എഐസിസി ആസ്ഥാനത്ത് നടന്ന വന്ദേമാതരം ആലാപനത്തിലെ ഗുരുതരമായ പാളിച്ചയെ ഒരു ചെറിയ സംഘാടകപ്പിഴവായി തള്ളിക്കളയാനാവില്ല. അത് കോൺഗ്രസ്സിന്റെ രാഷ്ട്രീയ പ്രതിരോധത്തിന്റെ ശക്തിയെയാണ് ചോദ്യം ചെയ്യുന്നത്. ഇത് കേവലം പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ നടത്തുന്ന മറ്റൊരു രാഷ്ട്രീയ പോരാട്ടമല്ല; ഇന്ത്യ എന്ന ആശയത്തെ കാലാകാലങ്ങളോളം ഉൾക്കൊള്ളാനും സംരക്ഷിക്കാനും ശേഷിയുള്ള ഒരു ദേശീയ പ്രസ്ഥാനത്തിന്റെ ആശയപരമായ മെറിറ്റാണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ എഐസിസി ആസ്ഥാനത്ത് സംഭവിച്ചത് ഗൗരവത്തോടെ പരിശോധിക്കപ്പെടണം.
ചരിത്രബോധമില്ലാത്ത പാട്ടുകാരല്ല കോൺഗ്രസ്സിന്റെ നിലപാട് തീരുമാനിക്കുന്നത്. എല്ലാവർക്കും സ്വീകാര്യമല്ലാത്ത വരികൾ ആലപിക്കപ്പെട്ടപ്പോൾ ഇടപെട്ട സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉൾപ്പെടുന്ന നേതൃത്വമാണ് കോൺഗ്രസ്സിന്റെ രാഷ്ട്രീയ നിലപാട് നിർണയിക്കുന്നത്. ഗാന്ധിയും നെഹ്‌റുവും പട്ടേലും മൗലാനാ ആസാദും ടാഗോറും ഉൾപ്പെട്ട ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തിൽ നിന്ന് രൂപപ്പെട്ട രാഷ്ട്രീയബോധമാണ് കോൺഗ്രസ്സിനുള്ളത്. ആ ബോധത്തിന് വിരുദ്ധമായി ഒരു വേദിയിൽ ആരെങ്കിലും പാടിയ വരികൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നിലപാടായി മാറുകയില്ല. വിവരക്കേടും വകതിരിവില്ലായ്മയും ഒരുമിച്ച് ആലപിച്ചവരുടെ അപശ്രുതികൾ കോൺഗ്രസ്സിന്റേതല്ല.
എന്നാൽ, അതുകൊണ്ട് പാളിച്ചയുടെ ഉത്തരവാദിത്വത്തിൽ നിന്ന് കോൺഗ്രസ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനും കഴിയില്ല. ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ കേന്ദ്ര ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ എന്താണ് ആലപിക്കേണ്ടത്, എന്താണ് ഒഴിവാക്കേണ്ടത്, അതിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ പ്രത്യാഘാതം എന്തായിരിക്കും എന്നതിൽ വ്യക്തമായ സംഘാടകവും രാഷ്ട്രീയവുമായ ജാഗ്രത ഉണ്ടായിരിക്കേണ്ടതായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ വേദിയിൽ സംഗീതം വെറും സംഗീതമല്ല; അത് രാഷ്ട്രീയ സന്ദേശവുമാണ്. പ്രത്യേകിച്ച് ദേശീയ ചിഹ്നങ്ങളുമായി ബന്ധപ്പെട്ട അവതരണങ്ങളിൽ ഒരു ചെറിയ അശ്രദ്ധ പോലും വലിയ ആശയപരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
വന്ദേമാതരത്തിന്റെ ചരിത്രം അതുകൊണ്ടുതന്നെ സങ്കീർണ്ണമാണ്. അതിനെ ഇന്ത്യയുടെ ദേശീയഗാനമായി കാണാൻ കഴിയില്ലെന്നും അതിന്റെ ആലാപനത്തിൽ നിർബന്ധിതമായ ദേശീയത അടിച്ചേൽപ്പിക്കരുതെന്നും മഹാത്മാ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ പ്രസ്ഥാനത്തിലെ നേതാക്കൾക്ക് വ്യക്തമായ നിലപാടുകളുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ബഹുസ്വര പാരമ്പര്യം ഒരു പ്രത്യേക മതപരമായ സാംസ്കാരിക വ്യാഖ്യാനത്തിന് കീഴിൽ ഒതുക്കാൻ കോൺഗ്രസ് ഒരിക്കലും തയ്യാറായിരുന്നില്ല. അതാണ് ഈ വിഷയത്തിലെ ചരിത്രബോധത്തിന്റെ അടിസ്ഥാന പാഠം.
ഇന്ന് ആർഎസ്എസ് ആശയധാരയെയും സാംസ്കാരിക ദേശീയതയെയും മുൻനിർത്തി ബിജെപി വന്ദേമാതരത്തെ ഒരു പ്രത്യേക രാഷ്ട്രീയ ദേശീയതയുടെ പ്രതീകമായി ശക്തമായി മുന്നോട്ടുവയ്ക്കുകയാണ്. സവർക്കറെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മറ്റു പ്രതീകങ്ങളെയും മുൻനിർത്തി സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തെ പുനർവ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. അത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് സ്വന്തം ചരിത്രബോധത്തിൽ ഒരു നിമിഷം പോലും അശ്രദ്ധ കാണിക്കരുത്. കാരണം ഇവിടെ മത്സരം ഒരു പാട്ടിന്റെ അവതരണത്തെക്കുറിച്ചല്ല; ‘ഇന്ത്യ ആരുടേതാണ്?’ എന്ന അടിസ്ഥാന രാഷ്ട്രീയ ചോദ്യത്തെക്കുറിച്ചാണ്.
ഈ സാഹചര്യത്തിലാണ് എഐസിസി ആസ്ഥാനത്തെ സംഭവം കൂടുതൽ ഗുരുതരമാകുന്നത്. ചെങ്കോട്ടയിലെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാതെ എഐസിസി ആസ്ഥാനത്തെ ചടങ്ങിൽ പങ്കെടുത്ത രാഹുൽ ഗാന്ധിക്കും ഈ പാളിച്ചയുടെ രാഷ്ട്രീയ അസ്വസ്ഥത നേരിടേണ്ടിവന്നത് ദൗർഭാഗ്യകരമാണ്. രാഹുൽ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന ഭരണഘടനാ ഇന്ത്യയുടെയും ഉൾക്കൊള്ളുന്ന ദേശീയതയുടെയും രാഷ്ട്രീയത്തിന് തന്നെ ഇത്തരം സംഭവങ്ങൾ അനാവശ്യമായ പ്രതിരോധം സൃഷ്ടിക്കുന്നു. സംഘപരിവാറിനെതിരെ ആശയപരമായ പോരാട്ടം നടത്തുന്ന കോൺഗ്രസ്സിന് സ്വന്തം വേദിയിൽ നിന്ന് അതിന്റെ രാഷ്ട്രീയ സന്ദേശം ദുർബലമാക്കുന്ന സാഹചര്യം ഒരിക്കലും അനുവദിക്കാനാവില്ല.
അതുകൊണ്ട് ‘പാട്ടുകാരുടെ പിഴവാണ്, കോൺഗ്രസ്സിന് ഉത്തരവാദിത്വമില്ല’ എന്ന ലളിതമായ വിശദീകരണം മതിയാകില്ല. പാട്ടുകാരുടെ വകതിരിവില്ലായ്മ ഒരു പ്രശ്നമാണ്; എന്നാൽ അവരെ അത്തരമൊരു അവതരണത്തിലേക്ക് എത്തിച്ച സംഘാടക സംവിധാനത്തിന്റെ വീഴ്ച അതിനേക്കാൾ വലിയ പ്രശ്നമാണ്. ഒരു ദേശീയ പാർട്ടിയുടെ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ അവസാന നിമിഷംവരെ എന്താണ് അവതരിപ്പിക്കപ്പെടുന്നത് എന്നറിയാത്ത അവസ്ഥ തന്നെ സംഘടനാ ജാഗ്രതയുടെ ഗുരുതരമായ പരാജയമാണ്.
ഇതോടൊപ്പം മറ്റൊരു അപകടവും തിരിച്ചറിയണം. ആർഎസ്എസ് അനുകൂലമായ ആശയങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ പുറത്തു മാത്രം നിൽക്കുന്നില്ല. അവ അധികാരത്തിന്റെ ഇടനാഴികളിലും സംഘടനകളിലും സാംസ്കാരിക ഇടങ്ങളിലും മാധ്യമങ്ങളിലും ആൾക്കൂട്ടങ്ങളിലും പതിയെ ഇടം കണ്ടെത്താൻ ശ്രമിക്കും. അതുകൊണ്ട് മതേതര രാഷ്ട്രീയത്തിന് ജാഗ്രത ഒരു തിരഞ്ഞെടുക്കാവുന്ന സൗകര്യമല്ല; അതൊരു നിലനിൽപ്പിന്റെ ആവശ്യകതയാണ്. ഓരോ ചെറിയ സീൽക്കാരവും അവഗണിച്ചാൽ ഒരിക്കൽ അപരിചിതമായിരുന്ന ആശയം പതിയെ സാധാരണയായി മാറും. പലവട്ടം കണ്ടും കേട്ടും പരിചയപ്പെട്ടാൽ നിഷ്പക്ഷരായ പലർക്കും അത് ‘നമ്മളുടേതായ’ ഒരു സാധാരണ നിലപാടായി തോന്നിത്തുടങ്ങും.
അതിനാൽ ഓരോ ചെറു സീൽക്കാരവും കെട്ടടങ്ങുമാറ് മതേതരത്വം ഉച്ചത്തിൽ സംസാരിക്കപ്പെടണം. കോൺഗ്രസ്സിന്റെ രാഷ്ട്രീയ പ്രതിരോധം മൃദുവായ നിശ്ശബ്ദതയിൽ നിന്നല്ല, വ്യക്തമായ ആശയപരമായ നിലപാടിൽ നിന്നാണ് വരേണ്ടത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചരിത്രവക്രീകരണത്തിന് മറുപടി നൽകേണ്ടത് അതിന്റെ ഭാഷ കടമെടുത്തുകൊണ്ടല്ല; സ്വാതന്ത്ര്യസമരത്തിന്റെ ബഹുസ്വര പാരമ്പര്യം കൂടുതൽ ശക്തമായി ഉയർത്തിപ്പിടിച്ചുകൊണ്ടാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു സാധാരണ തിരഞ്ഞെടുപ്പ് യന്ത്രമല്ല. സ്വാതന്ത്ര്യത്തിനായി ജീവിതവും സമ്പത്തും സുരക്ഷയും ബലികഴിച്ച അനേകം മനുഷ്യരുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ പേരാണ് കോൺഗ്രസ്. ഗാന്ധിയും നെഹ്‌റുവും പട്ടേലും ആസാദും ഉൾപ്പെടുന്ന ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഇന്ത്യയെ ഒരു മതത്തിന്റെ മാത്രം രാഷ്ട്രമാക്കി ചുരുക്കിയില്ല. വിവിധ മതങ്ങളും ഭാഷകളും സംസ്കാരങ്ങളും ആശയങ്ങളും ഒരുമിച്ച് നിലനിൽക്കുന്ന ഇന്ത്യയെയാണ് അത് രാഷ്ട്രീയമായി സങ്കൽപ്പിച്ചത്. ആ പാരമ്പര്യത്തിന്റെ അവകാശവാദിയാണ് കോൺഗ്രസ് എങ്കിൽ, അതിന്റെ വേദികളിലും ചടങ്ങുകളിലും അതേ രാഷ്ട്രീയ വിവേകം പ്രകടമാകണം.
കോൺഗ്രസ്സിനെ വിമർശിക്കാൻ ഇന്ന് എല്ലാവർക്കും കഴിയുന്നു. അതിനുള്ള സ്വാതന്ത്ര്യം ലഭിച്ചത് തന്നെ ഈ രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിന്റെ വിജയമാണ്. എന്നാൽ, കോൺഗ്രസ്സിന്റെ ചരിത്രത്തെ പരിഹസിക്കുകയോ അതിന്റെ ദേശാഭിമാനത്തെ ചോദ്യം ചെയ്യുകയോ ചെയ്യുന്നവർ ആദ്യം ഓർക്കേണ്ടത്, ആ സ്വാതന്ത്ര്യത്തിനായി പോരാടിയ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രമാണ്. ഇന്ത്യയുടെ ദേശാഭിമാനം ഒരു മതത്തിന്റെ ഏകാധിപത്യ ഉടമസ്ഥതയിലുള്ളതല്ല. ഇന്ത്യയുടെ വൈവിധ്യത്തെ സംരക്ഷിക്കുന്നതിലാണ് അതിന്റെ യഥാർത്ഥ ശക്തി.
അതുകൊണ്ട് സംഘ്പരിവാറിനെതിരെ കോൺഗ്രസ് നടത്തുന്ന പോരാട്ടം തിരഞ്ഞെടുപ്പ് കണക്കുകൂട്ടൽ മാത്രമാകരുത്. അത് ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടമാണ്. ആ പോരാട്ടത്തിൽ ഓരോ പ്രതീകത്തിനും ഓരോ വാക്കിനും ഓരോ വേദിക്കും രാഷ്ട്രീയ അർത്ഥമുണ്ട്. അതുകൊണ്ടാണ് എഐസിസി ആസ്ഥാനത്തെ സംഭവം ചെറുതല്ലെന്ന് പറയുന്നത്.
സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള നേതൃത്വം ഈ പാളിച്ചയോട് അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെങ്കിൽ അത് വ്യക്തമായി പുറത്തുവരണം. പാർട്ടിയുടെ ഔദ്യോഗിക നിലപാട് എന്താണെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും നേതൃത്വം വ്യക്തമാക്കണം. കോൺഗ്രസ് പ്രവർത്തകരുടെയും മതേതര ഇന്ത്യയുടെയും ആത്മാഭിമാനത്തിന് മുറിവേറ്റിട്ടുണ്ടെങ്കിൽ അതിന് ഒരു ഔദ്യോഗിക വിശദീകരണവും ആവശ്യമാണ്.
കാരണം, ഒരു കാര്യത്തിൽ വ്യക്തത വേണം: അപശ്രുതികൾ കോൺഗ്രസ്സിന്റേതല്ല. പക്ഷേ അവ കോൺഗ്രസ്സിന്റെ വേദിയിൽ മുഴങ്ങിയെങ്കിൽ, ആ പാളിച്ച കോൺഗ്രസ്സിന്റേതാണ്. അത് സമ്മതിക്കാനുള്ള രാഷ്ട്രീയ ധൈര്യവും തിരുത്താനുള്ള സംഘടനാ ജാഗ്രതയും തന്നെയാണ് കോൺഗ്രസ്സിന്റെ യഥാർത്ഥ മെറിറ്റ് തെളിയിക്കുക. സംഘ്പരിവാറിനെതിരെ ഇന്ത്യയുടെ ആശയത്തിനായി പോരാടുന്ന ഒരു ദേശീയ പ്രസ്ഥാനത്തിന് അതിൽ കുറഞ്ഞൊന്നും മതിയാകില്ല.
