമ്പത്തിക തകര്‍ച്ചകളില്‍ നിന്ന് കരകയറാന്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ അവശേഷിച്ചിരുന്നില്ലേ? എന്ന ചോദ്യം കൂടി വെബര്‍ പരിശോധിക്കുന്നുണ്ട്. അവശ്യസാധനങ്ങളുടെ വില സ്ഥിരപ്പെടുത്തുന്നതിനുള്ള അടിയന്തര നടപടികള്‍, അമിത ലാഭത്തിന് മേലുള്ള നികുതികള്‍, പൊതുമേഖലാ ഇടപെടലുകള്‍, കരുതല്‍ ശേഖരങ്ങള്‍ തുടങ്ങിയ, ചരിത്രപരമായ അനുഭവങ്ങളില്‍ നിന്നുള്ള പല മാര്‍ഗ്ഗങ്ങളും ലഭ്യമായിരുന്നുവെന്ന് വെബര്‍ തെളിവും സഹിതം വ്യക്തമാക്കുന്നു. എന്നാല്‍ സാമ്പത്തിക – നയരൂപീകരണ വിദഗ്ധരിലെ വലിയൊരു വിഭാഗം ഇത്തരം മാര്‍ഗ്ഗങ്ങളെ ഒരു ‘നിഷിദ്ധ വിഷയമായി’ (taboo) കണക്കാക്കുകയാണുണ്ടായത് എന്ന് അവര്‍ വിലയിരുത്തുന്നു. ബദല്‍ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കുവാനോ, അവ നടപ്പിലാക്കാനോ വിസമ്മതിച്ചത് ഒരു രാഷ്ട്രീയ തീരുമാനമായിരുന്നുവെന്നും, ഇത് തീവ്ര വലതുപക്ഷ ആശയധാരകള്‍ക്ക് വളരാന്‍ അവസരമൊരുക്കിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള അവസ്ഥയ്ക്ക് (status quo) ബദലായി ജനാധിപത്യപരമായ ഒരു മാര്‍ഗ്ഗം മുന്നിലില്ലാതിരുന്നത് ജനങ്ങളുടെ നിരാശ വര്‍ദ്ധിപ്പിച്ചുവെന്ന് വെബര്‍ ചൂണ്ടിക്കാട്ടുന്നു.

അവശ്യസാധനങ്ങള്‍ താങ്ങാനാവുന്ന വിലയില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ കഴിയാതെ വരുമ്പോള്‍, ജനങ്ങള്‍ തങ്ങളുടെ അന്തസ്സും സ്വയം നിര്‍ണ്ണയാവകാശവും നഷ്ടപ്പെട്ടതായി അനുഭവിക്കുന്നു. ഈ അവസ്ഥയെ ‘വെറുപ്പിന്റെ രാഷ്ട്രീയം’ (politics of resentment) മുതലെടുക്കുന്നു. ജീവിതത്തിന്റെ ഭൗതിക അടിത്തറകളെ വെറും ആത്മനിഷ്ഠമായ വികാരങ്ങളായി കണ്ട് തള്ളിക്കളയാനാവില്ലെന്നും ആവശ്യങ്ങള്‍ കേവല വികാരങ്ങളല്ലെന്നും അവര്‍ അടിവരയിട്ടു പറയുന്നു.

മൂലധന ശക്തികളുടെ കേന്ദ്രീകരണം ജനാധിപത്യ സ്ഥാപനങ്ങളുടെ തളര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് വെബര്‍ വാദിക്കുന്നു.

പ്രതിസന്ധി ഘട്ടങ്ങളില്‍, മൂലധനം പലപ്പോഴും ലാഭത്തിനാണ് മുന്‍ഗണന നല്‍കുന്നത് (പ്രതിസന്ധികളില്‍ നിന്ന് ലഭിക്കുന്ന അമിത ലാഭം ഉള്‍പ്പെടെ). തൊഴിലാളികളെ നിയന്ത്രിക്കാനോ അല്ലെങ്കില്‍ ഒരു ചെറിയ വിഭാഗം സമ്പന്നരുടെ (Oligarchs) താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനോ സഹായിക്കുന്ന ഏകാധിപത്യപരമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനോ, അത്തരം മാറ്റങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കാനോ മൂലധനത്തിന് സാധിക്കും. ‘സ്റ്റേക്ക്ഹോള്‍ഡര്‍ ക്യാപിറ്റലിസം’ (stockholder capitalism) സ്വമേധയാ ഏറ്റെടുക്കുന്ന കോര്‍പ്പറേറ്റ് ഉത്തരവാദിത്തം, അല്ലെങ്കില്‍ ബിസിനസ്സ് മേഖല സ്വേച്ഛാധിപത്യത്തെ തടഞ്ഞുനിര്‍ത്തുമെന്ന പ്രതീക്ഷ എന്നിവയെ ആശ്രയിക്കുന്നത് മിഥ്യാധാരണയാണ്.

ജനാധിപത്യത്തിന്റെ അതിജീവനശേഷിക്ക്, ജനജീവിതത്തിന് ഒരു അടിസ്ഥാന സുരക്ഷ ഉറപ്പാക്കാനും, സാമ്പത്തിക ശക്തി അമിതമായി കേന്ദ്രീകരിക്കുന്നതിനെ നിയന്ത്രിക്കാനും കഴിയുന്ന പൊതുശക്തി ആവശ്യമാണ്. സ്വകാര്യ മൂലധന ശക്തിക്ക് വഴങ്ങിക്കൊടുക്കുന്നതിന് പകരം, ജനാധിപത്യം അതിനെ സജീവമായി നേരിടണമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് രണ്ടാം ഭാഗത്തിലെ വിശകലന പരമ്പരയിലെ അവസാന അധ്യായം ഗ്രന്ഥകാരി അവസാനിപ്പിക്കുന്നത്.

(തുടരും)

Related