August 13 Thursday 2026

ഭരണകൂടത്തെ ചോദ്യം ചെയ്ത വി ടി രാജശേഖർ

1992 ൽ ഹിന്ദുത്വ ശക്തികൾ ബാബരി മസ്ജിദ് തകർത്തപ്പോൾ, അത് ഇന്ത്യൻ മുസ്‌ലിംകൾക്കെതിരായ വംശീയ അതിക്രമമാണെന്നും അതിനെതിരെ മുസ്‌ലിം പ്രതിഷേധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കുറച്ചു രാഷ്ട്രീയ നേതാക്കളും ചിന്തകരും പത്രപ്രവർത്തകരും കരുതിയിരുന്നു. എന്നാൽ, ഇന്ത്യൻ മതേതരത്വത്തിന്മേലുള്ള ഒരു കറയായിട്ടാണ് ഭൂരിഭാഗം പേരും ആ സംഭവത്തെ കണ്ടിരുന്നത്. അത് കൊണ്ട് തന്നെ മസ്ജിദ് ധ്വംസനത്തിനെതിരെ ഉയർന്നു വന്ന മുസ്‌ലിം ശബ്ദങ്ങൾ വിഷയത്തെ വർഗീയതയിലേക്ക് ചുരുക്കുമെന്ന് ആശങ്കപ്പെടുകയും ചെയ്തു. അന്ന് ബാബരി മസ്ജിദ് കർസേവകർ തകർത്തപ്പോൾ, യു പി യിലെ ലക്നൗവിലെ ചിന്തകനും പണ്ഡിതനായിരുന്ന മൗലാനാ അബുൽ ഹസൻ അലി നദ്വിയെ കാണാൻ ധീരനായ ഒരു പത്രപ്രവർത്തകൻ വന്നു. വി. ടി. രാജശേഖർ എന്നറിയപ്പെട്ടിരുന്ന വോന്തിബേട്ടു തിമ്മപ്പ രാജശേഖർ ആയിരുന്നു അത്.

ലക്നൗവിൽ നിന്ന് ഒരു പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകാൻ വി. ടി. ആർ അബുൽ ഹസൻ നദ് വിയോട് ആവശ്യപ്പെടുകയും അദ്ദേഹത്തിന് പൂർണ്ണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. നദ് വി സമ്മതിക്കുകയും മാർച്ചിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തുവെങ്കിലും പ്രായാധിക്യം കാരണം അദ്ദേഹത്തിന് അതുമായി മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. ശക്തനായ ജാതിവിമർശകനും ദലിത് വോയിസിന്റെ സ്ഥാപക എഡിറ്ററുമായിരുന്ന വി. ടി. രാജശേഖർ ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയ പ്രതിസന്ധികളെക്കുറിച്ച് ആഴത്തിൽ ധാരണയുള്ള പത്രപ്രവർത്തകനായിരുന്നു. കുറച്ചു ദിവസം മുമ്പ് നമുക്ക് അദ്ദേഹത്തെ നഷ്ടപ്പെട്ടു.

ഇന്ത്യൻ മാധ്യമ ചരിത്രത്തിൽ അതുല്യവും പരിവർത്തനകരവുമായ സ്ഥാനമാണ് വി.ടി. രാജശേഖറിനുള്ളത്. 1959 ൽ ഡെക്കാൺ ഹെറാൾഡിൽ കരിയർ ആരംഭിച്ച് പിന്നീട് നീണ്ട 25 വർഷത്തോളം ദ ഇന്ത്യൻ എക്സ്പ്രസിൽ പ്രവർത്തിച്ച രാജശേഖർ ഇന്ത്യയുടെ രാഷ്ട്രീയ – സാംസ്കാരിക രംഗത്തെ കുറിച്ച് മൂർച്ചയും സൂക്ഷ്മമവുമായ വിശകലന പാടവമുള്ള ഒരു മാധ്യമ പ്രവർത്തകനായിരുന്നു. 1981 ൽ അദ്ദേഹം “ദലിത് വോയ്സി”നു തുടക്കമിട്ടു. 1970 കളിലും 80 കളിലും ഇന്ത്യയിലെ സാമൂഹ്യ – മാധ്യമ മേഖലകളിൽ ദലിത് വിഷയങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത കാലഘട്ടത്തിൽ, രാജശേഖറിന്റെ എഴുത്തുകൾ ദലിത് ജീവിതത്തെയും രാഷ്ട്രീയത്തെയും കൂടുതൽ ദൃശ്യപ്പെടുത്തുന്നത്തിൽ വലിയ പങ്ക് വഹിച്ചു. ബ്രാഹ്മണിസത്തെ നിരന്തരം വെല്ലുവിളിക്കുകയും തന്റെ തീക്ഷ്ണമായ വിമർശനങ്ങളിലൂടെ ജാതിശ്രേണിയെ പ്രഹരിക്കുകയും ചെയ്തു കൊണ്ട് മറ്റൊരു പൊതുമണ്ഡലത്തിന് തന്നെ അദ്ദേഹം അടിത്തറ പാകി.

രാജശേഖറിന്റെ രചനകൾ ഇന്ത്യയിലെ ജാതിവിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താനും രാജ്യത്തുടനീളമുള്ള നിരവധി സാമൂഹിക പ്രവർത്തകർക്കും മൂവ്മെന്റുകൾക്കും വലിയ പ്രചോദനമായിത്തീരാനും കാരണമായി. കാൻഷി റാമിനെപ്പോലുള്ള നേതാക്കളുടെ അടുത്ത സഹകാരി എന്ന നിലയിൽ, ദലിത് രാഷ്ട്രീയം ആകൃതിപ്പെടുത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. 1970 കളും 80 കളും ഇന്ത്യയിൽ പുതിയ രാഷ്ട്രീയങ്ങളുടെ ആവിർഭാവത്തെ അടയാളപ്പെടുത്തിയ കാലഘട്ടമാണെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. സാമൂഹിക – രാഷ്ട്രീയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുനർഭാവന വളർത്തിയെടുത്തും സാമൂഹിക നീതിക്കും സമത്വത്തിനുമായുള്ള മുന്നേറ്റങ്ങൾക്ക് കനപ്പെട്ട സംഭാവനകൾ നൽകിയും ആ കാലഘട്ടത്തെ രൂപപ്പെടുത്തുന്നതിൽ രാജശേഖർ വലിയ പങ്ക് വഹിച്ചു.

വി ടി രാജശേഖറിന്റെ ചിന്തകളും രചനകളും ഭരണകൂടത്തിന് നിരന്തരമായ വെല്ലുവിളി ഉയർത്തുകയും തൽഫലമായി പലപ്പോഴും ഭരണകൂടം അദ്ദേഹത്തെ ഉന്നമിടുകയും ചെയ്തു. ഒരു ഘട്ടത്തിൽ, അദ്ദേഹത്തെ ടാഡ ചുമത്തി അറസ്റ്റ് ചെയ്യുകയും അദ്ദേഹമെഴുതിയ ഒരു എഡിറ്റോറിയലിന്റെ പേരിൽ പാസ്പോർട്ട് കണ്ടുകെട്ടുകയും ചെയ്തു. ഭരണകൂടം രാജശേഖറിനെ ഉന്നമിട്ടതിന് പിറകിൽ നിരവധി കാരണങ്ങളുണ്ട്. പ്രധാനമായും അദ്ദേഹത്തിന്റെ വിമർശനങ്ങളുടെ മൂർച്ചയും അദ്ദേഹത്തിന്റെ രചനകളുടെ സ്വാധീനവുമാണ്. രാജ്യത്തുടനീളമുള്ള ജാതിവിരുദ്ധ പ്രവർത്തകരെയും പ്രസ്ഥാനങ്ങളെയും പ്രചോദിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതോടൊപ്പം ഭരണകൂടത്തിന്റെ ഭീതിയും ഭയവും വർധിപ്പിച്ചു.

ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം രാജശേഖർ ഒരു “ഭീഷണി” ആയി മാറിയത് അദ്ദേഹത്തിന്റെ സ്വാധീനം കൊണ്ട് മാത്രമായിരുന്നില്ല; അദ്ദേഹത്തിന്റെ ജാതിവിരുദ്ധ ചിന്തയുടെ വ്യതിരിക്തത കൊണ്ട് കൂടിയായിരുന്നു. വ്യവസ്ഥാപിതമായ ജാതി അടിച്ചമർത്തലിനെതിരായ അദ്ദേഹത്തിന്റെ വിമർശനാത്മക നിലപാടും ബ്രാഹ്മണിസത്തെക്കുറിച്ച അദ്ദേഹത്തിന്റെ ധീരമായ വിമർശനങ്ങളും ആശയ – സ്ഥാപന തലങ്ങളിൽ ഫാഷിസം വ്യാപകമായ ഒരു രാജ്യത്ത് തനതായ ബൗദ്ധിക – രാഷ്ട്രീയ ഇടങ്ങൾ സൃഷ്ടിച്ചിരുന്നു.

മാർക്സിസത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് തന്റെ ബൗദ്ധികയാത്രയും സാമൂഹിക പ്രവർത്തനവും ആരംഭിച്ച രാജശേഖർ, പിന്നീട് ഇന്ത്യൻ സമൂഹത്തിലെ കേന്ദ്ര പ്രശ്നം ജാതിയാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് സമീപനരീതി തന്നെ മാറ്റുകയായിരുന്നു. അക്കാലത്തു ഇ എം എസ്സിനെ പോലുള്ള പ്രമുഖ മാർക്സിസ്റ്റ് നേതാക്കളുമായി സംവാദങ്ങളിൽ ഏർപ്പെടുകയും ജാതിയെക്കുറിച്ചുള്ള രാഷ്ട്രീയ ചോദ്യങ്ങളെ “കേവല ജാതീയത”യായി തള്ളിക്കളയുന്ന മാർക്സിസ്റ്റ് സമീപനത്തെ ചോദ്യം ചെയ്തു കൊണ്ട് മാർക്സിസ്റ്റ് പാതയിൽ നിന്ന് അകലുകയും ചെയ്തു.

ഇന്ത്യൻ ദേശീയത ബ്രാഹ്മണിസത്തിന്റെ പ്രത്യക്ഷ പ്രതിനിധാനമാണെന്ന് വാദിച്ച രാജശേഖർ ദലിതുകളെയും മുസ്‌ലിംകളെയും മറ്റ് പാർശ്വവൽകൃത വിഭാഗങ്ങളെയും ‘persecuted nationalities’ എന്ന നിലയിൽ ആയിരുന്നു കണ്ടിരുന്നത്. ഇന്ത്യൻ ദേശീയതയെക്കുറിച്ചുള്ള ഈ വിമർശനം അദ്ദേഹത്തിന്റെ ചിന്തയുടെ ഒരു പ്രധാന ഭാഗമാണ്. ദേശീയതയുടെ അപകടങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മമായ വിശകലനത്തിലൂടെ ഇന്ത്യയിലെ മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെക്കുറിച്ചു കൂടുതൽ വ്യാപ്തിയിലും ഉച്ചത്തിലും അദ്ദേഹം സംസാരിച്ചു. അത് വഴി, തങ്ങളനുഭവിക്കുന്ന പീഡനങ്ങളെ പ്രതിധ്വനിപ്പിക്കുന്ന ഒരു പ്രസിദ്ധീകരണമെന്ന നിലയിൽ “ദലിത് വോയ്‌സി”നു മുസ്‌ലിം സമുദായത്തിൽ കൂടുതൽ വായനക്കാരുണ്ടായി. രാജ്യത്തെ സാമൂഹിക – രാഷ്ട്രീയ സങ്കീർണതകൾ മനസിലാക്കുന്നതിൽ ഈ വിമർശനങ്ങൾ ഇപ്പോഴും പ്രസക്തമാണ്.

ജാതിവിരുദ്ധ ചിന്തയെ സമഗ്രമായ ലോകവീക്ഷണമായും ആഗോള ഭാവനയായും വികസിപ്പിക്കാനുള്ള കഴിവാണ് രാജശേഖറിന്റെ മറ്റൊരു ശ്രദ്ധേയമായ ബൗദ്ധിക സംഭാവന. ഇതേ വീക്ഷണകോണിലൂടെ അദ്ദേഹം ആഗോള വംശീയതയെയും സാമ്രാജ്യത്വ രാഷ്ട്രീയത്തെയും വിമർശിച്ചു. “ബ്രാഹ്മണിസം: ഫാദർ ഓഫ് ഫാഷിസം, റേസിസം, നാസിസം” എന്ന തന്റെ കൃതിയിൽ, വിവിധ തരത്തിലുള്ള വംശീയ ആധിപത്യത്തിൻ്റെ വേരുകൾ എങ്ങനെയാണ് ബ്രാഹ്മണിസത്തിൽ എത്തുന്നത് എന്നദ്ദേഹം വിശദീകരിക്കുന്നുണ്ട്. അതുപോലെ, ‘ഇന്ത്യയിലെ വർണ്ണവിവേചനം: ഒരു അന്തർദേശീയ പ്രശ്നം’ എന്ന പുസ്തകത്തിൽ അദ്ദേഹം ഇന്ത്യൻ ജാതി വ്യവസ്ഥയെ ആഫ്രോ – അമേരിക്കൻ ചിന്തയുടെയും ചരിത്രത്തിന്റെയും വിശാലമായ വ്യവഹാരത്തിനുള്ളിൽ സ്ഥാപിക്കുകയും ലോകത്തെ രൂപപ്പെടുത്തുന്ന വംശീയ ഘടനകളെക്കുറിച്ച് വിമർശനാത്മകമായ വിശകലനം നടത്തുകയും ചെയ്യുന്നു.

ജാതി വിമർശനത്തിനപ്പുറം, മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ബഹുജൻ പ്രമേയത്തിന്റെ അഭിവാജ്യ ഘടകമായി നിലനിർത്തിക്കൊണ്ട്, അധികാരത്തിൻറെ ആഗോള കേന്ദ്രങ്ങളെക്കുറിച്ചുള്ള വിശാലമായ വിമർശനം നടത്തുന്നതിലേക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ തത്വചിന്ത വികസിക്കുന്നത് കാണാം.

സിയോണിസത്തെ ബ്രാഹ്മണിസത്തിന്റെ വികസിത രൂപമായി വ്യാഖ്യാനിച്ചു കൊണ്ട് തന്റെ ജാതി വിരുദ്ധ പ്രത്യയശാസ്ത്രം ഇസ്രയേലിനും അമേരിക്കൻ സാമ്രാജ്യത്വത്തിനും എതിരായിക്കൂടി അദ്ദേഹം വികസിപ്പിച്ചു. തികഞ്ഞ വ്യക്തതയോടെ തന്റെ ജാതിവിരുദ്ധ തത്വങ്ങളോട് അചഞ്ചലമായ പ്രതിബദ്ധത നിലനിർത്താനും സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ വളർച്ചയുടെ സന്ദർഭത്തിലും ദലിത് – മുസ്‌ലിം ഐക്യത്തിനായി എഴുന്നേറ്റു നിൽക്കുവാനും അദ്ദേഹത്തിന് സാധിച്ചു. ‘ദലിത് വോയ്സ്’ പ്രസിദ്ധീകരണം നിലച്ചപ്പോഴും ബി ജെ പി യെ ‘ബ്രാഹ്മൺ ജനതാ പാർട്ടി’ എന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും അധീശ പ്രത്യയശാസ്ത്രങ്ങൾക്കെതിരിലുള്ള ചെറുത്തുനിൽപ്പ് ശക്തമായി തുടരുകയും ചെയ്തു.

രാജശേഖറിന്റെ രാഷ്ട്രീയചിന്തയുടെ തീക്ഷ്ണതയും വ്യക്തതയും സമകാലിക ഇന്ത്യയിൽ ഓർമ്മിപ്പിക്കപ്പെടണം. അരികുകളെ വ്യവസ്ഥാപിതമായി കൂടുതൽ പാർശ്വവൽക്കരിക്കുന്നതോടൊപ്പം അധികാരം കൂടുതൽ ഏകീകരിക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന് അദ്ദേഹത്തിന്റെ ചിന്തകളും കാഴ്ചപ്പാടുകളും ശക്തമായ മറുമരുന്നുകൾ കൂടിയാണ്. “ഇന്ത്യയിലെ ഏറ്റവും പ്രചാരത്തിലുള്ള ദലിത് ജേണൽ” എന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് വിശേഷിപ്പിച്ച ദലിത് വോയ്സിൽ ചർച്ച ചെയ്തു പോന്നിട്ടുള്ള വിമോചന വ്യവഹാരങ്ങൾ വിസ്മൃതിയിലേക്ക് ആണ്ടു പോകരുത്. പലതരം അടിച്ചമർത്തലുകൾ അനുഭവിക്കുന്ന പാർശ്വവത്കൃത സമൂഹങ്ങളുടെ അഭിലാഷങ്ങളെ അഭിമുഖീകരിക്കുകയും വ്യത്യസ്ത വിമോചന ഭാവനകളെ ഉൾക്കൊള്ളുകയും ചെയ്യുന്ന എഴുത്തുകളാണ് അവയെല്ലാം. പാർശ്വവൽക്കരിക്കപ്പെട്ടവരും പിന്നോക്കം നിൽക്കുന്നവരുമായ സമുദായങ്ങളെ ഫാഷിസത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുന്നതിന് സാഹോദര്യത്തിൽ ഊന്നിയ പരിവർത്തന രാഷ്ട്രീയ – സാമൂഹിക ദർശനങ്ങൾ വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്. വി ടി യ്ക്ക് അന്ത്യാഭിവാദ്യങ്ങൾ നേരുന്നു. അദ്ദേഹം ഇവിടെ ബാക്കിയാക്കി പോയതെല്ലാം നീതിക്കും തുല്യതക്കും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് പ്രചോദനമായി തുടരും.

(ലേഖകൻ ഹൈദരാബാദ് ഇഫ്ലു സർവകലാശാലയിലെ ഗവേഷകവിദ്യാർഥിയാണ്. പരിഭാഷ: നിഷ്‌ല മമ്പാട്)

Related