September 17 Thursday 2026

കുട്ടികൾ കൂടുതലുണ്ടെങ്കിൽ സർക്കാർ പണം തരുമോ?

ഒരു വീട്ടിൽ മൂന്നാമതൊരു കുട്ടി ജനിച്ചാൽ 30,000 രൂപ, നാലാമത്തെ കുട്ടിയാണെങ്കിൽ 40,000 രൂപ! അതുകൊണ്ട് ജനസംഖ്യ വർധിക്കുമോ? സ്ത്രീകൾ കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കുമോ? മൂന്നും നാലും കുട്ടികളാവാമെന്ന് കുടുംബം തീരുമാനിക്കുമോ?

2026 മെയ് 16-ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഔദ്യോഗികമായി സർക്കാറിൻ്റെ ‘പോപ്പുലേഷൻ മാനേജ്മെന്റ് പോളിസി’ പ്രഖ്യാപിക്കുകയുണ്ടായി. ഈ ആഗസ്ത് 15 ഓടു കൂടി അത് നിലവിൽ വരികയാണ്.

സംസ്ഥാനത്തെ കുറഞ്ഞുവരുന്ന ജനനനിരക്ക് വർദ്ധിപ്പിക്കുക എന്നതാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ തൊഴിൽസേനയുടെ എണ്ണം കുറയുകയും മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്നു എന്നതാണ് കാരണം. ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം 2005-2006 മുതൽ ആന്ധ്രയിലെ പ്രജനന നിരക്ക് 1.8 ആണ്. സംസ്ഥാനത്ത്, ജനസംഖ്യാ വളർച്ചാ നിരക്ക് കുറയാൻ തുടങ്ങിയിട്ട് പത്ത് വർഷത്തിലധികമായി എന്നർഥം.

United Nations Population Fund ൻ്റെ State of World Population Report 2025 പ്രകാരം, ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ഒന്നോ രണ്ടോ കുട്ടികൾ മതി എന്ന് ചിന്തിക്കുന്നവരാണ്. പത്ത് ശതമാനത്തിൽ താഴെ ആളുകൾ മാത്രമേ മൂന്നോ അതിലധികമോ കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്നുള്ളൂ. ആളുകൾ എന്തിനാണ് വലിയ കുടുംബങ്ങൾ വേണ്ടെന്ന് വെയ്ക്കുന്നത്? ജീവിതത്തെയും കുടുംബത്തെയും കുട്ടികളെയും കുറിച്ച കാഴ്ചപ്പാടുകളാണ് അതിന് പ്രധാന കാരണം. എന്നാൽ, ഔദ്യോഗിക റിപ്പോർട്ടുകളിൽ സാമ്പത്തിക, സാമൂഹിക ഘടകങ്ങൾ ആയിട്ടാണ് അവ പ്രതിഫലിക്കുക.

അതായത്, സാമ്പത്തികമായി മാത്രം ആലോചിച്ചാൽ ഒരു കുട്ടിക്ക് ജനനം നൽകി വളർത്തുക എന്നത് വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു ബാധ്യതയാണ്. ആന്ധ്രയിലെ നഗരപ്രദേശങ്ങളിൽ ഇപ്പോൾ 50 ശതമാനത്തിലധികം പ്രസവങ്ങളും നടക്കുന്നത് സ്വകാര്യ ആശുപത്രികളിലാണ്. ഇതിൽ 52 ശതമാനവും വലിയ ചിലവ് വരുന്ന സിസേറിയനുകളാണ് (C-sections). അവിടെയാണ് സർക്കാർ ഈ മുപ്പതിനായിരം രൂപയും നാൽപ്പതിനായിരം രൂപയും നൽകുന്നത്. സർക്കാർ നൽകുന്ന ഈ തുക പലപ്പോഴും പ്രസവസമയത്തെ ആശുപത്രി ചിലവുകൾക്ക് പോലും തികയില്ല എന്നതാണ് യാഥാർത്ഥ്യം. താമസസൗകര്യങ്ങളുടെ കുറവ്, തൊഴിൽ നഷ്ടപ്പെടുമെന്ന ഭയം, നല്ല ഡേ-കെയറുകളുടെ അഭാവം തുടങ്ങിയ സാമൂഹികാവശ്യങ്ങളെ പരിഗണിക്കാതെ സർക്കാർ ഇത്തരത്തിൽ നൽകുന്ന ഒറ്റത്തവണ പാരിതോഷികം വാർത്താ തലക്കെട്ടുകൾക്ക് കൊള്ളാം. എന്നാൽ, തികച്ചും ഒരു Misplaced Incentive ആണ്. അത് ഫലപ്രദമാവണമെന്നില്ല.

ഈ കാര്യങ്ങളെ കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒന്ന് നോക്കാം. ആന്ധ്രയെക്കാൾ ഭീകരമാണ് കേരളത്തിലെ അവസ്ഥ. ജനസംഖ്യ നിലനിർത്താൻ ആവശ്യമായ പ്രജനന നിരക്ക് (replacement level) 2.1 ആണ്. കേരളത്തിൽ 1990 മുതൽ ഇതിനു താഴെയാണ് പ്രജനന നിരക്ക്. കൂടാതെ,ഒന്നിലധികം കുട്ടികൾ വേണ്ട എന്ന് ആഗഹിക്കുന്നവരുടെ എണ്ണം കൂടിവരികയാണ് കേരളത്തിൽ .

ഇനി മറ്റു ചില കണക്കുകൾ കൂടി പരിശോധിക്കാം.
ഇന്ത്യയിൽ നഗരങ്ങളിലെ ഒരാളുടെ ശരാശരി പ്രതിമാസ ചിലവ് 6,996 രൂപയാണെങ്കിൽ, കേരളത്തിൽ അത് 7,783 രൂപയാണ്. അതായത് നാല് പേരുള്ള ഒരു ശരാശരി മലയാളി കുടുംബത്തിന് അടിസ്ഥാന ആവശ്യങ്ങൾക്ക് മാത്രം ഒരു മാസം 26,000 രൂപ മുതൽ 31,000 രൂപ വരെ ചിലവ് വരും.

2026 മേയ് മാസത്തിൽ പുറത്തുവന്ന നാഷണൽ സാമ്പിൾ സർവേയുടെ (NSS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ആന്ധ്രാപ്രദേശിൽ സർക്കാർ-സ്വകാര്യ ആശുപത്രി, സാധാരണ പ്രസവം – സിസേറിയൻ ഈ വ്യത്യാസങ്ങളൊന്നുമില്ലാതെ ഒരു പ്രസവത്തിന് മൊത്തത്തിൽ ശരാശരി 21,770 രൂപ ചിലവാകുന്നുണ്ട്. രാജ്യത്ത് ഏറ്റവും ഉയർന്ന പ്രസവ ച്ചിലവുള്ളത് കേരളത്തിലാണ്. 39,893 രൂപ. സർക്കാർ ആശുപത്രിയിൽ 4,463 രൂപയും സ്വകാര്യ ആശുപത്രിയിൽ 53,125 രൂപയും ആണ് കേരളത്തിലെ പ്രസവച്ചിലവ്. ഇതൊക്കെയും ആശുപത്രിയിൽ മാത്രം ചിലവാകുന്ന തുക മാത്രമാണ് എന്നോർക്കണം. അനുബന്ധ ചിലവുകളും ഉണ്ടാവുമല്ലോ. കേരളത്തിൽ 99.8% പ്രസവങ്ങളും ആശുപത്രികളിലാണ് നടക്കുന്നത്. ഇതിൽ സിസേറിയൻ പ്രസവങ്ങൾ നിരക്ക് ഏകദേശം 39% ആണ്.

അതായത്, സർക്കാർ നൽകുമെന്ന് പറയുന്ന ഈ മുപ്പതിനായിരം രൂപ കേരളത്തിലും ആ സ്രയിലും എന്നല്ല രാജ്യത്ത് ഒരിടത്തും ഒരു മാസത്തെ വീട്ടുചിലവിനോ അല്ലെങ്കിൽ പ്രസവച്ചിലവിനോ മാത്രമേ തികയുകയുള്ളൂ. അല്ലെങ്കിൽ തികയില്ല. കുട്ടിയുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വേറെയും ചിലവുകളുണ്ട്.

ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഇത്തരം സാമൂഹിക മാറ്റങ്ങളിൽ എപ്പോഴും ട്രെൻഡ് സെറ്റ് ചെയ്യുന്നത് സമൂഹത്തിലെ മധ്യവർഗ്ഗമാണ് (Middle class). മധ്യവർഗമായിരിക്കും സമൂഹത്തിൻ്റെ ‘റഫറൻസ് ഗ്രൂപ്പ്. അതായത്, മധ്യവർഗ്ഗം ഒരു തീരുമാനമെടുത്താൽ, സമൂഹത്തിലെ മറ്റ് താഴെത്തട്ടിലുള്ള വിഭാഗങ്ങൾ ആ ജീവിതരീതിയെ അനുകരിക്കാൻ തുടങ്ങും. കുട്ടികളെ രണ്ടിലൊതുക്കാൻ തുടങ്ങിയതും പിന്നീട് ഒന്നിലേക്ക് ചുരുക്കിയതും ഈ മധ്യവർഗമാണ്. അവരാകട്ടെ, ആശുപത്രിയിൽ അടയ്ക്കാൻ കാശിലാഞ്ഞിട്ടുമല്ല അങ്ങനെ ചെയ്തത്. അവരെ അനുകരിക്കുകയായിരുന്നു സമൂഹം ചെയ്തത്.

അതുകൊണ്ട് സർക്കാരുകൾ കേവലം കുറച്ചു പണം സൗജന്യമായി പ്രഖ്യാപിക്കുന്നതിന് പകരം, മധ്യവർഗ്ഗത്തിന്റെ ഇടയിൽ ‘കൂടുതൽ കുട്ടികൾ ആകാം’ എന്നൊരു ബോധം ഉണ്ടാക്കുകയാണ് വേണ്ടത്. മധ്യവർഗ്ഗം ആ മാറ്റം ഉൾക്കൊണ്ടാൽ, സ്വാഭാവികമായും സമൂഹം അത് സ്വീകരിക്കും.

അപ്പോൾ സർക്കാരുകൾ എന്താണ് ചെയ്യേണ്ടത്?
മുപ്പതിനായിരം രൂപ കൊടുക്കുന്നതിന് പകരം ഒരു ‘ശിശുസൗഹൃദ ആവാസവ്യവസ്ഥ’ (Child-friendly ecosystem) ഇവിടെ ഉണ്ടാക്കിയെടുക്കണം. അതായത് കുഞ്ഞുങ്ങൾക്ക് ജനിക്കുകയും ജീവിക്കുകയും ചെയ്യാവുന്ന സാഹചര്യം. സ്ത്രീകൾക്കും പുരുഷന്മാർക്കും ശമ്പളത്തോട് കൂടിയ പ്രസവാവധി (Maternity & Paternity leaves), കുറഞ്ഞ നിരക്കിൽ സുരക്ഷിതമായ ഡേ-കെയർ സൗകര്യങ്ങൾ, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും സൗജന്യമോ ചിലവ് കുറഞ്ഞതോ ആയ സംവിധാനങ്ങൾ, കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾക്ക് ഇൻകം ടാക്സിലും ഭവനവായ്പയിലും ഇളവുകൾ – ഇതൊക്കെയാണ് സർക്കാർ ചെയ്തു കൊടുക്കേണ്ടത്.

കുട്ടികളെ വളർത്തുക എന്നത് കുടുംബത്തിന്റെ മാത്രം ബാധ്യതയല്ല, മറിച്ച് അതൊരു സാമൂഹിക ഉത്തരവാദിത്തമാണെന്ന് സർക്കാരുകൾ തിരിച്ചറിയുന്ന കാലത്ത് മാത്രമേ ജനനനിരക്കിൽ ഒരു വർദ്ധനവ് പ്രതീക്ഷിക്കേണ്ടതുള്ളൂ.

കുത്തനെ കുറഞ്ഞേക്കാവുന്ന ജനസംഖ്യ, വയോജനങളുടെ ആധിക്യം, തൊഴിൽ സേനയുടെ കുറവ് വ്യവസായ, നിർമാണ മേഖലയിൽ സൃഷ്ടിച്ചേക്കാവുന്ന പ്രതിസന്ധി, രാഷ്ട്രീയ പ്രാതിനിധ്യക്കുറവ് തുടങ്ങി ഇപ്പോൾ സംഭവിച്ചു തുടങ്ങിയതും ഭാവിയിൽ കൂടുതൽ ഗുരുതരവുമായേക്കാവുന്ന പ്രതിസന്ധികളെ മുന്നിൽ കണ്ടാണ് തിരുത്തൽ നടപടികളിലേക്ക് ആന്ധ്ര സർക്കാർ കടന്നത്. ജപ്പാൻ ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ പാഠങ്ങൾ ലോകത്തിന് മുമ്പിലുണ്ട്.

നേരത്തെ പറഞ്ഞതുപോലെ ആന്ധ്രയേക്കാൾ ഗുരുതരമാണ് കേരളത്തിൻ്റെ കാര്യം. അതിവേഗം കേരളം ഒരു aging population ആയി മാറുകയാണ്. പക്ഷെ, ഇതുപോലൊരു നടപടി കൈകൊള്ളാൻ കേരളത്തിലെ സർക്കാറുകൾക്ക് ഏറെ പ്രയാസകരമായിരിക്കും. കാരണം കൂട്ടികൾ വേണ്ട, കുട്ടി ഒന്ന് മാത്രം, അല്ലെങ്കിൽ രണ്ട്, കുറഞ്ഞ കുട്ടികൾ, ചെറിയ കുടുംബം സന്തുഷ്ഠ കുടുംബം എന്നതൊക്കെ കേരളത്തിൻ്റെ സംസ്‌കാരിക ബോധമായി മാറിയിരിക്കുന്നു. ദാരിദ്ര്യമല്ല, ഉയർന്ന ജീവിത നിലവാരത്തെ കുറിച്ച കാഴ്ചപ്പാടുകളാണ് കേരളത്തെ നിർണയിച്ചത്. ഉയർന്ന വിദ്യാഭ്യാസം, തൊഴിൽ സുരക്ഷ, ഉയർന്ന തൊഴിൽ മോഹങ്ങൾ, സ്ത്രീവിദ്യാഭ്യാസം, കൂട്ടുകുടുംബങ്ങളുടെ തകർച്ച തുടങ്ങി അനേകം അടരുകളായി ബന്ധപ്പെട്ടാണ് കേരളത്തിൻ്റെ ജനസംഖ്യയുടെ കിടപ്പ്. അതിനാൽ തീർത്തും വ്യത്യസ്തമായ ഒരു മൂല്യസങ്കൽപം വളർത്തിയെടുത്താലേ സമീപഭാവിയിൽ കേരളം അഭിമുഖീകരിക്കാവുന്ന സങ്കീർണമായ ജനസംഖ്യാ പ്രതിസന്ധിയെ അതിജീവിക്കാനാവൂ.

Related