ഐ ഇ എഫ് എഫ് കെ (IEFFK) യുടെ, കോഴിക്കോട് നടക്കുന്ന സ്വതന്ത്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള ഓപ്പൺ ഫോറം സെമിനാർ വിഷയം കാഴ്ചയിൽ പെട്ടപ്പോഴാണ്, എന്റെയാലോചനയിൽ സദാ ജീവിക്കുന്ന ഒരു വിഷയത്തെ കുറിച്ച് കുറിപ്പിടാന്‍ തോന്നിയത്. അക്കാദമി എന്ന നിലയ്ക്ക് സിനിമയുടെ തത്വം പ്രയോഗം ചെറുത്തുനിൽപ്പ് (Cinema as Acadamia :theory practice and resistance.) എന്നതാണ് ഓപ്പൺ ഫോറം വിഷയം.
ഡിജിറ്റൽ ലോകത്ത് നിർമിച്ചെടുത്തുകൊണ്ടിരിക്കുന്ന കലാ – സംസ്കാരിക വിമർശന ലോകത്ത് കുറേക്കാലമായി ഞാൻ ശ്രദ്ധിച്ചു പോരുന്ന ഒരു കാര്യം, കലാ -സാഹിത്യ ചർച്ചകളിൽ സിദ്ധാന്തങ്ങൾ/ തത്വങ്ങൾ ഒഴിവാക്കുകയും കേവലം വായനാനുഭവത്തിന്റെയോ കാഴ്ചയുടെയോ മാത്രം അടിസ്ഥാനത്തിൽ സാഹിത്യത്തെയും കലയെയും നിരൂപിക്കുകയും ചെയ്യുന്ന വിമർശ രീതിയാണ്. മാത്രമല്ല, സിദ്ധാന്തങ്ങളെ തള്ളിപ്പറയുന്നതും മേൽപ്പറഞ്ഞ വിമർശനരീതിക്ക് വേണ്ടി ഘോരഘോരം വാദിക്കുന്നതും ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഒരു ഫാഷനായിട്ടുണ്ട്. അക്കാദമികമായ കലാ സാഹിത്യ വിമർശന സമീപനത്തോട് അവജ്ഞയും മനം പിരട്ടലും വരെ അവിടെ ആഘോഷിക്കാറുണ്ട്.
ഈ സമീപനത്തോട് എനിക്ക് പലപ്പോഴും ആധമർണ്യം തോന്നിയിട്ടില്ല. കാരണം, ലോകം ആശയപരമായും സാങ്കേതികമായും മാറിക്കൊണ്ടിരിക്കുമ്പോഴും താത്വികമായി /സൈദ്ധാന്തികമായി പുതുക്കപ്പെടുക കൂടിയാണ്ചെയ്യുക. മനുഷ്യൻ പെരുമാറുന്ന പ്രാതിഭാസികമായ മാറ്റങ്ങളെത്തന്നെയാണ്, സിദ്ധാന്തങ്ങൾ എന്നും അടയാളപ്പെടുത്തിപ്പോന്നത്. അതിനെന്നും തുടർച്ചകളുണ്ട്. അങ്ങനെയല്ലാത്ത ഒരു ലോക ക്രമത്തിൽ ജനാധിപത്യപരമായ അടിത്തറ കൂടുതൽ ശിഥിലമാകുന്നതാണ്, നമുക്ക് ചുറ്റും പൊതുവെയുള്ള കാഴ്ച. മാത്രമല്ല, സാഹിത്യ-കലാവിമർശനങ്ങളുടെ ജനകീയവും പ്രത്യയശാസ്ത്രപരവുമായ ഒരിടത്തെത്തന്നെ അതില്ലാതാക്കി. വിമർശന സാഹിത്യത്തിനുണ്ടായിരുന്ന വ്യാവഹകാരികമായ ഒരു ഡിക്ഷൻ തന്നെ അതില്ലാതാക്കി.
ഈയിടെ കേരളത്തിളടക്കം നടക്കുന്ന സെമിനാറുകൾ, ചലച്ചിത്രോത്സവങ്ങള്‍, സാഹിത്യോത്സവങ്ങൾ, പുസ്തകം പ്രകാശനം വരെയും ഇങ്ങനെയുള്ളൊരു ജനപ്രിയ വിമർശന സപര്യയിലാണിപ്പോൾ. അതിനുപോന്ന മട്ടിൽ ഒരുക്കി നിർത്തിയ കുറേ സെലിബ്രിറ്റികളുമുണ്ട്. അക്കാദമിക /സൈദ്ധാന്തിക ചർച്ചകൾ ഒഴിവാക്കി രചനയുടെ / സിനിമയുടെ ചരിത്രാനുഭവത്തെ അജ്ഞാത കോടിയിലുപേക്ഷിച്ചു പുതിയൊരുതരം വാഴ്ത്തുപാട്ട് ലോകം സൃഷ്ടിക്കുകയാണെവിടെയും. ഈ മട്ടിൽ പുതിയൊരുതരം ജനപ്രിയ ആസ്വാദകലോകത്തെ സൃഷ്ടിക്കുന്നതിലും ഒരു പ്രത്യേക താരത്തിലുള്ള സാഹിത്യ – കലാ വിപണി സൃഷ്ടിച്ചെടുക്കുന്നതിലും ഇത് വിജയിച്ചിട്ടുണ്ട്. ഒരു പ്രൊമോഷൻ പരസ്യ വ്യവസായം തന്നെ ഇക്കാര്യത്തിൽ സജീവമാണ്. മലയാളത്തിൽ തന്നെ ഒരു പ്രത്യേക ‘പ്രസാധന ശാല’ ഇങ്ങനെയുള്ള ഒരുതരം പൾപ്പ് സെൻസിബിലിറ്റിയെ അടിസ്ഥാനമാക്കിയുള്ള പുസ്തകങ്ങൾ മാത്രം പ്രസിദ്ധീകരിക്കുന്നത് എന്റെ കണ്ണിൽപ്പെട്ടിട്ടുണ്ട്.
കേവലം സദ്യ പ്രതികരണങ്ങളും അനുഭവ വിവരണങ്ങളും കൊണ്ട് ആസ്വാദനത്തിന്റെ ഒരു ജഗപൊഗ സൃഷ്ടിക്കുകയും ആത്യന്തികമായ വായന ഇതത്രേ എന്ന നിലപാടിൽ അവസാനിക്കുകയും ചെയ്യാറാണ് പതിവ്. വായനയുടെയോ കാഴ്ചയുടെയോ തത്സമയ /കാലികതയെ മാത്രം അവലംബമാക്കിയുള്ള ചർച്ചകൾ വിമർശനത്തിന്റെ ആധാരപരമായ ഡിക്ഷനെ മനഃപൂർവം ഒഴിവാക്കുന്നു. അതേക്കുറിച്ചുള്ള അന്വേഷണമില്ലായ്മയും അജ്ഞതയും കൂടി ഇവക്ക് പിറകിലുണ്ട്. ഒരു പരിധി വരെ കലയുടെ ചരിത്രപരമായ അവലംബത്തെ നിരകരിക്കുകയത്രേ ഈ പ്രവൃത്തി ചെയ്യുന്നത്. നാട്ടിൽ കൂൺ പോലെ മുളച്ചുപൊങ്ങുന്ന സാഹിത്യോത്സവങ്ങളും ചലചിത്രോത്സവങ്ങളും തൊട്ട് പുസ്തക പ്രകാശനങ്ങൾ വരെ ഇങ്ങനെയാണിപ്പോൾ ആഘോഷിക്കപ്പെടുന്നത്.
