വയനാട് തുരങ്കപാത പാരിസ്ഥിതികമായി അതീവദുർബ്ബലമായൊരു ഭൂപ്രദേശത്തുകൂടിയാണ് കടന്നുപോകുന്നതെന്ന യാഥാർത്ഥ്യത്തെ ബോധപൂർവ്വം അവഗണിച്ചുകൊണ്ടാണ് ആ പദ്ധതി ആരംഭിച്ചത്. വികസനമെന്നാൽ ഭരണകൂടത്തിന്റെ ആണത്ത പ്രഘോഷണം കൂടിയായി മാറുന്ന രാഷ്ട്രീയകാലാവസ്ഥ സൃഷ്ടിക്കുന്നതോടെ പരിസ്ഥിതി രാഷ്ട്രീയമൊക്കെ തീർത്തും കാല്പനികമായൊരു പൈങ്കിളി വർത്തമാനമായാണ് കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷം ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. വാസ്തവത്തിൽ ലോകമാകെ ഇടതുപക്ഷ രാഷ്ട്രീയം പരിസ്ഥിതി രാഷ്ട്രീയത്തെ പുതിയകാലത്തെ ഏറ്റവും നിർണ്ണായകമായ വർഗ്ഗസമരപ്രശനങ്ങളിലൊന്നായി കണക്കിലെടുക്കുമ്പോഴാണ് വലതുപക്ഷ “വികസന സ്വപ്നങ്ങളുടെ” ദല്ലാളുകളായി ഇവിടുത്തെ മുഖ്യധാരാ ഇടതുപക്ഷം മാറിയത്.
കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയിൽ 62 ശതമാനത്തിലേറെ വനാവരണമാണ് വയനാടിന് നഷ്ടപ്പെട്ടത്. ആ ഭൂപ്രദശത്തിന്റെ സ്വാഭാവികമായ നിലനിൽപ്പിനെ സാധ്യമാക്കുന്ന പാരിസ്ഥിതിക സവിശേഷതകളെ ഒന്നൊന്നായി ഇല്ലാതാക്കിക്കൊണ്ട് എന്തുതരം വികസനമാണ് കൊണ്ടുവരുന്നതെന്ന ചോദ്യത്തെ വികസനവിരുദ്ധരെന്ന ആക്ഷേപംകൊണ്ട് നേരിടാനാണ് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയം പൊതുവെ ശ്രമിക്കാറുള്ളത്. ലോകത്തിലെല്ലാ ഭൂപ്രദശത്തും ജനസമൂഹങ്ങളിലും ആവാസകേന്ദ്രങ്ങളിലും ഒരേ തരത്തിലുള്ള വികസന സങ്കല്പത്തെ വിൽക്കുകയെന്നത് മുതലാളിത്തത്തിന്റെ പരിപാടിയാണ്. ഉപഭോഗാസക്തിയിൽ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നൊരു ലോകമാണ് മുതലാളിത്തത്തിന്റെ നിലനിൽപ്പ്. അതുകൊണ്ടാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ മുതലാളിത്ത ഉത്പ്പാദനക്രമവും അതിന്റെ സാമ്പത്തിക, രാഷ്ട്രീയ വ്യവസ്ഥയും കൂടി സൃഷ്ടിച്ച കാലാവസ്ഥാ മാറ്റമടക്കമുള്ള പ്രശ്ങ്ങളെ അവർ തമസ്കരിക്കാൻ ശ്രമിക്കുന്നത്. വികസനത്തെക്കുറിച്ചുള്ള ജനാധിപത്യ ബദൽ സങ്കല്പനങ്ങളെ സാധ്യമാക്കാനുള്ള രാഷ്ട്രീയ പരിശ്രമങ്ങൾക്ക് പകരം പരിസ്ഥിതി രാഷ്ട്രീയത്തിന്റെ ജനാധിപത്യ, ഇടതുപക്ഷ രാഷ്ട്രീയത്തെ പുലഭ്യം പറയുകയെന്ന വലതുപക്ഷ പിന്തിരിപ്പൻ പണിയിലാണ് കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷം ഏർപ്പെട്ടുകൊണ്ടിരിയ്ക്കുന്നത് എന്നതിൽ അത്ഭുതമൊന്നുമില്ല. അവർ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ എതിർവശത്തായിട്ട് നാളുകളേറെയായി.
ഏതാണ്ട് 24 ശതമാനം ഭൂപ്രദേശം മണ്ണിടിച്ചിലും ഉരുൾപൊട്ടലും അടക്കമുള്ള വലിയ പാരിസ്ഥിതിക ദുരന്തങ്ങൾക്ക് അതീവസാധ്യതയുള്ളൊരു പ്രദേശമാണ് വയനാട്. വയനാട് ജില്ലയുടെ പകുതിയിലേറെ പ്രദേശവും പല തട്ടിൽ വലിയ പാരിസ്ഥിതിക അപകട സാധ്യത നിലനിൽക്കുന്നവയാണ്. തുരങ്കപാത പദ്ധതിയുടെ ഭാഗമായുള്ള പ്രദേശങ്ങൾ ഇത്തരത്തിൽ അതീവ അപകട സാധ്യതയുള്ളവയാണ്. എന്നാൽ, ഇതിനെയെല്ലാം നിസ്സാരമാക്കി തള്ളിക്കളഞ്ഞുകൊണ്ടാണ്, സംസ്ഥാന വിദഗ്ധ സമിതിയുടെ മുന്നറിയിപ്പുകളെപ്പോലും അവഗണിച്ചുകൊണ്ട് തുരങ്കപാതയെന്ന “സ്വപ്നപദ്ധതിയുമായി” പിണറായി സർക്കാർ മുന്നോട്ടുപോയത്. ഇപ്പോഴുണ്ടായ അപകടം തുരങ്കത്തിന്റെ പണി താത്ക്കാലികമായി നിർത്തിവെക്കുന്നുണ്ടെങ്കിലും പദ്ധതിയുടെ സ്വപ്നം വിറ്റുകഴിഞ്ഞ സ്ഥിതിക്ക് അതിൽനിന്നും പുതിയ സർക്കാരും പിന്മാറാൻ സാധ്യതയില്ല. യാതൊരുതരത്തിലുള്ള സമഗ്ര കാഴ്ചപ്പാടുമില്ലാത്ത, നാല് തെരഞ്ഞെടുപ്പിനുള്ള പ്രചരണായുധത്തിനപ്പുറം ലോകത്തെ കാണാൻ കഴിയാത്ത ഭരണസംവിധാനങ്ങളും സ്വകാര്യ കമ്പനികളും ചേർന്നുനടത്തുന്ന ഈ വികസനസ്വപ്നത്തിന്റെ ഇരകളാക്കപ്പെടുന്നവർ പോലും ആ സപ്നത്തിന്റെ കോലുമിഠായിയാണ് തിന്നുകൊണ്ടിരിക്കുന്നത്.
പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ പാരിസ്ഥിതികാനുമതി കിട്ടിയതും സുപ്രീം കോടതി കേസ് തള്ളിയതുമൊക്കെയാണ് ഇപ്പോൾ വാദമായി പറയുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിൽ കൊണ്ടുവന്ന നിരവധി ഭേദഗതികളോടെ പാരിസ്ഥിതികാനുമതി അടക്കമുള്ള നിയന്ത്രണ സംവിധാനങ്ങൾ വെറും ചടങ്ങുകളായി മാറിയിരിക്കുകയാണ്. അതുകൊണ്ടാണ് ലോകത്തിലെത്തന്നെ ഏറ്റവും ദുർബ്ബലമായ പർവ്വതമേഖലയായ ഹിമാലയൻ മലനിരകളിൽ യാതൊരുവിധ നിയന്ത്രണവുമില്ലാത്ത നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത്. വമ്പൻ പാരിസ്ഥിതിക നാശമുണ്ടാക്കുന്ന Great Nicobar Island Development Project (GNIDP)-നു കേന്ദ്ര സർക്കാരിന് കീഴിലുള്ള വകുപ്പുകളുടെ പാരിസ്ഥിതിക അനുമതിയൊക്കെ വളരെ സുഗമമായാണ് കിട്ടിയത്. National Green Tribunal (NGT) -നും പദ്ധതിക്കെതിരായ തർക്കങ്ങൾ തള്ളിക്കളഞ്ഞു. എന്നാൽ, സി പി എം അടക്കമുള്ള സംഘടനകളും പരിസ്ഥിതി പ്രവർത്തകരുമെല്ലാം ഇതിനെ ഇപ്പോഴും എതിർക്കുകയാണ്. അതായത് ഭരണകൂടത്തിന്റെയും കോടതിയുടെയും അനുമതികളെല്ലാം എല്ലായ്പ്പോഴും ശരിയും അന്തിമവുമാകണമെന്ന ശാഠ്യം അസംബന്ധമാണ്. അതിനെ വിശകലനം ചെയ്യുന്ന രാഷ്ട്രീയയുക്തി എന്താണെന്നുള്ളത് നിർണ്ണായകമാണ്. ചാർധാം പദ്ധതി അനുവദിക്കാൻ സുപ്രീം കോടതി പറഞ്ഞ പ്രധാന കാരണം സൈനികനീക്കങ്ങൾക്ക് സഹായകരമാണ് അതെന്നാണ്. സുപ്രീം കോടതിതന്നെ നിയോഗിച്ച ഉന്നതതല സമിതിയുടെ പാരിസ്ഥിതിക പ്രശനങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളേയും നിർദ്ദേശങ്ങളെയും അവഗണിച്ചുകൊണ്ടായിരുന്നു ആ വിധി. ഈയിടെ വൻശക്തി കേസിൽ, മുൻകാലപ്രാബല്യത്തോടെ പാരിസ്ഥിതിക അനുമതി നൽകിയ കേന്ദ്ര സർക്കാരിന്റെ ഉത്തരവുകൾ തള്ളിയ തങ്ങളുടെതന്നെ മുൻ ഉത്തരവിനെ സുപ്രീം കോടതി ഒരു review petition -ൽ തള്ളിക്കളഞ്ഞു. ആദ്യ ഉത്തരവിൽ ex post facto environmental clearance എന്നത് environmental jurisprudence-നു എതിരും നിയമതത്വങ്ങൾക്ക് പുറത്തുള്ളതുമായൊരു സങ്കല്പനമാണ് എന്നുപറഞ്ഞാണ് കോടതി തള്ളിയത്. എന്നാൽ, റിവ്യു ഹർജിയിൽ ex post facto clearance എന്ന സർക്കാർ തട്ടിപ്പിന് വീണ്ടും വഴിയൊരുക്കിക്കൊടുത്തു കോടതി.
പാരിസ്ഥിതിക ആഘാത പഠനങ്ങളും അനുമതിയുമെല്ലാം ഭരണകൂട-കോർപ്പറേറ്റ് താത്പര്യങ്ങൾക്ക് ഏതാണ്ട് പൂർണ്ണമായും വഴിപ്പെടുന്നൊരു കാലം കൂടിയാണിത്. കടൽത്തീരത്തും മലമുകളിലും നെൽവയൽ പ്രദേശങ്ങളിലുമെല്ലാം ഒരേതരം ജീവിത മാതൃക സാധ്യമല്ല. ഭൂപ്രദേശങ്ങളുടെ സവിശേഷതകളും പാരിസ്ഥിതിക ഘടകങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള സുസ്ഥിര വികസന മാതൃകകൾ മാത്രമേ നടത്താവൂ. എന്നാൽ, കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിൽ വിൽക്കുന്ന വികസനസ്വപ്നം ഗാഡ്ഗിൽ റിപ്പോർട് നടപ്പാക്കിയാൽ ലുലു മാൾ എങ്ങനെ പണിയും എന്ന മട്ടിലാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പരിസ്ഥിതി രാഷ്ട്രീയത്തിനെതിരായ ആക്രമണം വലതുപക്ഷ രാഷ്ട്രീയക്കാരെപ്പോലും കവച്ചുവെക്കുന്ന രീതിയിലാണ് അവർ നടത്തിയത്.
വിശദമായ പാരിസ്ഥിതിതികാഘാത പഠനങ്ങൾ വീണ്ടും നടത്തുകയും പദ്ധതി നടപ്പാക്കുന്നത് വലിയ ദുരന്തങ്ങൾക്കും ജൈവവൈവിധ്യവും പ്രദേശത്തിന്റെ സമഗ്രമായ ആവാസവ്യവസ്ഥയെയും ഭൂപ്രകൃതിയേയും പ്രതികൂലമായി ബാധിക്കുകയും ദുരന്തങ്ങളുണ്ടാക്കുകയും ചെയ്യുമെന്ന് കാണുകയാണെങ്കിൽ വയനാട് തുരങ്കപാത പദ്ധതി ഉപേക്ഷിക്കുകയും വേണം. രാഷ്ട്രീയ,സാമ്പത്തിക നേട്ടങ്ങൾക്കായി തുടങ്ങുന്ന പദ്ധതികളെ ജീവൻകൊടുത്തും ഭാവിയുടെ ദുർബ്ബലസാധ്യതകളെപ്പോലും നശിപ്പിച്ചും കൊണ്ടുനടക്കാനുള്ള ബാധ്യത കേരളസമൂഹം ഏറ്റെടുക്കരുത്.
(പ്രമോദ് പുഴങ്കര ഫെയ്സ്ബുക്കില്‍ കുറിച്ചത്)
