പ്രതിപക്ഷ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമീഷൻ കാട്ടിയത് കടുത്ത അനീതിയാണെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ് വൈ ഖുറൈശി. തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റതായും അദ്ദേഹം ആരോപിച്ചു. ‘ഇന്ത്യ ആൻഡ് ഐ : എ ഹണ്ട്രഡ് മെമ്മറീസ് , നോട്ട് എ മെമ്മോയർ’ എന്ന തന്റെ പുതിയ പുസ്തകത്തോട് അനുബന്ധിച്ച് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുൻ തെരഞ്ഞെടുപ്പ് കമീഷണർ നിലപാട് വ്യക്തമാക്കിയത്.
കമീഷൻ പ്രതിപക്ഷത്തോട് കാട്ടിയത് വളരെ വലിയ അനീതിയാണ്. കമീഷൻ പ്രതിപക്ഷ പാർട്ടികളെ കേൾക്കാൻ തയ്യാറാകാത്തത് കൊണ്ടാണ് 24 പാർട്ടികൾക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. ഇത് ചെയ്യാൻ കമീഷന് എങ്ങനെയാണ് സാധിക്കുന്നതെന്നും ഖുറൈശി ചോദിച്ചു. ജനാധിപത്യ സംവിധാനത്തിൽ ഭരണകൂടത്തെയാണ് മാധ്യമങ്ങൾ ചോദ്യം ചെയ്യുന്നത്. എന്നാൽ, ഇന്ത്യയിൽ വലിയൊരു ശതമാനം മാധ്യമങ്ങളും പ്രതിപക്ഷത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
