കുഴിക്കുംതോറും പുതിയ ഖനിജങ്ങൾ കാട്ടിത്തരുന്ന മഹാപ്രതിഭാസമാണ് ബഷീർസാഹിത്യം. അതിനാൽ ബഷീർകൃതികളിലൂടെ കടന്നുപോകുമ്പോൾ അനുഭവത്തിന്റെയും അനുഭൂതികളുടെയും പുതുവൻകരകളിൽ നാം എത്തിച്ചേരുന്നു. ഭാവനയ്ക്കപ്പുറമുള്ള യാഥാർത്ഥ്യത്തിൻ്റെ ഏകാന്തമായ ചെറുദ്വീപുകളാണവ. മലയാളിയുടെ അനുഭവസീമയ്ക്കപ്പുറമുള്ള, ശീലമായ ധാരണകളെ തിരുത്തുന്ന പൊള്ളുന്ന സത്യങ്ങളാണവ.
ഗതാനുഗതികത്വമോ ആത്മാനുകരണമെന്ന അഭിശപ്തതയോ ഏശാത്ത എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. അതിനാൽ ബഷീറിൻ്റെ ഓരോ രചനകളും പുതുശില്പങ്ങളാണ്; നവോന്മേഷശാലിനിയാണ്; രൂപപരമായും പ്രമേയപരമായും മൗലികമാണ്. അനുഭവപരമായ സത്യസന്ധതയാണ് ബഷീർ സാഹിത്യത്തിൻ്റെ മുഖമുദ്ര.
ബഷീർകൃതികളുടെ സത്താപരമായ ഉള്ളടക്കം ആത്യന്തികമായി കരുണയാണ്. അതിനാൽ അദ്ദേഹത്തിന്റെ സൃഷ്ടികളിൽ നിന്ന് പരന്നൊഴുകുന്ന ഉയർന്ന സാന്ദ്രതയിലുള്ള നന്മയുടെ പൂനിലാവ് അനുവാചകനെ വിമലീകരിക്കുന്നു; ചിലപ്പോൾ ചിരിപ്പിച്ചും അല്ലെങ്കിൽ കരയിപ്പിച്ചും മനസ്സിനെ അവ ശുദ്ധീകരിക്കുന്നു; മാനവികതയുടെ ഉന്നതപീഠത്തിലേക്ക് നമ്മെ ആനയിക്കുന്നു.
അത്യുന്നതമായ ജീവിതവീക്ഷണവും പ്രപഞ്ചദർശനവുമുള്ള എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. ജീവൽ സാഹിത്യവും കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ആശയങ്ങളും കൊടി കുത്തിവാണ ദശകമെന്ന് വിശേഷിപ്പിക്കാവുന്ന ആയിരത്തിത്തൊള്ളായിരത്തി നാൽപ്പതുകളിലാണ് അദ്ദേഹം രചനാജീവിതമാരംഭിച്ചത്. നവോത്ഥാനതലമുറയിലാണ് ബഷീർ രംഗപ്രവേശം നടത്തിയതെങ്കിലും ആ തലമുറയിൽ ചിരപ്രതിഷ്‌ഠ നേടിയ പുരോഗമന- ജീവൽ സാഹിത്യപ്രസ്ഥാനക്കാരായ തകഴി ശിവശങ്കരപ്പിള്ള, കേശവദേവ്, പൊൻകുന്നം വർക്കി എന്നിവരെപ്പോലെ ഭൗതികവാദത്തിനും തൊഴിലാളിവർഗ്ഗ ചിന്തകളിലും അധിഷ്‌ഠിതമായ അവരെപ്പോലെ സമൂഹത്തിലെ അടിത്തട്ടിലുള്ള ഒരു സോഷ്യലിസ്റ്റ് ജീവിതദർശനമായിരുന്നില്ല ബഷീറിൻ്റേത്. സാധാരണക്കാരെയാണ് ബഷീർ കഥാപാത്രങ്ങളാക്കിയതെങ്കിലും അവരിൽ പ്രകടമാകുന്ന ശാസ്ത്രബോധത്തിലധിഷ്‌ഠിതമായ സാമൂഹിക പുരോഗതിയുടെ സ്വനങ്ങളോ യുക്തിചിന്തയിലധിഷ്ഠിതമായ കീഴാളവർഗങ്ങളുടെ വിപ്ലവദാഹങ്ങളോ ബഷീർകൃതികളിൽ അത്ര മേൽ പ്രകടമല്ല. കാരുണ്യവും സ്നേഹവും പകർന്നൊഴുകുന്ന അജ്ഞേയമായ ഏതോ പ്രപഞ്ചചൈതന്യത്തിൻ്റെ സാന്നിധ്യം ആ ജീവിതരംഗങ്ങളിലെല്ലാം ഉയർന്ന അളവിൽ കാണാം.
തുടർന്ന് ആധുനികതയുടെ ദശകങ്ങളിലും ബഷീർ എഴുത്തിൽ സജീവമായിരുന്നെങ്കിലും ഏതെങ്കിലും ഇസങ്ങളുടെയോ പ്രസ്ഥാനങ്ങളുടെയോ പതാകവാഹകനായിരുന്നില്ല അദ്ദേഹം. സത്താപരമായി ഇത്തരം ദർശനങ്ങളുടെ നന്മയെ ബഷീർ ആന്തരവത്കരിച്ചിരുന്നെങ്കിലും പ്രസ്ഥാനങ്ങളുടെ പ്രചാരണസാഹിത്യമെഴുത്തുകാരനായിരുന്നില്ല; എന്നല്ല, സ്വയമൊരു പ്രസ്ഥാനമായി, സ്വകീയമായൊരു തത്ത്വദർശനത്തിൻ്റെ വക്താവായി മാറുകയായിരുന്നു. മലയാളത്തിൽ മറ്റൊരെഴുത്തുകാരനും അവകാശപ്പെടുവാനാകാത്ത മൗലികതയാണിത്. ബഷീർകൃതികളിൽ അന്തർലീനമായ അനശ്വരതയുടെ പ്രഭാവം വെളിവാക്കുന്ന അതിനൂതന ഭാവുകത്വത്തിന് ഈശ്വരോന്മുഖമായ ആത്മീയതയുമായി ആഴമാർന്ന ബന്ധമുണ്ട്. ബഷീറിന്റെ തന്നെ വാക്കുകളിൽ: ‘ഇതൊക്കെ എങ്ങനെയുണ്ടായി എന്നു ചിന്തിക്കുമ്പോഴാണ് ഒരു കാരണത്തെപ്പറ്റി ഓർമ വരുന്നത്. പ്രപഞ്ചങ്ങളുടെ ചൈതന്യം, വെളിച്ചം ഇതിനെയാണ് ഞാൻ ദൈവമെന്നു പറയുന്നത്. ഇതാകുന്നു അല്ലാഹു. ഇതാകുന്നു ആദിബ്രഹ്മം. ഇതാകുന്നു സനാതന സത്യം.’ (ബഷീർ സംഭാഷണങ്ങൾ, എഡി. അസീസ് തരുവണ, ഡി സി ബുക്‌സ്. പേജ്. 106)
‘അക്കാലത്ത് എൻ്റെ ഹിന്ദുസുഹൃത്തുക്കൾ വൈക്കം ശിവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിനു വരുന്ന പുസ്‌തകക്കച്ചവടക്കാരിൽനിന്ന് ഒരു മലയാളനോവൽ എടുത്ത് പകൽ നാലുമണിക്ക് എനിക്ക് തരും. മുഷിയാതെ, കഴിയുന്നത്ര വേഗം തിരിച്ചുകൊടുക്കണം. പിന്നീട് വീട്ടിലേക്ക് ഒരു ഓട്ടമാണ്. വീട്ടിൽ ചെന്ന് നോവൽ വായിക്കും. ഇങ്ങനെ വായിച്ച മലയാള നോവലുകളിൽനിന്ന് ഒരു സത്യം മനസ്സിലായി. ഞാൻ അന്നു കണ്ട ക്രൂരസത്യം എന്താണെന്നല്ലേ. മുസ്ലിം സമുദായം കള്ളന്മാരുടെയും കൊലപാതകികളുടെയും നീചന്മാരുടെയും സമൂഹമാണ്. അക്കാലത്ത് എൻ്റെ അന്തരാത്മാവിൽ ഒരു ചിന്ത ഉദിച്ചു. മുസ്‌ലിം സമുദായത്തിൽ എന്തുകൊണ്ടാരും എഴുത്തുകാരായിത്തീരുന്നില്ല.” (ഞാൻ എങ്ങനെ എഴുത്തുകാരനായി).
നവോത്ഥാനാശയങ്ങളെ മുൻനിർത്തി ബഷീർ ഒട്ടേറെ രചനകൾ നിർവ്വഹിച്ചിട്ടുണ്ട്. ‘പ്രേമലേഖനം’ (1943), ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്!’ (1951) തുടങ്ങിയ ആദ്യകാല നോവലുകളുടെയും നിരവധി ചെറുകഥകളുടെയും ഇതിവൃത്തം നവോത്ഥാനാശയങ്ങളാണ്. സാഹിത്യത്തെ ആത്മാവിഷ്‌കാരമായി, പ്രതിബദ്ധതയായി, ചരിത്രമായി, തനിക്കു പറയുവാനുള്ളത് പറയുവാനുള്ള അവസരവും മാധ്യമവുമായി ബഷീർ പരിഗണിച്ചു. സാമ്പ്രദായികമായ ഏതെങ്കിലുമൊരു ആശയധാരയെ സർവ്വാത്മനാ കെട്ടിപ്പുണരുന്നതിനു പകരം തന്റേതായ മൗലികചിന്തയുടെ അടിത്തറയിൽ നിന്നു കൊണ്ട് അവയെ വീക്ഷിക്കുകയായിരുന്നു ബഷീർ. അത് ഏതെങ്കിലും തരത്തിലുള്ള സാമുദായികമോ വിഭാഗീയമോ ആയ പ്രത്യയശാസ്ത്ര ചട്ടക്കൂടിന് അകത്തായിരുന്നില്ല. സ്വാതന്ത്ര്യബോധത്തിലും നൈതികമൂല്യങ്ങളിലും അധിഷ്ഠിതമായ വിശാല മാനവികതയായിരുന്നു അതിൻ്റെ അടിത്തറ.
ബഷീർ എന്ന എഴുത്തുകാരനെ നിർമ്മിച്ച സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പരിസരമെന്തായിരുന്നു? ബഷീറിലെ ഹ്യൂമനിസ്റ്റിനെയും സ്വാതന്ത്ര്യദാഹിയെയും രൂപപ്പെടുത്തിയ ചരിത്രപശ്ചാത്തലമെന്തായിരുന്നു? ബഷീറിനെയും അദ്ദേഹത്തിന്റെ സർഗ്ഗാത്മക ജീവിതത്തെയും പഠനവിധേയമാക്കുന്ന ഏതൊരന്വേഷണത്തിലും പ്രസക്തമായ ചോദ്യങ്ങളാണിവ. സ്വാതന്ത്ര്യസമരം, നവോത്ഥാന പ്രസ്ഥാനങ്ങൾ, ദേശീയപ്രസ്ഥാനത്തിൻ്റെ ബഹുമുഖ പ്രവർത്തനങ്ങൾ തുടങ്ങി ദേശീയവും അന്തർദേശീയവുമായ ചലനങ്ങൾ, ലോകമഹായുദ്ധങ്ങളും ഫാസിസവും നാസിസവും സൃഷ്ടിച്ച മുറിവുകളുമടക്കം ആലോചനാശേഷിയുള്ള അക്കാലത്തെ ഏതൊരു മനുഷ്യനെയും പല വിതാനത്തിൽ സ്വാധീനിക്കുവാൻ ഇടയുള്ള ആശയധാരകളും സംഭവവികാസങ്ങളും ബഷീറിനെയും ആഴത്തിൽ സ്വാധീനിച്ചിരുന്നു.
സ്വാതന്ത്ര്യസമരസേനാനി എന്ന നിലയിൽ, ബഷീർ നേരിട്ട പലതരം അനുഭവങ്ങൾ-ജയിൽവാസമടക്കം-ബഷീറിന്റെ രചനകളെ, സ്വാതന്ത്ര്യബോധത്തെ സാഹിത്യസൃഷ്ടികളിൽ സന്നിവ ശിപ്പിക്കുവാൻ കാരണമായ ഘടകമാണ്. ‘മതിലുകൾ’, ‘ശബ്ദങ്ങൾ’ എന്നീ കൃതികൾ ബഷീർസാഹിത്യത്തിൽ എന്നല്ല, മലയാള സാഹിത്യത്തിൽതന്നെ വേറിട്ട സൃഷ്ടികളാണ്. എഴുതപ്പെട്ട കാലത്തു തന്നെ (1947) ഏറെ വിമർശനങ്ങൾ നേരിട്ട കൃതിയാണ് ‘ശബ്ദ ങ്ങൾ’. ഒരുപക്ഷേ, യുദ്ധത്തിൻ്റെ മുറിവുകളെപ്പറ്റി, സ്വാതന്ത്ര്യത്തിന്റെ അർത്ഥത്തെപ്പറ്റി, മനുഷ്യബന്ധങ്ങളെക്കുറിച്ച് അന്നുവരെ മലയാളിവായനാസമൂഹത്തിനപരിചിതമായ അന്വേഷണങ്ങളും സന്ദേഹങ്ങളും ‘ശബ്ദങ്ങൾ’ മുന്നോട്ടുവെക്കുന്നു. യുദ്ധത്തിന്റെയും അഭയാർത്ഥിപ്രവാഹത്തിന്റെയും ഇന്നത്തെ ആഗോളപശ്ചാത്തലത്തിൽ ചേർത്തുവായിക്കാവുന്ന മലയാളത്തിലെ ഏക കൃതിയാണ് ‘ശബ്ദങ്ങൾ.’ ദാർശനികമായ ഒട്ടേറെ ചോദ്യങ്ങൾ ഈ കൊച്ചുകൃതി പങ്കുവയ്ക്കുന്നു. ഒരു സന്ദർഭം ഇങ്ങനെ:
‘ഓരോരുത്തർക്കും ജീവിതത്തിന് ഓരോ തത്ത്വശാസ്ത്രമുണ്ട്. അതനുസരിച്ച് കാര്യങ്ങൾ നടത്താൻ ശ്രമിക്കുന്നു.’
‘എനിക്കുമാത്രം ജീവിതത്തിന് ഒരു തത്ത്വശാസ്ത്രമില്ല. ഇത് ആരുമായിട്ടും എനിക്ക് ബന്ധമില്ലാത്തതുകൊണ്ടാണോ?’
‘നിങ്ങൾക്ക് ജീവിതത്തിന് ഒരു തത്ത്വശാസ്ത്രമുണ്ട്. ഇനി ബന്ധത്തിന്റെ കാര്യമാണെങ്കിൽ-നിങ്ങൾക്ക് എല്ലാവരുമായി ബന്ധമുണ്ട്.’
‘എന്തു ബന്ധം?’
‘നിങ്ങൾക്ക് പൊക്കിളുണ്ടോ?’
‘പൊക്കിളോ? അതുകൊണ്ടെന്ത് ബന്ധം?’
‘നിങ്ങൾ നിങ്ങളുടെ അജ്ഞാതയായ അമ്മയോട് ബന്ധപ്പെട്ടിരിക്കുന്നു.’
‘അതുകൊണ്ടെന്താ?’
‘നിങ്ങളുടെ അജ്ഞാതനായ അച്ഛൻ അദ്ദേഹത്തിന്റെ അമ്മയോട്. ചുരുക്കത്തിൽ ഈ ലോകത്തിലുള്ളവരെല്ലാം തമ്മിൽ ബന്ധപ്പെട്ടവരാണ്.’ (ശബ്ദങ്ങൾ)
ഇവ്വിധം ദാർശനികവും മാനവികവുമായ ഒട്ടേറെ ചോദ്യങ്ങൾ ‘ശബ്ദങ്ങൾ’ ഉന്നയിക്കുന്നുണ്ട്. രതിയുമായും കാഴ്‌ചയുടെ ആനന്ദമായും സൗന്ദര്യത്തിൻ്റെ ദൃഷ്ടാന്തമായും പലതരത്തിൽ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ള പൊക്കിളിനെ അമ്മയുമായുള്ള ബന്ധത്തിന്റെ മരണത്തോളം നീളുന്ന പ്രതീകമായി ബഷീർ അടയാളപ്പെടുത്തുന്നു. സമീപകാലത്തുമാത്രം നമ്മുടെ ചർച്ചാവേദികളിലും രചനകളിലും മുഖം കാണിച്ചുതുടങ്ങിയ ഭിന്നലിംഗത്തിൽ പെട്ടവരുടെ പ്രശ്‌നങ്ങൾപോലും ‘ശബ്ദങ്ങളി’ൽ ആവിഷ്കരിച്ചത്, ചാരു കസേരാ നിരൂപകരിലും സദാചാരത്തിൻ്റെ വളരെ ചെറിയ അളവുകോലുകളുമേന്തി നടക്കുന്നവരെയും ഏറെ അങ്കലാപ്പിൽ പെടുത്തിയ വസ്തുതകളാണ്. അന്നത്തെ മലയാളിസമൂഹത്തിന് ഒട്ടും പരിചിതമല്ലാത്ത അനുഭവത്തിൻ്റെ പുതുഭൂഖണ്ഡം ബഷീർ വരച്ചിടുകയായിരുന്നു എന്ന് ഇന്നു വായനാസമൂഹം തിരിച്ചറിയുന്നു. വിപുലമായ സഞ്ചാരാനുഭവങ്ങളും അടിത്തട്ടിലുള്ള, മാറ്റി നിർത്തപ്പെട്ടവരുമായുള്ള ഗാഢബന്ധവും ദാർശനികമായ ഔന്നത്യവുമുള്ള വലിയൊരെഴുത്തുകാരനുമാത്രം രചിക്കുവാൻ കഴിയുന്ന കൃതിയാണ് ‘ശബ്ദങ്ങൾ’. അസാധാരണവും ഉജ്ജ്വലവുമായ നിരവധി ദാർശനിക ചോദ്യങ്ങൾ ഉന്നയിക്കുവാൻ ബഷീറിനെ പ്രാപ്തനാക്കിയ ഘടകങ്ങൾ ഗവേഷണമർഹിക്കുന്നതാണ്. പ്രപഞ്ചദർശനം, കലാതത്ത്വബോധം തുടങ്ങി പർവ്വതശിരസ്കരായ അപൂർവ്വ പ്രതിഭാശാലികൾക്കുമാത്രം സ്വകീയമായി രൂപപ്പെടു ത്തുവാനാകുന്ന തത്ത്വദർശനങ്ങൾ തൻ്റെ നിരന്തരാന്വേഷണ ങ്ങളിലൂടെ രൂപപ്പെടുത്തിയ മലയാളത്തിലെ ഏക എഴുത്തുകാരനാണ് ബഷീർ.
അനുഭവങ്ങളാണ് അടിസ്ഥാനപരമായി ബഷീറിന്റെ മൂലധനം. നീണ്ട കാലത്തെ സഞ്ചാരം ബഷീറിൻ്റെ മാനസികമണ്ഡലത്തെയും ധൈഷണികലോകത്തെയും വിപുലപ്പെടുത്തിയ ഘടകങ്ങളാണ്. ഈ യാത്രകളിൽ അദ്ദേഹം ചെയ്യാത്ത ജോലികൾ കുറവാണ്. സൂഫികളുടെയും സന്ന്യാസികളുടെയും കൂടെ അവരിലൊരാളായി ബഷീർ ജീവിച്ചത് ഈ സഞ്ചാരകാലത്താണ്. ‘അനൽ ഹഖി’ന്റെയും ‘അഹം ബ്രഹ്മാസ്‌മി’യുടെയും പൊരുൾ ബഷീർ സ്വാംശീകരിച്ചത് ഈ കാലത്താണ്. ഹിജഡകളെയും ആൺവേശ്യകളെയും കണ്ടതും ഈ യാത്രകൾക്കിടയാണ്. നമ്മൾ അറി ഞ്ഞതുമാത്രമല്ല ലോകമെന്നും നമ്മൾ അനുഭവിച്ചതുമാത്രമല്ല അനുഭവഖണ്ഡങ്ങളെന്നും ബഷീർ മലയാളിയെ ബോധ്യപ്പെടുത്തുകയായിരുന്നു. മറ്റൊരർത്ഥത്തിൽ, അനുഭവങ്ങൾകൊണ്ട് മലയാളിയുടെ ലാവണ്യബോധത്തെയും വരേണ്യബോധത്തെയും അട്ടിമറിക്കുകയായിരുന്നു അദ്ദേഹം.
ബഷീറിനു തൻ്റെ അനുഭവലോകം സമ്മാനിച്ചത് അതിബൃഹത്തും സങ്കീർണവുമായി മാറുന്ന ലോകത്തിൻ്റെ ചലനാത്മകതയായിരുന്നു. അതുകൊണ്ടാണ് തൻ്റെ അഭിമുഖസംഭാഷണങ്ങളിൽ അനേകം തവണ മതത്തെയും ആത്മീയതയെയും പ്രകീർത്തിക്കുമ്പോഴും അദ്ദേഹം വെറുമൊരു ഭക്തസാഹിത്യകാരനോ സമുദായസാഹിത്യകാരനോ മാത്രമായി മാറിപ്പോവാതിരുന്നത്. തികച്ചും പരിമിതമായ മേഖലയിൽമാത്രം സാഹിത്യോത്പാദനം നടത്തുന്ന സാമുദായിക സാഹിത്യകാരന്മാർക്കപ്പുറം ആധുനികാനുഭവങ്ങളെ തന്റെ സർഗരചനയുടെ ഇന്ധനമാക്കുകയാണ് അദ്ദേഹം ചെയ്തത്. പ്രശസ്‌ത ജർമൻ കവി റെയ്‌നർ മറീയ റിൽക്കെ തൻ്റെ ഡയറിക്കുറിപ്പുകളിൽ, ജനങ്ങൾ ചിന്തിക്കുംപോലെ തന്റെ സാഹി ത്യരൂപം വെറും വികാരമല്ലെന്നും പ്രത്യുത അനുഭവംതന്നെയാണെന്നും കുറിച്ചിടുന്നു. ഒരു ചെറിയ സാഹിത്യസൃഷ്ടിക്കുവേണ്ടി നിങ്ങൾ ഒരുപാട് നഗരങ്ങൾ നടന്നു കാണണമെന്നും ഒരുപാട് ജനങ്ങളെയും വസ്‌തുക്കളെയും പരിചയിക്കണമെന്നും മൃഗജാലങ്ങളെ അടുത്തറിയണമെന്നും പറവകൾ പറക്കുന്നത് സ്വയമനുഭവിക്കണമെന്നും റിൽക്കെ പറയുന്നു. തെരുവിലെ അറിയപ്പെടാത്ത അയൽപക്കങ്ങളെപ്പറ്റി വീണ്ടും വീണ്ടും ചിന്തിക്കാൻ തയ്യാറാകണമെന്നും റിൽക്കെ ഓർമപ്പെടുത്തുന്നു. റിൽക്കെയുടെ ഈ വരികൾപോലെയായിരുന്നു ബഷീറിൻ്റെ ജീവിതം, അനുഭ വങ്ങളിലൂടെ ജീവിതത്തിൻറെ പൊരുൾ നേടാനും തികച്ചും ആന്തരികമായ ബോധത്തിലൂടെ ജീവിതത്തിൻ്റെ സത്യം കണ്ടെത്താനുമുള്ള ഒരു യജ്ഞമായിരുന്നു ബഷീറിൻ്റെ ജീവിതവും സാഹിത്യവും. ചെറുപ്രായത്തിലേ അദ്ദേഹം നാടുവിടുകയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും അറേബ്യൻ തീരത്തുമൊക്കെ എത്തിച്ചേരുകയും ചെയ്തു.
ഈ അനുഭവങ്ങൾ ജീവിതസത്യം എന്ന യാഥാർഥ്യത്തെക്കുറിച്ചും ബഷീറിന് പുതിയ വെളിപാടുകൾ നൽകി. ഒന്നിനെയും ചോദ്യം ചെയ്യാതിരിക്കുകയും എല്ലാറ്റിനോടും രാജിയാവുകയും ചെയ്യുന്ന മനുഷ്യൻ്റെ വിധേയത്വപ്രവണതയെയാണ് സ്ഥാപനവൽകൃത മതങ്ങൾ പലപ്പോഴും സന്മാർഗമായും ദൈവപ്രോക്ത ധാർമികതയായുമൊക്കെ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം വേഗം തിരിച്ചറിഞ്ഞു. മനുഷ്യപ്രവൃത്തികളെ പുണ്യവും പാപവു മാക്കി, വെളിച്ചവും ഇരുളുംപോലെ വേർതിരിച്ച് ലഘുമാത്രമായ വേദസൂക്തങ്ങളിൽ ഒതുക്കാനാവും വിധത്തിൽ ലളിതമല്ല ജീവിതത്തിന്റെ അർഥവും ഉത്തരവുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ജീവിതസാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ പ്രകാശം നഷ്ടപ്പെട്ടവരും പാപികളും കുറ്റവാളികളും സന്മാർഗത്തിൻ്റെ ചതുരക്കള്ളികൾക്കപ്പുറം ഉണ്ടെന്ന് ബഷീർ വിശ്വസിച്ചു. ഇവരിൽ പലർക്കും വിശുദ്ധിയുടെ പരിവേഷം, അന്വേഷിച്ചു ചെല്ലുമ്പോൾ കൈവരുന്നതായും അദ്ദേഹം ഞെട്ടലോടെ തിരിച്ചറിഞ്ഞു. മനുഷ്യജീവിതത്തിൻ്റെ വിപ്ലവാത്മകതയെയും മാറ്റത്തിനുള്ള ത്വരയെയും കഴുത്തുഞെരിച്ച് നശിപ്പിച്ച് അധികാരബന്ധിതവും യാഥാസ്ഥിതികവുമായി വർത്തിക്കുന്ന സ്ഥാപനവൽകൃത മതത്തിനെതിരെയുള്ള കലാപമായിട്ടാണ് വിപ്ലവകരമായ ഒരു ‘പുതു ആത്മീയത’ രൂപമെടുക്കുന്നത്.
തീക്ഷ്‌ണവും വിപുലവും വൈവിധ്യം നിറഞ്ഞതുമായ അനു ഭവങ്ങളുടെ വിസ്തൃതവും അഗാധവുമായ തലങ്ങളിലൂടെ കടന്നുപോയ എഴുത്തുകാരനാണ് ബഷീറെങ്കിലും തൻ്റെ എല്ലാ അനുഭവങ്ങളും രചനകളിൽ ആവിഷ്‌കരിക്കപ്പെട്ടു എന്ന് പറയാവതല്ല. അനുഭവവൈവിധ്യത്തിൻ്റെ വിപുലസ്ഥലികളിൽനിന്ന് ചില ബിന്ദുക്കൾമാത്രമാണ് രചനകളിൽ ബഷീർ വരച്ചിട്ടത്. അനുഭവങ്ങളെ യഥാതഥമായി ആവിഷ്‌കരിക്കുകയായിരുന്നില്ല ബഷീർ. മറിച്ച്, അനുഭവങ്ങളെ ചെത്തിമിനുക്കിയും സത്ത പിഴിഞ്ഞെടുത്ത് അതിൽ കലാംശവും ദാർശനികാംശവും ചേർത്ത് മറ്റൊന്നാക്കി മാറ്റിപ്പണിയുകയായിരുന്നു. ബഷീറിൻ്റെ എഴുത്ത് സത്താപരമാണെന്ന് ചുരുക്കം.
വിപുലമായ ആത്മകഥ എഴുതുവാൻമാത്രം അനുഭവങ്ങളുണ്ടായിട്ടും എന്തുകൊണ്ട് ബഷീർ ആത്മകഥയെഴുതിയില്ല എന്ന ചോദ്യം പൊതുവെ ഉന്നയിക്കപ്പെടാറുണ്ട്. ബഷീർകൃതികൾ സത്താപരമാണെന്നും രചനകളിലെല്ലാം അനുഭവത്തിൻ്റെ വിപുലമായ ആവിഷ്‌കാരമുണ്ടെന്നുമാണ് പൊതുവെ ഇതിനു നൽകാറുള്ള മറുപടി. അതു ശരിയാണുതാനും. അതേസമയം, എഴുത്തിനെക്കുറിച്ചുള്ള ബഷീറിയൻ കാഴ്‌ചപ്പാട് ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. നന്മയുടെയും കരുണയുടെയും ആത്യന്തികമായി ഉദാത്തമായ മാനവിക മൂല്യങ്ങളുടെയും ആശയലോകം സ്യഷ്ടിക്കുവാൻ ഉതകുന്ന കാര്യങ്ങളേ ബഷീർ ആവിഷ്‌കരിച്ചി ട്ടുള്ളൂ. ‘ഞാൻ’ എന്ന കഥാപാത്രം പലതവണ ആവർത്തിക്കുന്നുണ്ടെങ്കിലും വ്യക്തിപ്രശ്‌നത്തിൽനിന്ന് സമഷ്ടി പ്രശ്ങ്ങളിലേക്ക് നീളുന്നതാണ് ബഷീറിൻ്റെ ആലോചനാലോകം. കുടുംബത്തിലെ കഥ പറയുമ്പോഴും ഒരു കുടുംബത്തിൽ ഒതുങ്ങുന്നതല്ല ‘കുടും ബകഥകൾ.’ ‘പാത്തുമ്മായുടെ ആട്’ മികച്ച ഉദാഹരണമാണ്. തലയോലപ്പറമ്പിലെ ഒരു കൊച്ചുവീട്ടിൽ നടക്കുന്ന സംഭവങ്ങളുടെ കലാപരമായ വിവരണം എന്നതിനപ്പുറം, ചൂഷണാത്മകവും സ്നേഹ, വിശ്വാസങ്ങളുടെ ശബ്ദം നേർത്തുവരുന്നതുമായ ഗാർഹികാന്തരീക്ഷത്തിൻ്റെ സത്യസന്ധമായ ആവിഷ്‌കാരംകൂടിയാണ് ആ കൃതി. അതിനാൽ ഒരു കാലഘട്ടത്തിലെ കുടുംബാന്തരീക്ഷത്തിന്റെ ചിത്രീകരണമാണ് ‘പാത്തുമ്മായുടെ ആട്.’
‘ഭൂമിയുടെ അവകാശികൾ’ എന്ന കഥയിലെന്നപോലെ പലതരം മൃഗങ്ങളും പക്ഷികളും ‘പാത്തുമ്മായുടെ ആടി’ൽ അടക്കം ഒട്ടേറെ രചനകളിൽ നിറഞ്ഞ സാന്നിധ്യമാണ്. മലയാള സാഹിത്യത്തിൽ പാരിസ്ഥിതികാവബോധം സാഹിത്യപ്രമേയമാകുന്നതിനും വർഷങ്ങൾക്കുമുമ്പേ ബഷീറെഴുതിയ പല കൃതികളിലും പാരിസ്ഥിതികമായ സന്ദേഹങ്ങളും ആലോചനകളും മിന്നായം പോലെ കടന്നുപോകുന്നത് കാണാം. നിശ്ചയമായും ബഷീർ ആന്തരവത്കരിച്ച ദാർശനികാവബോധത്തിൻ്റെ ഗരിമയാണിത് സാക്ഷ്യപ്പെടുത്തുന്നത്. പ്രപഞ്ചത്തെ മുഴുവൻ കെട്ടിപ്പുണരുന്ന ഏകത്വബോധമാ ണിത്.
ബഷീർ സാഹിത്യത്തിൻ്റെ ഏറ്റവും മൗലികമായ സവിശേഷത, ബഷീർ സ്യഷ്ടിച്ച ഭാഷയാണ്. ആഢ്യഭാഷയെയും അക്കാദമിക് ഭാഷയെയും നിരാകരിക്കുകയും തനിക്കുമാത്രം വഴങ്ങുന്ന, സ്വതസ്സിദ്ധമായ ഒരു ഭാഷ സൃഷ്ടിക്കുകയുമായിരുന്നു ബഷീർ. എം.എൻ. വിജയൻ നിരീക്ഷിച്ചതുപോലെ, ‘അക്ഷരം മുഴുവനുമറിയാത്ത ഒരു ചെറുപ്പക്കാരൻ അരനൂറ്റാണ്ടുമുമ്പ് നമ്മുടെ സാഹിത്യത്തിലെ വർണ്ണവ്യവസ്ഥ തിരുത്തിക്കുറിക്കുകയായിരുന്നു. ബഷീർ എഴ തുമ്പോൾ വാക്കുകൾ വിറച്ചിരുന്നു. തൻ്റെ അനുഭവം കുറിക്കാനുള്ള അടയാളങ്ങൾ തേടിയാണ് അദ്ദേഹം വാക്കുകളിൽ തടഞ്ഞു വീണിരുന്നത്… നുള്ളിപ്പറിക്കുന്ന വേദനകളോട് കിന്നാരം പറയുന്ന, ഐറണിയുടെ അപൂർവ്വമായ ഭാഷ ബഷീർ നമ്മെ പഠിപ്പിച്ചു. ഞാനാണ് എൻ്റെ ഭാഷ എന്ന് അദ്ദേഹം നമ്മെ ഓർമ്മിപ്പിച്ചു…’
വാസ്തവത്തിൽ, നിലവിലുണ്ടായിരുന്ന മലയാള ഭാഷയെപ്പറ്റി കൃത്യമായ ധാരണകൾ ബഷീറിനുണ്ടായിരുന്നു. അറിഞ്ഞുകൊണ്ടുള്ള മുറിച്ചുകടക്കൽ, ഭാഷയെ കശക്കിയെറിയൽ, പുതുക്കിപ്പണിയൽതന്നെയാണ് അദ്ദേഹം നിർവഹിച്ചത്. ഇന്ന് ദലിത്-ഫെമിനിസ്റ്റ് എഴുത്തുകാർ തിരിച്ചറിഞ്ഞ ഭാഷയുടെ പരിമിതികൾ അരനൂറ്റാണ്ടുമുമ്പേ ബഷീർ തിരിച്ചറിഞ്ഞു എന്നു പറഞ്ഞാൽ തെറ്റാവില്ല. വിവർത്തനത്തിനു വഴങ്ങാത്ത നിരവധി പദങ്ങളും പ്രയോഗങ്ങളും അദ്ദേഹം മലയാള ഭാഷയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. അപൂർവ്വ പ്രതിഭകൾക്കുമാത്രം കഴിയുന്ന സിദ്ധിയാണ് പുതുഭാഷ സൃഷ്ടിക്കുക എന്നത്. വി.കെ.എൻ., ഒ.വി. വിജയൻ തുടങ്ങി ഏതാനും പ്രതിഭാശാലികൾക്കുമാത്രമേ മലയാളത്തിൽ, ഇരുപതാം നൂറ്റാണ്ടിൽ ഇത്തരത്തിൽ സ്വന്തമായൊരു ഭാഷ സൃഷ്ടിക്കുവാൻ സാധിച്ചിട്ടുള്ളൂ.
ആറുവയസ്സുകാരനും അറുപതുവയസ്സുകാരനും ഒരുപോലെ സംവേദനം സാധ്യമാകുന്നതാണ് ബഷീർ ഭാഷ. ദുരൂഹതയോ ദുർഗ്രാഹ്യതയോ ഇല്ലാത്ത, ചൊവ്വായ ഭാഷയാണ് ബഷീറിന്റേത്. വായനക്കാരനെ ബഷീറിലേക്ക് ചേർത്തടുപ്പിക്കുന്നതിൽ ഭാഷ വഹിച്ച പങ്ക് ചെറുതല്ല. ഭാഷയിൽ വേണ്ടത്ര വ്യുൽപ്പത്തിയില്ലാത്തയാളാണ് ബഷീറെന്ന ‘പൊതുബോധം’ എങ്ങനെയോ പ്രചാരം നേടിയിട്ടുണ്ട്. ബഷീർ എഴുതിയ ഏതെങ്കിലും സൃഷ്ടിയിൽ ഇന്നേവരെ വ്യാകരണപ്പിശക് കണ്ടെത്തിയിട്ടില്ലെന്നിരിക്കെ ആ ‘പൊതു ബോധം’ അബദ്ധധാരണയാണെന്നു വ്യക്തം. ‘ലൊഡ്ക്കൂസ് ആഖ്യ’ എന്നും ‘പളുങ്കൂസൻ വ്യാകരണ’മെന്നും ബഷീർ പ്രയോഗിച്ചിട്ടുണ്ട്. ജീവിതവുമായി ബന്ധമില്ലാത്ത, വ്യാകരണ, അലങ്കാര ശാസ്ത്രാദികളിൽ ദുശ്ശാഠ്യപ്പെടുന്ന വൈയാകരണന്മാരോടുള്ള ധൈഷണികമായ എതിർപ്പാണ് ഇതിലൂടെ ബഷീർ വെളിപ്പെടുത്തിയത്.
“എടാ ഇതെല്ലാം ഞാൻ വർത്തമാനം പറയുന്ന മാതിരിയാണ് എഴുതിയിരിക്കുന്നത്. ഇതിൽ നിൻ്റെ ഒരു ചട്ടുകാലൻ ആഖ്യാനമില്ലെങ്കിലെന്ത്?’ എന്ന ബഷീർവചനത്തിൽനിന്നും വ്യക്തമാവുന്നത്.
സാഹിത്യം ഹൃദയത്തിൽനിന്നും വരേണ്ടതാണെന്നും കൃത്രിമമായ ബാഹ്യമോടികൾക്കൊന്നും അതിൽ സ്ഥാനമില്ലെന്നുമാണ്. ഭാഷയെക്കുറിച്ച് കൃത്യമായ ധാരണകൾ ഉണ്ടായിരുന്ന എഴുത്തുകാരനാണ് ബഷീർ എന്നതിന് തെളിവുകൾ നിരവധിയാണ്. പലതവണ മാറ്റി എഴുതിയും വെട്ടിത്തിരുത്തിയുമാണ് എല്ലാ കൃതികളും ബഷീർ പ്രസിദ്ധീകരിച്ചിരുന്നത്. ‘ബാല്യകാലസഖി’ ആദ്യമെഴുതിയത് അഞ്ഞൂറു പുറങ്ങളിലായിരുന്നുവത്രെ. മികച്ചൊരു ശില്പിയെപ്പോലെ, ഭാഷയെ ചെത്തിമിനുക്കി, കൂർപ്പിച്ച് പലതവണ മാറ്റിയെഴുതി എൺപത് പുറങ്ങളിലേക്ക് ചുരുക്കുകയായിരുന്നു പിന്നീട്; ഒരു വാക്കും ഒഴിവാക്കാനാകാത്തവിധം ശില്പമനോഹരമാക്കുകയായിരുന്നു. ഭാഷയുടെ സൗന്ദര്യത്തെയും കരുത്തിനെയും തിരിച്ചറിഞ്ഞ ഒരാൾക്കു മാത്രമേ ഇത്രമേൽ വെട്ടിച്ചുരുക്കി മനോഹരമാക്കാനാവൂ.
‘ബാല്യകാലസഖി’ ബഷീർ ആദ്യമെഴുതിയത് ഇംഗ്ലീഷിലായിരുന്നു. ഒരുപക്ഷേ, ഇംഗ്ലീഷിലായിരുന്നു തുടർന്നും ബഷീർ എഴുതിയിരുന്നതെങ്കിൽ ലോകോത്തര എഴുത്തുകാരിൽ പ്രമുഖനായി അദ്ദേഹം ഗണിക്കപ്പെടുമായിരുന്നു എന്നത് നിസ്സംശയമാണ്. വിവർത്തനങ്ങൾക്ക് ഒരിക്കലും ഒറിജിനലിൻ്റെ കരുത്തും സൗന്ദര്യവുമുണ്ടാവുക സാധ്യമല്ലല്ലോ. എന്നുമാത്രമല്ല, ബഷീർ കൃതികൾ തർജ്ജമ ചെയ്യുക എന്നത് ഏറെ ദുഷ്‌കരമാണെന്ന് ബഷീർ കൃതികളുടെ വിവർത്തകനായ റൊണാൾഡ് ഇ. ആഷർ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. എന്നിട്ടും കേരളത്തിനു വെളിയിൽ (എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും ബഷീർകൃതികൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്) ബഷീർ ആവേശപൂർവ്വം സ്വീകരിക്കപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം. ബഷീർകൃതികളുടെ യൂണിവേഴ്സൽ സ്വഭാവമായിരിക്കണം ഇതിനു കാരണം.
ബഷീർകൃതികളുടെ എടുത്തുപറയേണ്ട ഒരു സവിശേഷത, അവയുടെ ബഹുസ്വരമായ വായനാസാധ്യതയാണ്. അരനൂറ്റാണ്ട് മുമ്പ് എഴുതപ്പെട്ട കൃതികൾപോലും സമകാലികമായി അനുഭവപ്പെടുന്നത് ഈ ഭിന്നവായനാ സാധ്യതകൾ മൂലമാണ്; കാല ദേശങ്ങൾക്കതീതമായ വ്യാഖ്യാനസാധ്യതകൾ നിമിത്തമാണ്. ഒരുദാഹരണം പറയാം:
‘മതിലു’കളെ ആസ്‌പദമാക്കി അടൂർ ഗോപാലകൃഷ്‌ണൻ നിർമ്മിച്ച സിനിമ, ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചപ്പോൾ ആ സിനിമ മഹത്തരമാണെന്ന് അവിടുത്തെ പത്രങ്ങൾ എഴുതുകയുണ്ടായി. ബെർലിൻ മതിൽ നിർമ്മാണാനന്തരം അപ്പുറവും ഇപ്പുറവും പെട്ടുപോയവരുടെ അനുഭവമായിട്ടാണ് “മതിലു’കളെ അവിടുത്തെ പ്രേക്ഷകർ കണ്ടത്. പ്രണയത്തിനും ആത്യന്തികമായി സ്വാതന്ത്ര്യത്തിനും മുമ്പിൽ പലതരം അധികാരവ്യവസ്ഥകൾ കെട്ടിയുയർത്തുന്ന മതിലുകളാണ് ആ കൃതി പ്രതീകവത്കരിക്കുന്നത്. ഇത് യൂണിവേഴ്‌സൽ ആയ പ്രശ്‌നമാണ്. എക്കാലത്തെയും മനുഷ്യർ നേരിടുന്ന അടിസ്ഥാന സമസ്യയാണ്. അതിനാൽ ഈ കൃതി എക്കാലത്തും പ്രസക്തമാണ്.
കാല, ദേശങ്ങൾക്കതീതമായി വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ഭിന്നപാഠങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന അനശ്വരഗ്രന്ഥങ്ങളെയാണ് നാം ക്ലാസിക്കുകൾ എന്നു പറയുന്നത്. ‘മതിലുകൾ’ ഈയൊരർത്ഥത്തിൽ ക്ലാസ്സിക്കാണ്. ‘ശബ്ദ ങ്ങൾ’ക്കും ‘ബാല്യകാലസഖി’ക്കും ‘പാത്തുമ്മായുടെ ആടി’നും മറ്റും ഈ ക്ലാസിക്കൽ സ്വഭാവമുണ്ട്.
ബഷീർകൃതികളുടെ ക്ലാസിക് സ്വഭാവത്തിന് കാരണം ഒരു പക്ഷേ, അതിലടങ്ങിയ മിസ്റ്റിക് അംശമാണ്. മനുഷ്യന്റെ അടിസ്ഥാന മൂല്യങ്ങളായ സ്നേഹത്തിൻ്റെയും ദയയുടെയും കാരുണ്യത്തിന്റെയും ഉദ്ഘോഷണമാണ്. ജീവിതരഹസ്യങ്ങളും നിഗൂഢതകളും അറിയാനുള്ള അദമ്യമായ ത്വര ബഷീറിൽ ചെറു പ്രായം തൊട്ടേ ഉണ്ടായിരുന്നു. സാമ്പ്രദായികജീവിതത്തിൻ്റെ ഘടനയ്ക്കുള്ളിൽ, അതിന്റെ അനുശാസനങ്ങൾ അന്ധമായി പിൻപറ്റി ജീവിക്കുന്നതിനുപകരം, സ്വന്തമായ ചോദ്യങ്ങളും അന്വേഷണങ്ങളും പരമാർഥസത്യത്തെ അറിയാനുള്ള വെമ്പലും ബഷീറിൽ എക്കാ ലത്തുമുണ്ടായിരുന്നു. സാമൂഹികമായ ആവേശം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാൻ ബഷീറിനെ പ്രേരിപ്പിച്ചപ്പോൾ ദാർശനികമായ അന്വേഷണങ്ങൾ അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത് ഇസ്ലാമിക ദാർശനികസരണിയായ സൂഫിസത്തിലേക്കായിരുന്നു. തൻ്റെ മതപാരമ്പര്യം എപ്പോഴും തൻ്റെ സ്വത്വബോധമായി മനസ്സിൽ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന് വളരെ വേഗം ഇണങ്ങിയത് ഇസ്ലാം മതത്തിൽനിന്നുതന്നെ വളർന്നുവികസിച്ച സൂഫിസമായിരുന്നു. സൂഫിസത്തിലന്തർലീനമായ സ്വാതന്ത്ര്യവും ദൈവവുമായി അലിഞ്ഞുചേരാനുള്ള വാഞ്ഛയും ബഷീറിനെ ലഹരി പിടിപ്പിച്ചിരിക്കണം. അനുഭവങ്ങൾ തേടിയുള്ള തൻ്റെ അലച്ചിലും ഒരു കള്ളിയിലും ഒതുങ്ങിനിൽക്കാത്ത പ്രകൃതവും ഒരു യാത്രയാണ് ജീവിതമെന്നും പ്രപഞ്ചത്തിലെ സഞ്ചാരിയാണ് മനുഷ്യനെന്നുമുള്ള സൂഫീചിന്തകളുമായി വേഗം ഇണങ്ങിയിരിക്കണം. അതു തന്നെയുമല്ല ഇസ്ലലാമിക സൗന്ദര്യശാസ്ത്രം ഏറ്റവും കൂടുതൽ അഭിവ്യഞ്ജിച്ചിരുന്നതും അതിൻ്റെ ദാർശനികവും മനഃശാസ്ത്രപരവുമായ തലങ്ങൾ ഉൾക്കൊണ്ടിരുന്നതും സൂഫിസത്തിലാണ്. അതിനാൽ സ്വാഭാവികമായ ഇണക്കം സൂഫിസവുമായി ബഷീറിനുണ്ടായിരുന്നു. ‘മനുഷ്യൻ എൻ്റെ രഹസ്യമാണ്. ഞാൻ മനുഷ്യൻ്റെ രഹസ്യവും’ എന്ന ഹദീസ് വാക്യത്തെ മുൻനിറുത്തി ദൈവികരഹസ്യങ്ങളിലേക്കെത്താനുള്ള ആന്തരികയാത്രയാണ് സൂഫിസമെന്ന് വേണമെങ്കിൽ എളുപ്പത്തിൽ നിർവചിക്കാം.
പ്രമുഖ സൂഫി സൈദ്ധാന്തികരിലൊരാളായിരുന്ന ജലാലുദ്ദീൻ റൂമി തന്റെ പ്രമുഖ കൃതിയായ ‘മസ്‌നവി’യിൽ ഇങ്ങനെ എഴുതി: ‘ആത്മീയതയിൽ വകഭേദങ്ങളോ അക്കമിടലുകളോ ഇല്ല. ആത്മീയതയിൽ വിഭജ നങ്ങളോ വ്യക്തിഭേദങ്ങളോ ഇല്ല.’ അതിവിശാലമായ മാനവികതയുടെയും സ്വാതന്ത്ര്യത്തിൻ്റെയും മുഖമുദ്രമായിരുന്ന ഈ സൂഫിസ്റ്റ് സങ്കല്പം ബഷീർകൃതികളുടെ ദർശനത്തിൽ ആന്തരികമായി ലയിച്ചുകിടക്കുന്നുണ്ട്. തനിക്കു പുറത്തുള്ള ലോകത്തെ മനുഷ്യരെയും ചരാചരങ്ങളെയും വസ്‌തുക്കളെയും തന്നിൽനിന്ന് ഭിന്നമായി കാണാതെ, തന്റെതന്നെ അംശമായി കാണാനുള്ള ഒരു യോഗാത്മക മനസ്സ് ബഷീറിനുണ്ടായിരുന്നു. അതുകൊണ്ടാണ് പാപികളെയും കള്ളന്മാരെയും അദ്ദേഹം വെറുക്കാതിരുന്നതും അവരോടു കാരുണ്യം പ്രകടിപ്പിച്ചതും. തന്നെ കാണാൻ വീട്ടിലെത്തുന്ന മോഷ്ടാവിന് ഒരു കൈനീട്ടം നൽകി സുഖമോഷണം ആശംസിക്കാൻ ബഷീറിനു കഴിയുന്നത് ജീവിതത്തോടുള്ള പ്രത്യേകതരം മനോഭാവവും ഒന്നിലും ഉൾച്ചേരാതെ സാക്ഷിയായി നിൽക്കാനുള്ള സിദ്ധിയുംകൊണ്ടാണ്. ബഷീറിൻ്റെ പ്രേമകഥകളിലാണ് ഈ വിശാല മാനവികതയും സ്വാതന്ത്ര്യബോധവും അതിതീവ്രമാകുന്നത്. ‘അനുരാഗത്തിൻ്റെ ദിനങ്ങളി’ലെ നായികയായ ദേവി ബഷീർ ഒരു മുസൽമാനാണല്ലോ എന്നു ചിന്തിച്ച് അയാളിലേക്കടുക്കാൻ പരുങ്ങിനിൽക്കുമ്പോൾ ബഷീർ പറയുന്നു: ‘ഞാൻ ഹിന്ദുവോ ജൈനനോ ക്രിസ്ത്യാനിയോ മുസൽമാനോ അല്ല, ഒരു കലാകാരനാണ്.’ ‘നമ്മുടെ ഹൃദയങ്ങൾ’ എന്നു പേരായ മറ്റൊരു കഥയുടെ പശ്ചാത്തലം വടക്കേ ഇന്ത്യയാണ്. വർഗീയ കലാപങ്ങൾ നിത്യസംഭവമായ ഒരു ചെറുപട്ടണത്തിൽ ഒരു ഗ്രാമീണകുടുംബത്തോടൊപ്പമാണ് മനോഹർ എന്ന നായകന്റെ ജീവിതം. ബ്രാഹ്മണകുടുംബത്തിലെ ഏകപുത്രൻ്റെ സുഹൃത്താണ് മനോഹർ. തന്റെ സുഹൃത്തിൻ്റെ സഹോദരിയെ മനോഹർ പ്രണയിക്കുന്നുമുണ്ട്. വർഗീയകലാപം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഒരു സന്ദർഭത്തിൽ മുസൽമാന്മാർ കൊലക്കത്തിക്കിരയാകുമ്പോൾ മനോഹറിനെ ബ്രാഹ്മണപുത്രി അതുകാണാൻ അനുവദിക്കാതെ വീടിന്റെ അകത്തളത്തിലേക്ക് വലിച്ചുകൊണ്ടുവരുന്നു. മനോഹറിന് സിഗരറ്റ് വാങ്ങാൻ അവൾ ആരും അറിയാതെ പണം നല്‌കുകയും അയാളെ ആരാധിക്കുകയം ചെയ്യുന്നു. പക്ഷേ, മനോഹർ ഒരു ദീർഘയാത്രയ്ക്കായി ഒരുങ്ങും മുമ്പ് തൻ്റെ പേര് ഹമീദ് എന്നാണെന്നും താൻ മുസൽമാനാണെന്നും അവളോട് വെളിപ്പെടുത്തുന്നു. ജാതിമത പരിഗണനകൾക്കപ്പുറത്ത് മനുഷ്യരുടെ ഹ്യദയങ്ങൾ ഒന്നാണെന്ന രീതിയിലാണ് ബഷീറിൻ്റെ പ്രണയകഥകളെല്ലാം സഞ്ചരിക്കുന്നത്. എല്ലാ വസ്‌തുക്കളിലും ഈശ്വരചൈതന്യത്തെ കാണുകയും പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളിലെല്ലാം അനുപ്രവേശിച്ചിട്ടുള്ള ഐക്യത്തെ കണ്ടറിയുകയും ചെയ്‌ത ബഷീർ സാധാരണ മനുഷ്യരുടെ ജീവിത സങ്കല്പങ്ങളിൽനിന്നും അകന്നുമാറി ജീവിച്ച ഒരാളായിരുന്നു. സാധാരണ തലത്തിൽനിന്ന് മാറിക്കൊണ്ടുള്ള ഈ കാഴ്‌ചപ്പാട് അദ്ദേഹത്തിൽ ഒരു പ്രത്യേകതരം ഉന്മാദം ഉണ്ടാക്കിയിരുന്നു.
മിസ്റ്റിസത്തിന്റെയും അബ്നോർമാലിറ്റിയുടെയും നേർത്ത അതിർത്തികളിലൂടെയാണ് അദ്ദേഹത്തിൻ്റെ മനസ്സ് എപ്പോഴും സഞ്ചരിച്ചിരുന്നത്. അനോർമലും യോഗാനുഭൂതിയും കെട്ടുപിണഞ്ഞു കിടക്കുന്ന ഈ മനസ്സിൽനിന്നായിരുന്നു അദ്ദേഹത്തിൻറെ സർഗ്ഗാത്മകത നിറഞ്ഞൊഴുകിയിരുന്നത്. നോർമാലിറ്റിയുടെ അംശം കുറവായിരുന്ന ഈ പ്രത്യേക മാനസിക പശ്ചാത്തലം ബഷീറിന് സ്വൈര്യതയുടെയും അച്ചടക്കത്തിൻ്റെയും പാഠങ്ങൾ ജീവിതത്തിൽ പുലർത്താൻ വൈഷമ്യമുണ്ടാക്കിയിരുന്നു. വളരെ ചെറിയ പ്രായം തൊട്ടേ മതഭക്തനും ഈശ്വരവിശ്വാസിയുമായിരുന്നെങ്കിലും താൻ വിശ്വസിക്കുന്ന മതത്തിൻ്റെ ജീവിതപദ്ധതിക്കനുസരിച്ചുള്ള മാതൃകാജീവിതം ബഷീർ ഒരിക്കലും അനുഷ്‌ഠിച്ചിരുന്നില്ല. ലോകത്തിലെ തൻ്റെ അസ്‌തിത്വത്തെക്കുറിച്ചുള്ള അനേകം ദുരൂഹമായ ചിന്തകൾക്കുള്ള ഉത്തരവും ആ കുഴഞ്ഞുമറിഞ്ഞ ചിന്തകളിൽനിന്നുള്ള മോചനവുമായിരുന്നു ബഷീറിന് ദൈവം. ഭ്രാന്താശുപത്രിയിൽനിന്ന് തൻ്റെ സുഹൃത്തിനെഴുതിയ കത്തിൽ അദ്ദേഹം ഇങ്ങനെ കുറിച്ചിടുന്നു: ‘ഞാൻ എല്ലാം അറിയാൻ ശ്രമിച്ചു… ഗോള സമൂഹങ്ങളെപ്പറ്റി, ലോകങ്ങളായ ലോകങ്ങളെപ്പറ്റി, സൂര്യചന്ദ്രന്മാർ, നക്ഷത്രകോടികൾ, ജീവിതം, മരണം! എന്തിനു ജനിക്കുന്നു..? മനുഷ്യൻ്റെ ഒരു മായികസ്വപ്‌നമാണോ ഈശ്വരൻ. എന്നാൽ മനു ഷ്യൻ്റെ ഒരു സങ്കല്പമല്ല ഈശ്വരൻ എന്നു ഞാൻ ധരിച്ചിരുന്നു. ഈശ്വരൻ ഉണ്ട്. അല്ലാഹു എന്നോ ഖുദാ എന്നോ, സർവേശ്വരൻ എന്നോ ഗോഡ് എന്നോ എന്തു പേരിട്ടാലും അല്ലാഹു ഉണ്ട്… (സമാഹ്യത കൃതികൾ. പേജ് 1360). ദൈവത്തിലുള്ള വിശ്വാസം ബഷീറിൻ്റെ ദർശനത്തിൽ ആഴത്തിൽ അന്തർലീനമാണ്. നന്മയുടെയും കാരുണ്യത്തിൻ്റെയും പരമമായ സ്രോതസ്സാണ് ബഷീറിനെ സംബന്ധിച്ചിടത്തോളം ദൈവം. നന്മ ചെയ്യുന്നവനു മാത്രമേ എഴുത്തുകാരനാകാൻ കഴിയുകയുള്ളൂ എന്നും എല്ലാവരും നന്നാകാനുള്ള വഴി മതങ്ങളിലുണ്ടെന്നും അദ്ദേഹം വിശ്വസിച്ചു. ‘അജ്ഞാതമായ ഭാവിയിലേക്ക്’ എന്ന കഥയിൽ അദ്ദേഹം എഴുതുന്നു:
‘പ്രാർഥനാലയം ശൂന്യമായപ്പോൾ പുരോഹിതൻ എൻ്റെ അടുത്തുവന്നു വ്യസനത്തോടെ ചോദിച്ചു. “അങ്ങെന്തുകൊണ്ട് പ്രാർഥനാലയത്തിൽ വരുന്നില്ല? സ്രഷ്ടാവിൽ വിശ്വാസമില്ലേ..?”
ഞാൻ പറഞ്ഞു: “വിശ്വാസമുണ്ട്, പ്രാർഥിക്കുന്നുണ്ട്.” എന്തിനു വേണ്ടിയാണ് പ്രാർഥിക്കേണ്ടതെന്ന് എനിക്ക് അറിയില്ലെന്ന വിവരം ഞാൻ പറഞ്ഞില്ല. ഒരുപക്ഷേ, ഞാൻ എന്ന ജീവിതംതന്നെ അനന്തമായ ഒരു പ്രാർഥനയായിരിക്കുമോ?’ നിരന്തരമായ സദ്പ്രവൃത്തയും സദ്ചിന്തയുമാണ് പ്രാർഥന എന്ന അർഥത്തിലാണ് അനന്തമായ പ്രാർഥനയാണ് ജീവിതം എന്ന് അദ്ദേഹം എഴുതിയത്. അതിൽ തന്നെ മതത്തിന്റെ പൊയ്‌മുഖമണിഞ്ഞ പൗരോഹിത്യം, വർഗീയത എന്നിവയെക്കുറിച്ചുള്ള പ്രവചനാത്മകമായ ഉൾക്കാഴ്‌ചകൾ ബഷീർ കൃതികളിൽ ബഹുലമായി കാണാം. മതവിദ്വേഷവും വർഗീയതയും പെരുകിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് യഥാർഥ മതസൗഹാർദത്തിന്റെയും മതസാഹോദര്യത്തിൻ്റെയും കണ്ണാടിയായി ബഷീർകൃതികൾ വർത്തിക്കുന്നു. (കവർ: 1.ബഷീർ ഫലിതങ്ങൾ,പത്താം പതിപ്പ്, ഒലീവ് ബുക്സ്. 2.ബഷീർ സംഭാഷണങ്ങൾ:ഡിസിബുക്സ്)
