September 16 Wednesday 2026

September 16 Wednesday 2026

സർഫാസി: സാധാരണക്കാരെ കൊലക്ക് കൊടുക്കുന്ന അമിതാധികാര നിയമം

വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ കോടതിയെ സമീപിക്കാതെ തന്നെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ജപ്തിയും ലേലവും നടത്തി പണം തിരിച്ചുപിടിക്കാൻ അധികാരം നൽകുന്ന നിയമമാണ് സർഫാസി ആക്ട് (SARFAESI Act).

സർഫാസി നിയമം എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സെക്ക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസ്സെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് ഇന്ററസ്റ്റ് ആക്ട് 2002-ലാണ് ഇന്ത്യൻ പാർലമെന്റ് പാസാക്കുന്നത്. വസ്തു പണയപ്പെടുത്തിയെടുക്കുന്ന വായ്പയുടെ തിരിച്ചടവ് തുടർച്ചയായി മൂന്ന് തവണ മുടങ്ങിയാൽ ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരമാണ് സർഫാസി നിയമം നൽകുന്നത്. തുടർച്ചയായി മൂന്ന് ഗഡുക്കൾ കുടിശ്ശിക വരുത്തുന്ന അക്കൗണ്ടിനെ നിഷ്‌ക്രിയ ആസ്തി അഥവാ കിട്ടാക്കടമായി പ്രഖ്യാപിക്കാൻ ബാങ്കുകൾക്ക് സർഫാസി വഴി സാധിക്കും. അതോടെ ഈടുവസ്തു ബാങ്കുകൾക്ക് നേരിട്ട് പിടിച്ചെടുക്കാനും വിൽക്കാനും നിയമം അധികാരം നൽകുന്നു. സിവിൽ കോടതി, ഡെബ്റ്റ്സ് റിക്കവറി ട്രിബ്യൂണലുകൾ, ഡെബ്റ്റ്സ് റിക്കവറി അപ്പലേറ്റ് ട്രിബ്യൂണലുകൾ വഴിയാണ് സർഫാസിക്ക് മുമ്പ് നിഷ്‌ക്രിയ ആസ്തിയായ അക്കൗണ്ടിലെ കിട്ടാക്കടം തിരിച്ചെടുക്കാൻ ബാങ്കുകൾ സമീപിച്ചിരുന്നത്. വർഷങ്ങൾ തന്നെ വേണ്ടിവരുമായിരുന്നു ട്രിബ്യൂണലുകളും കോടതികളും വഴി കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാവാൻ. ധാരാളം അക്കൗണ്ടുകൾ നിഷ്‌ക്രിയ ആസ്തികളായാൽ ബാങ്കുകൾ നഷ്ടത്തിലേക്ക് കൂപ്പുക്കുത്തുകയും രാജ്യത്തിന്റെ വരെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുകയും ചെയ്യും. ഇത്തരം സാഹചര്യത്തിലാണ് കാര്യമായ ഒച്ചപ്പാടുകളില്ലാതെ പാർലമെന്റ് സർഫാസി ആക്ട് പാസാക്കുന്നത്.

കോടതികളുടെ ഇടപടലുകളില്ലാതെ ബാങ്കുകൾക്ക് നേരിട്ട് ജപ്തി നടപടികളിലേക്കെത്താൻ സർഫാസി സഹായിക്കുന്നു. കിട്ടാക്കടങ്ങൾക്ക് മേലുള്ള പണയവസ്തുകളിൽ ബാങ്കുകൾക്ക് എന്തു നടപടിയും സ്വീകരിക്കാം. നിഷ്‌ക്രിയ ആസ്തിയുടെ വേഗതിലും കാര്യക്ഷമവുമായി തിരിച്ചുപിടിക്കൽ, തിരിച്ചടവ് മുടങ്ങിയാൽ ജാമ്യവസ്തുക്കൾ ലേലം ചെയ്യുന്നതിന് അനുമതി എന്നിവയാണ് സർഫാസി നിയമം ലക്ഷ്യംവെച്ചത്. കോടതിയുടെ അനുമതിയില്ലാതെ തന്നെ ഇത്തരം കാര്യങ്ങൾ ബാങ്കിന് ചെയ്യാൻ സാധിക്കും. പണയവസ്തുവായ ആസ്തിയിൽ ആൾത്താമസമുണ്ടെങ്കിൽ നേരിട്ട് ഒഴിപ്പിക്കാനും ബാങ്കിന് സാധിക്കും.

എന്നാൽ, അങ്ങനെ എളുപ്പത്തിൽ തോന്നും പോലെ ബാങ്കുകൾക്ക് ജപ്തിയിലേക്ക് കടക്കാൻ സാധിക്കില്ല. ഇതിന് കൃത്യമായ നടപടിക്രമം പാലിക്കണം. റിസർവ് ബാങ്ക് ഇതിനായി മാർഗനിർദേശങ്ങൾ പുറപ്പിടുവിച്ചിട്ടുണ്ട്. താത്കാലികമായി സംഭവിച്ച വീഴ്ചകളുടെ അടിസ്ഥാനത്തിൽ കിട്ടാക്കടം പ്രഖ്യാപിക്കാൻ സാധിക്കില്ല. നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചാൽ പോലും ബാങ്കുകൾക്ക് ഉടനെ ജപ്തിയിലേക്ക് കടക്കാൻ സാധിക്കില്ല. നിഷ്‌ക്രിയ ആസ്തി ഒരുലക്ഷത്തിന് മുകളിലുള്ള സെക്വേഡ് വായ്പകൾക്കാണ് ഈ നിയമം ബാധകം. ഒരു ലക്ഷത്തിൽ താഴെയുള്ള വായ്പകൾ മുഴുവൻ തുകയുടെ 20 ശതമാനം മാത്രം തിരിച്ചടയ്ക്കാൻ ബാക്കിവരുന്ന സാഹചര്യം എന്നിവയ്ക്ക് നിയമം ബാധകമല്ല.

2016 ആഗസ്റ്റിൽ നിയമഭേദഗതിയിലൂടെയാണ് സഹകരണ ബാങ്കുകൾ സർഫാസി നിയമത്തിന്റെ പരിധിയിലായത്. സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. അതിനു മുന്നേ 2003-ൽ കിട്ടാക്കടം പിരിച്ചെടുക്കാൻ സർഫാസി നിയമപ്രകാരം നടപടി സ്വീകരിക്കാമെന്ന് കാണിച്ച് സംസ്ഥാന സഹകരണ രജിസ്റ്റാർ നിർദേശം നൽകിയിരുന്നു. എന്നാൽ, വീട് ജപ്തി ചെയ്ത് വീട്ടിൽ നിന്ന് ആളുകളെ ഇറക്കിവിടുന്ന സാഹചര്യങ്ങൾ കുറവായിരുന്നു. ജനങ്ങളുടെ കൂട്ടായ്മയിൽ നിന്ന് ഉരുത്തിരിഞ്ഞ സഹകരണ ബാങ്കുകൾക്ക് സാമൂഹിക ബാധ്യതയുള്ളത് കൊണ്ടാണ് കുടിയിറക്കൽ പോലുള്ള നടപടികൾ കുറഞ്ഞത്. എന്നാൽ, ഈയടുത്ത് നടന്ന സംഭവങ്ങൾ വിരൽചൂണ്ടുന്നത് മറ്റുതരത്തിലേക്കാണ്. അതിനുള്ള ഒരു കാരണമായി പറയുന്നത് വായ്പാത്തിരിച്ചടവിന് മൊറട്ടോറിയം നൽകുന്നത് നീട്ടിക്കൊണ്ടുപോകാനോ പലിശ ഇളവു നൽകാനോ സഹകരണമേഖലയ്ക്ക് കഴിയില്ല എന്നതാണ്. പലിശ കൊടുത്തതിൽ നിന്നുള്ള നിക്ഷേപമാണ് വായ്പയായി നൽകുന്നത് എന്നതിനാൽ ഒരു പരിധിക്ക് പുറത്തുള്ള നീട്ടലും ഇളവും ഇവർക്ക് നൽകാൻ കഴിയില്ല.

കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാനുള്ള ലേലനടപടികൾക്ക് സർഫാസി ജന്മം കൊടുത്ത ഏജൻസികളാണ് അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനികൾ. സർഫാസി നിയമം പ്രകാരമുള്ള ലേലനടപടികൾ ഏറ്റെടുത്ത് പൂർത്തിയാക്കുന്ന ബിസിനസ് കമ്പനികളാണിത്. ആർ.ബി.ഐ മാർഗനിർദേശങ്ങളനുസരിച്ച് മാത്രമേ നടപടികൾ സ്വീകരിക്കാൻ സാധിക്കുകയുള്ളു. നിഷ്‌ക്രിയ ആസ്തിയായ വായ്പകളിൽ ബാങ്ക് ഒരു ഡിമാന്റ് നോട്ടീസ് തയ്യാറാക്കി വായ്പക്കാരനോ ജാമ്യക്കാരനോ/അദ്ദേഹത്തിന്റെ ഏജന്റുമാർക്കോ രജിസ്റ്റേർഡ് പോസ്റ്റായി അയക്കും. ഇതിന്റെ മടക്ക രസീത് കിട്ടിയാൽ നോട്ടീസ് കൈപ്പറ്റിയ തീയതി മുതൽ 60 ദിവസത്തേയ്ക്ക് വായ്പ തിരിച്ചടയ്ക്കാൻ വായ്പ്പക്കാരന് അവസരം നൽകും. 60 ദിവസത്തിൽ വായ്പ തിരിച്ചടച്ചില്ലെങ്കിൽ ബാങ്കിന്റെ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ മജിസ്ട്രേറ്റ് മുമ്പാകെ സത്യവാങ്മൂലം സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രസ്തുത അധികാര സ്ഥാപനം ആസ്തികൾ ഏറ്റെടുത്ത് ബാങ്കിന് കൈമാറുന്നത്. ജില്ലാ മജിസ്‌ട്രേറ്റ് എടുക്കുന്ന തീരുമാനം മറ്റു കോടതികൾക്കോ അധികാര സ്ഥാപനത്തിനോ ചോദ്യം ചെയ്യാൻ സാധിക്കില്ല. നടപടി നേരിടുന്നവർക്ക് പരാതിയുണ്ടങ്കിൽ 45 ദിവസത്തിനകം ‘ഡെബ്റ്റ് റിക്കവറി’ ട്രിബ്യൂണലിനെ സമീപിക്കാം. അനുകൂലമായ ഉത്തരവ് ഉണ്ടായില്ലെങ്കിൽ 30 ദിവസത്തിനകം വായ്പ്പക്കാരന് നിശ്ചിത തുക ഒടുക്കിക്കൊണ്ട് ഡെബ്റ്റ്‌സ് റിക്കവറി അപ്പെലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാം. എന്നാൽ, കെട്ടിവയ്‌ക്കേണ്ട തുക മിക്കപ്പോഴും കടബാധ്യതയുടെ 50 ശതമാനമാകുന്നതിനാൽ സാധാരണക്കാരായവർക്ക് അത് താങ്ങില്ല.

ഗുജറാത്തിലെ എ.ബി.ജി ഷിപ്‌യാർഡ് കമ്പനി വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കബളിപ്പിച്ചത് 22,842 കോടി രൂപയാണ്. 2009-ൽ 7,136 കോടി രൂപയുടെ തട്ടിപ്പാണ് സത്യം കംപ്യൂട്ടേഴ്സ് സർവീസ് ലിമിറ്റഡിന്റെ പേരിൽ രാംലിംഗ രാജു നടത്തിയത്. വജ്ര വ്യാപാരിയായ നീരവ് മോദി 2018-ൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 22,585 കോടി രൂപയുടെത് തിരിച്ചടയ്ക്കാതെയാണ് രാജ്യംവിടുന്നത്. ഇതേ തട്ടിപ്പിൽ ബന്ധുവായ മെഹുൽ ചോക്സിക്കും സുഖമായി രാജ്യം വിടാൻ സാധിച്ചു. കിങ് ഫിഷർ ഉടമ വിജയ് മല്യ 6,200 കോടിയുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ടു.

ചുരുക്കത്തിൽ വായ്പയെടുക്കേണ്ടി വരുന്ന സാധാരണക്കാർക്ക് മുന്നിൽ അഴിയാക്കുരുക്ക് തീർക്കുന്ന ഒന്നാണ് സർഫാസി നിയമം. കടമെടുത്ത തുകയുടെയോ സാമ്പത്തിക ആസ്ഥിയുടേയോ അടിസ്ഥാനത്തിൽ കടക്കാരെ സർഫാസി നിയമം തരംതിരിക്കാത്തതും, സർഫാസി നിയമപ്രകാരമുള്ള നടപടികളെ സിവിൽ കോടതിയിൽ ചോദ്യം ചെയ്യാനകില്ലയെന്നതും ഇതിന്റെ പോരായ്മയാണ്. സർഫാസിയുടെ അടിസ്ഥാനത്തിൽ നിഷ്‌ക്രിയ ആസ്തികൾ ഏറ്റെടുക്കുന്നതിന് മുമ്പ് സ്റ്റാമ്പ് ആക്ട് ബാധകമല്ലെന്ന ഭേദഗതി, എളുപ്പത്തിൽ റിക്കവറി നടത്തി പണയവസ്തുക്കൾ കൈമാറ്റം ചെയ്ത് സർഫാസി നടപടികളുടെ വേഗം കൂട്ടും. താത്കാലികമായ വീഴ്ച്ചകളുടെ അടിസ്ഥാനത്തിൽ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുതെന്നും പ്രഖ്യാപിച്ചു കഴിഞ്ഞാലും ബാങ്കുകൾ ഉടൻ ജപ്തി നടപടികളിലേയ്ക്ക് നീങ്ങരുതെന്നുമുള്ള റിസർവ് ബാങ്ക് വ്യവസ്ഥകൾ മറികടന്നാണ് ബാങ്കുകൾ പലപ്പോഴും നടപടികൾ സ്വീകരിക്കുന്നത്.

വൻകിടക്കാരിൽ നിന്നുള്ള കിട്ടാക്കടം തിരിച്ചുപിടിക്കാൻ എന്ന വ്യാജേന വന്ന സർഫാസി, എന്നാൽ അത്തരക്കാരെ ലക്ഷ്യംവെച്ചിട്ടേയില്ലെന്ന് വിജയ് മല്യ, നീരവ് മോദി, അനിൽ അംബാനി പോലുള്ളവരുടെ വായ്പാത്തട്ടിപ്പു വാർത്തകളിൽ നിന്ന് മനസിലാക്കാൻ സാധിക്കും. കഴിഞ്ഞ പന്ത്രണ്ടു വർഷത്തിനിടയിൽ സാമ്പത്തിക ഭീമന്മാരുടെ പത്ത് ലക്ഷം കോടി രൂപയെങ്കിലും പൊതുമേഖലാ ബാങ്കുകൾക്ക് എഴുതിത്തള്ളേണ്ടി വന്നിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഗുജറാത്തിലെ എ.ബി.ജി ഷിപ്‌യാർഡ് കമ്പനി വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കബളിപ്പിച്ചത് 22,842 കോടി രൂപയാണ്. 2009-ൽ 7,136 കോടി രൂപയുടെ തട്ടിപ്പാണ് സത്യം കംപ്യൂട്ടേഴ്സ് സർവീസ് ലിമിറ്റഡിന്റെ പേരിൽ രാംലിംഗ രാജു നടത്തിയത്. വജ്ര വ്യാപാരിയായ നീരവ് മോദി 2018-ൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 22,585 കോടി രൂപയുടെത് തിരിച്ചടയ്ക്കാതെയാണ് രാജ്യംവിടുന്നത്. ഇതേ തട്ടിപ്പിൽ ബന്ധുവായ മെഹുൽ ചോക്സിക്കും സുഖമായി രാജ്യം വിടാൻ സാധിച്ചു. കിങ് ഫിഷർ ഉടമ വിജയ് മല്യ 6,200 കോടിയുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ടു.

കഴിഞ്ഞ 12 സാമ്പത്തിക വർഷങ്ങളിലായി വൻകിട കോർപ്പറേറ്റുകൾക്കും സേവന മേഖലയ്ക്കും നൽകിയ വായ്പകളിൽ ഏകദേശം 10 ലക്ഷം കോടി രൂപ ബാങ്കുകൾ എഴുതിത്തള്ളിയതായി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പാർലമെന്റിനെ അറിയിച്ചു. വൻകിട വ്യവസായങ്ങൾക്കും സേവന മേഖലയ്ക്കും നൽകിയ കുടിശ്ശിക വായ്പകളുടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കണക്കുകൾ പങ്കുവെച്ചുകൊണ്ട് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് സഭയിൽ രേഖാമൂലം മറുപടി നൽകിയത്.

വായ്പാ കുടിശ്ശിക 2024-25 സാമ്പത്തിക വർഷത്തിലെ 63,19,057 കോടി രൂപയിൽ നിന്ന് 2025-26ൽ 69,21,734 കോടി രൂപയായി ഉയർന്നതായി അദ്ദേഹം പറഞ്ഞു. 2018-19 സാമ്പത്തിക വർഷത്തിലാണ് ഏറ്റവും കൂടിയ തുക (1,48,753 കോടി രൂപ) എഴുതിത്തള്ളിയതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കാറായപ്പോൾ സാധാരണക്കാരിൽ നിന്ന് മുതലും പലിശയും തിരിച്ചുപിടിക്കാൻ ബാങ്കുകൾ വ്യാപകമായാണ് സർഫാസി ഉപയോഗിച്ചത്. സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടായ പ്രളയത്തിൽ കാർഷികമേഖലയിൽ വന്ന തകർച്ചയിലും കാർഷികോത്പന്നങ്ങളുടെ വിലയിടിവിലും കോവിഡ് മഹാമാരിയും ലോക്ഡൗണുമുണ്ടാക്കിയ തൊഴിലില്ലായ്മയിലും തിരിച്ചടവ് മുടങ്ങിയവരുടെ മുന്നിലേക്കാണ് ബാങ്കുകൾ സർഫാസിയെന്ന ഭൂതത്തെ കുപ്പിത്തുറന്ന് വിട്ടത്.

തിരിച്ചടവിനു നൽകുന്ന സാവകാശമാണ് മൊറട്ടോറിയം. മാർച്ച് ഒന്ന് മുതൽ മേയ് 31 വരെയുള്ള മാസത്തവണയ്ക്കായിരുന്നു നേരത്തെ മൊറട്ടോറിയം നൽകിയിരുന്നത്. ഇതിൽ മുതലിന്റെയും പലിശയുടെയും തിരിച്ചടവ് ഒഴിവാക്കാതെ അധിക സമയം നീട്ടിനൽകുകയാണ് മൊറട്ടോറിയത്തിലൂടെ. കോവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങിയവർക്കും കാർഷിക മേഖലയിലെ തകർച്ചയിൽ തിരിച്ചടയ്ക്കാൻ സാധിക്കാത്തവർക്കും മൊറട്ടോറിയം ആശ്വാസമാണ്. ഭവന വായ്പ, വിദ്യാഭ്യാസ വായ്പ, ബിസിനസ് വായ്പ, കാർഷിക വായ്പ എന്നിവയ്ക്കെല്ലാം മൊറട്ടോറിയം ലഭ്യമാണ്. മൊറട്ടോറിയം കാലയളവിൽ പലിശയും മുതലും അടക്കേണ്ട പക്ഷേ ഈ പലിശ പിന്നീട് മുതലിനോട് ചേർക്കുകയാണ് ചെയ്യുന്നത്. മൊറട്ടോറിയം കാലാവധിയിൽ തിരിച്ചടവ് മുടങ്ങിയാലും, ഇത് കണക്കാക്കി കിട്ടാക്കടമായി പ്രഖ്യാപിക്കുന്ന നടപടികളുണ്ടാക്കില്ല. എന്നാൽ, കേരളത്തിൽ കഴിഞ്ഞ ഏതാനം വർഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ മൊറട്ടോറിയം കാലാവധി ആറുമാസത്തിൽ കൂടുതൽ നീട്ടിക്കിട്ടണമെന്നാണ് കാർഷിക മേഖലയിലുള്ളവരുടെയും കച്ചവടക്കാരുടെയുമടക്കം ആവശ്യം. കാലാവസ്ഥാവ്യത്യാനവും രണ്ടുവർഷത്തോളം നീണ്ട കോവിഡ് അടച്ചിടലും കാരണം നട്ടം തിരിയുന്ന സാധാരണക്കാർക്കും ഇടത്തരക്കാർക്കും മൊറട്ടോറിയം കാലം നീട്ടികൊടുത്തിട്ടില്ലെങ്കിൽ കാര്യമായ ഗുണമൊന്നും ലഭിക്കില്ല.

ലോൺ അദാലത്തുകളും നിലവിലെ സാഹചര്യത്തിൽ വായ്പയെടുത്ത ഭൂരിപക്ഷത്തിനും നേട്ടമുണ്ടാക്കുന്നില്ല. വൻ ഇളവുകളോടെ വായ്പ തിരിച്ചടയ്ക്കാനുള്ള അവസരമാണ് അദാലത്തിൽ ബാങ്കുകൾ ഒരുക്കുന്നത്. വായ്പകൾ പൂർണമായി എഴുതി തള്ളാതെ പലിശയിലും കൂട്ടുപലിശയിലും മറ്റും വലിയ ഇളവുകൾ അദാലത്തിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും. പലപ്പോഴും മുതലിന്റെ കൂടെ കാര്യമായ പലിശ ബാങ്കുകൾ ഈടാക്കാറില്ല. ബാങ്കുകളും വായ്പയെടുത്തവരും ഒത്തുതീർപ്പിലെത്തി തീരുമാനിക്കുന്ന തുക മുഴുവനായും നിശ്ചിത സമയത്തിൽ അടച്ചുതീർക്കണം. വീടും സ്ഥലവുമോ മറ്റു വസ്തുക്കളോ വിറ്റായിരിക്കും ഇതിനുള്ള തുക മിക്കവരും കണ്ടെത്തുന്നത്. എന്നാൽ ലോക്ഡൗണിനു ശേഷം സ്ഥലത്തിന് വില കുറഞ്ഞതും മറ്റും അദാലത്ത് വഴിയുള്ള നേട്ടം ലഭിക്കാൻ തടസ്സമായി.

സർഫാസി നിയമം ഏറ്റവുമധികം ബാധിക്കുന്നത് ഇടത്തരക്കാരും പാവപ്പെട്ടവരുമാണെന്നതിനാൽ നിയമത്തിൽ അടിസ്ഥാപരമായ മാറ്റം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കേരള നിയമസഭ പ്രമേയം പാസാക്കി അയച്ചിരുന്നു. അഞ്ചു സെന്റോ അതിൽ കുറഞ്ഞതോ ആയ സ്ഥലവും വീടും ജപ്തി ചെയ്യരുതെന്ന് ചട്ടം ഭേദഗതിയാണ് നിയമസഭ ആവശ്യപ്പെട്ടത്. പിന്നീട് മുൻമന്ത്രി എസ്. ശർമ ചെയർമാനും അന്ന് എം.എൽ.എ ആയിരുന്ന വി.ഡി സതീശനുമുൾപ്പെടുന്ന 11 അംഗ നിയമസഭാസമിതി കേന്ദ്രത്തിന് ഒരു ശുപാർശ അയച്ചിരുന്നു. സർഫാസി ഭീഷണി നേരിടുന്ന കുടുംബങ്ങളെ നേരിൽ കണ്ട് സംസാരിച്ചാണ് കമ്മിറ്റി ശിപാർശ തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി അഡ്ഹോക്ക് കമ്മിറ്റി നിയമസഭയിൽ സമർപ്പിച്ച നിർദേശങ്ങൾ ചുവടെ.

> സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്ന് സഹകരണബാങ്കുകളെ ഒഴിവാക്കുക.

> ഒരു വർഷത്തെ കാലയളവിനു ശേഷവും തിരിച്ചടവ് നടത്താതെ കുടിശ്ശിക വരുത്തുന്ന വായ്പക്കാർക്ക് എതിരെ മാത്രമേ സർഫാസി നിയമപ്രകാരമുളള നടപടി തുടങ്ങാവൂ എന്ന രീതിയിൽ നിയമഭേദഗതി വരുത്തുകയും ഒരുലക്ഷം രൂപയ്ക്ക് മുകളിലുളള എന്നതുമാറ്റി പത്തുലക്ഷം രൂപയ്ക്കുമുകളിലുളള വായ്പയ്ക്ക് മാത്രമേ നിയമം ബാധകമാവുകയുളളൂ എന്ന് നിയമത്തിൽ ഭേദഗതി വരുത്തണം.

> കർഷകർ എടുക്കുന്ന എല്ലാത്തരം കടങ്ങളും കാർഷിക കടമായി കണ്ട് സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണം.

> വിദ്യാഭ്യാസ വായ്പയെടുത്ത ശേഷം നിശ്ചിത കാലയളവിനുള്ളിൽ ജോലി ലഭിക്കാത്തതിനാൽ തിരിച്ചടവ് മുടങ്ങിയവരെ സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനോ തിരിച്ചടവിനു കാലാവധി നീട്ടി നൽകാനോ ഉതകുന്ന നിയമഭേദഗതി കൊണ്ടുവരണം.

> കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ തോട്ടവിളകൾ ഉൾപ്പെടെയുളള എല്ലാത്തരം കൃഷിയും ചെയ്യുന്ന ഭൂമി കൃഷിഭൂമിയായിത്തന്നെ കണക്കാക്കി വായ്പ നൽകാൻ ബാങ്കുകൾക്ക് നിർദേശം നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം.

> ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തവർ തിരിച്ചടവിൽ മൂന്നിൽ രണ്ട് ഗഡുക്കൾ അടച്ചിട്ടുണ്ടെങ്കിൽ ബാക്കി തുകയെ സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനും ഇതുമായി ബന്ധപ്പെട്ടുവരുന്ന പരാതികളിൽ ബാങ്കിങ് ഓംബുഡ്‌സ്മാൻ പ്രത്യേകമായ പരിഗണന നൽകുന്നതിനും ഉതകുന്ന തരത്തിൽ നടപടികൾ സ്വീകരിക്കണം.

> മുഴുവൻ കടക്കാരുടെയും വായ്പാ കുടിശ്ശിക സംബന്ധിച്ച് പത്രപ്പരസ്യം നൽകുന്നതിന് ഓരോ വായ്പാക്കാരിൽ നിന്നും ഭീമമായ തുക ഈടാക്കുന്ന പ്രവണത ഇല്ലാതാക്കണം. അപ്രകാരമുളള പരസ്യങ്ങൾക്ക് ബാങ്കുകൾ മിതമായ നിരക്ക് മാത്രമേ ഈടാക്കാവൂ എന്ന് നിർദ്ദേശം നൽകാൻ നടപടി സ്വീകരിക്കണം.

> വായ്പയെടുത്ത് തിരിച്ചടവിൽ വീഴ്ച വരുത്തിയവരിൽ നിന്ന് വായ്പത്തുക പിരിക്കാൻ ഹുണ്ടികക്കാരുടെ ക്വട്ടേഷൻ സംഘത്തെ പോലെ വേറെ ഏജൻസികൾക്ക് കരാർ കൊടുക്കരുത്. സർഫാസി നിയമത്തിൽ പ്രതിപാദിച്ചിട്ടില്ലാത്ത നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ബാങ്കിങ് മേഖലയ്ക്ക് മാത്രമല്ല, പണമിടപാട് നടത്തുന്നവർക്കെല്ലാം ബാധകമാക്കുന്ന വിധത്തിൽ സമഗ്ര നിയമനിർമ്മാണത്തിന് അടിയന്തര നടപടി സ്വീകരിക്കണം.

> സർഫാസി കടക്കെണിയിൽപ്പെട്ടവർക്ക് സൗജന്യമായി നിയമസഹായം നൽകുന്നതിന് കഴിവും താത്പര്യവുമുളള സീനിയർ അഭിഭാഷകർ ഉൾപ്പെടെയുളളവരുടെ പ്രത്യേക പാനൽ തയ്യാറാക്കി തുടർനടപടി സ്വീകരിക്കണം.

> ചെറിയ തുക വായ്പയെടുത്ത പട്ടികവിഭാഗങ്ങളിലുളള പലരും ഇടനിലക്കാരുടെ ഇടപെടലുകൾ മൂലം വായ്പയെക്കുറിച്ചും തിരിച്ചടവിനെക്കുറിച്ചും കൃത്യമായ അറിയിപ്പുകൾ ശ്രദ്ധയിൽപ്പെടാതെ ചതിക്കുഴിയിൽപ്പെടാതിരിക്കാൻ വായ്പയെടുക്കുന്നതിന് മുമ്പ് അവർക്ക് ഉപദേശം നൽകാൻ സംസ്ഥാന സർക്കാർ ക്രെഡിറ്റ് കൗൺസിലിങ് കേന്ദ്രങ്ങൾ തുടങ്ങണം.

> ഒരു നിശ്ചിത തുക വായ്പയെടുത്തതും സർഫാസി നിയമത്തിന്റെ വ്യവസ്ഥപ്രകാരം ഭൂമി നഷ്ടപ്പെടുമെന്ന ഭീഷണിയിലായതുമായ അർഹരായ പാവപ്പെട്ട പട്ടികവിഭാഗങ്ങളിലുളളവരുടെ കടം സർക്കാർ തന്നെ തിരിച്ചടച്ച് ജപ്തി നടപടികൾ ഒഴിവാക്കാൻ കഴിയുമോ എന്ന് പരിശോധിക്കുകയും ക്രമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ തട്ടിയെടുത്ത ആധാരങ്ങൾ അവർക്ക് തിരികെ ലഭിക്കാനുള്ള ബൃഹദ്പദ്ധതി സംസ്ഥാന സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി തയ്യാറാക്കി നടപ്പാക്കുകയും വേണം.

> വായ്പാ കുടിശ്ശിക വരുത്തുന്നവർക്കെതിരെയുളള നടപടിയുടെ ഭാഗമായി ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും വായ്പക്കാരുടേയും അവരുടെ കുടുംബാംഗങ്ങളുടെയും ഫോട്ടോ/മേൽവിലാസം സഹിതം പരസ്യങ്ങൾ നൽകുന്നതും ബോർഡുകൾ വയ്ക്കുന്നതും വ്യക്തിയുടെ സ്വകാര്യതയുടെ ലംഘനമായി കണ്ട് അപ്രകാരം ചെയ്യുന്ന ബാങ്കുകൾ/ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ ക്രിമിനൽ നിയമ വ്യവസ്ഥകൾ പ്രകാരം നടപടി സ്വീകരിക്കണം.

സർഫാസിയുടെ മറവിൽ നടക്കുന്ന ജനദ്രോഹനടപടികൾക്കെതിരെ ശക്തവും സമഗ്രവുമായ നിയമനിർമ്മാണം നടത്തുന്നതിന് സർക്കാർ മുൻകൈയെടുക്കുമെന്നും കമ്മിറ്റി പ്രത്യാശിക്കുന്നതായി കമ്മിറ്റി ചെയർമാനായിരുന്ന എസ്. ശർമ അന്ന് പറഞ്ഞത് പ്രത്യാശ മാത്രമായി അവശേഷിക്കുകയാണ്. കേന്ദ്ര നടപടികൾ എന്തായിരുന്നാലും കുടിയിറക്കികൊണ്ടുള്ള നടപടിയുണ്ടാകില്ലെന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ ഉറപ്പുനൽകിയെങ്കിലും സംഭവിച്ചത് മറിച്ചാണ്. ശുപാർശകൾ കേന്ദ്ര സർക്കാരിനു മുന്നിലെത്തിയപ്പോഴും നടപടികളുണ്ടായില്ല. നിയമസഭ സമിതിയിലെ അംഗമായിരുന്ന വി.ഡി സതീശന്‍ മുഖ്യമന്ത്രി പദത്തിലെത്തിയത് പ്രത്യാശക്ക് വകനല്‍കുന്നുണ്ടോ എന്നത് കാത്തിരുന്നു കാണാം.

സർഫാസി ജപ്തി ഭീഷണികൾക്ക് ഇരയായവരും സാമൂഹിക പ്രവർത്തകരും ചേർന്ന് സർഫാസി നിയമ വിരുദ്ധ സമിതി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ നേതൃത്വത്തിൽ സർഫാസിയുടെ ഇരയായവര്‍ക്കുള്ള നിയമസഹായം ഉള്‍പ്പെടെ നല്‍കി വരുന്നുണ്ട്. നിലവിൽ വ്യാപാരി സംഘടനകളും കർഷകസംഘടനകളും സർഫാസിക്കെതിരെ ശബ്ദമുയർത്തുന്നുണ്ട്. എന്നിരുന്നാലും കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും ഒരുപോലെ പരിശ്രമിച്ചാൽ മാത്രമേ സർഫാസിയിൽ നിന്ന് പാവപ്പെട്ടവരെ രക്ഷിക്കാൻ സാധിക്കുകയുള്ളു.

 

 

Related