August 11 Tuesday 2026

ഹിന്ദ് റജബ് ഫൗണ്ടേഷനും പലസ്തീൻ-ഇസ്രയേൽ സംഘർഷത്തിന്റെ മാറുന്ന ലോകവീക്ഷണവും

സമകാലിക ലോകരാഷ്ട്രീയത്തിലെ ഏറ്റവും സങ്കീർണ്ണവും രക്തരൂക്ഷിതവുമായ അധ്യായങ്ങളിലൊന്നാണ് ഫലസ്തീൻ-ഇസ്രയേൽ സംഘർഷം. പതിറ്റാണ്ടുകളായി തുടരുന്ന ഈ പ്രതിസന്ധിയിൽ, അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്ര സഭയും നോക്കുകുത്തികളാകുന്ന കാഴ്ചയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. നയതന്ത്ര തലത്തിലുള്ള അപലപനങ്ങളും പ്രമേയങ്ങളും ഇസ്രയേലിന്റെ സൈനിക നടപടികൾക്ക് മുന്നിൽ ഫലശൂന്യമാകുമ്പോൾ, ഈ പ്രതിസന്ധിയെ കേവലം ഒരു രാഷ്ട്രീയ പ്രശ്നം എന്നതിലുപരി ഒരു നിയമപരവും മനുഷ്യാവകാശപരവുമായ ബാധ്യതയായി മാറ്റിയെഴുതാനുള്ള ശ്രമങ്ങൾ ആഗോളതലത്തിൽ ശക്തി പ്രാപിക്കുകയാണ്. അത്തരം ശ്രമങ്ങളുടെ ഏറ്റവും പുതിയതും കരുത്തുറ്റതുമായ മുഖമാണ് ഹിന്ദ് റജബ് ഫൗണ്ടേഷൻ
ഒരു പ്രത്യേക ഭൂപ്രദേശത്ത് നടക്കുന്ന യുദ്ധക്കുറ്റങ്ങളെ, ലോകത്തെവിടെയുമുള്ള കോടതികളിൽ വിചാരണ ചെയ്യാമെന്ന ‘സാർവത്രിക അധികാരപരിധി’ അഥവാ Universal Jurisdiction എന്ന അന്താരാഷ്ട്ര നിയമതത്വത്തെ പ്രായോഗികമായി എങ്ങനെ ഉപയോഗിക്കാം എന്ന് തെളിയിക്കുകയാണ് ഈ സംഘടന. ഹിന്ദ് റജബ് ഫൗണ്ടേഷന്റെ രൂപീകരണം, അവർ നടത്തുന്ന നിയമപോരാട്ടങ്ങൾ, ചിലിയിലും ബെൽജിയത്തിലും അടുത്തിടെ അവർ നേടിയ നിയമപരമായ വിജയങ്ങൾ, ഇവയൊക്കെ പലസ്തീൻ പ്രശ്നത്തോടുള്ള ആഗോള വീക്ഷണത്തിൽ വലിയ മാറ്റമാണ് രൂപപ്പെടുത്തിരിക്കുന്നത്.

ഗസ്സയിലെ ഇസ്രയേൽ ആക്രമണത്തിന്റെ ഏറ്റവും ക്രൂരമായ മുഖം ലോകം കണ്ടത് ആറ് വയസ്സുകാരിയായ ഹിന്ദ് റജബ് എന്ന പെൺകുട്ടിയിലൂടെയാണ്. യുദ്ധത്തിൽ തകർന്ന ഗസ്സയിൽ, ഇസ്രയേലിന്റെ ടാങ്കുകൾക്കിടയിൽ കാറിൽ കുടുങ്ങിപ്പോയ ആ കുരുന്ന് മണിക്കൂറുകളോളമാണ് റെഡ് ക്രസന്റ് പ്രവർത്തകരെ ഫോണിൽ വിളിച്ച് തന്നെ രക്ഷിക്കാൻ കേണപേക്ഷിച്ചത്. എന്നാൽ, അവളെ രക്ഷിക്കാൻ പോയ രണ്ട് ആരോഗ്യപ്രവർത്തകരും, അവളുടെ കുടുംബത്തിലെ ആറ് അംഗങ്ങളും, ഒടുവിൽ ആ പെൺകുട്ടിയും ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ലോകമനസ്സാക്ഷിയെ മരവിപ്പിച്ച ഈ സംഭവം കേവലം ഒരു യുദ്ധക്കെടുതിയായി മറക്കാൻ ഒരു കൂട്ടം മനുഷ്യാവകാശ പ്രവർത്തകർ തയ്യാറായിരുന്നില്ല.

ഈ പശ്ചാത്തലത്തിലാണ് ബെൽജിയത്തിലെ ബ്രസൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മാർച്ച് 30 മൂവ്മെന്റ്’ എന്ന സന്നദ്ധ സംഘടനയുടെ നിയമവിഭാഗമായി 2024 സെപ്റ്റംബർ 24-ന് ഹിന്ദ് റജബ് ഫൗണ്ടേഷൻ സ്ഥാപിതമാകുന്നത്. ബെൽജിയൻ-ലെബനീസ് രാഷ്ട്രീയ പ്രവർത്തകനായ ദിയാബ് അബൗ ജഹ്ജ ,കരീം ഹസ്സൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇത് ആരംഭിച്ചത്.
ഇസ്രയേൽ കാലാകാലങ്ങളായി അനുഭവിക്കുന്ന നിയമപരമായ അസ്പൃശ്യത അവസാനിപ്പിക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നാസി യുദ്ധക്കുറ്റവാളികളെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന അതേ മാതൃകയിലാണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്ന് അവർ പ്രഖ്യാപിക്കുന്നു. കേവലം രാഷ്ട്രീയ പ്രസ്താവനകൾക്ക് അപ്പുറം, കൃത്യമായ തെളിവുകളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തിലുള്ള ‘ഓഫൻസീവ് ലിറ്റിഗേഷൻ’ (ആക്രമണാത്മക വ്യവഹാരം) ആണ് അവരുടെ രീതി.

പരമ്പരാഗത മനുഷ്യാവകാശ സംഘടനകളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ഹിന്ദ് റജബ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. യു.എൻ കൗൺസിലുകളിലെ പ്രസംഗങ്ങൾക്കപ്പുറം, കുറ്റവാളികളെ വ്യക്തിപരമായി ലക്ഷ്യം വെച്ചുള്ള നിയമനടപടികളാണ് അവർ സ്വീകരിക്കുന്നത്.

ഗസ്സയിൽ സൈനിക സേവനം അനുഷ്ഠിച്ച ഇസ്രയേൽ സൈനികർ, അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ, ഫോട്ടോകൾ, തകർത്ത കെട്ടിടങ്ങളുടെ വിവരങ്ങൾ എന്നിവ ശേഖരിച്ച് കൃത്യമായ ഡാറ്റാബേസ് ഉണ്ടാക്കുന്നു. 2025 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 1000-ത്തോളം ഇസ്രയേൽ സൈനികരുടെ പേരുകളും തെളിവുകളും ഇവർ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് (കൈമാറിയിട്ടുണ്ട്. അമേരിക്ക, ഫ്രാൻസ്, ബെൽജിയം, പോളണ്ട് തുടങ്ങി നിരവധി യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർ ഇസ്രയേൽ സൈന്യത്തിൽ ഇരട്ട പൗരത്വത്തിന്റെ ആനുകൂല്യത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഈ രാജ്യങ്ങളുടെ ആഭ്യന്തര നിയമങ്ങൾ ഉപയോഗിച്ച് ഇവർക്കെതിരെ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യുക എന്നതാണ് HRF-ന്റെ ഒരു പ്രധാന തന്ത്രം.

ഇസ്രയേൽ രാഷ്ട്രീയ നേതാക്കളോ സൈനിക കമാൻഡർമാരോ വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ, അവരുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രാദേശിക കോടതികളിൽ കേസ് നൽകുന്നു. ഉദാഹരണത്തിന്, ഫിഫ ലോകകപ്പിനായി അമേരിക്കയിലെത്തിയ ജേക്ക് ബർക്കൺസ് എന്ന ഇസ്രയേലി-അമേരിക്കനെതിരെ നടപടിയെടുക്കാൻ യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനോട് അവർ ആവശ്യപ്പെട്ടു.
ഹിന്ദ് റജബ് ഫൗണ്ടേഷന്റെ സമീപകാലത്തെ (2026 ജൂൺ) ഏറ്റവും വലിയ നിയമപരമായ കാൽവെപ്പ് ചിലിയിൽ നിന്നാണ് ഉണ്ടായത്. ഗസ്സയിലെ അൽ-ഷിഫ ആശുപത്രിയുമായി ബന്ധപ്പെട്ട യുദ്ധക്കുറ്റങ്ങളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇസ്രയേലി-ഉക്രേനിയൻ പൗരനായ റോം കോവ്തൂൻ എന്നയാൾക്കെതിരെ HRF നൽകിയ പരാതി ചിലിയിലെ കോടതി സ്വീകരിച്ചു.

സാധാരണ ഗതിയിൽ ഒരു കുറ്റകൃത്യം നടന്ന രാജ്യത്തോ, അല്ലെങ്കിൽ പ്രതിയുടെ രാജ്യത്തോ മാത്രമേ വിചാരണ സാധ്യമാകൂ. എന്നാൽ സാർവത്രിക അധികാരപരിധി എന്ന തത്വപ്രകാരം, വംശഹത്യ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, ഗുരുതരമായ യുദ്ധക്കുറ്റങ്ങൾ എന്നിവ മനുഷ്യരാശിക്ക് ആകമാനമുള്ള ഭീഷണിയായതിനാൽ ലോകത്തെ ഏത് രാജ്യത്തെ കോടതിക്കും ഇതിൽ ഇടപെടാം.
ഈ കേസിൽ ചിലിയിലെ സാന്റിയാഗോ കോടതി തങ്ങൾക്ക് സാർവത്രിക അധികാരപരിധി ഉണ്ടെന്ന് സമ്മതിച്ചത് ഒരു വലിയ വഴിത്തിരിവാണ്. കുറ്റകൃത്യം നടന്നത് ഗസ്സയിലാണെങ്കിലും ചിലിയിലെ നിയമസംവിധാനത്തിന് അതിൽ കേസെടുക്കാം എന്ന് കോടതി വ്യക്തമാക്കുന്നു.

ഈ വിധി അർത്ഥമാക്കുന്നത്, ഗസ്സയിൽ യുദ്ധക്കുറ്റങ്ങൾ നടത്തിയ ഒരു ഇസ്രയേൽ സൈനികനും നാളെ ലോകത്തിന്റെ മറ്റൊരു ഭാഗത്തേക്ക് സ്വതന്ത്രമായി യാത്ര ചെയ്യാൻ കഴിയില്ല എന്നാണ്. അവർ എവിടെ ഇറങ്ങിയാലും അവിടെ അവരെ കാത്ത് അറസ്റ്റ് വാറണ്ടുകൾ ഉണ്ടാകാം. ദിയാബ് അബൗ ജഹ്ജ പറഞ്ഞതുപോലെ “കുറ്റവാളികളുടെ പ്രതിരോധ മതിൽ പൊളിയാൻ തുടങ്ങിയിരിക്കുന്നു.”

HRF-ന്റെ മറ്റൊരു പ്രധാനപ്പെട്ട ഇടപെടലാണ് 2026 ജൂണിൽ ബെൽജിയത്തിൽ ഫയൽ ചെയ്ത ക്രിമിനൽ കേസ്. ഗസ്സയിൽ ഇസ്രയേലിന്റെ 202-ആം പാരാട്രൂപ്പർ ബറ്റാലിയനിലെ ‘ഗോസ്റ്റ് യൂണിറ്റിൽ’ സ്നൈപ്പറായി പ്രവർത്തിച്ചിരുന്ന അലോൺ ബെൻ സിറ എന്ന ബെൽജിയൻ-ഇസ്രയേലി പൗരനെതിരെയാണ് അവർ കേസ് നൽകിയത്.
നാനൂറിലധികം ബെൽജിയൻ പൗരന്മാർ ഇസ്രയേൽ സൈന്യത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഗസ്സയിലെ മനുഷ്യക്കുരുതിയിൽ നേരിട്ട് പങ്കെടുത്ത ഈ സ്നൈപ്പർക്കെതിരെ രണ്ട് ഫലസ്തീൻ ദൃക്‌സാക്ഷികളുടെ കൃത്യമായ മൊഴികളുടെ അടിസ്ഥാനത്തിലാണ് HRF കേസ് ഫയൽ ചെയ്തത്.

ഇത് വെറുമൊരു കേസ് മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെതിരെയുള്ള ശക്തമായ വെല്ലുവിളിയാണ്. മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന ബെൽജിയം പോലൊരു രാജ്യത്തിന് തങ്ങളുടെ തന്നെ ഒരു പൗരൻ മറ്റൊരു രാജ്യത്ത് പോയി വംശഹത്യയിൽ പങ്കാളിയാകുമ്പോൾ സ്വന്തം നിയമം അനുസരിച്ച് കേസെടുക്കാൻ നിർബന്ധിതരാകുന്ന അവസ്ഥയാണിത് സൃഷ്ടിക്കുന്നത്. ചിലിയിലും ബെൽജിയത്തിലും മാത്രമല്ല, ലോകമെമ്പാടും ഈ നിയമയുദ്ധം വ്യാപിച്ചിട്ടുണ്ട്:
ഗസ്സയിൽ കൊള്ളയും മനുഷ്യകവചവും ഉപയോഗിച്ച ഗിവതി ബ്രിഗേഡിലെ ഒരു കമാൻഡർക്കെതിരെ അർജന്റീനയിൽ കേസ് കൊടുത്തു. ഇതിനുമുമ്പ് ബ്രസീലിലും സമാനമായ കേസ് വന്നപ്പോൾ ഇയാൾക്ക് അവിടെ നിന്നും ഒളിച്ചോടേണ്ടി വന്നു.
ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടഞ്ഞ ഉന്നത ഇസ്രയേൽ ഉദ്യോഗസ്ഥർക്കെതിരെ പോളിഷ്-ഫലസ്തീൻ ഇരകളുടെ കൂടെ ചേർന്ന് HRF കേസ് നൽകി.

ഇസ്രയേൽ റിസർവ് സൈനികനായ ഏയ്താൻ ഗിൽബോവ (Eitan Gilboa) ഇന്ത്യയിലെത്തിയപ്പോൾ, ഗസ്സയിലെ വീടുകൾ തകർത്തതിലെ പങ്കിന്റെ പേരിൽ അയാളെ അറസ്റ്റ് ചെയ്യാൻ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.
ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ സന്ദർശനം തടയാനും അവിടെവെച്ച് ക്രിമിനൽ അന്വേഷണം നേരിടാനും ആവശ്യപ്പെട്ട് അവർ നിലപാട് കടുപ്പിച്ചു. ഹിന്ദ് റജബ് ഫൗണ്ടേഷൻ നടത്തുന്ന ഈ നിയമപോരാട്ടങ്ങൾ കേവലം ഒറ്റപ്പെട്ട സംഭവങ്ങളല്ല. പലസ്തീൻ പ്രശ്നത്തോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ, പ്രത്യേകിച്ച് ‘ഗ്ലോബൽ സൗത്ത്’ (Global South) രാജ്യങ്ങളുടെ സമീപനത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയൊരു വ്യതിയാനത്തിന്റെ പ്രതിഫലനമാണിത്. പതിറ്റാണ്ടുകളായി ഇസ്രയേൽ-പലസ്തീൻ വിഷയം പാശ്ചാത്യ രാജ്യങ്ങളുടെ (പ്രധാനമായും യു.എസിന്റെ) നിയന്ത്രണത്തിലായിരുന്നു. ഇസ്രയേലിന്റെ ‘സ്വയം പ്രതിരോധം’ എന്ന വാദത്തിനായിരുന്നു പാശ്ചാത്യ മാധ്യമങ്ങളും ഭരണകൂടങ്ങളും മുൻതൂക്കം നൽകിയിരുന്നത്. എന്നാൽ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ICJ) ഇസ്രയേലിനെതിരെ വംശഹത്യാ കേസ് നൽകിയതോടെ ആ പാശ്ചാത്യ ആഖ്യാനത്തിന് വലിയ വിള്ളലേറ്റു. ഹിന്ദ് റജബ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ഈ വിള്ളലിനെ കൂടുതൽ വലുതാക്കുകയാണ് ചെയ്യുന്നത്.

യു.എൻ സുരക്ഷാ സമിതിയിൽ അമേരിക്കയുടെ വീറ്റോ പവറിന് മുന്നിൽ പലസ്തീൻ അനുകൂല പ്രമേയങ്ങൾ പരാജയപ്പെടുന്നത് നാം സ്ഥിരമായി കാണുന്നതാണ്. എന്നാൽ ഭരണഘടനാപരമായി സ്വതന്ത്രമായ രാജ്യങ്ങളിലെ ആഭ്യന്തര കോടതികളിൽ കേസ് വരുമ്പോൾ അതിൽ ഇടപെടാൻ അമേരിക്കയ്ക്ക് കഴിയില്ല. ചിലിയിലെ കോടതിയോ, ബെൽജിയത്തിലെ നീതിന്യായ വ്യവസ്ഥയോ സാർവത്രിക അധികാരപരിധി ഉപയോഗിച്ച് സ്വയം കേസെടുക്കുമ്പോൾ അവിടെ വൻശക്തികളുടെ വീറ്റോ പവറുകൾ അപ്രസക്തമാകുന്നു. അന്താരാഷ്ട്ര നിയമങ്ങളെ ജനകീയവൽക്കരിക്കുകയും വികേന്ദ്രീകരിക്കുകയും ചെയ്യുകയാണ് HRF ചെയ്യുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ ഇരട്ട പൗരത്വമുള്ള ജൂതന്മാർക്ക് ഇസ്രയേൽ സൈന്യത്തിൽ സേവനം അനുഷ്ഠിക്കുക എന്നത് ഒരു അഭിമാനകരമായ കാര്യമായാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ HRF-ന്റെ ഇടപെടലുകളോടെ ഇത് വ്യക്തിപരമായി വലിയ നിയമപ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഒന്നായി മാറി. അലോൺ ബെൻ സിറയെപ്പോലുള്ളവർക്കെതിരെ സ്വന്തം രാജ്യത്ത് (ബെൽജിയം) ക്രിമിനൽ കേസ് വരുന്നതോടെ, സൈനിക സേവനത്തിനായി ഇസ്രയേലിലേക്ക് പോകുന്ന വിദേശ പൗരന്മാരുടെ എണ്ണത്തിൽ ഭാവിയിൽ വലിയ ഇടിവുണ്ടാകാൻ ഇത് കാരണമാകും. വ്യക്തിപരമായ അക്കൗണ്ടബിലിറ്റി ഉറപ്പാക്കുന്നത് വംശഹത്യയുടെ ഘടനാപരമായ അടിത്തറയെത്തന്നെയാണ് ലക്ഷ്യം വെക്കുന്നത്.

സാമ്രാജ്യത്വ പിന്തുണയുള്ള ഒരു അധിനിവേശ ശക്തിക്കെതിരെ ആയുധം കൊണ്ടുള്ള പോരാട്ടം പലപ്പോഴും അസമമാണ്. എന്നാൽ ഡാറ്റ, ഡിജിറ്റൽ തെളിവുകൾ, ഓപ്പൺ സോഴ്സ് ഇന്റലിജൻസ്, ലോകമെമ്പാടുമുള്ള മനുഷ്യാവകാശ അഭിഭാഷകരുടെ ശൃംഖല എന്നിവ ഉപയോഗിച്ച് നടത്തുന്ന നിയമയുദ്ധം ഇസ്രയേലിനെ സംബന്ധിച്ച് തീർത്തും പുതിയൊരു വെല്ലുവിളിയാണ്. വെടിയുണ്ടകളെക്കാൾ അവർ ഇപ്പോൾ ഭയക്കുന്നത് തങ്ങളുടെ സൈനികർക്കെതിരെ പല രാജ്യങ്ങളിലായി ഉയരുന്ന അറസ്റ്റ് വാറണ്ടുകളെയാണ്.
ഹിന്ദ് റജബ് ഫൗണ്ടേഷന്റെ ഉദയവും അവരുടെ നിയമപോരാട്ടങ്ങളും കാണിക്കുന്നത് ലോകത്തിന് പലസ്തീൻ പ്രശ്നത്തിലുള്ള വീക്ഷണം ‘സഹതാപത്തിൽ’ നിന്നും ‘നീതി നിർവ്വഹണത്തിലേക്ക്’ മാറിയിരിക്കുന്നു എന്നാണ്. ആറു വയസ്സുകാരി ഹിന്ദ് റജബിന്റെ മരണം ലോകത്തിന് നൽകിയത് അടങ്ങാത്ത വേദനയാണെങ്കിൽ, അവളുടെ പേരിലുള്ള ഫൗണ്ടേഷൻ ലോകത്തിന് നൽകുന്നത് വംശഹത്യകൾക്കെതിരെ നിയമം കൊണ്ട് എങ്ങനെ പോരാടാം എന്നതിന്റെ കൃത്യമായ മാതൃകയാണ്.

ഭരണഘടനാപരമായ ജനാധിപത്യവും നീതിന്യായ വ്യവസ്ഥകളും നിലനിൽക്കുന്നിടത്തോളം കാലം, കേവലം സൈനിക ശക്തികൊണ്ടോ വൻശക്തികളുടെ പിന്തുണകൊണ്ടോ മാത്രം ലോകത്തിന് മുന്നിൽ ഒരു ഭരണകൂടത്തിനും ഇനിമുതൽ തങ്ങളുടെ കുറ്റകൃത്യങ്ങളെ ഒളിച്ചുവെക്കാനോ നീതിപീഠങ്ങളിൽ നിന്ന് രക്ഷപ്പെടാനോ കഴിയില്ല എന്ന ശക്തമായ രാഷ്ട്രീയ സന്ദേശമാണ് ഈ നിയമ മുന്നേറ്റങ്ങൾ നൽകുന്നത്. ദക്ഷിണാഫ്രിക്കയുടെ ICJ കേസും ഹിന്ദ് റജബ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളും കൂടിച്ചേരുമ്പോൾ ആഗോള നീതിന്യായ ചരിത്രത്തിൽ ഇത് പലസ്തീന്റെ നിർണ്ണായകമായ ഒരു അധ്യായമായി മാറുകയാണ്.

Related