August 11 Tuesday 2026

മോദി ഭരണകൂടം ഉർത്തിക്കെട്ടിയ ഭയത്തിന്‍റെ കൂറ്റൻ മതിലാണ് കൂറക്കുട്ടികൾ ഇടിച്ചു തകർത്തത്

azad
കൂറകളുടെ (പാറ്റകളുടെ) പ്രക്ഷോഭം നവീകരിക്കപ്പെടുന്ന ഇടതുരാഷ്ട്രീയത്തിന്റെ തിരനോട്ടമാണ്. പ്രസ്ഥാനങ്ങളുടെ ശീലവഴക്കങ്ങളിൽ വ്യവസ്ഥപ്പെട്ടുപോയ സമരവീറിനും അനുഷ്ഠാന ചര്യകൾക്കും പുതുജീവൻ ലഭിക്കുകയാണ്. പ്രതിഷേധങ്ങളും പോരാട്ടങ്ങളും ആരംഭിക്കുന്നത് ഏതെങ്കിലും പാർട്ടിയാപ്പീസിലെ കൂടിയിരിപ്പുമുറിയിൽ അല്ലെന്നും അത് ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ ഉള്ളിലും സമാനമനസ്സുകൊണ്ട് ഐക്യപ്പെടാൻ സന്നദ്ധരാവുന്നവരുടെ സമർപ്പണത്തിലും ആണെന്നും വീണ്ടും തെളിയുകയാണ്.

പൊട്ടിത്തെറിക്കാൻ വെമ്പിനിൽക്കുന്ന നീതിബോധത്തെ ത്രസിപ്പിക്കുകയും തെരുവിലേക്ക് തുറന്നു വിടുകയും ചെയ്യാൻ ഉള്ളുണർന്നവരുടെ ഹൃദയമന്ത്രണം മാത്രം മതി. അത് പുതിയ സൂക്ഷ്മ മാധ്യമവ്യവഹാരങ്ങളിൽ തീപോലെ പടർന്നുകയറുന്നു. കോക്രോച്ച് എന്ന താക്കോൽപദം കിട്ടുന്നതോടെ പുറത്തേക്കുള്ള വാതിലുകൾ തുറന്നു തുടങ്ങുന്നത് നാം കണ്ടു.

ദേശീയ പതാകയേന്തി, ദേശീയഗാനം ചൊല്ലി, ഭരണഘടനയും അംബേദ്കറിന്റെ ഛായാപടവും ഉയർത്തിപ്പിടിച്ച്, ഇങ്ക്വിലാബ് സിന്ദാബാദ് മുഴക്കി ജനാധിപത്യ രാഷ്ട്രീയം അതിന്റെ അന്തസ്സോടെ തെരുവുകളിലിറങ്ങി. സങ്കുചിതവും മത/ സാമുദായിക/ വംശീയ/ ജാതി ശാഠ്യത്തിൽ അധിഷ്ഠിതവുമായ കപടമായ ദേശീയചിന്തയെ അത് വെല്ലുവിളിച്ചു. പുതുതലമുറയെ ധൈഷണികവും സർഗപരവുമായ വന്ധ്യതയിലേക്ക് നയിക്കുംവിധമുള്ള വിദ്യാഭ്യാസനയം അടിച്ചേൽപ്പിക്കുന്നതിനും അതിനുതകുംവിധം പരീക്ഷകളെ അട്ടിമറിക്കുന്നതിനും നടന്ന കുത്സിതവൃത്തികൾ ഒടുവിൽ ചോദ്യം ചെയ്യപ്പെട്ടു. രാജ്യത്തെ പ്രതിപക്ഷ കക്ഷികളും അവരുടെ വിദ്യാർത്ഥി യുവജന സംഘടനകളും സ്തംഭിച്ചുനിന്ന ഘട്ടത്തിലാണ് അനേകധാരകളായി ഒരു സാമൂഹിക ഇടതുപക്ഷ രാഷ്ട്രീയ വീറ് ചാലിട്ടൊഴുകിയത്. ദില്ലിയിലും പരിസരത്തുമുള്ള ഇടതു വിദ്യാർത്ഥി സംഘടനകൾ പതിവില്ലാതെ ഞങ്ങൾമാത്ര ശാഠ്യം ഉപേക്ഷിച്ച് ആ സമരത്തോട് ഐക്യപ്പെട്ടത് രാജ്യത്തിന്റെ ഭാവി സംബന്ധിച്ച് പ്രത്യാശ നൽകുന്ന ഒരു തുടക്കമായി കാണണം.

വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കട്ടെയെന്ന് മോദി അമിത്ഷാ പ്രഭൃതികൾ തീരുമാനിച്ചുവെങ്കിൽ അത് നിരുപാധികമായ ഒരു പിന്മാറ്റമാവില്ലെന്ന് അവരുടെ മുൻകാല ചെയ്തികൾ കണ്ടവർക്കെല്ലാം തോന്നിക്കാണും. അതാണ് വാസ്തവമെന്ന് ആസാമിലെയും ബീഹാറിലെയും ബംഗാളിലെയും ബി ജെ പി സർക്കാറുകൾ സ്വീകരിച്ചുപോരുന്ന പ്രതികാര നടപടികൾ കണ്ടാലറിയാം. വാക്കു നൽകുന്നത് അതിന്റെ ഉറപ്പു പാലിക്കാനല്ല എന്ന ഹീനമായ നിലപാട് മറ്റാരും ഇങ്ങനെ പുലർത്തിക്കണ്ടിട്ടില്ല.

നരേന്ദ്രമോദി സർക്കാർ ഒരു വ്യാഴവട്ടമായി ഉയർത്തിക്കെട്ടിയ ഭയത്തിന്റെ കൂറ്റൻ മതിലാണ് കൂറക്കുട്ടികൾ ഇടിച്ചു തകർത്തിട്ടിരിക്കുന്നത്. ഉത്തരേന്ത്യൻ കർഷകരും പൗരത്വപ്രക്ഷോഭകാരികളും ഇടിച്ചു വിള്ളൽ വീഴ്ത്തിയിരുന്നേയുള്ളു. ഇപ്പോൾ അത് തവിടുപൊടിയായി. ദില്ലിയിലെ ഭരണാധികാരികളുടെ ഭയവും ഉത്ക്കണ്ഠയും ഏത് ഇന്ത്യൻ പൗരനും ഇപ്പോൾ തെളിഞ്ഞു കാണാം. അവരുടെ ഭയമാണ് വേണ്ട ആലോചനയില്ലാതെ പ്രതികാരകേസുകൾ എന്ന അലോസരം സൃഷ്ടിക്കുന്നത്. ഇന്ത്യൻ യുവത്വത്തെ വീണ്ടും ജ്വലിപ്പിക്കാനേ ഈ ദുർവൃത്തി ഉതകുകയുള്ളു.
രാജ്യത്തെ പ്രതിപക്ഷം പാർലമെന്‍റ് സഭകളിലെ പ്രതിപക്ഷ ബഞ്ചുകളിലല്ല ഇരിക്കുന്നത്. ഭരണകൂടം ഇരകളാക്കി പുറംതള്ളുന്ന അനേകകോടി മനുഷ്യരുടെ പിടച്ചിലുകളിലാണ്. അവയ്ക്ക് ഉണരാനും ഒത്തുചേരാനും നീതിബോധത്തിലും മൂല്യബോധത്തിലും ഉറച്ചുനിന്ന് പൊരുതാനും ശേഷിവന്നിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ഈ രാഷ്ട്രീയ ഉണർവ്വാണ് പുതിയ ഇടതുപക്ഷ രാഷ്ട്രീയം എന്ന് ഞാൻ കരുതുന്നു. സാമൂഹിക ഇടതുപക്ഷ ശക്തിയുടെ ഈ വെളിപ്പെടൽ ഭാവിരാഷ്ട്രീയത്തിന്റെ ദിശ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യൻ രാഷ്ട്രീയ ജീവിതം മാറിമറിയുകയാണ്.

Related