September 17 Thursday 2026

സാരാനാഥിന് ലോക പൈതൃക പദവി ലഭിക്കുമ്പോൾ

വർഷങ്ങളുടെ പ്രതീക്ഷാനിർഭരമായ  കാത്തിരിപ്പുകൾക്കൊടുവിൽ സാംസ്കാരിക ഇന്ത്യയുടെ അഭിമാനമായ സാരാനാഥ് ലോക പൈതൃക പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്. കരുണയുടെ മഹാസാഗരമായ  ബുദ്ധമതത്തിലെ സുപ്രധാനങ്ങളായ നാല് വിശുദ്ധ കേന്ദ്രങ്ങളിൽ ഒന്നായ സാരാനാഥിന് (ലുംബിനിയും ബോധ്ഗയയും കുശി നഗരവുമാണ് മറ്റു മൂന്നു കേന്ദ്രങ്ങൾ ) ഈ അംഗീകാരം ലഭിക്കുമ്പോൾ ബൗദ്ധസംസ്കാരത്തിൻ്റെ ഈറ്റില്ലമായ ഇന്ത്യയുടെ സമ്പന്നമായ ആത്മീയ – സാംസ്കാരിക പൈതൃകത്തെയും ബഹുസ്വരതയെയുമാണ്  ലോകം അംഗീകരിക്കുന്നത്. യുനെസ്കോ അംഗീകരിച്ച, ഇന്ത്യയിലെ നാൽപ്പത്തിയഞ്ചാമത് ലോക പൈതൃക കേന്ദ്രമായി ലോക ചരിത്രത്തിൽ  സാരാനാഥിൻ്റെ പ്രസക്തിയും പ്രാധാന്യവും  അടയാളപ്പെടുത്തുമ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ ലോക പൈതൃക കേന്ദ്രങ്ങളുള്ള ആറാമത്തെ രാജ്യമായും ഏഷ്യ-ഫസഫിക് മേഖലയിലെ രണ്ടാമത്തെ രാജ്യമായും ഇന്ത്യ ശിരസ്സുയർത്തി നിൽക്കുകയാണ്. 2026  ജൂലായ് 25- ന് ദക്ഷിണ കൊറിയയിലെ ബുസാൻ നഗരത്തിൽ സമ്മേളിച്ച യുനസ്കോയുടെ ലോക പൈതൃക നിർണ്ണയ സമിതിയാണ് ബുദ്ധമത ചരിത്രത്തിലെ അനർഘങ്ങളായ തിരുശേഷിപ്പുകളാൽ വർണ്ണാഞ്ചിതമായ  സാരാനാഥിന് ലോക പൈതൃക പദവി നൽകി ആ പുരാതന പരിപാപന  കേന്ദ്രത്തിൻ്റെ പ്രാധാന്യത്തെ വീണ്ടും ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ഇതോടെ ബുദ്ധമതത്തിൻ്റെ പ്രഭവകേന്ദ്രം എന്ന നിലയിൽ സാരാനാഥിൻ്റെ ചരിത്രപരവും ആത്മീയപരവുമായ പ്രാധാന്യം പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. ഇതു ലോകത്തെ ഇന്ത്യയുടെ ബൗദ്ധപാരമ്പര്യത്തിലേയ്ക്കും സമ്പന്നമായ അതിൻ്റെ സാംസ്കാരിക  പൈതൃകത്തിലേയ്ക്കും തിരിഞ്ഞുനോക്കാൻ പ്രേരിപ്പിക്കുകയാണ്.

ഗൗതമബുദ്ധന് ജ്ഞാനോദയം ലഭിച്ച ഇന്നത്തെ ബീഹാറിലെ ബോധ്ഗയയിൽ  നിന്നും ഉദ്ദേശം 250 കിലോമീറ്റർ അകലെ ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നും 15 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ബുദ്ധമതത്തിൻ്റെ പ്രധാന ആത്മീയ ,പഠന, തീർഥാന കേന്ദ്രമാണ് സാരാനാഥ്. ബുദ്ധമതത്തിൻ്റെ ചരിത്ര തിരുശ്ശേഷിപ്പുകൾ അവയുടെ പൈതൃകത്തനിമയോടെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന സാരാനാഥ് ചരിത്രാന്വേഷകരുടെയും പുരാവസ്തു പഠിതാക്കളുടെയും ആത്മീയ  തീർഥാടകരുടെയും വിശുദ്ധ കേന്ദ്രവും വിജ്ഞാനത്തിൻ്റെ അക്ഷയ ഭൂമികയുമാണ്. നൂറ്റാണ്ടുകളോളം കലയുടെയും വിജ്ഞാനത്തിൻ്റെയും ദീപസ്തംഭമായി പരിലസിച്ചിരുന്ന ഇവിടം  ബുദ്ധപ്രതാപ കാലഘട്ടത്തിൽ വികസിച്ച വാസ്തുശില്പ കലയുടെയും സാഹിത്യത്തിൻ്റെയും ചിത്ര –  ശില്പകലയുടെയും സംഗമ കേന്ദ്രം  എന്ന നിലയിലും  ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തിൽ നിർണ്ണായക സ്ഥാനമാണുള്ളത്.

2500 വർഷങ്ങൾക്ക് മുൻപ് സംസാരജീവിതത്തിൻ്റെ ഗഹനതയുടെ പൊരുൾതേടി  രാജകൊട്ടാരത്തിലെ സുഖലോലുപതയും ചെങ്കോലും കിരീടവും ഉപേക്ഷിച്ച്  പരിത്യാഗിയായി സന്യാസജീവിതത്തെ പുണർന്ന  ഗൗതമ സിദ്ധാർത്ഥന് ബിഹാറിലെ ബോധ്ഗയയിലെ ബോധിവൃക്ഷച്ചുവട്ടിൽ വച്ചാണ് ജ്ഞാനോദയത്തിലൂടെ ജീവിതത്തിൻ്റെ പരമസത്യം അനുഭവേദ്യമാവുന്നത്. ബോധോ ദയം ലഭിച്ച് ബുദ്ധനായ സിദ്ധാർത്ഥൻ താൻ കണ്ടെത്തിയ പരമസത്യം  സമൂഹത്തിലേയ്ക്ക് പകരുക എന്ന ലക്ഷ്യത്തോടെ ഗയയിൽ നിന്നും ഏതാണ്ട് 250 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് സാരാനാഥിൽ എത്തുന്നതോടുകൂടിയാണ് തഥാഗഥൻ്റ ജ്ഞാനപ്രബോധന യാത്രകൾ ആരംഭിക്കുന്നത്. സാരാനാഥിലെത്തിയ ബുദ്ധൻ തന്നോടൊപ്പം മുൻപ് തപസ്സ് അനുഷ്ഠിച്ചിരുന്ന അഞ്ച് പേരോടായി താൻ കണ്ടെത്തിയ പരമസത്യം വെളിപ്പെടുത്തുകയും അവരെ ശിഷ്യന്മാരായി ഉൾപ്പെടുത്തി ബുദ്ധസംഘത്തിന് രൂപം നൽകുകയും ചെയ്യുന്നതോടുകൂടിയാണ് ധർമ്മചക്ര പരിവർത്തനത്തിന് സമാരംഭമാവുന്നത്. ബുദ്ധൻ തൻ്റെ ശിഷ്യന്മാരോടായി ബുദ്ധമതത്തിലെ അടിസ്ഥാന തത്വങ്ങളായ മധ്യമാർഗം, പഞ്ചശീലതത്വങ്ങൾ, നാല് ശ്രേഷ്ഠ സത്യങ്ങൾ, അഷ്ടാംഗമാർഗം എന്നിവ വെളിപ്പെടുത്തുന്നതും ഇവിടെ വച്ച് തന്നെ. ബുദ്ധൻ തൻ്റെ പ്രഥമ പ്രബോധനം  നടത്തിയ സ്ഥലത്താണ് പില്‍ക്കാലത്ത് ,ബി.സി. മൂന്നാം നൂറ്റാണ്ടിൽ അശോക ചക്രവർത്തി ചരിത്രപ്രസിദ്ധമായ ധമേക് സ്തൂപം സ്ഥാപിച്ചത്. സാരാനാഥിലെ  ഏറ്റവും പ്രധാന ആകർഷണവും ധമേക് സ്തൂപമാണ്‌. ബുദ്ധൻ തൻ്റെ ശിക്ഷ്യമാരെ കണ്ടുമുട്ടിയ സ്ഥലത്തെ അയാളപ്പെടുത്തുന്ന ചൗഖണ്ഡി സ്തൂപം,ചരിത്രപ്രസിദ്ധമായ അശോക സ്തംഭം ,ബുദ്ധൻ ധ്യാനിച്ചിരുന്ന മൂലഗന്ധകുടി ബുദ്ധ വിഹാരം ,സാരാനാഥിൽ നിന്നും ഉദ്ഖനനത്തിലൂടെ ശേഖരിച്ച ചരിത്ര ശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം തുടങ്ങിയ ചരിത്ര, പുരാവസ്തു അവശിഷ്ടങ്ങളും കേന്ദ്രങ്ങളും  ബുദ്ധമതത്തിൻ്റെ ഗതകാലപ്രൗഢിയുടെ സ്മാരകശിലകളായായി ഇപ്പോഴും നിലകൊള്ളുന്നുണ്ട്. സാരാനാഥിൽ നിന്നും വീണ്ടെടുത്ത അശോക സ്തംഭത്തിലെ സിംഹ ശിരസ്സാണ് ഇന്ത്യയുടെ ദേശീയ മുദ്രയായി അംഗീകരിച്ചിട്ടുള്ളത്.

ബി.സി. മൂന്നാം നൂറ്റാണ്ടിൽ മൗര്യ ചക്രവർത്തിയായ അശോകൻ സാരാനാഥിൽ  സന്ദർശനം നടത്തുന്നതോടുകൂടിയാണ് സാരാനാഥ്‌ എന്ന ബൗദ്ധ വൈജ്ഞാനിക, ആത്മീയ  കേന്ദ്രത്തിൻ്റെ  പ്രസക്തിയും പ്രാധാന്യവും ലോകം തിരിച്ചറിഞ്ഞു തുടങ്ങുന്നത്. സാരാനാഥിൻ്റെ ചരിത്രപ്രാധാന്യം തിരിച്ചറിഞ്ഞ് അവിടെ  സ്തൂപങ്ങളും സംഘാരാമങ്ങളും നിർമ്മിച്ച അശോകൻ തൻ്റെ സന്ദർശനത്തിൻ്റെ ഓർമ്മക്കായാണ് അവിടെ അശോക സ്തംഭം സ്ഥാപിച്ചത്. മൗര്യ സാമ്രാജ്യത്തിൻ്റെ അസ്തമയത്തിന് ശേഷം നൂറ്റാണ്ടുകൾ  വിസ്മൃതിയിലാണ്ടുപോയ സാരാനാഥിൻ്റെ ഗരിമ  നൂറ്റാണ്ടുകൾക്കിപ്പുറം ഗുപ്ത കാലലട്ടത്തിലാണ് (ക്രിസ്തുവർഷം 4 – 6) വീണ്ടും പുനരുജ്ജീവിക്കപ്പെടുന്നത്. ഈ കാലഘട്ടത്തിൽ കലയുടെയും (ശില്പകല ) വിദ്യാഭ്യാസത്തിൻ്റെയും ആത്മീയതയുടെയും പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായി നൂറ്റാണ്ടുകളോളം  സാരാനാഥ് ചരിത്രത്തിൽ പ്രഭചൊരിഞ്ഞു. സാംസ്കാരിക വെളിച്ചത്തിൻ്റെ  ഈ കാലഘട്ടത്തിൽ നിർമ്മിച്ച ബുദ്ധപ്രതിമകൾ പിന്നീട് ഇന്ത്യൻ ശില്പകലയുടെ തന്നെ  ഉദാത്ത മാതൃകയായി പരക്കെ അറിയപ്പെട്ടു. ഈ കാലഘട്ടത്തിൽ ഇവിടം സന്ദർശിച്ച ചൈനീസ് സഞ്ചാരികളായ ഫാഹിയാനും ഹ്യുയാൻസാങും അവരുടെ യാത്രാവിവരണ കുറിപ്പുകളിൽ സാരാനാഥിൻ്റെ മഹിമയെപ്പറ്റി സവിസ്തരം പ്രതിപാദിച്ചിരിക്കുന്നത് ചേതോഹരമാണ്. ഹ്യു യാൻസാങ് അദ്ദേഹത്തിൻ്റെ വിഖ്യാതമായ സി- യൂ – കി (Records of the western worlds ) എന്ന വിഖ്യാത യാത്രാവിവരണ ഗ്രന്ഥത്തിൽ സാരാനാഥിൽ അദ്ദേഹം കണ്ട 30 ബുദ്ധവിവാഹരങ്ങളെയും  1500-ലധികം ബുദ്ധഭിക്ഷുക്കളെയും പറ്റി  സവിസ്തരം  രേഖപ്പെടുത്തിയിട്ടുണ്ട്.  എന്നാൽ 12-ാം നൂറ്റാണ്ടിലെ വിദേശാധിനിവേശത്തെത്തുടർന്ന് സാരാനാഥിലെ സ്തൂപങ്ങൾക്കും ചരിത്ര  സ്മാരകങ്ങൾക്കും വിഹാരങ്ങൾക്കും വൻതോതിൽ കേടുപാടുകൾ സംഭവിക്കുകയും ക്രമേണ സാരാനാഥിൻ്റെ പ്രാധാന്യം കുറയുകയും അവഗണനയുടെ ഇരുൾമൂടുകയും ചെയ്യുകയുണ്ടായി.

ആധുനിക കാലഘട്ടത്തിൽ,1861-ൽ സർ അലക്സാണ്ടർ കണ്ണിങ്ഹാമിൻ്റ നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള പുരാതന സ്മാരകങ്ങളും സ്ഥലങ്ങളും  സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ പുരാവസ്തു വകപ്പു സ്ഥാപിതമായി രാജ്യത്തുടനീളം നടന്ന ഖനനങ്ങളുടെയും പര്യവേക്ഷണങ്ങളുടെയും പരിണതഫലമായാണ് സാരാനാഥ് വീണ്ടും വീണ്ടെടുക്കപ്പെടുന്നത്. ഈ കാലഘട്ടത്തിൽ നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ സാരാ നാഥിലെ ചരിത്രാവശിഷ്ടങ്ങളെ സംരക്ഷിക്കാൻ വഴിതുറക്കുകയും ഇന്ത്യയിലെ ഇതര ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങൾക്കൊപ്പം ലോകോത്തര നിലവാരത്തിലേയ്ക്ക് സാരാനാഥിനെ ഉയർത്തുകയും ചെയ്തു. 1997-ൽ ബുദ്ധൻ്റെ ജന്മസ്ഥലമായ ലുംബിനിയെ യുനെസ്കോ ലോക പൈതൃ പട്ടികയിൽ ഉൾപ്പെടുത്തിയതിൻ്റെ പശ്ചാത്തലത്തിൽ  1998 മുതൽ ഇന്ത്യ ബുദ്ധന് ബോധോദയം ലഭിച്ച ബോധ്ഗയയെയും തഥാഗഥൻ പ്രഥമ പ്രബോധനം നടത്തിയ സാരാനാഥിനെയും ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമം ആരംഭിക്കുകയുണ്ടായി. 2002-ൽ ബോധ്ഗയയെ യുനെസ്കൊ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോൾ  സാരാനാഥിനെയും ഇതേ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സാരാനാഥിൻ്റെ ചരിത്ര- സാംസ്കാരിക പ്രാധാന്യം ആഗോള തലത്തിൽ വർധിക്കുകയും ഇന്ത്യയും ലോക ബുദ്ധമത രാജ്യങ്ങളുമായുള്ള സാംസ്കാരിക വിനിമയം വികസിക്കുകയും ചെയ്യും. അതോടൊപ്പം സാരാനാഥിനെയും ഇതര ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങളെയും ലോകത്തിൻ്റെ ഇതര മേഖലകളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള സാംസ്കാരിക വിനോദ സഞ്ചാരവും ഗവേഷണവും വികസിക്കകയും ചെയ്യും. ചുരുക്കത്തിൽ ബുദ്ധമതത്തിലൂടെ ഇന്ത്യ ആർജ്ജിച്ചെടുത്ത ആത്മീയ ലാവണ്യത്തിൻ്റെ തേജസ്സിനെയാണ് യുനെസ്കോ സാരാനാഥിനെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിലൂടെ അംഗീകരിക്കുന്നത്.

Related