അധികാരം എന്ന ലഹരിയുടെ കൊടുമുടിയിൽ നിന്ന് പെട്ടെന്നൊരു ദിവസം താഴേക്ക് പതിക്കുന്ന മനുഷ്യന്റെ മാനസികാവസ്ഥ ചരിത്രത്തിൽ എപ്പോഴും കൗതുകകരവും ഒപ്പം ദാരുണവുമായ ഒരു പഠനവിഷയമാണ്. രാജഭരണകാലത്തായാലും ആധുനിക ജനാധിപത്യത്തിലായാലും, ദീർഘകാലം അനുഭവിച്ച സുഖസൗകര്യങ്ങളും പദവികളും അപ്രതീക്ഷിതമായി നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ആഘാതം സങ്കൽപ്പിക്കുന്നതിലും അപ്പുറമാണ്. എന്നാൽ, ഈ തകർച്ചയുടെ ആഴം കൂട്ടുന്നത് നിയമനടപടികളോ അധികാരനഷ്ടമോ മാത്രമല്ല; മറിച്ച്, നേതാവിന് ചുറ്റും തടിച്ചുകൂടുന്ന അനുയായികൾ തീർക്കുന്ന ‘വ്യാജ സുരക്ഷിതത്വത്തിന്റെ’ പുകമറകൂടിയാണ്.
ചുഴിയിൽപ്പെട്ട് ഒരു മനുഷ്യൻ ജീവനായി പിടഞ്ഞ് മുങ്ങിത്താഴുന്നു അയാളെ കരയ്ക്കെത്തിക്കാൻ കയ്യിൽ ‘ലൈഫ് ജാക്കറ്റുമായി’ ചിലർ തീരത്തുണ്ട്. എന്നാൽ, അത് ആ മനുഷ്യന് എറിഞ്ഞു കൊടുക്കുന്നതിന് പകരം, അവർ ഉറക്കെ ആർത്തുവിളിക്കുകയാണ്-താങ്കൾ നീന്തലിൽ രാജാവാണ്! അങ്ങ് നീന്തിക്കയറും. എത്രത്തോളം ദാരുണവും ഭയാനകവുമാണ് ആ കാഴ്ച?
ഇന്ന് അധികാരം നഷ്ടപ്പെട്ട്, അന്വേഷണ ഏജൻസികളുടെയും നിയമത്തിന്റെയും പിടിയിലകപ്പെട്ട് നിസ്സഹായരായി നിൽക്കുന്ന മുൻ ഭരണാധികാരികളുടെയും അവസ്ഥ ഇതിൽ നിന്നും വ്യത്യസ്തമല്ല. തങ്ങളെ നേരിടുന്ന കടുത്ത യാഥാർത്ഥ്യങ്ങളെ തിരിച്ചറിയാനോ, തിരുത്തലുകൾ വരുത്താനോ ആ നേതാക്കളെ അനുവദിക്കാതെ, അന്ധരായ അണികൾ അവരുടെ ചെവിയിൽ വീണ്ടും സ്തുതിവചനങ്ങൾ ഓതിക്കൊണ്ടേയിരിക്കുന്നു.
സ്തുതിപാഠകരുടെ സ്വാർത്ഥ രാഷ്ട്രീയം
ഇവിടെ അണികൾ അല്ലെങ്കിൽ അനുയായികൾ പുലർത്തുന്നത് കേവലം സ്നേഹമല്ല, മറിച്ച് തികഞ്ഞ സ്വാർത്ഥതയാണെന്ന് കാണാം. നേതാവിന്റെ വീഴ്ച പൂർണ്ണമാണെന്ന് അംഗീകരിച്ചാൽ, അതിലൂടെ നഷ്ടപ്പെടുന്നത് തങ്ങളുടെ കൂടി രാഷ്ട്രീയ നിലനിൽപ്പാണ് എന്ന തിരിച്ചറിവ് അണികൾക്കുണ്ട്. അതിനാൽ, അപകടനിലയിലായ നേതാവിനെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിന് പകരം, അയാളെ വീണ്ടും വീണ്ടും പുകഴ്ത്തി വികാരം കൊള്ളിച്ച് ആപത്തിലേക്ക് ആഴത്തിലേക്ക് തള്ളിവിടുകയാണ് അവർ ചെയ്യുന്നത്.
മനഃശാസ്ത്രപരമായി ഇതിനെ ഇക്കോ ചേമ്പർ’ (Echo Chamber) അവസ്ഥ എന്ന് വിളിക്കാം. ചുറ്റുമുള്ളവർ മുഴുവൻ തനിക്ക് അനുകൂലമായി മാത്രം സംസാരിക്കുമ്പോൾ, പുറത്തുള്ള വലിയ യാഥാർത്ഥ്യങ്ങളെ കാണാൻ ആ നേതാവിന് കഴിയാതെ പോകുന്നു. “ജനങ്ങളും അണികളും ഇപ്പോഴും ഒപ്പമുണ്ട്” എന്ന വ്യാജ ധൈര്യത്തിൽ അയാൾ അകപ്പെട്ട് ഒടുവിൽ പൂർണ്ണമായ തകർച്ചയിലേക്ക് വീഴുകയും ചെയ്യുന്നു.
സ്വയം തിരുത്തലിന്റെ വാതിലുകൾ അടയുമ്പോൾ
ഒരു ഭരണാധികാരിക്ക് അധികാരം നഷ്ടപ്പെടുമ്പോൾ കിട്ടുന്ന ഏറ്റവും വലിയ അവസരം ‘ആത്മപരിശോധന’യാണ് താൻ ചെയ്ത തെറ്റുകൾ എന്തൊക്കെയായിരുന്നു എന്നും, എവിടെയാണ് പിഴച്ചതെന്നും തിരിച്ചറിയാനുള്ള സമയം. എന്നാൽ, ചുറ്റുമുള്ള അനുയായികൾ അങ്ങായിരുന്നു ശരി, ഇപ്പോഴും അങ്ങാണ് രാജാവ് എന്ന് നിരന്തരം പറയുമ്പോൾ ആത്മപരിശോധനയുടെ എല്ലാ വാതിലുകളും അടയുന്നു. തിരുത്തലുകൾക്ക് പകരം അഹന്തയും, സ്വയം ന്യായീകരണങ്ങളും മാത്രം ബാക്കിയാകുന്നു. പ്രതാപകാലത്ത് തങ്ങൾ അനുഭവിച്ച സകല സുഖ സൗകര്യങ്ങൾക്കും പകരമായി, ഒടുവിൽ തന്റെ വീഴ്ചയ്ക്ക് കാരണം ശത്രുക്കളുടെ പ്രഹരങ്ങളേക്കാൾ, കൂടെ നിന്നവരുടെ അന്ധമായ വാഴ്ത്തുപാട്ടുകളായിരുന്നു എന്ന് കൂടെയുള്ളവരുടെ പുകഴ്ത്തലുകൾ പലപ്പോഴും സ്നേഹമല്ല; മറിച്ച്, അവരുടെസ്വാത്ഥ താല്പര്യങ്ങൾക്ക് വേണ്ടി എന്ന് മനസ്സിലാക്കാത്തിടത്തോളം കാലം, അധികാരത്തിന്റെ ഇടനാഴികളിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും.
……………….
വീര്യം കുറഞ്ഞ മദ്യ ഉത്പാദനം ഐ.ടി പാർക്കുകളിലും മറ്റും വീര്യം കുറഞ്ഞ മദ്യവിൽപ്പനയ്ക്കും ഉത്പാദനത്തിനുമുള്ള ഫയലുകൾ നീങ്ങിയപ്പോൾ “കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ നോക്കുന്നു” എന്ന് ആരോപിച്ചവർ, മുഖ്യമന്ത്രി കസേരയിലെത്തിയപ്പോൾ അത് ടൂറിസത്തിനും നാടിന്റെ വികസനത്തിനും അത്യാവശ്യമെന്ന് പറഞ്ഞ് അംഗീകരിക്കുന്നു. PSC തട്ടിപ്പുകളും ഫയലുകളും പിണറായി സർക്കാരിന്റെ കാലത്ത് ഉയർന്ന പി.എസ്.സി തട്ടിപ്പുകളും ആരോഗ്യ മേഖലയിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ഫയലുകളും അന്ന് പ്രതിപക്ഷം ആയുധമാക്കിയെങ്കിലും, ഭരണപക്ഷം അതിനെ പുകമറയെന്ന് വിളിച്ച് പ്രതിരോധിച്ചിരുന്നു. എന്നാൽ സതീശൻ ഭരണത്തിലെത്തിയതോടെ ഈ ഫയലുകൾ വീണ്ടും അന്വേഷണവിധേയമാക്കുമ്പോൾ, പഴയ ഭരണപക്ഷം അത് രാഷ്ട്രീയ വേട്ടയാടലാണെന്ന് ആരോപിക്കുന്നു.
അധികാരമില്ലാത്തപ്പോൾ ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും പെട്ടെന്ന് വലിയ നീതിബോധവും തത്വദീക്ഷയും കൈവരുന്നു. ഭരണകൂടത്തിന്റെ ഓരോ അഴിമതിയും ഇരട്ടത്താപ്പും വിളിച്ചുപറയുമ്പോൾ അവർ ജനങ്ങളുടെ കണ്ണിൽ വിക്രമാദിത്യന്റെ നേർപ്പതിപ്പുകളായി മാറും. സാലഭഞ്ജികമാരുടെ ചോദ്യങ്ങൾ ഭരണാധികാരികൾക്കു നേരെ ഉന്നയിക്കാൻ പ്രതിപക്ഷത്തിരിക്കുന്ന ആൾക്ക് വളരെ എളുപ്പമാണ്. എന്നാൽ, അതേ ആളുകൾ ജനവിധി നേടി ഭരണപക്ഷത്തെ സിംഹാസനത്തിൽ കയറിയിരിക്കുന്ന നിമിഷം വലിയൊരു ‘സ്മൃതിഭ്രംശം’ സംഭവിക്കുന്നു! പ്രതിപക്ഷത്തിരുന്നപ്പോൾ ഉയർത്തിയ ധാർമ്മിക ചോദ്യങ്ങളും തത്വങ്ങളും “ഭരണസൗകര്യത്തിന്റെയും പ്രായോഗിക രാഷ്ട്രീയത്തിന്റെയും” പേരിൽ അവർ അനായാസം വിസ്മരിക്കുന്നു. അന്ന് ‘അനീതി’ എന്ന് വിളിച്ച പദ്ധതികളെല്ലാം ഇന്ന് ‘വികസനം’ എന്ന മനോഹരമായ പാക്കറ്റിലാക്കി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ അവർക്ക് യാതൊരു മടിയുമുണ്ടാകുന്നില്ല.
എന്നാൽ നമ്മുടെ രാഷ്ട്രീയത്തിൽ:
