September 16 Wednesday 2026

September 16 Wednesday 2026

ജാതി സെൻസസ് എന്തിന് ?

നാം ജീവിക്കുന്ന സമൂഹത്തിന്റെ വൈവിധ്യത്തെ കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ? ആരൊക്കെ ചേർന്നതാണ് ഈ സമൂഹം? അതിൽ പലരുമുണ്ട്. സ്ത്രീകളും പുരുഷന്‍മാരുമുണ്ട്; പല മതങ്ങളും സമുദായങ്ങളുമുണ്ട്; അതിസമ്പന്നരും സമ്പന്നരും ഇടത്തരക്കാരും ദരിദ്രരും അതിദരിദ്രരുമുണ്ട്; വിദ്യാഭ്യാസവും ജോലിയും ഉള്ളവരും അത് നിഷേധിക്കപ്പെട്ട വിഭാഗങ്ങളുമുണ്ട്; അധികാരവും സ്വാധീനവും ഉള്ളവരും ഇല്ലാത്തവരുമുണ്ട്.

കേരളത്തിലെ വിവിധ സമുദായങ്ങളുടെ ചരിത്രവും വർത്തമാനവും എന്താണ്? നൂറ്റാണ്ടുകൾ നിലനിന്ന ജാതിഘടന കാരണം എല്ലാ അധികാരങ്ങളും ചുരുക്കം ചില സമുദായങ്ങളിൽ പെട്ടവരുടെ കൈയിലായിരുന്നു. ജാതിത്തട്ടിൽ മുകളിലുണ്ടായിരുന്ന സമുദായങ്ങൾക്ക് കൂടുതൽ വിദ്യാഭ്യാസം ലഭിച്ചു. ഭൂമി അവരുടെ അധീനതയിൽ ആയിരുന്നു. ഉദ്യോഗങ്ങളിൽ അവർ മാത്രമായിരുന്നു. മറ്റുള്ളവർക്ക് ഇതെല്ലാം നിഷേധിക്കപ്പെട്ടു.

നിഷേധിക്കപ്പെട്ടവർ അത് ചോദിച്ചപ്പോൾ പലപ്പോഴും അവഗണിക്കപ്പെട്ടു. അർഹതപ്പെട്ട അവകാശങ്ങൾക്ക്‌ വേണ്ടി സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും നടന്നു. മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ, വില്ലുവണ്ടി സമരം, നിവർത്തന പ്രക്ഷോഭം തുടങ്ങി നാനാ ധാരകളിലുള്ള പ്രക്ഷോഭങ്ങൾ…

ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്ക് ആയതിന് ശേഷം ഭരണഘടനയിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിര്‍ത്തപ്പെട്ടവർക്ക് വേണ്ടി സംവരണം വ്യവസ്ഥ ചെയ്യപ്പെട്ടു.

രാജഭരണം അവസാനിച്ചു, ജാതിവ്യവസ്ഥ കാലഹരണപ്പെട്ടു, ജനാധിപത്യം നടപ്പിലായി എന്നൊക്കെ പറയുമ്പോഴും ചരിത്രത്തിൽ പിന്നാക്കം നിർത്തപ്പെട്ടവർ ഇപ്പോഴും പിന്നിൽ തന്നെയാണെന്നാണ് വിവിധ കാലങ്ങളിൽ പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത്.

നാം ജീവിക്കുന്ന സമൂഹത്തിന്റെ സാമൂഹിക ഘടന മനസ്സിലാക്കൽ വളരെ പ്രധാനമാണ്. സാമൂഹികമായ നാനാതരം കണക്കെടുപ്പുകൾ ലോകത്ത് പലയിടത്തും നടക്കുന്നുണ്ട്. തൊഴിൽ, വരുമാനം, ദാരിദ്ര്യം, ജീവിതസൗകര്യങ്ങൾ, വിദ്യാഭ്യാസം, പ്രായം, സ്ത്രീ – പുരുഷ അനുപാതം തുടങ്ങി പലതുമായും ബന്ധപ്പെട്ട കണക്കെടുപ്പുകളുടെ വാർത്തകളും മറ്റും നാം പലപ്പോഴും കാണാറുണ്ട്.

നിരവധി ജാതി – മത – സമുദായങ്ങൾ ഒന്നിച്ച് അധിവസിക്കുന്ന നമ്മുടെ നാട്ടിൽ സമുദായങ്ങളുടെ അനുപാതവും വിഭവ വിതരണ മേഖലയിൽ വിവിധ സമുദായങ്ങൾക്ക് എത്രത്തോളം പ്രാതിനിധ്യം ഉണ്ടെന്നും മനസ്സിലാക്കൽ പ്രധാനമാണ്. അതിന് വിശദമായി കണക്കെടുക്കണം. ഈ കണക്കെടുപ്പ് സർക്കാർ ഔദ്യോഗികമായി നിർവഹിക്കണം. ജാതി സെൻസസ് എന്നാണതിനെ വിളിക്കുന്നത്.

ബീഹാർ സർക്കാർ ആ കണക്ക് പുറത്തു വിട്ടു കഴിഞ്ഞു. കണക്കെടുപ്പ് നടത്തിയാൽ യാഥാർഥ്യങ്ങൾ അറിയാം. ഓരോ മത – ജാതി വിഭാഗത്തിന്റെയും പ്രാതിനിധ്യക്കുറവും കൂടുതലും എത്രത്തോളം ഉണ്ടെന്ന് ബോധ്യമാകും. അതിനനുസരിച്ച് പ്രാതിനിധ്യക്കുറവുള്ള വിഭാഗങ്ങൾക്ക് അർഹതപ്പെട്ട പ്രാതിനിധ്യം ഉറപ്പു വരുത്താനുള്ള നടപടിക്രമങ്ങൾ കൈക്കൊള്ളണം. അപ്പോൾ മാത്രമാണ് കൂടുതൽ ജനാധിപത്യപരവും നീതിപൂർവകവുമായ സമൂഹം നിർമ്മിക്കപ്പെടുക.

 

ആനുപാതിക പ്രാതിനിധ്യം

ജാതി സെൻസസിലൂടെ വിവിധ മേഖലകളിൽ ഓരോ സമുദായങ്ങളുടെയും പ്രാതിനിധ്യം എത്രത്തോളം ഉണ്ടെന്ന് ബോധ്യപ്പെടും. സമൂഹത്തിലെ ഓരോ അധികാര കേന്ദ്രങ്ങളും നാമെടുത്തു നോക്കുക. വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടേറിയറ്റ് – കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ വരെ, വാർഡ്‌ മെമ്പറും എം.എൽ.എമാരും മുതൽ ലോക്സഭ – കേന്ദ്രമന്ത്രി സഭകൾ വരെ, മാധ്യമ സ്ഥാപനങ്ങൾ മുതൽ കോടതി മുറികൾ വരെ, സ്‌കൂളുകൾ മുതൽ യൂണിവേഴ്‌സിറ്റികൾ വരെ… അങ്ങനെയോരോന്നും.

വിദ്യാഭ്യാസം, അധികാരം, ഉദ്യോഗം എന്നീ പ്രധാനപ്പെട്ട മൂന്ന് മേഖലകളിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നീതിപൂർവകമായി ഇടമുണ്ടാകണം. അത് സ്വാഭാവികമായി എല്ലാവർക്കും ലഭിക്കുന്നില്ല എന്നതാണ് നമ്മുടെ കഴിഞ്ഞകാല അനുഭവം. അതിന് ഭരണപരമായ തീരുമാനങ്ങളും നിയമനിർമാണങ്ങളും കൂടിയേ തീരൂ.

മത്സരിച്ചും കഴിവ് തെളിയിച്ചും എല്ലാ വിഭാഗങ്ങളും അത് നേടിയെടുക്കുകയല്ലേ വേണ്ടത് എന്ന് ചോദിച്ചേക്കാം. പക്ഷെ ഈ മൽസര ശേഷിയും കഴിവും അത്ര നിരപേക്ഷമല്ല. കുടിലിൽ കഴിയുന്നവരുടെ, പട്ടിണി അനുഭവിക്കുന്നവരുടെ, പൗരത്വവും നിലനിൽപും ചോദ്യം ചെയ്യപ്പെടുന്നവരുടെ, പല തരം സാമൂഹിക അസ്വാസ്ഥ്യങ്ങളും അനീതികളും അനുഭവിക്കുന്നവരുടെ, കൂടുതൽ ജീവിത ഭാരങ്ങൾ ചുമക്കുന്നവരുടെ മത്സരശേഷിയും കഴിവും അതൊന്നും അത്ര അനുഭവിക്കാത്തവരുടേതുമായി താരതമ്യം ചെയ്യുന്നത് തന്നെ അനീതിയാണ്.

വെൽഫെയർ പാർട്ടി ഇവിടെ ഒരു പ്രശ്നം ഉന്നയിക്കുകയാണ്. വിവിധ മേഖലകളിലെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട പ്രശ്നമാണത്. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തോളം വരുന്ന ഒ.ബി.സി – പിന്നാക്ക വിഭാഗങ്ങൾക്ക്‌ കേന്ദ്രസർവീസിലെ സംവരണം 27 ശതമാനം മാത്രമാണ്. കേരളത്തിൽ ജനസംഖ്യയുടെ 70 ശതമാനത്തോളം വരുന്ന ഈ വിഭാഗത്തിന് 40 ശതമാനം മാത്രമേ സംവരണം വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ളൂ. ഭൂവുടമസ്ഥത പോലുള്ള വിഭാവാധികാര മേഖലകളിൽ ദലിത് – ആദിവാസി വിഭാഗങ്ങളും പിന്നാക്ക വിഭാഗങ്ങളും ഇപ്പോഴും ഏറെ പിറകിലാണ്. രാജ്യത്തെ/സംസ്ഥാനത്തെ സുപ്രധാന ഉന്നതാധികാര പദവികളിലും ഇതു തന്നെയാണ് അവസ്ഥ.

ഇവിടെയാണ് രാജ്യത്ത് വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സമത്വവും സമൂഹത്തിൽ സാമൂഹ്യനീതിയും സ്ഥാപിതമാകാൻ അധികാര – ഉദ്യോഗ – വിദ്യാഭ്യാസ മേഖലകളിൽ എല്ലാ വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ആനുപാതിക പ്രാതിനിധ്യം എന്ന ആശയത്തിന്‍റെ പ്രസക്തി.

കഴിവുള്ള വ്യക്തികൾക്ക് (കഴിവുള്ള സമുദായങ്ങളിൽ നിന്നുള്ളവർക്ക്) പ്രാതിനിധ്യം ലഭിക്കും എന്നത് ഒരു മേന്‍മയായി പറയേണ്ട കാര്യമല്ല; നമ്മുടെ സമൂഹത്തിന്റെയും സാമൂഹിക ഘടനയുടെയും പോരായ്മയാണത്. ആ പോരായ്മ പരിഹരിക്കണമെങ്കിൽ ഓരോ സമുദായത്തിനും ജനസംഖ്യാനുപാതികമായി വിവിധ മേഖലകളിൽ പ്രാതിനിധ്യം അനുവദിക്കപ്പെടണം. കേവല മെറിറ്റ് വാദത്തിന് മുകളിൽ നിൽക്കുന്ന, സാമൂഹ്യനീതിയുടെ താല്‍പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആശയമാണിത്.

അങ്ങനെ കേരളത്തിലെ എല്ലാ വിഭാഗത്തിൽ പെട്ടവരും സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിയമനിർമാണ സഭകളിലും അതാത് വിഭാഗത്തിന്റെ ജനസംഖ്യക്ക് ആനുപാതികമായി പ്രതിനിധീകരിക്കപ്പെടട്ടെ. ചില സാമൂഹിക വിഭാഗങ്ങളുടെ ക്രമവിരുദ്ധമായ മേധാവിത്വവും മറ്റു ചില സാമൂഹിക വിഭാഗങ്ങളുടെ അസാന്നിധ്യവും അവസാനിച്ച് സമൂഹത്തിന്റെ നേർക്ക് നേരെയുള്ള പരിച്ഛേദമായി നമ്മുടെ അധികാര – ഉദ്യോഗ മേഖലകൾ മാറുമ്പോൾ മാത്രമാണ് നമ്മുടെ ജനാധിപത്യം പൂർണമാവുക.

 

എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക

കേരളത്തിൽ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൂന്നിരട്ടിയിലധികം സർക്കാർ പൊതുഖജനാവിൽ നിന്ന് ശമ്പളം കൊടുക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിലെ എൽ.പി സ്കൂളുകളിൽ 61 ശതമാനവും യു.പി സ്കൂളുകളിൽ 66 ശതമാനവും ഹൈസ്കൂളുകളിൽ 59 ശതമാനവും എയ്ഡഡ് മേഖലയിലാണ്. ആർട്സ് ആന്‍ഡ് സയൻസ് കോളജുകളിൽ 80 ശതമാനവും എയ്ഡഡ് സ്ഥാപനങ്ങളാണ്.

ഖജനാവിൽ നിന്ന് മൊത്തം ജീവനക്കാർക്ക് നൽകുന്ന ശമ്പളത്തിന്റെ 30 ശതമാനം എയ്ഡഡ് മേഖലയിലെ ജീവനക്കാർക്കായാണ് നീക്കിവെക്കുന്നത്. എന്നാൽ, എയ്ഡഡ് നിയമനങ്ങൾക്ക് യാതൊരു സാമൂഹ്യ നിയന്ത്രണങ്ങളോ പ്രാതിനിധ്യ സ്വഭാവമോ ഇല്ല. മാനേജുമെൻ്റുകൾ ലക്ഷങ്ങൾ കോഴ വാങ്ങിയാണ് നിയമനം നടത്തുന്നത്.

എയ്‌ഡഡ് സ്‌കൂൾ ജീവനക്കാർക്ക്‌ വേണ്ടി 2020 – 21 സാമ്പത്തിക വർഷത്തിൽ 5740 കോടി രൂപയാണ് നീക്കിവെച്ചത്. പല മാനേജുമെൻ്റുകളിലും നൂറ് ശതമാനം ജീവനക്കാരും മാനേജുമെൻ്റിൻ്റെ സമുദായത്തിൽ പെട്ടവർ മാത്രമാണ്.

എയ്ഡഡ് മേഖലയിലെ പട്ടികജാതി – പട്ടികവർഗ പ്രാതിനിധ്യത്തെക്കുറിച്ച് 2017ൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിൽ എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്ന 1,10,024 പേരിൽ പട്ടികജാതി – പട്ടികവർഗത്തിൽ പെട്ടവർ 657 പേർ മാത്രമാണെന്ന് പറയുന്നുണ്ട്.

എസ്.എൻ ട്രസ്റ്റും എം.ഇ.എസും മറ്റ് പല മുസ്‌ലിം മാനേജുമെൻ്റുകളും എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന സ്ഥാപനങ്ങളാണ് എയ്ഡഡ് സ്ഥാപനങ്ങൾ. ഇവയുടെ പശ്ചാത്തല വികസത്തിന് എം.പി – എം.എൽ.എ ഫണ്ടുകളും ഉപയോഗിക്കുന്നുണ്ട്. പൊതുപണം ശമ്പളമായി ജീവനക്കാർക്ക് നൽകുന്ന എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സി വഴിയാക്കി എല്ലാ വിഭാഗം ജനങ്ങളുടെയും മതിയായ പ്രാതിനിധ്യം ഉറപ്പു വരുത്താൻ സർക്കാർ നിയമനിർമാണം നടത്തണം.

 

വെൽഫെയർ പാർട്ടിയുടെ പ്രക്ഷോഭം

കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കുക, എയ്ഡഡ് മേഖലയിൽ സംവരണം ബാധകമാക്കി നിയമനം പി.എസ്.സിക്ക് വിടുക, കേന്ദ്ര – സംസ്ഥാന സർവീസുകളിൽ എല്ലാ ജനവിഭാഗങ്ങൾക്കും ആനുപാതിക പ്രാതിനിധ്യം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി പ്രക്ഷോഭ പരിപാടികൾ നടത്തുകയാണ്.

സംസ്ഥാന വ്യാപകമായി സാമൂഹിക ബോധവത്കരണം, വാഹന ജാഥകൾ, സെമിനാർ, സംവരണ സമ്മേളനങ്ങൾ, പദയാത്രകൾ, ടേബിൾ ടോക്കുകൾ, ഭീമഹരജി സമർപ്പണം എന്നിവ പ്രക്ഷോഭത്തിന്റെ ഭാഗമായി നടക്കും. 2024 ജനുവരി 3-ന് തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിലേക്ക് പതിനായിരങ്ങൾ പങ്കെടുക്കുന്ന ബഹുജന മാർച്ച് നടത്തും. വിവിധ പിന്നാക്ക സംഘടനകളും സമുദായ നേതാക്കളും പ്രക്ഷോഭത്തിൽ ഒന്നിച്ച് അണിനിരക്കും. നമ്മുടെ നാടിന്റെയും സമൂഹത്തിന്റെയും കൂടുതൽ മികച്ച ജനാധിപത്യവല്‍കരണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള ഈ ജനകീയ മുന്നേറ്റത്തിൽ താങ്കളും കൂടെ ഉണ്ടാകണം.

 

(ജാതി സെന്‍സസ് നടത്തുക, എയ്‍ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നീ മുദ്രാവക്യങ്ങളുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ ലഘുലേഖയാണ്.)

Related