രാജ്യത്തെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള നിയമ നിര്മാണ പ്രക്രിയയിലുള്ള ഒന്നാണ് വിബിഎസ്എ ബില്. എന്താണ് VBSA അഥവാ, വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാന് ( Viksit Bharat Shiksha Adhishthan ) ബിൽ എന്ന ചോദ്യത്തിനുള്ള ഉത്തരം ഒറ്റ വാക്കിൽ പറയാം; ഇത് ഉന്നത വിദ്യാഭ്യാസം നേരിടുന്ന ഒരു അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ബില്ലല്ല, പിന്നെ ഉന്നത വിദ്യാഭ്യാസത്തിന്റെ മുഴുവൻ അധികാരവും സംഘപരിവാറിന്റെയും ബ്യൂറോക്രാറ്റുകളുടെയും കയ്യിലേക്ക് മാറ്റാനുള്ള ഒരു നീക്കമാണ്. 2025 ഡിസംബറിൽ 15 ന് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ അവതരിപ്പിച്ച ഈ ബില്ലിൽ UGC-യും AICTE-യും NCTE-യും ഇല്ലാതാക്കി പകരം അവയുടെ സ്ഥാനത്ത് ഒരു കേന്ദ്രീകൃത കമ്മീഷനും അതിൻറെ കീഴിൽ മൂന്ന് കൗൺസിലുകളും (റെഗുലേഷൻ, അക്രഡിറ്റേഷൻ, സ്റ്റാൻഡേർഡ്സ്) നിലവിൽ വരും. കമ്മീഷനിൽ ആകെ 12 അംഗങ്ങൾ ആണ് ഉള്ളത് അതിൽ മൂന്ന് കൗൺസിലുകളുടെ പ്രസിഡന്റ്മാർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, അഞ്ച് വിദ്യാഭ്യാസ വിദഗ്ധർ, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം സ്ഥാപനങ്ങളിൽ നിന്നുള്ള രണ്ട് അക്കാഡമിക് വിദഗ്ധർ എന്നിങ്ങനെയാണ്. ചെയർപേഴ്സനെ ശുപാർശ ചെയ്യാനുള്ള അധികാരം കേന്ദ്രത്തിലാണ്.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളിൽ 85% ളം പഠിക്കുന്നത് സംസ്ഥാന ഗവൺമെന്റുകളുടെ കീഴിൽ പ്രവർത്തിക്കുന്ന സർവ്വകലാശാലകളിലും കോളജുകളിലും ആണ്. സംസ്ഥാന സർവകലാശാലകൾ നിർവഹിക്കുന്ന ഉത്തരവാദിത്വം, അതാത് സംസ്ഥാനത്തിന്റെ സാംസ്കാരികവും സാമൂഹികവും തൊഴിൽപരവുമായി ബന്ധപ്പെട്ട് നിൽക്കുന്നതാണ്. കേരളത്തിലെ ഒരു സർവകലാശാലയുടെ യാഥാർത്ഥ്യം മറ്റൊരു സംസ്ഥാനത്തേതുമായി ഒത്തുപോകില്ല. ഒരേ അളവുകോൽ കൊണ്ട് അളക്കാൻ പറ്റാത്ത ഈ വൈവിധ്യത്തെ കേന്ദ്രത്തിൽ നിന്നുള്ള ഒറ്റ മാനദണ്ഡം കൊണ്ട് നിയന്ത്രിക്കുകയാണ് ഈ ബിൽ ചെയ്യുന്നത്. നിലവിൽ കൺകറൻറ് ലിസ്റ്റിൽ ഉള്ള ഉന്നത വിദ്യാഭ്യാസത്തിൻ്റെ നിയന്ത്രണം കേന്ദ്രത്തിന്റെ കൈകളിലാകും, ഫെഡറലിസം എന്നത് വെറും നോക്കുകുത്തിയായി മാറും. സംസ്ഥാന നിയമസഭകൾ നിയമം വഴി ഉണ്ടാക്കിയ സ്ഥാപനങ്ങളുടെ മേൽ നേരിട്ടുള്ള കേന്ദ്ര നിയന്ത്രണം വരും. ആന്ധ്രാപ്രദേശ്, മേഘാലയ, മധ്യപ്രദേശ് എന്നീ എൻഡിഎ ഭരണ സംസ്ഥാനങ്ങൾ തന്നെ ഇതിലെ അധികാര കേന്ദ്രീകരണത്തെ സംബന്ധിച്ചുള്ള ആശങ്ക ഉന്നയിച്ചുകഴിഞ്ഞു. കൂടാതെ സംസ്ഥാന സർവകലാശാലകളും ഇതേ ആശങ്ക പങ്കുവെച്ചു.
UGC-ക്ക് ഉണ്ടായിരുന്ന ഗ്രാൻ്റ് നൽകാനുള്ള അധികാരം പുതിയ സംവിധാനത്തിൽ ഇല്ല. ഇനി സർവകലാശാലകൾക്ക് ഫണ്ടിനുവേണ്ടി നേരിട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തെയോ HEFA (Higher Education Financing Authority) പോലുള്ള വായ്പാ സ്ഥാപനങ്ങളെയോ ആശ്രയിക്കേണ്ടി വരും. ഇതുവഴി ഫണ്ട് കൊടുക്കുന്നവർക്ക് തങ്ങളുടെ അജണ്ട അടിച്ചേൽപ്പിക്കാൻ എളുപ്പമാകും. വായ്പ തിരിച്ചടയ്ക്കാൻ ഫീസ് വർധിപ്പിക്കുക, വിദ്യാർത്ഥികൾക്ക് ഫൈൻ ഏർപ്പെടുത്തുക, അധ്യാപക തസ്തികകൾ വെട്ടി കുറയ്ക്കുക, ലാഭമുള്ള കോഴ്സുകൾക്ക് മാത്രം മുൻഗണന കൊടുക്കുക തുടങ്ങിയ നടപടികളിലേക്ക് നീങ്ങേണ്ടതായി വരും. ഹ്യൂമാനിറ്റീസും സോഷ്യൽ സയൻസും അടിസ്ഥാന ശാസ്ത്രവും തഴയപ്പെടും. പാവപ്പെട്ടവരും ദുർബലരുമായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ഒരു സ്വപ്നമായി മാറും.
അക്കാദമിക് സ്വാതന്ത്ര്യം വേണമെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യവും വേണം. പണം കൊടുക്കുന്നതും നിയന്ത്രിക്കുന്നതും ഒരേയിടത്താണെങ്കിൽ അവിടെ സ്വാതന്ത്ര്യം ഉണ്ടാകില്ല. ഓഫ് ക്യാമ്പസ് സെൻ്റർ തുറക്കാനോ പുതിയ കോഴ്സ് തുടങ്ങാനോ മുൻകൂർ അനുമതി വേണ്ടിവരും. IIT, IIM, NIT, IISER പോലുള്ളവയെ പ്രീമിയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലും ഈ ബില്ലിന്റെ പരിധിയിൽ വരും, ഈ സ്ഥാപനങ്ങൾ അനുഭവിച്ചുവന്നിരുന്ന സ്വയംഭരണ പദവി രേഖകളിൽ മാത്രമാകും. പല IIT-കളും IIM-കളും ഇതിനെതിരെ ആശങ്ക അറിയിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസത്തെ പരിധിയിൽ കൊണ്ടുവരുന്നത് വഴി കെട്ടിടവും കോഴ്സും പരീക്ഷയും മാത്രമല്ല അറിവിന്റെ സ്വാതന്ത്ര്യത്തെ കൂടിയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. എന്ത് പഠിപ്പിക്കണം, എന്ത് ഗവേഷണം ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് അക്കാദമിക് സമൂഹമാണ്. ഒറ്റ മാനദണ്ഡം നിശ്ചയിക്കുമ്പോൾ വൈവിധ്യങ്ങൾ ഇല്ലാതാകും. ചരിത്രവും ശാസ്ത്രവും ഒരു പ്രത്യേക അജണ്ടയിലേക്ക് മാറ്റാനും പാഠ്യപദ്ധതികളെ ഒരേ അച്ചിൽ വാർത്തെടുക്കാനും ഇത് വഴിയൊരുക്കും. സർവകലാശാലകൾ ഭരണകൂടത്തിന് ഇഷ്ടമുള്ളത് മാത്രം ഉൽപ്പാദിപ്പിക്കുന്ന ഇടമായി മാറും.
സംവരണത്തെക്കുറിച്ചോ സാമൂഹിക നീതിയെക്കുറിച്ചോ ബില്ലിൽ ഒന്നും ഇല്ല. UGC മാർഗ്ഗനിർദ്ദേശങ്ങൾ വഴി നിലനിൽക്കുന്ന SC/ST/OBC സംവരണം ദുർബലമാകും. കേന്ദ്ര നിയന്ത്രണവും സ്വകാര്യവത്കരണവും ശക്തമായാൽ പിന്നാക്ക വിഭാഗങ്ങൾക്കുള്ള വാതിൽ അടയും. അധ്യാപകരുടെ അവസ്ഥയും മോശമാകും. നിയമനവും സേവന-വേതന വ്യവസ്ഥയും കേന്ദ്രത്തിൽ നിന്ന് നിയന്ത്രിക്കപ്പെടുമ്പോൾ തൊഴിൽ സുരക്ഷ ഇല്ലാതാകും. ചോദ്യം ചോദിക്കുന്ന അധ്യാപക സംഘടനകളുടെ ശബ്ദം അടയ്ക്കാനും, അധ്യാപനത്തെ കരാർ ജോലിയാക്കി മാറ്റാനും ഈ സംവിധാനം ഉപയോഗിക്കും.
പിഴ വ്യവസ്ഥകൾ ഭയങ്കരമാണ്. ആദ്യത്തേതിന് പത്ത് ലക്ഷം, ആവർത്തിച്ചാൽ മുപ്പത്, പിന്നെ എഴുപത്തഞ്ച് ലക്ഷം വരെ. കമ്മീഷന് സ്ഥാപനങ്ങളുടെ ഓട്ടോണമി പിൻവലിക്കാം, ഡിഗ്രി നൽകാനുള്ള അധികാരം നിയന്ത്രിക്കാം, സ്ഥാപനം അടച്ചുപൂട്ടാൻ ശുപാർശ ചെയ്യാം. ക്യാമ്പസിലെ ചോദ്യം ചെയ്യലുകളെയും വിദ്യാർത്ഥി പ്രതിഷേധങ്ങളെയും ഭയന്നാണ് ഇത്ര കടുത്ത ഭീഷണി. അപ്പീൽ ചെയ്യാൻ ഒരു സ്വതന്ത്ര സംവിധാനമില്ല. കേന്ദ്രത്തോട് തന്നെ അപ്പീൽ ചെയ്യണം. ഇത് തികച്ചും ഏകാധിപത്യമാണ്.
2018-ൽ HECI എന്ന പേരിൽ വന്ന അതേ ആശയങ്ങൾ തന്നെ എതിർപ്പിനെ മറികടന്ന് ഇപ്പോൾ VBSA ആയി വീണ്ടും വന്നിരിക്കുന്നു.
കേരളത്തിന്റെ വിദ്യാഭ്യാസ വളർച്ചയ്ക്ക് പിന്നിൽ പൊതു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെ സാമൂഹിക ചരിത്രവും ഭാഷയും തൊഴിൽ ഘടനയും മറ്റൊരു സംസ്ഥാനത്തിന്റേതുമായി ഒത്തുപോകില്ല. പൊതുമാനദണ്ഡത്തിൻ്റെ പേരിൽ സംസ്ഥാനങ്ങളുടെ അക്കാദമിക് ഇടപെടലും സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ല. അധ്യാപക-വിദ്യാർത്ഥി സംഘടനകളും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ഇത് കേന്ദ്ര-സംസ്ഥാന അധികാരത്തിന്റെ തർക്കം മാത്രമല്ല. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അക്കാദമിക് സമൂഹത്തിന്റെയും അവകാശങ്ങളുടെ കാര്യമാണ്. വിദ്യാഭ്യാസം പൊതുസമ്പത്താണ്, വിപണിയുടെ ആവശ്യത്തിനനുസരിച്ച് മാത്രം രൂപപ്പെടുത്താൻ കഴിയുന്ന ഒന്നല്ല. വിമർശനാത്മകമായി ചിന്തിക്കുന്ന വിദ്യാർത്ഥിയും സ്വതന്ത്രമായി ഗവേഷണം ചെയ്യുന്ന ഗവേഷകനും വിദ്യാർത്ഥികളിൽ അവകാശ ബോധവും വിമർശനചിന്തയും വളർത്തുന്ന അധ്യാപകനും ആണ് ഒരു ജനാധിപത്യ സമൂഹത്തിൻറെ അഭിവാജ്യ ഘടകം.
സംസ്ഥാനങ്ങളുടെ അവകാശം നിലനിർത്തണം, സർവകലാശാലകളുടെ സ്വയംഭരണം കാത്തുസൂക്ഷിക്കണം, അധ്യാപകരുടെ സേവന വിേതന സുരക്ഷ ഉറപ്പാക്കണം, വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണം, പിന്നാക്ക വിഭാഗങ്ങൾക്ക് തുല്യ അവസരം ഉറപ്പാക്കണം. അതിന് പൊതുധനസഹായം വർധിപ്പിക്കണം. ഇവയൊന്നും ഇല്ലാതെ ഒരു പുതിയ കമ്മീഷൻ ഉണ്ടാക്കിയിട്ട് വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന ഒരു പ്രതിസന്ധിയും മാറാൻ പോകുന്നില്ല എന്നതാണ് ഒരു യാഥാർഥ്യം.
ബിൽ ഇപ്പോഴും നിയമമായിട്ടില്ല. ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ പരിഗണയിലാണ്. വിദ്യാഭ്യാസ സമൂഹം ഇടപെടേണ്ട സമയമാണ്. വിദ്യാഭ്യാസത്തെ ആരാണ് നിയന്ത്രിക്കുന്നത് എന്ന ചോദ്യം ഒടുവിൽ നമ്മൾ ഏത് സമൂഹത്തിലാണ് ജീവിക്കേണ്ടത് എന്ന ചോദ്യത്തിലേക്ക് എത്തും. നിലവിലുള്ള അറിവിനെ ചോദ്യം ചെയ്യാനും പുതിയത് കണ്ടെത്താനുമുള്ള ഇടമായി സർവകലാശാലകളെ നിലനിർത്തണമോ, അതോ കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുന്ന ഇടങ്ങളാക്കി മാറ്റണമോ. VBSA ബില്ലിനെ എതിർക്കുന്നത് ഒരു നിയമത്തെ എതിർക്കുക മാത്രമല്ല. സർവകലാശാലകളുടെ സ്വാതന്ത്ര്യത്തിനും സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കും വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കും പൊതുവിദ്യാഭ്യാസത്തെ നിലനിർത്തുന്നതിനും വേണ്ടിയുള്ള നിലപാടാണ്. അതുകൊണ്ട് ഈ ബില്ലിനെതിരെ അധ്യാപകരും വിദ്യാർത്ഥികളും ഗവേഷകരും ജനാധിപത്യ സംഘടനകളും വിദ്യാഭ്യാസ പ്രവർത്തകരും സംഘടിച്ചുകൊണ്ട് ജനാധിപത്യ പ്രതിരോധം വളർത്തേണ്ടതുണ്ട്.
