പിഎം ശ്രീ പദ്ധതി നടപ്പിലാക്കും എന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് കൺവീനർ പറഞ്ഞത് കേരളത്തോടുള്ള ഭീഷണിയായാണ് മനസ്സിലാക്കാനാവുന്നത്. പി.എം ശ്രീ പദ്ധതി സംസ്ഥാനത്തെ 265 സ്കൂളുകളിൽ നടപ്പിലാക്കിയാൽ അത് കേവലം ഒരു ഭരണപരമായ നടപടിയല്ല, മറിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ സംഘ്പരിവാറിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന് അടിയറവ് വെക്കുന്ന വിനാശകരമായ നീക്കമാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് എൽ.ഡി.എഫ് സർക്കാരിനെതിരെ യു.ഡി.എഫ് പ്രയോഗിച്ച ഏറ്റവും വലിയ രാഷ്ട്രീയ ആയുധങ്ങളിലൊന്നായിരുന്നു പി.എം ശ്രീ പദ്ധതി. എന്നാൽ, അധികാരത്തിലെത്തിയ ശേഷം അതേ പ്രതിലോമ സമീപനം തന്നെ യു.ഡി.എഫും തുടരുന്നത് കേരളത്തിലെ മതേതര സമൂഹത്തോടുള്ള കൊടിയ വഞ്ചനയാണ്. പദ്ധതിയിൽ നിന്ന് പിന്മാറാൻ സംസ്ഥാനങ്ങൾക്ക് സാങ്കേതികമായി യാതൊരു തടസ്സവുമില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ തന്നെ യുഡിഎഫ് അഗങ്ങളായ ജെബി മേത്തർക്കും പി.വി അബ്ദുൽ വഹാബിനും രേഖാമൂലം വ്യക്തമാക്കിയ മറുപടി നൽകിയ സാഹചര്യത്തിൽ, യു.ഡി.എഫ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് പിന്നിലെ ഗൂഢലക്ഷ്യങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഈ വിഷയത്തിൽ യു.ഡി.എഫ് സർക്കാരിന്റെ ഇരട്ടത്താപ്പും, പി.എം ശ്രീ പദ്ധതിയിലൂടെ കേരളത്തിലേക്ക് ഒളിച്ചുകടത്താൻ ശ്രമിക്കുന്ന സംഘ്പരിവാർ അജണ്ടകളും, ഇതിലൂടെ സർക്കാരിനെ കാത്തിരിക്കുന്ന വൻ രാഷ്ട്രീയ തിരിച്ചടികളും അക്കമിട്ട് പരിശോധിക്കേണ്ടതുണ്ട്.
പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി മുൻ എൽ.ഡി.എഫ് സർക്കാർ ധാരണാപത്രം ഒപ്പുവെച്ചപ്പോൾ അതിനെതിരെ ഏറ്റവും ശക്തമായി രംഗത്തുവന്നത് അന്നത്തെ പ്രതിപക്ഷമായിരുന്ന യു.ഡി.എഫ് ആയിരുന്നു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ അജണ്ടയ്ക്ക് എൽ.ഡി.എഫ് കുടപിടിക്കുകയാണെന്നായിരുന്നു യു.ഡി.എഫിന്റെ പ്രധാന ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഈ വിഷയം സജീവമായി ഉന്നയിക്കുകയും, തങ്ങൾ അധികാരത്തിൽ വന്നാൽ ഈ പദ്ധതി റദ്ദാക്കുമെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തവരാണ് യു.ഡി.എഫ് നേതൃത്വം.
എന്നാൽ, അധികാരത്തിലെത്തിയതോടെ ഈ വാഗ്ദാനങ്ങൾ പൂർണ്ണമായും കാറ്റിൽ പറത്തിയിരിക്കുകയാണ്. പദ്ധതി സംസ്ഥാനത്തെ 265 സ്കൂളുകളിൽ നടപ്പിലാക്കാനുള്ള നീക്കം സർക്കാർ നടത്തിക്കഴിഞ്ഞു. എൽ.ഡി.എഫ് എന്ത് ചെയ്തോ, അതിന്റെ തനിയാവർത്തനം മാത്രമാണ് ഇപ്പോൾ യു.ഡി.എഫും ചെയ്യുന്നത്. എൽ.ഡി.എഫിന്റെ നടപടിയെ ‘ബി.ജെ.പി ബാന്ധവം’ എന്ന് വിമർശിച്ചവർ ഇന്ന് അതേ ബി.ജെ.പി സർക്കാരിന്റെ വിദ്യാഭ്യാസ അജണ്ടകൾക്ക് കേരളത്തിൽ ചുവപ്പുനാട വിരിക്കുകയാണ്. ഈ നിലപാട് മാറ്റം വ്യക്തമാക്കുന്നത് യു.ഡി.എഫിന് ഇക്കാര്യത്തിലുള്ള ആശയപരമായ പാപ്പരത്തവും, സംഘ്പരിവാർ നയങ്ങളോടുള്ള മൃദുസമീപനവുമാണ്. തങ്ങൾ പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ ഭരണത്തിലെത്തിയപ്പോൾ സൗകര്യപൂർവ്വം മറക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്.
പൊളിഞ്ഞ ന്യായീകരണങ്ങളും കേന്ദ്ര സർക്കാരിന്റെ രാജ്യസഭയിലെ മറുപടിയും
പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാർ തുടക്കത്തിൽ പറഞ്ഞിരുന്ന ഒരു പ്രധാന ന്യായീകരണം, മുൻ സർക്കാർ ഒപ്പുവെച്ച കരാറിൽ നിന്ന് സാങ്കേതികമായി പിന്മാറാൻ കഴിയില്ല എന്നതായിരുന്നു. കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് നഷ്ടപ്പെടുമെന്നും, കരാർ ലംഘനം മറ്റ് പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നുമുള്ള ഭയമാണ് സർക്കാർ പരോക്ഷമായി പങ്കുവെച്ചിരുന്നത്. എന്നാൽ, ഈ ന്യായീകരണങ്ങളുടെയെല്ലാം മുനയൊടിക്കുന്നതാണ് പാർലമെൻ്റ് സമ്മേളനത്തിൽ രാജ്യസഭയിൽ കേന്ദ്ര സർക്കാർ നൽകിയ മറുപടി.
പി.എം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാൻ സാങ്കേതിക തടസ്സങ്ങളില്ലെന്നും, താല്പര്യമില്ലാത്ത സംസ്ഥാനങ്ങൾക്ക് അത് തുടരേണ്ടതില്ലെന്നും കേന്ദ്രം വ്യക്തമാക്കിക്കഴിഞ്ഞു. ഫെഡറൽ തത്വങ്ങൾ പ്രകാരം വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ സംസ്ഥാനങ്ങൾക്ക് മേൽ ഇത് അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യമാണ് കേന്ദ്രം അംഗീകരിച്ചിരിക്കുന്നത്. തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ ഈ പദ്ധതിയുടെ അപകടം തിരിച്ചറിഞ്ഞ് അതിൽ നിന്ന് വിട്ടുനിൽക്കുകയോ അല്ലെങ്കിൽ തങ്ങളുടേതായ നിബന്ധനകൾ മുന്നോട്ട് വെക്കുകയോ ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാർ തന്നെ പിന്മാറാൻ പച്ചക്കൊടി കാണിച്ചിട്ടും, കേരളത്തിലെ യു.ഡി.എഫ് സർക്കാർ എന്തിനാണ് ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്? സാങ്കേതിക തടസ്സമില്ലെന്ന് വ്യക്തമായ സ്ഥിതിക്ക് പദ്ധതിയിൽ നിന്ന് പിന്മാറാതിരിക്കാൻ യു.ഡി.എഫിന് ഇനി യാതൊരു ന്യായവുമില്ല.
പി.എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ഒരു ട്രോജൻ കുതിര
എന്തുകൊണ്ടാണ് പി.എം ശ്രീ പദ്ധതി ഇത്രയധികം അപകടകരമാകുന്നത്? ഒറ്റനോട്ടത്തിൽ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ആധുനികവൽക്കരിക്കാനുമുള്ള ഒരു കേന്ദ്ര ഫണ്ടിംഗ് പദ്ധതിയാണിതെന്ന് തോന്നാം. എന്നാൽ, അതിന് പിന്നിൽ ഒളിപ്പിച്ചിരിക്കുന്ന വ്യവസ്ഥകളിലാണ് യഥാർത്ഥ അപകടം പതിയിരിക്കുന്നത്. പി.എം ശ്രീ പദ്ധതിക്കുള്ള ധാരണാപത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിബന്ധന എന്നത് ദേശീയ വിദ്യാഭ്യാസ നയം അതിന്റെ പൂർണ്ണ രൂപത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കും എന്നുള്ളതാണ്.
അതായത്, കുറച്ച് കോടി രൂപയുടെ കേന്ദ്ര ഫണ്ടിന് വേണ്ടി കേരളത്തിന്റെ അക്കാദമിക സ്വാതന്ത്ര്യവും ഫെഡറൽ അവകാശങ്ങളും പൂർണ്ണമായും അടിയറവ് വെക്കുകയാണ് സർക്കാർ ചെയ്യുന്നത്. ദേശീയ വിദ്യാഭ്യാസ നയം എന്നത് ഇന്ത്യയിലെ മതേതര, പുരോഗമന ചിന്താഗതിക്കാർ ഒന്നടങ്കം തള്ളിക്കളഞ്ഞ ഒന്നാണ്. അത് ലക്ഷ്യമിടുന്നത് വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണവും, കാവിവൽക്കരണവും, കച്ചവടവൽക്കരണവുമാണ്.
പി.എം ശ്രീ സ്കൂളുകൾ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലബോറട്ടറികളായാണ് പ്രവർത്തിക്കുക. ഈ സ്കൂളുകളിലെ പാഠ്യപദ്ധതി, അദ്ധ്യാപന രീതി, മൂല്യനിർണ്ണയം എന്നിവയെല്ലാം നേരിട്ട് കേന്ദ്ര സർക്കാരിന്റെയോ അവർ നിശ്ചയിക്കുന്ന ഏജൻസികളുടെയോ നിയന്ത്രണത്തിലാകും. കേരളം പോലൊരു സംസ്ഥാനം പതിറ്റാണ്ടുകളായി വളർത്തിയെടുത്ത പ്രാദേശിക ചരിത്രവും സംസ്കാരവും സാമൂഹിക യാഥാർത്ഥ്യങ്ങളും ഉൾക്കൊള്ളുന്ന സിലബസുകൾക്ക് പകരം, കേന്ദ്രം അടിച്ചേൽപ്പിക്കുന്ന ഏകശിലാത്മകമായ സിലബസ് പഠിക്കാൻ നമ്മുടെ കുട്ടികൾ നിർബന്ധിതരാകും. ഇത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ദേശീയ വിദ്യാഭ്യാസ നയമെന്ന കെണിയിലേക്ക് വളരെ തന്ത്രപരമായി വീഴ്ത്തുന്നതിനുള്ള ഒരു ട്രോജൻ കുതിര മാത്രമാണ്.
വിദ്യാഭ്യാസ മേഖലയിലെ സംഘ്പരിവാർ അജണ്ടയും കാവിവൽക്കരണവും
വിദ്യാഭ്യാസത്തെ തങ്ങളുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര അജണ്ടകൾ നടപ്പിലാക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപകരണമായാണ് ആർ.എസ്.എസ് ഉൾപ്പെടെയുള്ള സംഘ്പരിവാർ സംഘടനകൾ കാലങ്ങളായി കണ്ടുവരുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങളെയും മതേതര ചരിത്രത്തെയും മായ്ച്ചുകളഞ്ഞ്, ഹിന്ദുത്വ ബ്രാഹ്മണിക്കൽ വീക്ഷണം കുട്ടികളിൽ അടിച്ചേൽപ്പിക്കാനാണ് ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നത്.
പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ ചരിത്രവും, ഗാന്ധി വധവും, ഡാർവിന്റെ പരിണാമ സിദ്ധാന്തവും വെട്ടിമാറ്റുന്ന എൻ.സി.ഇ.ആർ.ടി യുടെ സമീപനങ്ങൾ നാം കണ്ടുകഴിഞ്ഞതാണ്. പുരാണങ്ങളെയും മിത്തുകളെയും ശാസ്ത്രമായി അവതരിപ്പിക്കാനും, ഇന്ത്യൻ ചരിത്രത്തെ പൂർണ്ണമായും വർഗീയമായി പുനർവായിക്കാനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമാണ്. പി.എം ശ്രീ പദ്ധതിയിലൂടെ കേരളത്തിലെ സ്കൂളുകളിലേക്കും ഇതേ പാഠ്യപദ്ധതിയും ആശയങ്ങളും നേരിട്ട് കടന്നുവരും.
കേരളത്തിലെ കുട്ടികൾ നമ്മുടെ നവോത്ഥാന നായകരെക്കുറിച്ചും, ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും ചട്ടമ്പി സ്വാമികളെയും കുറിച്ചും, ജാതി വിരുദ്ധ പോരാട്ടങ്ങളെക്കുറിച്ചും പഠിക്കുന്നതിന് പകരം, സവർണ്ണ മേധാവിത്വത്തെ മഹത്വവൽക്കരിക്കുന്ന സംഘ്പരിവാർ പാഠങ്ങൾ പഠിക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചുനോക്കുക. ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തേണ്ട വിദ്യാലയങ്ങൾ അന്ധവിശ്വാസങ്ങളുടെയും അശാസ്ത്രീയതയുടെയും പ്രചാരണ കേന്ദ്രങ്ങളായി മാറും. ഈയൊരു വലിയ വിപത്തിലേക്കാണ് യു.ഡി.എഫ് സർക്കാർ കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ തള്ളിവിടുന്നത്.
സംസ്ഥാനത്തിന്റെ അവകാശങ്ങൾ അടിയറവ് വെക്കുന്ന ഫെഡറൽ വിരുദ്ധത
ഇന്ത്യൻ ഭരണഘടനയുടെ നെടുംതൂണായ ഫെഡറലിസത്തിന് നേരെയുള്ള കടുത്ത കടന്നുകയറ്റമാണ് ഇത്തരം കേന്ദ്ര പദ്ധതികൾ. വിദ്യാഭ്യാസം എന്നത് സംസ്ഥാനങ്ങളുടെ കൂടി അധികാര പരിധിയിൽ വരുന്ന വിഷയമാണ്. കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പ്രത്യേകതകൾ പരിഗണിച്ച് വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കാനുള്ള പൂർണ്ണ അവകാശം സംസ്ഥാന സർക്കാരിനുണ്ട്. എന്നാൽ, പി.എം ശ്രീ വഴി കേന്ദ്രം ഈ അവകാശത്തെ ഹൈജാക്ക് ചെയ്യുകയാണ്. പദ്ധതി ഫണ്ടിന്റെ ഒരു വലിയ പങ്ക് സംസ്ഥാനം തന്നെ വഹിക്കേണ്ടതുണ്ട് (60:40 അനുപാതത്തിൽ). സ്വന്തം ഖജനാവിൽ നിന്ന് പണം മുടക്കിയിട്ടും, ആ സ്കൂളുകളിൽ എന്ത് പഠിപ്പിക്കണം, എങ്ങനെ പഠിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് ദില്ലിയിലുള്ള ചില ഉദ്യോഗസ്ഥരും സംഘ്പരിവാർ നോമിനികളുമാകും. ഇത് കേരളത്തിന്റെ സാമ്പത്തികവും ഭരണപരവുമായ സ്വാഭാവിക അവകാശങ്ങൾക്കുമേലുള്ള നഗ്നമായ കടന്നുകയറ്റമാണ്. ഇടതുപക്ഷ സർക്കാർ ഈ പാത വെട്ടിത്തുറന്നപ്പോൾ അതിനെതിരെ സമരം ചെയ്ത യു.ഡി.എഫ്, ഇപ്പോൾ ഭരണത്തിലിരുന്ന് അതിന് കുടപിടിക്കുന്നത് സംസ്ഥാനത്തിന്റെ ഫെഡറൽ അവകാശങ്ങളോടുള്ള വെല്ലുവിളിയാണ്.
ഭരണഘടനാ മൂല്യങ്ങളുടെ തകർച്ചയും ജനാധിപത്യവിരുദ്ധതയും
ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്ന പല കാര്യങ്ങളും ഭരണഘടനാ മൂല്യങ്ങൾക്ക് കടകവിരുദ്ധമാണ്. സാമൂഹിക നീതി, സംവരണം തുടങ്ങിയ വിഷയങ്ങളിൽ എൻ.ഇ.പി കുറ്റകരമായ മൗനം പാലിക്കുകയോ അവയെ ദുർബലപ്പെടുത്തുകയോ ചെയ്യുന്നു. വിദ്യാഭ്യാസം സാർവത്രികവും സൗജന്യവുമാക്കുന്നതിന് പകരം, അതിനെ ഒരു കച്ചവടച്ചരക്കാക്കി മാറ്റി സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടാനാണ് ശ്രമം. പി.എം ശ്രീ സ്കൂളുകൾ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. ബാക്കിയുള്ള ആയിരക്കണക്കിന് പൊതുവിദ്യാലയങ്ങളെ അവഗണിച്ച്, തെരഞ്ഞെടുക്കപ്പെട്ട കുറച്ചു സ്കൂളുകളിൽ മാത്രം ഫണ്ട് കേന്ദ്രീകരിക്കുന്നത് വിദ്യാഭ്യാസ മേഖലയിൽ തന്നെ ഒരു അസമത്വം സൃഷ്ടിക്കും. ഒരു വശത്ത് ‘മികവിന്റെ കേന്ദ്രങ്ങൾ’ എന്ന് ലേബൽ ചെയ്യപ്പെട്ട പി.എം ശ്രീ സ്കൂളുകളും, മറുവശത്ത് ഫണ്ടില്ലാതെ വീർപ്പുമുട്ടുന്ന സാധാരണ സർക്കാർ സ്കൂളുകളും എന്ന വിഭജനം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മോഡലിന്റെ അടിത്തറ തോണ്ടും. ഈ ജനാധിപത്യവിരുദ്ധമായ വിഭജനത്തിനാണ് യു.ഡി.എഫ് കൂട്ടുനിൽക്കുന്നത്.
യു.ഡി.എഫിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി
പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോയാൽ കേരളത്തിൽ യു.ഡി.എഫിന് സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ തിരിച്ചടിയുടെ ആഴം വളരെ വലുതായിരിക്കും. കേരളത്തിന്റെ പൊതുസമൂഹം അങ്ങേയറ്റം രാഷ്ട്രീയ പ്രബുദ്ധതയുള്ളതാണ്. സംഘ്പരിവാറിന്റെ വർഗീയ നയങ്ങളെ പടിക്ക് പുറത്തുനിർത്തുന്നതിൽ എക്കാലത്തും കേരളം കാണിച്ചിട്ടുള്ള ജാഗ്രത ചരിത്രപ്രസിദ്ധമാണ്. അത്തരമൊരു സമൂഹത്തിലേക്ക് വിദ്യാഭ്യാസത്തിന്റെ രൂപത്തിൽ കാവിവൽക്കരണം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അതിന്റെ പ്രത്യാഘാതം യു.ഡി.എഫ് അനുഭവിക്കേണ്ടി വരും. കേരളത്തിലെ മതേതര സമൂഹം യു.ഡി.എഫിനെ വിശ്വസിച്ചാണ് അവർക്ക് വോട്ട് നൽകിയത്. എന്നാൽ, ബി.ജെ.പിയുടെ അജണ്ടകൾ നടപ്പിലാക്കുന്ന ഒരു ഏജന്റായി യു.ഡി.എഫ് സർക്കാർ മാറുന്നത് മതേതര സമൂഹത്തെ പൂർണ്ണമായും അകറ്റും.
ചരിത്ര തിരുത്തിയെഴുതലുകളിലും സിലബസ് പരിഷ്കരണങ്ങളിലും ഏറ്റവും കൂടുതൽ ഇരകളാക്കപ്പെടുന്നത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളാണ്. ഇസ്ലാമിക ചരിത്രത്തെയും ക്രിസ്ത്യൻ സംഭാവനകളെയും തമസ്കരിക്കുന്ന ഒരു നയം കേരളത്തിൽ നടപ്പിലാക്കാൻ യു.ഡി.എഫ് കൂട്ടുനിന്നാൽ, പരമ്പരാഗതമായി യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ അവരെ കൈവിടും. ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണയില്ലാതെ കേരളത്തിൽ യു.ഡി.എഫിന് നിലനിൽപ്പില്ല എന്ന യാഥാർത്ഥ്യം നേതൃത്വം മറക്കാൻ പാടില്ല. ഇത് യു.ഡി.എഫിന്റെ രാഷ്ട്രീയ ആത്മഹത്യയ്ക്ക് തുല്യമാണ്. പി.എം ശ്രീ പദ്ധതി എന്നത് കേവലം സ്കൂളുകൾക്ക് പെയിന്‍റടിക്കാനും സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ടാക്കാനുമുള്ള ഒരു ഫണ്ടിംഗ് ഏജൻസിയല്ല. അത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ, ഇന്ത്യയുടെ മതേതര വിദ്യാഭ്യാസ സംവിധാനത്തെ തകർത്ത് അവിടെ ഹിന്ദുത്വ അജണ്ടകൾ പ്രതിഷ്ഠിക്കാനുള്ള സംഘ്പരിവാറിന്റെ ഉപകരണമാണ്. മുൻ എൽ.ഡി.എഫ് സർക്കാർ കാണിച്ച അതേ വിഡ്ഢിത്തവും രാഷ്ട്രീയ വഞ്ചനയും യു.ഡി.എഫ് സർക്കാരും ആവർത്തിക്കുന്നത് കേരളം പൊറുക്കില്ല.
സാങ്കേതിക തടസ്സങ്ങളില്ലെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക്, പി.എം ശ്രീ പദ്ധതിയിൽ നിന്ന് ഉപാധികളില്ലാതെ പിന്മാറാൻ യു.ഡി.എഫ് സർക്കാർ അടിയന്തരമായി തയ്യാറാകണം. ഒപ്പുവെച്ച ധാരണാപത്രം റദ്ദാക്കി, കേരളത്തിന്റെ തനതായ വിദ്യാഭ്യാസ മാതൃക സംരക്ഷിക്കാനുള്ള ആർജ്ജവം സർക്കാർ കാണിക്കണം. കുറച്ച് കേന്ദ്ര ഫണ്ടിന് വേണ്ടി കേരളത്തിന്റെ ഭാവി തലമുറയുടെ ചിന്തകളെയും ബോധ്യങ്ങളെയും സംഘ്പരിവാറിന് പണയം വെക്കാനാണ് തീരുമാനമെങ്കിൽ, ചരിത്രം ഒരിക്കലും ഈ യു.ഡി.എഫ് സർക്കാരിന് മാപ്പ് നൽകില്ല. കേരളത്തിന്റെ മതേതര മനസ്സ് അതിന് കനത്ത വില ചോദിക്കുക തന്നെ ചെയ്യും. അധികാരത്തിന്റെ താൽക്കാലിക ലാഭങ്ങൾക്കപ്പുറം നാടിന്റെ ഭാവി വലുതാണെന്ന് തിരിച്ചറിയാൻ ഇനിയെങ്കിലും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തയ്യാറാകണം. ഇല്ലെങ്കിൽ, യു.ഡിഫ് സ്വന്തം ശവക്കുഴി തന്നെയാണ് തോണ്ടുന്നത്
