സോളിഡാരിറ്റി തയ്യാറാക്കിയ സകരിയയെക്കുറിച്ച ‘വിധികാത്ത് നില്ക്കുന്നവര്’ ഡോക്യുമെൻ്ററി കണ്ടു. വല്ലാത്തൊരു കുറ്റബോധം വേട്ടയാടിത്തുടങ്ങി. വേദനകളെ മറക്കാൻ വൈവിധ്യങ്ങൾ തേടിയലഞ്ഞ ആയുഷ്കാലത്തിൽ, വ്യർഥ സുഖങ്ങളിൽ വീണുടഞ്ഞു പോയ ഞാനെന്ത് എന്ന ആ ത്മനിന്ദപ്പെട്ട് ബിയ്യുമ്മയുടെ ഉമ്മക്കരച്ചിലിൽ മുങ്ങിയില്ലാതാകുന്ന പോലെ. സകരിയ എന്നത് ഒരു സമുദായത്തിൻ്റെ മനോവേദനയായി അവശേഷിപ്പിക്കാമെന്ന വംശീയ ഭരണകൂടത്തിൻ്റെ തീർപ്പിനുമുന്നിൽ ഇല്ലാതായ നവയൗവനം, ഉയർത്തുന്ന ചോദ്യങ്ങളെ തൊടുത്തു വിട്ട് യുവാക്കളെ സമരസജജരാക്കാൻ ഈ ഡോക്യുമെൻ്ററിക്കാകും.
ഡോക്യുമെൻററിക്ക് വേണ്ടിയുള്ള ഡോക്യുമെൻററി അല്ല ഇത്. ഉള്ളുലക്കുന്ന നീതി നിഷേധത്തിന്റെ വർത്തമാനങ്ങളെ സിസ്റ്റത്തിന്റെ സിംപതയില്ലായ്മകളെ ..മനുഷ്യാവസ്ഥകളെ കീഴ്മേൽ മറിച്ചിടുന്ന സംവിധാനങ്ങളെ മരവിപ്പുകളെ..അതിനെ അഭിമുഖീകരിക്കാനും ഭേദിക്കാനും ഉള്ള സങ്കീർണമായ നിയമ പോരാട്ടങ്ങളുടെ പച്ച യാഥാർത്ഥ്യങ്ങളെ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുന്ന സമര പരിണാമമാണിത്. വാക്കുകൾ സംസാരിക്കുന്നിടത്തുനിന്ന് ഇടപെടലുകൾ ജീവിക്കുകയാണ്. മാതൃവേദനകളും ഒറ്റപ്പെടലുകളും നിരപരാധിയുടെ കൗമാര നിഷ്കളങ്കതകളും പോരാളിയുടെ ഏറ്റെടുക്കലുകളും ഒരു ജനതയുടെ ഒറ്റ വേദനയായി മാറുന്ന സമര ജീവിതമാണിത്. മോചനം കാത്ത് നോമ്പ് നോറ്റിരിക്കുന്നവർക്ക് മുന്നിലെ ബാങ്കൊലി പ്രതീക്ഷ പോലെ. സക്കരിയ എന്ന പതിവു പല്ലവിയെ, സ്വാഭാവികതക്കും മറവിക്കും വിട്ടുകൊടുക്കാതെ സമരനോവിന്റെ കനലു വിതറി ഏറ്റെടുക്കണമെന്ന വൈകാരിക വിളിയാണിത്.
നീറ്റ് പരീക്ഷയുടെ ക്രമക്കേടുകളിൽ നിരവധി കൗമാര സ്വപ്നങ്ങളും ജീവനുകളും പൊലിഞ്ഞപ്പോൾ പിടഞ്ഞെഴുന്നേറ്റ ഇന്ത്യൻ യുവത്വം വിദ്വേഷത്തെയും വിഭാഗീയതയെയും ചോദ്യം ചെയ്ത ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റമായി അധികാര കേന്ദ്രത്തെ വിറപ്പിച്ചത് നാം കണ്ടു. പൗരത്വ പ്രക്ഷോഭകാലത്തെ തീപ്പൊരികളെ കണ്ടു. പൊളിച്ചടുക്കുന്ന ഷാഹീൻ ബാഗുകളും തല്ലിക്കൊല്ലുന്ന കൂറകളുമായി ‘ക്ഷണപ്രഭാ ചഞ്ചല’പ്പെടുന്ന സമര നിശ്ചലതകളിൽ ആശ്വാസം കണ്ടെത്തുന്ന ഭരണകൂടത്തിന് വെല്ലുവിളി ഉയർത്താനാകുന്ന മുന്നേറ്റങ്ങളുടെ പേറ്റുനോവുകളായി വേവുന്ന, ബിയ്യുമ്മമാരും സകരിയമാരും കാലം കാത്തിരിക്കുന്ന പോരാട്ട യൗവനങ്ങളെ ഉത്തേജിപ്പിക്കുക തന്നെ ചെയ്യും.
കരിനിയമങ്ങൾ ചുട്ടെടുത്ത് യുവത്വങ്ങളെ ജയിലറകളിൽ തള്ളുന്ന വംശഹത്യാ ടൂൾ. ഇസ്രയേൽ ഭീകരതയെ ഓർമിപ്പിക്കുന്ന തടവറവേട്ട തുടരുമ്പോൾ മൗനം കൊണ്ട് മറവിക്ക് വിടുന്ന അപരാധത്തിന് മനുഷ്യത്വം അവശേഷിക്കുന്ന ആരും തന്നെ കൂട്ടുനിൽക്കരുത് എന്ന് ഓർമ്മപ്പെടുത്തലാണ് ഈ ഡോക്യുമെൻ്ററി. ബാംഗ്ലൂർ സ്ഫോടനക്കേസിൽ ആറുമാസത്തിനകം തീർപ്പുണ്ടാകണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും കേസ് അന്വേഷിക്കുന്ന പ്രത്യേക കോടതി മറ്റൊരു പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റി വിചാരണയെ അനന്തതയിലേക്ക് തള്ളുന്നു
നിയമത്തെ ഉപയോഗിച്ച് നീതിയെ നിരന്തരമായി തടങ്കലിലിടുന്നത് ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ നീതിന്യായ സംവിധാനം തന്നെയന്നെ വൈപരീത്യം. മുസ്ലിംകൾക്കെതിരിലെ വംശീയ വിവേചനം കൊടുമ്പിരികൊള്ളുന്നത് അവരെ തല്ലിക്കൊന്നും മാറ്റിനിർത്തിയും ഇസ്ലാമോഫോബിയ പടർത്തിയും അവസരങ്ങൾ നിഷേധിച്ചു കൊണ്ടും മറ്റുമാണ്. ജീവിക്കാനുള്ള മൗലികമായ അവകാശവും സ്വാതന്ത്ര്യവും അഭിമാനകരമായ അവസരങ്ങളും നിഷേധിക്കപ്പെട്ട ജയിലഴിക്കുള്ളിലെ നിരപരാധികൾക്കായി ശബ്ദിക്കേണ്ട ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത സോളിഡാരിറ്റിയുടെ പൊളിറ്റിക്കൽ പ്രസൻസിന് ബിഗ് സല്യൂട്ട്.
നിയമപോരാട്ടങ്ങളുടെ മുനയൊടിക്കുന്ന അധികാരത്തോട് മല്ലടിക്കാൻ സ്വാതന്ത്ര്യത്തിൻ്റെയും നീതിയുടെയും നിരന്തര സമരങ്ങൾ മാത്രം പരിഹാരമാകുമ്പോൾ വിദ്വേഷത്തെയും വെറുപ്പിനെയും മുൻനിറുത്തിയുള്ള വിവേചന രാഷ്ട്രീയത്തോട് നോ പറയുന്ന തലമുറ പ്രതീക്ഷയായുണ്ട്. പരീക്ഷാ സ്വപ്നങ്ങളുടെ കഴുത്തറുക്കുന്നവർക്കെതിരിലെ പോരാട്ടം ഒരു പ്രത്യേക വിഭാഗത്തിൽ ജനിച്ചു എന്നതുകൊണ്ടു മാത്രം സ്വാതന്ത്ര്യ സ്വപ്നങ്ങളുടെ ആകാശത്തെ ഇല്ലാതാക്കുന്നതിനെതിരിലും ഉയർന്നുവരും. ഉമ്മയും മകനും ഒന്നാകാനുള്ള കാത്തിരിപ്പറുതികളെ സാദിഖ് ഉളിയിൽ എന്ന മനുഷ്യൻ ആവാഹിക്കുന്നതും സകരിയയെയും ബിയ്യുമ്മയെയും പോലെ പ്രതീകമാണ്. മുസ്ലിം വിഭാഗത്തിൻ്റെ മാത്രമല്ല നീതിയെയും മനുഷ്യാവകാശത്തെയും കുറിച്ച ആകുലതയുടെ പൊതുപ്രതിനിധാനമാണത്. നീതിതേടിയുള്ള നിരന്തര സമരത്തിലൂടെ വേദനകളെ ആഴത്തിൽ അറിയുന്നതിനെ ഒപ്പിയെടുത്തത് ക്യാമറക്കണ്ണുകൾ മാത്രമല്ല, അത്രമേൽ സ്വാഭിവകമായും സമരപ്പെടേണ്ടതിനെ മനസാക്ഷിയുള്ള മനുഷ്യരൊന്നടങ്കം ഒപ്പിയെടുക്കും.
സാദിഖ്..താങ്കളുടെ ജീവിത ദൗത്യം പകർത്തപ്പെട്ടു കഴിഞ്ഞു. ലക്ഷ്യം പിഴച്ച ഫാഷിസ്റ്റ് അധികാരികൾ കാലയവനികയിൽ തൂത്തെറിയപ്പെടും. സ്വാതന്ത്ര്യത്തെ അനന്തരമെടുത്ത പുതിയ കിനാവുകൾ അറ്റമില്ലാത്ത ആകാശങ്ങളിൽ സകരിയമാർക്കും ബിയ്യുമ്മമാർക്കും വേണ്ടി എന്നെന്നും ഒറ്റക്കെട്ടാകും.
