November 18 Wednesday 2026

കരണ്ടു തിന്നുന്നവർ, പത്രപാരായണവീരന്മാർ, ഇരട്ടച്ചങ്കന്മാർ | കൂത്തും കുത്തും | Political satire

Political Satire

കരണ്ടു തിന്നുന്നവർ

കേരളം പണ്ടേക്കും പണ്ടേ ഒരു ഉപഭോഗസംസ്ഥാനമാണെന്ന് കുതന്ത്രി പലതവണ പറഞ്ഞിട്ടുള്ള കാര്യമാണ്. മേലും മെയ്യുമനങ്ങി പണിയെടുക്കുന്ന ശീലം മലയാളിക്കില്ലെന്നാണ് ട്രോളന്മാര് പാടി നടക്കുന്നത്. കുതന്ത്രി ഇപ്പോൾ രാഷ്ട്രഭാഷയായ ഹിന്ദിയും അതിനു പുറമേ ബംഗാളിയും ആസാമിയും ഒക്കെ പഠിക്കേണ്ട അവസ്ഥയാണ്. പുറത്തിറങ്ങിയാൽ ഒരു വഴി ചോദിക്കണമെങ്കിൽ, ബംഗാളിയെ മാത്രമേ കവലയിൽ കണ്ടു കിട്ടുന്നുള്ളൂ. കഴിഞ്ഞ ദിവസം ഒരു പ്രൈവറ്റ് ബസിൽ കയറിയപ്പോഴതാ കണ്ടക്ടർ ബംഗാളി. നെൽവയലുകളുടെ നാടാണ് കേരളമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ ലോറിസമരം വന്നപ്പോഴാണ് അരി വരുന്നത് അങ്ങ് ആന്ധ്രയിൽ നിന്നാണെന്ന് കേരളത്തിലുള്ളവർ മനസിലാക്കിയത്. ഓണത്തിന് പൂക്കളമിടാൻ , പൂക്കൾ തമിഴ്നാട്ടിൽ നിന്നും ട്രെയിൻകയറി വരണം. പാടത്തും പറമ്പത്തും പണി അന്തർ സംസ്ഥാനക്കാരെടുക്കും. നമ്മൾ നോക്കൂകൂലി വാങ്ങിക്കും. അപ്രകാരമുള്ള ജീവിത ശൈലി സ്വീകരിച്ചതിൻറെ ഫലമായി ഷുഗറും പ്രഷറും റോക്കറ്റു കണക്കെ കുതിക്കുകയും മലയാളി ആശുപത്രികളിൽ ജീവിതം ഹോമിക്കുകയും ചെയ്തു വരികയാണ്.

കഴിഞ്ഞ പത്തുവർഷക്കാലം പവർകട്ടില്ലാത്ത കേരളം ഇടതുപക്ഷ ജനാധിപത്യമുന്നണി സമ്മാനിച്ചിരുന്നുവെന്നാണ് അവർ പേർത്തും പേർത്തും അവകാശപ്പെടുന്നത്. പവർകട്ട് എന്ന പേരു പറഞ്ഞില്ലെന്നത് ശരിയായിരിക്കും. പക്ഷെ, കരണ്ട് ഇടക്കിടെ പോയിരുന്നു എന്നതാണ് സത്യം. ആ സമയത്തെല്ലാം നമ്മൾ അയൽപക്കത്തേക്ക് ഉളിഞ്ഞു നോക്കും. അവിടേയും കരണ്ടില്ലെന്നു കാണുമ്പോൾ മനസിൽ സമാധാനിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും പറഞ്ഞത് ശരിയാണ്. അവർ കരണ്ടു പോകുന്നത് കണ്ടിട്ടില്ല. കാരണം ജനറേറ്റർ സംവിധാനമുള്ള മന്ദിരങ്ങളിലാണല്ലോ അവരുടെ പള്ളിയുറക്കം. സാധാരണക്കാരുടെ വീട്ടിൽ കരണ്ടുപോകന്നത് അവർ അറിയാറില്ലെന്നതാണ് പച്ചപരമാർഥം. പാവപ്പെട്ട പാർട്ടി സഖാക്കൾക്കാകട്ടെ, കരണ്ടുപോയി എന്ന് പുറത്ത് പറയാനും പറ്റില്ല. അങ്ങിനെയെങ്ങാനും പുറത്ത് പറഞ്ഞുപോയാൽ, പാർട്ടിയിൽ നിന്നും പുറത്താക്കി പടിയടച്ച് പിണ്ഠം വെക്കും. പൂക്കി മുഖ്യമന്ത്രി വീരവാദങ്ങൾ മുഴക്കുന്നുണ്ടെങ്കിലും,ചിരിക്കിടയിലെ കണ്ണുചിമ്മൽ കണക്കെ, പവർകട്ട് പാവപ്പെട്ട വോട്ടർമാർക്ക് പതിവായി. പല രാത്രികളിലും പ്രിയദർശനി പോലെ സൗജന്യമായി ലഭിക്കുന്നുണ്ട്. പലയിടത്തും രണ്ടു പ്രാവിശ്യം കരണ്ടുപോകുന്ന ഇരുട്ടടി ഇരട്ടിയായും കിട്ടുന്നുണ്ട്. വൈദ്യുതമന്ത്രി ,കെപിസിസി പ്രസിഡണ്ടു സ്ഥാനത്തുതന്നെയാണ് ഇപ്പോഴും ഇരിക്കുന്നതെന്നാണ് വിചാരം. ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല, ഒന്നും മിണ്ടുന്നുപോലുമില്ല.. ഞാനൊന്നുമറിയില്ലേ രാമനാരായണാ എന്ന മട്ടിലാണ് നടപ്പും പ്രവർത്തനങ്ങളും.

ഇപ്പോൾ, വൈദ്യുതിയുടെ പേരിൽ കേരളത്തിൽ നടക്കുന്ന പുകിലും പുക്കാറും കാണാൻ നല്ല രസമുണ്ട്. വൈദ്യുതി പ്രതിസന്ധി സഹിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞ്, മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും ദില്ലിയിലേക്ക് വിമാനം കയറുന്നു. അവിടെ പലരുമായും ചർച്ച നടത്തുന്നു. ഹിമാചലിൽ നിന്നും വൈദ്യുതി വാങ്ങാൻ തീരുമാനിക്കുന്നു. അപ്പോഴതാ ജി.എൻ.എ എന്നു പറയുന്ന സ്വകാര്യ ഏജൻസിയുടെ കയ്യിൽ ധാരാളം വൈദ്യുതിയുണ്ടെന്നും അത് താരതമേന്യ വിലക്കുറവാണെന്നും വാർത്തകൾ വരുന്നു. ഉടനെ അവരിൽ നിന്ന് വാങ്ങുന്നതാണ് നല്ലതെന്ന തീരുമാനമുണ്ടാകുന്നു. വൈദ്യുതിവകുപ്പിലെ തിരുമേനിമാരാകട്ടെ, എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് കേരളത്തിൽ വൈദ്യുതിക്ഷാമം തന്നെ ഇല്ലായെന്ന പ്രസ്താവനയുമായി രംഗത്തെത്തി. ഇതിനിടയിൽ കുതന്ത്രിക്ക് ഒരു കാര്യം മനസിലായി. യഥാർഥത്തിൽ വിവാദം വൈദ്യുതിയല്ല കെപിസിസി പ്രസിഡണ്ടു പദവും ബോർഡു കോർപ്പേഷൻ വീതംവെപ്പിലുമുള്ള തർക്കങ്ങളാണ് അരങ്ങുതകർക്കുന്നത്. കറണ്ടുതിന്നുജീവിക്കുന്ന ഖദർധാരികളോട് ഒരു കാര്യം മാത്രമേ കുതന്ത്രിക്ക് പറയാനുള്ളൂ. നിങ്ങൾ വൈദ്യൂതി കമ്പിയിൽ പിടിച്ചു കിടന്നോ. പക്ഷെ, ജനങ്ങളെ ഷോക്കടിപ്പിക്കരുത്.

പത്രപാരായണവീരന്മാർ
പഴയകാലത്ത് ചായക്കൊപ്പം കടിയായി കേരളീയർ കണക്കാക്കിയിരുന്നത് പത്രങ്ങളേയാണ്. പത്രവായന പ്രചുരപ്രചാരം നേടിയ കാലയളവായിരുന്നു അത്. പിന്നീട് സ്മാർട്ടുഫോണുകൾ രംഗം കീഴടക്കി. സാങ്കേതികവിദ്യ പടർന്നുപന്തലിച്ചു. പത്രപാരായണം കുറഞ്ഞു. പല പ്രമുഖ പത്രങ്ങളും അച്ചടിതന്നെ നിറുത്തി വാർത്തകൾ ഡിജിറ്റലാക്കി. ഓൺലൈൻ മാധ്യമങ്ങൾ കൂണുകൾ പോലെ മുളക്കാനും പരക്കാനും തുടങ്ങി. പണിപോയ അച്ചടി മാധ്യമങ്ങളിലെ പത്രാധിന്മാരിൽ പലരും റബർ കൃഷിയാരംഭിച്ചു. ചിലർ ജനകീയ കുപ്പായം തൈപ്പിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചു തടിനന്നാക്കി. പത്രങ്ങളിലാതെ പല വായനശാലകളും ശ്മാശനമൂകമായി.

പത്രവ്യവസായം നേരിടുന്ന ഈ പ്രതിസന്ധിക്കിടയിലും, കേരളത്തിൽ മുടങ്ങാതെ പത്രം വായിക്കുന്ന രണ്ടു പ്രധാനപുംഗവന്മാരെ കുതന്ത്രി അടുത്തകാലത്ത് കണ്ടുമുട്ടുകയുണ്ടായി. അതിലൊരാൾ കേരളം ഭരിക്കുന്ന പാർട്ടിയുടെ മുന്നണി കൺവീനർ അടൂരദ്ധേഹമാണ്. മറ്റൊരു മാന്യദേഹം കെപിസിസി പ്രസിഡണ്ടും വൈദ്യുതിമന്ത്രിയുമായ സണ്ണിഛായനുമാണ്. വേറെ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതിനാൽ നിത്യവും പത്രം വയിച്ചു രസിച്ചിരിക്കുകയാണ് രണ്ടുപേരും. സതീശൻ നടപ്പാക്കുന്ന പലകാര്യങ്ങളും അവർ അറിയുന്നത് പത്രങ്ങളിലൂടെയാണത്രെ. അഥവാ, പത്രങ്ങളെങ്ങാനും പൂട്ടിപ്പോവുകയാണെങ്കിലും ഇവർ രണ്ടുപേരും കാര്യങ്ങൾ എങ്ങിനെ അറിയുമെന്നാണ് കുതന്ത്രി കൂലങ്കുഷമായി ആലോചിച്ചുപോകുന്നത്.

ഇരട്ടച്ചങ്കന്മാർ
റഷ്യയിൽ മഴ പെയ്യുമ്പോൾ ഇവിടെ കുട പിടിക്കുന്നവർ എന്ന് കമ്യൂണിസ്റ്റ് പാർട്ടികളെ എതിരാളികൾ പരിഹസിക്കാറുണ്ട്. സമാനമായ ട്രോളുകൾ സംഘ്പരിവാരത്തിനും ഇപ്പോൾ ബാധകമായിരിക്കുകയാണ്. വാഷിംഗ്ടണിലും തെൽഅവീവിലും മഴ പെയ്യുന്നതിന് മുമ്പ് തന്നെ കുടപിടക്കുന്ന സമീപനമാണ് മോദിയും ഭക്തവൽസരരും ഇവിടെ സ്വീകരിക്കുന്നത്. ഗസ്സയിലും ഇറാനിലും, ഇസ്രായേലും അമേരിക്കയും ബോംബ് മഴ പെയ്യിച്ചപ്പോൾ കുടയെ കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ, അവർക്ക് കാറ്റും കോളും സമ്മാനിച്ചവരാണ് സംഘ്പരിവാരാദികൾ. മോദിയേയും ട്രംപിനേയും ഇരട്ടചങ്കന്മാർ എന്നാണ് ലോകനേതാക്കൾ വിശേഷിപ്പിക്കുന്നത്. ട്രംപിന് പക്ഷെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൻതിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. മോദി നടപ്പാക്കിയ എല്ലാ വിദ്വേഷപ്രചാരണവും, അമേരിക്കൻ തെരഞ്ഞെടുപ്പിൽ പ്രയോഗിച്ച മൈപ്രണ്ട്, അവിടെ വെട്ടിലായി. അതൊന്നും വോട്ടാക്കിമാറ്റാൻ അദ്ധേഹത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, വൻപതനത്തിന് കാരണമാവുകയും ചെയ്തു. തോറ്റത് ട്രംപാണെങ്കിലും സാമൂഹികമാധ്യമങ്ങളിൽ പരിഹാസത്തിന് വിധേയമായത് സാക്ഷാൽ മോദിജിയാണ്. ഗ്യാനേഷ് കുമാറിനെ അമേരിക്കയിലേക്ക് അയക്കൂ, എനിക്കിവിടെ ജയിക്കണം എന്ന അഭ്യർഥന ട്രംപ് നടത്തുന്നതായുള്ള റീലുകൾ വൻതോതിലാണ് പകർത്തപ്പെട്ടത്.

സമാനമായ പതനം ഇസ്രായേലിൽ നെതന്യാഹുവിനും സംഭവിച്ചു. സംഘ്പരിവാരത്തിൻറെ മിത്രങ്ങളെ ചൂണ്ടി, ഇന്ത്യയിൽ എനിക്ക് ധാരാളം ആരാധകരുണ്ട് എന്ന് പലതവണ നെതന്യാഹു ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായേലിലാകട്ടെ, അറബ് പാർട്ടികൾ ആ രാജ്യം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നതിൽ നിർണായകപങ്കുവഹിക്കാൻ പോവുകയാണ്. ഗസ്സയിലും ഇറാനിലും ഭരണമാറ്റം പ്രഖ്യാപിച്ച് യുദ്ധം തുടങ്ങിയ ഇരട്ടച്ചങ്കന്മാർ, തെരഞ്ഞെടുപ്പിൽ തോറ്റ് വീട്ടിലിരിക്കേണ്ടിവരുന്ന സാഹചര്യമാണ് വന്നിട്ടുള്ളത്. ഇതേഗതി തന്നെയാണ് ഇന്ത്യയിലെ മൈപ്രണ്ടിനും അധോഗതിയായി വന്നുഭവിക്കാൻ പോകുന്നത്. കാത്തിരുന്ന് കാണാമെന്ന് കുതന്ത്രിയും വിചാരിക്കുന്നു.

 

 

Related