ധാരാളം നയപരമായ പാളിച്ചകൾ ഈ സർക്കാരിനുണ്ടാകാം. യുഡിഎഫിന്റെ സ്വാഭാവികമായ വീഴ്ചകളും മൂലധന താൽപര്യങ്ങളോടുള്ള ഒത്തുതീർപ്പുകളും ഉണ്ടാകാം. പക്ഷേ, അതിനിടയിലും ഈ സർക്കാർ പൊതുവെ ജനപ്രിയമായിരിക്കാൻ ശ്രമിക്കുമെന്നാണ് ഞാൻ കരുതുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കാനും പൊതുബോധം പരിഗണിക്കാനും തെറ്റുകൾ വന്നാൽ തിരുത്താനും ഈ സർക്കാർ നിർബന്ധിതമാകും. അതിന് രാഷ്ട്രീയത്തിലെ ഒരു പ്രത്യേക സാഹചര്യമാണ് കാരണം. വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയെങ്കിലും മുഖ്യമന്ത്രി ഏതാണ്ട് ഒറ്റയ്ക്കാണ്. പാർട്ടിയിലും നിയമസഭാ കക്ഷിയിലും അദ്ദേഹത്തിന് പൂർണമായ പിന്തുണയുണ്ടെന്ന് പറയാനാവില്ല. അദ്ദേഹത്തിന്റെ പ്രധാന രാഷ്ട്രീയ ശക്തി വ്യക്തിപരമായ ജനപ്രീതിയാണ്. അതുകൊണ്ടുതന്നെ ഇനിയങ്ങോട്ടും അദ്ദേഹത്തിന് ഏറ്റവും കൂടുതൽ ആശ്രയിക്കേണ്ടിവരുന്നത് അതേ ജനപ്രീതിയെയാണ്. പാർട്ടിക്കുള്ളിലെ എതിർപ്പുകൾക്കിടയിലും ജനപിന്തുണയെ രാഷ്ട്രീയ കവചമാക്കിയ അച്യുതാനന്ദന്റെ കാലം ഓർക്കാം. അതുപോലെ തന്നെ, സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുള്ള വെല്ലുവിളികളെ നേരിടാൻ ജനങ്ങളുടെ പിന്തുണ സതീശന് അനിവാര്യമാണ്. മറുവശത്ത് രമേശ് ചെന്നിത്തലയ്ക്കും മറ്റൊരു യാഥാർഥ്യം മനസ്സിലായിക്കഴിഞ്ഞിട്ടുണ്ടാകും. സീനിയോറിറ്റിയും പാർട്ടിയിലെ സ്വാധീനവും ബന്ധങ്ങളും കേന്ദ്രത്തോടുള്ള അടുപ്പവും മാത്രം മതിയാകില്ല. സതീശനെ മറികടക്കണമെങ്കിൽ ജനങ്ങളുടെ ഇടയിൽ കൂടുതൽ ജനപ്രിയനായിരിക്കണം. അങ്ങനെ നോക്കുമ്പോൾ ഇരുവരും തമ്മിൽ ഉണ്ടാകുന്ന മത്സരം അധികാരത്തിന്റെ മാത്രം മത്സരമല്ല, ജനപ്രീതിയുടെ മത്സരം കൂടിയാണ്. ആ മത്സരം ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കാനുള്ള മത്സരമായി മാറിയാൽ അതിന്റെ ഗുണം ജനങ്ങൾക്കായിരിക്കും. ആരാണ് കൂടുതൽ ജനങ്ങളെ കേൾക്കുന്നത്, ആരാണ് കൂടുതൽ വേഗത്തിൽ പ്രതികരിക്കുന്നത്, ആരാണ് തെറ്റുകൾ തിരുത്തുന്നത്, ആരാണ് സാധാരണ മനുഷ്യന്റെ പ്രശ്നങ്ങളിൽ ഇടപെടുന്നത് എന്നതാകും അപ്പോൾ പ്രധാന ചോദ്യം.
പക്ഷേ, ഇവിടെ നിന്നാണ് മറ്റൊരു വലിയ ചോദ്യം ഉയരുന്നത്. എന്താണ് ഇന്ന് ജനപ്രീതി? ആരെയാണ് ഇന്ന് ആളുകൾ ആരാധിക്കുന്നത്? ഏതാണ്ട് പത്തിരുപത് വർഷം മുൻപ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടന്ന ഒരു ചെറുകഥാ ക്യാമ്പിലെ സംഭവം ഇതിന് നല്ലൊരു ഉദാഹരണമാണ്. മലയാളത്തിലെ പ്രമുഖ എഴുത്തുകാർ അവിടെയുണ്ടായിരുന്നു. യുവ എഴുത്തുകാരോട് മോഡറേറ്റർ ചോദിച്ചു: “നിങ്ങളുടെ ആരാധനാമൂർത്തികളായ എഴുത്തുകാർ ആരൊക്കെയാണ്?” ആരും ഒന്നും പറഞ്ഞില്ല. അപ്പോൾ ഒരു പെൺകുട്ടി എഴുന്നേറ്റ് വളരെ കൂളായി പറഞ്ഞു: “ശബരിനാഥ്.” അന്നത്തെ കാലത്ത് “ടോട്ടൽ ഫോർ യു” എന്ന നിക്ഷേപ തട്ടിപ്പിലൂടെ ശ്രദ്ധ നേടിയ ഇരുപതുകാരനായിരുന്നു ശബരിനാഥ്. ഒരു എഴുത്തുകാരുടെ ക്യാമ്പിൽ ഒരു നിക്ഷേപ തട്ടിപ്പുകാരൻ ആരാധനാമൂർത്തിയാകുന്നത് അന്ന് വലിയ ഞെട്ടലായിരുന്നു. ഇന്ന് ആ സംഭവം ഓർക്കുമ്പോൾ അതിൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം അന്നുതന്നെ യുവതലമുറയുടെ ആരാധനയുടെ അളവുകോൽ മാറിത്തുടങ്ങിയിരുന്നു. എങ്ങനെ വിജയിച്ചു എന്നതിനെക്കാൾ വിജയിച്ചു എന്നത് പ്രധാനമായി. എങ്ങനെ പണം നേടി എന്നതിനെക്കാൾ പണം ഉണ്ടെന്നത് പ്രധാനമായി. എങ്ങനെ പ്രശസ്തനായി എന്നതിനെക്കാൾ പ്രശസ്തനാണെന്നത് പ്രധാനമായി.
ശബരിനാഥിൽ നിന്ന് ആയങ്കിയിലേക്കുള്ള ദൂരം അതുകൊണ്ട് അത്ര വലുതല്ല. ഇടയ്ക്കുള്ള വർഷങ്ങളിൽ മനുഷ്യർ മൊബൈൽ ഫോണിനുള്ളിലേക്ക് മാറി. ഒരാളെ അറിയാൻ മുമ്പ് അയാളുടെ പുസ്തകം വായിക്കണം, പ്രവർത്തനം കാണണം, അഭിമുഖങ്ങൾ കേൾക്കണം, ജീവിതത്തെക്കുറിച്ച് പഠിക്കണം. ഇന്ന് ഒരു റീൽ മതി. ഒരു വൈറൽ വീഡിയോ മതി. ഒരു മീം മതി. ഒരു ഫാൻ പേജ് മതി. ഒരാളുടെ യഥാർത്ഥ ജീവിതം പിന്നിലാകുന്നു. അയാൾ സോഷ്യൽ മീഡിയയിൽ നിർമ്മിച്ചിരിക്കുന്ന കഥാപാത്രം മാത്രം മുന്നിലെത്തുന്നു. ക്രിമിനലിന്റെ കുറ്റങ്ങൾ മറയുന്നു; അയാളുടെ ധൈര്യത്തിന്റെ ചിത്രങ്ങൾ മാത്രം കാണാം. ഗുണ്ടയുടെ അക്രമം മറയുന്നു; അയാളുടെ “മാസ്” ഇമേജ് മാത്രം കാണാം. തട്ടിപ്പുകാരന്റെ ഇരകൾ മറയുന്നു; അയാളുടെ ജീവിതശൈലി മാത്രം കാണാം. കുറ്റം മറയുന്നു. കഥാപാത്രം മാത്രം ബാക്കിവരുന്നു.
ആയങ്കി പോലുള്ള ക്രിമിനൽ കഥാപാത്രങ്ങളോടുള്ള ആരാധനയും തൊപ്പി പോലുള്ള സോഷ്യൽ മീഡിയ പ്രതിഭാസങ്ങളും ഈ മാറ്റത്തിന്റെ ഭാഗമാണ്. ഇവിടെ വ്യക്തിയുടെ യഥാർത്ഥ ജീവിതത്തേക്കാൾ അയാൾ നിർമ്മിച്ചെടുത്ത ഡിജിറ്റൽ കഥാപാത്രത്തിനാണ് പ്രാധാന്യം. ആളുകളെ പ്രകോപിപ്പിക്കുക, വിവാദമുണ്ടാക്കുക, ശ്രദ്ധ പിടിച്ചുപറ്റുക, നിരന്തരം സ്ക്രീനിൽ പ്രത്യക്ഷപ്പെടുക എന്നിവയിലൂടെ ഒരാൾക്ക് വലിയൊരു പ്രേക്ഷക സമൂഹം ഉണ്ടാക്കാം. പിന്നീട് ആ പ്രേക്ഷക സമൂഹം ആരാധക കൂട്ടമായി മാറുന്നു. അതോടെ പ്രശസ്തിയും മഹത്വവും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകുന്നു. ആളുകൾ സംസാരിച്ചാൽ മതി. ഇഷ്ടപ്പെട്ടാലും വെറുത്താലും മതി. സോഷ്യൽ മീഡിയയിൽ രണ്ടും ഒരേ കണക്കാണ്. രണ്ടും ശ്രദ്ധയാണ്. രണ്ടും “എൻഗേജ്മെന്റ്” ആണ്.
ബിഗ്‌ബോസ് പോലുള്ള റിയാലിറ്റി ഷോകളും ഈ മാറ്റത്തിന് വലിയ വേഗം നൽകി. ഒരുകാലത്ത് സിനിമയിലെ കഴിവാണ് ഒരാളെ താരമാക്കിയിരുന്നത്. പിന്നീട് ടെലിവിഷൻ താരങ്ങളുടെ സ്വകാര്യ ജീവിതം തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തി. ബിഗ്‌ബോസിൽ ഒരാളുടെ വഴക്കും കരച്ചിലും പ്രണയവും സൗഹൃദവും ദേഷ്യവും ദൗർബല്യവും എല്ലാം ദിവസങ്ങളോളം ആളുകൾ കാണുന്നു. അങ്ങനെ ഒരാൾക്ക് പ്രശസ്തനാകാൻ വലിയൊരു കഴിവ് തെളിയിക്കണമെന്നില്ല. ആളുകൾ നിരന്തരം കാണുന്ന ഒരാൾ celebrity ആകുന്നു. കാണപ്പെടുന്നതുതന്നെ ഒരു കഴിവായി മാറുന്നു.
ഇവിടെയാണ് സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ കെണി ഒളിച്ചിരിക്കുന്നത്. നമ്മൾ ഒരാളെ അറിയുന്നുവെന്ന് തോന്നുന്നു. ദിവസവും അയാളുടെ വീഡിയോകൾ കാണുന്നു. അയാളുടെ സംസാരവും ചിരിയും കുടുംബവും സുഹൃത്തുക്കളും രാഷ്ട്രീയ ബന്ധങ്ങളും വരെ കാണുന്നു. അതോടെ അയാൾ നമ്മളോട് വളരെ അടുത്ത ഒരാളാണെന്ന് തോന്നുന്നു. പക്ഷേ നമ്മൾ കാണുന്നത് അയാൾ കാണിക്കാൻ തീരുമാനിച്ച ഭാഗം മാത്രമാണ്. നമ്മൾ കാണുന്ന മനുഷ്യൻ യഥാർത്ഥ മനുഷ്യനല്ല; സോഷ്യൽ മീഡിയയിൽ നിർമ്മിച്ച മനുഷ്യനാണ്. ഇതിനെ ഒരു തരത്തിലുള്ള “വിർച്വൽ ഹാലൂസിനേഷൻ” എന്ന് വിളിക്കാം. രോഗപരമായ അർത്ഥത്തിലുള്ള ഹാലൂസിനേഷൻ അല്ല. സ്ക്രീനിൽ നിരന്തരം കാണുന്ന ഒരാളെ യഥാർത്ഥ ജീവിതത്തേക്കാൾ കൂടുതൽ അറിയുന്നു എന്നുണ്ടാകുന്ന മിഥ്യാബോധം.
അവിടെ നിന്നാണ് സോഷ്യൽ മീഡിയ സൗഹൃദത്തിന്റെ കെണി തുടങ്ങുന്നത്. സ്ക്രീനിൽ നിരന്തരം കാണുന്ന ഒരാൾ “നമ്മുടെ ആളായി” മാറുന്നു. അയാൾ പറയുന്നത് ചോദ്യം ചെയ്യാതെ വിശ്വസിക്കുന്നു. അയാളുടെ സുഹൃത്തുക്കൾ നമ്മുടെ സുഹൃത്തുക്കളാകുന്നു. അയാളുടെ ശത്രുക്കൾ നമ്മുടെ ശത്രുക്കളാകുന്നു. അയാളുടെ രാഷ്ട്രീയ നിലപാട് നമ്മുടെ നിലപാടായി മാറുന്നു. ഒടുവിൽ യഥാർത്ഥ മനുഷ്യബന്ധങ്ങളേക്കാൾ സോഷ്യൽ മീഡിയയിൽ നിർമ്മിച്ച ബന്ധങ്ങൾ രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാൻ തുടങ്ങുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ, പി. സരിൻ, ഷാഫി പറമ്പിൽ എന്നിവരെ ചുറ്റിപ്പറ്റിയ രാഷ്ട്രീയ സംഭവവികാസങ്ങളെ ഈ പശ്ചാത്തലത്തിലും കാണേണ്ടതുണ്ട്. വ്യക്തികൾക്കെതിരെ വിധി പറയുകയോ ആരോപണങ്ങൾ ശരിയാണെന്ന് പ്രഖ്യാപിക്കുകയോ അല്ല ഉദ്ദേശ്യം. ഒരു രാഷ്ട്രീയ സൗഹൃദം എങ്ങനെ സോഷ്യൽ മീഡിയയിലെ image-കളുടെയും ജനപ്രീതിയുടെയും വലയത്തിൽ കുടുങ്ങാം എന്നതാണ് പ്രധാന ചോദ്യം. രാഹുലും ഷാഫിയും തമ്മിലുള്ള അടുത്ത രാഷ്ട്രീയബന്ധവും പിന്നീട് ഉണ്ടായ വിവാദങ്ങളും, സരിന്റെ രാഷ്ട്രീയ എതിർപ്പുകളും പൊതുചർച്ചയിൽ വലിയ സോഷ്യൽ മീഡിയ ഉള്ളടക്കമായി മാറി. ഒരുകാലത്ത് ഒരുമിച്ച് നിന്നവർ എങ്ങനെ അകന്നു എന്നതും ആരാണ് ആരുടെ കൂടെ നിന്നത് എന്നതും വരെ രാഷ്ട്രീയ ചർച്ചയുടെ പ്രധാന വിഷയമായി. എന്നാൽ അതിന് പിന്നിലെ വലിയ ചോദ്യം മറ്റൊന്നാണ്: ഒരു രാഷ്ട്രീയ നേതാവിനെ ജനപ്രിയനാക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ രാഷ്ട്രീയവും വ്യക്തിപരവുമായ ഉത്തരവാദിത്തം പരിശോധിക്കുന്നുണ്ടോ?
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾക്കും തുടർന്ന് ഉണ്ടായ കോൺഗ്രസ് നടപടികൾക്കും ശേഷം ഈ ചോദ്യം കൂടുതൽ ശക്തമായി. ഇവിടെ കോടതി അന്തിമമായി കുറ്റം തെളിയിച്ചുവെന്ന് പറയുന്നില്ല; ആരോപണവും കുറ്റസ്ഥാപനവും രണ്ടാണ്. എന്നാൽ, ഒരു ജനപ്രിയ യുവ രാഷ്ട്രീയമുഖം എത്ര വേഗത്തിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയുടെ കേന്ദ്രമായി മാറാമെന്ന് സംഭവം കാണിച്ചു. ഷാഫി പറമ്പിലും രാഹുലും തമ്മിലുള്ള അടുത്ത ബന്ധം പൊതുവിൽ അറിയപ്പെട്ടിരുന്നു. പിന്നീട് പാർട്ടി സ്വീകരിച്ച നടപടിയെ ഷാഫി അംഗീകരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഷാഫിക്ക് രാഹുലിനെതിരായ ആരോപണങ്ങളിൽ പങ്കുണ്ടെന്ന് പറയാൻ ഒരു അടിസ്ഥാനവുമില്ല. പക്ഷേ, ഒരു രാഷ്ട്രീയ സുഹൃത്തിനെ പിന്തുണയ്ക്കുന്നതും അയാളുടെ രാഷ്ട്രീയവും വ്യക്തിപരവുമായ പെരുമാറ്റത്തെ വിലയിരുത്തുന്നതും രണ്ടാണ്. ഈ വ്യത്യാസം തിരിച്ചറിയാതെ പോകുമ്പോഴാണ് രാഷ്ട്രീയ ധാർമികതയ്ക്ക് ഇടിവ് സംഭവിക്കുന്നത്.
രാഷ്ട്രീയത്തിൽ ഏറ്റവും വലിയ പ്രശ്നം ശത്രുവിനെ തിരിച്ചറിയാത്തതല്ല. സ്വന്തം ആളിന്റെ തെറ്റ് തിരിച്ചറിയാൻ കഴിയാത്തതാണ്. എതിരാളിയുടെ തെറ്റ് ചൂണ്ടിക്കാണിക്കാൻ വലിയ ധൈര്യം ആവശ്യമില്ല. സ്വന്തം കൂട്ടാളിയുടെ തെറ്റ് പറയാൻ രാഷ്ട്രീയ ധാർമികത വേണം. ഒരാൾ ജനപ്രിയനാകുന്നു. സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ ലഭിക്കുന്നു. ടെലിവിഷൻ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാകുന്നു. യുവാക്കൾക്കിടയിൽ വലിയൊരു image ഉണ്ടാകുന്നു. പാർട്ടി അയാളെ ഭാവിയുടെ നേതാവായി കാണുന്നു. പിന്നീട് അയാളെ ചുറ്റിപ്പറ്റി ഒരു അധികാരവലയം ഉണ്ടാകുന്നു. ആ വലയത്തിനുള്ളിലെ വിമർശനം ശത്രുതയായി മാറുന്നു. മുന്നറിയിപ്പ് നൽകുന്നവർ അസൂയക്കാരാകുന്നു. ചോദ്യം ചെയ്യുന്നവർ ഗ്രൂപ്പുകാരാകുന്നു. ഒടുവിൽ ഒരാളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാർട്ടിയുടെ തന്നെ വിശ്വാസ്യത തകരുന്നു.
ഇത് ഒരു പാർട്ടിയുടെ മാത്രം പ്രശ്നമല്ല. എല്ലാ പാർട്ടികളിലും വ്യത്യസ്ത രൂപത്തിൽ ഈ രോഗമുണ്ട്. കാരണം രാഷ്ട്രീയ പാർട്ടികൾക്കും ഇന്ന് ജനപ്രീതി ഒരു shortcut ആയി മാറിയിരിക്കുന്നു. “ഇയാൾക്ക് ആളുകളെ ആകർഷിക്കാൻ കഴിയും”, “ഇയാൾക്ക് സോഷ്യൽ മീഡിയയിൽ വലിയ reach ഉണ്ട്”, “ഇയാൾ യുവാക്കളിൽ ജനപ്രിയനാണ്”, “ഇയാൾക്ക് നല്ല media presence ഉണ്ട്” തുടങ്ങിയ കാര്യങ്ങൾ രാഷ്ട്രീയ യോഗ്യതയുടെ പ്രധാന മാനദണ്ഡങ്ങളായി മാറുന്നു. എന്നാൽ ഇവയൊന്നും രാഷ്ട്രീയ ധാർമികതയുടെ സർട്ടിഫിക്കറ്റല്ല. നല്ല communicator നല്ല രാഷ്ട്രീയക്കാരനായിരിക്കണമെന്നില്ല. വലിയ following ഉള്ളവൻ നല്ല ജനപ്രതിനിധിയായിരിക്കണമെന്നില്ല. celebrity ആയതുകൊണ്ട് ഒരാൾക്ക് policyയെക്കുറിച്ച് കൂടുതൽ അറിവുണ്ടാകണമെന്നുമില്ല.
ഇതുതന്നെയാണ് സുജിത് ഭക്തന്റെ യാത്രയും നമ്മെ പഠിപ്പിക്കുന്നത്. ഒരുകാലത്ത് ബ്ലോഗർ എന്നത് തന്നെ പുതിയൊരു മാധ്യമരൂപമായിരുന്ന കാലത്ത് ബ്ലോഗിങ്ങിലൂടെ യാത്രയും KSRTCയും ഭക്ഷണവും സാങ്കേതികവിദ്യയും സംബന്ധിച്ച കാര്യങ്ങൾ പങ്കുവെച്ച ഒരാൾ പിന്നീട് വ്ലോഗറായി, വലിയ ഡിജിറ്റൽ പ്രേക്ഷക സമൂഹമുള്ള content creator ആയി, celebrity ആയി, ഒടുവിൽ മറ്റുള്ളവരെ അഭിമുഖം ചെയ്യുന്ന interviewer ആയി മാറുന്നു. അതിൽ തെറ്റൊന്നുമില്ല. ഇത് ഡിജിറ്റൽ മാധ്യമം സൃഷ്ടിച്ച പുതിയ സാധ്യതയാണ്. എന്നാൽ, ഇതിലൂടെ ഒരു വലിയ മാറ്റം കാണാം. ഒരിക്കൽ മാധ്യമം മനുഷ്യരെ തേടിയിരുന്നു. ഇന്ന് വലിയ audience ഉള്ള മനുഷ്യൻ തന്നെ മാധ്യമമായി മാറുന്നു.
ഒരു ഘട്ടത്തിൽ ഒരാൾ ഒരു വിഷയത്തെക്കുറിച്ച് സംസാരിച്ച് പ്രശസ്തനാകുന്നു. പിന്നീട് അയാളുടെ പ്രശസ്തി ആ വിഷയത്തെക്കാൾ വലുതാകുന്നു. ഒടുവിൽ അയാൾ പറയുന്ന കാര്യം മാത്രമല്ല, അയാൾ തന്നെ വാർത്തയാകുന്നു. അപ്പോഴാണ് blogger celebrity ആകുന്നത്, celebrity interviewer ആകുന്നത്, interviewer opinion maker ആകുന്നത്. വലിയ audience സ്വന്തമാക്കിയ ഒരാൾക്ക് പൊതുഭിപ്രായത്തെ സ്വാധീനിക്കാൻ കഴിയും. രാഷ്ട്രീയക്കാർ അയാളെ കാണും. താരങ്ങൾ അയാളോടൊപ്പം ഇരിക്കും. രാഷ്ട്രീയ വിഷയങ്ങളിൽ അയാളുടെ അഭിപ്രായം വാർത്തയാകും. അങ്ങനെ follower count ഒരു പുതിയ സാമൂഹിക അധികാരമായി മാറുന്നു.
ഇതിന്റെ നല്ല വശമുണ്ട്. പഴയ മാധ്യമങ്ങളുടെ നിയന്ത്രണം ഇതിലൂടെ കുറയുന്നു. വലിയ മാധ്യമസ്ഥാപനത്തിന്റെ അനുമതി ഇല്ലാതെ ഒരാൾക്ക് സ്വന്തം ശബ്ദം ജനങ്ങളിലേക്ക് എത്തിക്കാം. എന്നാൽ, അപകടവും അതേ സ്ഥലത്താണ്. ലക്ഷക്കണക്കിന് followers ഉണ്ടെന്നത് ഒരു വ്യക്തി പറയുന്നത് ശരിയാണെന്നതിന് തെളിവല്ല. ഒരു വീഡിയോയ്ക്ക് ദശലക്ഷക്കണക്കിന് views കിട്ടിയെന്നത് അതിലെ വാദം സത്യമായി മാറിയെന്നുമല്ല. Viral ആകുന്നത് സത്യത്തിന്റെ അളവുകോലല്ല. Celebrity status അറിവിന്റെ സർട്ടിഫിക്കറ്റുമല്ല.
ഇവിടെ രാഷ്ട്രീയം വീണ്ടും ഈ കഥയിലേക്ക് വരുന്നു. പിണറായി കാലം കേരളത്തിൽ വ്യക്തിപരമായ ജനപ്രീതി ഒരു വലിയ രാഷ്ട്രീയ ശക്തിയായി മാറിയ കാലഘട്ടമാണ്. അച്യുതാനന്ദൻ മുമ്പ് ജനപ്രീതിയെ പാർട്ടിക്കുള്ളിലെ എതിർപ്പുകളെ നേരിടാനുള്ള രാഷ്ട്രീയ കവചമാക്കിയിരുന്നെങ്കിൽ, പിണറായി കാലത്ത് വ്യക്തിപരമായ ജനപ്രീതി ഡിജിറ്റൽ മാധ്യമങ്ങളുടെ ശക്തിയുമായി ചേർന്നു. ഒരു നേതാവിന്റെ പ്രസംഗം സമ്മേളനത്തിൽ മാത്രം കേൾക്കേണ്ടതില്ല. ഓരോ വാക്കും വീഡിയോ ആകുന്നു. ഓരോ മുഖഭാവവും ചർച്ചയാകുന്നു. പിന്തുണയും എതിർപ്പും ഒരുപോലെ സോഷ്യൽ മീഡിയയിൽ നേതാവിന്റെ visibility വർധിപ്പിക്കുന്നു. രാഷ്ട്രീയത്തിലെ വലിയ മൂലധനം ചിലപ്പോൾ ആശയമല്ല; ശ്രദ്ധയാണ്.
ഇത് പിണറായി വിജയനെക്കുറിച്ചുള്ള അനുകൂലമോ പ്രതികൂലമോ ആയ വിധിയല്ല. ഒരു രാഷ്ട്രീയ നേതാവിന്റെ വ്യക്തിപരമായ ജനപ്രീതി എങ്ങനെ രാഷ്ട്രീയ ശക്തിയായി മാറുന്നു എന്ന നിരീക്ഷണം മാത്രമാണ്. ജനപ്രീതി ഒരു നേതാവിനെ പാർട്ടിക്കുള്ളിലെ എതിർപ്പുകളിൽ നിന്ന് സംരക്ഷിക്കാം. പക്ഷേ അതേ ജനപ്രീതി വ്യക്തിപൂജയായി മാറിയാൽ വിമർശനത്തിന് ഇടം കുറയും. നേതാവിനെ വിമർശിക്കുന്നത് പാർട്ടിയെ ആക്രമിക്കുന്നതായും, പാർട്ടിയെ വിമർശിക്കുന്നത് ശത്രുതയായും മാറും. അങ്ങനെ വന്നാൽ ജനപ്രീതി ജനങ്ങളുടെ ആയുധമല്ലാതായി നേതാവിന്റെ കവചമായി മാറും.
ഇപ്പോൾ സതീശനും ചെന്നിത്തലയും തമ്മിൽ ഉണ്ടാകാൻ സാധ്യതയുള്ള ജനപ്രീതി മത്സരത്തിലും ഇതേ പാഠം ബാധകമാണ്. ഇരുവർക്കും ജനങ്ങളുടെ പിന്തുണ വേണം. അതിൽ തെറ്റില്ല. പക്ഷേ, ആരാണ് കൂടുതൽ ജനപ്രിയൻ എന്നതിനെക്കാൾ ആരാണ് കൂടുതൽ ഉത്തരവാദിത്തമുള്ളത് എന്നതാണ് ചോദ്യം. ആരാണ് സ്വന്തം കൂട്ടാളിയുടെ തെറ്റുപോലും ചോദ്യം ചെയ്യാൻ തയ്യാറാകുന്നത്? ആരാണ് ജനപ്രീതി നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടും ശരിയെന്ന് തോന്നുന്ന തീരുമാനം എടുക്കുന്നത്? ആരാണ് സ്വന്തം ആളെക്കാൾ സ്ഥാപനത്തെ സംരക്ഷിക്കുന്നത്? അതാണ് യഥാർത്ഥ നേതൃപരീക്ഷണം.
കാരണം, ജനപ്രീതി അധികാരത്തിനുള്ള ലൈസൻസ് അല്ല. കൂടുതൽ ഉത്തരവാദിത്തത്തിനുള്ള കാരണമാണ്. ഒരു ജനപ്രിയ നേതാവിന്റെ തെറ്റിന് കൂടുതൽ ആളുകളെ ബാധിക്കാം. അതുകൊണ്ട് ജനപ്രീതി കൂടുന്തോറും പരിശോധനയും ഉത്തരവാദിത്തവും കൂടണം. എന്നാൽ ഇന്നത്തെ രാഷ്ട്രീയം പലപ്പോഴും മറിച്ചാണ് ചെയ്യുന്നത്. ജനപ്രിയനായ ആളെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് പകരം കൂടുതൽ സംരക്ഷിക്കുന്നു. അയാളുടെ image സംരക്ഷിക്കാനായി പാർട്ടി തന്നെ പ്രതിരോധത്തിലാകുന്നു. ഒരു വ്യക്തിയുടെ popularity സംരക്ഷിക്കാൻ രാഷ്ട്രീയ ധാർമികത പോലും പണയംവയ്ക്കുന്ന അവസ്ഥ ഉണ്ടാകുന്നു.
ഇതാണ് ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാതെ കൂട്ടുകൂടുന്നിടത്തെ യഥാർത്ഥ അപകടം. രാഷ്ട്രീയത്തിൽ ശാശ്വത മിത്രങ്ങളില്ല. ശാശ്വത ശത്രുക്കളുമില്ല. ഇന്ന് സുഹൃത്തായ ഒരാൾ നാളെ എതിരാളിയാകാം. ഇന്ന് എതിരാളിയായ ഒരാൾ നാളെ കൂട്ടാളിയാകാം. അതിൽ രാഷ്ട്രീയത്തിൽ അസ്വാഭാവികതയില്ല. പക്ഷേ ജനങ്ങളുടെ താൽപര്യം മാറരുത്. നയമാണ് മാറേണ്ടത് എങ്കിൽ അതിന്റെ കാരണം പറയണം. വ്യക്തിബന്ധം രാഷ്ട്രീയത്തിന്റെ മാനദണ്ഡമാകരുത്.
ഇവിടെ സോഷ്യൽ മീഡിയ ഒരു പുതിയ കെണി ഒരുക്കുന്നു. ഒരാൾ നമ്മുടെ ഫോണിൽ ദിവസവും പ്രത്യക്ഷപ്പെടുന്നു. നമ്മൾ അയാളെ സ്വന്തം ആളായി കരുതുന്നു. അയാളുടെ സുഹൃത്തുക്കളെയും സ്വന്തം ആളുകളായി കാണുന്നു. അയാളുടെ ശത്രുക്കളെ വെറുക്കുന്നു. ഒടുവിൽ യഥാർത്ഥ രാഷ്ട്രീയ ബന്ധങ്ങളേക്കാൾ സോഷ്യൽ മീഡിയയിൽ നിർമ്മിച്ച ബന്ധങ്ങൾ പ്രധാനമാകുന്നു. അതാണ് virtual hallucination. യാഥാർത്ഥ്യത്തേക്കാൾ സ്ക്രീനിൽ നിർമ്മിച്ച ചിത്രം വലുതാകുന്ന അവസ്ഥ.
ഇതിന്റെ മറ്റൊരു മുഖമാണ് celebrity politics. സോഷ്യൽ മീഡിയ influencers-ഉം celebrity താരങ്ങളും പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രീയ ഇടപെടലുകളിൽ സജീവമായി പങ്കെടുക്കുന്നു. രാഷ്ട്രീയ നേതാക്കളെ അഭിമുഖം ചെയ്യുന്നു, രാഷ്ട്രീയ നിലപാടുകൾ പറയുന്നു, പ്രചാരണങ്ങളിൽ പ്രത്യക്ഷപ്പെടുന്നു, സ്വന്തം followers-നെ രാഷ്ട്രീയ സന്ദേശങ്ങളിലേക്ക് കൊണ്ടുവരുന്നു. ഒരു പൗരന് രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാനുള്ള അവകാശമുണ്ട്. പ്രശ്നമില്ല. പക്ഷേ celebrity status രാഷ്ട്രീയ വിശ്വാസ്യതയുടെ പകരക്കാരനാകുമ്പോഴാണ് അപകടം. ഒരു influencer-ന് ലക്ഷക്കണക്കിന് followers ഉണ്ടാകാം. അതുകൊണ്ട് അയാൾ ഒരു സാമ്പത്തിക വിദഗ്ധനോ ഭരണവിദഗ്ധനോ ഭരണഘടനാ വിദഗ്ധനോ ആകുന്നില്ല. ഒരു celebrity ഒരു രാഷ്ട്രീയ നേതാവിനൊപ്പം വേദി പങ്കിട്ടതുകൊണ്ട് അയാളുടെ രാഷ്ട്രീയ വിലയിരുത്തൽ ശരിയാകുന്നില്ല. ഒരു interviewer ഒരു നേതാവിനോട് ചോദ്യങ്ങൾ ചോദിച്ചതുകൊണ്ട് മാത്രം അയാൾ journalist ആകുന്നുമില്ല.
ഇന്ന് രാഷ്ട്രീയം പലപ്പോഴും content ആയി മാറുകയാണ്. നേതാവ് ഒരു brand. പാർട്ടി ഒരു brand. influencer ഒരു brand. celebrity ഒരു brand. interview ഒരു content. political controversy ഒരു content. ഒരു hashtag ഒരു campaign. ഒരു thumbnail ഒരു poster. followers വോട്ടർമാരായി മാറുന്നു. fans പ്രവർത്തകരായി മാറുന്നു. ഈ മാറ്റം രാഷ്ട്രീയത്തിന്റെ ഭാഷ തന്നെ മാറ്റുകയാണ്.
പക്ഷേ, ജനാധിപത്യത്തിന്റെ അടിസ്ഥാന ചോദ്യം മാറിയിട്ടില്ല. തൊഴിലാളിക്ക് എന്ത് ലഭിച്ചു? കർഷകന് എന്ത് ലഭിച്ചു? യുവാവിന് ജോലി കിട്ടിയോ? വിദ്യാർത്ഥിക്ക് നല്ല വിദ്യാഭ്യാസം കിട്ടിയോ? സ്ത്രീക്ക് സുരക്ഷ കിട്ടിയോ? സാധാരണ കുടുംബത്തിന്റെ ജീവിതച്ചെലവ് കുറഞ്ഞോ? പൊതുസേവനങ്ങൾ മെച്ചപ്പെട്ടോ? ഇതാണ് രാഷ്ട്രീയം തിരികെ കൊണ്ടുവരേണ്ട ചോദ്യങ്ങൾ.
അല്ലെങ്കിൽ ശബരിനാഥിൽ നിന്ന് ആയങ്കിയിലേക്കുള്ള യാത്ര അവസാനിക്കില്ല. ആയങ്കിയിൽ നിന്ന് celebrityയിലേക്ക് പോകും. celebrityയിൽ നിന്ന് influencer രാഷ്ട്രീയത്തിലേക്ക് പോകും. influencer രാഷ്ട്രീയത്തിൽ നിന്ന് വ്യക്തിപൂജയിലേക്ക് പോകും. ഒടുവിൽ ജനാധിപത്യം ഒരു വലിയ fan club ആയി മാറും. അവിടെ പൗരന്മാരുണ്ടാകില്ല. Followers മാത്രമേ ഉണ്ടാകൂ.
അതുകൊണ്ടാണ് ഇന്ന് രാഷ്ട്രീയത്തിന് ഏറ്റവും ആവശ്യമുള്ളത് കൂടുതൽ social media strategy അല്ല; കൂടുതൽ social media ബോധമാണ്. നേതാക്കൾക്ക് കൂടുതൽ followers അല്ല; കൂടുതൽ accountability ആണ്. പ്രവർത്തകർക്ക് fan culture അല്ല; രാഷ്ട്രീയ വിദ്യാഭ്യാസമാണ്. യുവാക്കൾക്ക് കൂടുതൽ celebrity role models അല്ല; വിമർശനബോധമാണ്. രക്ഷകർത്താക്കൾക്ക് കുട്ടികളെ മൊബൈലിൽ നിന്ന് അകറ്റുക എന്നതല്ല പ്രധാന ജോലി; മൊബൈലിനുള്ളിൽ അവർ ആരെയാണ് കാണുന്നതെന്ന് മനസ്സിലാക്കുക എന്നതാണ്.
ഒടുവിൽ ചോദ്യം ശബരിനാഥ് ആരായിരുന്നു എന്നതല്ല. ആയങ്കി ആരാണ് എന്നതുമല്ല. തൊപ്പി ആരാണ് എന്നതുമല്ല. ഏത് ബിഗ്‌ബോസ് താരം എത്ര ജനപ്രിയനാണ് എന്നതുമല്ല. സുജിത് ഭക്തൻ എങ്ങനെ blogger-ൽ നിന്ന് celebrity interviewer ആയി എന്നതുമാത്രവുമല്ല. ചോദ്യം അതിനേക്കാൾ വലുതാണ്. നമ്മുടെ കാലത്ത് ആരെയാണ് നമ്മൾ വിശ്വസിക്കുന്നത്? എന്തിന്റെ അടിസ്ഥാനത്തിലാണ് വിശ്വസിക്കുന്നത്? ആരെയാണ് ആരാധിക്കുന്നത്? എന്തിനാണ് ആരാധിക്കുന്നത്?
ഒരു കാലത്ത് മനുഷ്യർ നേതാക്കളെ അവരുടെ പ്രവർത്തനങ്ങളാൽ വിലയിരുത്തിയിരുന്നു. ഇന്ന് അവരുടെ visibility കൊണ്ടാണ് പലപ്പോഴും വിലയിരുത്തുന്നത്. ഒരാൾ കൂടുതൽ കാണപ്പെടുന്നു എന്നത് അയാൾ കൂടുതൽ പ്രധാനപ്പെട്ടവനാണെന്നല്ല. ഒരാൾ കൂടുതൽ ജനപ്രിയനാണ് എന്നത് അയാൾ കൂടുതൽ ശരിയാണെന്നുമല്ല. ജനപ്രീതി ഒരു രാഷ്ട്രീയ ശക്തിയാണ്. പക്ഷേ അത് സത്യത്തിന്റെ തെളിവല്ല. സോഷ്യൽ മീഡിയ ഒരു വലിയ ജനാധിപത്യ ഉപകരണമാണ്. പക്ഷേ അത് യാഥാർത്ഥ്യത്തിന്റെ കണ്ണാടിയല്ല. Celebrity ഒരു സാമൂഹിക സ്വാധീനമാണ്. പക്ഷേ അത് ധാർമിക അധികാരമല്ല.
അതിനാൽ ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയുന്നതിന് മുമ്പ് മറ്റൊരു കാര്യം തിരിച്ചറിയണം. സ്ക്രീനിലെ മിത്രവും യഥാർത്ഥ മിത്രവും ഒന്നല്ല. സ്ക്രീനിലെ ശത്രുവും യഥാർത്ഥ ശത്രുവും ഒന്നല്ല. രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ കെണി അതാണ്.
നമ്മുടെ വിരലുകളുടെ അറ്റത്ത് ഒരു ലോകം നിർമ്മിക്കപ്പെട്ടിരിക്കുന്നു. നമ്മൾ ആരെ കാണണം, ആരെ പിന്തുടരണം, ആരെ വെറുക്കണം, ആരെ ആരാധിക്കണം എന്നതിൽ ഓരോ ക്ലിക്കിനും പങ്കുണ്ട്. ആ ലോകത്തിൽ യാഥാർത്ഥ്യവും ചിത്രവും തമ്മിലുള്ള അതിർത്തി മങ്ങുമ്പോഴാണ് രാഷ്ട്രീയം ധാർമികമായി ഇടിയുന്നത്. അതിനാൽ ഇന്നത്തെ രാഷ്ട്രീയത്തിന്റെ യഥാർത്ഥ പോരാട്ടം അധികാരത്തിനുവേണ്ടിയുള്ളത് മാത്രമല്ല. യാഥാർത്ഥ്യത്തിനുവേണ്ടിയുള്ള പോരാട്ടം കൂടിയാണ്.
ജനപ്രീതിക്ക് പകരം ജനക്ഷേമം. ആരാധനയ്ക്ക് പകരം വിമർശനം. ഫാൻസിന് പകരം പൗരന്മാർ. വൈറലിന് പകരം തെളിവ്. വ്യക്തിബന്ധങ്ങൾക്ക് പകരം രാഷ്ട്രീയ ധാർമികത. celebrity-ക്ക് പകരം ഉത്തരവാദിത്തം.ഇവ തിരിച്ചുപിടിക്കാൻ കഴിയുമെങ്കിൽ മാത്രമേ ശബരിനാഥിൽ നിന്ന് ആയങ്കിയിലേക്കും, ആയങ്കിയിൽ നിന്ന് celebrity രാഷ്ട്രീയത്തിലേക്കും നീളുന്ന ഈ യാത്രയ്ക്ക് ഒരു പുതിയ ദിശ നൽകാൻ കഴിയൂ. അല്ലെങ്കിൽ അടുത്ത ആരാധനാമൂർത്തിയെ നമ്മൾ തിരിച്ചറിയുന്നതിന് മുമ്പേ അയാൾ നമ്മുടെ സ്ക്രീനിൽ എത്തിയിട്ടുണ്ടാകും. അതിനുമുമ്പ് തന്നെ നമ്മുടെ രാഷ്ട്രീയം അയാളെ ചുറ്റിപ്പറ്റി മാറിത്തുടങ്ങിയിട്ടുണ്ടാകും.
