വെള്ളാപ്പള്ളി നടേശനോടുള്ള നിലപാടെന്താണെന്ന് മുഖ്യധാരാ ഇടതുപക്ഷമായി അവകാശപ്പെടുന്ന സി.പി.ഐ, സി.പി.ഐ(എം) കക്ഷികള്‍ ഒരു വാറോലയിലൂടെ വ്യക്തമാക്കിയാല്‍ (വാസ്തവത്തില്‍ ഇനിയതിന്റെ ആവശ്യമില്ലെങ്കിലും) ചുരുങ്ങിയത് അവരുടെ അണികള്‍ക്കെങ്കിലും ഇടയ്ക്കിടെ നേതാക്കള്‍ പാടുന്ന നടേശസ്തുതികള്‍ മനഃപാഠമാക്കി കുറ്റബോധമില്ലാതെ ആവര്‍ത്തിക്കാമായിരുന്നു. പിണറായി വിജയന്‍ മുതല്‍ വാസവനും രാജീവും വരെയുള്ള അതായത് പി ബിയും സി.സിയും സംസ്ഥാന സെക്രട്ടേറിയറ്റും ഒക്കെയായ വിപ്ലവകേരളത്തിന്റെ സൂര്യചന്ദ്രന്മാരെല്ലാം ഒരുമിച്ചുപറയുന്നത് നടേശന്‍ ചരിത്രപുരുഷനും മഹാത്മാവും ഒക്കെയാണെന്നാണ്. അക്കാര്യത്തില്‍ നടേശനും സംശയമൊന്നുമില്ല.
എന്നാല്‍, തന്നെ ആദരിക്കാന്‍ പിണറായി മുതല്‍ വാസവന്‍ വരെയുള്ള വിപ്ലവസിംഹങ്ങള്‍ക്ക് അവസരമൊരുക്കുമ്പോള്‍ ആദരസമ്മേളനത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ നടേശന്‍ മുതലാളി രംഗം കൊഴുപ്പിക്കും. സ്വത്വവാദ രാഷ്ട്രീയമെന്ന നിലയില്‍ കേരളത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സ്വാഭാവിക സഖ്യകക്ഷിയായ നടേശ സംഘം വിഷം തുപ്പുന്ന വര്‍ഗീയവാദവുമായാണ് കളം നിറയുക. മലപ്പുറം, മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള ജില്ലയായതുകൊണ്ട് ഹിന്ദുക്കള്‍ക്ക് സ്വതന്ത്രമായി അവിടെ ജീവിക്കാനാകുന്നില്ലന്നും, കേരളം മുസ്ലിം ഭൂരിപക്ഷ പ്രദേശമാകുമെന്നും, കോട്ടയത്ത് ഒരു പ്രത്യേക മതത്തിന്റെ ആധിപത്യമാണെന്നുമൊക്കെയായി സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ വെറുപ്പിന്റെ രാഷ്ട്രീയം തട്ടും തടവുമില്ലാതെ പറഞ്ഞുവിശ്രമിക്കുന്ന നടേശനെയാണ് ഇടതുപക്ഷ വിപ്ലവ സുമന്ത്രന്മാര്‍ മംഗളം മഹാമതേ എന്ന് സ്തുതിക്കുന്നത്!
ഇത്രയും ഹീനമായ ഹിന്ദുത്വ വര്‍ഗീയവിഷം തുപ്പുന്ന ഒരാളെ പലതരത്തില്‍ വാഴ്ത്താമെങ്കില്‍ നാളെ നിങ്ങള്‍ നരേന്ദ്ര മോദിക്കും ആര്‍.എസ്.എസ് സര്‍സംഘചാലകിനും സ്തുതിപാടും. കേരളത്തിലെ മതേതര സമൂഹത്തോടുള്ള തുറന്ന വെല്ലുവിളികളാണ് വെള്ളാപ്പള്ളി നടേശനെന്ന ഹിന്ദുത്വ വര്‍ഗീയവാദിയുടെ ആക്രോശങ്ങള്‍. അയാള്‍ക്ക് വെഞ്ചാമരം വീശാനും പനിനീര്‍ തളിക്കാനും അഹോ രൂപം അഹോ സ്വരമെന്ന് വാഴ്ത്താനും ഇടതുപക്ഷമെന്ന പേരില്‍ രാഷ്ട്രീയാഭിനയം നടത്തുന്ന ഈ രാഷ്ട്രീയാവസരവാദികള്‍ ഊഴം കാത്തുനില്‍ക്കുമ്പോള്‍ കേരളത്തിനെ ഒരു ജനാധിപത്യ, മതേതര സമൂഹമായി നിലനിര്‍ത്താന്‍ ഹിന്ദുത്വ രാഷ്ട്രീയത്തോട് നിരന്തരം ഏറ്റുമുട്ടുന്ന വലിയൊരു വിഭാഗം ജനങ്ങളെയാകെയാണ് വഞ്ചിക്കുന്നത്.

നടേശന്‍ പറഞ്ഞതില്‍ കൂടുതലൊന്നും ആര്‍.എസ്.എസുകാര്‍ കേരളത്തില്‍ പറഞ്ഞിട്ടില്ല. അല്ലെങ്കില്‍ ആര്‍.എസ്.എസ് പറഞ്ഞതില്‍ക്കുറച്ചൊന്നും നടേശന്‍ പറഞ്ഞിട്ടില്ല. ആ നടേശന്‍ നിങ്ങള്‍ക്ക് മഹാനും ഈഴവരുടെ ആത്മാഭിമാനം ഉയര്‍ത്തിയ സമുദായനേതാവുമൊക്കെയായി ഇത്തരത്തിലുള്ള ഹിന്ദുത്വ വര്‍ഗീയവിഷപ്പൂരപ്പാട്ടുകള്‍ പാടിയതിന്റെ പിറ്റേ പ്രഭാതത്തില്‍ത്തന്നെ തോന്നുന്നുണ്ടെങ്കില്‍ അത് നടേശന് പുതിയതായി എന്തെങ്കിലും സംഭവിച്ചതുകൊണ്ടല്ല, നിങ്ങള്‍ കുടിച്ച വെള്ളത്തിനു വിശ്വസിക്കാന്‍ കൊള്ളാത്ത ദുരധികാരമോഹികളായ അവസരവാദികളായി മാറിയതുകൊണ്ടാണ്.
കേരളത്തിലെ സാമ്പത്തിക അസന്തുലിതാവസ്ഥയുടെ ഭീഷണമായ കണക്കുകളുടെ സൂചന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈയിടെ പുറത്തിറക്കിയ രണ്ടാം കേരള പഠനത്തിലുണ്ട്. പഠനകാലയളവിനേക്കാള്‍ അത് കൂടുതല്‍ രൂക്ഷമായിരിക്കുന്നുവെന്നതിലും തര്‍ക്കങ്ങളൊന്നുമുണ്ടാകില്ല. അത്തരത്തിലൊരു സാമൂഹ്യ സാമ്പത്തികക്രമത്തില്‍ അസംഘടിത സ്ത്രീ തൊഴിലാളികളായ ആശാ തൊഴിലാളികള്‍ ദിവസക്കൂലി 232 രൂപയില്‍നിന്നും കൂട്ടിത്തരണമെന്നാവശ്യപ്പെട്ട് സമരം ചെയ്തപ്പോള്‍ സി.പി.എം ജനറല്‍ സെക്രട്ടറിക്ക് ‘വിമോചനസമരത്തിന്റെ’ ഓര്‍മ്മകള്‍ വന്നു. ഇപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ മുതലാളി സംഘപരിവാറിന്റെ രാഷ്ട്രീയപ്രത്യയശാസ്ത്രവും മുസ്‌ലിംകളോടുള്ള വെറുപ്പിന്റെ രാഷ്ട്രീയപ്രയോഗവും ഒരു മറയുമില്ലാതെ വാരിവിതറിഘോഷിക്കുമ്പോള്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും മന്നം-ശങ്കര്‍ ഹിന്ദു മഹാമണ്ഡലത്തിന്റെ ഓര്‍മ്മകള്‍ വരുന്നുണ്ടോ ആവോ!
സാമുദായിക നേതൃത്വത്തിനും അവയുടെ സങ്കുചിത രാഷ്ട്രീയ, സാമ്പത്തിക രാഷ്ട്രീയ താത്പര്യങ്ങള്‍ക്കും വേണ്ടി വളഞ്ഞും കുനിഞ്ഞും ഇഴഞ്ഞും നിന്നവരാണ് കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന്റെയും ജനാധിപത്യ രാഷ്ട്രീയ സമരങ്ങളുടെയും ചരിത്രപരമായ മുന്‍നിലയെ അമ്പരപ്പിക്കുന്ന വേഗത്തില്‍ പടനിലത്തില്‍ പൂണ്ടൊരു കര്‍ണ്ണരഥമാക്കിമാറ്റിയത് ഈ അവസരവാദ രാഷ്ട്രീയവഞ്ചനയാണ്. അതിന്റെ തുടര്‍ച്ചയാണ് പിണറായി മുതല്‍ വാസവരാജീവാദികള്‍ വരെയുള്ള ഈ നടേശസ്തുതി. എന്നാല്‍ സാമുദായിക പ്രീണന രാഷ്ട്രീയത്തിന്റെ ഇതുവരെയുള്ള കേരളനാടകത്തില്‍ നിന്നും ഈ ചരിത്രകാലത്തെ വ്യത്യസ്തമാക്കുന്ന രണ്ട് നിര്‍ണായകഘടകങ്ങളുണ്ട്. ഒന്ന്, ഇത്തവണ കേവലമായ സാമുദായിക രാഷ്ട്രീയത്തിന്റെ ഭാഗമായല്ല ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും അതിന്റെ പ്രത്യയശാസ്ത്ര, സംഘടനാ വ്യാപനത്തിന്റെയും ഭാഗമായാണ് നടേശമട്ടിലുള്ള സാമുദായിക രാഷ്ട്രീയം വരുന്നതെന്നാണ്. സമുദായവിലാപങ്ങള്‍ക്ക് പകരം നടേശന്‍ മുസ്‌ലിംകളുടെ ജനസംഖ്യാവര്‍ധനവിനെക്കുറിച്ചും ഭൂരിപക്ഷഹിന്ദുവിന്റെ ഗതികേടുകളെക്കുറിച്ചും വാചാലനാകുന്നത് അതുകൊണ്ടാണ്. ഹിന്ദുത്വ രാഷ്ട്രീയത്തെ കേരളീയ സമൂഹത്തില്‍ സ്വാഭാവികമായ സാമൂഹ്യ, രാഷ്ട്രീയ വ്യവഹാരമാക്കി മാറ്റുകയെന്ന പരിപാടിയാണ് നടന്നുകൊണ്ടിരിക്കുന്നത്.
രണ്ട്, മുസ്‌ലിംകളോടുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആസൂത്രിതവും പ്രത്യശാസ്ത്രബദ്ധവുമായ വെറുപ്പിന്റെ പ്രകടപ്രചാരകനായി മാറിയൊരാളെ തങ്ങള്‍ക്ക് ആദരിക്കാനോ വാഴ്ത്താനോ അയാള്‍ക്കൊപ്പം സാമൂഹ്യ, രാഷ്ട്രീയ വ്യവഹാരങ്ങള്‍ നടത്താനോ മടിയില്ലെന്ന് കേരളത്തിലെ ഇടതുപക്ഷം ഒരു മടിയുമില്ലാതെ നിരന്തരം പ്രഖ്യാപിക്കുകയാണ്. അത് നടേശന്റെ കയ്യിലുള്ള നാലേമുക്കാല്‍ വോട്ടുകളെ ലക്ഷ്യമിട്ടല്ല. മറിച്ച്, മുസ്ലിം വിരുദ്ധതയുടെ രാഷ്ട്രീയമുള്ളവര്‍ക്കും ഞങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള ഇടമുണ്ടെന്ന സന്ദേശം നല്‍കലാണ്. എന്തിന് ബി.ജെ.പിക്ക് വോട്ടു ചെയ്യണം എന്ന് തന്നെയാണ് ചോദിക്കുന്നത്!
വാസ്തവത്തില്‍ ഈ രണ്ട് രാഷ്ട്രീയമാറ്റങ്ങളാണ് കേവലസാമുദായിക രാഷ്ട്രീയത്തില്‍ നിന്നും, സാമുദായിക സംഘടനാ -സാമ്പ്രദായിക രാഷ്ട്രീയകക്ഷി കൊടുക്കല്‍ വാങ്ങലുകളില്‍ നിന്നും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നടവഴികളിലേക്ക് കേരളത്തെയിപ്പോള്‍ വലിച്ചിട്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഗമനഗതി കേരളം ഇതുവരെക്കണ്ടപോലെയാകില്ല.
ആലപ്പുഴയുടെ പുറത്തുപോയാണ് നടേശഗുരു സനാതനധര്‍മ്മ സംരക്ഷണം നടത്തുന്ന വകയിലെ ആദരയോഗങ്ങള്‍ ഇപ്പോളെന്നതുകൊണ്ടാകാം നടേശന്റെ ഒന്നാം കാര്യസ്ഥ മന്ത്രിയായ പ്രസാദിനെ ആദരണവേദികളില്‍ കണ്ടില്ല. ‘അന്യജീവനുതകി സ്വജീവിതം/ധന്യമാകുമമലേ വിവേകികള്‍” എന്ന് കുമാരനാശാന്‍ എഴുതിയ പോലെ സ്വന്തം ജീവിതം സേവനത്തിന്റെയും കാരുണ്യത്തിന്റെയും പാതയില്‍ കൊണ്ടുപോകുന്നവരില്‍ മുന്‍ നിരയിലാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് പ്രസാദ് ശതാഭിഷേക സമ്മേളനത്തില്‍ വാഴ്ത്തിയത് കേട്ട് സത്യമാണോയെന്ന് നുള്ളിനോക്കിയവരില്‍ സി.പി.ഐക്കാര്‍ പോലുമുണ്ട്.
യുവജന സംഘടനയുടെ പൊതുയോഗത്തില്‍ ഭഗത് സിങ്ങിനെയോര്‍ത്ത് വികാരഭരിതനാവാനും, മഹിളാ സംഘത്തില്‍ റോസാ ലക്‌സംബര്‍ഗിനെ വിപ്ലവത്തിന്റെ പനിനീര്‍പുഷ്പമേ എന്നോര്‍ക്കാനും, പഴയകാല സഖാക്കള്‍ക്കുള്ള സ്വീകരണ യോഗത്തില്‍ കയ്യൂര്‍ സഖാക്കളും കൃഷ്ണപിള്ളയും വയലാറുമൊക്കെ പെയ്യാനും, വൈകീട്ടുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ കേരള നവോത്ഥാനവും ജാതി വേണ്ട മതം വേണ്ട എന്ന മുദ്രാവാക്യവും സാമുദായിക ശക്തികള്‍ക്കെതിരെ വേണ്ട മാനവികതയെക്കുറിച്ചും ഓര്‍മ്മിപ്പിക്കാനും മറക്കാതെ ഇനി നടേശ മുതലാളിയും കുമാരനാശാനുമായി കൂട്ടിപ്പിടിക്കാനുള്ള കണ്ണ് മെയ്യാക്കുന്ന രാഷ്ട്രീയവൈഭവത്തെ ഇടതുപക്ഷമെന്ന് ആരാണ് പേരിട്ട് വിളിച്ചത്? വേദിക്കൊത്ത് പ്രസംഗിക്കുക എന്നത് ഔചിത്യമാണ്, എന്നാല്‍ ഏത് വേദിയില്‍ പോയി എന്ത് പറയണം എന്നതൊരു രാഷ്ട്രീയ തീരുമാനമാണ്.
എല്ലാ ഋതുക്കള്‍ക്കു വേണ്ടിയും പാടുന്ന യേശുദാസാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വം. നിങ്ങളെഴുന്നേല്‍ക്കുന്ന സമയം പോലെയിരിക്കും കേള്‍ക്കുന്ന പാട്ട്.
”ഹാ! വിശിഷ്ടമൃദുഗാന, മിന്നി നീ
കൂവിടായ്ക കുയിലേയനക്ഷരം.”
രാഷ്ട്രീയവഞ്ചനയും ദുരധികാരാര്‍ത്തിയും മാത്രമല്ല ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സ്വാഭാവികവത്ക്കരണത്തെയും തങ്ങളുടെ അധികാരരാഷ്ട്രീയത്തിന്റെ നിലനില്‍പ്പിനുള്ള വളമാക്കി മാറ്റാന്‍ മടിയില്ലാത്തൊരു മുഖ്യധാരാ ഇടതുപക്ഷ നേതൃത്വം ചരിത്രത്തില്‍ത്തന്നെ സമാനതകളില്ലാത്ത ദുരന്തമാണ്. ഒപ്പം ഭീഷണമായൊരു വെല്ലുവിളിയും.
(പ്രമോദ് പുഴങ്കരയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്)
