September 17 Thursday 2026

വന്ദേമാതരം: ദേശീയവാദ സംഗീതവും അക്രമണോത്സുക ഹിന്ദുത്വ രാഷ്‌ട്രവാദവും

പട്ടത്തും കൊച്ചിയിലെ കട്ടാരി ഭാഗിലും കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുമ്പോൾ എൺപതുകളിൽ സ്കൂളിൽ ഞങ്ങളെ കൊണ്ട് പാടിപ്പിക്കുന്ന കുറേ “ദേശീയോദ്ഗ്രഥന” ഗാനങ്ങൾ ഉണ്ടായിരുന്നു. അത്തരം പതിമൂന്ന് ഗാനങ്ങൾ സ്കൂളിൽ പഠിപ്പിച്ചിരുന്നു. ‘ജൻമകാരിണി ഭാരതം’ (മലയാളം), ഓടി വിളയാട് പാപ്പാ (തമിഴ് ), ആത്താ ഉടവു (മറാത്തി), ഏ മാട്ടിരെ (അസമി) ഇങ്ങനെ കുറേഎണ്ണം. ശരിക്കും അന്ന് ഇന്ത്യയിൽ ഉയർന്നു വന്ന പ്രാദേശിക (ദേശീയ?) പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇവ കൊണ്ടുവന്നത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് ആണ് ആദ്യം വന്നത്. ഈ ഗാനങ്ങൾ പാടുമ്പോൾ ഇവക്ക് പിന്നിലെ ഹിംസയെ കുറിച്ച് ബോധമുണ്ടായിരുന്നില്ല. കശ്മീർ, പഞ്ചാബ് തുടങ്ങിയ സ്ഥലത്തെ പ്രക്ഷോഭങ്ങളും അവയോടുള്ള ഭരണകൂടയിടപെടലുകളും അന്ന് ഭരണകൂടഭാക്ഷ്യത്തിലാണ് അറിഞ്ഞിരുന്നത്. പിന്നെ എത്ര കാലമെടുത്തു അവയുടെ മറ്റു വശങ്ങൾ മനസിലാക്കാൻ. സംഗീതം എന്നും ദേശീയവാദികളും ഭരണകൂടവും ഉപയോഗിച്ചിട്ടുണ്ട്. ‘ദേശീയോദ്ഗ്രഥനം’ എന്നത് അന്ന് ഒരു ഹിംസാത്മക പദ്ധതിയായിരുന്നു. അത് മറച്ചു വക്കാൻ സംഗീതം കാര്യമായിട്ട് ഉപയോഗിച്ചിട്ടുണ്ട്. ഇന്നിപ്പോൾ വന്ദേമാതരം നിർബന്ധിക്കുമ്പോൾ അതിന് പിന്നിൽ ഉള്ള അക്രമാണോത്സുക ഹിന്ദു ദേശീയവാദം വ്യക്തമാണ്.

2014 ല്‍ അഴിമുഖത്തിൽ എഴുതിയ “ദേശീയ വാദവും സംഗീതവും “എന്ന ലേഖനത്തിന്റെ കുറച്ചു ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു:
“ജാതിയും മതവും വർണവും ദേശവും ഭാഷയുമില്ലാത്ത ഒന്നാണ് സംഗീതമെന്ന നിഷ്ക്കളങ്കമായി പറയാൻ ചിലർ ശ്രമിക്കുമ്പോഴും ഇവയ്ക്ക് പുറത്തു ‘ശുദ്ധമായ’ ഒരു സംഗീതം ഇല്ലായെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിബന്ധനകളും നിരോധനവും നിർബന്ധങ്ങളുമൊക്കെ അടങ്ങുന്ന ഇതിലെ ‘ദേശീയത’യുടെ തലം ചരിത്രത്തിലുടനീളം കാണാം.

സംഗീതവുമായി ബന്ധപെട്ട അക്രമാണോത്സുക ദേശീയവാദ വ്യവഹാരങ്ങളുടെ ഉദാഹരണമെന്ന നിലയിൽ മറ്റൊരു ചരിത്ര സന്ദർഭത്തിലെയും സ്ഥലത്തെയും ഒരു ഉദാഹരണം പറയട്ടെ. റിച്ചാർഡ്‌ വാഗ്നറുടെ സംഗീതം നാസികളുടെ ദേശീയ വ്യവഹാരങ്ങളുമായി ഒത്തു പോകുന്നതായിരുന്നു. നാസികളുടെ പ്രചാരണ പരിപാടികളുടെ പ്രധാന ഉള്ളടക്കമായിരുന്നു വാഗ്നരുടെ സംഗീതം. ഹിറ്റ്ലർ തന്നെ പറഞ്ഞിട്ടുള്ളത് തനിക്കു ഒരു മുൻഗാമിയുണ്ടെങ്കിൽ അത് വാഗ്നർ ആയിരിക്കുമെന്നാണ്. കടുത്ത വംശീയവാദം സ്വയം ഉൾക്കൊണ്ടിരുന്ന വാഗ്നറിന്റെ സ്വാധീനം ഹിറ്റ്ലറുടെ രാഷ്ട്രീയ ബോധത്തെ രൂപീകരിക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു. ഇന്ത്യയിൽ ‘വന്ദേമാതരം’ എന്ന ഗാനം ഹിന്ദു ദേശീയ വാദത്തിന്റെ അക്രമോത്സുകത പ്രകടമാക്കുന്നത് പോലെ ആയിരുന്നിരിക്കണം നാസികളും വാഗ്നരിന്റെ സംഗീതവുമായുള്ള ബന്ധം. തീവ്ര ദേശീയതയും വംശീയതയും സംഗീത വ്യവഹാരങ്ങളുടെ ഭാഗമായി മാറിയിരുന്ന രണ്ടു ചരിത്ര സന്ദർഭങ്ങളാണ് ഇവ രണ്ടും.

ദേശീയഗാനമായ ജന ഗണ മനയെ കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുള്ളത് കൊണ്ട് ‘ദേശഭക്തി ഗാനം’ എന്ന് വിവക്ഷിക്കപ്പെടുന്ന ‘ഭാരതമെന്നാൽ പാരിന് നടുവിൽ എന്ന ഗാനത്തെ കുറിച്ചു പറയാം. 1964 ൽ ഇറങ്ങിയ ആദ്യകിരണങ്ങൾ’ എന്ന സിനിമയിലെ പാട്ടാണിത്. വ്യത്യസ്ത കാലഘട്ടങ്ങളിൽ ‘ദേശീയ വാദ’ വ്യവഹാരങ്ങൾ സിനിമകളിൽ വ്യത്യസ്തയിരുന്നത് പോലെ ‘ദേശാ ഭക്തി’ ഗാനങ്ങളും വ്യത്യസ്തമായിരുന്നു. ഈ ഗാനത്തെ പോലെ തന്നെ ഈ കാലഘട്ടത്തിൽ ഇറങ്ങിയ സ്കൂൾ മാസ്റ്റർ എന്ന സിനിമയിലെ ‘ജയ ജയ ജന്മ ഭൂമി’ എന്നാ ഗാനരംഗത്തിന്റെ പശ്ചാത്തലം സ്കൂൾ ആണ്. ആ കാലഘട്ടത്തിലെ സാമൂഹ്യ വ്യവഹാരങ്ങളിൽ ‘ദേശീയവാദം’ നിലനിന്നിരുന്നതിന്റെ രീതി ഇതിൽ നിന്നും മനസിലാക്കാം. ‘ദേശഭക്തി’ ഓരോ കാലത്തും അഭിസംഭോധന ചെയ്യുന്ന ധർമ സങ്കടങ്ങൾ ഓരോന്നാകാം എന്നത് അത് വ്യക്തമാക്കുന്നു.

വിഭജനം, സ്വാതന്ത്ര്യം എന്ന് അറിയപ്പെടുന്ന ചരിത്രപരമായ ഇടപാടുകൾക്ക് ശേഷം ‘ഇന്ത്യ’ എന്ന പുതിയ രാഷ്ട്രം നിലവിൽ വന്നതോട് കൂടി ദേശീയവാദ പ്രസ്ഥാനത്തിന് ഒട്ടേറെ ധർമ്മ സങ്കടങ്ങളുണ്ടായിരുന്നു എന്നത് ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ആന്തരികമായ പ്രതിസന്ധികളും പിളർപ്പുകളും നിറഞ്ഞ ഒന്നായിരുന്നു വിഭാവന ചെയ്യപ്പെട്ട രാഷ്ട്രം. വ്യത്യസ്ത ഭാഷകളും ജനതകളും സംസ്കാരങ്ങളുമൊക്കെ ‘രാഷ്ട്രം’ എന്നതിലേക്ക് എളുപ്പത്തിൽ ഉൾചേർക്കാൻ കഴിയാത്തവയായിരുന്നു. സോവിയറ്റ് മാതൃകയാൽ സ്വാധീനിക്കപെട്ട വളരെ ഭരണകൂട കേന്ദ്രീക്രിതമായ നെഹ്‌റുവിയാൻ വികസന സങ്കൽപങ്ങളും ക്ഷേമരാഷ്ട്ര സങ്കൽപങ്ങളും ഈ പ്രതിസന്ധികൾ ശരിക്കും നേരിട്ടി. ‘രാഷ്ട്ര നിർമാണം’ എന്ന ആശയം ആ നിലക്കാവണം അന്ന് ഉന്നയിക്കപ്പെട്ടത്‌. അക്കാലത്തെ സിനിമകളിൽ പഞ്ചവത്സര പദ്ധതികൾ മുന്നോട്ടു വച്ചിരുന്ന വികസന സങ്കൽപത്തെ കുറിച്ചുള്ള വ്യവഹാരങ്ങൾ പ്രകടമായിരുന്നതെങ്ങനെയെന്നു സഞ്ജയ്‌ ശ്രീവസ്തയുടെ ലത മങ്കേഷ്‌കറെ കുറിച്ചുള്ള ലേഖനത്തിൽ വാദിക്കുന്നുണ്ട്.

അന്നത്തെ സിനിമകളുടെ ചരിത്രത്തിലെ ‘രാഷ്ട്ര പുനർനിർമാണ’ വ്യവഹാരങ്ങൾ പഠിക്കപ്പെട്ടിട്ടുള്ളതാണ്. ‘ആദ്യകിരണങ്ങൾ’ എന്ന സിനിമയും അത്തരം ഒരു ‘ദേശീയവാദ’ വ്യവഹാരം ഉൾകൊള്ളുന്നു. ‘തന്തോന്നി’യായ നായകന് കുടുംബസ്ഥനായി ‘പരിവർത്തനം’ ചെയ്യപ്പെടുന്ന ആഖ്യാനത്തോടൊപ്പം ഗ്രാമ വികസനം, പോലെയുള്ള ദേശീയോദ്ഗ്രഥന, രാഷ്ട്ര പുനര‍നിർമാണ പ്രമേയങ്ങൾ ഒപ്പം സഞ്ചരിക്കുന്നുണ്ട്. അന്നത്തെ സിനിമകളിൽ ‘സ്കൂളുകൾ’ ഈ വ്യവഹാരത്തിന് പറ്റിയ ഇടങ്ങളായി കണ്ടിരുന്നു എന്ന് കാണാം. ആദ്യകിരണങ്ങൾ എന്ന സിനിമ ഇറങ്ങിയ അതെ വർഷം തന്നെയാണ് എസ്.ആർ പുട്ടണ്ണ സംവിധാനം ചെയ്ത ‘സ്കൂൾ മാസ്റ്റർ’ ഇറങ്ങുന്നത്. ഈ സിനിമയും ഇതേ പോലെ രാഷ്ട്ര പുനർനിർമാണ വ്യവഹാരം ഉൾകൊള്ളുന്നതായിരുന്നു. ഇതിലെ ‘ജയ ജയ ജന്മഭൂമി’ എന്നാ ഗാനം ഇത് വ്യക്തമാക്കുന്നു.

‘ഭാരതമെന്നാൽ പാരിൻ നടുവിൽ’ എന്ന പാട്ടിന്റെ വരികളിലെ രാഷ്ട്ര പുനർനിർമാണ രാഷ്ട്രീയം ശ്രദ്ധിക്കുക. രാഷ്ട്രത്തെ ഒരു പുതുക്കി പണിയേണ്ട ഒരു വീടായാണ് സങ്കൽപിച്ചിരിക്കുന്നത്. ‘വിരുന്നുവന്നവർ ഭരണം പറ്റി മുടിഞ്ഞു പണ്ടേ വീടാകെ. വീട് പുതുക്കി പണിയും വരെയും വിശ്രമമില്ലിനി മേൽ’ എന്ന വരി ഒരു ദൌത്യമായി ‘രാഷ്ട്ര പുനർനിർമാണ ഏറ്റെടുക്കാൻ ആഹ്വാനം ചെയ്യുന്നു. ‘ഗ്രാമം തോറും ക്ഷേമം വിതറി നടക്കാൻ’ ആഹ്വാനം ചെയ്യുന്ന ക്ഷേമരാഷ്ട്ര രാഷ്ട്രീയവും ഈ ഗാനത്തിൽ കേൾക്കാം. മിക്ക ദേശ ഭക്തി ഗാനങ്ങളും മാർച്ചിങ് സോങ്ങ് പാറ്റേൺ (pattern ) സ്വീകരിക്കുന്നത് ദേശീയ ബോധം എത്രത്തോളം ഒരു ദേശ രാഷ്ട്ര/ഭരണകൂട സങ്കൽപ്പമാണെന്നു വ്യക്തമാക്കുന്നു.

‘ദേശത്തെ’ കുറിച്ചുള്ള ‘ഭക്തി’ ഓരോ കാലഘട്ടത്തിലും മാറി വരാം. രാഷ്ട്രീയ മണ്ഡലത്തിൽ അംഗീരിക്കപ്പെടുന്ന ഒരേയൊരു സമുദായം ‘രാഷ്ട്ര’വും ഒരേയൊരു ഭക്തി ‘ദേശ ഭക്തി’യും ആണ് (രാഷ്ട്രഭക്തി എന്നാണു പറയേണ്ടത്). ഈ ഭക്തി അതാതു കാലത്തെ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് മാറുകയും ചെയ്യും. സിനിമയിലും പാട്ടിലും ആ കാലഘട്ടങ്ങളിലെ ദേശീയവാദത്തിന്റെ പ്രശ്നങ്ങൾ കാണാം. ഹിന്ദി സിനിമയായ മദർ ഇന്ത്യയിലെയും ആദ്യ കിരണങ്ങൾ എന്ന സിനിമയിലെയും അതിലെ പാട്ടുകളിലെ ദേശീയവാദ രൂപമല്ല പിന്നീട് എൺപതുകളിലെ ദേശീയവാദ ഗാനങ്ങളിൽ കാണുന്നത്. മിലേ സുർ തുമാര എന്ന ഗാനവും അതേകാലത്ത് തന്നെ ഇന്ത്യ സർക്കാർ സ്കൂളുകളിൽ നടപ്പാക്കിയ ‘ദേശീയോദ്ഗ്രഥന’ ഗാനങ്ങളും വ്യത്യസ്തമായ രാഷ്ട്രീയ പ്രശ്നങ്ങളെയാണ് അഭിസംബോധന ചെയ്തത്. കശ്മീർ, പഞ്ചാബ് തുടങ്ങിയിടത്തെ പ്രസ്ഥാനങ്ങൾ ‘അഖണ്ഡ’ ദേശീയ ആധിപത്യത്തിന് എതിരെ ഉയർത്തിയ രാഷ്ട്രീയ വെല്ലുവിളികളാണ് ദേശത്തെ കൊണ്ട് സംഗീതത്തിലൂടെ ‘ദേശീയോദ് ഗ്രഥനം’ എന്ന പരിപാടി ചെയ്യിപ്പിച്ചത്. തോക്ക് കൊണ്ടുള്ള നേരിട്ടുള്ള ആക്രമങ്ങളെ മറച്ചു കൊണ്ട് ദേശീയതയെ മഹത്വവത്കരിക്കുന്ന ഒരിടപാടു കൂടിയായിരുന്നു ഇത്. ദേശത്തിന്റെ ഹിംസയെ സാധൂകരിക്കുന്ന ഹിംസയായിരുന്നു ‘മിലെ സുർ മേരാ തുമാര’. ദേശീയഗാനം, ദേശ ഭക്തിഗാനങ്ങൾ എന്നിവ എല്ലാവരിൽ നിന്നും അച്ചടക്കം ആവശ്യപ്പെടുന്ന ഹിംസ ഉൾകൊള്ളുന്നു.

 

Related