August 9 Sunday 2026

സമരങ്ങൾക്ക് മുദ്രാവാക്യങ്ങൾ മാത്രം പോര; ഭാഷയും വേണം – സൗരവ് ദാസ് എന്ന ആശയവിനിമയത്തിന്റെ രാഷ്ട്രീയം

ഒരു സമരം വിജയിക്കുമോ പരാജയപ്പെടുമോ എന്നത് അതിന്റെ മുദ്രാവാക്യങ്ങൾ മാത്രം തീരുമാനിക്കുന്ന കാര്യമല്ല. സമരത്തിന് പിന്നിലെ ആശയങ്ങളെ എത്ര വ്യക്തതയോടെ ജനങ്ങളിലേക്കും മാധ്യമങ്ങളിലേക്കും ഭരണകൂടത്തിലേക്കും എത്തിക്കാൻ കഴിയുന്നു എന്നതാണ് അതിന്റെ രാഷ്ട്രീയ ശക്തിയെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.

പ്രത്യേകിച്ച് ദേശീയതലത്തിൽ നടക്കുന്ന ഒരു സമരമാകുമ്പോൾ അത് കൂടുതൽ സങ്കീർണ്ണമാണ്. വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ എത്തിച്ചേരുന്നു. വ്യത്യസ്ത ഭാഷകൾ, രാഷ്ട്രീയ പശ്ചാത്തലങ്ങൾ, പ്രതീക്ഷകൾ, ആശങ്കകൾ എല്ലാം ഒരേ വേദിയിൽ സംഗമിക്കുന്നു. അതേസമയം സമരത്തെ തകർക്കാൻ ഭരണകൂട സംവിധാനങ്ങളും പ്രചാരണ യന്ത്രങ്ങളും മുഴുവൻ ശക്തിയോടെയും രംഗത്തുണ്ടാകും. അത്തരം സാഹചര്യത്തിൽ ആശയവിനിമയം വെറും മാധ്യമപ്രവർത്തനം അല്ല; അത് സമരത്തിന്റെ തന്നെ ഒരു മുന്നണിയാണ്.

ആ മുന്നണിയിൽ ശ്രദ്ധേയമായ ഒരു സാന്നിധ്യമായിരുന്നു സിജെപിയുടെ മുഖ്യ വക്താവ് സൗരവ് ദാസ്.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്വേഷണാത്മക മാധ്യമപ്രവർത്തകനും ആർടിഐ പ്രവർത്തകനുമായ സൗരവ് ദാസ്, ചെറുപ്പം മുതൽ വിവരാവകാശ നിയമം ഫലപ്രദമായി ഉപയോഗിച്ച് നിരവധി സുപ്രധാന വിവരങ്ങൾ പുറത്തുകൊണ്ടുവന്ന വ്യക്തിയാണ്. The Caravan, Al Jazeera, The Wire, The Hindu, Article 14 തുടങ്ങിയ ദേശീയ-അന്തർദേശീയ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ അന്വേഷണാത്മക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഗവേഷണ പശ്ചാത്തലമുള്ള മാധ്യമപ്രവർത്തകനെന്ന നിലയിൽ ധ്രുവ് റാഠിയുടെ ഗവേഷണ പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട്. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ തമിഴും കൈകാര്യം ചെയ്യാൻ കഴിയുന്ന ബഹുഭാഷാ ആശയവിനിമയ ശേഷി അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. എന്നാൽ, ജീവചരിത്രത്തേക്കാൾ പ്രധാനപ്പെട്ടത് അദ്ദേഹം സമരകാലത്ത് കാഴ്ചവെച്ച ആശയവിനിമയ രീതിയാണ്.

ഔദ്യോഗിക നിലപാടുകൾ അവതരിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാഷയിൽ അനാവശ്യ നാടകീയത ഉണ്ടായിരുന്നില്ല. അതേസമയം, ഉറച്ച രാഷ്ട്രീയ നിലപാട് വ്യക്തമായിരുന്നു. സമരത്തിനെതിരെ ഉയർന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കും പ്രകോപനങ്ങൾക്കും പിന്നാലെ ഓടിയില്ല. ഓരോ ആരോപണത്തിനും മറുപടി നൽകുന്നതിനേക്കാൾ സമരത്തിന്റെ ആവശ്യങ്ങൾ വീണ്ടും വീണ്ടും ജനങ്ങളിലേക്ക് എത്തിക്കുന്നതിലായിരുന്നു ശ്രദ്ധ. ചർച്ചകൾ കഴിഞ്ഞാൽ എന്താണ് നടന്നത്, എന്താണ് തീരുമാനമായത്, എന്താണ് ഇനി നടക്കാൻ പോകുന്നത് എന്നൊക്കെ ആശയക്കുഴപ്പമില്ലാത്ത ഭാഷയിൽ വിശദീകരിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി.

സമരത്തിന്റെ സന്ദേശം പ്രതിരോധത്തിന്റെ ഭാഷയിൽ നിന്ന് പ്രതീക്ഷയുടെ ഭാഷയിലേക്ക് മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. മാധ്യമങ്ങൾ ഉയർത്തിയ വാരിക്കുഴി ചോദ്യങ്ങൾ പോലും സമരത്തിന്റെ ആവശ്യങ്ങൾ വീണ്ടും വിശദീകരിക്കാനുള്ള അവസരങ്ങളാക്കി അദ്ദേഹം ഉപയോഗിച്ചു. ഒരു വക്താവിന്റെ ജോലി മാധ്യമപ്രവർത്തകരെ തോൽപ്പിക്കുകയല്ല; ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് എന്ന തിരിച്ചറിവ് ഓരോ പ്രതികരണത്തിലും പ്രകടമായിരുന്നു.

കേന്ദ്രമന്ത്രിമാരുമായുള്ള ചർച്ചകൾക്ക് ശേഷമുള്ള വിശദീകരണത്തിൽ അത് കൂടുതൽ വ്യക്തമായി. പ്രഖ്യാപനം തുടങ്ങിയത് തന്നെ ആദ്യത്തെ, വിട്ടുവീഴ്ച ചെയ്യാനാകാത്ത ആവശ്യത്തെ വീണ്ടും ആവർത്തിച്ചുകൊണ്ടായിരുന്നു. സോനം വാങ്‌ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിന് ശേഷം പലരും സംശയത്തോടെ നോക്കിയിരുന്ന വിഷയത്തെ അദ്ദേഹം നേരിട്ട് അഭിമുഖീകരിച്ചു. ആവശ്യങ്ങളിൽ ഒരു മാറ്റവുമില്ലെന്നും, അടിസ്ഥാന നിലപാടിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്നും വ്യക്തമായും ശാന്തമായും അദ്ദേഹം ആവർത്തിച്ചു. ആക്രോശമോ വെല്ലുവിളിയോ ഇല്ല; എന്നാൽ, വിട്ടുവീഴ്ചയില്ലാത്ത നിശ്ചയദാർഢ്യം ഓരോ വാക്കിലും ഉണ്ടായിരുന്നു.

ഇന്നത്തെ രാഷ്ട്രീയത്തിൽ പലപ്പോഴും ശബ്ദത്തിന്റെ ഉയരമാണ് ശക്തിയെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. എന്നാൽ, വിശ്വാസ്യത ഉണ്ടാകുന്നത് ശബ്ദത്തിന്റെ ഉയരത്തിൽ നിന്നല്ല; വസ്തുതയുടെ വ്യക്തതയിൽ നിന്നാണ്. ജനാധിപത്യ സമരങ്ങൾ നിലനിൽക്കുന്നത് അതിന്റെ നേതാക്കളുടെ ധൈര്യം കൊണ്ടുമാത്രമല്ല, ജനങ്ങളോട് നിരന്തരം സത്യസന്ധമായി സംസാരിക്കാൻ കഴിയുന്ന ആശയവിനിമയ ശേഷി കൊണ്ടുകൂടിയാണ്.

അതുകൊണ്ടാണ് ഒരു സമരത്തിന്റെ വിജയത്തിൽ മുന്നണിയിൽ നിൽക്കുന്നവരെ പോലെ തന്നെ മൈക്രോഫോണിന് മുന്നിൽ നിൽക്കുന്നവരെയും ചരിത്രം ഓർക്കേണ്ടത്. സമരങ്ങൾക്ക് ചിലപ്പോൾ ഏറ്റവും വലിയ ആയുധം ഒരു മുദ്രാവാക്യമല്ല; കൃത്യമായ സമയത്ത്, കൃത്യമായ ഭാഷയിൽ, കൃത്യമായ അളവിൽ പറയുന്ന ഒരു വാചകമാണ്. ആ വാചകങ്ങളുടെ പിന്നിൽ നിന്നിരുന്ന പേരുകളിൽ ഒന്നാണ് – സൗരവ് ദാസ്.

 

Related