November 19 Thursday 2026

സ്പെഷ്യൽ എജുക്കേറ്റർമാരോടുള്ള നീതി നിഷേധം ഇനിയും തുടരുമോ?

പൊതുവിദ്യാഭ്യാസ സംരക്ഷണത്തെക്കുറിച്ചും എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാലയങ്ങളെക്കുറിച്ചും (Inclusive Education) നാം വാതോരാതെ സംസാരിക്കുമ്പോഴും, ഈ വ്യവസ്ഥിതിയുടെ കാവലാളാകേണ്ട സ്പെഷ്യൽ എജുക്കേറ്റർമാരുടെ ജീവിതം ഇന്നും കനലിലാണ്. ഭിന്നശേഷിക്കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അഹോരാത്രം പ്രയത്നിക്കുന്ന സ്പെഷ്യൽ എജുക്കേറ്റർമാരോടുള്ള ഈ നീതിനിഷേധം ഇനിയും തുടരുമോ എന്ന ചോദ്യം പൊതുസമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്.

​’RPWD Act 2016′ പ്രകാരം ഓരോ ഭിന്നശേഷിക്കുട്ടിക്കും തടസ്സങ്ങളില്ലാത്ത സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. വിവേചനമില്ലാത്ത സ്കൂൾ അന്തരീക്ഷവും കുട്ടികളുടെ സവിശേഷതകൾക്കനുസരിച്ചുള്ള പ്രത്യേക പഠനരീതികളും അവരുടെ അവകാശമാണ്. എന്നാൽ, കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ഭിന്നശേഷി വിദ്യാഭ്യാസ മേഖലയെ എടുത്തു പരിശോധിച്ചാൽ വലിയൊരു മുരടിപ്പാണ് ദൃശ്യമാകുന്നത്. വർഷങ്ങളായി ഈ മേഖല കരാർ നിയമനങ്ങളെയും താൽക്കാലിക വ്യവസ്ഥകളെയും ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. പത്തും ഇരുപതും വർഷമായി തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്ന സ്പെഷ്യൽ എജുക്കേറ്റർമാരെ സ്ഥിരപ്പെടുത്താനോ, സുപ്രീം കോടതിയുടെ ശക്തമായ ഉത്തരവുകൾ നിലനിൽക്കുമ്പോൾ പോലും സ്കൂളുകളിൽ സ്ഥിരം തസ്തികകൾ സൃഷ്ടിക്കാനോ ഉള്ള ആത്മാർത്ഥമായ ശ്രമങ്ങൾ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. കൃത്യമായ കാലയളവിൽ അധ്യാപകർ മാറിമറിയുന്നത് കുട്ടികളുടെ തുടർച്ചയായ പഠനത്തെയും മാനസിക വികാസത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്.

​സമൂഹത്തിന്റെ ഒരു കോണിലേക്ക് മാറ്റിനിർത്തപ്പെടേണ്ടവരല്ല ഭിന്നശേഷിക്കുട്ടികൾ. യഥാർത്ഥ ‘ഉൾച്ചേർക്കൽ’ (Inclusion) സാധ്യമാകണമെങ്കിൽ അക്കാദമികമായ പിന്തുണയോടൊപ്പം തന്നെ, കുട്ടികളുടെ തനതായ കഴിവുകളെ തിരിച്ചറിഞ്ഞ് പ്രത്യേക അഡാപ്റ്റീവ് പഠനരീതികൾ രൂപപ്പെടുത്തണം. കലാ കായിക രംഗങ്ങളിൽ കുട്ടികൾക്കുള്ള സജീവ പങ്കാളിത്തം ഉറപ്പു വരുത്താൻ കഴിയണം. ക്ലാസ് മുറികളിലെ പഠനാന്തരീക്ഷം ശാസ്ത്രീയമായി പരിഷ്ക്കരണം. എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാകുകയും, കളിസ്ഥലങ്ങൾ., വായനാമുറികൾ, ലാബുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം കുട്ടികൾക്ക് യാതൊരു തടസ്സവുമില്ലാതെ എത്തിച്ചേരാൻ കഴിയണം.അതോടൊപ്പം കുട്ടികളെ കൂടുതൽ നന്നായി മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് കൃത്യമായ കൗൺസിലിംഗും ബോധവൽക്കരണ ക്ലാസുകളും നൽകേണ്ടതുണ്ട്.

​ഈ മേഖലയിൽ സ്പെഷ്യൽ എജുക്കേറ്റർമാരുടെ സ്ഥിരം തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തിയാൽ അത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവെക്കും. തൊഴിൽ സുരക്ഷിതത്വം ഉണ്ടാകുമ്പോൾ അധ്യാപകർക്ക് കൂടുതൽ പ്രതിബദ്ധതയോടെയും ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണത്തോടെയും കുട്ടികളെ പിന്തുണക്കാൻ കഴിയും. ഭിന്നശേഷിക്കുട്ടികൾക്ക് പുതിയൊരു അധ്യാപകനുമായി പൊരുത്തപ്പെടാൻ സമയമെടുക്കുമെന്നതിനാൽ, സ്ഥിരം അധ്യാപകരുണ്ടാകുന്നത് അവർ തമ്മിലുള്ള ആത്മബന്ധം ശക്തമാക്കുകയും കുട്ടിയുടെ പുരോഗതിക്ക് കാരണമാവുകയും ചെയ്യും. കൂടാതെ, ബി.ആർ.സികളുടെ പരിധിയിൽ ശാസ്ത്രീയമായ പഠനോപകരണങ്ങളും (TLMs), പ്രത്യേകമായ പ്രവർത്തനങ്ങളും, ബോധവൽക്കരണ പരിപാടികളും കൂടുതൽ കാര്യക്ഷമമായി സംഘടിപ്പിക്കാൻ ഇത് സഹായിക്കും.

​സ്പെഷ്യൽ എജുക്കേറ്റർമാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത് കേവലം ഒരുകൂട്ടം ഉദ്യോഗാർത്ഥികളുടെ പ്രശ്നമല്ല; അത് ഈ നാട്ടിലെ ആയിരക്കണക്കിന് ഭിന്നശേഷിക്കുട്ടികളുടെ മനുഷ്യാവകാശങ്ങളുടെ പ്രശ്നം കൂടിയാണ്. താൽക്കാലിക സംവിധാനങ്ങൾ അവസാനിപ്പിച്ച് ശാസ്ത്രീയവും സ്ഥിരവുമായ നിയമനങ്ങൾക്ക് സർക്കാർ തയ്യാറാകണം. അവഗണനയുടെ കോട്ടകൾ തകർത്ത്, സ്പെഷ്യൽ എജുക്കേറ്റർമാർക്ക് അർഹമായ നീതി എന്ന് ലഭ്യമാകും എന്ന ചോദ്യത്തിന് അനുകൂലമായ മറുപടി നൽകാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്.

Related