August 14 Friday 2026

അരാഷ്ട്രീയമെന്ന അമ്മാവൻ ലോജിക്കിനെ മറികടന്ന കോക്രോച്ച് പ്രക്ഷോഭത്തിൻറെ സാധ്യതകളും പരിമിതികളും

ദൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി എന്ന പുതിയ തലമുറയുടെ സമരരൂപീകരണത്തിലും ആൾക്കൂട്ടങ്ങളുടെ സമരരൂപങ്ങളിലും പുതിയ തരത്തിലുള്ള രാഷ്ട്രീയ ചിഹ്നരൂപീകരണങ്ങളിലും നടക്കുന്ന മാറ്റങ്ങളെ നോക്കുമ്പോഴാണ്, അതിന്റെ കൂടെ കൂടിയെത്തുന്ന വ്യവസ്ഥാപിതമായ പരമ്പരാഗത രാഷ്ട്രീയ രൂപങ്ങളെക്കുറിച്ചും പഴയ തലമുറകളെക്കുറിച്ചും ആലോചിക്കുമ്പോൾ ശരിക്കും ചിരി വരുന്നത്. കാരണം, ഇവിടെ ഒരു പുതിയ സംഘടന മാത്രം രൂപപ്പെടുന്നില്ല; രാഷ്ട്രീയം എങ്ങനെ രൂപപ്പെടുന്നു, എങ്ങനെ സഞ്ചരിക്കുന്നു, ആരാണ് അതിന് നിയമസാധുത നൽകുന്നത്, ആരാണ് അതിന്റെ കേന്ദ്രം, ആരാണ് അതിന്റെ നേതാവ്, ആരാണ് അതിന്റെ പ്രേക്ഷകൻ എന്നൊക്കെയുള്ള രാഷ്ട്രീയത്തിന്റെ അടിസ്ഥാന വ്യാകരണം തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റം തിരിച്ചറിയാൻ കഴിയാത്ത രാഷ്ട്രീയ വിശാരദന്മാരും രാഷ്ട്രീയ ബുദ്ധിജീവികളും തുടക്കത്തിൽ ഇതിനെ വെറും ‘അരാഷ്ട്രീയം’ എന്ന രീതിയിൽ വായിച്ച് തള്ളുകയായിരുന്നു. അവർ ഇതിന് നൽകിയ വ്യാഖ്യാനങ്ങൾ ഒട്ടുമിക്കതും പഴയ രാഷ്ട്രീയത്തിന്റെ അളവുകോലുകൾ ഉപയോഗിച്ച് പുതിയ കാലത്തെ അളക്കാനുള്ള ശ്രമങ്ങളായിരുന്നു. പുതിയ മധ്യവർഗത്തിന്റെ ഒരു കൂട്ടം (സംഘടന അല്ല), ഇൻസ്റ്റാഗ്രാമിൽ രൂപപ്പെട്ട ഒരു കൂട്ടം, പ്രത്യേകിച്ച് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ ഇല്ലാത്ത കുട്ടികൾ, സോഷ്യൽ മീഡിയയുടെ ആവേശം മാത്രമുള്ള യുവാക്കൾ എന്നൊക്കെയുള്ള അമ്മാവൻ ലോജിക്കുകളായിരുന്നു അവിടെ രൂപപ്പെട്ടത്. എന്നാൽ, അവിടെ അവർക്ക് മനസ്സിലാകാതിരുന്നത്, രാഷ്ട്രീയം ഇനി കമ്മിറ്റികളിലും പാർട്ടി ഓഫീസുകളിലും മാത്രമല്ല രൂപപ്പെടുന്നത്; കമ്മ്യൂണിക്കേഷനിലൂടെയും വിഷ്വലുകളിലൂടെയും ഡിജിറ്റൽ നെറ്റ്‌വർക്കുകളിലൂടെയും പൊതുബോധത്തിന്റെ അതിവേഗ പുനഃസംഘടനയിലൂടെയും രാഷ്ട്രീയം നിർമ്മിക്കപ്പെടുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത് എന്നതാണ്.

മേജർ രവി എന്ന ബുദ്ധിയില്ലാത്ത പട്ടാളക്കാരനും സിനിമ അറിയാത്ത സിനിമാക്കാരനും രാഷ്ട്രീയബോധം തീരെയില്ലാത്ത രാഷ്ട്രീയക്കാരനും, വിസ്മയ എന്ന പെൺകുട്ടിക്ക് രാഷ്ട്രീയം അറിയില്ല എന്ന രൂപകത്തിന്റെ ഒരു പ്രോ വേർഷനായിരുന്നു മേൽപ്പറഞ്ഞ പൊളിറ്റിക്കൽ തിങ്കർമാർ. അവർ കണ്ടത് ഒരു ഇൻസ്റ്റാഗ്രാം ഗ്രൂപ്പിനെ മാത്രമായിരുന്നു; അവർ കാണാതെ പോയത് ഒരു പുതിയ പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ സ്ട്രക്ചറായിരുന്നു. രാഷ്ട്രീയത്തിന്റെ കേന്ദ്രം പാർട്ടി ഓഫീസിൽ നിന്ന് ഫോൺ സ്ക്രീനിലേക്കും, കമ്മിറ്റി മുറിയിൽ നിന്ന് ഡിജിറ്റൽ പബ്ലിക്കിലേക്കും, നേതാവിൽ നിന്ന് നെറ്റ്‌വർക്കിലേക്കും, പ്രത്യയശാസ്ത്ര ലഘുലേഖയിൽ നിന്ന് വൈറലാകുന്ന വിഷ്വലിലേക്കും മാറിക്കൊണ്ടിരിക്കുന്ന ഒരു ചരിത്രഘട്ടത്തെ മനസ്സിലാക്കാൻ പഴയ രാഷ്ട്രീയ വ്യാകരണങ്ങൾ കൊണ്ട് സാധിക്കില്ല. അതുകൊണ്ട് പഴയ രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ പുതിയ സമരങ്ങളെ നോക്കുന്നവർക്ക് ഇവ വെറും അരാഷ്ട്രീയമായും താൽക്കാലികമായും ഫാഷനായും മാത്രമേ തോന്നുകയുള്ളു.

ശരിക്കും കോക്രോച്ച് ജനത പാർട്ടി എന്ന പുതുതലമുറ രാഷ്ട്രീയ രൂപീകരണം പോസ്റ്റ്-ട്രൂത്ത് കാലത്തെ ഡിജിറ്റൽ യുഗത്തിലെ പരമ്പരാഗത രാഷ്ട്രീയത്തിന്റെ സകലമാന സംഘടനാരൂപങ്ങളെയും ചോദ്യം ചെയ്യുകയായിരുന്നു. ഇത് ഒരു പാർട്ടിയെ മാത്രം വെല്ലുവിളിക്കുന്നില്ല; ഇന്ത്യയിലെ രാഷ്ട്രീയ സംഘടന എന്ന ആശയത്തെയാണ് ചോദ്യം ചെയ്യുന്നത്. കാരണം, ഇവിടെ അധികാരത്തിന്റെ കേന്ദ്രം നേതാവല്ല, നെറ്റ്‌വർക്കാണ്. അംഗത്വ കാർഡല്ല, പങ്കാളിത്തമാണ്. സ്ഥിരം കമ്മിറ്റി ഘടനയല്ല, നിമിഷങ്ങൾക്കുള്ളിൽ രൂപപ്പെടുകയും പിരിഞ്ഞുപോകുകയും ചെയ്യുന്ന ഡിജിറ്റൽ പൊതുസമൂഹങ്ങളാണ്. ആശയപരമായ ഏകകേന്ദ്രികതയല്ല, പലതരം അനുഭവങ്ങളിൽ നിന്ന് താൽക്കാലികമായി രൂപപ്പെടുന്ന പൊതുബോധമാണ്. ഈ രാഷ്ട്രീയത്തെ പഴയ മാർക്സിസ്റ്റ്-കോൺഗ്രസ്-സംഘപരിവാർ സംഘടനാരൂപങ്ങളുടെ അളവുകോലിൽ അളക്കാൻ ശ്രമിക്കുന്നത് ഇന്നത്തെ റീൽ കമ്മ്യൂണിക്കേഷനെ നാടകത്തിന്റെ വ്യാകരണം ഉപയോഗിച്ച് വിലയിരുത്തുന്നതുപോലെയാണ്.

ഉദാഹരണത്തിന്, എന്റെ നാട്ടിലെ കണ്ണൂർ ജില്ലയിലെ മാർക്സിസ്റ്റ്, കോൺഗ്രസ്, മുസ്‌ലിം ലീഗ് എന്നീ വ്യവസ്ഥാപിത രാഷ്ട്രീയ സംഘടനകൾ ഊന്ത് വിളയാടുന്ന പാർട്ടി ഗ്രാമങ്ങളിൽ നിന്ന് പുതിയ തലമുറയിലെ കുട്ടികൾ തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചത് ഒരു രാഷ്ട്രീയ പാർട്ടിയുടെ ആഹ്വാനപ്രകാരമോ പ്രാദേശിക കമ്മിറ്റി തീരുമാനപ്രകാരമോ അല്ലായിരുന്നു. അവർക്ക് പിന്നിൽ പതിറ്റാണ്ടുകളായുള്ള സംഘടനാ പാരമ്പര്യവും ഇല്ല. എന്നാൽ, അതുകൊണ്ട് അത് രാഷ്ട്രീയമല്ലാതാകുന്നില്ല. മറിച്ച്, അതാണ് പുതിയ രാഷ്ട്രീയം. ഇന്റർനെറ്റും ഇൻസ്റ്റാഗ്രാമും വാട്സ്ആപ്പും ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമുകളും വഴി രാഷ്ട്രീയം ഒരു നെറ്റ്‌വർക്ക് സ്വഭാവം കൈവരിക്കുകയാണ്. രാഷ്ട്രീയബോധം ഇനി പാർട്ടി ക്ലാസുകളിൽ മാത്രം നിർമ്മിക്കപ്പെടുന്നില്ല; റീലുകളിലും മീമുകളിലും ലൈവ് വീഡിയോകളിലും വൈറൽ ചിത്രങ്ങളിലുമാണ് അത് സഞ്ചരിക്കുന്നത്. മുമ്പ് രാഷ്ട്രീയം ആളുകളെ സംഘടിപ്പിച്ചശേഷം കമ്മ്യൂണിക്കേഷൻ ഉണ്ടാക്കുകയായിരുന്നു; ഇന്ന് കമ്മ്യൂണിക്കേഷൻ തന്നെയാണ് ആളുകളെ സംഘടിപ്പിക്കുന്നത്. അതാണ് പഴയ രാഷ്ട്രീയവും പുതിയ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം.

ഈ മാറ്റം തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ് പരമ്പരാഗത രാഷ്ട്രീയ സംഘടനകൾ ആദ്യം ഈ സമരത്തെ പരിഹസിക്കുകയും പിന്നീട് അതിന്റെ പിന്നാലെ നടക്കേണ്ട അവസ്ഥയിലാകുകയും ചെയ്തത്. കാരണം, ഡിജിറ്റൽ യുഗത്തിലെ രാഷ്ട്രീയത്തിൽ നിയമസാധുത മുകളിൽ നിന്ന് താഴേക്ക് വിതരണം ചെയ്യപ്പെടുന്നില്ല; താഴെ നിന്ന് മുകളിലേക്കും സമാന്തരങ്ങളിലേക്കും രൂപപ്പെടുകയാണ്. ഒരു സമരം പൊതുബോധത്തിൽ ഇടം നേടിയശേഷമാണ് രാഷ്ട്രീയ പാർട്ടികൾ അതിനെ അംഗീകരിക്കുന്നത്. അതുകൊണ്ടാണ് പ്രകാശ് രാജ് മുതൽ എ.എ റഹീം, രാഹുൽ ഗാന്ധി, മമ്മൂട്ടി തുടങ്ങി വിവിധ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലുള്ളവർ ഈ സമരത്തിന്റെ കൂടെ നിൽക്കേണ്ട അവസ്ഥ ഉണ്ടാകുന്നത്. വി.ഡി. സതീശൻ ഡൽഹിയിൽ പോയി കുത്തിയിരിക്കേണ്ടി വരുന്നതും അതേ കാരണത്താലാണ്. ഇവിടെ അവർ സമരത്തിന് നേതൃത്വം നൽകുന്നില്ല; ഇതിനകം പൊതുസമൂഹം നിയമസാധുത നൽകിയ ഒരു രാഷ്ട്രീയ നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഡിജിറ്റൽ യുഗത്തിലെ അധികാരബന്ധങ്ങൾ ഇങ്ങനെയാണ് തലകീഴായി മാറുന്നത്. മുമ്പ് പാർട്ടികൾ സമരങ്ങൾക്ക് നിയമസാധുത നൽകിയിരുന്നു; ഇന്ന് പലപ്പോഴും സമരങ്ങളാണ് പാർട്ടികൾക്ക് നിയമസാധുത നൽകുന്നത്. ഇതിലെ ഏറ്റവും വലിയ കോമഡി ചോദ്യം, നിങ്ങൾ ഈ സമരത്തിന്റെ കൂടെ നിൽക്കുന്നുണ്ടോ ഇല്ലയോ എന്ന രൂപത്തിലുള്ള ഫാസിസ്റ്റ് ചോദ്യരൂപങ്ങളിലേക്കും, അതിന് ഉത്തരം പറയേണ്ടി വരുന്ന ഗതികേടിലേക്കും ഓരോരുത്തരും ചുരുങ്ങുന്നു എന്നതാണ്. കൂടെ നിൽക്കുക/നിൽക്കാതിരിക്കുക എന്നതിനുമപ്പുറം പല ലോകങ്ങളും ഉണ്ടെന്ന തിരിച്ചറിവില്ലാത്ത പ്രതിസന്ധിയിലാണ് പല സമൂഹങ്ങളും.

അതേസമയം, ഈ പുതിയ രാഷ്ട്രീയ രൂപങ്ങൾ ഉപയോഗിക്കുന്ന പൊളിറ്റിക്കൽ ടൂളുകളാണ് കൂടുതൽ ശ്രദ്ധേയമായത്. കാരണം, ഇവരുടെ രാഷ്ട്രീയം ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നതിലുപരി ശ്രദ്ധ പിടിച്ചുപറ്റുന്ന രീതികളെയും രാഷ്ട്രീയവൽക്കരിക്കുകയാണ് ചെയ്യുന്നത്. ഇന്നത്തെ കാലത്ത് അധികാരം വെറും പൊലീസിന്റെയോ നിയമത്തിന്റെയോ കൈവശം മാത്രമല്ല; പൊതുശ്രദ്ധയുടെ മേൽ നിയന്ത്രണം സ്ഥാപിക്കുന്നതിന്റെയും കൈവശമാണ്. ആരെയാണ് രാജ്യം കാണുന്നത്, ആരെയാണ് മാധ്യമങ്ങൾ സംപ്രേഷണം ചെയ്യുന്നത്, ആരുടെ ചിത്രം വൈറലാകുന്നു, ആരുടെ വീഡിയോ കോടിക്കണക്കിന് ആളുകളിലേക്ക് എത്തുന്നു എന്നതൊക്കെയാണ് പുതിയ രാഷ്ട്രീയത്തിന്റെ പ്രധാന യുദ്ധഭൂമികൾ. അതുകൊണ്ടുതന്നെ സമരത്തിന്റെ വിജയം പലപ്പോഴും അതിന്റെ ആവശ്യങ്ങളുടെ നീതിയിൽ മാത്രം അളക്കപ്പെടുന്നില്ല; മറിച്ച്, അത് പൊതുസമൂഹത്തിന്റെ ശ്രദ്ധ എത്രത്തോളം പിടിച്ചുപറ്റുന്നു എന്നതിലുമാണ്.

ഒരുപക്ഷേ ഇന്ത്യയിൽ ഇന്നും ഏറ്റവും കൂടുതൽ ചിലവാകുന്ന ഒരു ചപ്പടാച്ചി സമര ഐറ്റമാണ് നിരാഹാര സമരം. ആദിവാസികളോട് പോയി നിരാഹാരം കിടക്കാൻ പറഞ്ഞാൽ ചിലപ്പോൾ അവർ നമ്മളെ എടുത്തിട്ടലക്കും. പട്ടികജാതി കോളനികളിൽ ചെന്ന് തലമുറകളായി പട്ടിണിയെ ജീവിതമായി അനുഭവിക്കുന്ന മനുഷ്യരോട് പട്ടിണി കിടക്കൽ ഒരു രാഷ്ട്രീയ ടൂൾ ആണെന്ന് പറഞ്ഞാൽ അതിനേക്കാൾ വലിയ തമാശ വേറെയില്ല. പട്ടിണി തന്നെ ജീവിതമായ മനുഷ്യരുടെ മുന്നിൽ പട്ടിണിയെ സമരരൂപമായി അവതരിപ്പിക്കുന്നത് ഒരു പ്രത്യേക സാമൂഹിക വർഗത്തിന്റെ രാഷ്ട്രീയ ഭാവനയാണ്. ഗാന്ധി എന്ന, ഒരിക്കലും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലാത്ത ഒരു എലൈറ്റ് രാഷ്ട്രീയ ഐഡന്റിറ്റി ഇന്ത്യയിൽ വ്യാപകമാക്കിയ ഒരു ബോറൻ സമരരൂപം കൂടെയാണ് അത്. ഗാന്ധിയുടെ ലാളിത്യത്തിന്റെ ചിലവ് താങ്ങാൻ പറ്റാത്തതാണ് എന്ന് സരോജിനി നായിഡു തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നിരാഹാരം എന്ന സമരരൂപത്തെക്കുറിച്ച് വീണ്ടും ആലോചിക്കേണ്ട സമയം വന്നിരിക്കുന്നു. ഡിജിറ്റൽ യുഗത്തിൽ രാഷ്ട്രീയ ദൃശ്യതയുടെ കേന്ദ്രം മാറിയിരിക്കുന്നു. മുമ്പ് ശരീരം തന്നെയായിരുന്നു രാഷ്ട്രീയ സന്ദേശം; ഇന്ന് ശരീരത്തിന്റെ ചിത്രം, വീഡിയോ, ലൈവ് സ്ട്രീം, മീം, വൈറൽ ക്ലിപ്പ് എന്നിവയാണ് പൊതുബോധത്തെ കൂടുതൽ വേഗത്തിൽ സ്വാധീനിക്കുന്നത്. രാഷ്ട്രീയ ശരീരം ഇന്ന് മാധ്യമങ്ങളില്ലാതെ പ്രവർത്തിക്കുന്നില്ല; മാധ്യമവൽക്കരിക്കപ്പെട്ട ശരീരമായിട്ടാണ് അത് പൊതുസമൂഹത്തിലേക്ക് എത്തുന്നത്.

സോനം വാങ്‌ചൂക് പട്ടിണി കിടക്കുമ്പോൾ അത് ദേശീയ വാർത്തയാകുന്നു. അതേസമയം, മധ്യപ്രദേശിലെ കെൻ-ബേത്വാ നദീബന്ധന പദ്ധതിക്കെതിരെ ആദിവാസികൾ നടത്തുന്ന സമരത്തിൽ അമിത് ഭട്നഗർ പതിനെട്ട് ദിവസം നിരാഹാരം കിടന്നിട്ടും ഇന്ത്യൻ സമൂഹം അതറിയുന്നില്ല. അതിന് കാരണം നിരാഹാരം എന്ന സമരരൂപത്തിൽ ആരുടെ ശരീരമാണ്/ആർക്ക് വേണ്ടിയുള്ള ശരീരമാണ് ദേശീയ ദൃശ്യതയ്ക്ക് അർഹമാകുന്നത് എന്ന ചോദ്യമാണ്. ഇന്ത്യയിൽ എല്ലാ ശരീരങ്ങൾക്കും ഒരേ അളവിൽ മാധ്യമ ദൃശ്യത ലഭിക്കുന്നില്ല. എല്ലാ സമരങ്ങൾക്കും ഒരേ അളവിൽ വാർത്താമൂല്യവുമില്ല. രാഷ്ട്രീയം ഇവിടെ ആവശ്യങ്ങളുടെ മത്സരം മാത്രമല്ല; ദൃശ്യതയുടെ മത്സരവുമാണ്. അതുകൊണ്ടാണ് ചില സമരങ്ങൾ ദേശീയ മനസ്സാക്ഷിയായി മാറുന്നതും ചിലത് സ്വന്തം ഗ്രാമം പോലും കടക്കാതെ അപ്രത്യക്ഷമാകുന്നതും.

ഇവിടെയാണ് കോക്രോച്ച് ജനത പാർട്ടിയുടെ രാഷ്ട്രീയ തന്ത്രം ശ്രദ്ധേയമാകുന്നത്. അവർ പഴയ സമരരൂപങ്ങളെ അതേപടി ആവർത്തിക്കുന്നില്ല. അതുപോലെ തന്നെ പരമ്പരാഗത പാർട്ടി ഘടനയുടെ പകർപ്പുമല്ല. അവരുടെ ഏറ്റവും വലിയ ശക്തി അവർ ഒരു രാഷ്ട്രീയ ആശയം മാത്രമല്ല, ഒരു രാഷ്ട്രീയ ദൃശ്യത സൃഷ്ടിക്കുന്നു എന്നതാണ്. ഓരോ പോസ്റ്ററും, ഓരോ പ്ലക്കാർഡും, ഓരോ മുദ്രാവാക്യവും, ഓരോ റീലും, ഓരോ ഫോട്ടോയും, ഓരോ തെരുവ് പ്രകടനവും ചേർന്ന് ഒരു വലിയ വിഷ്വൽ കമ്മ്യൂണിക്കേഷൻ ഇക്കോസിസ്റ്റം നിർമ്മിക്കുന്നു. മുമ്പ് പാർട്ടി ഓഫീസുകൾ ചെയ്തിരുന്ന രാഷ്ട്രീയ ഉൽപാദനത്തിന്റെ വലിയൊരു ഭാഗം ഇന്ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളാണ് നിർവഹിക്കുന്നത്. കമ്മിറ്റികൾക്കു പകരം കമന്റുകൾ, ബ്രാഞ്ച് മീറ്റിങ്ങുകൾക്കു പകരം ലൈവ് സെഷനുകൾ, ചുമർലേഖനങ്ങൾക്കു പകരം ഇൻസ്റ്റാഗ്രാം സ്റ്റോറികൾ, നോട്ടീസുകൾക്കു പകരം വൈറൽ പോസ്റ്റുകൾ-ഇതൊക്കെയാണ് പുതിയ രാഷ്ട്രീയത്തിന്റെ കമ്മ്യൂണിക്കേഷൻ ഗ്രാമർ. ഇതുകൊണ്ട് ഒരു തെറ്റിദ്ധാരണയും ഉണ്ടാകരുത്. ഡിജിറ്റൽ രാഷ്ട്രീയം പരമ്പരാഗത രാഷ്ട്രീയത്തെ പൂർണമായി ഇല്ലാതാക്കുന്നു എന്നല്ല ഞാൻ പറയുന്നത്. പക്ഷേ, അത് അതിനെ നിർബന്ധിതമായി പുനഃസംഘടിപ്പിക്കുന്നു. ഇതാണ് ഡിജിറ്റൽ കാലത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ വിപരീതം.

അതുകൊണ്ടുതന്നെ കോക്രോച്ച് ജനത പാർട്ടിയെ ഒരു ഇൻസ്റ്റാഗ്രാം ഗ്രൂപ്പായി മാത്രം വായിക്കുന്നത് വലിയ അബദ്ധമാണ്. അവർ ഒരു സംഘടനയാണോ എന്ന ചോദ്യം അത്ര പ്രധാനമല്ല. അവർ ഒരു പുതിയ രാഷ്ട്രീയ രൂപകമാണോ എന്നതാണ് പ്രധാന ചോദ്യം. കാരണം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പല സമരങ്ങളും സ്ഥിരം സംഘടനകളായി മാറണമെന്നില്ല. അവ നിമിഷങ്ങൾക്കുള്ളിൽ രൂപപ്പെടുന്ന രാഷ്ട്രീയ അസംബ്ലികളായിരിക്കും. ഒരു വിഷയത്തെ ചുറ്റിപ്പറ്റി ലക്ഷക്കണക്കിന് ആളുകളെ ബന്ധിപ്പിക്കുകയും പിന്നീട് വീണ്ടും പല ദിശകളിലേക്ക് ചിതറിപ്പോകുകയും ചെയ്യുന്ന നെറ്റ്‌വർക്ക് സമൂഹങ്ങളായിരിക്കും. സ്ഥിരം ഓഫീസുകളില്ല, അംഗത്വ കാർഡുകളില്ല, ശമ്പളം വാങ്ങുന്ന മുഴുവൻ സമയ പ്രവർത്തകരില്ല; പക്ഷേ പൊതുബോധത്തെ കുലുക്കാനുള്ള അസാധാരണമായ കഴിവുണ്ട്. ഈ ഫ്രാഗ്മെന്റഡ് രാഷ്ട്രീയത്തെ മനസ്സിലാക്കാതെ ഇന്നത്തെ ഇന്ത്യയിലെ സമരങ്ങളെ മനസ്സിലാക്കാൻ കഴിയില്ല. കാരണം, ഇനി രാഷ്ട്രീയം അധികം വൈകാതെ പാർട്ടികളുടെ മാത്രം സ്വത്തായിരിക്കില്ല; പൊതുസമൂഹത്തിന്റെ കമ്മ്യൂണിക്കേഷൻ ശേഷിയാണ് രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഉൽപാദനശക്തിയായി മാറിക്കൊണ്ടിരിക്കുന്നത്.

ഇവിടെയാണ് ഈ സമരത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ വൈരുധ്യവും ഒരേസമയം അതിന്റെ ഏറ്റവും വലിയ വിജയവും ഒളിഞ്ഞിരിക്കുന്നത്. സംവരണം, പൗരത്വ പ്രശ്നം, സി.എ.എ., എൻ.ആർ.സി., മുസ്‌ലിം അപരവൽക്കരണം, ജാതിക്കൊലപാതകങ്ങൾ തുടങ്ങിയ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും പൊള്ളുന്ന വിഷയങ്ങൾ ഉയർന്നുവന്നപ്പോൾ ഇന്ത്യയിലെ വലിയൊരു ലിബറൽ സമൂഹവും സാംസ്കാരിക മേഖലയും പ്രകടിപ്പിച്ച മൗനം നമുക്കെല്ലാവർക്കും ഓർമ്മയുണ്ട്. ജാമിയ മിലിയ ഇസ്‌ലാമിയയിലും ജെ.എൻ.യുവിലും ഷഹീൻ ബാഗിലും ഇന്ത്യയിലെ അനേകം യൂണിവേഴ്‌സിറ്റികളിലും മുസ്‌ലിം വനിതാ വിദ്യാർഥികൾ ഉൾപ്പെടെ ഒരു പുതിയ രാഷ്ട്രീയ തലമുറ തെരുവിലിറങ്ങിയിരുന്നു. രോഹിത് വേമുലയുടെ മരണത്തിനു ശേഷമുള്ള ഇന്ത്യയിലെ വിദ്യാർഥി പ്രക്ഷോഭങ്ങൾ ജാതിയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബ്രാഹ്മണിക്കൽ അധികാരഘടനയുടെയും ചോദ്യങ്ങൾ ദേശീയ ചർച്ചയാക്കി മാറ്റിയിരുന്നു. എന്നാൽ, അന്നൊന്നും ഇന്ന് ജന്തർ മന്തറിൽ കാണുന്ന തരത്തിലുള്ള ഒരു വ്യാപക സാംസ്കാരിക പിന്തുണ അവിടെ ഉണ്ടായിരുന്നില്ല. എന്തുകൊണ്ട്?

ഈ ചോദ്യമാണ് ഈ സമരത്തെ മനസ്സിലാക്കാൻ ഏറ്റവും പ്രധാനപ്പെട്ടത്. കാരണം, ഒരു സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം അതിന്റെ ആവശ്യങ്ങളിൽ മാത്രമല്ല; അതിന് ആരൊക്കെയാണ് ഒപ്പം നിൽക്കാൻ തയ്യാറാകുന്നത് എന്നതിലുമുണ്ട്. ഇന്ത്യയിൽ എല്ലാ രാഷ്ട്രീയ വിഷയങ്ങൾക്കും ഒരേ സാമൂഹിക സ്വീകാര്യതയില്ല. എല്ലാ നീതിയാവശ്യങ്ങൾക്കും ഒരേ സാംസ്കാരിക അംഗീകാരവുമില്ല. ചില വിഷയങ്ങൾ പൊതുസമൂഹത്തെ അസ്വസ്ഥരാക്കും; ചില വിഷയങ്ങൾ പൊതുസമൂഹത്തിന് സുരക്ഷിതമായ ധാർമ്മിക നിലപാട് സ്വീകരിക്കാൻ അവസരം നൽകും. ഈ വ്യത്യാസം തിരിച്ചറിയാതെ ഇന്ത്യൻ ലിബറൽ രാഷ്ട്രീയത്തെയും സെലിബ്രിറ്റി രാഷ്ട്രീയത്തെയും മനസ്സിലാക്കാൻ കഴിയില്ല.

അതുകൊണ്ടാണ് ഈ സമരത്തിൽ പ്രകാശ് രാജും മമ്മൂട്ടിയും മുതൽ വിവിധ രാഷ്ട്രീയ നേതാക്കളും സിനിമാ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും എത്തുന്നത് ഒരു വ്യക്തിഗത ധൈര്യത്തിന്റെ കഥ മാത്രമല്ലെന്ന് ഞാൻ പറയുന്നത്. അത് പുതിയ കാലത്തെ രാഷ്ട്രീയ നിയമസാധുതയുടെ കഥ കൂടിയാണ്. ഒരു സമരം പൊതുബോധത്തിൽ സുരക്ഷിതമായ ഒരു നൈതിക സ്ഥാനമായി മാറുമ്പോൾ അതിന്റെ ചുറ്റും പലതരം രാഷ്ട്രീയ ശക്തികളും സാംസ്കാരിക മൂലധനവും വന്ന് ചേരും. പക്ഷേ, അതേ സമൂഹം ജാതിക്കെതിരായ സമരങ്ങളിലും മുസ്‌ലിം വിരുദ്ധതയ്‌ക്കെതിരായ സമരങ്ങളിലും ആദിവാസികളുടെ ഭൂമിയവകാശ സമരങ്ങളിലും അതേ വേഗത്തിൽ പ്രത്യക്ഷപ്പെടുന്നില്ല. കാരണം, ഇന്ത്യയിലെ ലിബറൽ രാഷ്ട്രീയത്തിനും അതിന്റേതായ ഒരു ‘കംഫർട്ട് സോൺ’ ഉണ്ട്. എല്ലാ അനീതികൾക്കും ഒരേ ശബ്ദത്തിൽ പ്രതികരിക്കാൻ അതിന് സാധിക്കാറില്ല.

ഇത് വ്യക്തികളുടെ മാത്രം പ്രശ്നമല്ല. ഇത് ഇന്ത്യൻ പൊതുമണ്ഡലത്തിന്റെ ഘടനാപരമായ പ്രശ്നമാണ്. ഏത് വിഷയമാണ് ദേശീയ മാധ്യമങ്ങൾ തുടർച്ചയായി കാണിക്കുന്നത്, ഏത് ചിത്രമാണ് വൈറലാകുന്നത്, ഏത് മുദ്രാവാക്യമാണ് മധ്യവർഗത്തിന്റെ മനസ്സാക്ഷിയെ ഉണർത്തുന്നത്, ഏത് സമരമാണ് ‘ദേശീയ’ സമരമായി മാറുന്നത് എന്നതെല്ലാം അധികാരബന്ധങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ്. രാഷ്ട്രീയം ഇവിടെ ആവശ്യങ്ങളുടെ മത്സരം മാത്രമല്ല; ദൃശ്യതയുടെ മത്സരമാണ്. ആരുടെ വേദനയാണ് ദേശീയ ദുഃഖമാകുന്നത്, ആരുടെ മരണം ഒരു ദിവസത്തെ വാർത്തയായി അവസാനിക്കുന്നത്, ആരുടെ കണ്ണീർ ഒരു റീലായി വൈറലാകുന്നത്, ആരുടെ ചരിത്രം ഫൂട്ട്‌നോട്ടായി മാറുന്നത്-ഇതെല്ലാം രാഷ്ട്രീയമാണ്.

ഒരുപക്ഷേ ഇന്ത്യയിലെ പോസ്റ്റ്-ഡിജിറ്റൽ കാലത്ത് നടന്ന ഏറ്റവും വലിയ പൊതുരാഷ്ട്രീയ പരിവർത്തനങ്ങളിൽ ഒന്നായിരുന്നു സി.എ.എ. വിരുദ്ധ സമരങ്ങൾ. ഷഹീൻ ബാഗ് ഒരു സ്ഥലമാത്രമായിരുന്നില്ല; ഇന്ത്യൻ ജനാധിപത്യത്തിന്റെ പുതിയ പൊതുമണ്ഡലം എങ്ങനെയായിരിക്കാമെന്ന പരീക്ഷണശാലയായിരുന്നു. ജാമിയയിലെ മുസ്‌ലിം വിദ്യാർഥിനികൾ രാഷ്ട്രീയത്തിന്റെ മുഖമായി മാറിയത് ഇന്ത്യയിലെ പിതൃസത്തയെയും മുസ്‌ലിം അപരവൽക്കരണത്തെയും ഒരേസമയം ചോദ്യം ചെയ്ത നിമിഷമായിരുന്നു. രോഹിത് വേമുലയുടെ മരണത്തിനു ശേഷമുള്ള സമരങ്ങൾ സർവകലാശാലകളിലെ ജാതിവ്യവസ്ഥയെ ദേശീയ ചർച്ചയിലേക്ക് കൊണ്ടുവന്നു. ഇവയെല്ലാം ഇന്ത്യയിലെ പുതിയ രാഷ്ട്രീയ തലമുറയുടെ ചരിത്രത്തിലെ നിർണായക വഴിത്തിരിവുകളാണ്. പക്ഷേ, അവയുടെ സാമൂഹിക സ്വീകരണം ഒരുപോലെയായിരുന്നില്ല. അവയുടെ മാധ്യമ ദൃശ്യതയും ഒരുപോലെയായിരുന്നില്ല. അവയ്ക്കു ലഭിച്ച സാംസ്കാരിക പിന്തുണയും ഒരുപോലെയായിരുന്നില്ല.

ഈ പശ്ചാത്തലത്തിലാണ് കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തെ വായിക്കേണ്ടത്. ഈ സമരം മുൻകാല സമരങ്ങളുടെ തുടർച്ചയാണോ, അതോ അവയിൽ നിന്ന് വ്യത്യസ്തമായ ഒരു പുതിയ രാഷ്ട്രീയ രൂപമാണോ എന്നതാണ് കൂടുതൽ പ്രധാനപ്പെട്ട ചോദ്യം. സി.എ.എ. സമരങ്ങളിൽ രൂപപ്പെട്ട ഡിജിറ്റൽ നെറ്റ്‌വർക്കുകളുടെ അനുഭവവും, സർവകലാശാല വിദ്യാർഥി പ്രക്ഷോഭങ്ങൾ സൃഷ്ടിച്ച പുതിയ രാഷ്ട്രീയ ഭാഷയും, സോഷ്യൽ മീഡിയ നിർമ്മിച്ച അതിവേഗ കമ്മ്യൂണിക്കേഷൻ ശേഷിയും, പുതിയ തലമുറയുടെ ദൃശ്യബോധവും-ഇവയുടെ പിന്തുടർച്ചയിലും വിഘടനത്തിലുമാണ് ഇത്തരം സമരങ്ങൾ രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇതിനെ വെറും ഒരു പ്രതിഷേധമായി വായിക്കുന്നത് മതിയാകില്ല; ഇന്ത്യയിലെ രാഷ്ട്രീയ കമ്മ്യൂണിക്കേഷന്റെ പരിണാമത്തിലെ ഒരു പുതിയ ഘട്ടമായി വായിക്കേണ്ടി വരും. ഡിജിറ്റൽ ദൃശ്യത എല്ലായ്പ്പോഴും രാഷ്ട്രീയ പരിവർത്തനമായി മാറണമെന്നില്ല. വൈറലാകുന്നത് വിപ്ലവമല്ല. ട്രെൻഡിംഗ് ആകുന്നത് സാമൂഹിക മാറ്റത്തിന്റെ ഉറപ്പുമല്ല. ആൽഗോരിതങ്ങൾ പൊതുശ്രദ്ധ സൃഷ്ടിക്കും; പക്ഷേ അവ നീതി ഉറപ്പാക്കില്ല. പ്ലാറ്റ്‌ഫോമുകൾ ശബ്ദം വർധിപ്പിക്കും; പക്ഷേ അവ അധികാരബന്ധങ്ങളെ സ്വയം അട്ടിമറിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരം സമരങ്ങളുടെ ശക്തി എത്രയോ വലിയതാണെങ്കിലും അതിന്റെ പരിധികളും അത്രതന്നെ ഗൗരവമുള്ളതാണ്. എന്നിരുന്നാലും, ഇന്ത്യയിലെ പരമ്പരാഗത രാഷ്ട്രീയ സംഘടനകൾ പതിറ്റാണ്ടുകളായി ഏകാധിപത്യമായി കൈവശം വച്ചിരുന്ന രാഷ്ട്രീയ സംഘടനാരീതികളുടെ നിർമ്മാണാധികാരത്തെ ഇവ വെല്ലുവിളിക്കുന്നു എന്നത് തന്നെ ചെറിയ കാര്യമല്ല. അത് ഒരു പുതിയ രാഷ്ട്രീയ സാധ്യതയുടെ തുടക്കമാണ്.

ഈ മുഴുവൻ ചർച്ചയുടെ പശ്ചാത്തലത്തിലാണ് രോഹിത് വേമുലയിലേക്കും നിതിൻ രാജിലേക്കും തിരികെ പോകേണ്ടി വരുന്നത്. കാരണം, ഇന്ത്യയിലെ സമകാലിക രാഷ്ട്രീയത്തിൽ ഏത് സമരമാണ് ദേശീയ മനസ്സാക്ഷിയായി മാറുന്നത്, ഏത് സമരമാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ വിസ്മൃതിയിലേക്ക് തള്ളപ്പെടുന്നത് എന്നത് മനസ്സിലാക്കാൻ ഈ രണ്ട് സംഭവങ്ങളും നിർണായകമാണ്. കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്ന സമൂഹത്തോടും അതിനെ പിന്തുണയ്ക്കുന്ന ലിബറൽ പൊതുബോധത്തോടും ചോദിക്കാൻ ആഗ്രഹിക്കുന്ന ഒരു ചോദ്യം മാത്രമേയുള്ളൂ-ഈ ആവേശം ഇന്ത്യയിലെ ജാതിവിരുദ്ധ സമരങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ?

രോഹിത് വേമുലയുടെ മരണത്തിനു ശേഷം ഹൈദരാബാദ് സർവകലാശാലയിൽ നടന്ന സമരങ്ങൾ ഇന്ത്യയിലെ അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു. അത് ഒരു വിദ്യാർഥിയുടെ ആത്മഹത്യയെ ചൊല്ലിയുള്ള പ്രതിഷേധം മാത്രമായിരുന്നില്ല. ഇന്ത്യൻ സർവകലാശാലകളുടെ ആഴത്തിൽ പ്രവർത്തിക്കുന്ന ജാതി അധികാരഘടനകളെ തുറന്നുകാട്ടിയ ഒരു രാഷ്ട്രീയ നിമിഷമായിരുന്നു അത്. ദലിത്, ബഹുജൻ, മുസ്‌ലിം വിദ്യാർഥികൾ അവരുടെ അനുഭവങ്ങളെ ആദ്യമായി ഇത്രയും ശക്തമായി ദേശീയ പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവന്ന നിമിഷമായിരുന്നു അത്. പിന്നീട് സി.എ.എ. സമരങ്ങളിലും ഷഹീൻ ബാഗിലും നാം കണ്ട പുതിയ രാഷ്ട്രീയ ഭാഷയുടെ ചില വിത്തുകൾ അതിന് മുമ്പേ സർവകലാശാലാ കാമ്പസുകളിൽ മുളച്ചുതുടങ്ങിയിരുന്നു. എന്നാൽ, ആ സമരങ്ങൾക്ക് ഇന്ത്യയുടെ സാംസ്കാരിക പൊതുബോധം നൽകിയ പിന്തുണയും ഇന്നത്തെ ചില സമരങ്ങൾക്ക് ലഭിക്കുന്ന പിന്തുണയും തമ്മിൽ വലിയ അന്തരമുണ്ട്. ഇവിടെ പ്രശ്നം ഒരു സമരത്തിന്റെ ന്യായത്തെക്കുറിച്ചല്ല. പ്രശ്നം ഇന്ത്യയിലെ പൊതുബോധത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ധാർമ്മികതയെക്കുറിച്ചാണ്. ഇന്ത്യൻ സമൂഹം എല്ലാ അനീതികളെയും ഒരേ രീതിയിൽ അനുഭവിക്കുന്നില്ല. ജാതിക്കൊലപാതകങ്ങൾ, ദലിത് വിദ്യാർഥികളുടെ മരണങ്ങൾ, ആദിവാസികളുടെ ഭൂമിയവകാശ സമരങ്ങൾ, മുസ്‌ലിം വിരുദ്ധ അതിക്രമങ്ങൾ-ഇവ പലപ്പോഴും അവയെ നേരിട്ട് അനുഭവിക്കുന്ന സമൂഹങ്ങളുടെ പ്രശ്നങ്ങളായി ഒതുങ്ങിപ്പോകുന്നു. എന്നാൽ, മധ്യവർഗത്തിന് മാനസികമായി സുരക്ഷിതമായി പിന്തുണയ്ക്കാൻ കഴിയുന്ന ചില വിഷയങ്ങൾ ദേശീയ പ്രക്ഷോഭങ്ങളായി വളരുന്നു. ഈ വൈരുധ്യം അംഗീകരിക്കാതെ ഇന്ത്യൻ ലിബറൽ രാഷ്ട്രീയത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ കഴിയില്ല.

കേരളത്തിൽ നിതിൻ രാജിന്റെ മരണത്തിനു ശേഷം നടന്ന സംഭവങ്ങൾ ഈ വൈരുധ്യത്തെ കൂടുതൽ നഗ്നമാക്കി. രോഹിത് വേമുലയുടെ മരണത്തെപ്പോലെ തന്നെ ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടപ്പെട്ടു. തൊണ്ണൂറു ദിവസങ്ങൾക്കു ശേഷമാണ് ഒരു അറസ്റ്റ് പോലും നടന്നത്. എന്നാൽ, അതിന് ശേഷം എന്താണ് കേരളത്തിൽ സംഭവിച്ചത്? ദലിത് സമൂഹങ്ങൾ പ്രതിഷേധിച്ചപ്പോൾ പൊതുസമൂഹം ആദ്യം ചർച്ച ചെയ്തത് ജാതിയെയോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനത്തെയോ കുറിച്ചല്ല; ഹർത്താൽ മൂലം ജനങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചായിരുന്നു. ചികിത്സ മുടങ്ങി, ഗതാഗതം തടസ്സപ്പെട്ടു, ജനജീവിതം സ്തംഭിച്ചു എന്നൊക്കെയുള്ള ചർച്ചകളാണ് മാധ്യമങ്ങളിൽ നിറഞ്ഞത്. പ്രതിഷേധത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തേക്കാൾ പ്രതിഷേധത്തിന്റെ അസൗകര്യമാണ് പ്രധാന വാർത്തയായത്. ഇത് കേരളത്തിന്റേത് മാത്രമല്ല; ഇന്ത്യയിലെ മാധ്യമ-രാഷ്ട്രീയ സംസ്കാരത്തിന്റെ സ്ഥിരം രീതിയാണ്. സമരത്തിന്റെ കാരണം അദൃശ്യമാകുകയും സമരത്തിന്റെ രൂപം മാത്രം ദൃശ്യമാകുകയും ചെയ്യുന്ന ഒരു മാധ്യമ യുക്തിയാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതുകൊണ്ടാണ് പറയുന്നത്-ഇന്ത്യയിലെ ഹിന്ദുത്വ-ജാതി സമൂഹത്തിന് ഒരൊറ്റ മുഖമല്ല ഉള്ളത്; പല മുഖങ്ങളുണ്ട്. ഫാസിസത്തിനെതിരെ സംസാരിക്കുമ്പോൾ കൈയടിക്കുന്ന അതേ സമൂഹം ജാതിയെക്കുറിച്ച് സംസാരിക്കുമ്പോൾ അസ്വസ്ഥമാകുന്നു. ഭരണകൂടത്തിന്റെ അധികാരദുരുപയോഗത്തിനെതിരെ പ്രതികരിക്കുന്ന അതേ ലിബറൽ പൊതുബോധം, ജാതി അധികാരത്തെ ചോദ്യം ചെയ്യുന്ന നിമിഷം പലപ്പോഴും നിശ്ശബ്ദമാകുന്നു. മുസ്‌ലിം വിരുദ്ധതയെക്കുറിച്ച് സംസാരിക്കാൻ മടിക്കുന്നവർ ഉണ്ടെന്നതുപോലെ, ജാതിയെക്കുറിച്ച് സംസാരിക്കാൻ മടിക്കുന്നവരും ഉണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ എല്ലാ പ്രതിഷേധങ്ങളെയും ഒരേ രാഷ്ട്രീയ തുടർച്ചയുടെ ഭാഗമായി വായിക്കാൻ കഴിയില്ല. ഓരോ സമരത്തിനും ലഭിക്കുന്ന ദൃശ്യതയും പിന്തുണയും അംഗീകാരവും ഇന്ത്യയിലെ അധികാരഘടനകളാണ് നിർണയിക്കുന്നത്.

അതേസമയം, കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തെ വിമർശിക്കേണ്ടത് അതുകൊണ്ടല്ല. മറിച്ച്, അതിന്റെ രാഷ്ട്രീയ സാധ്യതകളെയും അതിന്റെ പരിമിതികളെയും ഒരേസമയം കാണേണ്ടതുകൊണ്ടാണ്. ഈ സമരം പുതിയ തലമുറയുടെ കമ്മ്യൂണിക്കേഷൻ ശേഷിയെയും ഡിജിറ്റൽ നെറ്റ്‌വർക്കുകളുടെ ശക്തിയെയും തെളിയിക്കുന്നു. പക്ഷേ, ഇന്ത്യയിലെ അടിസ്ഥാന ജാതി/വംശീയ ഘടനയെ അത് ഇതുവരെ കുലുക്കിയിട്ടില്ല. ഒരു ഡിജിറ്റൽ തരംഗം സൃഷ്ടിക്കുന്നതും നൂറ്റാണ്ടുകളായുള്ള സാമൂഹിക അധികാരഘടനകളെ പൊളിച്ചെഴുതുന്നതും രണ്ട് വ്യത്യസ്ത രാഷ്ട്രീയ പ്രക്രിയകളാണ്. ഒന്നിന് വേഗമുണ്ട്; മറ്റൊന്നിന് ചരിത്രത്തിന്റെ ഭാരമുണ്ട്. അതിനാൽ എന്റെ ചോദ്യം വളരെ ലളിതമാണ്. ഈ പുതിയ തലമുറയുടെ സമരങ്ങൾ ഭാവിയിൽ ഇന്ത്യൻ ജനാധിപത്യത്തെ കൂടുതൽ ഉൾക്കൊള്ളുന്നതാക്കുമോ? അതോ അവയും ഒടുവിൽ മധ്യവർഗത്തിന്റെ ധാർമ്മിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്ന സുരക്ഷിതമായ പ്രതിഷേധങ്ങളായി മാത്രം മാറുമോ? പക്ഷേ ഒരു കാര്യം വ്യക്തമാണ്. ജന്തർ മന്തറിൽ നിന്ന് ഉയരുന്ന ഓരോ മുദ്രാവാക്യവും, ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്ന ഓരോ വിഷ്വലും, തെരുവിൽ പ്രത്യക്ഷപ്പെടുന്ന ഓരോ പുതിയ രാഷ്ട്രീയ ചിഹ്നവും ഇന്ത്യയിലെ പരമ്പരാഗത ഹിന്ദുത്വ ഫാസിസ്റ്റ് പൗരാണിക രാഷ്ട്രീയത്തിന്റെ ഏകാധിപത്യത്തെ ചെറുതായെങ്കിലും വിള്ളലേൽപ്പിക്കുന്നുണ്ട്. ആ വിള്ളലുകൾ ഒരിക്കൽ വലിയ രാഷ്ട്രീയ ഭൂകമ്പങ്ങളാകുമോ, അതോ ഡിജിറ്റൽ ഓർമ്മകളായി മാത്രം അവശേഷിക്കുമോ എന്നത് ചരിത്രം തീരുമാനിക്കും.

 

Related