മഹാദുരന്തത്തിന്റെ ഓർമ്മകൾ ബാക്കിവെച്ച ചൂരൽമല-മുണ്ടക്കൈ ഉരുൾ ദുരന്തത്തിന് രണ്ടാണ്ട് തികയുന്നു. 2024 ജൂലൈ മാസം 29ന് പുലർച്ചയാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിക്കുന്നത്. രാത്രി 11.45 നാണ് പുഞ്ചിരി മട്ടത്ത് ആദ്യത്തെ മണ്ണിടിച്ചിൽ ഉണ്ടായത്. ശേഷം പുലർച്ചെ 12 നും 1 നും ഇടയിൽ പുഞ്ചിരിമട്ടം ചൂരൽമല-മുണ്ടക്കൈ മേഖലയിൽ ശക്തമായ ഉരുൾ പൊട്ടൽ ഉണ്ടായി. മൃതദേഹങ്ങൾ കിലോമീറ്ററോളം ചാലിയാറിലൂടെ ഒഴുകിപ്പോയി. ആശുപത്രിയിലെ മോർച്ചറിയെലെങ്ങും ഭയാനകമായ കാഴ്ചകളാണ് ആ ദിവസം സമ്മാനിച്ചത്. ഔദ്യോഗിക കണക്ക് പ്രകാരം 298 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്.
ദുരന്തത്തിന് ശേഷമുള്ള സന്നദ്ധ സംഘടനകളുടെയും ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെയും ഇടപെടലിലൂടെ ലഭ്യമായ പുനരധിവാസ പദ്ധതിയിൽ ദുരന്തബാധിതരായ ജനങ്ങൾ സന്തുഷ്ടരായിരുന്നെങ്കിലും സർക്കാർ പദ്ധതികളിൽ അത്രയും സന്തുഷ്ടരാകാൻ അവർക്ക് സാധിച്ചില്ല. ദുരന്തത്തിന് രണ്ടുവർഷം കഴിയുമ്പോഴും ദുരന്തബാധിതരുടെ അന്തിമ പട്ടിക തയ്യാറാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. 1084 കുടുംബങ്ങളെ ബാധിച്ച ദുരന്തത്തിൽ 1879 പേരുടെ ഉപജീവനമാർഗ്ഗം പൂർണമായും ഇല്ലാതായി. 150 ഓളം കടമുറികളാണ് ദുരന്തത്തിൽ തകർന്നടിഞ്ഞത്. ഇരകളെയെല്ലാം പുനരധിവിസിപ്പിക്കും എന്ന സർക്കാർ വാഗ്ദാനം പിന്നീട് ലംഘിക്കപ്പെട്ടു.
ദുരന്തത്തിന് ഇരയായ പലർക്കും ടൗൺഷിപ്പിൽ വീടുകൾ ലഭിച്ചപ്പോൾ സാങ്കേതികമായ കാരണങ്ങൾ ഉന്നയിച്ച് സർക്കാരിൽ നിന്നും വീടുകൾ ലഭിക്കാത്ത 70 ഓളം പേർ ഇന്നും പ്രദേശത്ത് വാടക വീടുകളിൽ ജീവിതം തള്ളിനീക്കുന്നു. ദുരന്തത്തിന്റെ ഉത്ഭവ കേന്ദ്രമായ മുണ്ടക്കൈയിലെ പാഡികളിലും റാട്ടപ്പാടിയിലും എച്ച്.എം.എൽ ഫാക്ടറിക്ക് സമീപത്തെ പാഡികളിലും കഴിഞ്ഞിരുന്ന കുടംബങ്ങൾ പുനരധിവാസ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. കൂടാതെ, ചൂരൽമല സ്കൂൾ റോഡിലെ പടവെട്ടികുന്നിലും അട്ടമലയിലെ ലയങ്ങളിലും നിരവധി കുടുംബങ്ങളുണ്ടായിരുന്നു. ഇവരും ദുരന്തം നേരിട്ട് ബാധിച്ചവരാണ്. എന്നാൽ, പുനരധിവാസത്തിനായുള്ള സർക്കാർ ഉത്തരവിൽ നോ ഗോ സോണിൽ നിന്ന് 50 മീറ്റർ പരിധിയിൽ ‘ഒറ്റപ്പെട്ട വീടുകൾ’ എന്നുമാത്രമായിരുന്നു രേഖപ്പെടുത്തിയത്. ഇതോടെ പാടികളിൽ താമസിച്ചിരുന്നവർ സർക്കാർ പട്ടികയിൽ നിന്ന് പുറത്തായി. ‘പാഡികൾ’ എന്ന് ഉത്തരവിലില്ല എന്ന സാങ്കേതികത്വമാണ് അധികൃതർ പറയുന്നത്. സർക്കാർ പരിധി നിശ്ചയിച്ച് 50 മീറ്ററിന്റെ പുറത്തുള്ള വീടുകൾ തകർന്നവരും പുറത്തായി. സർക്കാർ ഉത്തരവ് തിരുത്തുമെന്ന് അന്നത്തെ റവന്യൂ മന്ത്രി പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല.
ഗോ സോൺ- നോ ഗോ സോൺ
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം പഠിക്കാൻ ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ (NCESS) മുൻ ശാസ്ത്രജ്ഞനായ ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. 2024 സെപ്റ്റംബറിൽ ദുരന്തബാധിത പ്രദേശങ്ങളുടെ സുരക്ഷയെയും പുനരധിവാസത്തെയും കുറിച്ചുള്ള നിർദേശങ്ങളടങ്ങുന്ന റിപ്പോർട്ട് സമിതി സർക്കാരിന് സമർപിച്ചു. റിപ്പോർട്ട് പ്രകാരം, ഉരുൾ ദുരന്തമുണ്ടായ പ്രദേശത്തെ ഗോ സോൺ – നോ ഗോൺ സോൺ എന്നിങ്ങനെ രണ്ട് മേഖലകളായി തിരിച്ചു. 107.5 ഹെക്ടർ സ്ഥലം ജനവാസത്തിന് തീർത്തും യോഗ്യമല്ല (No-Go Zone) എന്ന് സമിതി കണ്ടെത്തി. മേഖലകളെ അതിർത്തി തിരിച്ച് സർവെ കല്ലുകളും സ്ഥാപിച്ചു. ജോൺ മത്തായി എന്ന് വിളിക്കപ്പെടുന്ന ഈ അതിർത്തി നിർണയത്തിൽ വലിയ അപാകതകളുള്ളതായി നാട്ടുകാർ പരാതി ഉന്നയിക്കപ്പെട്ടിരുന്നു. ദുരന്തത്തെ നേരിട്ട പല കുടുംബങ്ങളും ജോൺ മത്തായി ലൈനിന് പുറത്തായി. നിരവധി പാഡികളും ഇക്കൂട്ടത്തിലുണ്ട്. ഇതോടെ പാഡികളിൽ താമസിച്ചിരുന്ന കുടുംബങ്ങൾ പൂർണ പുനരധിവാസ പട്ടികയിൽ ഉൾപ്പെടാതെ പോവുകയായിരുന്നു. ഇത്തരത്തിൽ എഴുപതിലേറെ കുടുംബങ്ങളുടെ ജീവിതമാണ് അനിശ്ചിതത്വത്തിൽ തുടരുന്നത്. ഈ കുടുംബങ്ങൾ ഇപ്പോഴും വാടക വീടുകളിലും ബന്ധുവീടുകളിലുമാണ് കഴിയുന്നത്. സർക്കാർ നിശ്ചയിച്ച വീട്ടുവാടക നൽകുന്നുണ്ടെങ്കിലും പുനരധിവാസവുമായി ബന്ധപ്പെട്ട മറ്റു ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല എന്ന് ഈ കുടുംബങ്ങൾ പരാതിപ്പെടുന്നു.
എച്ച്.എം.എൽ നെ സംരക്ഷിച്ച മത്തായി ലൈൻ
ഉരുളെടുത്ത ദുരന്തഭൂമിയുടെ മീറ്ററുകള് മാത്രം അകലത്തിലാണ് എച്ച്.എം.എൽ തേയില ഫാക്ടറി ഉള്ളത്. ഫാക്ടറിയെ ഗോ സോൺ മേഖലയിൽ ഉൾപ്പെടുത്താൻ വേണ്ടി കമീഷൻ ബോധപൂർവം ശ്രമിച്ചുവെന്നാണ് ആരോപണം. ഇതുമൂലം ഫാക്ടറിയോട് ചേർന്നുള്ള പാഡികൽ ഗോ സോൺ മേഖലയിൽ ഉൾപ്പെട്ടു. ഇതാണ് പാഡികളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾ പുനരധിവാസ ലിസ്റ്റിൽനിന്ന് പുറത്താകാനുള്ള കാരണം.
പുനരധിവാസത്തിലെ മെല്ലെപ്പോക്ക്
ഉരുൾ ദുരന്ത പുനരധിവാസത്തിൻറെ ഭാഗമായി ടൗൺഷിപ്പ് നിർമാണത്തിലാണ് സർക്കാർ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത്.പുനരിധിവാസ പാക്കേജിൽ മാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ, അംഗണവാടി എന്നിവ നിർമ്മിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നുവെങ്കിലും അത്തരം പദ്ധതി നടത്തിപ്പിലൊന്നും തന്നെ വേഗതയില്ല. റോഡ് പണികളും നിലവിൽ മുടങ്ങിയ അവസ്ഥയിലാണ്. മാതാപിതാക്കൾ ദുരന്തത്തിൽ മരണപ്പെടുകയും വീടുകൾ നഷ്ടപ്പെടുകയും ചെയ്ത കല്യാണം കഴിച്ചയച്ച പെൺകുട്ടികൾക്ക് വീട് വെച്ച് നൽകും എന്ന സർക്കാർ വാഗ്ദാനവും പലർക്കും ലഭിക്കാതെ പോയി.
ഒക്ടോബറിൽ പൂർത്തിയാക്കപ്പെടും എന്നു പറയുന്ന 149 വീടുകളുടെ സ്ട്രക്ചർ വർക്ക് പോലും നിലവിൽ പൂർത്തീകരിച്ചിട്ടില്ല. രണ്ടാം സോൺ വീടുകളുടെ പണികളും ഇതുവരെ ആരംഭിച്ചിട്ടില്ല. ദുരന്തബാധിതർക്ക് സംരംഭങ്ങൾ ആരംഭിക്കാനായി മൈക്രോ പ്ലാൻ ഫണ്ട് മുഖേന രണ്ടര ലക്ഷത്തോളം രൂപ നൽകുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പലർക്കും അത് ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി കുടുംബശ്രീ ഓഫീസിൽ ദുരിതബാധിതർ സമരം ചെയ്തത് വാർത്തയായിരുന്നു. ടൗൺഷിപ്പിൽ വീട് ലഭിച്ചുവെങ്കിലും ഉപജീവനത്തിനായി ഫണ്ട് ലഭിച്ചില്ല എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. വയനാട് ദുരിതബാധിതർക്കായി സർക്കാർ പ്രതിമാസം നൽകിവന്നിരുന്ന 9000 രൂപ ധനസഹായം നിലവിൽ സർക്കാർ നൽകുന്നില്ല. മൂന്നുമാസത്തേക്ക് ആരംഭിച്ചതായിരുന്നു പദ്ധതിയെങ്കിലും പിന്നീട് അത് ഡിസംബർ വരെ നീട്ടിയിരുന്നു. ദുരിതബാധിതരുടെ ഉപജീവനമാർഗ്ഗം തടയപ്പെട്ടതിനാലാണ് പദ്ധതി ഡിസംബർ വരെ നീട്ടിയിരുന്നത്. ആയിരത്തോളം ഗുണഭോക്താക്കൾക്കാണ് പദ്ധതിയുടെ ഗുണം ലഭിച്ചിരുന്നത്. കച്ചവട സ്ഥാപനങ്ങൾക്കും നഷ്ടപരിഹാരം ലഭിച്ചില്ല എന്നാണ് മേഖലയിലെ കട ഉടമകൾ പറയുന്നത്. ജീവിതത്തിൽ സർവവും നഷ്ടപ്പെട്ട ഒരു ജനതയെ സാങ്കേതിക കാരണങ്ങളുടെ പേരിൽ സർക്കാർ മാറ്റി നിർത്തുന്നത് നീതീകരിക്കാവുന്ന സമീപനം അല്ല.
