August 11 Tuesday 2026

വാർപ്പ് മാതൃകകളെ പൊളിച്ചടുക്കുന്ന വിലായത്ത് ബുദ്ധ

മലയാള സിനിമയിൽ മഹീന്ദ്രയുടെ ജീപ്പ് എന്ന വാഹനം പല തരത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ചരിത്രവും ഉപയോഗിക്കപ്പെട്ട രീതികളെയും കുറിച്ച് അന്വേഷിച്ചാൽ ഒരു പക്ഷെ ആഴത്തിലുള്ള പഠനങ്ങൾ അടക്കം ആവശ്യമുണ്ടാകും. പോലീസ് പോലെയുള്ള അധികാര സ്ഥാപനങ്ങൾ, കുടിയേറ്റ സമൂഹങ്ങൾ, യുവത്വങ്ങൾ, സാമ്പത്തിക സമൂഹങ്ങൾ, ഹൈറേഞ്ചിലെ യാത്രക്കാർ, പാട്ട് സീനുകളിൽ, ആക്ഷൻ/ചേസിംഗ് സീനുകളിൽ എല്ലാം മഹീന്ദ്രയുടെ ജീപ്പ് എന്ന വാഹനം ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ അവയൊക്കെ ഭൂരിഭാഗങ്ങളിലും ജീപ്പ് എന്ന ഒരു വാഹനത്തിന്റെ ഉടമസ്ഥർ, മധ്യവർഗങ്ങൾ, സർക്കാരുകൾ, ഉദ്യോഗസ്ഥർ, കുടിയേറ്റ സമൂഹങ്ങൾ എന്ന രീതിയിലൊക്കെയാണ് വിഭജിക്കപ്പെട്ടത്. പക്ഷെ വിലായത്ത് ബുദ്ധ എന്ന സിനിമയിൽ ഒരു ജീപ്പിൽ ഊന്തു വിളയാടുന്നത്, ഇവിടത്തെ പൊതു സമൂഹത്തെയും സർക്കാരുകളെയും ഭരണകൂടങ്ങളെയും അടക്കം എടുത്ത് കയ്യിൽ അമ്മാനമാടുന്ന ഒരു സബാൾട്ടേൺ സമൂഹത്തിൽ പെട്ട ഡബിൾ മോഹനൻ എന്ന പൃഥ്വിരാജിന്റെ കഥാപാത്രമാണ്. മനുഷ്യരുടെ യുദ്ധങ്ങളിൽ കുതിര എന്ന ‘വാഹനം’ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാക്കിയതുപോലെ ജീപ്പ് എന്ന വാഹനം മനുഷ്യരുടെ പുരോഗതിയിൽ പ്രത്യേകിച്ച് ഭൂമിയുടെ അധികാരങ്ങൾ വെട്ടിപ്പിടിക്കുന്നതിൽ , കച്ചവടങ്ങളിൽ , യാത്രകളിലൊക്കെ കുടിയേറ്റ സമൂഹങ്ങളുടെ ‘യുദ്ധ’ങ്ങളിൽ സഹായിച്ചിട്ടുമുണ്ട്. അത്തരം ഒരു വാഹനം ഇവിടെ വളരെ ഹീറോയിക് ആയി ഡബിൾ മോഹനൻ എന്ന കഥാപാത്രം ഉപയോഗിക്കുകയാണ്. ജീപ്പ് എന്നത് വിലായത്ത് ബുദ്ധയിൽ ഒരു പ്രധാന കഥാപാത്രം ആവുകയും അതിന്റെ അധികാരത്തിൽ/ഡ്രൈവിംഗ് സീറ്റിൽ ഒരു ദളിത് കീഴാള സമൂഹത്തിൽ പെട്ട മനുഷ്യൻ വരുന്നതും മലയാള സിനിമയിൽ ചിഹ്നപരമായ ഒരു വ്യത്യസ്തത കൂടിയാണ്.

മലയാള സിനിമയിലെ മുണ്ട് എന്ന വേഷവിധാനത്തിന്റെ രാഷ്ട്രീയം പ്രത്യേകിച്ച് രണ്ടായിരത്തിനു ശേഷം പുറത്തിറങ്ങിയ സിനിമകളിൽ പരിശോധിച്ച് നോക്കിയാൽ പല രാഷ്ട്രീയത്തിലേക്കും നമുക്ക് എത്താൻ കഴിയും. മുണ്ട് എന്ന ഒരു വസ്ത്രത്തിന്റെ കീഴാളവിരുദ്ധതയൊക്കെ അതിന്റെ ചരിത്രത്തിൽ തന്നെ ഉണ്ട്. തൽക്കാലം അത് മാറ്റി വെച്ച് കൊണ്ട് പുതിയ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ പുറത്തിറങ്ങിയ ഒറ്റപ്പാലം സവർണ്ണ ഹിന്ദുത്വ സിനിമകളിൽ മുണ്ട് എന്നത് പ്രധാനപ്പെട്ട ഒരു ചിഹ്ന വ്യവസ്ഥ ആയിരുന്നു.മലയാളിയുടെ പൊതു ബോധത്തിൽ നരസിംഹം , താണ്ഡവം , ചതുരംഗം , നാട്ടുരാജാവ് , വല്യേട്ടൻ തുടങ്ങിയ സിനിമകളിൽ മുണ്ട് എന്നത് വലിയൊരു മലയാളി ഹൈന്ദവ സവർണ്ണതയുടെ ചിഹ്ന വ്യവസ്ഥയുടെ രൂപമായി മാറുകയുമുണ്ടായി. ഇടത്തോട്ട് ഉടുക്കുന്ന മുണ്ട് പൊതു മലയാളിക്ക് പ്രശ്നവും ആയിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും ടെക്സ്റ്റൈൽ മാർക്കറ്റുകൾ മുണ്ടുകളുടെ വലിയ പരസ്യങ്ങളിലൂടെ ഈ വസ്ത്രത്തെ കേരളത്തിലെ പൊതു ബോധത്തിലേക്ക് അടിച്ചേൽപ്പിക്കയും ചെയ്തു. രാംരാജ് മുതലുള്ള പല ടെക്സ്റ്റൈൽസുകളും, ‘അഭിമാനമുണ്ട്’ പോലുള്ള പരസ്യ വാചകങ്ങളും മുണ്ട് പോലുള്ള വസ്ത്രങ്ങളെ തിരിച്ചു കൊണ്ടുവരുന്നതിനോ ഇവിടെ ഉള്ളതിനെ സ്ഥാപിക്കുന്നതിനോ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ആ പരസ്യങ്ങളിൽ ഒന്നും ഇടത്തോട്ട് ഉടുക്കുന്ന മുണ്ട് ഇല്ലാ താനും. വിലായത്ത് ബുദ്ധ എന്ന സിനിമയിൽ മുണ്ട് എന്ന അത്തരം ഒരു വസ്ത്രത്തിന്റെ ചിഹ്ന വ്യവസ്ഥയെ തകർത്തുകളയുന്നുണ്ട്. നരസിംഹം എന്ന സിനിമയിൽ ഒരു മാർക്കറ്റിൽ വെച്ച് മുണ്ടു മടക്കി കുത്തി അടിക്കുന്ന മോഹൻലാലിനെ തകിടം മറിച്ചു കൊണ്ട് വിലായത്ത് ബുദ്ധയിൽ പൃഥ്വിരാജിന്റെ ഡബിൾ മോഹനൻ ലുങ്കിയും ഷർട്ടും അതിന്റെ ഉള്ളിലെ ചുവന്ന കരയുള്ള ബനിയനും വെച്ച് അടിച്ചു തകർക്കുകയാണ്. അത്തരം ചില ചിഹ്ന വ്യവസ്ഥകളുടെ അട്ടിമറികൾ കൂടെ ഈ സിനിമ നടത്തുന്നു. ലുങ്കി ഉടുത്ത് ജീപ്പ് ഉപയോഗിച്ച് കൊണ്ട് ചന്ദന കള്ളക്കടത്ത് നടത്തുന്ന ഡബിൾ മോഹനനെ കാണാൻ രസമാണ്.

ഭരണകൂടം/കോടതി പോലും അയാളെ വെല്ലുവിളിക്കുകയാണ് . ഈ സിനിമയിലെ സുരാജിന്റെ ജഡ്ജി പറയുന്നത്, “ ഈ കോടതിയിലെ ചന്ദനമരം നീ കട്ട് കൊണ്ട് പോകണം.അതാണ് എന്റെ ഒരു ത്രിൽ ”.പക്ഷെ ഡബിൾ മോഹനൻ കോടതിയിൽ നിന്ന് മാത്രമല്ല , മറയൂർ എന്ന ആദിവാസി മേഖലയിൽ ഭൂമി കയ്യടക്കിവെച്ച് അധികാരകേന്ദ്രങ്ങളും ഭൂമിയുടെ മേലുള്ള അധികാരങ്ങളും തീർത്തിട്ടുള്ള സകലമാന കുടിയേറ്റ സവർണ്ണ സമൂഹങ്ങളുടെയും പറമ്പുകളിൽ കിടക്കുന്ന ചന്ദനമരം അടിച്ചു കൊണ്ട് പോവുകയാണ്.ദളിതരെയും ആദിവാസികളെയും , കീഴാളരെയും അടക്കമുള്ളവരെ അകറ്റിനിർത്തി, അടിമകളാക്കി , വംശീയ വിവേചനം നടത്തിയ സകലമാന സമൂഹങ്ങളോടും അയാൾ യുദ്ധം ചെയ്യുന്നുണ്ട്.അതേ സമയം അയാൾ പണി കൊടുക്കുന്നുമുണ്ട്. അതുപോലെ അയാൾ യാതൊരു വിധ തന്ത ചമയലുമില്ലാതെ ഒരു സംരക്ഷണ മനോഭാവവുമില്ലാതെ ആണ് ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ മകൾ ആയ ചോലയ്ക്കൽ ചൈതന്യയുമായി ബന്ധം സ്ഥാപിക്കുന്നത്. ഡബിൾ മോഹനൻ എന്ന കഥാപാത്രത്തിന്റെ അടിമ/ഉടമബന്ധത്തിനപ്പുറത്തുള്ള ആദിവാസികളോടുള്ള സൗഹൃദവുമാണ് അയാളെ വേറെ ഒരു തരത്തിലുള്ള പുതിയ മലയാള സിനിമ സൃഷ്ടിക്കുന്ന ഒരു നായക സങ്കൽപ്പ രൂപത്തിലേക്ക് സ്ഥാപിക്കുന്നത്.

മനുഷ്യൻ കണ്ടുപിടിച്ച ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിൽ ഒന്ന് ചക്രം തന്നെയാണ്. ഒരു പക്ഷെ അതിന് ശേഷം കണ്ടുപിടിച്ചിട്ടുള്ളത് ഈ ചക്രം സഞ്ചരിക്കാനുള്ള വഴി വെട്ടുക എന്നതുമാണ്.റോഡുകളുടെ, റെയിലുകളുടെ വികസനങ്ങൾ മനുഷ്യ സമൂഹങ്ങളെ പല തരത്തിലും അട്ടിമറിച്ചുകൊണ്ട് വികസന സമൂഹങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഞങ്ങളുടെയൊക്കെ ചെറുപ്പകാലങ്ങളിൽ റോഡ് ഇല്ലാത്ത കോളനികളിൽ ആരോഗ്യപ്രശ്നങ്ങൾ വന്നാൽ പൊതു ഇടവുമായി, ആശുപത്രികൾ പോലുള്ള ഇടങ്ങളുമായി ബന്ധപ്പെടുക എന്നത് അത്യന്തം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെ ആയിരുന്നു. കുടിയേറ്റ സമൂഹങ്ങളുടെ ചരക്കുനീക്കങ്ങൾക്കും കച്ചവടത്തിനും മലയോര മേഖലയിലെ റോഡ് വികസനങ്ങൾ സഹായിച്ചതുപോലെ കേരളത്തിലെ കോളനികളിലെ മനുഷ്യർക്ക് ഉദ്യോഗങ്ങളും തൊഴിലുമായി പ്രധാന പൊതു ഇടങ്ങളിലേക്ക് പ്രവേശനത്തിനും റോഡ് എന്ന വികാസം സഹായകമായിട്ടുണ്ട്. റോഡ് വലിയ ഒരു വികസനസാധ്യത കൂടെയാണ്. ഡബിൾ മോഹനൻ ഒരു കൊള്ളക്കാരൻ എന്നതിനപ്പുറം ആദിവാസി സമൂഹങ്ങൾക്ക് പ്രധാനമായി വേണ്ടത് ഒരു റോഡ് ആണ് എന്ന് ഒരു കുട്ടിയുടെ പാമ്പ് കടിയേറ്റുള്ള മരണത്തിലൂടെ തിരിച്ചു അറിയുന്നുണ്ട്. അയാളിൽ അതിലൂടെ ഒരു വികസന സങ്കല്പം രൂപപ്പെടുന്നുണ്ട്. ഇത്തരം ഒരു റോഡ് നിർമ്മാണം , അതിന്റെ ആചാരങ്ങൾ , അതിന്റെ ആഘോഷങ്ങൾ ഒക്കെ ചേർത്ത് വെച്ച് കൊണ്ട് പൃഥ്വിരാജ് എന്ന ഡബിൾ മോഹനൻ ഒരു എന്റർടെയിൻമെന്റ് സിനിമയിൽ രാഷ്ട്രീയമായി തന്നെ ഗംഭീര പൊളി പൊളിക്കുന്നുണ്ട്.

മലയാള സിനിമ കാലാകാലങ്ങളായി കൊണ്ട് നടത്തി കൊണ്ടുപോകുന്ന ഏറ്റവും പിന്നോക്കം വലിക്കുന്ന ബോറൻ പരസ്യ വാചകങ്ങളിൽ ഒന്നാണ് ‘കുടുംബസമേതം കാണാവുന്ന സിനിമ’ എന്ന ഒരു കോയിനേജ്. അത് ഒരു കുടുംബത്തിൽ അഞ്ചുപേർ സിനിമ കാണുന്നതിനുള്ള എക്കണോമിക്സ് എന്നതിന്റെ കൂടെ കുടുംബത്തിനൊപ്പം കാണുന്ന സദാചാരബോധത്തിൽ സിനിമ ആസ്വദിക്കുക എന്നൊരു അർത്ഥവും കൂടിയുണ്ട്. അത്തരം ലൈംഗികകതയുടെ സദാചാരബോധത്തിനെ തകർത്തു കാട്ടിലെറിയുന്നുണ്ട് വിലായത്ത് ബുദ്ധ എന്ന സിനിമ.അതിൽ ചൈതന്യ എന്ന ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ മകൾ ആയ കഥാപാത്രം ഒരു പക്ഷെ മലയാള സിനിമ തന്നെ കണ്ടിട്ടുള്ള ഏറ്റവും ബോൾഡ് ആയ ഒരു സ്ത്രീ ആയിരിക്കും. ‘തീട്ട ഭാസ്കരൻ’ എന്ന ഭാസ്കരൻ മാഷ് എന്ന കഥാപാത്രത്തെ കാണുമ്പോൾ ശരിക്കും ചിരി ആണ് വരിക. അയാൾ ഈ പൊതു ബോധത്തോടു തന്റെ മാനക്കേട് മായിച്ചു കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ, ഡബിൾ മോഹനൻ തന്റെ അധ്യാപകന്റെ കൂടെ നിൽക്കേണ്ടതായി വരുന്നു. ചൈതന്യയ്ക്ക് അത്തരം യാതൊരു വിധ മോറൽ ഡിലമ്മയും ഇല്ല.

ചൈതന്യയുടെ ജീവിതം ഒരു സെൻ വൈബിലാണ് മുന്നോട്ട് പോകുന്നത്. സമൂഹം അവൾക്ക് ഒരു പ്രശ്നമേ അല്ല. അടിച്ചാൽ തിരിച്ചു ചവിട്ടുക, പ്രണയിക്കുക, കാമിക്കുക തുടങ്ങിയ ജീവിതത്തിന്റെ
ആഘോഷ പരിപാടികളാണ് അവളുടേത്. അവൾക്ക് അവളുടെ അച്ഛൻ ആരാണ് എന്ന് അറിയേണ്ടതായിട്ടുള്ള സ്വത്വ പ്രതിസന്ധി ഒന്നും തന്നെ ഇല്ല.ചൈതന്യ എന്ന കഥാപാത്രം ദിവാകരൻ മാഷിന്റെ മകനറെ മുമ്പിൽ മുട്ടിനു മുകളിൽ പാവാട പൊക്കി കാലകത്തി വെച്ച് ഇരിക്കുന്ന ഈ സിനിമയിലെ ആദ്യത്തെ ഷോട്ടിൽ തന്നെ അവളുടെ വൈൽഡ്നെസ് ഈ സിനിമ നമുക്ക് കാട്ടിത്തരുന്നുമുണ്ട്.ഒരു പൊതു ഇടത്ത് വെച്ച് ലുങ്കി പൊക്കി ഡബിൾ മോഹനന്റെ ട്രൗസറിൽ നിന്ന് പൈസ എടുക്കുന്നത് , അതേ ഡബിൾ മോഹനനോട് “ ചന്ദനക്കടത്ത് നടത്തുന്ന നിന്നെയാണ് എനിക്കിഷ്ടം ” എന്ന് പറയുന്നത് , അയാളെ തന്റെ ബെഡ്‌റൂമിലേക്ക് വലിച്ചുകയറ്റുന്നത് , പൊതു ബോധത്തെ അട്ടിമറിക്കുന്ന ശരീര ചലനങ്ങളിലൂടെ രൂപപ്പെടുന്ന ലൈംഗികത എന്നിങ്ങനെ പല തരത്തിൽ ചൈതന്യ എന്ന കഥാപാത്രം ഡബിൾ മോഹനനെ പോലും പലപ്പോഴും ഇല്ലാതാക്കുന്നുമുണ്ട്. അത്തരത്തിൽ മലയാള സിനിമയുടെ ആഘോഷ രാഷ്ട്രീയത്തിൽ പുതിയ ഒരു ഗ്രാമർ വിലായത്ത് ബുദ്ധ എന്ന സിനിമയിൽ ചൈതന്യ എന്ന കഥാപാത്രം രൂപപ്പെടുത്തുന്നുമുണ്ട്.ചൈതന്യയെ സംബന്ധിച്ചിടത്തോളം , ചന്ദനം എന്നത് അമേധ്യത്തിന്റെ അടിയിൽ ഒളിപ്പിക്കേണ്ടതാണെങ്കിൽ അവൾ ഒളിപ്പിക്കും.

കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം അടക്കം ലൈംഗികത ഒരു ടൂൾ ആക്കി മനുഷ്യരെ വേട്ടപട്ടികളെ പോലെ ആക്രമിച്ച് ഊരുവിലക്കി സമൂഹത്തിൽ നിന്ന് പുറംതള്ളുന്നതിന്റെ ദൃശ്യത കൂടി ഈ സിനിമ മുന്നോട്ടു വെക്കുന്നുണ്ട്.ഇത്തരം ഇടതുപക്ഷ ‘പുരോഗമന’ പ്രേമമൊക്കെ ഈ സിനിമ തുറന്ന് അതിന്റെ മുഖം മൂടി വലിച്ചു കീറുന്നുണ്ട്. ഏറ്റവും രസം ബുദ്ധ എന്ന ഒരു ഫിലോസഫിക്കൽ കൺസെപ്റ്റിനെ ശബ്ദത്തിലൂടെയും ബി.ജി.എം-ലൂടെയും ഡയലോഗിലൂടെയുമൊക്കെ സിനിമയിൽ കൊണ്ടുവന്ന് അതിന്റെ അടിയിലൂടെ കള്ളക്കടത്ത് നടത്തുന്ന ഒരു ഗംഭീര പരിപാടി ഈ സിനിമ വിഷ്വലൈസ് ചെയ്യുന്നു എന്നത് കൂടെയാണ്. “ എന്നേക്കാൾ വലിയ ആശയം നിങ്ങൾക്ക് കിട്ടുകയാണെങ്കിൽ നിങ്ങൾ എന്നെ അങ്ങ് തട്ടിയേക്കു ” എന്ന് ബുദ്ധൻ പണ്ട് പറഞ്ഞതിന്റെ പിന്തുടർന്നൊ അല്ലാതെയോ മനുഷ്യർ/സമൂഹങ്ങൾ സൃഷ്ടിച്ചിട്ടുള്ള പലതരത്തിലുള്ള മോറൽ അടിവരയലുകൾ ഈ സിനിമ ബുദ്ധന്റെ പേര് വെച്ച് തന്നെ കള്ളക്കടത്തിലൂടെ അട്ടിമറിക്കുന്നു. അങ്ങനെ ‘ഇമ്മോറൽ’ ആയി ഈ സിനിമ പോകുന്നതുതന്നെ ഈ സിനിമയുടെ ഒരു ഫ്രെഷ്‌നസാണ്. കള്ളക്കടത്ത് ചന്ദനത്തിൽ നിന്ന് ബുദ്ധൻ രൂപപ്പെടുന്നതും ആ ബുദ്ധന്റെ വിഗ്രഹത്തിന്റെ ക്ലോസ്-അപ്പ് ഷോട്ടിൽ ജയൻ ‘നമ്പ്യാർ’ എന്ന ഡയറക്ടർ ടൈറ്റിൽ വരുന്നത് ഒരു മറ്റൊരു സിനിമാറ്റിക് പാരഡോക്സ് കൂടെയായിരിക്കാം.

Related