ഇറാൻ-യുഎസ്-ഇസ്രായേൽ യുദ്ധ പശ്ചാത്തലത്തിൽ ലോകം മുഴുവൻ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന തന്ത്രപ്രധാനമായ പ്രദേശമാണ് ഹോർമുസ് കടലിടുക്ക്. ലോകത്തെ ഏറ്റവും നിർണായകമായ എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് എക്കാലത്തും ശ്രദ്ധേകേന്ദ്രമാണ്. ഇറാൻറെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാനമായ ഈ ജലപാത അടച്ചതോടെ ആഗോള എണ്ണ വിപണിയെയും ലോക സമ്പദ് വ്യവസ്ഥയെയും ഒരുപോലെ ബാധിച്ചിരിക്കുന്നു. ഇറാനെതിരായ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കങ്ങളും അതിനോടുള്ള ഇറാന്റെ ശക്തമായ തിരിച്ചടിയും പശ്ചിമേഷ്യയെ വീണ്ടും ഒരു വൻ സ്ഫോടനത്തിന്റെ അരികിലെത്തിച്ചിരിക്കുകയാണ്.
എന്താണ് ഹോർമുസ് കടലിടുക്ക്?
തെക്കുകിഴക്കുള്ള ഒമാൻ ഗൾഫിന്റെയും പേർഷ്യൻ ഗൾഫിന്റെയും ഇടയിൽ വരുന്ന ഇടുങ്ങിയതും തന്ത്രപ്രധാനവുമായ ഒരു ജലപാതയാണ് ഹോർമൂസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിൽ നിന്ന് തുറന്ന സമുദ്രത്തിലേക്കുള്ള ഏക കടൽ പാതയായ ഇത് ലോകത്തിലെ ഏറ്റവും തന്ത്രപരമായി പ്രധാനപ്പെട്ട കടലിടുക്കുകളിൽ ഒന്നാണ്. ഹോർമൂസിന്റെ വടക്കൻ തീരത്ത് ഇറാനും തെക്കൻ തീരത്ത് ഐക്യ അറബ് എമിറേറ്റും ഒമാന്റെ ഭാഗമായ മുസന്ധവുമാണ്. ഹോർമൂസ് കടലിടുക്കിന്റെ വീതി 54 കിലോ മീറ്റർ (29 നോട്ടിക്കൽ മൈൽ) വരും. പേർഷ്യൻ ഗൾഫിലുള്ള പെട്രോളിയം കയറ്റുമതിരാജ്യങ്ങൾക്ക് സമുദ്രത്തിലേക്ക് വഴിതുറക്കുന്ന ഏക കടൽമാർഗ്ഗമാണിത്. അമേരിക്കൻ ഐക്യനാടുകളുടെ എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ കണക്ക് പ്രകാരം, ശരാശരി 15 ടാങ്കറുകൾ 16.5 മുതൽ 17 വരെ മില്യൻ ബാരൽ അസംസ്കൃത എണ്ണ ഓരോദിവസവും ഈ പാതയിലൂടെ വഹിച്ചുകൊണ്ട് പോകുന്നു. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കടലിടുക്കായി ഹോർമൂസിനെ കണക്കാക്കുന്നതും ഇക്കാരണത്താലാണ്. ലോകത്തിലെ കടൽമാർഗ്ഗമുള്ള എണ്ണ ചരക്കുനീക്കത്തിന്റെ 40% വും ലോകത്തിലെ മൊത്തം ചരക്കുനീക്കത്തിന്റെ 20% വും വരുമിത്.
ഒമാനും ഇറാനും ഇടയിലുള്ള ഇടുങ്ങിയ ജലപാതയാണിത്. വടക്ക് ഭാഗത്ത് ഇറാനും തെക്ക് ഭാഗത്ത് ഒമാനും യുണൈറ്റഡ് അറബ് എമിറേറ്റ്സും ആണ് ഹോർമുസ് കടലിടുക്കിന്റെ അതിരുകൾ. ഈ ഇടുങ്ങിയ ജലപാത ലോകത്തിന്റെ ‘ഊർജ്ജ ധമനി’ എന്നാണ് അറിയപ്പെടുന്നത്. മിഡിൽ ഈസ്റ്റിലെ പ്രധാന എണ്ണ ഉൽപ്പാദക രാജ്യങ്ങളെ അറബിക്കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന ഏക കടൽമാർഗ്ഗമാണിത്.
ലോകത്തെ എണ്ണ വിതരണത്തിന്റെയും കടൽ വഴിയുള്ള ഗ്യാസ് ടാങ്കറുകളുടെയും ഏകദേശം 20 ശതമാനവും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. ഏറ്റവും ഇടുങ്ങിയ ഭാഗത്ത് വെറും 33 കിലോമീറ്റർ മാത്രം വീതിയുള്ള ഈ പ്രദേശം അടച്ചുപൂട്ടുന്നത് പ്രതിദിനം 15 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയുടെ വിതരണം തടസ്സപ്പെടുത്തും. സൗദി അറേബ്യ, യുഎഇ, ഇറാഖ്, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിക്ക് ഈ കടലിടുക്കിനെ മറികടക്കാൻ മറ്റ് പ്രായോഗിക മാർഗങ്ങളില്ല എന്നതും പ്രശ്നത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായതിനാൽ ഭൗമരാഷ്ട്രീയപരമായി ‘ചോക്ക് പോയിന്റ്’ എന്നും അറിയപ്പെടുന്നു.
ഹോർമുസ് കടലിടുക്കിന്റെ 33 കിലോമീറ്റർ സഞ്ചാരപാതയിൽ, കപ്പലുകൾക്ക് കടന്നുപോകാൻ വെറും മൂന്ന് കിലോമീറ്റർ വീതി മാത്രമേയുള്ളൂ. മിഡിൽ ഈസ്റ്റിലെ പ്രമുഖ എണ്ണ ഉത്പാദകരെ ലോകവിപണിയുമായി ബന്ധിപ്പിക്കുന്ന ഏക കടൽമാർഗമാണിത്.
ഹോർമുസ് കടലിടുക്കിന്റെ പ്രാധാന്യം
ലോക സമ്പദ് വ്യവസ്ഥയുടെ ചക്രം തിരിയുന്നത് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ പ്രവാഹത്തെ ആശ്രയിച്ചാണ്. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതിക്കാരായ ഖത്തർ, സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങൾക്ക് എണ്ണ കയറ്റുമതിക്ക് മറ്റൊരു പാതയില്ലാത്തതാണ് ഗുരുതര പ്രതിസന്ധിക്ക് കാരണം.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണയുടെ 75 ശതമാനവും ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. അതിനാൽ ഇവിടെയുണ്ടാകുന്ന പ്രതിസന്ധി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ധനവില കുതിച്ചുയരാനും പണപ്പെരുപ്പത്തിനും കാരണമാകും.
ഇറാന്റെ കരുത്തും സാമ്പത്തിക പ്രത്യാഘാതങ്ങളും
ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ശേഖരമുള്ള (170 ബില്യൺ ബാരൽ) രാജ്യമാണ് ഇറാൻ. അതായത് ആഗോള ശേഖരത്തിന്റെ 9% ഇറാൻ കൈവശം വയ്ക്കുന്നു. നിലവിൽ പ്രതിദിനം 3.5 ദശലക്ഷം ബാരൽ ഉൽപ്പാദനമുള്ള ഇറാൻ, യുഎസ് ഉപരോധങ്ങൾക്കിടയിലും തങ്ങളുടെ ഉൽപ്പാദനം റെക്കോർഡ് നിലയിലേക്ക് ഉയർത്തിയിരുന്നു. ഇറാന്റെ ക്രൂഡ് ഓയിലിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. യുഎസ് ആക്രമണങ്ങൾ ഇറാന്റെ ഉൽപ്പാദനത്തെ ബാധിച്ചാൽ, ചൈന മറ്റു രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങാൻ ശ്രമിക്കുന്നത് ആഗോളതലത്തിൽ വലിയ വിലക്കയറ്റത്തിന് കാരണമാകും.
സൈനിക നടപടികൾക്ക് മുൻപ് എണ്ണ വിപണിയിൽ ബാരലിന് 67 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില്, നിലവിലെ സാഹചര്യത്തിൽ ഇത് 90 ഡോളറിലേക്കോ അല്ലെങ്കിൽ 100 ഡോളറിന് മുകളിലേക്കോ കുതിക്കാൻ സാധ്യതയുണ്ടെന്ന് റിസ്റ്റാഡ് എനർജി പോലുള്ള സ്ഥാപനങ്ങൾ വിലയിരുത്തുന്നു. ഇത് വികസിത രാജ്യങ്ങളിൽ പണപ്പെരുപ്പം ഉയർത്തുകയും ജനങ്ങളുടെ ജീവിതച്ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യും.
പ്രതിസന്ധി മറികടക്കാൻ ഒപെക് രാജ്യങ്ങളും റഷ്യയും ഉൽപ്പാദനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും, ഹോർമുസ് കടലിടുക്ക് ദീർഘകാലം അടഞ്ഞുകിടന്നാൽ ആ നീക്കങ്ങൾ ഫലം കാണില്ല. ഫെബ്രുവരി 28 ന് ഇസ്രയേൽ ടെഹ്റാനെതിരെ ആക്രമണം ആരംഭിച്ചതോടെയാണ് പശ്ചിമേഷ്യ യുദ്ധമുനമ്പിൽ എത്തിയത്. തൊട്ടുപിന്നാലെ അമേരിക്കയും നേരിട്ട് സൈനിക നീക്കങ്ങൾ ആരംഭിച്ചു. ഇസ്രയേലും അമേരിക്കയും നടത്തിയ സൈനികാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും കുടുംബവും കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇറാനും ആക്രമണം ശക്തമാക്കി. ഗൾഫ് മേഖലകളിലേക്കും യുദ്ധം വ്യാപിച്ചു.
തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചിടുകയാണെന്ന് ഇറാൻ വ്യക്തമാക്കി. നിയന്ത്രണം ലംഘിച്ച് കടലിടുക്ക് വഴി കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ വെടിയുതിർക്കുമെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കേവലം ഒരു എണ്ണ ഉൽപ്പാദന രാജ്യം എന്നതിലുപരി, ലോകത്തിന്റെ ഊർജ്ജ ഗതാഗതത്തെ ഒന്നാകെ നിയന്ത്രിക്കാൻ ശേഷിയുള്ള തന്ത്രപ്രധാനമായ സ്ഥാനമാണ് ഇറാന്റേത്. പശ്ചിമേഷ്യയിൽ രൂപപ്പെടുന്ന ഒരു പൂർണ്ണ യുദ്ധം ആ മേഖലയെ മാത്രമല്ല, ആഗോള സമ്പദ്വ്യവസ്ഥയെ തന്നെ തകർക്കുന്ന ഒരു മഹാമാന്ദ്യത്തിലേക്ക് നയിച്ചേക്കാം. ലോകത്തിന്റെ ഊർജ്ജ സുരക്ഷാ ഭൂപടത്തിലെ ഏറ്റവും നിർണ്ണായകമായ കണ്ണിയാണ് ഹോർമുസ് കടലിടുക്ക്. അതുകൊണ്ടുതന്നെ, ഈ ജലപാത അടച്ചുപൂട്ടുന്നത് അന്താരാഷ്ട്ര വിപണിയിൽ തടുക്കാനാവാത്ത ഒരു ‘സാമ്പത്തിക സുനാമി’ക്ക് വഴിവെക്കുമെന്നതിൽ തർക്കമില്ല. അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടുകയും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുകയും ചെയ്തില്ലെങ്കിൽ, ആഗോള വിപണി അഭൂതപൂർവമായ ഒരു തകർച്ചയെയാകും അഭിമുഖീകരിക്കേണ്ടി വരിക.
പേരിന്റെ ഉത്ഭവം
ഹോർമൂസ് എന്ന പേരിന്റെ ഉത്ഭവത്തെ കുറിച്ച് രണ്ട് അഭിപ്രായമുണ്ട്. പേർഷ്യൻ ദേവതയായ ഹൊർമൊസ് എന്ന പേരിൽ നിന്നാണ് ഇത് ഉത്ഭവിച്ചത് എന്നാണ് വ്യാപകമായി വിശ്വസിക്കപ്പെടുന്നത് . ചരിത്രകാരന്മാരും,പണ്ഡിതരും ഭാഷജ്ഞാനികളും അഭിപ്രായപ്പെടുന്നത് ഈന്തപ്പന എന്നർഥം വരുന്ന പ്രാദേശിക പേർഷ്യൻ പദമായ ഹുർമഖ് എന്നതിൽ നിന്ന് ഉത്ഭവിച്ചു എന്നാണ്. ഇപ്പോഴും ഹുർമൂസിലേയും മിനബിലേയും നാടൻ ഭാഷയിൽ നേരത്തെ പറഞ്ഞ അർത്ഥത്തിലുള്ള ഹുർമഖ് എന്നാണ്.
ഹോർമൂസിലെ ഗതാഗതം
ഹോർമൂസ് ജലപാതയിലൂടെ നീങ്ങുന്ന കപ്പലുകൾ ഗതാഗത വേർതിരിക്കൽ പദ്ധതി (ടി.എസ്.എസ്) എന്ന പേരിൽ, പരസ്പരം കൂട്ടിമുട്ടൽ ഒഴിവാക്കുന്നതിനായി പോകുന്നതിനും വരുന്നതിനും പ്രത്യേക ഗതാഗത പാത പിന്തുടരുന്നു. 10 കിലോമീറ്റർ വീതിയുള്ളതാണ് ഗതാഗത പാത. ഇതിൽ 3 കിലോമീറ്റർ വരുന്ന ഓരോ പാതകൾ വരുന്നതിനും പോകുന്നതിനു ഒരുക്കിയിരിക്കുന്നു. ഈ രണ്ട് പാതകളേയും 3 കിലോമീറ്റർ വീതിവരുന്ന മീഡിയൻ ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമവുമായി ബന്ധപ്പെട്ട ട്രാൻസിറ്റ് ജലപാത വകപ്പിന് കീഴിൽവരുന്ന ഒമാന്റെയും ഇറാന്റെയും പ്രദേശങ്ങളിലൂടയാണ് കപ്പലുകൾ കടന്നുപോകുന്നത്[5]. എല്ലാ രാജ്യങ്ങളും ഈ വകുപ്പ് അംഗീകരിച്ചിട്ടല്ലങ്കിലും യു.എസ്. അടക്കമുള്ള മിക്കവാറും രാജ്യങ്ങൾ സമുദ്രജലഗതാഗതത്തിന് യു.എൻ ന്റെ ഈ നിയമം സ്വീകരിച്ചിട്ടുണ്ട്[6]. ടി.എസ്.എസ് എന്ന നിയമം പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നതിനായി ഒമാന് , മുസന്ദം ഉപദ്വീപിൽ എൽ.ക്യു.ഐ എന്ന റഡാർ സൈറ്റുണ്ട്.
ഇറാന്റെ നാവികാഭ്യാസം
2012 ൽ രണ്ടു തവണ ഇറാൻ ഈ മേഖലയിൽ നാവികാഭ്യാസം നടത്തി. “വിലായത് 91” എന്ന് പേരിട്ട അഭ്യാസം ആറുദിവസം നീണ്ടു. ഹോർമുസ് കടലിടുക്ക്, ഒമാൻ ഗൾഫ്, ഇന്ത്യൻ സമുദ്രത്തിന്റെ വടക്കുഭാഗം എന്നിവിടങ്ങളിലായി 10 ലക്ഷം ചതുരശ്ര കിലോമീറ്റർ വരുന്ന ഭാഗത്താണ് അഭ്യാസം.
പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണ- വാതക കയറ്റുമതിയിൽ 40 ശതമാനവും ഹോർമുസിലൂടെയാണ്. പാശ്ചാത്യരാജ്യങ്ങൾ തങ്ങളെ ആക്രമിച്ചാൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലും ഇവിടെ ഇറാൻ നാവികാഭ്യാസം നടത്തിയിരുന്നു. നാലുമാസംമുമ്പ് ഒരു മുങ്ങിക്കപ്പലും ഡിസ്ട്രോയർ യുദ്ധക്കപ്പലും ഇറാൻ ഇവിടേക്ക് അയച്ചിരുന്നു.
