November 19 Thursday 2026

ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ; കളിയാരവങ്ങൾക്ക് പിന്നിലെ ഇരുണ്ട യാഥാർഥ്യങ്ങൾ

വേൾഡ് കപ്പിലെ കളിയും കളിയാരവങ്ങളും ഫൈനൽ വിസിലോടെ അവസാനിക്കുകയാണ്. ഫുട്ബോൾ മാമാങ്കത്തിൻറെ പ്രാധാന്യവും മൈതാനങ്ങളുടെ സൗന്ദര്യവും ആരാധകരുടെ സന്തോഷവും രാജ്യങ്ങളുടെ കായികമികവും സമാനതകളില്ലാത്ത കാഴ്ചയാണ് ലോകത്തിന് സമ്മാനിക്കുന്നത്. എന്നാൽ, കളിയുടെ ആവേശം തണുത്തുറഞ്ഞാലും, കനലായി അവശേഷിക്കുന്ന കുറേ ഇരുണ്ട യാഥാർത്ഥ്യങ്ങൾ കളിക്കളത്തിന് പിന്നിലുണ്ട്. വേൾഡ് കപ്പ് വെറുമൊരു സ്പോർട്സ് ആണെന്ന് കരുതരുത്; പലപ്പോഴും സങ്കീർണ്ണമായ രാഷ്ട്രീയ താല്പര്യങ്ങളുടെ ഒരു വലിയ കലവറയാണത്. നമ്മൾ കാണുന്ന ഫുട്ബോൾ മത്സരങ്ങൾക്കുമപ്പുറം, ആ ടൂർണമെന്റിന്റെ മുഴുവൻ ഇക്കോസിസ്റ്റത്തെയും ദശാബ്ദക്കാലമായി സ്വാധീനിക്കുന്ന, കളിയാരവങ്ങളുടെ തിളക്കത്തിൽ മുങ്ങിപ്പോകുന്ന കുറേയേറെ കറുത്ത സത്യങ്ങളുണ്ട്. അവയിൽ ചിലതൊക്കെ ഇതിനകം വെളിപ്പെട്ടെങ്കിലും, പുറത്തുവരാത്തതോ മനഃപൂർവ്വം മൂടിവെക്കപ്പെട്ടതോ ആയ നഗ്നസത്യങ്ങളുടെ, അഴിമതിയും പക്ഷപാതവും കൃത്രിമത്വവും നിറഞ്ഞ ഒരു വലിയ ഘോഷയാത്ര തന്നെയാണ് ഫിഫയുടെ പിന്നാമ്പുറങ്ങളിലുള്ളത്. കോർപ്പറേറ്റ് ഭീമന്മാരുടെ അത്യാഗ്രഹവും, ഭരണാധികാരികളുടെ രാഷ്ട്രീയ അജണ്ടകളും, ഫിഫയെന്ന ആഗോള മാഫിയയും ചേർന്ന് തുന്നിക്കൂട്ടിയ ഒരു കറുത്ത തിരശ്ശീലയ്ക്ക് മുന്നിലാണ് നമ്മൾ കളി കണ്ട് കൈയടിക്കുന്നത്. ഈ തിരശ്ശീലയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചോരയുടെയും ചതിയുടെയും കഥകൾ ഏതൊരു ഫുട്ബോൾ പ്രേമിയുടെയും നെഞ്ച് പൊള്ളിക്കുന്നതാണ്

ഫിഫയുടെ ജനാധിപത്യ വിരുദ്ധതയും കോർപ്പറേറ്റ് അധിനിവേശവും

സ്വിറ്റ്സർലാൻഡിലെ സൂറിച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കായിക സംഘടനയാണെങ്കിലും, ലോകകപ്പിന്റെ മറവിൽ ചോദ്യം ചെയ്യപ്പെടാത്ത ഒരു ആഗോള അധികാരകേന്ദ്രമായി ഫിഫ പ്രവർത്തിക്കുന്നുവെന്ന വിമർശനം വ്യാപകമാണ്. യാതൊരുവിധ ജനാധിപത്യ സ്വഭാവവുമില്ലാതെ, കേവലം ഒരു കോർപ്പറേറ്റ് മാഫിയയുടെ രീതിയിലാണ് പലപ്പോഴും ഈ സംഘടനയുടെ തീരുമാനങ്ങൾ പുറത്തുവരുന്നത്. ലോകകപ്പ് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളുടെ മേൽ ഫിഫ അടിച്ചേൽപ്പിക്കുന്ന നിബന്ധനകൾ കടുത്ത ജനാധിപത്യ വിരുദ്ധതയാണ് പ്രകടമാക്കുന്നത്. ലോകകപ്പ് നടക്കുന്ന സമയത്ത് ആതിഥേയ രാജ്യങ്ങളിൽ ഫിഫയ്ക്ക് മാത്രമായി പ്രത്യേക നിയമനിർമ്മാണം നടത്തേണ്ടി വരാറുണ്ട്. ഇതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് 2014-ലെ ബ്രസീൽ ലോകകപ്പ്. സ്റ്റേഡിയങ്ങളിൽ മദ്യം വിൽക്കരുതെന്ന ബ്രസീലിന്റെ സ്വന്തം ജനാധിപത്യ നിയമം, ഫിഫയുടെ പ്രധാന സ്പോൺസറായ ‘ബഡ്‌വൈസർ’ മദ്യക്കമ്പനിയുടെ ലാഭത്തിന് വേണ്ടി മാത്രം ബ്രസീൽ ഭരണകൂടത്തിന് മാറ്റിയെഴുതേണ്ടി വന്നത്. ഇത് ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ കരുത്ത് ഉണ്ടെങ്കിൽ മാത്രമാണ് ഫിഫയെ പ്രതിരോധിക്കാൻ കഴിയൂ. ടൂർണമെന്റ് കാലയളവിൽ ഫിഫയ്ക്ക് നൽകേണ്ടി വരുന്ന അമിതമായ നിയമപരമായ ആനുകൂല്യങ്ങൾ, നികുതി ഇളവുകൾ, വൻതോതിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെല്ലാം ഒരു രാജ്യത്തിന്റെ ആഭ്യന്തര നിയമവ്യവസ്ഥയെപ്പോലും ഫിഫയ്ക്ക് മുന്നിൽ മുട്ടുകുത്തിക്കുന്നുവെന്ന് പടിഞ്ഞാറൻ മാധ്യമങ്ങൾ ഉൾപ്പെടെ വിമർശിക്കുന്നുണ്ട്.

ഫിഫയുടെ ഇത്തരം കടന്നുകയറ്റങ്ങൾ എല്ലാ രാജ്യങ്ങളിലും ഒരേപോലെയല്ല പ്രതിഫലിക്കുന്നത്. രാജ്യങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ കരുത്തിനനുസരിച്ച് ഇതിലും മാറ്റങ്ങൾ വരുന്നു. 2022-ലെ ഖത്തർ ലോകകപ്പിൽ സ്റ്റേഡിയങ്ങൾക്കുള്ളിലെ മദ്യവില്പന അവസാന നിമിഷം ഖത്തർ ഭരണകൂടം നിരോധിച്ചപ്പോൾ ഫിഫയ്ക്ക് അവിടെ വഴങ്ങേണ്ടി വന്നു. ഒരു ജനാധിപത്യ രാജ്യമായ ബ്രസീലിനെ നിയമം മാറ്റിയെഴുതിക്കാൻ നിർബന്ധിച്ച അതേ ഫിഫ, അതിസമ്പന്നമായ ഒരു ഏകാധിപത്യ രാജ്യത്തിൻറെ കടുത്ത സാംസ്കാരിക-രാഷ്ട്രീയ നിലപാടുകൾക്ക് മുന്നിൽ സ്വന്തം കോർപ്പറേറ്റ് സ്പോൺസർമാരുടെ താല്പര്യങ്ങൾ താല്ക്കാലികമായി മാറ്റിവെക്കേണ്ടി വന്നു. ഫിഫയുടെ കടന്നുകയറ്റ ശ്രമങ്ങൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആതിഥേയ രാജ്യങ്ങളിലാണ് കൂടുതൽ ആഘാതം സൃഷ്ടിക്കുന്നത്. എന്നാൽ, 2026-ൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിലേക്ക് വരുമ്പോൾ ഫിഫയുടെ കോർപ്പറേറ്റ് താല്പര്യങ്ങൾ മറ്റൊരു രീതിയിലാണ് പ്രവർത്തിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിപണിയായ അമേരിക്കയെ ലക്ഷ്യമിട്ട് ഫിഫ തങ്ങളുടെ നിബന്ധനകളിൽ വലിയ വിട്ടുവീഴ്ചകൾക്ക് തയ്യാറാവുകയുണ്ടായി. ടൂർണമെന്റ് 48 ടീമുകളായി വിപുലീകരിച്ചത് തന്നെ അമേരിക്കൻ ഭൂഖണ്ഡത്തിലെ വലിയ കോർപ്പറേറ്റ് ബ്രാൻഡുകളെയും ടെലിവിഷൻ സംപ്രേക്ഷണാവകാശങ്ങളെയും മുൻനിർത്തി വൻ ലാഭം കൊയ്യാനാണ്. ഒരു വശത്ത് വികസ്വര രാജ്യങ്ങളെ കടുത്ത നികുതിബാധ്യതകളിലേക്ക് തള്ളിവിടുമ്പോൾ, മറുവശത്ത് ലോകശക്തികളായ രാജ്യങ്ങളുടെ വിപണി മൂല്യം ഉപയോഗിച്ച് സ്വന്തം ഖജനാവ് നിറയ്ക്കാനുള്ള കോർപ്പറേറ്റ് അജണ്ടയാണ് ഫിഫ നടപ്പിലാക്കുന്നത്.

ഈ അധികാരദുർവിനിയോഗം ഫിഫയ്ക്കുള്ളിലെ ഭരണഘടനയിലും കാണാം. ‘ഒരു രാജ്യത്തിന് ഒരു വോട്ട്’ എന്ന ഫിഫയുടെ തിരഞ്ഞെടുപ്പ് സമ്പ്രദായം ഏറെ ജനാധിപത്യപരമായി തോന്നുമെങ്കിലും, യഥാർത്ഥത്തിൽ അത് നിലവിലെ നേതൃത്വത്തിന് ചെറിയ രാജ്യങ്ങളുടെ വോട്ടുകൾ പണം നൽകിയും സ്വാധീനിച്ചും ഉറപ്പാക്കാനുള്ള തന്ത്രമാണ്. ഇത് പ്രസിഡന്റിനെതിരെ ശക്തമായ വെല്ലുവിളികൾ ഉയരുന്നത് തടയുന്നു. ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 48 ആയി ഉയർത്തിയതിന് പിന്നിലെ വിശാലത പോലും വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ളതും സ്വന്തം താല്പര്യങ്ങൾ നടപ്പിലാക്കാനുള്ളതുമാണെന്ന വിമർശനം ഏറെ ഗൗരവമുള്ളതാണ്. ലോകകപ്പിലൂടെ ഫിഫ നേടുന്ന കോടിക്കണക്കിന് ഡോളറിന്റെ ലാഭത്തിന് ആതിഥേയ രാജ്യം പൂർണ്ണ നികുതിയിളവ് നൽകണം. അതേസമയം, വമ്പൻ സ്റ്റേഡിയങ്ങളുടെ നിർമ്മാണത്തിനും സുരക്ഷയ്ക്കുമായി അവിടുത്തെ സാധാരണ ജനങ്ങളുടെ നികുതിപ്പണം ഭരണകൂടങ്ങൾ വൻതോതിൽ ചെലവഴിക്കുകയും വേണം. ലാഭം മുഴുവൻ ഫിഫയെന്ന സ്വകാര്യ കോർപ്പറേറ്റിലേക്കും, അതിന്റെ ബാധ്യതയും കടക്കെണിയും മുഴുവൻ ആതിഥേയ രാജ്യത്തെ പാവപ്പെട്ട ജനങ്ങളിലേക്കും വലിച്ചെറിയപ്പെടുന്ന കടുത്ത അനീതിയാണ് ഫിഫയുടെ പിന്നാമ്പുറങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.

കളിക്കളത്തിലെത്തുന്ന ഭൗമരാഷ്ടീയവും കറുത്തവരോടുള്ള ചൂഷണവും

ചുറ്റുപാടും യുദ്ധങ്ങൾ പുകയുമ്പോൾ, ആയുധമെടുക്കാതെ തന്നെ ഒരു രാജ്യത്തിന് തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനുള്ള ഏറ്റവും വലിയ മാർഗ്ഗമായി ഇന്ന് വേൾഡ് കപ്പ് മാറിയിരിക്കുന്നു. ലോകകപ്പ് ആതിഥേയത്വം എന്നത് കേവലം കായിക മികവിന്റെയല്ല, മറിച്ച് ഒരു രാജ്യത്തിൻറെ സാമ്പത്തിക-രാഷ്ട്രീയ കരുത്ത് ആഗോളതലത്തിൽ വിളിച്ചോതാനുള്ള വേദിയായിരിക്കുന്നു. പരസ്പരം നയതന്ത്ര ബന്ധമില്ലാത്ത, ശത്രുതയിലുള്ള രാജ്യങ്ങൾ പോലും ഗ്രൂപ്പ് ഘട്ടങ്ങളിൽ ഏറ്റുമുട്ടുമ്പോൾ അത് വെറുമൊരു മത്സരമല്ല; മറിച്ച് രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പ്രതികാരവും ഈഗോയും തീർക്കാനുള്ള ആധുനിക യുദ്ധക്കളമായി മൈതാനങ്ങൾ മാറുന്നു. ചരിത്രപ്രസിദ്ധമായ 1998 ലോകകപ്പിലെ അമേരിക്ക-ഇറാൻ മത്സരത്തേക്കാൾ വാശിയേറിയതും കലുഷിതവുമായിരുന്നു ഇത്തവണത്തെ ടൂർണമെന്റുകളിലെ ഇറാന്റെ മത്സരങ്ങളും അവർക്കെതിരെ പാശ്ചാത്യ-ആതിഥേയ ശക്തികൾ സ്വീകരിച്ച നിലപാടുകളും. കളി കഴിഞ്ഞാലുടൻ രാജ്യം വിടണമെന്ന കടുത്ത ഭരണകൂട തിട്ടൂരങ്ങളും, മൈതാനങ്ങളിൽ റഫറിമാരുടെ ഭാഗത്തുനിന്നുണ്ടായ പ്രകടമായ പക്ഷപാതങ്ങളും കായികരംഗത്തെ രാഷ്ട്രീയ പകപോക്കലിന്റെ നേർച്ചിത്രങ്ങളായിരുന്നു. ഈജിപ്ത് അടക്കമുള്ള അറബ്-ആഫ്രിക്കൻ രാജ്യങ്ങളോട് ഫിഫയും സംഘാടകരും കാണിച്ച വിവേചനപരമായ സമീപനങ്ങളും (Treatment) കടുത്ത വിവാദങ്ങൾക്കാണ് വഴിതുറന്നത്.

യൂറോപ്യൻ രാജ്യങ്ങളിലെ പല പ്രമുഖ ടീമുകളിലെയും സൂപ്പർതാരങ്ങൾ ജനിച്ചതും വളർന്നതും ആഫ്രിക്കൻ രാജ്യങ്ങളിലോ അല്ലെങ്കിൽ അവിടുത്തെ അഭയാർത്ഥികളായോ ആയിരിക്കും. ദാരിദ്ര്യം മുതലെടുത്ത് ചെറുപ്രായത്തിൽ തന്നെ ഇവരെ യൂറോപ്പിലേക്ക് കടത്തുകയും, പൗരത്വം നൽകി തങ്ങളുടെ രാജ്യത്തിന് വേണ്ടി കളിപ്പിക്കുകയും ചെയ്യുന്നു. കളി ജയിക്കുമ്പോൾ മാത്രം അവരെ സ്വന്തം പൗരന്മാരായി ആഘോഷിക്കുകയും, തോൽക്കുമ്പോൾ അവർക്കെതിരെ വംശീയ അധിക്ഷേപം നടത്തുകയും ചെയ്യുന്ന കപട സദാചാരം ലോകകപ്പുകളിൽ പതിവാണ്. ഫുട്ബോൾ ലോകകപ്പ് ചരിത്രം പരിശോധിച്ചാൽ കാണാൻ കഴിയുന്ന മറ്റൊരു ഇരുണ്ട വശമാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള കളിക്കാരുടെ ചോരയും നീരും ഊറ്റിക്കുടിക്കുന്ന യൂറോപ്യൻ ക്ലബുകളും രാജ്യങ്ങളും. അവരുടെ നവകൊളോണിയൽ നിലപാടും കറുത്തവരോടൂള്ള എക്കാലത്തെയും ചൂഷണവും ഇന്നും നിർബാധം തുടരുകയാണ്.

വേൾഡ്കപ്പ് മറയാക്കി ഭരണകൂട ഭീകരതകൾ

ഫുട്ബോളിന്റെ ജനപ്രീതി ഉപയോഗിച്ച് തങ്ങളുടെ രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെയും ക്രൂരതകളെയും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ മറച്ചുവെക്കാൻ ഭരണകൂടങ്ങൾ ലോകകപ്പിനെ ആയുധമാക്കാറുണ്ട്. 1978 ലെ അർജന്റീന ലോകകപ്പ് നടക്കുമ്പോൾ കടുത്ത സൈനിക സ്വേച്ഛാധിപത്യം നിലനിന്നിരുന്ന കാലമായിരുന്നു. ഒരേസമയം പതിനായിരക്കണക്കിന് രാഷ്ട്രീയ എതിരാളികളെ ഭരണകൂടം കൊന്നൊടുക്കുകയും കാണാതാക്കുകയും ചെയ്യുമ്പോൾ, തൊട്ടടുത്തുള്ള സ്റ്റേഡിയങ്ങളിൽ ലോകകപ്പ് മത്സരങ്ങൾ പൊടിപൊടിക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചോരപുരണ്ട അധ്യായമാണിത്. അർജന്റീനയിൽ ജനറൽ ജോർജ്ജ് വിഡേലയുടെ നേതൃത്വത്തിലുള്ള ക്രൂരമായ സൈനിക സ്വേച്ഛാധിപത്യ ഭരണകൂടം നടക്കുന്ന കാലം. ഭരണകൂടത്തിന് എതിരെ സംസാരിച്ച മുപ്പതിനായിരത്തോളം മനുഷ്യരെ അവർ തടവിലാക്കുകയും ക്രൂരമായി കൊന്നൊടുക്കുകയും ചെയ്തു. തങ്ങൾ ഒരു ജനാധിപത്യ, സമാധാന രാജ്യമാണെന്ന് ലോകത്തെ കാണിക്കാൻ വേൾഡ്കപ്പിനെ മറയാക്കുകയായിരുന്നു സൈനിക ഭരണകൂടം.

1994-ൽ കളിക്കളത്തിൽ സംഭവിച്ച ഒരൊറ്റ സെൽഫ് ഗോളിന്റെ പേരിൽ ചൂതാട്ട മാഫിയകൾ വെടിവെച്ചുകൊന്ന കൊളംബിയൻ താരം ആൻഡ്രേസ് എസ്കോബാറിന്റെ ചോര വീണ ഓർമ്മകൾ ഫുട്ബോളിന്റെ പിന്നാമ്പുറങ്ങളിലെ കടുത്ത ഭീകരതയെയാണ് വിളിച്ചോതുന്നത്. 2018-ൽ റഷ്യയും, 2022-ൽ ഖത്തറും ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോൾ ഉയർന്നുവന്ന പ്രധാന ആരോപണവും മനുഷ്യാവകാശങ്ങളെ ചൊല്ലിയായിരുന്നു. എന്നാൽ, റഷ്യയും ഖത്തറും ലോകകപ്പ് നടത്തിയപ്പോൾ മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യത്തിന്റെയും പേരിൽ ആഗോളതലത്തിൽ വലിയ വിമർശനങ്ങൾ ഉന്നയിച്ച പടിഞ്ഞാറൻ മാധ്യമങ്ങളും ഫിഫയും, അമേരിക്കയിലേക്കും മെക്സിക്കോയിലേക്കും വരുമ്പോൾ പുലർത്തുന്ന ഇരട്ടത്താപ്പ് കടുത്ത വംശീയതയും കോർപ്പറേറ്റ് താല്പര്യങ്ങളും നിറഞ്ഞതാണ്. അന്താരാഷ്ട്ര തലത്തിൽ തങ്ങൾക്കെതിരെയുള്ള രാഷ്ട്രീയ വിമർശനങ്ങളുടെ മൂർച്ച കുറയ്ക്കാൻ കായിക മാമാങ്കത്തെ അമേരിക്കയും തന്ത്രപരമായി ഉപയോഗിക്കുന്നുണ്ട്. മെക്സിക്കോയിലെ പ്രമുഖ സ്റ്റേഡിയങ്ങളായ ‘എസ്റ്റാഡിയോ ആസ്ടെക്ക’ (Estadio Azteca) പോലുള്ളവ നവീകരിക്കുന്നതിന്റെയും പരിസരപ്രദേശങ്ങൾ ഭംഗിയാക്കുന്നതിന്റെയും മറവിൽ വലിയ കോർപ്പറേറ്റ് കൊള്ളയാണ് നടക്കുന്നത്.

അഴിമതിക്കെതിരെ പോരാടുന്നു എന്ന് നടിക്കുന്ന അമേരിക്കയുടെ കപടമുഖം 2015-ലെ ‘ഫിഫ ഗേറ്റ്’ അന്വേഷണത്തിലൂടെ തന്നെ ലോകം കണ്ടതാണ്. 2018-ലെയും 2022-ലെയും ലോകകപ്പ് വേദികൾ റഷ്യയും ഖത്തറും കൊണ്ടുപോയപ്പോൾ ഉണ്ടായ രാഷ്ട്രീയ ഈഗോയാണ് ഫിഫയുടെ ഉന്നതന്മാരെ FBI-യെ ഉപയോഗിച്ച് കൂട്ടിലടയ്ക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചത്. ഒടുവിൽ അമേരിക്കൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങി 2026 ലോകകപ്പിന്റെ സിംഹഭാഗം മത്സരങ്ങളും ഫിഫ അമേരിക്കയ്ക്ക് തന്നെ കാഴ്ചവെച്ചു. ലോകകപ്പ് വഴി ആഗോള സൗഹൃദത്തിൻറെ വക്താക്കളായി തങ്ങളെത്തന്നെ ബ്രാൻഡ് ചെയ്യുമ്പോഴും, സ്വന്തം രാജ്യത്തെ കടുത്ത വംശീയതയും അതിർത്തികളിലെ ക്രൂരമായ കുടിയേറ്റ വിരുദ്ധ നിലപാടുകളും മറച്ചുവെക്കാനുള്ള പുകമറയായിട്ടാണ് അമേരിക്ക ഈ കായിക മാമാങ്കത്തെ ദുർവിനിയോഗം ചെയ്യുന്നത്.

കളികഴിഞ്ഞാൽ കളവുമൊഴിയുകയാണ്
ഒരു മാസം നീളുന്ന ടൂർണമെന്റിനായി കോടിക്കണക്കിന് ഡോളർ ചിലവഴിച്ച് ആതിഥേയ രാജ്യങ്ങൾ നിർമ്മിക്കുന്ന കൂറ്റൻ സ്റ്റേഡിയങ്ങൾ പിന്നീട് ആർക്കും ഉപകാരമില്ലാത്ത വെറും വെള്ളാനകളായി മാറുകയാണ്. 2010 ദക്ഷിണാഫ്രിക്കയിലും, 2014 ബ്രസീലിലും നിർമ്മിച്ച പല ലോകോത്തര സ്റ്റേഡിയങ്ങളും ഇന്ന് കാടുപിടിച്ചും ബസ് പാർക്കിംഗ് കേന്ദ്രങ്ങളായും നശിച്ചുകിടക്കുകയാണ്. ഖത്തർ നിർമ്മിച്ച സ്റ്റേഡീയങ്ങൾ നിലനിർത്താൻ ഭീമമായ തുകയാണ് ഭരണകൂടം ചെലവഴിക്കുന്നത്. പുതിയ സ്റ്റേഡീയങ്ങൾ നിർമ്മിക്കാനുള്ള പദ്ധതികൾ സൗദിയിൽ തകൃതിയായി നടക്കുകയാണ്. ലോകകപ്പ് കഴിയുന്നതോടെ ഫിഫ ലാഭവുമായി മടങ്ങും, എന്നാൽ, മത്സരം നടത്തിയ രാജ്യങ്ങളിലെ ജനങ്ങൾ ഇന്നും ആ നിർമ്മാണങ്ങൾക്കായി എടുത്ത കടത്തിൻറെ പലിശ അടച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങൾക്ക് ആശുപത്രികളും സ്കൂളുകളും വേണ്ട സമയത്താണ് ഭരണാധികാരികൾ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഈ കോർപ്പറേറ്റ് കെണികളിൽ ചെന്ന് വീഴുന്നത്. നക്ഷത്രത്തിളക്കമുള്ള സ്റ്റേഡിയങ്ങളുടെ ഓരോ പുൽനാമ്പിലും അതിനു വേണ്ടി പണിയെടുക്കുന്ന പാവങ്ങളുടെ ചോരയുമുണ്ട്.

ഫിഫ നടത്തുന്ന ഈ ആഗോള കായികമാമാങ്കത്തിന് പിന്നിൽ ചോരയും ചതിയും വമ്പിച്ച അഴിമതികളും വിവിധ കോർപ്പറേറ്റ് താല്പര്യങ്ങളുമെല്ലാം ഇനിയുമേറെയുണ്ട്. ഫിഫയുടെ രക്തപങ്കിലമായ കരങ്ങൾ നൈൽ നദിയിൽ മുക്കിക്കഴുകിയാൽ പോലും ആ പാപക്കറകൾ കഴുകിക്കളയാനാവില്ല. അനുദിനം പുറത്തുവരുന്ന അഴിമതിക്കഥകളും ഫിഫ പ്രസിഡന്റിന്റെ മൂന്ന് രാജ്യങ്ങളിലെ പൗരത്വവുമെല്ലാം സൂചിപ്പിക്കുന്നത്, കൂടുതൽ കരുത്തോടെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ജൈത്രയാത്ര നടത്തുന്ന ഒരു ആഗോള മാഫിയയായി ഈ സംഘടന മാറിക്കഴിഞ്ഞു എന്നാണ്. പുറത്ത് കായിക സ്നേഹത്തിൻറെ വെളിച്ചം വിതറുകയും അകത്ത് കറുത്ത അജണ്ടകൾ കൊണ്ടുനടക്കുകയും ചെയ്യുന്ന ഫിഫയുടെ നയനിലപാടുകൾ രാവും പകലും പോലെ വ്യത്യസ്തമാണ്. ഗാലറികളിലെ ആർപ്പുവിളികൾക്കിടയിൽ ഈ നഗ്നസത്യങ്ങൾ നാം തിരിച്ചറിയാതിരുന്നാൽ, വരും തലമുറകൾക്ക് മുന്നിൽ വേൾഡ്ക്പ്പ് മാത്രമല്ല ഫുട്ബോൾ എന്ന കായിക വിനോദം പോലും വെറുമൊരു കച്ചവടച്ചരക്കായി ശേഷിക്കുമെന്നതിൽ തർക്കമില്ല.

Related