കേരളം നവോത്ഥാനത്തിന്റെ മണ്ണാണെന്ന് നാം അഭിമാനത്തോടെ പറയുമ്പോഴും, നമ്മുടെ കലാലയങ്ങളുടെ ചുവരുകൾക്കുള്ളിൽ നിന്ന് ഇന്നും ജാതിയുടെ പേരിലുള്ള അധിക്ഷേപവും വിവേചനവും പുറത്തുവരുന്നുവെങ്കിൽ, നാം നേടിയെന്ന് അവകാശപ്പെടുന്ന പുരോഗതിയുടെ മുഖത്തേക്കുള്ള കനത്ത അടിയാണ് അത്. രണ്ടര വർഷമായി ജാതിയുടെ പേരിൽ അധ്യാപകരിൽ നിന്നും നേരിടുന്ന അപമാനങ്ങളും അധിക്ഷേപങ്ങളും സഹിക്കാൻ കഴിയാതെ പഠിക്കുന്ന സ്ഥാപനത്തിനു മുന്നിൽ സമരം ചെയ്യുകയാണ് മലയാള സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിനി അനഘ ശശി.
മലയാളിയുടെ അഭിമാനമായി മാറേണ്ട ആ സ്ഥാപനത്തിൽ നിന്നും ആ പെൺകുട്ടിക്ക് നേരിടേണ്ടി വന്ന കൊടിയ അപമാനങ്ങൾ കേട്ട് തല കുനിഞ്ഞു പോയി. വിഷയത്തിൽ ഉത്തരവാദപ്പെട്ടവർക്ക് പരാതി നൽകിയിട്ടും ഇതുവരെ കുറ്റക്കാർക്കെതിരെ അറസ്റ്റോ കൃത്യമായി അന്വേഷണമോ ഒന്നും ഉണ്ടായിട്ടില്ല. വകുപ്പു മന്ത്രി മുതൽ ഉത്തരവാദിത്തപ്പെട്ട ഒരാൾ പോലും അനഘയെ നേരിട്ട് കാണാനോ സംസാരിക്കാനോ തയ്യാറായിട്ടില്ല എന്നാണ് അറിഞ്ഞത്. വിദ്യാർത്ഥികളുടെ കഴിവിനും അർഹതയ്ക്കും പകരം അവരുടെ ജാതി തിരയുന്ന മനോഭാവം ഒരു പരിഷ്കൃത സമൂഹത്തിന്റേതല്ല. പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അതീവ ഗൗരവമുള്ളതാണ്.
കലാലയം അറിവ് പകരേണ്ട ഇടമാണ്; ജാതിയുടെ വിഷം കുത്തിവയ്ക്കേണ്ട ഇടമല്ല. അധ്യാപകർ മാതൃകയാകേണ്ടവരാണ്; ജാതീയ അധിക്ഷേപത്തിന് നേതൃത്വം കൊടുക്കേണ്ടവരോ പിന്തുണയ്ക്കേണ്ടവരോ അല്ല. ജാതിയുടെ പേരിൽ ഒരാളും ഒറ്റപ്പെടാനും പാടില്ല.
ഒരു വിദ്യാർത്ഥിയെ ജാതിയുടെ പേരിൽ അപമാനിക്കുന്നത് വെറുമൊരു നാക്കു പിഴയല്ല. അത് അവരുടെ ആത്മാഭിമാനത്തിന് നേരെയുള്ള ആക്രമണമാണ്. അവരുടെ വിദ്യാഭ്യാസാവകാശത്തിനും തുല്യതയ്ക്കും മനുഷ്യാന്തസ്സിനും നേരെയുള്ള കടന്നുകയറ്റമാണ്. അത് രാജ്യത്തിൻറെ തന്നെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യമൂല്യങ്ങളുടെ കടയ്ക്കൽ കത്തിവെക്കലാണ്. ജാതീയ അധിക്ഷേപത്തിന് ഇരയാകുന്നവരെ ഒറ്റപ്പെടുത്തുന്നതും നിയമനടപടികളില്ലാതെ ഒത്തുതീർപ്പിന് ശ്രമിക്കുന്നതും യഥാർത്ഥത്തിൽ കുറ്റക്കാരെ സംരക്ഷിക്കലാണ്.
ജാതീയ വിവേചനം ആരോപിക്കപ്പെടുന്ന ഓരോ സംഭവത്തിലും സമയബന്ധിതവും നിക്ഷ്പക്ഷവുമായ അന്വേഷണമാണ് നടക്കേണ്ടത്. കുറ്റക്കാരെ, അവരാരായാലും അധ്യാപകനായാലും വിദ്യാർത്ഥിയായാലും എത്ര സ്വാധീനമുള്ള ആളായാലും അവർക്കെതിരെ നിയമാനുസൃതമായ കർശന നടപടി ഉറപ്പാക്കലാണ് ആദ്യം വേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജാതിയുടെ അധികാരകേന്ദ്രങ്ങളായി മാറുന്നുവെങ്കിൽ, അത് ചോദ്യം ചെയ്യാനുള്ള ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. കേരളത്തിന്റെ പുരോഗമന മുഖം നിലനിർത്താൻ ആഘോഷങ്ങളും മുദ്രാവാക്യങ്ങളും പേരു മാറ്റലുകളും മാത്രം പോരാ. നമ്മുടെ കലാലയങ്ങളുടെ ഇടനാഴികളിൽ നിന്ന് ജാതീയതയെ പുറത്താക്കാനുള്ള ധീരമായ ഇടപെടലാണ് വേണ്ടത്.
ഒരു വിദ്യാർത്ഥിയും തന്റെ ജാതി കാരണം തലകുനിച്ച് നടക്കേണ്ടിവരാത്ത വിധത്തിൽ ജനാധിപത്യ സംസ്കാരവും സാമൂഹ്യനീതിയും ഇവിടെ പുലരേണ്ടതുണ്ട്.
കലാലയങ്ങളിലെ പ്രവേശന കവാടങ്ങളിൽ ജാതി ചോദിക്കുന്നില്ല എന്നതുകൊണ്ട് മാത്രം പോരാ; രഹസ്യമായോ പരസ്യമായോ
ജാതിയുടെ പേരിൽ ഒരുതരത്തിലുമുള്ള വിവേചനങ്ങൾ നേരിടേണ്ടി വരാത്ത അന്തരീക്ഷം കലാലയങ്ങൾക്കുള്ളിലും അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമിടയിലും ഉണ്ടാകേണ്ടതുണ്ട്. ജാതീയതയെ ചോദ്യം ചെയ്യുന്ന വിവേചനത്തെ ചെറുക്കുന്ന. അതിജീവിതർക്കൊപ്പം നിലയുറപ്പിക്കുന്ന ഉന്നത സംസ്കാരം പുലർത്തുന്ന മെച്ചപ്പെട്ട തലമുറകളെ വാർത്തെടുക്കേണ്ട ഇടങ്ങളാണ് കലാലയങ്ങൾ.
അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളിൽ ഒത്തുതീർപ്പ് അല്ല വേണ്ടത് സമൂഹത്തിനു മുഴുവൻ മാതൃകയാകുന്ന നടപടികളുണ്ടാകണം.
അനഘയുടെ പരാതികളിൽ എസ്.സി.എസ്.ടി അട്രോസിറ്റീസ് ആക്ട് പ്രകാരം കുറ്റക്കാരെ അറസ്റ്റ് ചെയ്തു നിയമ നടപടിക്ക് വിധേയരാക്കണം.
കേരളത്തിലെ മുഴുവൻ കലാലയങ്ങൾക്കുള്ളിലും ഭയം കൂടാതെ പരാതിപ്പെടാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം. പരാതിപ്പെടുന്നവർക്ക് പൂർണ്ണമായ സംരക്ഷണം ഉറപ്പുവരുത്തണം. അരികുവൽക്കരിക്കപ്പെട്ട സമുദായങ്ങളിലെ പെൺകുട്ടികളുടെ പരാതികൾ പ്രത്യേക പരിഗണനയോടുകൂടി കൈകാര്യം ചെയ്യണം. പരാതികളിൽ പൂർണ്ണ നീതി പുലരുന്നതുവരെ അനഘയുടെ പോരാട്ടത്തിനൊപ്പം നിലകൊള്ളും.
