August 9 Sunday 2026

യുഎപിഎ: മനുഷ്യാവകാശ ലംഘനം തടയാൻ അഭ്യന്തരമന്ത്രിക്ക് നിർദേശങ്ങൾ സമർപിച്ച് അലനും താഹയും

യുഎപിഎ നിയമം ഉപയോഗിച്ചുകൊണ്ട് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തടയാനും മനുഷ്യവകാശം ഉറപ്പുവരുത്താനും നടപടിയുണ്ടാകണമെന്ന് ആവശ്യവുമായി പന്തീരംകാവ് യുഎപിഎ കേസിൽ പ്രതിചേർക്കപ്പെട്ട അലൻ ഷുഹൈബും ത്വാഹ ഫസലും അഭ്യന്തമന്ത്രി രമേശ് ചെന്നിത്തലയെ സന്ദർശിച്ചു. കേരളത്തിൽ രജിസ്റ്റർ ചെയ്ത പല യുഎപിഎ കേസുകളിലും കുറ്റപത്രം പോലും സമർപിച്ചിട്ടില്ലെന്നും കേസിൽ ഉൾപ്പെട്ടവരെയും അവർക്കുവേണ്ടി നിയമസഹായമുൾപ്പെടെ പിന്തുണയുമായി വരുന്നവരെ പൊലീസ് നിരന്തരം വേട്ടയാടുകയാണെന്നും അഭ്യന്തരമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.

കേരളത്തിലെ ജയിലുകളിൽ UAPA കേസുകളിൽ കഴിയുന്നവരെ ഉപദ്രവിക്കുകയും മർദ്ദിക്കുകയും അന്യായമായി പൂട്ടി ഇടുന്ന സാഹചര്യവും ഉണ്ട്. കോടതി വിധികൾ പോലും കാറ്റിൽ പറത്തി വലിയ തോതിലുള്ള മനുഷ്യാവകാശ ധ്വംസനം ജയിലുകളിൽ നടക്കുന്നുണ്ട്. ചികിത്സ, വിദ്യാഭ്യാസം, തൊഴിൽ, വേതനം തുടങ്ങിയവ നിഷേധിക്കപ്പെടുന്നുവെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. യുഎപിഎ കേസുകളിൽ നടപ്പാക്കേണ്ട നിർദേശങ്ങളും കത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. അഭ്യന്തരമന്ത്രിക്കു പുറമെ, ഗതാഗത വകുപ്പ് മന്ത്രി സിപി ജോണിനേയും സന്ദർശിച്ച് നിർദേശങ്ങൾ കൈമാറി.

2019 ലാണ് വിദ്യാർത്ഥികളായ അലൻ ഷുഹൈബിനേയും താഹ ഫസലിനേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയ കേസ് ഒരു മാസത്തിനുള്ളിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു. പത്തു മാസത്തെ ജുഡീഷ്യൽ കസ്റ്റ്ഡിക്ക് ശേഷം 2020 സെപ്റ്റംബർ 10 ന് കൊച്ചിയിലെ എൻ.ഐ.എ പ്രത്യേക കോടതി ഇരുവർക്കും ജാമ്യം നൽകി. അലൻ ശുഐബും, താഹ ഫസലും നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനു തെളിവില്ലന്ന് പറഞ്ഞാണ് കോടതി ഇവർക്ക് ജാമ്യം നൽകിയത്. എന്നാൽ, പിന്നീട് താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. തുടർന്ന് സുപ്രീംകോടതിയിൽനിന്ന് ജാമ്യം നേടുകയും ചെയ്തു. പൗരാവകാശ-കല-സാംസ്കാരിക രംഗത്ത് സജീവമാണ് ഇരുവരും.

അഭ്യന്തരമന്തരിക്ക് നൽകിയ കത്തിൻറെ പൂർണരൂപം:

ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തല മുൻപാകെ,
വിഷയം: യു എ പി എ നിയമം ഉപയോഗിച്ചുകൊണ്ട് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് നടപടി എടുക്കുന്നതിന് വേണ്ടി.

സർ,
POTA, MISA, TADA തുടങ്ങിയ അനവധി ജനാധിപത്യവിരുദ്ധനിയമങ്ങൾ നമ്മുടെ രാജ്യത്ത് നിലവിലുണ്ടായിരുന്നു. അവയെല്ലാം അതാതു കാലഘട്ടങ്ങളിലെ സർക്കാറുകൾ ജനകീയ പ്രക്ഷോഭങ്ങൾ മുൻ നിർത്തി പിൻവലിക്കുകയായിരുന്നു.

2004 ൽ കോൺഗ്രസ് നേത്യത്ത്വതിലുള്ള UPA മുന്നണിയുടെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം തന്നെ POTA പിൻവലിക്കും എന്നായിരുന്നു. അധികാരത്തിൽ എത്തിയ ശേഷം അത് പിൻവലിക്കുകയും ചെയ്തു. എന്നാൽ, UPA സർക്കാരും പിന്നീട് BJP സർക്കാരും 1967 ൽ നിലവിൽ വന്ന UAPA എന്ന നിയമം ഭേദഗതി ചെയ്ത് ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വിരുദ്ധമായ രീതിയിൽ അതിനെ രൂപപ്പെടുത്തി.

അതിനുശേഷം രാജ്യത്തെ ദേശസ്നേഹികളായ ഒട്ടനവധി വിദ്യാർത്ഥികളെ, മനുഷ്യാവകാശ പ്രവർത്തകരെ, ട്രേഡ് യൂണിയൻ പ്രവർത്തകരെ, അധ്യാപകരെ, അഭിഭാഷകർ അങ്ങനെ മറ്റു സാമൂഹിക രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് നീണ്ട കാലം ജാമ്യം നിഷേധിച്ചു കൊണ്ട് ജയിലിൽ അടക്കുകയുണ്ടായി. യുഎപിഎ നിയമത്തിന്റെ 38,39 സെക്ഷനുകൾ ഭേദഗതി ചെയ്ത് കൊണ്ട് അന്നത്തെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന പി. ചിദംബരം പറഞ്ഞത് മാവോയിസ്റ്റ് ആണെങ്കിൽ പത്തു കൊല്ലം എങ്കിലും ജയിലിൽ കിടക്കേണ്ടി വരും എന്നാണ്. അതുപോലെതന്നെ 2014 വ്യാജ കുറ്റാരോപിതനായി അറസ്റ്റ് ചെയ്യപ്പെട്ട 90 ശതമാനം ഡിസേബിൾഡും രോഗിയുമായ ജിഎൻ സായിബാബ പത്ത് കൊല്ലം ജയിലിൽ കിടക്കുകയും പിന്നീട് സുപ്രീംകോടതി വെറുതെവിട്ട് ജയിലിൽ നിന്ന് ഇറങ്ങിയശേഷം ആറുമാസത്തിനുള്ളിൽ രോഗങ്ങൾ മൂർച്ഛിച്ച കാരണം അന്തരിക്കുകയും ചെയ്തു. BJP സർക്കാർ 2018ൽ രജിസ്റ്റർ ചെയ്ത ഭീമാ ഗോറേഗാവ് കേസ്, 2020 ൽ രജിസ്റ്റർ ചെയ്യപ്പെട്ട ഡൽഹി കലാപ കേസ് തുടങ്ങിയ കേസുകളുടെ പശ്ചാത്തലത്തിൽ ഒട്ടനവധി നിരപരാധികൾ ഇന്നും വ്യാജ ആരോപണത്തിന്റെ പുറത്ത് ജയിലുകളിൽ കിടക്കുകയും നീണ്ടകാലത്തെ ജയിൽവാസത്തിനു ശേഷം ജാമ്യം ലഭിചവർ ശക്തമായ ജാമ്യവ്യവസ്ഥകൾക്ക് വിധേയമായി ഉപജീവനമാർഗം പോലും മുടങ്ങി ജീവിച്ചു വരികയും ആണ്. ഇതുപോലെ ഒരുപാട് കേസുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. കേരളവും ഇതിനെ ഒരു അപവാദമല്ല.

ഉമ്മർ ഖാലിദ്, ശർജിൽ ഇമാം തുടങ്ങിയവർ അക്കാഡമിക് രംഗത്ത് ഒട്ടനവധി സംഭാവനകൾ നൽകേണ്ടിയിരുന്ന വിദ്യാർത്ഥികൾ ആയിരുന്നു. എന്നാൽ, യുഎപിഎ എന്ന ജനാധിപത്യവിരുദ്ധമായ നിയമം കാരണം അവർ ഇന്നും ജയിലുകളിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. 80 വയസ്സ് പ്രയമുള്ള ഫാദർ സ്റ്റാൻ സ്വാമിയെ പോലുള്ള സമൂഹത്തിന് ഒട്ടനവധി നല്ല കാര്യങ്ങൾ ചെയ്ത ഒരു മനുഷ്യൻ ജയിലിൽ വച്ച് മരണപ്പെടുന്ന സാഹചര്യമാണ് നമ്മുടെ രാജ്യത്ത്. ഒട്ടനവധി ആളുകൾ യുഎപിഎ നിയമം ചുമത്തപെട്ട് ദീർഘകാലം തടവിൽ കഴിഞ്ഞ് ജയിലുകളിൽ വച്ച് മരിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.

കേരളത്തിൽ 2007 മുതൽ ആണ് UAPA ചുമത്തി തുടങ്ങിയത്. പാനായിക്കുളം കേസിലും പിന്നീട് “പീപ്പിൾ മാർച്ച്‌” എന്ന മാഗസിനിന്റെ പത്രധിപർ ഗോവിന്ദൻ കുട്ടിക്കും എതിരെ ആണ് ആദ്യമായി UAPA ചുമത്തിയത്. പിന്നീട് വന്ന UDF, LDF സർക്കാറുകളും രാഷ്ട്രീയ പ്രവർത്തകർക്ക് നേരെ പോസ്റ്റർ ഒട്ടിച്ചു, നോട്ടീസ് വിതരണം ചെയ്തു, ജനകീയ സമരങ്ങളിൽ പങ്കെടുത്തു, പുസ്തകങ്ങൾ കൈവശം വച്ചു,തെരഞ്ഞെടുപ്പ് ബഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തു തുടങ്ങിയ പല കാരണങ്ങൾ പറഞ്ഞു UAPA ചുമത്തികൊണ്ടേയിരുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിത്യസ്തമായി കാര്യമായ ക്രമസമാധാനപ്രശ്നം ഇല്ലാത്ത സംസ്ഥാനമായിട്ടും ഇന്ത്യയിൽ ഏറ്റവും അധികം യുഎപിഎ കേസുകൾ രജിസ്റ്റർ ചെയ്തത് കേരളത്തിലാണ്.

എന്നാൽ, കേരളത്തിലെ ഭൂരിപക്ഷം കേസുകളിലും ഇപ്പോഴും വിചാരണ പോയിട്ട് കുറ്റപത്രം പോലും സമർപ്പിക്കാൻ കേരള പോലീസിന് കഴിഞ്ഞിട്ടില്ല. രണ്ടാമത്തെ യുഎപിഎ കേസ് ആയ”പീപ്പിൾ മാർച്ച്‌” എന്ന മാഗസിനിന്റെ പത്രധിപർ ഗോവിന്ദൻ കുട്ടിക്ക് എതിരെ 20 വർഷത്തിന് ശേഷവും കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ല. എൻഐഎ കേസുകൾ ഒഴികെ ഉള്ള വിചാരണ നടന്ന നമ്മുടെ അറിവിൽ ഉള്ള എല്ലാ കേസുകളിലും പ്രതികളെ വെറുതെ വിടുന്ന സാഹചര്യം ആണ് ഉണ്ടായത്. കേരളത്തിലെ ആദ്യ യുഎപിഎ കേസായ പാനായിക്കുളം കേസ് പോലും എൻഐഎ ഏറ്റെടുത്തെങ്കിലും വെറുതെ വിടുകകയാണ് പിന്നീട് ഉണ്ടായത്.

ദേശീയ തലത്തിലെന്നപോലെ കേരളത്തിലും ആളുകളെ നീണ്ട കാലം ജാമ്യം ഇല്ലാതെ ജയിലിൽ ഇടുന്നു. എന്നാൽ, UAPA യുടെ ശിക്ഷാ നിരക്ക് കുറവാണ്. അത് സൂചിപ്പിക്കുന്നത് തന്നെ ആ നിയമം എത്രത്തോളം ദുർവിനിയോഗം ചെയപെടുന്നു എന്നും നീതി രഹിതമാണ് എന്നുമാണ്. കഴിഞ്ഞ പത്ത് വർഷത്തെ LDF ഭരണ കാലത്താണ് ഏറ്റവും കൂടുതൽ UAPA കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേരളത്തിലെ ജയിലുകളിൽ UAPA കേസുകളിൽ കഴിയുന്നവരെ ഉപദ്രവിക്കുകയും മർദ്ദിക്കുകയും അന്യായമായി പൂട്ടി ഇടുന്ന സാഹചര്യവും ഉണ്ട്. കോടതി വിധികൾ പോലും കാറ്റിൽ പറത്തി വലിയ തോതിലുള്ള മനുഷ്യാവകാശ ധ്വംസനം ജയിലുകളിൽ നടക്കുന്നുണ്ട്. ചികിത്സ, വിദ്യാഭ്യാസം, തൊഴിൽ, വേതനം തുടങ്ങിയവ നിഷേധിക്കപെടുന്നു.

പോലീസ്, പ്രത്യേകിച്ച് സ്പെഷ്യൽ ബ്രാഞ്ച്, ATS പോലെയുള്ള വിഭാഗങ്ങൾ വളരെ മോശമായ രീതിയിൽ രാഷ്ട്രീയ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, വിദ്യാർത്ഥികൾ, സാമൂഹിക പ്രവർത്തകർ, യുഎപിഎ കേസുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അഭിഭാഷകർ അവരുടെ സഹായികൾ തുടങ്ങിയവരെ വീട്ടിൽ ഉൾപ്പെടെ ചെന്ന് ശല്യം ചെയ്യുകയും ഒരു ജനാധിപത്യ രീതിക്കും നിരക്കാത്ത തരത്തിൽ ഉപദ്രവിക്കുകയും ചെയ്യുന്നു. യുഎപിഎ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയവരെ പോലും കോടതികൾ നിരീക്ഷണങ്ങൾക്കായി വെച്ചിട്ടുള്ള മാനദണ്ഡങ്ങൾ മറികടന്നുകൊണ്ട് ഉപദ്രവിക്കുകയും താമസസ്ഥലം,ജോലി ഉൾപ്പെടെയുള്ള കാര്യങ്ങൾ ലഭിക്കാതിരിക്കാൻ ശ്രമിക്കുകയുമുണ്ടായയിരുന്നു.

ഇത്തരത്തിലുള്ള അനുഭവങ്ങളുടെയും സംഭവങ്ങളുടെയും വസ്തുതകളുടെയും വെളിച്ചത്തിൽ ഞങ്ങൾ സർക്കാറിന് മുമ്പിൽ ചില നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ്.

1. രാഷ്ട്രീയ പ്രചരണത്തിന്റെ പേരിൽ, നിരോധിത സംഘടനകളുടെ നോട്ടീസോ, ലഖുലേഖകളോ കൈവശം കണ്ടെത്തി എന്ന ആരോപണത്തിന്റെ പേരിൽ യുഎപിഎ ചുമത്തുന്ന രീതി പുനഃപരിശോധിക്കണം.

2. മതിയായ വിചാരണാനുമതി ഇല്ലാതെ പ്രതികൾ ഡിസ്ചാർജ് ചെയ്യപ്പെട്ട കേസുകളിൽ അപ്പീൽ നൽകുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കപെടണം.

3. സർക്കാറിനും ജനങ്ങൾക്കും സാമ്പത്തിക ഭാരം ഉണ്ടാക്കുന്ന നിലവിൽ വിചാരണ നടത്തി കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി പ്രതികളെ വെറുതെ വിട്ട കേസ്സുകൾക്ക് സമാനമായ സംഭവങ്ങളുള്ള കേസുകൾ അവസാനിപ്പിക്കണം.

4. നീണ്ടകാലമായി കുറ്റപത്രം സമർപ്പിക്കുകയോ വിചാരണ നടത്തുകയോ ചെയ്യാത്ത യുഎപിഎ കേസുകൾ അവസാനിപ്പിക്കണം.

5. രാഷ്ട്രീയ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, വിദ്യാർത്ഥികൾ, സാമൂഹിക പ്രവർത്തകർ, യുഎപിഎ കേസുകളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന അഭിഭാഷകർ അവരുടെ സഹായികൾ, കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയവർ തുടങ്ങിയവരെ പോലീസ് ശല്യം ചെയ്യുന്നത് അവസാനിപ്പിക്കുക.

6. ജയിലുകളിൽ തടവുകാരോടുള്ള വിവേചനവും മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കുക. പരിഷ്ക്കരണം എന്ന സർക്കാർ കാഴ്ച്ചപ്പാട് നാടപ്പിലാകുന്നുണ്ട് എന്ന ഉറപ്പ് വരുത്തി അതിനെതിരായി ഇത്തരം വിവേചനപരവും മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്ന ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുക.

ഈ ആവശ്യങ്ങളിൽ നീതിയുക്തവും ഉചിതമായ നടപടികൾ കൈ കൊള്ളണമെന്ന് പ്രതീക്ഷയോടെ അഭ്യർഥിക്കുന്നു.

എന്ന്,

Allan Shuaib
Thwaha Fasal. K

Related