ചരിത്രത്തിൽ തുല്ല്യതയില്ലാത്തവിധം അടിച്ചമർത്തപ്പെട്ടവരാണ് ഇന്ത്യയിലെ ദലിതുകൾ. ഒരുപക്ഷേ, ലോകത്തേറ്റവും കൂടുതൽ മനുഷ്യാവകാശ ലംഘനങ്ങൾക്കും പ്രാന്തവത്കരണത്തിനും വിധേയരായവരാണവർ. ജാതിവ്യവസ്ഥയുടെ സകലവിധ ക്രൗര്യങ്ങൾക്കും ഇരകളാക്കപ്പെട്ടവരും നീതി നിഷേധിക്കപ്പെട്ടവരുമാണ് ദലിത്, ആദിവാസി വിഭാഗങ്ങൾ. അംബേദ്കർ ചൂണ്ടിക്കാട്ടിയത് പോലെ, അറിവ്, സ്വാതന്ത്ര്യം,ഭൂ മി, മാന്യമായ വസ്ത്രധാരണം, എന്നിവ നിഷേധിക്കപ്പെടുകയും കീഴ്പ്പെടുത്തി അടിമകളാക്കപ്പെട്ട്, മാറ്റിനിർത്തപ്പെട്ടവരുമാണ് ദലിതുകൾ. ഇത്തരത്തിൽ കഴിഞ്ഞ മൂവായിരം വർഷത്തെ ഭ്രഷ്ടിലും അടിമത്തത്തിലും നരകയാതന അനുഭവിച്ച ഇന്ത്യയിലെ ദലിത് ജനത, അനുഭവത്തിന്റെ ഒരു വൻകര തന്നെ അവരുടെ രചനകളിലൂടെ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. തങ്ങളുടെ പൂർവ്വീകരെ അടിമകളാക്കിയ ജാതി വ്യവസ്ഥയേയും വർണാശ്രമ വ്യവസ്ഥയുടെ നീതിന്യായ ഗ്രന്ഥമായ മനുസ്മൃതിയടക്കമുള്ള കൃതികളേയും അവർ ധീരമായി വിചാരണ ചെയ്തു കൊണ്ടിരിക്കുകയാണ്:
‘മനുവിനെ
മുറ്റത്തെ ആര്യവേപ്പിൽ
തലകീഴായി, നഗ്നനായി
കെട്ടി തൂക്കി ഞാനയാളുടെ
രക്തധമനികൾ
കുത്തി കീറിനോക്കും.
എന്റെ പൂർവ്വീകരുടെ
എത്ര രക്തമയാൾ
കുടിച്ചിട്ടുണ്ടെന്നറിയാൻ’
എന്ന് ഗുജറാത്തി ദലിത് കവി ജയന്ത് പാർമർ.
‘നൂറ്റാണ്ടുകളുടെ കല്ലു കൾ തീർത്ത കണ്ണീരിൻ്റെ പിരമിഡുകളിൽ നിലവിളി കുത്തിനിറയ്ക്കപ്പെട്ട മമ്മികളാണ് ഞങ്ങൾ. എങ്കിലും ഞങ്ങളുടെ ആലകളിൽ ഞങ്ങൾ സ്വ ന്തം ഭാഗധേയം വാർക്കുന്നു’ എന്ന് യശ്വന്ത് വഗേല.
ദലിതരുടെ ജീവിതാനുഭവങ്ങളെക്കാൾ തീക്ഷ്ണവും ചൂഷണാധിഷ്ഠിതമാണ് ഇന്ത്യയിലെ ആദിവാസി ജീവിതം. ‘സമ്പൂർണ്ണ മനുഷ്യരെന്ന’ പരിഗണന പോലും അവർക്ക് നൽകിയിരുന്നില്ല. പല ആദിവാസി വിഭാഗങ്ങളും സമീപകാലം വരെ മേലാളവിഭാഗങ്ങളുടെ അടിമളായിരുന്നു. ആര്യാധിനിവേശത്തിൻ്റെ ഏറ്റവും പ്രധാന ഇരകൾ തദ്ദേശിയരായ ആദിമനിവാസികളായിരുന്നു. ആര്യസാഹിത്യ ഗ്രന്ഥങ്ങളിൽ ഭീകരരൂപികളായി പ്രത്യക്ഷപ്പെടുന്ന അപരസ്വത്വങ്ങൾ തങ്ങളുടെ പൂർവ്വീകരാണെന്നും സവർണ പ്രത്യയശാസ്ത്രം അവരെ പാർശ്വവത്കരിക്കുകയായിരുന്നുവെന്നും ആദിവാസി എഴുത്തുകാരും ആക്ടിവിസ്റ്റുകളും ഇന്നു തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. മുഖ്യധാരാ ഭാഷകളിലും ആദിവാസി ഭാഷകളിലും രചന നിർവ്വഹിക്കുന്ന ആദിവാസി എഴുത്തുകാരന്മാർ/കാരികൾ ഇന്ന് നിരവധിയാണ്. രാംദയാൽ മുണ്ഡ, വിനായക് തുറാം, അനിൽ ബോഡോ, നിർമലാ പുതുൽ, മാമംഗ് ഭായ്, ലിംഗഡോ, തുടങ്ങിയവർ ഇന്ത്യയിലെ ആദിവാസി എഴുത്തുകാരിൽ എടുത്തു പറയേണ്ടവരാണ്. മലയാള സാഹിത്യത്തിലും അവർ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
ഭൂതകാലത്തിലെ ചോരയൊലിക്കുന്ന അനുഭവ ലോകം ആവിഷ്ക്കരിക്കുന്നതോടൊപ്പം നഷ്ടപ്പെട്ട ചരിത്രം വീണ്ടെടുക്കുവാനും വർത്തമാ നകാലത്തെ തലകീഴായി കെട്ടിതൂക്കി വിചാരണ ചെയ്യുവാനും അവർ സാഹിത്യത്തെ ധീരമായി ഉപയോഗിക്കുന്നു. യശ്വന്ത് വഗേലയുടെ ഒരു കവിത ഇങ്ങനെ:
“അവർക്കറിയാം ഞാനാരെന്ന്.
എന്നാലും അറിയില്ലെന്ന് നടിച്ച് അവരെന്നോട് ചോദിക്കുന്നു: ‘നീയാരാണ്?’
ഞാൻ അവരോട് പറയുന്നു: “ഈ തല ശംബുകന്റേത്. ഈ കൈകൾ ഏകലവ്യന്റേത്.
ഈ ഹൃദഹം കബീറിന്റേത്. ഞാൻ ജാബാലാസത്യ കാമനാണ്.
എങ്കിലും ഈ പാദങ്ങൾ ഇപ്പോഴും തൊട്ടുകൂടാത്തവയാണ്.
ഇന്ന് ഞാനൊരു മനുഷ്യനാണ്.
നിങ്ങൾക്കതു പോരേ?
പക്ഷേ, പറയൂ നിങ്ങളാരാണ്?’
ഒന്ന്
ജാതിവ്യവസ്ഥ, അതിൻ്റെ ഏറ്റവും നീചമാർന്ന രൂപത്തിൽ നിലനിന്ന പ്രദേശമാണ് കേരളം. വിവേകാനന്ദൻ പറഞ്ഞതുപോലെ, അക്ഷരാർത്ഥ ത്തിൽ ജാതീയതയുടെ ഭ്രാന്താലയമായിരുന്നു കേരളം. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും ഇവിടെ കൊടികുത്തി വാണിരുന്നു. ചില വിഭാ ഗങ്ങൾ ബ്രാഹ്മണാദി സവർണരുടെ ദൃഷ്ടിയിൽ പെടാൻ പോലും അർഹരായിരുന്നില്ല. സകലവിധ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടവരായിരുന്നു അവർ. ഇത്തരത്തിൽ, പതിതാവസ്ഥയിലേക്ക് വലിച്ചെറിയപ്പെട്ടവരെ ഉപജാതികളാക്കിയും അസംഘടിതരാക്കിയും നിലനിർത്തുവാനും അവരുടെ സംഘബോധത്തേയും സ്വത്വബോധത്തേയും ഹിമവത്കരിക്കുവാനും സവർണ പ്രത്യയശാസ്ത്രത്തിന് കഴിഞ്ഞിരുന്നു. അതിനാൽ തങ്ങളെ അരികുവത്കരിച്ച അധീശ്വ പ്രത്യയശാസ്ത്രത്തെ സംഘടിതമായി ചെറുത്തു തോൽപ്പിക്കുവാൻ കീഴാള വിഭാഗങ്ങൾക്ക് കഴിഞ്ഞിരുന്നില്ല.
കേരളത്തിലെ ജാതീയതയുടെ ഭീകരതയെ പല വിതാനത്തിൽ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. പി.കെ ബാലകൃഷ്ണൻ ‘ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും’ എന്ന ഗ്രന്ഥത്തിലെഴുതി: ‘കേരളത്തിൽ നിലവിലുള്ള ഗിരിവർഗ്ഗ ഗോത്ര ജനതകൾ ഇന്നും പരസ്പരം പതിതത്വം കൽപ്പിക്കുന്നവരാണ്. വയനാട്ടിലെ ഗിരിവർഗ്ഗക്കാരായ കുറിച്യർ, ഗിരിവർഗ്ഗ ങ്ങൾക്കിടയ്ക്കു മാത്രമല്ല, മനുഷ്യ ജാതിയിൽത്തന്നെ ഏറ്റവും ഉയർന്നവരാണ് തങ്ങളെന്നു വിശ്വസിക്കുന്നു. പണിയർ തൊട്ടാൽ തീണ്ടിക്കുളി വേണ്ട കുറിച്യർ, തങ്ങളുടെ പാർപ്പിട സങ്കേതത്തിലെ കുടിൽ മുറ്റത്തു നമ്പൂതിരി കാൽ ചവിട്ടിയാലും ശുദ്ധികർമ്മങ്ങൾ വഴി അവിടം സംശുദ്ധമാക്കേണ്ട മഹാവിശുദ്ധനാണ്. കാട്ടുജാതിക്കാരായ മലയനും കാടനും തമ്മിൽ തൊട്ടാൽ ഇരുവരും അയിത്തപ്പെടുന്നു. അതേസമയത്ത് മലയന്മാരിലെ ഒരു ഉപവിഭാഗമായ കൊങ്ങുമലയൻ തൊട്ടാൽ തമിഴ് മലയനും നാട്ടു മലയനും അയിത്തപ്പെടുന്നു. ബ്രാഹ്മണരിൽ നിന്നുള്ള തീണ്ടാപ്പാടകലം ഏറ്റവും കൂടുതലുള്ള ജാതിയാണ് നായാടി. തീണ്ടാപ്പാടകലം തെറ്റിച്ച് നായാടി തീണ്ടിയാൽ നമ്പൂതിരി കേവലം മുങ്ങിക്കുളി കൊണ്ടു ശുദ്ധനാവുകയില്ല. കുളിക്കു ശേഷം പൂണൂൽ മാറുകയും പഞ്ചഗവ്യം (പശുവിൻ്റെ മൂത്രം, ചാണകം, പാൽ തുടങ്ങിയവ) കഴിക്കു കയും വേണം’ ( പുറം.303)
ജാതി വ്യവസ്ഥയുടെ മനുഷ്യത്വ വിരുദ്ധമായ അത്യാചാരങ്ങൾക്ക് ഏറ്റവും കൂടുതൽ വിധേയമായ ആദിവാസി വിഭാഗമാണ് നായാടികൾ കേരളത്തിലങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്ന ഒരു ആദിവാസി വിഭാഗമാണിവർ. ഒരു സ്ഥലത്ത് സ്ഥിരതാമസമാക്കുവാൻ അധീശ്വവർഗ്ഗം അവരെ അനുവദിച്ചിരുന്നില്ല. അതിനാൽ, അലഞ്ഞു നടക്കുന്ന (Nomadi- ans) വരായിട്ടാണ് അവർ ജീവിതം തള്ളിനീക്കിയിരുന്നത്. ദരിദ്രരിൽ ദരി ദ്രരായ ഈ ജനവിഭാഗത്തെ അതിക്രൂരമായി വേട്ടയാടിയിരുന്നു. ‘നായാടി’ എന്ന ജാതി നാമത്തിൻ്റെ ഉൽപത്തിയെപ്പറ്റി വ്യത്യസ്താഭിപ്രായങ്ങളാണ് നിലവിലുള്ളത്. നായാട്ട് ജീവിതവൃത്തിയാക്കിയത് കൊണ്ടാണ് നായാടി എന്ന ജാതിപ്പേരുണ്ടായതെന്നാണ് ഒരനുമാനം. വരേണ്യവർഗ്ഗം മൃഗങ്ങളെയെന്ന പോലെ ഈ ജനവിഭാഗത്തെ അതിക്രൂരമാ യി വേട്ടയാടിയതുകൊണ്ടാണ് നായാടികൾ എന്ന ജാതി പേരു സൃഷ്ടിക്കപ്പെട്ടതെന്നാണ് മറ്റൊരഭിപ്രായം. എന്തു തന്നെയായാലും തുല്യതയില്ലത്ത വിവേചനങ്ങൾക്കും അവഹേളനങ്ങൾക്കും ഈ ജനത വിധേയമായിട്ടുണ്ട്. ചിതറി കിടക്കുന്നതു കൊണ്ടും അലഞ്ഞു തിരിയുന്നവരാകയാലും നായാടികളുടെ കൃത്യമായ അംഗസംഖ്യാ കണക്കുപോലും ലഭ്യമല്ല. സവർണ ജാതിയിൽപ്പെട്ടവർ ഇവരെ കണ്ടാൽ ആട്ടിയോടിക്കുന്ന പതിവ് പണ്ടുകാലത്തുണ്ടായിരുന്നു. നായാടികൾ 72 അടി ദൂരെ വച്ചു പോലും മേൽജാതിക്കാരെ അശുദ്ധരാ ക്കും എന്നായിരുന്നു വിശ്വാസം. നായാടികൾ കാട്ട പുല്ലുകൾ കൊണ്ടും വള്ളികൾകൊണ്ടും ഉറിയും മറ്റും ഉണ്ടാക്കി വിൽക്കുമായിരുന്നു. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലയിൽ ഈ ജനത ബഹുദൂരം പിന്നിലാണ്.
രണ്ട്
പ്രമുഖ തമിഴ് നോവലിസ്റ്റ് ജയമോഹൻ്റെ ‘നൂറു സിംഹാസനങ്ങൾ’ അനുഭവത്തിന്റെ വേറിട്ട മറ്റൊരു ലോകമാണ് അനാവരണം ചെയ്യുന്നത്. മലയാളി നേടിയെന്നു അഭിമാനിക്കുന്ന സാമൂഹിക പുരോഗതിയും പ്രബുദ്ധതയും ഇന്ന് എത്രമേൽ ജാതിബോധവും അസമത്വവും നിറഞ്ഞതാണെന്നും കീഴാള ജനതയെ ‘മുഖ്യധാരാ’ സമൂഹം എങ്ങനെയാണ് നോക്കി കാണുന്നതെന്നും ആഴത്തിൽ ചിന്തിപ്പിക്കുന്നുണ്ട്, ‘നൂറു സിംഹാസനങ്ങൾ’.
കീഴാളരിൽ പരമ നിസ്വരായ നായാടി വർഗ്ഗം എന്നും തീണ്ടാപ്പാടകലെ മാറ്റി നിർത്തപ്പെട്ടവരാണ്. അവർ എത്ര ഉന്നതിയിൽ എത്തിയാലും അവരോടുള്ള മേലാള സമീപനത്തിൽ സാരമായ മാറ്റം സംഭവിക്കുന്നില്ല എന്ന സാക്ഷ്യപ്പെടുത്തൽ കൂടിയാണ് ഈ നോവൽ.
സിവിൽ സർവീസ് എന്ന ഉന്നതപദവി വഹിക്കുന്ന നായാടി വർഗ്ഗത്തിൽ പെട്ട ധർമപാലൻ എന്ന കഥാപാത്രത്തിൻ്റെ അത്യന്തം ദയനീയമായ ജീവിതാനുഭവചിത്രീകരണം മാത്രമാണ് ‘നൂറു സിംഹാസനങ്ങ ളെ’ന്ന് പെട്ടെന്ന് തോന്നാമെങ്കിലും മലയാളിയെ സ്വയം വിചാരണയ്ക്ക് വിധേയമാക്കുന്ന ഒട്ടേറെ ചോദ്യങ്ങൾ ഈ കൃതി ഉന്നയിക്കുന്നുണ്ട്.
ധർമപാലൻ്റെ അമ്മയുടെ ജീവിതാന്ത്യ ചിത്രീകരണത്തിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. അത് അടിത്തട്ടിലുള്ള ജനത അനുഭവിക്കുന്ന അനീതിയുടേയും അസമത്വത്തിൻ്റേയും നേർസാക്ഷ്യം കൂടിയാണ്. ധർമപാലൻറെ അമ്മ മാനസികനില തെറ്റിയ സ്ത്രീയാണ്. ഒരർത്ഥത്തിൽ, നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥയുടെ സൃഷ്ടിയാണ് അവരുടെ ഭ്രാന്ത്. അവരുടെ അബോധത്തെ ഭരിക്കുന്ന നിതാന്തമായ ഭയവും അമർഷവും കലഹങ്ങളും തികച്ചും നൈസർഗ്ഗികമായ ചോദനകളുടെ പ്രതിഫലനങ്ങളാണ്. പരിചയിച്ചു പോന്ന നായാടീ ജീവിത ശീലങ്ങളിൽ നിന്ന് ഒരിക്കലും അമ്മയ്ക്ക് മുക്തമാക്കുവാൻ കഴിയുന്നില്ല. അവർ ജീവിച്ചിരുന്നത് തെരുവിലും പുറംപോക്കിലാണ്. ഹോട്ടലുകൾക്കു പിന്നിലെ എച്ചിൽ കൂനകളിൽ നിന്നും മറ്റുമാണ് അവർ ഭക്ഷ്യവിഭവങ്ങൾ കണ്ടത്തിയിരുന്നത്. വിശപ്പായിരുന്നു എന്നുമവരുടെ അടിസ്ഥാന പ്രശ്നം.
നായാടിയായതിനാൽ അഴുക്കു പുരണ്ട ജീവിതസാഹചര്യങ്ങൾ മാത്രമേ തങ്ങൾക്കു വിധിച്ചിട്ടുള്ളൂവെന്നും നായാടിയല്ലാത്ത ബാക്കി മനുഷ്യരൊക്കെ തന്നെ തങ്ങളുടെ യജമാനന്മാരാണ് എന്നും വിശ്വസിച്ചിരുന്ന ആ അമ്മയ്ക്ക് മകൻ്റെ ഉന്നത ജീവിതത്തോടൊപ്പം മുന്നോട്ട് പോകാനോ അതിൽ ലയിക്കാനോ സാധിക്കുന്നില്ല. അമ്മയ്ക്ക് മകൻ എന്നും മൂക്കൊലിപ്പിച്ച് ഷർട്ടിടാതെ നടക്കുന്ന പഴയ കാപ്പൻ തന്നെയാണ്. കുപ്പായമിടുക എന്നതും കസേരയിൽ ഇരിക്കുക എന്നതും അത്യന്തം പാതകമായ കാര്യങ്ങളാണെന്നും അതു യജമാനന്മാരായ മറ്റുള്ളവർക്ക് പറഞ്ഞതാണെന്നും ആ പാവം അമ്മ അവസാന നിമിഷം വരെ വിശ്വസിച്ചുപോന്നു.
എന്നാൽ, സുധയെ കല്യാണം കഴിച്ച് സമൂഹത്തിൽ ഉന്നതാധികാരം പേറുന്ന കാപ്പന് ആ പേര് പോലും ബാധ്യതയാവുകയാണ്.
ഭീഷണമായി തുറിച്ചു നോക്കുന്ന, ആഞ്ഞുകൊത്തുന്ന യാഥാർഥ്യങ്ങളാണ് ധർമപാലനു ചുറ്റുമുണ്ടായിരുന്നത്. ഏതൊരു സിംഹാസനവും ജാതിയുടെ കറപറ്റിയ അവജ്ഞ നിറഞ്ഞ നോട്ടങ്ങളുടെ നടുവിലാണെന്നു ധർമപാലൻ തിരിച്ചറിയുന്നു. മൃഗാശുപത്രിയിലെ വാർഡിൽ മൃഗസമാനമായി കിടക്കുന്ന അമ്മയുടെ ചിത്രം സൂചിപ്പിച്ചുകൊണ്ട് കുഞ്ഞൻ നായർ പറയുമ്പോൾ ഏറെ കാലം ആ കരിഞ്ഞ ജീവിതത്തെ എത്തിനോക്കാത്ത വേദന ഉള്ളിൽ പേറുന്നുവെങ്കിലും നിലവിലെ ജീവിത സാഹചര്യം അമ്മയെ വാരിയെടുത്ത് ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിക്കുന്നില്ല.
നായാടി വർഗത്തിൻ്റെ ദയനീയമായ ജീവിത പരിസരത്തെയാണ് ധർമപാലന്റെ അമ്മയുടെ ജീവിത ചിത്രീകരണത്തിലൂടെ നോവലിസ്റ്റ് ആവി ഷ്കരിക്കുന്നത്. മനുഷ്യരായി പരിഗണിക്കാതെ പോയ ഈ ജീവിതങ്ങ ളുടെ ദുരന്തപൂർണ്ണമായ പൂർവ്വകാലത്തേയും നോവൽ വരച്ചു കാട്ടുന്നു:
‘ആയിരത്തി എണ്ണൂറ്റി എഴുപതുകളിലെ പഞ്ഞത്തിൽ തെക്കേയിന്ത്യയിൽ മാത്രം മൂന്നു കോടിയാളുകളാണ് പട്ടിണി കിടന്നു ചത്തത്. അതിൽ നായാടികൾ മിക്കവാറും ചത്ത് മുടിഞ്ഞിരിക്കാനാണ് സാധ്യത. കല്ലിന്റെയുള്ളിൽ കഴിയുന്ന തവളയെപോലെ അവർ ജീവിച്ചിരുന്നതും ആർക്കുമറിയില്ല. ചത്തതും അറിഞ്ഞിരിക്കില്ല. പക്ഷെ, അതും തറപ്പിച്ചു പറയാനാവില്ല. ചവറും അഴുക്കും തിന്നാൻ ശീലിച്ചവരാണ് നായാടികൾ. അവർ അതുമാത്രം തിന്ന് നഗരങ്ങളിൽ ജീവിച്ചിരിക്കാനും ഇടയുണ്ട്. നഗര ങ്ങൾ വളർന്നപ്പോൾ ചവറ്റുകൂനകൾ വളർന്നു. അവയിൽ ജീവിക്കുന്ന ഒരുകൂട്ടമാളുകൾ ഉണ്ടായി. അവരിലധികവും നായാടികളായിരിക്കാം.’
നായാടികളെ ഒരു കാലത്തും സമ്പൂർണ്ണ മനുഷ്യരായി മേലാള വർഗ്ഗം പരിഗണിച്ചിരുന്നില്ല. അതിനാൽ പൊതുസമൂഹത്തിലവർക്ക് തുല്ല്യ ഇടം നൽകുവാൻ മുഖ്യധാരാ സമൂഹം ഒരിക്കലും തയ്യാറായിട്ടില്ല. ഈ നോവലിലെ നായകൻ ഉയർന്ന പദവി അലങ്കരിക്കുന്ന അധികാരിയാണെങ്കിലും നായാടിയാണെന്ന അപകർഷതാബോധം ഇടക്കിടയ്ക്ക് അദ്ദേഹത്തിനു തികട്ടി വരുന്നുണ്ട്. ഏറെ പുരോഗമിച്ചു എന്നഭിമാനിക്കുമ്പോഴും കീഴാള വർഗ്ഗത്തിൽ പെട്ടവർ ഉന്നതാധികാരം കയ്യാളുമ്പോൾ അതിനോടുള്ള പുച്ഛവും രോഷവും അമർഷവും പലവിധത്തിൽ മേലാള വർഗ്ഗം പ്രകടിപ്പിക്കാറുണ്ട്. പലപ്പോഴും അതിനെ മറികടക്കുവാനോ ചെറുത്തു നിൽക്കുവാനോ കഴിയാതെ അപകർഷതയിലകപ്പെട്ടു പോകുന്നവർ ഇല്ലാതെയല്ല. അത്തരമിടങ്ങളിൽ അധികാരികൾക്കു സമാന്തരമായി അധികാരികളും ഗൂഢസംഘങ്ങളും രൂപപ്പെടുക പതിവാണ്. ധർമപാലന്റെ അവസ്ഥ ഇങ്ങനെയാണ് നോവൽ ചിത്രീകരിക്കുന്നത്.
‘അധികാരത്തിൻ്റെ ഉത്തരവാദിത്തം മുഴുവൻ പേറികൊണ്ട് ഒരു അധികാരവും ഇല്ലാതെ ജീവിക്കുന്ന നഗരത്തിൽ ഞാൻ ചെന്നുചേർന്നു. ഞാൻ പണിയെടുത്ത ഓരോ ഓഫീസിലും എനിക്കു താഴെ ഒരു ശക്തനായ രണ്ടാംനില അധികാരി ഉണ്ടാവും. അയാൾ ആ ഭാഗത്ത് ഏറ്റവും കൂടുതലുള്ള ജാതിയിൽ പെട്ടയാളായിരിക്കും. ഭരണകക്ഷിയിലെ പ്രമുഖർക്കോ ഉന്നത അധികാരികൾക്കോ വേണ്ടപ്പെട്ട ആളായിരിക്കും. ഞാൻ വന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ മുഴുവൻ അധികാരവും അയാളുടെ കൈകളിലേക്ക് ചെന്നുചേരും. അയാളുടെ ഉത്തരവുകൾ മാത്രമേ നടക്കുകയുള്ളൂ. അയാളാണ് ഭരിക്കുന്നത് എന്ന് എല്ലാവരും അറിഞ്ഞിരിക്കും. എന്നാൽ അയാൾ എന്നോട് ഭവ്യതയോടെ പെരുമാറും. ആ പട്ടുതുണിയുടെ ഉള്ളിൽ ഇരുമ്പുണ്ടെന്ന് എപ്പോഴും എനിക്കയാൾ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും’.
അധികാരികൾ എന്നും മേലാളവർഗ്ഗം തന്നെയായിരിക്കും എന്ന ഇന്ത്യൻ യാഥാർത്ഥ്യത്തെയാണ് ഇതു തുറന്നു കാണിക്കുന്നത്.
പൊതു സമൂഹത്തിൽ ‘മാന്യനായ മനുഷ്യൻ’ എന്ന പരികൽപ്പന പോലും കിട്ടാത്ത നായാടിയെ സംബന്ധിച്ചേടത്തോളം നീതി, സമത്വം പോലുള്ള ആശയങ്ങളുടെ അർഥതലം മറ്റൊന്നാണ്. സിവിൽ സർവീസ് പരീക്ഷയുടെ അഭിമുഖ സന്ദർഭത്തിൽ ധർമപാലൻ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഐഎഎസ് ഇന്റർവ്യൂവിനു ഹാജറായ ധർമപാലനോ ട് ഇന്റർവ്യൂ ബോർഡിലെ ഒരംഗം ചോദിക്കുന്നു: ‘നിങ്ങൾ ഓഫീസറായി പണിയെടുക്കേണ്ട സ്ഥലത്ത് നിങ്ങൾ വിധിപറയേണ്ട ഒരു കേസിൽ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാൽ നിങ്ങൾ എന്തു തീരുമാനമാണെടുക്കുക?’ ധർമപാലൻ തൻ്റെ ജീവിതം കൊണ്ട് മറുപടി പറയുന്നു: ‘ഒരു നായാടിയേയും മറ്റൊരു മനുഷ്യനേയും രണ്ടു വശത്ത് നിർത്തുകയാണെങ്കിൽ സമത്വം എന്ന ധർമത്തിന്റെ അടിസ്ഥാനത്തിൽ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവൻ എന്തുചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ് “
ശരീരങ്ങൾ അയഞ്ഞപ്പോൾ കസേരകൾ പിന്നെയും ശബ്ദിച്ചു. ചോദിച്ചയാൾ ഒന്നു മുന്നോട്ടാഞ്ഞു. “അത് കൊലപാതകമാണെങ്കിലോ? മിസ്റ്റർ ധർമപാലൻ, കൊലപാതകമാണെങ്കിൽ നിങ്ങൾ എന്തു പറയും?’
എനിക്ക് അപ്പോളത് പറയയാതിരിക്കാനായില്ല.
‘സർ, കൊലപാതകം തന്നെയായാലും ഒരു നായാടിതന്നെയാണ് നിരപരാധി…. അവനോടു തന്നെയാണ് അനീതി കാട്ടിയിട്ടുള്ളത്’ (അധ്യാ യം ഒന്ന് )
അത്തരമൊരു നീതിബോധവും കാഴ്ചപ്പാടും ധർമ്മപാലനിൽ രൂപപ്പെടണമെങ്കിൽ അയാൾ നരകയാതനയുടെ എത്രയെത്ര ദൂരങ്ങൾ താണ്ടിയിരിക്കണം? ധർമപാലൻ എന്ന നിസ്വനായ മനുഷ്യൻ അനുഭവിച്ച അപാരമായ ഏകാന്തതയുടെയും അപമാനങ്ങളുടെയും ആഴം എത്ര മേൽ ഭീകരമാണ്?
പ്രസക്തമായൊരു ചോദ്യം: ഇത്രമേൽ ഭീകരമായ പിന്നോക്കാവസ്ഥയിൽ നിന്ന് എങ്ങനെ ഒരു സിവിൽ സർവ്വീസുകാരൻ ഉണ്ടായി? അതിലേ ക്ക് അയാൾ താണ്ടിയ വഴി ദൂരം എത്രയാണ്? വാസ്തവത്തിൽ, കേരളീയ നവോത്ഥാനത്തിൻ്റെ വിജയമാണ് നായാടി സമൂഹത്തിൽ നിന്നുള്ള ധർമപാലൻ എന്ന സിവിൽ സർവ്വീസ് ഉദദാഗസ്ഥൻ. നവോത്ഥാന കാല ആധുനികതയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്, അധഃസ്ഥിതന്റെ വിമോചനമായിരുന്നു. നാരായണ ഗുരു, അയ്യങ്കാളി, പൊയ്കയിൽ കുമാരഗുരു മുതൽ വയനാട്ടിലെ അടിയ ആദിവാസി സമുദായ മൂപ്പൻ പി.കെ. കാളൻ വരെയുള്ള നിരവധി നവോത്ഥാന നായകർ കീഴാളരുടെ വിമോചനവും പുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിച്ചവരാണ്. നവോത്ഥാന ആശയങ്ങളിൽ ഏറ്റവും പ്രധാനം ‘വിദ്യകൊണ്ട് പ്രബുദ്ധരാവുക’ എന്നതായിരുന്നു. ധർമപാലൻ വിദ്യ നേടി സിവിൽ സർവ്വീസ് പദവിയിൽ എത്തിയതി നു പിന്നിലെ ചാലകശക്തി സ്വാമി പ്രജാനന്ദ എന്ന നാരായണ ഗുരു ശിഷ്യനാണെന്ന് നോവൽ വ്യക്തമാക്കുന്നുണ്ട്. സിവിൽ സർവ്വീസ് ഇൻറർ വ്യൂ വേളയിൽ ധർമപാലൻ ഓർക്കുന്ന പേര് പ്രജാനന്ദയുടേതാണ്. ജാതി മത ബോധത്തെ മറികടന്ന മഹാത്മാവായിരുന്നു അദ്ദേഹം. സിവിൽ സർവ്വീസ് പരീക്ഷ എഴുതുവാൻ ധർമപാലനെ ഉപദേശിച്ചത് പ്രജാനന്ദ സ്വാമിയാണ്. കാപ്പൻ എന്ന നായാടി ഇന്ത്യയിലെ പരമോന്നത സ്ഥാന മായ സിവിൽ സർവ്വീസ് പദവിയിലെത്തിയതിൻ്റെ ചരിത്രം കൂടിയാണ് നൂറു സിംഹാസനങ്ങൾ.
ധർമപാലന്റെ ഭാര്യ സുധയാവട്ടെ, നവോത്ഥാനവും ആധുനികാശയങ്ങളും സൃഷ്ടിച്ച സ്വാതന്ത്ര്യബോധത്തിന്റെയും ജനാധിപത്യ ബോധത്തിന്റേയും സൃഷ്ടിയാണ്. ഭർത്താവിൻ്റെ ഭൂതകാലത്തെ റദ്ദുചെയ്തു കൊണ്ട് ധർമപാലൻ എന്ന വ്യക്തിയെ ഉൾകൊണ്ടവൾ. ധർമപാലനാകട്ടെ, ഒരിക്കലും റദ്ദുചെയ്യാനാവാത്തതായിരുന്നു ഭൂതകാലം. അയാളെ നിരന്തരം വേട്ടയാടി പിന്തുടരുന്നതായിരുന്നു അത്. മറ്റൊരർത്ഥത്തിൽ, സ്വയം റദ്ദുചെയ്ത് പടിക്കു പുറത്തു നിർത്തുക അസാധ്യമായിരുന്നു പൂർവ്വ ചരിത്രം എന്നത്. അതയാളെ ഓരോ നിമിഷവും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നുവല്ലോ പൊതുസമൂഹം.
നമ്മുടെ പുരോഗമനാശയ ലോകത്തിന്റെ പരിധിയെപറ്റി തമാശ രൂപത്തിൽ സെൻ ഗുപ്ത എന്ന കഥാപാത്രം പറയുന്ന വാചകം ഏറെ പ്രസക്തമാണ്: “നിങ്ങൾക്ക് എന്തു പ്രശ്നമുണ്ടെങ്കിലും എന്നെ ബന്ധപ്പെടുക. ഞാനും കഴിയുന്നത് പുരോഗമനവാദിയായിത്തന്നെ കഴിയാനാ ഉദ്ദേശിക്കുന്നത്.’ പെട്ടെന്നു പൊട്ടിച്ചിരിച്ച്, ‘എന്നു വച്ചാ നിങ്ങൾ വന്ന് എന്റെ മോളെ പെണ്ണു ചോദിക്കുന്ന ഘട്ടത്തിന് മുൻപു വരെ.’
നമ്മുടെ പുരോഗമന ബോധത്തിനു അതിരുകളുണ്ട്; എതിരുകളും! ജയമോഹൻ മലയാളത്തിൽ രചിച്ച ഈ നോവൽ എല്ലാ അർത്ഥത്തിലും മലയാള നോവൽ സാഹിത്യത്തിലെ വിച്ഛേദമാണ്. വലുപ്പം കൊണ്ട് ചെറുതെങ്കിലും നൂറു സിംഹാസനങ്ങൾ സൃഷ്ടിക്കുന്ന ലോകം അതിബൃഹ്ത്താണ്; ഏറെ നൂതനവും.
