August 9 Sunday 2026

ജന്തർ മന്തറിൽ മുഴങ്ങുന്ന “They Don’t Care About Us” ഉം ‘ഹം ദേഖേൻഗേ’ യും

മൈക്കൽ ജാക്സൻ 1995-ൽ പുറത്തിറക്കിയ HIStory ആൽബത്തിലെ “They Don’t Care About Us” എന്ന ഗാനം ഇന്നും ലോകമെമ്പാടുമുള്ള അനീതിക്കെതിരായ പ്രതിഷേധങ്ങളുടെ ആൻന്തമായി നിലകൊള്ളുന്നു. “All I wanna say is that they don’t really care about us” എന്ന ശക്തമായ പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റ്സ് ഉള്ള കോറസ് ലൈനുകൾ സിസ്റ്റത്തിന്റെ അനാസക്തിയോടും അടിച്ചമർത്തലിനോടുമുള്ള കലഹമാണ്. ഇന്ന് ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന Cockroach Janta Party (CJP) പ്രക്ഷോഭത്തോട് ഈ ഗാനം വളരെ യോജിച്ച് നിൽക്കുന്നു. അവിടെ മുഴക്കുന്ന ആസാദി മുദ്രാവാക്യങ്ങൾക്കും ആസാദി റാപ്പുകൾക്കുമൊപ്പം They don’t care about us ആലപിച്ച് കേൾക്കുകയും, പ്രക്ഷോഭ സ്ഥലത്തു നിന്നെടുക്കുന്ന വീഡിയോ റീൽസുകളിലും, ഐക്യ ദാർഢ്യങ്ങളായി പുറത്തിറക്കുന്ന ദൃശ്യങ്ങളിലും മൈക്കിളിൻ്റെ ഈ ഗാനം പിന്നണി ആയുണ്ട്.

ഗാനത്തിന്റെ സന്ദേശം
മൈക്കിൾ ജാക്സൻ തന്നെ പറഞ്ഞതുപോലെ, ഈ ഗാനം വിവേചനം, വിദ്വേഷം, പോലീസ് ക്രൂരത, യുവാക്കളോടുള്ള അന്യായം എന്നിവയെക്കുറിച്ചാണ്. “I am the victim of police brutality” പോലുള്ള വരികൾ സിസ്റ്റം യുവാക്കളെ എങ്ങനെ അവഗണിക്കുന്നുവെന്ന് വിളിച്ചുപറയുന്നു. അദ്ദേഹം സ്വയം അനുഭവിച്ച മാധ്യമ വിചാരണകൾ, പോലീസ് ഹരാസ്മെൻ്റ് എന്നിവയും ഈ ഗാനത്തിൻ്റെ പശ്ചാത്തലത്തിലുണ്ടെങ്കിൽത്തന്നെ, ഗാനം റേസിസത്തിനും അധികാര ദുരുപയോഗത്തിനുമെതിരെയുള്ള ശക്തമായ പ്രതിരോധമായാണ് അലയടിച്ചത്. 1995 ൽ ഹിസ്റ്ററി ആൽബത്തിൽ പുറത്തുവന്ന ഈ ഗാനത്തിൽ 92 ലെ റോഡ്‌നി കിംഗ് മർദ്ദനവും വിഷയമാകുന്നുണ്ട്. Black Lives Matter പോലുള്ള മൂവ്‌മെന്റുകളിൽ ഇത് ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുമുണ്ട്. അതുപോലെ, സ്പൈക് ലീ ചെയ്ത ഇതിൻ്റെ രണ്ട് വീഡിയോകളിൽ ഒന്ന് ബ്രസീലിയൻ ബ്ലാക്ക്സിൻ്റെ പ്രശ്നങ്ങളും, മറ്റൊന്ന് അന്യായമായി തടവിലാക്കപ്പെട്ടവയുടെ ജയിൽ വീഡിയോയുമായിരുന്നു.

സമാനമായി ഉയർന്നു കേൾക്കുന്ന മറ്റൊരു ഗാനമാണ് ‘ഹം ദേഖേൻഗേ’. എൻ.ആർ.സി, സി.എ.എ വിരുദ്ധ – പൗരത്വപ്രക്ഷോഭ കാലത്താണ് ഇന്ത്യയിലെങ്ങും ‘ഹം ദേഖേംഗെ (നമ്മളത് കാണും) തരംഗമായി ആഞ്ഞടിച്ചത്. ജാമിയ മില്ലിയ യൂണിവേഴ്സിറ്റി മുതൽ ജന്തർമന്ദർ വഴി കൊച്ചിയിലും കോഴിക്കോട്ടും എന്നുവേണ്ട കേരളക്കരയൊട്ടാകെയും അതിന്റെ അലയൊലികൾ മുഴങ്ങി. ഉറുദു, പാഴ്സി, അറബി ഭാഷയിലെ വിഖ്യാത വിപ്ലവ കവിയും, പാകിസ്‌താനിലെ കമ്യൂണിസ്റ്റ് ചിന്താഗതിക്കാരനുമായിരുന്ന ഫൈസ് അഹ്മദ് ഫായിസിന്റെ കവിതയാണ് ‘ഹം ദേഖേംഗേ’. പാകിസ്‌താൻ വിരുദ്ധനായ, സിയാഉൽ ഹഖിന്റെ ഏകാധിപത്യ നിലപാടുകളെ നഖശ്ശിഖാന്തം എതിർക്കുന്ന ഫൈസ് അഹമ്മദ് ഫൈസ്, ഏകാധിപത്യ നിലപാടുകളോട് പ്രതിഷേധിച്ചാണ് 1979 ൽ ഹംദേഖേംഗെ എഴുതിയത്.

ഈ കവിത ആദ്യം ആലപിച്ചത് പാകിസ്താനിലെ ഇതിഹാസ ഗായിക ഇഖ്ബാൽ ബാനോയാണ്. പാകിസ്താനിൽ സിയാഉൽ ഹഖ് പട്ടാള അട്ടിമറി നടത്തുകയും പുരോഗമന ആശയങ്ങളെ അടിച്ചമർത്തുകയും ചെയ്‌തപ്പോൾ അതിനെതിരെയുള്ള പ്രതിഷേധം എന്ന നിലക്കാണ് ബാനോ ഈ പാട്ട് പാടിയത്. 50000 പേർ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ കറുത്ത സാരി ധരിച്ച് ഇഖ്ബാൽ ബാനോ ഈ പാട്ട് പാടിയപ്പോൾ അവർ സംഗീത ചരിത്രത്തിലേക്ക് കൂടി നടന്നുകയറുകയായിരുന്നു. ഇതോടെ ഇഖ്ബാൽ ബാനോയുടെ പാട്ട് ഭരണകൂടം നിരോധിച്ചെങ്കിലും ഭരണകൂടത്തിനെതിരായ യുദ്ധപ്രഖ്യാപനമായി മാറിയ ഈ പാട്ട് കാട്ടുതീ പോലെ പടരുകയും ജനത ഒന്നടങ്കം അത് ഏറ്റെടുക്കുകയും ചെയ്തു. ഇന്ത്യയിലാകട്ടെ പൗരത്വപ്രക്ഷോഭകാലത്ത് ഹംദേഖേംഖെ ഒരു സിഗ്‌നേച്ചർ മ്യൂസിക്ക് ആയി മാറുകയും ചെയ്തു.

ജന്തർ മന്തറിൽ നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭത്തിൽ പ്രധാനമായും എടുത്തു പറയുന്നത് NEET, CBSE തുടങ്ങിയ പരീക്ഷകളിലെ പേപ്പർ ലീക്കുകൾ, ക്രമക്കേടുകൾ എന്നിവയ്ക്കെതിരെയാണ്. Cockroach Janta Party (CJP) എന്ന യുവജന മൂവ്‌മെന്റ്, അഭിജീത് ദിപ്‌കെയുടെ നേതൃത്വത്തിൽ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്നു. സോനം വാങ്ചുക്, പോലുള്ളവരുടെ സത്യഗ്രഹം, പോലീസ് നടപടികൾ, ലാത്തിചാർജ് എന്നിവയോടൊപ്പം യുവാക്കൾ ദിവസങ്ങളായി തെരുവിലിറങ്ങിയിരിക്കുന്നു. കൂടെ രാഹുൽ ഗാന്ധി, പ്രിയങ്ക , തുടങ്ങി കോൺഗ്രസ്സ്, സോഷ്യലിസ്റ്റ്, ഇടത് കക്ഷി നേതാക്കളും, പിന്തുണച്ച് നസറുദ്ധീൻ ഷാ, ഷബാന ആസ്മി, അരുന്ധതി റോയ്, പ്രകാശ് രാജ് മുതൽ പേരായ സാംസ്കാരിക പ്രവർത്തകരും.

സിജെപി പ്രക്ഷോഭകാരികൾ ഉയർത്തുന്ന “Make in India” എന്നതിന് പകരം “Leak in India” എന്ന മുദ്രാവാക്യം, യുവാക്കളുടെ ഭാവി തകർക്കുന്ന സിസ്റ്റത്തോടുള്ള രോഷമാണ്. പോലീസ് ബാരിക്കേഡുകൾ, ക്രൂര നടപടികൾ എന്നിവയോട് പ്രതിഷേധക്കാർ നേരിടുന്നത് “They Don’t Care About Us” യിലെ വരികളെ ഓർമിപ്പിക്കുന്നു. പ്രധാനമായും അതിലെ ” I’m victim of police brutality ” എന്ന വരികൾ.

ഗാനത്തിലെ “they don’t really care about us” ജന്തർ മന്തറിലെ യുവാക്കളുടെ “സർക്കാർ ഞങ്ങളെ കുറിച്ച് ശ്രദ്ധിക്കുന്നില്ല” എന്ന നിലവിളിയാണ്. സിസ്റ്റത്തിനെതിരായ ക്ഷോഭം: പോലീസ് ക്രൂരത, മീഡിയ അവഗണന, യുവാക്കളെ “പ്രശ്നക്കാരായി” മുദ്രകുത്തൽ – രണ്ടിടത്തും ഒരേ തീമുകൾ. മൈക്കിൾ ജാക്സൻ “Beat me, hate me, you can never break me” എന്ന് പാടിയതുപോലെ, CJP പ്രതിഷേധക്കാർ “cockroaches” ആയി സ്വയം വിശേഷിപ്പിച്ച്, ഭരണകൂടത്തിനെതിരെ നിലകൊള്ളുന്നു. യുവാക്കൾ ഭയപ്പെടുന്നില്ല, പോരാടുന്നു.

ഈ പ്രക്ഷോഭം ഇന്ത്യൻ യുവത്വത്തിന്റെ ഉണർവിന്റെ പ്രതീകമാണ്. മൈക്കൽ ജാക്സന്റെ ഗാനം പോലെ, ഇത് ഒരു തലമുറയുടെ പോരാട്ടത്തിൻറെ ശബ്ദമാകുന്നു. സിസ്റ്റം മാറണം, യുവാക്കളുടെ ഭാവി സംരക്ഷിക്കപ്പെടണം. All I wanna say is that they don’t really care about us… എന്ന വരി ജന്തർ മന്തറിലെ മുദ്രാവാക്യങ്ങളോട് ചേർന്ന് നിൽക്കുന്നു. മാറ്റത്തിനായുള്ള ഈ ശബ്ദം ലോകം കേൾക്കട്ടെ.

 

Related