August 13 Thursday 2026

വിഴിഞ്ഞം തുറമുഖം: ഓഹരിക്കച്ചവടവും രാഷ്ട്രീയ തർക്കങ്ങളും | Fact Check

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം വീണ്ടും വലിയൊരു രാഷ്ട്രീയ-സാമ്പത്തിക വിവാദത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ടായ വിഴിഞ്ഞത്തിന്റെ നിർമ്മാണവും നടത്തിപ്പും അദാനി ഗ്രൂപ്പിന്റെ ചുമതലയിലാണ്. എന്നാൽ, അടുത്തിടെ അദാനി പോർട്സ് തങ്ങളുടെ ഉപകമ്പനിയായ അദാനി വിഴിഞ്ഞം പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (AVPPL) 49 ശതമാനം ഓഹരികൾ സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ആഗോള ഷിപ്പിംഗ് ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (MSC) വിൽക്കാൻ തീരുമാനിച്ചതോടെയാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഏകദേശം 13,000 കോടി രൂപയുടെ ഈ വമ്പൻ ഓഹരി കൈമാറ്റം കേരള രാഷ്ട്രീയത്തിൽ ഭരണപക്ഷമായ യു.ഡി.എഫും പ്രതിപക്ഷമായ എൽ.ഡി.എഫും തമ്മിലുള്ള കടുത്ത വാക്‌പോരിന് വഴിവെച്ചിരിക്കുകയാണ്. ഈ വിവാദത്തിന്റെ യഥാർത്ഥ വസ്തുതകളും, കൺസെഷൻ കരാറിലെ വ്യവസ്ഥകളും, അദാനിയുടെ സാമ്പത്തിക ചരിത്രവും, കേരളത്തിന്റെ ഭാവിയിൽ ഈ ഇടപാടുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വസ്തുതാപരമായി വിശകലനം ചെയ്യുകയാണ്..

വിഴിഞ്ഞം തുറമുഖം ഓഹരിക്കച്ചവടം യഥാർത്ഥത്തിൽ നടന്നോ? അദാനിയുടെ പൊസിഷൻ എന്ത്?

ഏറ്റവും പ്രധാനപ്പെട്ട ചോദ്യം, ഈ ഓഹരി കൈമാറ്റം പൂർണ്ണമായും നടന്നുകഴിഞ്ഞോ എന്നതാണ്. സാങ്കേതികമായി പറഞ്ഞാൽ, ഓഹരി വിൽപ്പനയുടെ പ്രഖ്യാപനം മാത്രമാണ് ഇപ്പോൾ നടന്നിട്ടുള്ളത്. പൂർണ്ണമായ ഉടമസ്ഥാവകാശ കൈമാറ്റം ഔദ്യോഗികമായി പൂർത്തിയായിട്ടില്ല. കാരണം, ഇതിന് വിവിധ തലങ്ങളിലുള്ള സർക്കാർ അനുമതികൾ അനിവാര്യമാണ്. എന്നാൽ, സംസ്ഥാന സർക്കാരിനെ ഇരുട്ടിൽ നിർത്തിക്കൊണ്ട്, അദാനി ഗ്രൂപ്പ് എം.എസ്.സിയുമായി കരാറിലെത്തുകയും ഈ വിവരം സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു എന്നതാണ് വിവാദത്തിന്റെ കാതൽ.

കേരള സർക്കാരും അദാനി ഗ്രൂപ്പും തമ്മിൽ 2015-ൽ ഒപ്പുവെച്ച കൺസെഷൻ കരാർ പ്രകാരം, ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് കർശനമായ വ്യവസ്ഥകളുണ്ട്. കൺസെഷൻ കരാർ അനുസരിച്ച്, തുറമുഖത്തിന്റെ 25 ശതമാനത്തിൽ കൂടുതൽ ഓഹരികൾ മറ്റൊരാൾക്ക് കൈമാറുന്നത് ‘ഉടമസ്ഥാവകാശ മാറ്റമായി’ കണക്കാക്കപ്പെടും. ഇത്തരത്തിൽ 25 ശതമാനത്തിലധികം ഓഹരികൾ വിൽക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ രേഖാമൂലമുള്ള അനുമതി നിർബന്ധമായും വാങ്ങിയിരിക്കണം. ഇവിടെ 49 ശതമാനം ഓഹരികളാണ് എം.എസ്.സിയുടെ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന് നൽകാൻ തീരുമാനിച്ചത്. മുൻകൂർ അനുമതി തേടാതെ ഏകപക്ഷീയമായി സെബിയെ വിവരമറിയിച്ച അദാനിയുടെ നടപടി കരാർ ലംഘനത്തിന്റെ പരിധിയിൽ വരുന്നതാണ്.

വിവാദം രൂക്ഷമായതോടെ അദാനി ഗ്രൂപ്പ് തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. വിഴിഞ്ഞം തുറമുഖത്തിന്റെ മുഴുവൻ നിയന്ത്രണവും കൈമാറുന്നില്ലെന്നും, എം.എസ്.സിക്ക് ഒരു ‘ടെർമിനലിന്റെ’ നടത്തിപ്പിൽ മാത്രമാണ് പങ്കാളിത്തം നൽകുന്നതെന്നുമാണ് അദാനിയുടെ വിശദീകരണം. മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമമായ ഓഹരി കൈമാറ്റ നടപടികളിലേക്ക് കടക്കൂ എന്നും അവർ പിന്നീട് വ്യക്തമാക്കി. എങ്കിലും, സംസ്ഥാന സർക്കാരിനോട് ആലോചിക്കാതെ 13,000 കോടി രൂപയുടെ ഈ വമ്പൻ കച്ചവടം ഉറപ്പിച്ചത് അദാനിയുടെ ധാർഷ്ട്യമായാണ് വിലയിരുത്തപ്പെടുന്നത്. പി.പി.പി മോഡലിൽ നിർമ്മിക്കുന്ന ഈ പദ്ധതിയിൽ 500 ഏക്കർ ഭൂമിയും, കോടിക്കണക്കിന് രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടും നൽകിയത് കേരള സർക്കാരാണ്. അതുകൊണ്ട് തന്നെ യഥാർത്ഥ ‘ലാൻഡ് ലോർഡ്’ എന്ന നിലയിൽ സർക്കാരിനെ മറികടന്ന് അദാനിക്ക് ഒന്നും ചെയ്യാനാവില്ല എന്നതാണ് കരാർ വ്യക്തമാക്കുന്നത്.

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ നീക്കങ്ങളും അവകാശവാദങ്ങളും

ഇപ്പോഴത്തെ ഓഹരി കൈമാറ്റ നീക്കങ്ങൾ പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലിരുന്ന കാലത്ത് തന്നെ എം.എസ്.സിയുമായി അദാനി ചർച്ചകൾ തുടങ്ങിയിരുന്നു എന്നതിന്റെ സൂചനകൾ വ്യക്തമാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ചൂണ്ടിക്കാണിച്ചതുപോലെ, സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയിൽ എം.എസ്.സി വിഴിഞ്ഞത്തേക്ക് വരുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ നേരത്തേ വന്നിരുന്നു. മറ്റ് മാധ്യമങ്ങളിലും വന്നിരുന്നു എങ്കിലും വിഴിഞ്ഞത്ത് എം.എസ്.സി യുടെ ടെർമിനൽ വരുന്നു എന്ന കൃത്യമായ വാർത്ത വന്നത് ദേശാഭിമാനിയിൽ മാത്രമാണ്. തീർച്ചയായും ഇടതു സർക്കാരിൻ്റെ ഒദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരമായിരിക്കാം അത്.

കഴിഞ്ഞ കുറച്ചു കാലങ്ങളായി എം.എസ്.സി കമ്പനിയുടെ കൂറ്റൻ കപ്പലുകൾ വിഴിഞ്ഞത്ത് നങ്കൂരമിട്ടതും, അവർ വിഴിഞ്ഞത്ത് ടെർമിനൽ കൊണ്ടുവരാൻ താല്പര്യം പ്രകടിപ്പിച്ചതും തങ്ങളുടെ ‘ഭരണ നേട്ടമായി’ കൊട്ടിഘോഷിച്ചത് മുൻ പിണറായി വിജയൻ സർക്കാരും എൽ.ഡി.എഫ് നേതാക്കളുമായിരുന്നു. ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം.എസ്.സി വിഴിഞ്ഞത്തേക്ക് എത്തുന്നത് കേരളത്തിന്റെ വ്യവസായിക കുതിപ്പിന് കാരണമാകുമെന്ന് ഇടത് നേതാക്കൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇടതു സർക്കാർ സംഘടിപ്പിച്ച വിഴിഞ്ഞം കോൺക്ലേവിൽ എം.എസ്.സി വന്നതും ഇടതുപക്ഷ സർക്കാരിന്റെ വികസന നേട്ടമായാണ് അവർ പറഞ്ഞിരുന്നത്. അതായത്, എം.എസ്.സിയുമായുള്ള അദാനിയുടെ ചർച്ചകൾ എൽ.ഡി.എഫ് സർക്കാരിന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും, അതിന് അവർ പരോക്ഷമായോ പ്രത്യക്ഷമായോ പിന്തുണ നൽകിയിരുന്നുവെന്നും നിലവിലെ യു.ഡി.എഫ് സർക്കാർ ആരോപിക്കുന്നു. എല്ലാം അറിഞ്ഞുകൊണ്ട് മൗനം പാലിച്ച ശേഷം, ഇപ്പോൾ പ്രതിപക്ഷത്തിരിക്കുമ്പോൾ എൽ.ഡി.എഫ് ഇതിനെതിരെ രംഗത്തുവരുന്നത് ഇരട്ടത്താപ്പാണെന്നാണ് ഭരണപക്ഷത്തിന്റെ വാദം.

യു.ഡി.എഫിനെ ചോദ്യം ചെയ്യാൻ എൽ.ഡി.എഫിന് ധാർമികമായി സാധിക്കുമോ?

നിലവിൽ വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാരിനെതിരെ സി.പി.എമ്മും എൽ.ഡി.എഫും ശക്തമായ സമര രംഗത്തുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിലും പുറത്തും ചോദിക്കുന്നത്, “സംസ്ഥാന സർക്കാരിനോട് ചോദിക്കാതെ ഓഹരി വിൽക്കാൻ അദാനിക്ക് എങ്ങനെ ധൈര്യം വന്നു?” എന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ യു.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കാൻ എൽ.ഡി.എഫിന് എത്രത്തോളം ധാർമിക അവകാശമുണ്ട് എന്നത് വലിയൊരു ചോദ്യചിഹ്നമാണ്.

വിഴിഞ്ഞം പദ്ധതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മലക്കംമറിച്ചിലുകൾ നടത്തിയിട്ടുള്ളത് സി.പി.എമ്മാണ്. 2015-ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അദാനിയുമായി വിഴിഞ്ഞം കരാർ ഒപ്പിട്ടപ്പോൾ, അതിനെ “6000 കോടി രൂപയുടെ കടൽക്കൊള്ള” എന്നും “റിയൽ എസ്റ്റേറ്റ് കച്ചവടം” എന്നും വിളിച്ച് ആക്ഷേപിച്ചത് അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നു. എന്നാൽ, 2016-ൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നതോടെ കഥ മാറി. ‘കടൽക്കൊള്ള’ എന്ന് വിളിച്ച അതേ പദ്ധതിയുടെ ഏറ്റവും വലിയ അംബാസഡറായി പിണറായി വിജയൻ മാറി. അദാനിക്ക് സർവ്വ പിന്തുണയും നൽകി ചുവപ്പുപരവതാനി വിരിച്ച എൽ.ഡി.എഫ് സർക്കാർ, മുൻപ് ഉന്നയിച്ച അഴിമതി ആരോപണങ്ങളെല്ലാം കാറ്റിൽ പറത്തി. പദ്ധതിയുടെ ഉദ്ഘാടനവും മറ്റ് ആഘോഷങ്ങളും സ്വന്തം നേട്ടമായി അവർ അവതരിപ്പിച്ചു.

അദാനിക്ക് കേരളത്തിന്റെ തീരം തീറെഴുതിക്കൊടുത്തുവെന്ന് പണ്ട് ആരോപിച്ചവർ തന്നെ അധികാരത്തിലിരുന്ന എട്ടു വർഷക്കാലം അദാനിയുടെ എല്ലാ താല്പര്യങ്ങൾക്കും ഒപ്പം നിൽക്കുകയാണുണ്ടായത്. മാത്രമല്ല, അവരുടെ കാലത്താണ് എം.എസ്.സിയുമായുള്ള ചർച്ചകൾ പുരോഗമിച്ചതും അത് നേട്ടമായി അവതരിപ്പിച്ചതും. അന്ന് അദാനിയെ അന്ധമായി പിന്തുണച്ച എൽ.ഡി.എഫ്, ഇപ്പോൾ ഭരണത്തിൽ നിന്ന് താഴെയിറങ്ങിയപ്പോൾ വീണ്ടും പഴയ ‘കടൽക്കൊള്ള’ വാദവുമായി വരുന്നത് തികഞ്ഞ രാഷ്ട്രീയ അവസരവാദമാണെന്നത് വ്യക്തമാണ്.

യു.ഡി.എഫ് സർക്കാരിന്റെ താല്പര്യവും മുഖ്യമന്ത്രി വി.ഡി. സതീശന്റെ നടപടികളും

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കിയ ഉമ്മൻചാണ്ടി സർക്കാരിന്റെ തുടർച്ചയായ ഇന്നത്തെ യു.ഡി.എഫ് സർക്കാരിനെ സംബന്ധിച്ചിടത്തോളം ഈ തുറമുഖം കേരളത്തിന്റെ സാമ്പത്തിക വികസനത്തിന്റെ അടിക്കല്ലാണ് എന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ പദ്ധതി തടസ്സപ്പെടാതെ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് യു.ഡി.എഫിൻ്റെ താത്പര്യം എന്ന് വ്യക്തമാണ്. എന്നാൽ സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ ഒട്ടും ഹനിക്കപ്പെടാതിരിക്കുക എന്ന കാര്യം ഉറപ്പാണെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്.

ഓഹരി കൈമാറ്റ വാർത്തകൾ പുറത്തുവന്നയുടനെ തന്നെ മുഖ്യമന്ത്രി വി.ഡി. സതീശൻ സംസ്ഥാന സർക്കാരിനെ അറിയിക്കാതെ സെബിയെ സമീപിച്ച അദാനി ഗ്രൂപ്പിന്റെ നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. അദാനി പോർട്സ് മാനേജ്‌മെന്റിനെ നേരിട്ട് വിളിച്ച് സർക്കാരിന്റെ പ്രതിഷേധം അറിയിച്ചു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കൺസെഷൻ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടുള്ള ഒരു ഓഹരി കൈമാറ്റവും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനെ അറിയിച്ചു.

അദാനി എം.എസ്.സിക്ക് ഓഹരി കൈമാറുന്നതിലെ നിയമപരമായ വശങ്ങൾ പഠിക്കാനും, സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്ക് അത് വിരുദ്ധമാണോ എന്ന് പരിശോധിക്കാനുമായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതിയെ മന്ത്രിസഭാ യോഗം തീരുമാനപ്രകാരം നിയോഗിച്ചു. അതായത് സർക്കാർ ഓഹരി വിൽപനയെ ശക്തമായി എതിർക്കുന്നില്ല എന്നർത്ഥം. കരാർ വ്യവസ്ഥകൾ അണുവിട തെറ്റാതെ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് യു.ഡി.എഫ് സർക്കാരിന്റെ സമീപനം എന്നാണ് മുഖ്യമന്ത്രിയുടെ വാദം. കുത്തകവൽക്കരണത്തിന് കൂട്ടുനിൽക്കില്ലെന്നും, നിയമോപദേശം ലഭിച്ച ശേഷം മാത്രമേ അദാനിയുടെ അപേക്ഷയിൽ അന്തിമ തീരുമാനമെടുക്കൂ എന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.

ഓഹരി വിൽപനാ നീക്കം എവിടെ വരെ? കേന്ദ്ര അനുമതിയുടെ അവസ്ഥ

നിലവിൽ അദാനി ഗ്രൂപ്പ് എം.എസ്.സിക്ക് 49% ഓഹരികൾ വിൽക്കുന്നതിനുള്ള തത്വത്തിലുള്ള ധാരണയിലെത്തുകയും സെബിയെ വിവരമറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഇടപാട് യാഥാർത്ഥ്യമാകണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെ (പ്രത്യേകിച്ച് ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം) സെക്യൂരിറ്റി ക്ലിയറൻസും വിദേശ നിക്ഷേപാനുമതിയും ആവശ്യമാണ്.

കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരും ഗൗതം അദാനിയും തമ്മിലുള്ള അഭേദ്യമായ ബന്ധം ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അതുകൊണ്ട് തന്നെ, അദാനിക്ക് കേന്ദ്രത്തിൽ നിന്നുള്ള അനുമതികൾ ലഭിക്കാൻ വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ, പി.പി.പി വ്യവസ്ഥയിൽ സംസ്ഥാന സർക്കാർ പ്രധാന പങ്കാളിയായ ഒരു പദ്ധതിയിൽ സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ കേന്ദ്രത്തിന് മാത്രം തീരുമാനം അടിച്ചേൽപ്പിക്കാൻ കഴിയില്ല. സംസ്ഥാന സർക്കാരിന്റെ അനുമതി നിഷേധിക്കപ്പെട്ടാൽ ഈ ഓഹരി കൈമാറ്റം നിയമക്കുരുക്കിലാകും. കേന്ദ്ര സർക്കാർ ഒരുപക്ഷേ അദാനിക്കൊപ്പം നിന്നാലും, കേരള സർക്കാർ കൺസെഷൻ കരാർ കർശനമായി നടപ്പിലാക്കിയാൽ ഓഹരി വിൽപന എളുപ്പമാകില്ല.

അദാനിയുടെ ചരിത്രം: ഹിൻഡൻബർഗ് റിപ്പോർട്ടും ഷെൽ കമ്പനികളും

വിഴിഞ്ഞത്തെ ഈ ഓഹരി കൈമാറ്റ വിവാദം കൂടുതൽ ഗൗരവമുള്ളതാകുന്നത് അദാനി ഗ്രൂപ്പിന്റെ മുൻകാല ചരിത്രം പരിശോധിക്കുമ്പോഴാണ്. 2023 ജനുവരിയിൽ അമേരിക്കൻ ഫോറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ട് ലോകത്തെ മുഴുവൻ ഞെട്ടിച്ച ഒന്നായിരുന്നു. “കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ്” എന്നാണ് അവർ അദാനിയുടെ സാമ്പത്തിക ഇടപാടുകളെ വിശേഷിപ്പിച്ചത്.

ഗൗതം അദാനിയുടെ സഹോദരനായ വിനോദ് അദാനിയുടെ നേതൃത്വത്തിൽ മൗറീഷ്യസ്, യു.എ.ഇ, കരീബിയൻ ദ്വീപുകൾ തുടങ്ങിയ നികുതി വെട്ടിപ്പ് രാജ്യങ്ങളിൽ ഡസൻ കണക്കിന് വ്യാജ ഷെൽ കമ്പനികൾ രൂപീകരിച്ച്, ആ കമ്പനികൾ വഴി അദാനി ഗ്രൂപ്പിന്റെ തന്നെ ഓഹരികൾ വാങ്ങി കൂട്ടി ഓഹരി വില കൃത്രിമമായി കുത്തനെ ഉയർത്തിയെന്നായിരുന്നു പ്രധാന ആരോപണം. ഇതിനെ ‘വാഷ് ട്രേഡിംഗ്’ എന്ന് വിളിക്കുന്നു. ഇങ്ങനെ കൃത്രിമമായി മൂല്യം വർദ്ധിപ്പിച്ച ഓഹരികൾ പണയം വെച്ചാണ് അദാനി ഗ്രൂപ്പ് ഇന്ത്യൻ ബാങ്കുകളിൽ നിന്ന് ലക്ഷക്കണക്കിന് കോടി രൂപയുടെ വായ്പകൾ സംഘടിപ്പിച്ചത്. പ്രൊമോട്ടർമാർക്ക് ഒരു കമ്പനിയിൽ പരമാവധി 75% ഓഹരികൾ മാത്രമേ പാടുള്ളൂ എന്ന സെബിയുടെ നിയമം കാറ്റിൽ പറത്തിക്കൊണ്ട്, ഈ ഷെൽ കമ്പനികൾ വഴി അദാനി കുടുംബം തന്നെ സ്വന്തം കമ്പനികളിൽ കൂടുതൽ നിക്ഷേപം നടത്തി മാർക്കറ്റ് നിയന്ത്രിച്ചു.

ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതിനെ തുടർന്ന് അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ 140 ബില്യൺ ഡോളറിന്റെ വൻ തകർച്ച നേരിടേണ്ടി വന്നിരുന്നു. ഇത്തരത്തിൽ സ്വന്തം ഓഹരികളുടെ വില കൃത്രിമമായി ഉയർത്തി കാണിച്ച് ലാഭമുണ്ടാക്കുന്ന ഒരു കോർപ്പറേറ്റ് ഭീമൻ, കേരളത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഒരു തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ 13,000 കോടി രൂപയ്ക്ക് ഒരു വിദേശ കമ്പനിക്ക് കൈമാറുമ്പോൾ അതിൽ ദുരൂഹതകളുണ്ടെന്ന് സംശയിക്കുന്നതിൽ തെറ്റില്ല. സ്വന്തം മൂലധനമില്ലാതെ, കേരളത്തിന്റെ തീരവും ഭൂമിയും പണയം വെച്ചും മറ്റുള്ളവർക്ക് വിറ്റും അദാനി കൊള്ളലാഭം കൊയ്യുകയാണോ എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു.

വിദേശ കുത്തകകളുടെ കടന്നുവരവും രാജ്യ സുരക്ഷാ – പാരിസ്ഥിതിക ആശങ്കകളും

ഏറ്റവും ഗൗരവമേറിയ വിഷയം ഇതാണ്, തീർത്തും പാരിസ്ഥിതിക ദുർബല പ്രദേശവും, തന്ത്രപ്രധാനവും, രാജ്യ സുരക്ഷാ വിഷയങ്ങളുമുള്ള കേരള തീരം പൂർണ്ണമായും വിദേശ കുത്തകകളുടെ അധീനതയിലായാൽ എന്ത് സംഭവിക്കും?

അന്താരാഷ്ട്ര കപ്പൽ ചാലിനോട് വളരെ ചേർന്ന് കിടക്കുന്ന വിഴിഞ്ഞം രാജ്യത്തിന്റെ നാവിക-പ്രതിരോധ സുരക്ഷയുടെ കാര്യത്തിൽ അതിനിർണ്ണായകമായ ഒരു പ്രദേശമാണ്. ഇത്രയും തന്ത്രപ്രധാനമായ ഒരു തുറമുഖത്തിന്റെ പകുതിയോളം നിയന്ത്രണം സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഒരു വിദേശ സ്വകാര്യ കമ്പനിക്ക് യാതൊരു സർക്കാർ നിയന്ത്രണങ്ങളുമില്ലാതെ ലഭിക്കുന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ വലിയ ഭീഷണിയാകാം. തുറമുഖത്തിന്റെ ഡാറ്റാ നിയന്ത്രണം, കപ്പലുകളുടെ വിവരങ്ങൾ, കാർഗോ കൈകാര്യം ചെയ്യൽ എന്നിവയിലൊക്കെ വിദേശ ഇടപെടലുകൾ ഉണ്ടാകാൻ ഇത് കാരണമാകും.

മറുവശത്ത്, അതിഭീകരമായ പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതങ്ങൾ നേരിടുന്ന പ്രദേശമാണ് വിഴിഞ്ഞം. തുറമുഖ നിർമ്മാണം ആരംഭിച്ചതിന് ശേഷം പൂന്തുറ മുതൽ അടിമലത്തുറ വരെയുള്ള തീരപ്രദേശങ്ങളിൽ വലിയ തോതിൽ കടലാക്രമണവും തീരശോഷണവും ഉണ്ടായിട്ടുണ്ട്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾക്ക് തങ്ങളുടെ വീടും ഉപജീവനമാർഗ്ഗവും നഷ്ടപ്പെട്ടു. ഇവരുടെ പുനരധിവാസവും നഷ്ടപരിഹാരവും ഇന്നും പൂർണ്ണമായി പരിഹരിക്കപ്പെടാത്ത വലിയൊരു മാനുഷിക പ്രശ്നമായി അവശേഷിക്കുന്നു. കോർപ്പറേറ്റ് ലാഭം മാത്രം ലക്ഷ്യം വെക്കുന്ന, യാതൊരു സാമൂഹിക പ്രതിബദ്ധതയുമില്ലാത്ത ഒരു അന്താരാഷ്ട്ര കുത്തക കമ്പനിയുടെ കയ്യിലേക്ക് തുറമുഖത്തിന്റെ നിയന്ത്രണം പോയാൽ, തീരദേശവാസികളുടെ അവകാശങ്ങളും അവരുടെ അതിജീവനത്തിനായുള്ള പോരാട്ടങ്ങളും പൂർണ്ണമായും അടിച്ചമർത്തപ്പെടാം. കേരളത്തിന്റെ ‘ബ്ലൂ എക്കോണമി’ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതിന് പകരം, വിദേശ കോർപ്പറേറ്റുകളുടെ ലാഭക്കൊതിക്ക് മാത്രമായി വഴിമാറും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് അത്യന്താപേക്ഷിതമാണ് എന്നതിൽ തർക്കമില്ല. എന്നാൽ, അത് കേരളത്തിന്റെ വിഭവങ്ങൾ ചൂഷണം ചെയ്യാനും, സംസ്ഥാനത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാനുമുള്ള അദാനിയുടെ ലൈസൻസായി മാറരുത്. 49 ശതമാനം ഓഹരികൾ എം.എസ്.സിക്ക് വിൽക്കാനുള്ള അദാനിയുടെ ഏകപക്ഷീയമായ നീക്കം കൺസെഷൻ കരാറിന്റെ നഗ്നമായ ലംഘനമാണ്.

ഈ വിഷയത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള രാഷ്ട്രീയ ചെളിവാരിയെറിയലുകൾക്കപ്പുറം, കേരളത്തിന്റെ പൊതുതാൽപര്യം സംരക്ഷിക്കുക എന്നതാണ് പ്രധാനം. വിഴിഞ്ഞത്തെ ‘കടൽക്കൊള്ള’ എന്ന് വിളിച്ച് പിന്നീട് അദാനിയെ വാരിപ്പുണർന്ന എൽ.ഡി.എഫിന്റെ ഇരട്ടത്താപ്പും, ഇപ്പോൾ പ്രതിപക്ഷത്തിരിക്കുമ്പോഴുള്ള അവരുടെ മുതലെടുപ്പ് രാഷ്ട്രീയവും ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. മറുഭാഗത്ത്, മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അദാനിക്ക് നൽകിയ മുന്നറിയിപ്പും ഉന്നതാധികാര സമിതിയുടെ രൂപീകരണവും സ്വാഗതാർഹമാണ്. ജനാധിപത്യ സമൂഹം ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതുമാണ്. ഹിൻഡൻബർഗ് റിപ്പോർട്ട് തുറന്നുകാട്ടിയ അദാനിയുടെ സാമ്പത്തിക തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ, വിഴിഞ്ഞത്തെ ഈ 13,000 കോടി രൂപയുടെ ഓഹരി കൈമാറ്റം സുതാര്യവും, സംസ്ഥാനത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലുമാണെന്ന് ഉറപ്പുവരുത്താൻ സർക്കാരിന് ബാധ്യതയുണ്ട്. പാരിസ്ഥിതിക സന്തുലിതാവസ്ഥയും രാജ്യസുരക്ഷയും മത്സ്യത്തൊഴിലാളികളുടെ ജീവനും സംരക്ഷിച്ചുകൊണ്ട് മാത്രമേ വിഴിഞ്ഞം പദ്ധതി മുന്നോട്ട് പോകാവൂ.

 

 

Related