“ലോകമെമ്പാടുമുള്ള നിരവധി സർക്കാറുകളെ അട്ടിമറിച്ച ചരിത്രം അമേരിക്കക്ക് പറയാനുണ്ട്. അതുപോലെ ലോകത്തിലെ വലിയ സ്വേച്ഛാതിപതികൾക്കൊപ്പം നിന്ന ചരിത്രവുമുണ്ട്. അതിനാൽ സ്വാതന്ത്ര്യത്തേയും ജനാധിപത്യത്തേയും സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന അമേരിക്കൻ ആശയം തീർത്തും യാഥാർഥ്യവുമായോ സത്യവുമായോ പൊരുത്തപ്പെടുന്നതല്ല” എന്ന ചിക്കാഗോ യൂണിവേഴ്സിറ്റി പ്രഫസറും ഗ്രന്ഥകാരനുമായ ജോൺ മേർഷിമറിന്റെ അഭിപ്രായം അമേരിക്കയുടെ വെനിസ്വേല അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമാവുകയാണ്. തലസ്ഥാനമായ കരാക്കസിൽ അപ്രതീക്ഷിത രീതിയിൽ വ്യോമാക്രമണം നടത്തി നിക്കോളാസ് മദുറോയെയും പത്നിയേയും ബന്ദികളാക്കി യു എസ്സിലേക്ക് കൊണ്ടുപോയി ലാറ്റിനമേരിക്കൻ ഭൂതലത്തിൽ പുതിയ ഒരധിനിവേശത്തിന്റെ അപായ സൂചനകൾ ലോകത്തിന് മുൻപിൽ മുഴക്കിയിരിക്കുന്നു. അമേരിക്കൻ സ്വേച്ഛാതിപത്യത്തിന്റെ(American supremacy) ശരീര ഭാഷ്യത്തോടെ പത്രസമ്മേളനം നടത്തി “സുരക്ഷിതമായ അധികാര കൈമാറ്റം” (Safe transition) നടപ്പിലാക്കുന്നത് വരെ വെനിസ്വേല യു.എസ് അധികാരത്തിലായിരിക്കുമെന്നും ട്രൂത്ത് പോസ്റ്റിലൂടെ അധിനിവേശത്തിന്റെ ചിത്രങ്ങളും വാർത്തകളും ട്രംപ് പങ്കുവെക്കുകയുണ്ടായി. അമേരിക്കൻ സൈനിക ചരിത്രത്തിലെ അതിശയിപ്പിക്കുന്ന(spectacular) ഒരധ്യായമായിരുന്നു ഈ ആക്രമണമെന്ന് യു.എസ് വൃത്തങ്ങൾ വ്യക്തമാക്കുകയുണ്ടായി. ഒന്നുകൂടി കടന്ന് വെനിസ്വേല ആക്രമണം അമേരിക്കയുടെ പരമാധികാരത്തെയും സ്വൈരജീവിതത്തേയും അപായപ്പെടുത്താൻ ശ്രമിക്കുന്ന എല്ലാവർക്കുമുള്ള ചുട്ട മുന്നറിയിപ്പു കൂടിയാണ് എന്ന് ട്രംപ് തുറന്നടിച്ചു. യു.എസ് യുദ്ധക്കപ്പലായ ഐവോജിമയിൽ കറുത്ത തുണികളാൽ കണ്ണൂകൾ മൂടപ്പെട്ട മദുറോയുടെ ചിത്രം പങ്കുവെച്ചത് മേൽപറഞ്ഞ വിരട്ടലിൻ്റെ മറ്റൊരു ആങ്കിൾ കൂടിയാണെന്ന് കരുതേണ്ടിവരും. കരീബിയൻ കടലിൽ മാസങ്ങളായി റോന്തുചുറ്റുന്ന യു.എസ് യുദ്ധക്കപ്പലുകളും ഭീഷണികളുമായി ട്രംപ് ഭരണകൂടവും വെനിസ്വേലക്ക് ചുറ്റും കൂടിയത് അന്താരാഷ്ട്ര മേഖലയിൽ ഏറെ ചർച്ചയായിരുന്നു.നാർക്കോ ടെററിസം, മയക്കുമരുന്ന് ഇറക്കുമതിയും കയറ്റുമതിയും, വിനാശകരമായ ആയുധങ്ങൾ കൈവശം വെക്കൽ,അമേരിക്കക്കും ജനങ്ങൾ്ക്കുമിടയിലെ ഗൂഢാലോചന തുടങ്ങി മുൻകാലങ്ങളിൽ അധിനിവേശത്തിൻ്റെ സ്ഥിരം കാരണങ്ങൾ തന്നെയാണ് യു.എസ് വെനിസ്വേലക്കെതിരെയും നിരത്തുന്നത്. ഇവർക്കെതിരെ അമേരിക്കൻ നീതിന്യായമനുസരിച്ച് വിചാരണ നടപ്പാക്കുമെന്ന് അറ്റോർണി ജനറൽ പമേയ ബോണ്ടി വ്യക്തമാക്കുകയുണ്ടായി. മദുറോ ചെയ്ത കുറ്റങ്ങൾക്ക് രഹസ്യാന്വേഷണ ഏജൻസികൾ വശം മതിയായ തെളിവുകൾ (Over whelming evidences) ഉണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരങ്ങളിലൊന്ന് (303.22 ബില്യൺ ബാരൽ) കൈവശമുള്ള രാജ്യമാണ് (Heavy crude oil) വെനിസ്വേല. കൂടാതെ 200 ട്രില്യൺ ക്യൂബിക് അടി പ്രകൃതിവാതകം, അനവധി ധാതു വിഭവങ്ങൾ,ഇരുമ്പ് അയിരുകൾ, സ്വർണ്ണം, കൽക്കരി ശേഖരം തുടങ്ങി പ്രകൃതി വിഭവങ്ങളുടെ എണ്ണമറ്റ കലവറയായ വെനിസ്വേലയെ പിടിച്ചെടുക്കുന്നതിലൂടെ അമേരിക്കയുടെ ലക്ഷ്യം തീർത്തും സാമ്പത്തികം തന്നെയാണ് എന്നതിൽ രണ്ടഭിപ്രായമില്ല. ചൈനയുടേയും റഷ്യയുടേയും വെനിസ്വേലയിലുള്ള സ്വാധീനവും ചങ്ങാത്തവും യു എസ്സിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ചൈനക്ക് മാത്രമായി വെനിസ്വേലയിൽ അറുപത് ബില്ല്യൺ ഡോളർ നിക്ഷേപമുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 1976ൽ വ്യവസായം പൂർണ്ണമായും ദേശസാൽക്കരിച്ചത് അമേരിക്കൻ ഇടപെടലിനെ സാരമായി ബാധിച്ചു. അതുകൊണ്ട് തന്നെയാണ് അധിനിവേശം യു.എസ് എണ്ണ കമ്പനികൾക്ക് പുതിയ കച്ചവട വാതായനങ്ങൾ ട്രംപ് മടി കാണിക്കാത്തതും. അതുപോലെ രാജ്യത്തിൻ്റെ വൻകിട പ്രൊജക്റ്റുകളിൽ യു.എസ് പങ്കെടുക്കുമെന്നുകൂടി ട്രംപ് വ്യക്തമാക്കുന്നുണ്ട്. ഇത് പ്രത്യക്ഷത്തിൽ ചൈനയെ പോലുള്ള രാജ്യങ്ങളുടെ താല്പര്യങ്ങൾക്ക് തിരിച്ചടിയാകുമെന്നുറപ്പാണ്. യഥാർഥത്തിൽ ദീർഘകാലമായി വെനിസ്വേലയുടെ എണ്ണ വ്യവഹാര മേഖല പ്രതിസന്ധികൾ നേരിട്ടു വരികയാണ്. ഈ പ്രതിസന്ധികൾക്ക് കാരണം അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ തന്നെയാണെന്ന് ലോകത്തിനറിയാം. തകർന്നുകൊണ്ടിരിക്കുന്ന എണ്ണ വ്യവസായത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ (Oil infrastructure) വികസിപ്പിക്കാനും രാജ്യത്തിനാവശ്യമായ സാമ്പത്തിക വളർച്ച ശരവേഗത്തിൽ നേടിയെടുക്കാനും യു.എസ് കമ്പനികളുടെ സാന്നിധ്യം സഹായകമാകുമെന്ന് ട്രംപ് ആവർത്തിച്ച് പറയുന്നതിന് രണ്ട് മാനങ്ങളുണ്ട്. ഒന്ന് പ്രധാനമായും അന്താരാഷ്ട്ര എണ്ണവിപണിയുടെ നിയന്ത്രണം പിടിച്ചെടുക്കുക എന്നതാണെങ്കിലും മറ്റൊന്ന് ദീർഘകാലം വെനിസ്വേലയിൽ സാന്നിധ്യമുറപ്പിക്കാനുള്ള ജനങ്ങളുടെ പിന്തുണയും പ്രതീക്ഷിക്കുന്നതാണ്. ക്യൂബ, ഇറാൻ, റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി ഉറ്റ സൗഹൃദം പുലർത്തുന്ന വെനിസ്വേല അമേരിക്കൻ സാമ്രാജ്യത്വ താല്പര്യങ്ങൾക്ക് എക്കാലത്തും എതിര് നിൽക്കുന്ന ഒരു രാഷ്ട്രീയ പാരമ്പര്യം കാത്തു സൂക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ അമേരിക്കൻ കച്ചവട താല്പര്യങ്ങൾക്ക് ‘ചെക്ക്’ പറയാൻ മുൻ പ്രസിഡൻ്റ് ഹ്യൂഗോ ഷാാവേസിനും ഇപ്പോഴത്തെ പ്രസിഡൻ്റ് നിക്കോളാസ് മദുറോയ്ക്കും സാധിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും മദുറോ ഭരണത്തിൽ കുടുംബ വാഴ്ചയും സാമ്പത്തിക പ്രതിസന്ധികളും രാജ്യത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. അതിനേക്കാൾ പ്രധാനം ഈ രാജ്യത്തിനുമേൽ അമേരിക്ക നടത്തുന്ന ഉപരോധങ്ങളും ഗൂഢാലോചനകളുമാണ്.
സാമ്പത്തിക ഉപരോധം, അട്ടിമറി ശ്രമങ്ങൾ, ആഭ്യന്തര ഗ്രൂപ്പുകളെ വളർത്തിയെടുത്ത് ആയുധങ്ങളും പണവും നൽകി വിഘടന വിധ്വംസക പ്രവർത്തനങ്ങൾ നടത്തുക, പ്രതിപക്ഷ നേതാക്കളെ വിലക്കെടുക്കൽ, പാവസർക്കാരുകളെ വാഴിക്കൽ, അയൽ രാജ്യങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കൽ തുടങ്ങി അധിനിവേശത്തിനായി മറ്റു പല രാജ്യങ്ങളിൽ പ്രയോഗിച്ച് പരാജയപ്പെട്ട അതേ പഴയ വീഞ്ഞ് തന്നെയാണ് ‘നാർകോ ടെററിസം’ എന്ന പുതിയ കുപ്പിയിൽ അമേരിക്ക വെനിസ്വേലയിൽ വിളമ്പുന്നത്. കാര്യങ്ങളുടെ പോക്ക് ഒരേ ചാനലിൽ തന്നെയാണെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവായ മറിയ കോറിനോ മച്ചാഡോയെ മുൻനിർത്തി അമേരിക്ക കളിച്ചുകൊണ്ടിരിക്കുന്ന നാടകങ്ങൾ ഇതിൻ്റെ ഉദാഹരണങ്ങളാണ്. യു.എസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ കാരണം 303.22 ബില്ല്യൺ ബാരൽ ക്രൂഡ് ഓയിൽ ശേഖരത്തിൽ നിന്നും കയറ്റുമതി വരുമാനത്തിലൂടെ വെറും 4.05 ബില്ല്യൺ ഡോളർ മാത്രമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ 267.19 ബില്ല്യൺ ബാരൽ ശേഖരമുള്ള സൗദി അറേബ്യയുടെ ഓയിൽ കയറ്റുമതി വരുമാനം 181 ബില്ല്യൺ ഡോളറാണ്. വെടക്കാക്കി തനിച്ചാക്കുക എന്ന ചൊല്ലിനെ അന്വർഥമാക്കുകയാണ് ഈ വിഷയത്തിൽ അമേരിക്ക ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അനുമാനിക്കാം.
ലോകത്തിലെ സമാധാന പ്രേമികളായ ഒട്ടുമിക്ക രാജ്യങ്ങളും ഈ ജനാധിപത്യ വിരുദ്ധ നീക്കത്തെ ശക്തമായ ഭാഷയിൽ അപലപിക്കുകയുണ്ടായി എന്നത് ശ്ലാഘനീയമാണ്. ഗൗരവമായ അപായ സൂചനകളാണ് ഈ കടന്നുകയറ്റം നൽകുന്നതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യു.എസ് സെക്രട്ടറി ജനറൽ അഭിപ്രായപ്പെട്ടു. മറ്റൊരു രാജ്യത്തിൻ്റെ പരമാധികാരത്തിൽ കടന്നുകയറി അവിടുത്തെ ഭരണാധികാരിയെ ബന്ദിയാക്കി തട്ടിക്കൊണ്ടുപോയി ജനങ്ങളെ മുഴുവൻ ഭീതിയുടെ മുൾമുനയിലാക്കിയ ഈ ഭരണകൂട ഭീകരതയെ ആധുനിക ഭൗമ രാഷ്ട്രീയ പശ്ചാത്തലത്തിൽ എന്ത് പേരിട്ട് വിളിക്കുമെന്ന സന്ദേഹത്തിലാണ് ലോകം. നിലനിൽക്കുന്ന അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തി മസിൽ പവർ രാഷ്ട്രീയം കളിക്കുവാൻ ഏത് ഏജൻസിയാണ് യു.എസ്സിന് അധികാരം നൽകിയത് എന്നത് പ്രസക്തമായ ചോദ്യമാണ്.
