(ഹയർസെക്കൻഡറി മലയാളം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ എം. കുഞാമൻറെ ആത്മകഥാ ഭാഗത്തെ മുൻനിർത്തിയുള്ള കുറിപ്പ്)
പുസ്തകങ്ങളുടെ പുതുമണം എനിക്ക് ഇഷ്ടമാണ് …
ആ പുതുമണം ആസ്വദിച്ചു കൊണ്ടാണ് ഈ വർഷം മാറിവന്ന ഹയർസെക്കൻഡറി മലയാളം പുസ്തകം തുറന്നു വായിക്കാൻ തുടങ്ങിയത് .
വായന ഇരുപത്തിയേഴാം പേജിലേക്കെത്തുമ്പോൾ പുസ്തകത്തിൻറെ പുതുമണം ആകെമാറി … പിന്നെയങ്ങോട് എച്ചിലിന്റെ ദുർഗന്ധം പരക്കുന്നത് ഞാനറിഞ്ഞു.
ക്ലാസിൽ പഠിപ്പിക്കുമ്പോൾ ആ ദുർഗന്ധം എന്റേതുകൂടിയായി മാറുമെന്ന് എനിക്കറിയാം. ദുർഗന്ധവും വഹിച്ചുകൊണ്ട് ഈ പാഠം പഠിപ്പിച്ചു ക്ലാസിൽ നിൽക്കേണ്ടി വരുന്നതിന്റെ ദുരന്തം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്…
വിജയങ്ങളുടെ നിരവധി എഴുത്തുകൾ കുഞ്ഞാമൻ സാറിൻറെ ആത്മകഥയിൽ ഉണ്ട്. പക്ഷേ. അഭിജാതരുടെ ഇഷ്ട വിഭവം തന്നെ ടെസ്റ്റ് ബുക്കിലേക്ക് ഒഴുകിവന്നുചേരുന്നത് നോക്കുക…
“പതിന്നാലു വയസ്സുള്ളപ്പോഴാണ് , വീടിനടുത്തുള്ള ഒരു ജന്മിയുടെ വീട്ടിൽ കഞ്ഞിക്ക് ചെന്നു. മണ്ണിൽ കുഴിച്ച് കഞ്ഞി ഒഴിച്ച് തന്നു .അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനും ചെന്ന് കുടിക്കാൻ പറഞ്ഞു വീട്ടുകാർ. കുഴിയുടെ അടുത്തേക്ക് കുരച്ചെത്തിയ പട്ടി കഞ്ഞി കുടിക്കാനുള്ള ആർത്തിയിൽ എന്നെ കടിച്ചുമാറ്റി.
തിരിഞ്ഞുനോക്കുമ്പോൾ, ഒരു മനുഷ്യനും പട്ടിയും തമ്മിലുള്ള ബന്ധമായിരുന്നില്ല അത്. രണ്ടു പട്ടികൾ തമ്മിലുള്ള ബന്ധമായിരുന്നു.
രണ്ട് പട്ടികൾ കഞ്ഞിക്ക് വേണ്ടി മത്സരിക്കുന്നു.
പട്ടി കടിച്ച മുറിവിൽ നിന്ന് ചോര വന്നപ്പോൾ ദേഷ്യമല്ല തോന്നിയത്. എൻറെ അവസ്ഥയിൽ ഉണ്ടായിരുന്ന മറ്റൊരു ജീവി എന്ന അനുതാപംമാത്രം.
ഞങ്ങളുടെ സമുദായത്തിന്റെ ജോലി ഓലക്കുട ഉണ്ടാക്കലായിരുന്നു. ഉയർന്ന ജാതിക്കാരുടെ വീട്ടിൽ സദ്യയോ അടിയന്തരമോ ഉണ്ടാകുമ്പോൾ വാഴയില മുറിച്ചു കൊടുക്കുന്നത് ഞങ്ങളാണ്. സദ്യ കഴിഞ്ഞ എച്ചിലും ഞങ്ങളാണ് എടുക്കുക. ഞാനൊക്കെ എച്ചിൽ വലിയ ആർത്തിയോടെയാണ് എടുക്കുക. കളയാനല്ല: കഴിക്കാൻ. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ചില സഹപാഠികളുടെ വീട്ടിൽ സദ്യയുണ്ടാകും. അവർ കാൺകേ എച്ചിലിനായി മത്സരിക്കുന്നതും അത് ആർത്തിയോടെ കഴിക്കുന്നതും അപകർഷതാബോധമുണ്ടാക്കിയിരുന്നു
എങ്കിലും എല്ലാ ലജ്ജകളെയും ശമിപ്പിക്കുന്നതായിരുന്നു വിശപ്പിന്റെ കാളൽ. ആത്മാഭിമാനമല്ല. എന്തിനെയും ആ വേവൽ വെണ്ണീറാക്കുമായിരുന്നു ”
ദരിദ്രൻ എന്നല്ല, മൃഗതുല്യമായി ദലിതരെ അടയാളപ്പെടുത്തുകയാണ് ഈ ഭാഗം. കുഞ്ഞാമൻ സാറിന് ഇങ്ങനെ എഴുതാൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ഇത് ടെസ്റ്റ് ബുക്കിൽ ചേർത്താൽ സമൂഹത്തിലേക്ക് എത്തുന്ന കൺസെപ്റ്റുകൾ എന്തായിരിക്കും എന്നത് ആലോചിക്കുക തന്നെ വേണം. ഇതിൻറെ പെടഗോഗി വികസിക്കുന്നത് ദലിത് വിഭാഗത്തെ ചൂണ്ടിക്കൊണ്ടാവും എന്നതിൽ സംശയമില്ല. ഒരു പാഠപുസ്തകം തയ്യാറാക്കുമ്പോൾ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളാതെ പറ്റില്ല എന്ന അവസ്ഥ ഉണ്ടാക്കിയത് കേരളത്തിലെ ദലിത് പരിപ്രേക്ഷ്യവും ചേരുന്ന നവ ജനാധിപത്യ ചർച്ചകൾ തന്നെയാണ്. എന്നാൽ, ദലിതരെ പ്രതിനിധീകരിക്കേണ്ടി വരുമ്പോൾ ഇത്തരം വൾഗറായ ഭാഗങ്ങൾമാത്രം തെരഞ്ഞു കണ്ടുപിടിക്കുന്നത് അത്ര നിഷ്കളങ്കമല്ല. പ്രതിനിധാനഹിംസ എന്ന അഭിജാതയുക്തി തന്നെയാണ് ഇവിടെയും വ്യക്തമാവുന്നത്.
ഡോ.എം കുഞ്ഞാമൻ സാറിൻറെ ബാല്യകാല ജീവിതാനുഭവം ദലിതരിലെ തന്നെ ചെറിയൊരു വിഭാഗത്തിന്റെ കേവലാനുഭവമാണ്. ഈ കേവലാനുഭവം പൊതു അനുഭവമാക്കി കേരളത്തിൽ ഈ ടെസ്റ്റ് ബുക്ക് പ്രചരിപ്പിക്കും എന്നതാണ് ഒന്നാമത്തെ ദുരന്തം. ദലിതരെ പ്രതിനിധീകരിക്കാനാണ് ഈ പാഠം ചേർത്തത് എന്നതിൽ സംശയമില്ല, എന്നാൽ കേരളത്തിലെ തൊണ്ണൂറ്റിയഞ്ച് ശതമനവും മനുഷ്യർ എച്ചിലെടുത്തല്ല ജീവിച്ചത്. മറിച്ച്, എല്ലുമുറിയെ പണിയെടുത്ത് ജീവിച്ചതിന്റെ ചരിത്രമാണ് അവർക്കുള്ളത്. അവർ അന്തസായി പാടത്തും പറമ്പിലും ശരീരമനങ്ങി പണിയെടുത്താണ് ചരിത്രംകുറിച്ചത്. അതാണ് ദലിതരുടെ സാമാന്യ അനുഭവം. കേവലാനുഭവങ്ങൾ തെരഞ്ഞെടുക്കാനായിരുന്നെങ്കിൽ അഭിജാതർ അടക്കമുള്ളവരുടെ സമാർത്തവിചാരം, സംബന്ധം അടക്കമുള്ള കേവലാനുഭവങ്ങൾ നിരവധിയുണ്ട്. അത് എന്തുകൊണ്ട് ടെസ്റ്റ് ബുക്കിൽ വരുന്നില്ല എന്ന് ഇവർ ചിന്തിക്കേണ്ടതുണ്ട്.
ഭാഷാ പഠന പുസ്തകങ്ങളിൽ സാഹിത്യത്തിനാണ് മുഖ്യമായും പ്രാധാന്യം നൽകേണ്ടത്. സാഹിത്യമെഴുത്ത് എന്ന തരത്തിൽ വിജയിച്ചതുമല്ല കുഞ്ഞാമൻ സാറിൻറെ ആത്മകഥ. സാഹിത്യപരമായി വിജയിച്ച കെ.കെ കൊച്ചിന്റെ ആത്മകഥയിൽ നിന്ന് ഒരു ഭാഗം എന്തുകൊണ്ടാവും തെരഞ്ഞെടുക്കപ്പെടാതെ പോയത്? എം കുഞ്ഞാമൻ സാറിൻറെ ദാരിദ്ര്യപ്രഘോഷണം ദലിത് പ്രാതിനിധ്യമായി ചേർത്തതിൽ ദലിത് പരിപ്രേഷ്യം എന്താണെന്ന ധാരണയില്ലായ്മ പ്രകടമാണ്.
കുഞ്ഞാമൻ സാറിൻറെ ജീവിതത്തിന്റെയും അതിവിദൂരതയിലുള്ള കാലത്തെ അടയാളപ്പെടുത്തിക്കൊണ്ട് കുമാരനാശാൻ എഴുതിയ ദുരവസ്ഥ എന്ന കൃതിയിൽ പോലും കുറേക്കൂടി മെച്ചപ്പെട്ട അവസ്ഥയിലാണ് ചാത്തനെ അവതരിപ്പിച്ചിട്ടുള്ളത്. കുമാരനാശാൻ ഉണ്ടായിരുന്ന ശ്രീമൂലം പ്രജാസഭയിൽ തലയുയർത്തി നടന്നിരുന്ന അയ്യൻകാളിയെ കുമാരനാശാൻ കൃതികളിൽ അടയാളപ്പെടുത്തിയിട്ടില്ല. ദലിത് പ്രതിനിധാനമായി ആശാൻ അവതരിപ്പിക്കുന്നത് ചാത്തനെയാണ് അയ്യങ്കാളിയെ അല്ല; അതിൽ നിലനിൽക്കുന്നത് ഒരു ഇരട്ടത്താപ്പാണ്. ഇല്ലായ്മകളിൽ മാത്രം ദലിതരെ അടയാളപ്പെടുത്തുന്നത്, തോറ്റു പോകുന്നവർ മാത്രമായി ഭാവന ചെയ്യുന്നത് തുടർന്നും തോൽപ്പിക്കുക എന്ന ദുഷ്ഭാവനയുടെ പ്രതിഫലനം തന്നെയാണ്.
പാഠഭാഗത്തിന് ചേർത്ത ചിത്രം തന്നെ അവർ ലക്ഷ്യമിടുന്ന മൃഗവൽക്കരണം വ്യക്തമാക്കുന്നുണ്ട്. ദലിതരിൽ നിന്നും ഒരാൾ അധ്യാപകനായി ജോലിക്ക് ചെന്നാൽ ആദ്യദിവസം അയാളെ വംശീയമായി ആക്ഷേപിക്കാൻ ആരൊക്കെയോ ചേർന്ന് ക്ലാസ്സിൽ ഒരു തൂമ്പ കൊണ്ടുവന്നു വച്ച അനുഭവ ലോകം സി. അയ്യപ്പൻറെ ഒരു കഥയിൽ പ്രമേയമാകുന്നുണ്ട്. സമാനമായ ദുരവസ്ഥയല്ലാതെ മറ്റെന്താണ് ഈ പാഠഭാഗം ക്ലാസ് മുറിയിൽ ദലിത് വിദ്യാർഥികൾക്കും ദലിത് അധ്യാപകർക്കും നൽകുന്നത്?
(ഡോ. എ.കെ വാസു ഫെയ്സ്ബുക്കിൽ കുറിച്ചത്)
