അറുപത് ദിവസത്തെ ചർച്ചകൾക്കൊടുവിൽ തയ്യാറാക്കപ്പെട്ട സമാധാന കരാറിനെ കാറ്റിൽ പറത്തി ഇറാനും അമേരിക്കയും വീണ്ടും ഏറ്റുമുട്ടുകയാണ്. അമേരിക്ക – ഇറാൻ സംഘർഷം നിർത്തിവച്ചുകൊണ്ടുള്ള ഉടമ്പടിക്ക് കഷ്ടിച്ച് ഒരു മാസമാണ് ആയുസ്സ് ഉണ്ടായിരുന്നത്. കഴിഞ്ഞമാസം അമേരിക്കയും ഇറാനും താൽക്കാലിക സമാധാന കരാർ ഒപ്പുവെച്ചതിനുശേഷം ‘യുദ്ധമില്ല സമാധാനമില്ല ’ എന്ന ദുർബലമായ സാഹചര്യം നിലവിൽ യുദ്ധത്തിലേക്ക് വഴുതി വീണിരിക്കുന്നതാണ് നാമിപ്പോൾ കാണുന്നത്. അമേരിക്ക കരാറിൽ നിന്ന് പിന്മാറുകയും ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ നാവിക ഉപരോധം വീണ്ടും ഏർപ്പെടുത്തുകയും, ഇറാനിലെ നൂറിലധികം സൈനിക കേന്ദ്രങ്ങൾക്കുമേൽ ശക്തമായ ആക്രമണം അഴിച്ചുവിടുകയും ഇതിനോടകം ചെയ്തിട്ടുണ്ട്. അമേരിക്കയുടെ സൈനിക താവളങ്ങൾ സ്ഥിതിചെയ്യുന്ന ജോർദാൻ, ബഹ്റൈൻ, കുവൈറ്റ് എന്നീ രാഷ്ട്രങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടിക്കുകയും ചെയ്തു. എന്താണോ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് അതിനെ ഒരിക്കലും അംഗീകരിക്കില്ല എന്നതാണ് കരാർ ലംഘനത്തിന്റെ ഈ വേഗതയിലൂടെ ഇരു രാജ്യങ്ങളും പറഞ്ഞുവെക്കുന്നത്.
ഹോർമോസ് കടലിടുക്കിലൂടെയുള്ള നാവിക സ്വാതന്ത്ര്യം പുനസ്ഥാപിക്കുക, അടഞ്ഞുകിടക്കുന്ന ജലപാതകൾ സൃഷ്ടിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ആയാസകരമാക്കുക, ഇറാനിന്റെ നിബന്ധനകളെ ക്രമേണ നിയന്ത്രിക്കുക എന്നിവയാണ് പ്രഥമ കരാറിലൂടെ അമേരിക്ക ഉദ്ദേശിച്ചത്. കൂടുതൽ വിശാലമായ ഒരു കരാറിനായുള്ള ആഗ്രഹമായും, ട്രംപ് ഭരണകൂടത്തിന്റെ ഗൗരവം പരീക്ഷിക്കുന്നതിനിടയിൽ കരാറിനെ ഒരു നിയന്ത്രണം നിലനിർത്തുന്ന ഒന്നായുമാണ് ഇറാൻ കരാറിനെ നോക്കി കണ്ടത്. നിയന്ത്രണങ്ങൾ ഇല്ലാത്ത കടൽ പാതയോ, ഹോർമൂസ് കടലുടിക്കിലെ നിയന്ത്രണങ്ങൾ ഉപേക്ഷിക്കുന്നതായോ കരാർ ആവശ്യപ്പെടുന്നു എന്ന് കരാറിനെ ഒരിക്കലും ഇറാനിനെ വ്യാഖ്യാനിച്ചില്ല. കരാറിലെ വ്യാഖ്യാനങ്ങളിലെ വിടവ് സംശയങ്ങൾ ദൃഢീകരിച്ചിരുന്നു. ഹോർമൂസിന് പുറത്ത് ഒമാനുമായി ഏകോപിച്ച് ഒരു പാത തുറന്നും, ഇറാനിന്റെ അച്ചുതണ്ടിൽ നിന്ന് ലെബനാനെയും ഹിസ്ബുല്ലയെയും വേർപ്പെടുത്തിയും ഇറാനിനെ ദുർബലമാക്കാനാണ് അമേരിക്ക ഈ ശാന്തത ഉപയോഗപ്പെടുത്തിയത് എന്നാണ് ഇറാൻ വൃത്തങ്ങൾ അതിനെ വ്യാഖ്യാനിച്ചത്.
ഇറാനുമായുള്ള സമാധാന കരാർ അവസാനിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചതിന് 16 ദിവസങ്ങൾക്ക് ശേഷം സംഘർഷം വർദ്ധിച്ചിരിക്കുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ താൽക്കാലികമായെങ്കിലും നിർത്തിവെച്ചതിനെ തുടർന്ന് അമേരിക്കയുടെ വ്യോമാക്രമണത്തിൽ അൻപതോളം പേർ കൊല്ലപ്പെടുകയും 500 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമാബാദിൽ ഒപ്പുവച്ച സമാധാന കരാർ ഇതോടെ ഏതാണ്ട് ദുർബലമായി എന്ന് തന്നെ പറയാം. കരാർ ലംഘനത്തിൽ ഇരുരാജ്യങ്ങളും പരസ്പരം പഴിക്കുന്നുണ്ട്. ഈ മാസം തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ചേർന്ന നാറ്റോ ഉച്ചകോടിയിൽ വാഷിംഗ്ടണും തെഹ്റാനും തമ്മിൽ ജൂൺ പകുതിയോടെ ഒപ്പുവെച്ച സമാധാന കരാർ അവസാനിച്ചുവെന്ന് യു എസ് പ്രസിഡണ്ട് പ്രഖ്യാപിക്കുന്നുണ്ട്.
ഇറാനിയൻ തുറമുഖങ്ങളിൽ നാവിക തടസ്സവും ഇറാനിലെ എണ്ണക്കയറ്റുമതിക്ക് ഉപരോധവും ഏർപ്പെടുത്താൻ ട്രംപ് മറന്നില്ല. അമേരിക്കയുടെ തുടർച്ചയായ ആക്രമണങ്ങൾക്ക് “മറക്കാനാവാത്ത പാഠം” തെഹറാൻ നൽകുമെന്ന് ദേശീയമാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ ഇറാൻ പരമോന്നത നേതാവ് മൊജത്തബാ ഖുമൈനി പറയുന്നു. അമേരിക്കയുമായുള്ള ഇടക്കാല സമാധാന കരാർ പ്രകാരം ഇറാൻ വാദിക്കുന്നത് തങ്ങൾക്ക് ഹോർമൂസിലെ കപ്പൽ ഗതാഗതത്തെ പൂർണമായും നിയന്ത്രിക്കാൻ അധികാരം ഉണ്ടെന്നാണ്. കൂടാതെ നിർണായക കപ്പൽ ചാലുകളിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരത്തിൽ കപ്പലുകൾ തിരഞ്ഞെടുക്കേണ്ട കടൽ മാർഗം ഏതെന്ന് നിർദ്ദേശിക്കുവാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഇറാൻ വാദിക്കുന്നു. ഹോർമൂസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നുകൊടുക്കണമെന്ന് ട്രംപ് ആവശ്യപ്പെടുമ്പോഴും അമേരിക്കൻ നാവികസേന ഇറാനിയൻ കപ്പലുകളുടെ സഞ്ചാര പാത തടയുന്ന വൈരുദ്ധ്യത്തിനും ലോകം സാക്ഷിയാവുകയാണ്. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന എണ്ണ-വാതക കയറ്റുമതി പാതകൾ അടയ്ക്കുന്നത് പ്രതീക്ഷിച്ചു കൊള്ളുക എന്ന താക്കീതാണ് അമേരിക്കൻ ഉപരോധത്തിന് പ്രതികരണം എന്നോണം ഇറാൻ റവല്യൂഷനറി ഗാർഡ് മുന്നറിയിപ്പ് നൽകുന്നത്. നിലവിലെ സംഘർഷ സ്ഥിതിയെ തുടർന്ന് ക്രൂഡ് ഓയിൽ ബാരലിന്റെ വില ആറ് ശതമനം ഉയർന്ന് 78 ഡോളറിലെത്തി, അതേസമയം യൂറോപ്പ്യൻ ഓഹരികൾ 1.6% ഇടിഞ്ഞു. നവംബറിൽ അമേരിക്കയിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് ദ്രാവക-വാതക ഇന്ധനങ്ങളുടെ വില കുറയ്ക്കുന്നതിനുള്ള അസൂത്രണത്തിലാണ് നിലവിൽ ട്രംപ്. ഇറാന് എതിരെയുള്ള തന്റെ ആവർത്തിച്ചുള്ള ഭീഷണികളിലൂടെയും ആക്രമണങ്ങളിലൂടെയും, ഇറാനെ തന്റെ നിബന്ധനകൾക്ക് മുന്നിൽ കീഴടക്കാനോ, ഇറാനെ ചർച്ചകളിലേക്ക് മടക്കി കൊണ്ടുവരുന്നതിനോ ട്രംപ് ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇറാന് മേലുള്ള ആക്രമണം യു എസ് കടുപ്പിച്ചിട്ടുണ്ട്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന അമേരിക്കയുടെ ആക്രമണങ്ങളെ യുദ്ധക്കുറ്റമായി ആരോപിക്കുകയാണ് ഇറാൻ.
ഏപ്രിലിൽ ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങളിൽ ബോംബ് ആക്രമണം നടത്തുമെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ മാത്രം ധൈര്യം കാട്ടിയ ആളാണ് സമാധാനത്തിന്റെ പ്രവാചകനായി സ്വയം വിശേഷിപ്പിക്കുന്ന ട്രംപ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം മേധാവി വോൾക്കർ ടർക് തന്നെ ഈ പ്രസ്താവനയെ അപലപിച്ച് രംഗത്ത് വരികയും ട്രംപിന്റെ പ്രസ്താവനയെ യുദ്ധക്കുറ്റമായി ആരോപിക്കുകയും ചെയ്തിരുന്നു.
നിലവിലെ സംഘർഷങ്ങളുടെ കാരണം
സുരക്ഷിതമായ പാതയ്ക്കായി എല്ലാ കപ്പലുകളും ഇറാൻ നിശ്ചയിക്കുന്ന ഭൂപടം മാനദണ്ഡമാക്കണമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. ഇറാൻ നിശ്ചയിച്ച ഈ കപ്പൽ പാത ഇറാനിയൻ തീരവുമായി ചേർന്ന് കിടക്കുന്നതും ഒമാനിയൻ ഭാഗത്തുള്ള ജലപാതയിലൂടെയുള്ള കപ്പൽ ഗതാഗതത്തെ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ഇറാനിയൻ പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നത് നിയന്ത്രിത ഭാഗത്തിലൂടെ സഞ്ചരിച്ച കപ്പലുകളുടെ ദിശ മാറ്റാനുള്ള ഇറാനിയൻ സേനയുടെ നിർദ്ദേശം കപ്പലുകൾ അവഗണിച്ചതിനെ തുടർന്നാണ് ഇറാൻ സേനക്ക് ആക്രമിക്കേണ്ടി വന്നത് എന്നാണ്. ഈ സംഭവമാണ് ട്രംപിനെ ചൊടിപ്പിച്ചതും സമാധാന കരാറിനെ ചവിട്ടുകൊട്ടയിൽ ഇടാനും കാരണമായത്. മാർഷൽ ദ്വീപിന്റെ പതാകയേന്തിയ അൽ രെഖയ്യാത്ത്, സൗദി അറേബ്യയുടെ പതാകയേന്തിയ വെധ്യാൻ, ലൈബീരിയൻ പതാകയേന്തിയ സൈപ്രസ് പ്രോസ്പെരിറ്റി എന്നീ കപ്പലുകൾ ഒമാന്റെ തീരത്തുള്ള ഇറാൻ നിയന്ത്രിത പ്രദേശത്തുകൂടെ സഞ്ചരിച്ചതാണ് ഇറനെ ആക്രമണത്തിന് പ്രേരിപ്പിച്ചത് എന്നാണ് ഇറാൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്. ഒമാനുമായി ചേർന്ന് കിടക്കുന്ന ജലപാതയിലെ ഇറാന്റെ നിയന്ത്രിത മേഖലയിൽ മൈനുകൾ നിർവീര്യമാക്കുന്ന നടപടിക്രമങ്ങൾ നടന്നുവരികയാണെന്നും, ആക്രമിക്കപ്പെട്ട മൂന്ന് കപ്പലുകളും ഈ ഭാഗത്തേക്ക് സഞ്ചരിക്കുന്നത് മൈൻ നിർവീര്യമാക്കുന്ന സംഘത്തിന് അപകടമുണ്ടാക്കും എന്നതിനാലാണ് അവയെ അങ്ങോട്ടേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയാൻ നിർദ്ദേശം നൽകിയതെന്നും, എന്നാൽ ആ നിർദ്ദേശത്തെ അവർ ചെവിക്കൊള്ളാതിരുന്നപ്പോഴാണ് ആക്രമിക്കേണ്ടി വന്നതെന്നും ആണ് ഇറാൻ വ്യക്തമാക്കുന്നത്.
