ഹോമർ എഴുതിയ പുരാതന ഗ്രീക്ക് സാഹിത്യത്തിലെ ഏറ്റവും പ്രശസ്തമായ ഇതിഹാസകാവ്യങ്ങളിൽ ഒന്നാണ് “ഒഡീസി”. ഈ കഥ നമ്മളിൽ പലർക്കും പരിചിതമാണ്. പുസ്തകങ്ങളിലൂടെയും, മറ്റ് സിനിമകളിലൂടെയും പല രൂപങ്ങളിൽ നമ്മൾ അതിനെ അനുഭവിച്ചിട്ടുമുണ്ട്. പക്ഷേ, ഈ ഇതിഹാസത്തെ ക്രിസ്റ്റോഫർ നോളൻ എങ്ങനെ തന്റെ കാഴ്ചപ്പാടിലൂടെയും സിനിമാഭാഷയിലൂടെയും പുനർസൃഷ്ടിക്കും എന്നതായിരുന്നു ലോക സിനിമപ്രേമികളെന്നപോലെ ഒരു നോളൻ ഫാനായ എൻ്റേയും ആകാംക്ഷ.
ട്രോജൻ യുദ്ധം ജയിച്ച ശേഷം സ്വന്തം നാടായ ഇതാക്കയിലേക്ക് മടങ്ങാൻ ഇറങ്ങുന്ന ഒഡിസിസിന്റെ കഥയാണ് ദ ഒഡീസ്സി. എന്നാൽ, അത് ഒരു യോദ്ധാവിന്റെ മടങ്ങിവരവിന്റെ കഥ മാത്രമല്ല. ഓരോ വിജയത്തിനും ശേഷവും മനുഷ്യൻ സ്വന്തം ഉള്ളിലേക്ക് തിരികെ കണ്ടെത്താൻ നടത്തുന്ന യാത്രയുടെ കഥ കൂടിയാണ്. ട്രോജൻ യുദ്ധം നമ്മളിൽ പലർക്കും ഒരു ചരിത്രമോ ഇതിഹാസമോ മാത്രമായിരിക്കാം, പക്ഷേ നോളൻ അതിനെ വിജയത്തിന്റെ ആഘോഷമായി കാണിക്കുന്നില്ല. ഓരോ വിജയത്തിനും പിന്നിൽ എത്ര നഷ്ടങ്ങളും, എത്ര കുറ്റബോധവും, എത്ര മനുഷ്യജീവിതങ്ങളുമുണ്ട് എന്ന ചോദ്യമാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്. അതുകൊണ്ടുതന്നെ സിനിമ ഒരു യുദ്ധകഥയെക്കാൾ, യുദ്ധത്തിന്റെ വിലയെക്കുറിച്ചുള്ള ചിന്തയായി മാറുന്നു! അതിലുപരിയായി ഒഡീസിയിലെ പെൺജീവിതങ്ങളെകൂടി നോളൻ വിശദമായ ഒരു വരച്ചിടൽ നടത്തുന്നുണ്ട്.
ഗ്രീക്ക് പുരാണത്തിലെ ഏറ്റവും ആകർഷകമായ കഥാപാത്രങ്ങളിൽ ഒന്നാണ് ഒഡീസിയസിന്റെ നാവികരെ പന്നികളാക്കി മാറ്റുന്ന സിർസി എന്ന മന്ത്രവാദിനി. നോളൻ ഈ കഥാപാത്രത്തെ പൂർണ്ണമായും മാറ്റിമറിച്ചു. പുരാണത്തിൽ സിർസി എന്നത് പുരുഷന്മാരെ വശീകരിച്ച് മൃഗങ്ങളാക്കുന്ന ഒരു ക്രൂരയായ മന്ത്രവാദിനിയാണ്. ഒഡീസിയസ് തന്റെ വാളും ഹെർമിസ് ദൈവം നൽകിയ പ്രത്യേക സസ്യവും ഉപയോഗിച്ച് അവളെ ഭയപ്പെടുത്തി കീഴടക്കുകയാണ് ചെയ്യുന്നത്. അതിനുശേഷം അവൾ ഒഡീസിയസിന്റെ കാമുകിയായി മാറുന്നു.
സിനിമയിൽ സിർസി ഒരു വില്ലത്തിയല്ല, മറിച്ച് പുരുഷന്മാരുടെ ക്രൂരതകളിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തമായി ഒരു സാമ്രാജ്യം ഉണ്ടാക്കി ജീവിക്കുന്ന ഒരു ഫെമിനിസ്റ്റ് ഫിഗറാണ്. സിനിമയിൽ അവൾ മനുഷ്യരെ പന്നികളാക്കുന്നത് മാന്ത്രികവിദ്യ കൊണ്ടല്ല. ട്രോയ് യുദ്ധത്തിൽ ക്രൂരതകൾ ചെയ്ത് മൃഗങ്ങളെപ്പോലെ പെരുമാറിയ ഒഡീസിയസിന്റെ നാവികരുടെ യഥാർത്ഥ സ്വഭാവം (ആന്തരിക മൃഗീയത) പുറത്തുകൊണ്ടുവരിക മാത്രമാണ് അവൾ ചെയ്യുന്നത്. ഒഡീസിയസ് സിർസിയെ കീഴടക്കുകയല്ല, പകരം തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് അവളോട് ക്ഷമ ചോദിക്കുകയാണ്. യുദ്ധത്തിന്റെ ആഘാതത്തിൽ നിന്ന് ഒഡീസിയസിന്റെ മനസ്സിനെ സുഖപ്പെടുത്തുന്ന ഒരു സുഖദാതാവായ ദാർശനിക വേഷമാണ് സിനിമയിൽ സിർസിക്കുള്ളത്.
സിനിമയിലുടനീളം ഒഡീസിയസിനെ പ്രതിസന്ധികളിൽ സഹായിക്കുകയും വഴിനടത്തുകയും ചെയ്യുന്ന ഒളിമ്പസിലെ അഥീന ദേവിയയുടെ കാര്യത്തിലും ക്ലൈമാക്സിലെ ഫ്ലാഷ്ബാക്കിൽ നോളൻ വലിയൊരു ട്വിസ്റ്റ് വെളിപ്പെടുത്തുന്നു, ഒഡീസിയസിനെ നയിച്ചത് ഒളിമ്പസിലെ ഒരു ദേവതയേ ആയിരുന്നില്ല. ട്രോയ് നഗരം ആക്രമിച്ചപ്പോൾ ഒഡീസിയസിന്റെ സ്വന്തം സൈനികർ ക്രൂരമായി കൊലപ്പെടുത്തിയ അവിടുത്തെ ഒരു യുവ പൂജാരിണി ആയിരുന്നു അത്. തന്റെ കൺമുന്നിൽ നടന്ന ആ ക്രൂരത തടയാൻ കഴിയാത്തതിലുള്ള തീവ്രമായ കുറ്റബോധവും മാനസികാഘാതവും കാരണം, ഒഡീസിയസിന്റെ മനസ്സ് തന്നെയാണ് ആ പെൺകുട്ടിയുടെ മുഖത്തെ ‘അഥീന ദേവി’യായി മാറ്റിയെടുത്തത്. ദൈവങ്ങളല്ല, മറിച്ച് അയാളുടെ സ്വന്തം കുറ്റബോധമാണ് അയാളെ നയിച്ചതെന്ന ഈ ട്വിസ്റ്റ് ഹോമറിന്റെ ഒഡീസിയസിന്റെ സ്വഭാവത്തെത്തന്നെ മാറ്റിക്കളയുന്നു.
ഇതിലെ മറ്റ് രണ്ട് സ്ത്രീജീവിതങ്ങളും നോളൻ വരച്ചിടുന്നുണ്ട്. ഇത്താക്കയിൽ പെനലോപ്പി ഇരുപത് വർഷത്തോളം തൻ്റെ ഭർത്താവായ ഒഡിസിയൂസിനെ കാത്തിരിക്കുന്നു. പ്രതീക്ഷ കൈവിടാതെ, ഓരോ രാത്രിയും നെയ്തത് അഴിച്ചിട്ട് അടുത്ത ദിവസം വീണ്ടും നെയ്യുന്ന ആ സ്ത്രീയുടെ ക്ഷമ ലോകസാഹിത്യത്തിലെ ഏറ്റവും ശക്തമായ പ്രതീകങ്ങളിൽ ഒന്നാണ്. പ്രണയം ചിലപ്പോൾ ഒരാളെ തേടി പോകുന്നതല്ല. ഒരാളെ വിശ്വസിച്ച് കാത്തിരിക്കുന്നതുമാണ്. അതോടൊപ്പം മറ്റൊരു സ്ത്രീയുടെ വഞ്ചനയും കാണാം. ക്ലൈറ്റംനെസ്ട്ര! അവളുടെ ഭർത്താവായ അഗമെമ്നോൻ ട്രോയ് യുദ്ധത്തിൽ നിന്ന് വിജയിയായി മടങ്ങിയെത്തുന്നു. പക്ഷേ, വീട്ടിലെത്തിയ നിമിഷം ഭാര്യയുടെ ചതിയിൽ കൊല്ലപ്പെടുന്നു. യുദ്ധഭൂമിയിൽ ആയിരം വാളുകളെ അതിജീവിച്ചവനെ, സ്വന്തം വീടിനുള്ളിൽ ഭാര്യയും കാമുകനും ചേർന്ന് കൊല്ലുന്നു.
ഇനി വിവാദമായ colour blind casting (അഭിനേതാക്കളെ തിരഞ്ഞെടുക്കുമ്പോൾ അവരുടെ വംശം, നിറം, വംശീയ പശ്ചാത്തലം തുടങ്ങിയവ പരിഗണിക്കാതെ, അഭിനയ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ റോളുകൾ നൽകുന്ന രീതിയാണ് ഇത് ) നെ (ലുപിത ന്യോംഗോയുടെ ഹെലനെ) കുറിച്ച്: ക്രിസ്റ്റഫർ നോളന്റെ സിനിമയിൽ, വിഖ്യാതയായ ‘ ഹെലൻ ഓഫ് സ്പാർട്ട ‘ യായഭിനയിച്ചത് കെനിയൻ-മെക്സിക്കൻ നടിയായ ലൂപിറ്റ എന്യോങ്‌ഗോ (Lupita Nyong’o) ആണ്. ലൂപിറ്റ ന്യോംഗോ ഹെലൻ ആയി മാത്രമല്ല അഭിനയിക്കുന്നത്. ഹെലന്റെ സഹോദരിയും അഗമെമ്നൺ രാജാവിന്റെ ഭാര്യയുമായ ക്ലൈറ്റംനെസ്ട്ര (Clytemnestra) എന്ന മറ്റൊരു ശക്തമായ കഥാപാത്രത്തെയും ലൂപിറ്റ തന്നെയാണ് അവതരിപ്പിക്കുന്നത്. യുദ്ധത്തിന് കാരണക്കാരിയായ ഹെലനും, യുദ്ധം കഴിഞ്ഞ് തിരിച്ചെത്തുന്ന ഭർത്താവിനെ വധിക്കുന്ന ക്ലൈറ്റംനെസ്ട്രയും ഒരേ മുഖമുള്ള രണ്ട് വ്യക്തിത്വങ്ങളായി നോളൻ അവതരിപ്പിക്കുന്നു. ഹെലൻ (തുടക്കം) യുദ്ധം തുടങ്ങാൻ കാരണമായ, പുരുഷന്മാർ സ്വന്തമാക്കാൻ ആഗ്രഹിച്ച ഭ്രമിപ്പിക്കുന്ന സൗന്ദര്യമുള്ള കഥാപാത്രം ആണെങ്കിൽ ക്ലൈറ്റംനെസ്ട്ര (ഒടുക്കം) യുദ്ധം കഴിഞ്ഞ് ചോരയൊഴുക്കി തിരിച്ചെത്തുന്ന ഭർത്താവിനെ (അഗമെമ്നൺ) ക്രൂരമായി കൊലപ്പെടുത്തുന്ന പ്രതികാര മൂർത്തിയാണ്. ഒരേ നടി തന്നെ ഭ്രമിപ്പിക്കുന്ന ഭാവത്തിലും പിന്നീട് ഭയപ്പെടുത്തുന്ന പ്രതികാര ഭാവത്തിലും സ്ക്രീനിൽ വരുമ്പോൾ, അത് യുദ്ധം സ്ത്രീകളെ എങ്ങനെ മാറ്റുന്നു എന്നതിന്റെ ശക്തമായ ദൃശ്യാവിഷ്കാരമായി മാറുന്നു. ട്രോയ് നഗരം തകർത്തതിന്റെ കുറ്റബോധവുമായി കടലിലൂടെ അലയുന്ന ഒഡീസിയസിന്, താൻ നശിപ്പിച്ച നാഗരികതയുടെയും താൻ കാരണം അനാഥരാക്കപ്പെട്ട സ്ത്രീകളുടെയും ഓർമ്മപ്പെടുത്തലായി ഈ ‘ഒരേ മുഖം’ ഒരു ഭീതിയായി മാറുന്നു.
ഒഡീസിയിൽ ഹോമർ വെളുത്ത ചർമ്മമുള്ള സുന്ദരിയായി ചെയ്ത ഹെലനെ നോളൻ കറുത്ത ചർമം ഉള്ള സുന്ദരിയായി cast ചെയ്തു എന്നതാണ് ഹോളിവുഡിൽ നടക്കുന്ന നോളനെതിരെയും ലുപിറ്റക്കുമെതിരെയുമുള്ള നിറവെറി. പുരാണത്തിലെ അഭൗമസുന്ദരിയായ ഹെലനെ അവതരിപ്പിക്കാൻ ക്രിസ്റ്റഫർ നോളൻ ലുപിറ്റ ന്യോംഗോയെ തെരഞ്ഞെടുത്തതിനെതിരെ ഇലോൺ മസ്‌ക് ഉൾപ്പെടെയുള്ള ഹോളിവുഡ് നിയന്ത്രിക്കുന്ന പലരും വിമർശനമുന്നയിച്ചിരുന്നു. 12 Years a Slave എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ഓസ്‌കർ പുരസ്‌കാരം ലഭിച്ച നടിക്കുപോലും രക്ഷയില്ല ഈ വംശവെറിയുടെ ലോകത്ത്. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വംശീയ പ്രചാരണങ്ങൾക്കെതിരെ ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ ലുപിറ്റ പ്രതികരിച്ചിരുന്നു. ”ഇതൊരു പുരാണകഥയാണ്. ഞങ്ങളുടെ അഭിനേതാക്കൾ ലോകത്തിന്റെ മൊത്തത്തിലുള്ള പ്രതിനിധികളാണ് എന്നായിരുന്നു” ലുപിറ്റയുടെ മറുപടി. ഒഡീസിയസ് എന്ന കഥാപാത്രത്തിന്റെ അടിസ്ഥാന ഭാവങ്ങൾ തന്നെ ഹോമർ ചെയ്തതിൽ നിന്നും നോളന് മാറ്റിപ്പിടിക്കാം. എങ്കിൽ വെളുത്ത ഹെലനെ കറുത്ത ഹെലൻ ആക്കുന്നതിലാണോ കാര്യം. ട്രോയ് (Troy ) എന്ന സിനിമയിൽ അക്കിലസും മറ്റനവധി പേരും കറുത്തവരാണ്. ഒഡീസി എന്ന മറ്റൊരു സിനിമയിൽ കലിപ്സോ ബ്ലാക്ക് ആണ്.
ബി.സി ഒമ്പതാം നൂറ്റാണ്ടിനുമുമ്പ് നടന്ന കഥയാണ് ട്രോജൻ യുദ്ധം എന്നു കരുതാം. അക്കാലത്ത് ഇന്നത്തെപ്പോലെ കറുത്ത മനുഷ്യരും വെളുത്ത മനുഷ്യരും എന്ന വ്യത്യാസം ഉണ്ടായിരുന്നോ എന്ന് സംശയമാണ്. ഈ വ്യത്യാസം തോന്നിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്രം അന്ന് നിലനിന്നിരുന്നോ? യൂറോപ്പുകാർ ഉണ്ടാക്കിയ വ്യത്യാസങ്ങൾ അല്ലേ ഇത്? പ്രത്യേകിച്ച് കോളനിവൽക്കരണത്തിൻ്റെ കാലത്ത് ഇത് അന്യദേശങ്ങളിലേക്ക് അധിനിവേശം നടത്താൻ അവരെ സഹായിച്ചു. എന്തായാലും കുറെയധികം ധാരണകളിൽ നിന്ന് രൂപപ്പെടുന്ന ഒരു ആധിപത്യ മനസ്ഥിതിയാണ് കറുത്തവരോടുള്ള വെളുത്തവരുടെ അകൽച്ചയും വെറുപ്പും എന്നു കരുതുന്നതാവും ശരി. ഒഡീസി കാവ്യത്തിൽത്തന്നെ പോസിഡോൺ എന്ന ഭൂകമ്പങ്ങളുടെ ദൈവം എത്യോപ്യയിലേക്ക് വിരുന്നു പോകുന്നുണ്ട്. എത്യോപ്യ എന്നത് ആഫ്രിക്കയാണ്. ഹോമർ കടലിനെ വർണിക്കുന്നത് ഇരുണ്ട വീഞ്ഞ് എന്നു പറഞ്ഞാണ്.
അനന്തമായ കടലിൻ്റെ ഭീകരതയും, ഭീകര സത്വങ്ങൾ വാഴുന്ന നിശ്ശബ്തയുടെ ദ്വീപുകളും, കൊടുങ്കാറ്റിൻ്റെ രൗദ്രതയും, ഗ്രീക്ക് മിത്തോളജിയിലെ ദൈവങ്ങളുടെ മായിക ലോകവും, നമ്മുടെ കൺമുന്നിൽ , അതിമനോഹരമായി വരച്ചിടുന്നു നോളൻ. അതുകൊണ്ടാണ് ഒഡീസി ഒരു യുദ്ധ- സാഹസികകഥ മാത്രമല്ല. മനുഷ്യബന്ധങ്ങളുടെ കഥ കൂടിയാകുന്നത്.
വളരെ അപൂർവമായി മാത്രമേ സിനിമകൾ നമ്മളെ വീണ്ടും പുസ്തകങ്ങളിലേക്കും ചരിത്രത്തിലേക്കും തിരികെ നടത്തൂ. ഒഡീസി അങ്ങനെയൊരു സിനിമയാണ്. യുദ്ധം ജയിച്ച നായകന്റെ മാത്രം കഥയല്ല ഇത്. ഒരു കൂട്ടം നായികമാരുടെ കഥകൂടിയാണ്. അതാണ് ഈ മഹാകാവ്യത്തിന്റെ സൗന്ദര്യവും, നോളന്റെ സിനിമയുടെ ശക്തിയും.
