September 16 Wednesday 2026

September 16 Wednesday 2026

ഉമർ ഖാലിദ് – ഷർജീൽ ഇമാം: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് തുറന്ന കത്തുമായി സാംസ്കാരിക പ്രവർത്തകർ

യുഎപിഎ നിയമങ്ങൾ അടക്കം ചുമത്തപ്പെട്ട് ജയിലഴികളിൽ കഴിയുന്ന ഉമർ ഖാലിദ്, ഷർജീൽ ഇമാം ഉൾപ്പെടെയുള്ളവരുടെ കേസുകളിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകരുടെയും അക്കാദമിക് വിദഗ്ധരുടെയും സംഘം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് തുറന്ന കത്തയച്ചു. 2020 ലെ ഡൽഹി കലാപ ഗൂഢാലോചന കേസിൽ അകപ്പെട്ട ഇരുവരും ആറു വർഷക്കാലമായി വിചാരണ തടവിലാണ്. രാമചന്ദ്ര ഗുഹ, അരുന്ധതി റോയ്, പ്രകാശ് രാജ്, യോഗേന്ദ്ര യാദവ്, അമിതാവ് ഘോഷ് തുടങ്ങി നൂറോളം പേർ ഒപ്പിട്ട കത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് പുറത്തു വന്നിരിക്കുന്നത്. വിയോജിപ്പുകളെ അടിച്ചമർത്താൻ ഇത്തരം നിയമങ്ങൾ ഉപയോഗിക്കുന്നത് നിർത്തലാക്കണമെന്നും, ഭരണഘടന ഉറപ്പു നൽകുന്ന വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാൻ കോടതി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

കെ.എ. നജീബ് വിധിന്യായത്തെക്കുറിച്ച് ചീഫ് ജസ്റ്റിസ് സ്വീഡനിൽ നടത്തിയ പ്രഭാഷണവും കത്തിൽ ഒപ്പിട്ടവർ ചൂണ്ടിക്കാട്ടി. ദീർഘകാല തടവ് വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകാനുള്ള സുപ്രീം കോടതിയുടെ അധികാരം അദ്ദേഹം പ്രഭാഷണത്തിൽ എടുത്തുകാണിച്ചിരുന്നു. സുപ്രധാന വിധി പുറപ്പെടുവിച്ച മൂന്നംഗ ബെഞ്ചിലും ചീഫ് ജസ്റ്റിസ് ഉണ്ടായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. വിചാരണ വൈകുന്നത് വ്യക്തിയുടെ വിചാരണയ്ക്കായുള്ള മൗലിക അവകാശത്തിന് മേലുള്ള കടന്നുകയറ്റം ആണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 900 സാക്ഷികളെയാണ് കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും എന്നിട്ടും വിചാരണ ആരംഭിച്ചിട്ടില്ലെന്നും വിവിധ കോടതികൾ ഇവരുടെ ജാമ്യാപേക്ഷകൾ തള്ളിക്കളയുകയാണെന്നും കത്ത് സൂചിപ്പിക്കുന്നു.

Related