August 11 Tuesday 2026

ട്രംപ് – നെതന്യാഹു കൂടിക്കാഴ്ചയും, സൗദിയുടെ രംഗപ്രവേശനവും

ടെഹ്‌റാൻ പിന്തുണയുള്ള ഇറാൻ സഖ്യങ്ങൾക്കെതിരെ സൗദി അറേബ്യ പരസ്യമായി പങ്കുചേർന്നതോടെ ഇറാൻ – യുഎസ് യുദ്ധം പുതിയൊരു വഴിത്തിരിവിലേക്ക് പ്രവേശിക്കുകയാണ്. ഇറാൻ തങ്ങളുടെ മുന്നിൽ യുദ്ധവിരാമത്തിനായുള്ള ചർച്ചയ്ക്കായി യാചിക്കുകയാണെന്ന് അമേരിക്ക പറയുമ്പോൾ അത്തരം ഒരു നയതന്ത്ര ആവശ്യം തങ്ങൾ മുന്നോട്ടു വെച്ചിട്ടില്ല എന്നാണ് ഇറാൻ വിദേശകാര്യ സഹമന്ത്രി തിരിച്ചടിച്ചത്.

സൗദി പ്രതിരോധ വകുപ്പ് മന്ത്രി ഖാലിദ് ബിൻ സൽമാൻ അമേരിക്കയിൽ എത്തി ട്രംപുമായും, വൈസ് പ്രസിഡന്റ് ജെഡി വാൻസുമായും നേരിൽ കൂടി കാഴ്ച നടത്തിയിരുന്നു. ഇറാന് ലെബനാനിലെയും സിറിയയിലെയും സ്വാധീനം നഷ്ടപ്പെട്ടതായും എന്നാൽ, യമനിലെ ഹൂതികൾക്കും ഇറാഖിലെ ഷിയാ മിലീഷ്യകൾക്കും ഇറാൻ പിന്തുണ നൽകുകന്നതായും ഖാലിദ് ബിൻ സൽമാൻ ഇരുവരെയും അറിയിച്ചു.

ചെങ്കടലിൽ സൗദിയുടെ കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് പറഞ്ഞ് ദിവസങ്ങൾക്കുള്ളിൽ അവർ സൗദി ടാങ്കറിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കുകയുണ്ടായി. സൗദി അറേബ്യയുടെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെയും എണ്ണ വ്യവസായത്തിനെതിരെയും ലക്ഷ്യം വെക്കുന്ന ഇറാനിനും സഖ്യകക്ഷികൾക്കും മുന്നറിയിപ്പ് നൽകാനാണ് ഇറാഖിലെ ഷിയാ മിലീഷ്യകൾക്കെതിരെയുള്ള അമേരിക്കയുടെ പോരാട്ടങ്ങൾക്ക് ഒപ്പം ചേരാൻ സൗദി തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാൻ പിന്തുണയുള്ള ശിയാ മിലീഷ്യകളുടെ കർതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇറാഖിന്റെ പാരാമിലിറ്ററി വിഭാഗം പോപ്പുലർ മൊബൈൽസേഷൻ ഫോഴ്സിന്റെ (പി എം എഫ് ) പ്രസ്താവന പ്രകാരം തങ്ങളുടെ 20 പോരാളികൾ കൊല്ലപ്പെട്ടതായി അവർ അംഗീകരിക്കുന്നുണ്ട്. ബാഗ്ദാദ്, വസിത്, നിനെവെ, ബസ്ര, കിർകുക്ക്‌, കർബല, ദിയാല, എന്നീ പിഎംഎഫ് ആസ്ഥാനങ്ങൾക്ക് നേരെയാണ് യുഎസ് – സൗദി സംയുക്ത വ്യോമക്രമണം ഉണ്ടാകുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെ പ്രകടമായി ലംഘിച്ച നടപടിയാണ് ഇറാഖിന് നേരെ നടന്ന യുഎസ് – സൗദി സംയുക്ത ആക്രമണമെന്ന് ഇറാഖ് കുറ്റപ്പെടുത്തുന്നു. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെയും റിയാദിലെയും എണ്ണ സംഭരണികൾക്ക് നേരെ ഇറാഖിലെ ശിയാ മിലിഷ്യ തൊടുത്തു വിട്ട ഡ്രോണുകൾ സൗദി നിർവീര്യമാക്കിയതിനെ തുടർന്നാണ് അമേരിക്കയുമായി ചേർന്നുകൊണ്ടുള്ള ഈ സംയുക്ത ആക്രമണത്തിലേക്ക്‌ വഴിതെളിച്ചത്തിന്റെ കാരണമായി സൗദി പറയുന്നത്. എന്നാൽ, സൗദിയുടെ ആരോപണങ്ങൾ വെറും കെട്ടുകഥകൾ മാത്രമാണെന്നും സൗദിയുടെ ഇത്തരം വിഡ്ഢിത്തപരമായ നടപടികൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളുടെ കൂട്ടായ്മയും വ്യക്തമാക്കുകയുണ്ടായി.

ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായി നടന്ന ട്രംപ് – നെതന്യാഹു കൂടി കാഴ്ചയ്ക്ക് ശേഷം നെതന്യാഹു അമേരിക്കയിൽ നിന്നും പുറപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് യുഎസ് – സൗദി സംയുക്ത വ്യോമക്രമണം ഇറാഖിൽ അരങ്ങേറുന്നത്. ഇസ്രായേൽ ,യു എ ഇ, ബഹ്റൈൻ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളുമായി അമേരിക്കയുടെ മധ്യസ്ഥതയിൽ മേഖലയിലെ സമാധാനത്തിനായി രൂപം കൊടുത്ത അബ്രഹാം അക്കോർഡിനെ കുറിച്ചും ട്രംപ് – നെതന്യാഹു കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്നു. സൗദി അറേബ്യയേയും കരാറിലേക്ക് ചേർക്കണം എന്നാണ് അമേരിക്കൻ ആഗ്രഹമെങ്കിലും ഫലസ്തീർ രാഷ്ട്രത്തെ ഇസ്രായേൽ അംഗീകരിക്കാതെ കരാറിനില്ല എന്ന നിലപാടാണ് സൗദിയുടേത്. 1967ലെ അതിർത്തി അടിസ്ഥാനമാക്കി കിഴക്കൻ ജെറുസലേമിനെ തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീർ രാഷ്ട്രം നിലവിൽ വന്നെങ്കിൽ മാത്രമേ ഇസ്രായേലിനെയും അബ്രഹാം അക്കോഡിനെയും അംഗീകരിക്കു എന്നതാണ് സൗദി അറേബ്യയുടെ എക്കാലത്തെയും കൈക്കൊണ്ട നിലപാട്. ജൂലൈ 22ന് അമേരിക്കയും സൗദി അറേബ്യയും ആണവ സഹകരണ കരാറിന് ഒപ്പുവെച്ചിരുന്നു. അമേരിക്കയുമായി സഹകരിച്ചുകൊണ്ടുള്ള പദ്ധതിയിലൂടെ 30 വർഷത്തെ പ്രയത്നത്തിലൂടെ ആണവോർജ ശക്തിയായി മാറാനും അതുവഴി എണ്ണ ആശ്രിത സമ്പത്ത് വ്യവസ്ഥയിൽ നിന്നും മറ്റ് സാമ്പത്തിക മേഖലകളിലേക്ക് സൗദിയെ മാറ്റാനും ആണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കണക്കുകൂട്ടുന്നത്. എന്നാൽ, ഈ ആണവ കരാറിൽ അമേരിക്ക ഭാഗമാക്കാവണമെങ്കിൽ സൗദി അബ്രഹാം അക്കോഡിൽ ഒപ്പുവെക്കണമെന്നാണ് അമേരിക്കൻ നിലപാട്. കരാർ ഒപ്പിടുന്ന വേളയിൽ ഈയൊരു ആവശ്യം അമേരിക്ക ഉന്നയിച്ചിരുന്നില്ല എന്നതും എടുത്തു പറയേണ്ട ഒന്നാണ്. ഈ അനിശ്ചിതത്വം സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ആഴം അത്രമാത്രം ഉള്ളതുകൊണ്ടാണ് ട്രംപ് നെതന്യാഹു ചർച്ചയിൽ ഈ വിഷയവും ചർച്ചയിൽ വരുമെന്ന് കരുതപ്പെട്ടത്.

കരാർ, ഉപരോധം, അതുമല്ലെങ്കിൽ പുതുക്കിയ സൈനിക നടപടി. ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ ചേർന്ന ട്രംപ് നെതന്യാഹു കൂടികാഴ്ചയിൽ ഇവ മൂന്നുമാണ് ചർച്ചയായത്. ആണവായുധങ്ങൾ നിർമ്മിക്കുന്നതിൽ നിന്ന് ഇറാനെ തടയുക, ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുക, ടെഹ്റാനിനുമേൽ നിയന്ത്രണം നിലനിർത്തുക എന്നീ മൂന്ന് നിർദ്ദേശങ്ങളാണ് നെതന്യാഹു ട്രംപിന് മുന്നിൽ വച്ചത്. മങ്ങിയ സ്വാഗതമാണ് വാഷിങ്ടണ്ണിൽ നെതന്യാഹുവിന് ട്രംപിൽ നിന്നും ലഭിച്ചത്. ലെബനാനിലും, ഗസ്സയിലും സമാധാന ചർച്ചകളെ മുന്നോട്ടുകൊണ്ടുപോകുന്നതിനെ ഏറെ ഗൗരവത്തോടെയാണ് ട്രംപ് നോക്കിക്കാണുന്നതെന്ന് അമേരിക്കൻ അധികൃതർ കൂടിക്കാഴ്ചയ്ക്ക് മുമ്പേ നെതന്യാഹുവിനെ അറിയിച്ചിരുന്നു. ഇരു നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ വർദ്ധിച്ചു വരുന്നതിനിടെയാണ് കൂടിക്കാഴ്ച നടന്നത്. ലെബനാനിൽ ഇസ്രായേൽ തുടർച്ചയായി നടത്തിവരുന്ന ആക്രമണങ്ങൾക്കും വെടിനിർത്തൽ കരാർ ലംഘനത്തിനുമെതിരെയും പരസ്യ വിമർശനവുമായി ട്രംപ് രംഗത്ത് വന്നിരുന്നു. നവംബറിൽ അമേരിക്കയിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് ഈ കൂടിക്കാഴ്ചയിൽ ട്രംപിനെ സ്വാധീനിച്ചിട്ടുണ്ട്. ഇസ്രായേലിൽ ഒക്ടോബർ 27ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ അമേരിക്കയുടെ പിന്തുണ നേടുക എന്ന ലക്ഷ്യവും വ്യക്തിപരമായി നെതന്യാഹുവിനും ഉണ്ട്.

ഇസ്രായേലിനോടുള്ള മികച്ച നയ സമീപനങ്ങൾ സ്വീകരിക്കുന്നതിനായി നെതന്യാഹു ട്രംപുമായി രാഷ്ട്രീയമായും വ്യക്തിപരമായും ഏറെ അടുപ്പം കാത്തു സൂക്ഷിക്കുന്നുണ്ടായിരുന്നു. യു എസ്സുമായുള്ള ഈ ബന്ധം വഷളാകുമ്പോൾ താൻ അമേരിക്കയുമായി എന്നും ചേർന്ന് നിന്ന ആളാണെന്ന നെതന്യാഹുവിന്റെ വാദം പുനഃപരിശോധനയ്ക്ക് വിധേയമാവുകയാണ്. സയണിസ്റ്റ് രാഷ്ട്രവുമായി ഏറ്റവും അധികം സഹകരിക്കുന്ന അമേരിക്കൻ പ്രസിഡണ്ടായി ഒരുവേള ട്രംപ് മാറിയിരുന്നു. എത്രത്തോളം എന്നാൽ തങ്ങളുടെ ഏറ്റവും വലിയ ശത്രു എന്ന് എല്ലാകാലത്തും നെതന്യാഹു പേർത്തും പേർത്തും പറഞ്ഞുകൊണ്ടിരുന്ന ഇറാനെ അമേരിക്കക്കൊപ്പം ആക്രമിക്കുക എന്ന തന്റെ എക്കാലത്തെയും വലിയ ചിരകാല സ്വപ്നം വരെ ട്രംപ് നെതന്യാഹുവിന് സാധിച്ചു കൊടുത്തിരുന്നു. അത്രത്തോളം എത്തിയ ട്രംപ് നെതന്യാഹു ബന്ധത്തിനാണ് നിലവിൽ ഉലച്ചിൽ തട്ടുന്നത്. ഇസ്രായേലുമായി കൂടിയാലോചിക്കാതെ പശ്ചിമേഷ്യയിൽ ട്രംപ് കരാറുകൾക്ക് മുതിരുന്നതും, അമേരിക്കയിൽ ഇസ്രായേലിനെതിരെ പ്രതിഷേധങ്ങൾ കടുക്കുന്നതും വിരൽ ചൂണ്ടുന്നത് നെതന്യാഹുവിന് പഴയതുപോലെ വൈറ്റ് ഹൗസ് വഴങ്ങില്ല എന്നതാണ്. അസോസിയേറ്റഡ് പ്രസ്സും, ചിക്കാഗോയിലെ എൻ ഒ ആർ സി യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തിയ പോളിങ്ങിൽ അമേരിക്കയിലെ മുതിർന്ന പൗരന്മാരുടെ ഇസ്രായേൽ ഭ്രമം ഗണ്യമായി കുറഞ്ഞു വരുന്നതായി കണ്ടെത്തുന്നുണ്ട്.

ട്രംപും, ജെ ഡി വാൻസും തമ്മിൽ ഇറാൻ യുദ്ധത്തിൽ അടക്കം ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ പുറത്തുവന്നു തൊട്ടുടനെയാണ് നെതന്യാഹുവിന്റെ അമേരിക്കൻ സന്ദർശനം. ഇരു നേതാക്കളും അവസാനമായി നേരിൽ കണ്ടത് യുദ്ധം ആരംഭിച്ച അതേ ഫെബ്രുവരി മാസം തന്നെയായിരുന്നു. ആ കൂടിക്കാഴ്ചയിലാണ് ഇറാനെതിരെയുള്ള സംയുക്ത സൈനിക നീക്കത്തിന് അവർ അടിത്തറ പാകിയത്. യുദ്ധത്തിലെ പ്രാരംഭഘട്ടത്തിൽ ആക്രമങ്ങൾ ഇസ്രയേലിനും അമേരിക്കയ്ക്കും ഇരു രാഷ്ട്ര നേതാക്കന്മാർക്കും സന്തോഷിക്കാൻ വക നൽകുന്നതായിരുന്നു എങ്കിലും ഇറാന്റെ ഒട്ടും പ്രതീക്ഷിക്കാതെയുള്ള ശക്തമായ പ്രത്യാക്രമണം അമേരിക്കൻ ഇസ്രായേൽ പൊതുതൽപര്യങ്ങളിൽ വൻ വിള്ളൽ വരുത്തി. ഇറാന്റെ ശക്തമായ തിരിച്ചടി യുദ്ധം ചർച്ചയിലൂടെ പരിഹരിക്കാം എന്ന നിലപാടിലേക്ക് അമേരിക്കയെ കൊണ്ടെത്തിച്ചപ്പോൾ ഇറാനെതിരെ ആക്രമണം ശക്തിപ്പെടുത്തണം എന്ന നിലപാടിനാണ് അപ്പോഴും ഇസ്രായേൽ വാദിച്ചുകൊണ്ടിരുന്നത്. നവംബറിൽ അമേരിക്കയിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പെങ്കിലും പൂർണ്ണമായ പോരാട്ടം പുനരാരംഭിക്കുന്നതിൽ ട്രംപിന് താല്പര്യവുമില്ല. ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ഇറാനുമായുള്ള കരാറിൽ സംശയം പ്രകടിപ്പിച്ച നെതന്യാഹു പക്ഷേ ഇറാനെതിരെ ശക്തമായി ആക്രമണങ്ങൾ പുനരാരംഭിക്കുവാൻ ട്രംപിനുമേൽ സമ്മർദ്ദം ചെലുത്തിയില്ല.

ഇറാനുമായുള്ള സമാധാന ചർച്ചകൾ തുടരണമൊ, സാമ്പത്തിക സമ്മർദ്ദം വർധിപ്പിക്കണമൊ, അതോ വലിയ രീതിയിലുള്ള സൈനിക നടപടികൾ ആരംഭിക്കണമൊ എന്ന് യുഎസ് ആലോചിച്ച് കൊണ്ടിരിക്കുമ്പോഴാണ് ട്രംപ് നെതന്യാഹു കൂടിക്കാഴ്ച ഉണ്ടാകുന്നത്. ഇറാൻ ശക്തമായി തിരിച്ചടിക്കുകയും യുദ്ധം ഹോർമൂസ് കടലിടുക്കിലേക്കും, ഗൾഫ് മേഖലയിലേക്കും വ്യാപിച്ചതോടെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കക്കകത്തു നിന്നും യു എസ്സിന്റെ സഖ്യ രാഷ്ട്രങ്ങളിൽ നിന്നും ട്രംപിന് സമ്മർദ്ദം ഏറുകയാണ് . അതിനെ തുടർന്ന് ഇറാനുമായുള്ള കരാറിൽ ഏർപ്പെടാൻ ട്രംപ് നെതന്യാഹുവിനെ മാറ്റിനിർത്തിയിരുന്നു. ഇറാനെതിരെയും ഹിസ്ബുല്ലക്കെതിരെയുമുള്ള ആക്രമണം അവസാനിപ്പിക്കരുത് എന്ന പക്ഷക്കാരനായിരുന്നു സ്വാഭാവികമായും നെതന്യാഹു. ഗസ്സയിലുള്ള ഇസ്രായേൽ കൂട്ടക്കുരുതിയിൽ ഇസ്രായേലിന്റെ അമേരിക്കയുമായുള്ള ഉപയകക്ഷി ബന്ധത്തിൽ ഉലച്ചിൽ തട്ടിയിരുന്നു. ലോക നേതാക്കന്മാർക്കിടയിൽ ട്രംപ് മാത്രമാണ് ഇസ്രായേലിന്റെ മിത്രം എന്ന് ഇസ്രായേലി വൃത്തങ്ങൾക്ക് ട്രംപ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ട്രംപ് വീണ്ടും അധികാരത്തിൽ വന്നതിനുശേഷം ഏഴാം തവണയാണ് നെതന്യാഹു വാഷിംഗ്ടൺ സന്ദർശിക്കുന്നത്. മറ്റൊരു ലോക നേതാവും ഈ കാലയളവിൽ ട്രംപുമായി ഇത്രയും തവണ കൂടിക്കാഴ്ചകൾ നടത്തിയിട്ടില്ല. നെതന്യാഹു അമേരിക്കയിൽ എത്തുന്നതിനു മുമ്പ് തന്നെ തന്റെ നിലപാട് ഫോക്സ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ ട്രംപ് പ്രകടിപ്പിച്ചിരുന്നു. ഇറാൻ തങ്ങളുടെ ആണവ പദ്ധതി പുനരാരംഭിച്ചിരിക്കുന്നു എന്ന ഇസ്രായേൽ ഇന്റലിജൻസ് മുന്നറിയിപ്പ് ട്രംപുമായി ഇസ്രായേൽ പങ്കുവെക്കും എന്നതിനെക്കുറിച്ചുള്ള ഫോക്സ് ന്യൂസിന്റെ ചോദ്യത്തോട് “ബീബി അത് എന്നോട് പറയേണ്ട ആവശ്യമില്ല. ഞാൻ അതിൽ പങ്കാളിയാകുമെന്ന് ആഗ്രഹിക്കുന്നതിനാലാണ് ബീബി അത് എന്നോട് പറയുന്നത് ” എന്നാണ് ട്രംപ് പ്രതികരിച്ചത്. അതായത് തന്നെ ഇറാനെതിരെ ഇളക്കി വിടുവാനുള്ള നെതന്യാഹുവിന്റെ ശ്രമത്തെ മുളയിലെ നുള്ളുകയായിരുന്നു അമേരിക്കൻ പ്രസിഡണ്ട്. യുദ്ധത്തിന്റെ പുരോഗതി ചർച്ച ചെയ്യുവാനും നയതന്ത്ര ഇളവുകൾക്ക് മുന്നറിയിപ്പ് നൽകാനും അമേരിക്കയിലേക്കുള്ള ക്ഷണത്തിനായി ആഴ്ചകളോളം നെതന്യാഹു ശ്രമിക്കുകയായിരുന്നു എന്ന് ഔദ്യോഗിക വൃത്തങ്ങൾ തന്നെ പറയുന്നുണ്ട്.

ഇസ്രായേലിന്റെ ഇംഗിതങ്ങൾക്ക് അനുസരിച്ച് യുദ്ധത്തിൽ ഏർപ്പെട്ടതിന്റെ ഫലങ്ങൾ ട്രംപ് മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു എന്നത് പ്രതീക്ഷക്ക്‌ വക നൽകുന്നുണ്ട്. എന്നാൽ, സൗദി അറേബ്യയുടെ പുതിയ ആണവ പദ്ധതികളും ഇറാനുമേൽ നടത്തുന്ന പരോക്ഷ ആക്രമണ പദ്ധതികളും മേഖലയെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് എന്ന് പറയാതെ വയ്യ.

Related