ഇന്ത്യയിലെ ആദ്യത്തെ മെഗാ ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ ടെർമിനലായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2015 ലാണ് നിർമ്മാണം ആരംഭിക്കുന്നത്. അദാനി ഗ്രൂപ്പിനായിരുന്നു തുറമുഖത്തിന്റെ നിർമ്മാണ ചുമതല ഉണ്ടായിരുന്നത്. തുടക്കത്തിൽ പദ്ധതി ചെലവായി കണ്ടിരുന്നത് 7500 കോടി രൂപയാണ്. 8,867.14 കോടി രൂപയാണ് പദ്ധതി പൂർത്തീകരിച്ചപ്പോൾ ചിലവായത് എന്നാണ് പിണറായി സർക്കാരിലെ മന്ത്രിയായ വി.ൻ വാസവൻ പറഞ്ഞത്. മലാക്ക കടലിടുക്കിൽ നിന്നും പതിനെട്ട് കിലോമീറ്റർ അകലെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ സ്ഥാനം എന്നതും ഇരുപത്തിരണ്ട് മീറ്റർ ആഴമുള്ള തുറമുഖം എന്ന നിലയിലും വലിയ കപ്പലുകളെ ആകർഷിക്കുവാൻ തുറമുഖത്തിന് കഴിയുമെന്നാണ് അധികൃതരുടെ വാദം. നിലവിൽ ഇന്ത്യയുടെ നാല്പത് ശതമാനം കപ്പൽ ഗതാഗതവും നടക്കുന്നത് ശ്രീലങ്കയിലെ കൊളംബോ തുറമുഖം വഴി ആയതിനാൽ വിഴിഞ്ഞം പദ്ധതി പൂർത്തീകരിക്കപ്പെടുമ്പോൾ രാജ്യത്തിന്റെ കപ്പൽ ഗതാഗതത്തിന് നിർണായക സംഭാവനകൾ നൽകാൻ തുറമുഖത്തിന് സാധിക്കും എന്നാണ് വാദം. തലസ്ഥാന നഗരമായ തിരുവനന്തപുരത്തുനിന്നും വടക്ക് 20 കിലോമീറ്റർ അകലെയാണ് വിഴിഞ്ഞം എന്ന തീരദേശ പട്ടണം സ്ഥിതി ചെയ്യുന്നത്.
തുറമുഖം നിർമ്മാണവും പ്രദേശവാസികളുടെ ആശങ്കകളും
തുറമുഖം നിർമ്മാണം ആരംഭിക്കുന്നതിനു മുമ്പ് തന്നെ വിഴിഞ്ഞത്തെ പ്രദേശവാസികൾ സമരവുമായി രംഗത്തുണ്ട്. തിരക്കേറിയ വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിന്റെ ഇരുന്നൂറ്റി അൻപത് മീറ്റർ വടക്കായയാണ് വിഴിഞ്ഞം ആഴക്കടൽ തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇത് മത്സ്യബന്ധനത്തിന് ആശങ്കകൾ സൃഷ്ടിക്കുമെന്നും സമുദ്ര ജൈവവൈവിധ്യത്തെ ഇല്ലാതാക്കുമെന്നുമാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. തുറമുഖ പ്രദേശങ്ങളിൽ ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ തുറമുഖം ദോഷകരമായി ബാധിക്കും എന്നാണ് പ്രദേശവാസികളുടെ ആശങ്ക. ദക്ഷിണ കേരള തീരത്തെ ദുർബലമായ പാരിസ്ഥിതിക മേഖലയെ തുറമുഖ നിർമ്മാണം ദോഷകരമായി ബാധിക്കും എന്നാണ് സമുദ്ര പഠന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. തുറമുഖ പരിസരത്തെ നാല്പതോളം തീരദേശ ഗ്രാമങ്ങളിൽ നിന്നുള്ള പ്രദേശവാസികളാണ് വിഴിഞ്ഞം പോർട്ടിനെതിരെ സമരവുമായി രംഗത്തെത്തിയിരുന്നത്. തിരുവനന്തപുരം കത്തോലിക്ക അതിരൂപതയുടെ നിർലോഭമായ പിന്തുണയും സമരത്തിന് ഉണ്ടായിരുന്നു. ജനകീയ പ്രതിഷേധത്തെ തുടർന്ന് ഒരുവേള താൽക്കാലികമായി തുറമുഖ നിർമ്മാണം നിർത്തിവെക്കുക പോലും ഉണ്ടായി. “ഉത്തരവാദിത്തമില്ലാതെ നടപ്പിലാക്കിയ പദ്ധതി” എന്നാണ് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുൻ ശാസ്ത്രജ്ഞൻ ഡോക്ടർ കെ.വി തോമസ് വിഴിഞ്ഞം പദ്ധതിയെ വിശേഷിപ്പിച്ചത്. 2016-2022 കാലയളവിൽ വിഴിഞ്ഞം തുറമുഖത്തിന്റെ വടക്കൻ തീരദേശ പ്രദേശങ്ങളായ ശംഘുമുഖം, വലിയതുറ, ചെറിയതുറ എന്നിവിടങ്ങളിലെ തീരപ്രദേശം അപ്രത്യക്ഷമാകാൻ ആരംഭിച്ചു. തുറമുഖ നിർമ്മാണത്തെ തുടർന്നുള്ള കടൽ കയറ്റമാണ് ഇതിന് കാരണമായത്. 2019ൽ മാത്രം 170 കുടുംബങ്ങൾ കടൽ കയറ്റത്തെ തുടർന്ന് തങ്ങളുടെ വാസസ്ഥലം ഉപേക്ഷിച്ചു പോയി.
തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലിമിറ്റഡ് 2015 ൽ അദാനി പോർട്ടുമായി കരാർ ഒപ്പിട്ടത് മുതൽ ഡ്രഡ്ജിങ് നടപടികൾ ആരംഭിച്ചിരുന്നു. തുടർച്ചയായുള്ള ഡ്രഡ്ജിങ് പ്രവർത്തനങ്ങൾ കടലിന്റെ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കാൻ പോന്നതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ചും പാറക്കെട്ടുകളെ. ഈ പാറക്കെട്ടുകൾ ആണെങ്കിൽ നൂറ് കണക്കിന് കടൽ ജീവജാലങ്ങളുടെ വാസസ്ഥലമാണ്. കക്ക തൊഴിലാളികളെയും മത്സ്യത്തൊഴിലാളികളെയും ദോഷകരമായി ഈ പാരിസ്ഥിതിക നാശം ബാധിക്കും. തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി കപ്പൽച്ചാൽ 20 മീറ്റർ താഴ്ത്തിയെടുക്കാൻ ഡ്രിഡ്ജിങ് നടത്തിയത് മൂലം മത്സ്യബന്ധനത്തിൽ വൻ ഇടിവുണ്ടായതായി മത്സ്യത്തെൈാഴിലാളികൾ ആരോപിക്കുന്നുണ്ട്. തുറമുഖ നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും കടൽ ആവാസവ്യവസ്ഥയെയും പ്രതിലോമകരമായി ബാധിക്കും എന്ന് പരിസ്ഥിതി വിദഗ്ധരുടെ മുന്നറിയിപ്പ് നിലനിന്നിരുന്നു.
ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് എന്ന കൂട്ടായ്മ ഡ്രിഡ്ജിങ്ങിനെ തുടർന്ന് കടൽ ജീവജാലങ്ങളുടെ ആവാസ കേന്ദ്രമായ പാറക്കെട്ടുകൾ പലതും തകർന്നതായി കണ്ടെത്തിയിരുന്നു. വിഴിഞ്ഞത്ത് നിന്നും ഏതാണ്ട് നൂറ് കിലോമീറ്റർ അകലെയാണ് വഡ്ജ് ബാങ്ക് (wadge bank) സ്ഥിതിചെയ്യുന്നത്. പതിനായിരം ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന പരിസ്ഥിതി സമ്പന്നമായ മേഖലയാണിത്. ഇരുന്നൂറിലധികം വൈവിധ്യമാർന്ന മത്സ്യങ്ങളുടെയും ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകളും ഈ മേഖലയിൽ സ്ഥിതി ചെയ്യുന്നു. കേരള ഫിഷറീസ് വിഭാഗം അഡീഷണൽ ഡയറക്ടർ ആയിരുന്ന സഞ്ജീവ് ഘോഷ് തുറമുഖ നിർമ്മാണം വെഡ്ജ് ബാങ്കിനെ ഏതു രീതിയിൽ ബാധിക്കും എന്ന് പഠനം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജന്തുജാലങ്ങളുടെയും(fauna) സസ്യജാലങ്ങളുടെയും(flora) നിലനിൽപ്പിനെയും നിർമ്മാണ പ്രവർത്തനങ്ങൾ ദോഷകരമായി ബാധിക്കും എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
വിഴിഞ്ഞം പോലെ തന്നെയുള്ള ഒരു മത്സ്യബന്ധന പ്രദേശമാണ് തുറമുഖത്തിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന അടിമലത്തുറ എന്ന ഗ്രാമം. തുറമുഖം പ്രവർത്തനമാരംഭിച്ചതിനുശേഷം ഈ പ്രദേശം തുറമുഖ അധികൃതരുടെ കീഴിൽ വരുമെന്നും അത് മത്സ്യത്തൊഴിലാളികൾക്ക് അങ്ങോട്ടേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുമെന്ന ആശങ്ക സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പങ്കുവെക്കുന്നുണ്ട്. തുറമുഖ നിർമ്മാണം തീരത്തെ മണ്ണൊലിപ്പിനെയും, അതുവഴി മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും സാരമായി ബാധിക്കും എന്ന് തുടക്കം മുതലേ ആശങ്കകൾ നിലനിന്നിരുന്നു. 1970 ലാണ് കേരളത്തിലെ ആദ്യ ബ്രേക്ക് വാട്ടർ പൂന്തുറ-പനത്തുറ മേഖലയിൽ നിർമ്മിക്കപ്പെടുന്നത്. 1970 മുതൽ പൂന്തുറ-പനത്തുറ മേഖലയിൽ തീരദേശ മണ്ണൊലിപ്പ് ആരംഭിച്ചിട്ടുമുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ മൂലമുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിലെ തടസ്സം വടക്കൻ തീരത്തെ വീണ്ടും ദുർബലമാക്കി.
പിൻ കുറിപ്പ്:
വികസന വിരുദ്ധം/ വിരുദ്ധർ എന്ന ചാപ്പ അടിച്ചാണ് അദാനി ഗ്രൂപ്പും സർക്കാരും പ്രതിഷേധക്കാരെ നേരിട്ട് നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയത്. തീരദേശ മേഖല നിയന്ത്രണ ചട്ടങ്ങൾ (coastal regulation zone – CRZ )ഇവിടെ പാലിക്കപ്പെട്ടില്ല എന്ന ആരോപണവും ഉയരുകയുണ്ടായി. മത്സ്യബന്ധനം ഉപജീവനമാർഗമായ കുടുംബങ്ങളെയും പ്രദേശവാസികളെയും വിശ്വാസത്തിൽ എടുത്തുകൊണ്ടുള്ള വികസനത്തിന് സർക്കാർ ഇവിടെ രൂപം കൊടുക്കേണ്ടതുണ്ട്. വികസനത്തെയും പരിസ്ഥിതിയെയും സമാന്തരമായി മുന്നോട്ട് കൊണ്ടുപോകുന്നതാണ് സമൂഹത്തിനും നാടിനും ഏറെ ഗുണപ്രദം.
