കർണാടക രാഷ്ട്രീയത്തിലെ ഒരു യുഗം അവസാനിക്കുകയാണ്. പതിറ്റാണ്ടുകൾ നീണ്ടുനിന്ന അധികാര രാഷ്ട്രീയത്തിൽ നിന്നും കർണാടകയുടെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ അനിഷേധ്യ നേതാവുമായ സിദ്ധരാമയ്യ പടിയിറങ്ങുകയാണ്. കർണാടകയെ ഏറ്റവും അധികം കാലം ഭരിച്ച മുഖ്യമന്ത്രി എന്ന റെക്കോർഡും തന്റെ പേരിൽ ആക്കിയാണ് അധികാര രാഷ്ട്രീയത്തോട് അദ്ദേഹം വിട പറയുന്നത്. എട്ടുവർഷവും എട്ടു ദിവസവും കർണാടകയുടെ മുഖ്യമന്ത്രി പദവിയിൽ ഇരുന്നതിനുശേഷമാണ് അദ്ദേഹം അധികാര രാഷ്ട്രീയത്തിൽ നിന്നും പടിയിറങ്ങുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന ഡി ദേവരാജ അരസുവിന്റെ റെക്കോർഡ് ആണ് സിദ്ധരാമയ്യ മറികടന്നത്.
ജാതിമത സമവാക്യങ്ങളാൽ സങ്കീർണ്ണമാണ് കർണാടകയുടെ രാഷ്ട്രീയ ഭൂമിക. ലിംഗായത്ത്, വൊക്കലിഗ്ഗ, അഹിന്ദ എന്നീ ജാതി മത വിഭാഗങ്ങൾക്ക് അധികാര രാഷ്ട്രീയ നിർണയത്തിൽ നിർണായക സ്ഥാനമാണ് കന്നട നാട്ടിലുള്ളത്. ഇതിൽ ലിംഗായത്ത്, വൊക്കലിഗ്ഗ വോട്ടുബാങ്കിനെ തങ്ങൾക്കൊപ്പം നിർത്താൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ, അഹിന്ദ വോട്ടുബാങ്കിൽ ശക്തമായ സ്വാധീനം സൃഷ്ടിക്കാൻ കോൺഗ്രസിനും സാധിച്ചിട്ടുണ്ട്. അഹിന്ദ വോട്ടു ബാങ്കിലെ കോൺഗ്രസിന്റെ ഈ ശക്തമായ സ്വാധീനം എന്നും നിലനിർത്തി പോന്നിരുന്നത് സിദ്ധരാമയ്യയുടെ അഹിന്ദ സമുദായങ്ങൾക്കിടയിലെ വ്യക്തിപ്രഭാവത്തിലൂടെ ആയിരുന്നു. ഈ സ്വാധീനമാണ് കോൺഗ്രസിനെ അധികാര രാഷ്ട്രീയം നുണയാൻ എന്നും സഹായിച്ചിട്ടുള്ള നിർണായകഘടകം. കർണാടകയിലെ ന്യൂനപക്ഷ പിന്നാക്ക ദലിത് വിഭാഗങ്ങളുടെ ശക്തമായ രാഷ്ട്രീയ സഖ്യമാണ് അഹിന്ദ പ്രസ്ഥാനം. ഈ അഹിന്ദ വോട്ടുകളെ കർണാടകയിൽ ശക്തമായി സ്വാധീനിക്കാൻ ശേഷിയുള്ള നേതാവായി സിദ്ധരാമയ്യയെ പോലെ മറ്റൊരാൾ കന്നട രാഷ്ട്രീയത്തിൽ വേറെയില്ല എന്നുതന്നെ പറയാം. വോട്ടർമാരിൽ 65 -70 ശതമാനവും അഹിന്ദ സമുദായത്തിൽ നിന്നുമുള്ളവരാണ്. ബി ജെ പിയുടെ വോട്ടുബാങ്ക് ആയ ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങൾ നിലനിൽക്കുമ്പോൾ അതിനെ മറികടക്കുവാൻ കോൺഗ്രസിന് കരുത്തായി നിന്നിരുന്നത് അഹിന്ദ സമുദായങ്ങൾക്കിടയിലെ സിദ്ധരാമയ്യയുടെ സ്വാധീനമായിരുന്നു. ഇതേ കാരണമാണ് രണ്ട് തവണ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം കരഗതമാക്കുവാൻ അവസരം ഒരുക്കിയത് എന്നു പറഞ്ഞാലും തെറ്റില്ല.
നിലവിലെ കർണാടകയിലെ ഏറ്റവും ജനകീയനായ നേതാവ് എന്ന പ്രതിച്ഛായയുമായിട്ടാണ് അധികാര രാഷ്ട്രീയത്തോട് അദ്ദേഹം വിട പറയുന്നത്. താൻ ആദ്യമായി മുഖ്യമന്ത്രി പദത്തിൽ എത്തിയ 2013 ൽ അദ്ദേഹം കൈകൊണ്ട ക്ഷേമ പദ്ധതികളാണ് ഒരു ജനകീയ നേതാവ് എന്ന പ്രതിച്ഛായ പിൽക്കാലത്ത് അദ്ദേഹത്തിന് നേടിക്കൊടുത്തത്. ദരിദ്ര കുടുംബങ്ങൾക്കായി പത്ത് കിലോ അരി, സബ്സിഡി നിരക്കിൽ എണ്ണ, പഞ്ചസാര, പയർ എന്നിവ നൽകുന്ന ‘ ഭാഗ്യ ’ പദ്ധതി സിദ്ധരാമയ്യ സർക്കാർ കൊണ്ടുവന്ന ക്ഷേമ പദ്ധതികളിൽ ജനകീയമായ ഒന്നായിരുന്നു. അഴിമതി ആരോപണവും ഈ കാലയളവിൽ അദ്ദേഹത്തെ തേടി എത്തിയിരുന്നു. മൈസൂരു ഭൂമി കുംഭകോണക്കേസിൽ അഴിമതി ആരോപണം നേരിട്ട അദ്ദേഹവും ഭാര്യയും പിന്നീട് കാലക്രമേണ കുറ്റവിമുക്തരാക്കപ്പെടുകയാണ് ഉണ്ടായത്.
ജാതി-മത സമവാക്യങ്ങൾ കന്നട രാഷ്ട്രീയത്തിലെ നിർണായക ഘടകങ്ങളായി നിലനിൽക്കുമ്പോഴും ഹിന്ദുത്വ ആശയത്തോട് സന്ധി ആകുവാൻ ഒരിക്കലും തയ്യാറാകാതിരുന്ന രാഷ്ട്രീയ നേതാവായിരുന്നു സിദ്ധരാമയ്യ. ഹിന്ദുത്വത്തോടുള്ള അദ്ദേഹത്തിന്റെ എതിർപ്പ് കേവലം രാഷ്ട്രീയം എന്ന തലത്തിന് അപ്പുറം പ്രത്യശാസ്ത്രപരമായിരുന്നു എന്ന് കണ്ടെത്തുവാൻ സാധിക്കും. ഹിന്ദുത്വയുടെ മറവിൽ ചാതുർ വർണ്യവും മനുസ്മൃതിയും അടിച്ചേൽപ്പിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരെയുള്ള പ്രത്യയശാസ്ത്ര പോരാട്ടം ഏറ്റെടുത്ത കർണാടകയിലെ രണ്ട് കോൺഗ്രസ് നേതാക്കളിൽ ഒരാൾ പ്രിയങ്ക് ഖാർഗെ ആയിരുന്നുവെങ്കിൽ മറ്റൊരാൾ സിദ്ധരാമയ്യ ആയിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് അവതരിപ്പിക്കപ്പെട്ട സംസ്ഥാന ബജറ്റുകളെയെല്ലാം അതുകൊണ്ടുതന്നെ മുസ്ലിം പ്രീണനമായും ഹിന്ദുവിരുദ്ധമായുമാണ് ബിജെപി പ്രചരിപ്പിച്ചത്. നല്ലൊരു രാമഭക്തനായി നിലനിൽക്കുമ്പോഴും തന്റെ രാമൻ സംഘപരിവാർ മുന്നോട്ടുവച്ച രാമൻ ആയിരുന്നില്ല എന്ന് അദ്ദേഹം തെളിയിച്ചുകൊണ്ടിരുന്നു. ആദ്യകാലങ്ങളിൽ യുക്തിവാദിയായും പിന്നീട് അജ്ഞേയവാദിയായും ആശയ ലോകത്ത് സഞ്ചരിച്ച സിദ്ധരാമയ്യ ഒടുവിൽ ഒരു പൂർണ്ണ ഈശ്വര വിശ്വാസിയായി മാറുകയായിരുന്നു. താൻ ഒരു രാമ ഭക്തനാണെന്ന് ആത്മാഭിമാനത്തോടെ പറയുമ്പോഴും സംഘപരിവാരത്തിന്റെ രാമനെ അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം പുറന്തള്ളി. ബാബരി മസ്ജിദ് തകർത്ത് അയോധ്യയിൽ നിർമ്മിച്ച രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് നരേന്ദ്രമോദി നിർവഹിച്ച അതേ ദിവസം ഹിന്ദു ആചാരപ്രകാരം രാമൻ, സീത, ലക്ഷ്മണൻ എന്നിവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിന് ബാംഗ്ലൂരിലെ മഹാദേവ പുരയിൽ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സിദ്ധരാമയ്യ കാട്ടിയത് ഒരു വിപ്ലവ പ്രവർത്തനം തന്നെയായിരുന്നു. ഹിന്ദുത്വയുടെ രാമനെ അല്ല ഗാന്ധിജിയുടെ രാമനെയാണ് സിദ്ധരാമയ്യ പുൽകിയത് എന്നതിന് ഈ ക്ഷേത്ര ഉദ്ഘാടനം തന്നെ മതിയായ തെളിവായിരുന്നു.
മൈസൂരിലെ തന്റെ ജന്മ ഗ്രാമത്തിലും ഒരു രാമക്ഷേത്രം അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. കന്നട കവി കുവംപുവിന്റെ “സർവ ജൻഗഡ ശാന്തിയ തോട്ട” അഥവാ “എല്ലാ വംശങ്ങൾക്കും ജാതികൾക്കും വേണ്ടിയുള്ള സമാധാനത്തിന്റെ പൂന്തോട്ടം” എന്ന ആശയത്തെ രാമന്റെ ആദർശങ്ങളുടെ ആവിഷ്കാരമായാണ് സിദ്ധരാമയ്യ നോക്കി കണ്ടത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ കർണാടകയിൽ സാമൂഹിക നവോത്ഥാനത്തിന് തിരികൊളുത്തിയ ബസവണ്ണയിൽ നിന്നും ഏറെ സ്വാധീനം ഉൾക്കൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം. 2017ൽ സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരിക്കവെയാണ് കർണാടകയിൽ അന്ധവിശ്വാസ നിരോധന ബിൽ കൊണ്ടുവരുന്നത്. പുരോഗമന കേരളത്തിന് ഇന്നും സാധിക്കാത്ത ചുവടുവെപ്പ് ആയിരുന്നു അത്. തന്റെ അവസാനശ്വാസം വരെ വർഗീയശക്തികൾക്കെതിരെ താൻ നിലകൊള്ളും എന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജിപ്രഖ്യാപന വേളയിലും തുറന്നു പ്രഖ്യാപിക്കുവാൻ അദ്ദേഹം മറന്നില്ല. 2008 ലാണ് യെദിയൂരപ്പ നേതൃത്വം നൽകുന്ന ബിജെപി സർക്കാർ ആദ്യമായി കർണാടകയുടെ ഭരണത്തിലേറുന്നത്. തൊട്ടടുത്ത വർഷം ജൂൺ എട്ടിന് സിദ്ധരാമയ്യ ആദ്യമായി പ്രതിപക്ഷ നേതാവായി ചുമതലയേറ്റു. അന്നുമുതൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദലായി മതേതര പുരോഗമന രാഷ്ട്രീയത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയ പോരാട്ടത്തിനാണ് സിദ്ധരാമയ്യ തേര് തളിച്ചത്. സ്വന്തം പാർട്ടിയിലെ സഹപ്രവർത്തകർ പോലും ഹിന്ദുത്വത്തോട് മൃദുസമീപനം സ്വീകരിച്ചപ്പോഴും തന്റെ മതേതര നിലപാടിൽ അല്പം പോലും വെള്ളം ചേർക്കുവാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. 2022ൽ ബിജെപി ഭരണകൂടം കർണാടകയിൽ ഹിജാബ് നിരോധിച്ച വേളയിൽ അതിനെ അപലപ്പിച്ച സംസ്ഥാനത്തെ ആദ്യ രാഷ്ട്രീയ നേതാവായിരുന്നു സിദ്ധരാമയ്യ എന്നത് ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതാണ്. മറ്റുപല മതേതര രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന നേതാക്കന്മാർ അപ്പോഴും വിഷയത്തിൽ മൗനം ഭേദിക്കാൻ ഒരുക്കമല്ലായിരുന്നു എന്നത് കൂടി ഇതിനോട് ചേർത്ത് വായിക്കുമ്പോഴാണ് ചിത്രം പൂർണമാവുക.
മൈസൂരുവിൽ നിന്നും 23 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സിദ്ധാരമാനഹുണ്ടി ഗ്രാമത്തിൽ സിദ്ധാരമെ ഗൗഡയുടെയും, ബോരമ്മയുടെയും മകനായി 1948 ആഗസ്റ്റ് 12നാണ് സിദ്ധരാമയ്യയുടെ ജനനം. കർണാടകയിലെ മൂന്നാമത്തെ വലിയ ജാതിയായ കുറുബ സമുദായത്തിലെ ഒരു ദരിദ്ര കാർഷിക കുടുംബത്തിലാണ് അദ്ദേഹം ജനിക്കുന്നത്. തന്നെയൊരു ഡോക്ടറായി കാണണം എന്നായിരുന്നു പിതാവിന്റെ ആഗ്രഹമെങ്കിലും സയൻസിൽ ബാച്ചിലർ ബിരുദം നേടിയ അദ്ദേഹം മൈസൂർ യൂണിവേഴ്സിറ്റിക്ക് കീഴിലെ ശാരദവിലാസ് കോളേജിൽ നിന്നും നിയമത്തിൽ ബിരുദവും കരസ്ഥമാക്കി. 1960 കളിലും 1970 കളിലും കർണാടകയിൽ സോഷ്യലിസ്റ്റ് രാഷ്ട്രീയം കത്തിപ്പടരുന്ന കാലം. ഈ കാലയളവിൽ സോഷ്യലിസ്റ്റ് ആചാര്യൻ ഡോ രാം മനോഹർ ലോഹ്യയിൽ ആകൃഷ്ടനായ അദ്ദേഹം സോഷ്യലിസ്റ്റായി മാറി ലോക് ദളിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. പിന്നീട് ജെഡി (എസ്)യിലേക്ക് ചേക്കേറി.1978 ൽ മൈസൂര് താലൂക്ക് വികസന ബോർഡിന്റെ ജില്ലാ ഉദ്യോഗസ്ഥനായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സിദ്ധരാമയ്യയുടെ ഔദ്യോഗിക രാഷ്ട്രീയ ജീവിതത്തിന് പ്രാരംഭം കുറിക്കുന്നത്. സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശന വേളയിൽ അഭിഭാഷക ജീവിതം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു. 1980ൽ മൈസൂരുവിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1983 ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച് കർണാടക നിയമസഭയായ വിധാൻ സൗദിയിലെത്തി. നാല് തവണയാണ് ഈ മണ്ഡലത്തെ നിയമസഭയിൽ അദ്ദേഹം പ്രതിനിധീകരിച്ചത്. മൂന്നുതവണ ജനതാദൾ സ്ഥാനാർത്ഥിയായും ഒരുതവണ കോൺഗ്രസ് സ്ഥാനാർത്ഥിയും ആയിട്ടായിരുന്നു ഈ മണ്ഡലത്തിൽ നിന്നും അദ്ദേഹം ജയിച്ചു വന്നത്. 1985 ൽ ആദ്യമായി മന്ത്രി പദത്തിൽ എത്തി. 2004 ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധിയെ തുടർന്നുള്ള സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ ജെ ഡി (എസ്) – കോൺഗ്രസ് മുന്നണി അധികാരത്തിൽ വന്നതിനെ തുടർന്ന് കോൺഗ്രസിന്റെ എൻ തരം സിങ് മുഖ്യമന്ത്രിയായപ്പോൾ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യ തെരഞ്ഞെടുക്കപ്പെട്ടു. 1980-2005 കാലയളവിൽ സിദ്ധരാമയ്യ കടുത്ത കോൺഗ്രസ് വിരുദ്ധനായിരുന്നു. മുൻ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയായ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെ ഡി (എസ്)യിൽ നിന്നും പുറത്തുവന്ന അദ്ദേഹം ഒടുവിൽ 2006 ൽ കോൺഗ്രസ് പാളയത്തിലേക്ക് എത്തുകയായിരുന്നു. ജെ ഡി (എസ്) ബന്ധം ഉപേക്ഷിച്ച സിദ്ധരാമയ്യയെ കോൺഗ്രസും ബി ജെ പിയും തങ്ങളിലേക്ക് അടുപ്പിക്കുവാൻ ശ്രമിച്ചിരുന്നുവെങ്കിലും കോൺഗ്രസിനെ തിരഞ്ഞെടുക്കുവാൻ അദ്ദേഹം മാനദണ്ഡമാക്കിയത് പ്രത്യശാസ്ത്ര പരിസരങ്ങളെ ആയിരുന്നു. 2013 മുതൽ 2018 വരെയും, 2023 മുതൽ മുഖ്യമന്ത്രിപദം രാജിവെക്കുന്ന 2026 മെയ് 28 വരെയും അദ്ദേഹം കോൺഗ്രസിന്റെ മുഖ്യമന്ത്രിയായി തുടർന്നു.
ബി എം പാർവതിയാണ് സിദ്ധരാമയ്യയുടെ ജീവിത സഖി. രണ്ട് ആൺമക്കളാണ് അദ്ദേഹത്തിന് ഉള്ളത്. ഇളയ മകൻ ഡോ യതീന്ദ്ര നിലവിൽ കർണാടക നിയമസഭ കൗൺസിൽ അംഗമാണ് (എം എൽ സി ). മൂത്തമകൻ രാകേഷിനെ ആയിരുന്നു സിദ്ധരാമയ്യയുടെ രാഷ്ട്രീയ പിൻഗാമിയായി കരുതപ്പെട്ടതെങ്കിലും 2016 ൽ രാജേഷ് മരണപ്പെട്ടു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതിലോമകരമായ അന്തരീക്ഷം നിറഞ്ഞുനിൽക്കുന്ന, ജാതി സമവാക്യങ്ങൾ അധികാരത്തെ രൂപപ്പെടുത്തുന്ന ഒരു സംസ്ഥാനത്ത് മതേതര രാഷ്ട്രീയത്തിൽ വെള്ളം ചേർക്കാതെ പുരോഗമന നിലപാടുമായി ഒരു പാർട്ടിയെയും ഒരു സംസ്ഥാനത്തെയും നയിച്ച നേതാവ്, ഭരണാധികാരി എന്നീ നിലകളിൽ സിദ്ധരാമയ്യ ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്നും ഓർമിക്കപ്പെടും.
