August 13 Thursday 2026

സൂപ്പർ ശരണ്യമാരുടെ കോ-ലിവിംഗ് ജീവിതങ്ങൾ മലയാള സിനിമയില്‍ അടയാളപ്പെടുത്തുന്നത്

സൂപ്പർ ശരണ്യ എന്ന സിനിമയിൽ യോഗ ചെയ്തു കൊണ്ടിരിക്കുന്ന അജിത് മേനോൻ എന്ന കഥാപാത്രത്തിനെ അർജുൻ അശോകന്റെ ദീപുവും ടീമും ഫോൺ ചെയ്ത് കാണാൻ ആവശ്യപ്പെടുന്ന ഒരു സീൻ ഉണ്ട്. പിന്നീട് അവർ കാണുന്നത് കൊച്ചിയിലെ ഒരു ഷോപ്പിംഗ് മാളിലാണ്. അവിടെ വെച്ച് കൊച്ചിയിലെ വളർന്നു വരുന്ന അധോതലങ്ങളിലെ യുവത്വങ്ങളുടെ വൈബ് ഉള്ള ഒരു കൂട്ടം അജിത് മേനോനോട് “നല്ല ഇടി കിട്ടും കേട്ടോടാ” എന്ന് പറയുന്നത്. മേനോന്റെ മോനോത്തവും യോഗയും ഹിമാലയൻ സ്പിരിച്വാലിറ്റിയും ഒക്കെ അവിടെ പൊളിയുന്നു. അതുപോലെ തന്നെ, അതേ ഷോപ്പിംഗ് മാളിന്റെ അണ്ടർഗ്രൗണ്ട് പാർക്കിംഗിൽ വെച്ച് അജിത് മേനോനെയും കൂട്ടരെയും ദീപുവും കൂട്ടരും നല്ല ചാമ്പ് ചാമ്പുന്നുണ്ട്.

മലയാള സിനിമയിലെ വളരെ രസകരമായ കൾച്ചറൽ ആന്ത്രോപോളജിയുടെയും ജിയോഗ്രഫിക്കൽ ഷിഫ്റ്റിന്റെയും മികച്ച ഒരു ഉദാഹരണമായി ഈ സീനിനെ എടുത്തുകാണിക്കാം. ജെനി റോവേനയെ പോലുള്ള ചിന്തകർ നിർവചിച്ച തൊണ്ണൂറുകളിൽ മലയാള സിനിമയിൽ രൂപപ്പെടുത്തിയ ഫ്യൂഡൽ തെമ്മാടിത്തത്തിന്റെ ഒരു പുതിയ തലമുറയിലെ സ്പൂഫ് എന്ന് വേണമെങ്കിൽ അജിത് മേനോന്റെ കഥാപാത്രത്തെ വിലയിരുത്താം. ജാതി-ഫ്യൂഡൽ തെമ്മാടിത്തത്തിന്റെ അധികാരവും അതിന്റെ കൂടെ നിൽക്കുന്ന ശിങ്കിടികളും അടങ്ങിയ ഒരു ഫ്യൂഡൽ മാടമ്പിത്തത്തിന്റെ കോളേജ് ക്യാമ്പസ് വേർഷനായി അജിത് മേനോൻ ഈ സിനിമയിൽ മാറുന്നു. അതേസമയം തന്നെ കൊച്ചിയിലെ ഗാങ്ങുകൾക്ക് ഈ ജാതി-ഫ്യൂഡൽ മാടമ്പി ഗാങ്ങിൽ നിന്ന് വ്യത്യസ്തമായ ഒരു ഗ്രൂപ്പ് ഡൈനാമിക്സ് ഉണ്ട്. അവരാണ് അജിത് മേനോനെ ഇടിച്ച് പഞ്ചറാക്കി കഴുത്തിൽ നെക്ക് ബാൻഡ് ഇടുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്. അതിനു ശേഷം സൂപ്പർ ശരണ്യ തന്നെ അജിത് മേനോന്റെ അമ്മയോട് “ചേച്ചി, നിങ്ങളുടെ മകൻ ഒരു പാഴാണ്” എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. തൊണ്ണൂറുകളിൽ രൂപപ്പെട്ട മലയാള സിനിമയിലെ ഫ്യൂഡൽ തെമ്മാടിത്തത്തിനോട് പുതിയ തലമുറ പറയുന്ന വിധിയായി ഈ “പാഴാണ്” എന്ന വാക്കിനെ കാണാം.

പ്രധാനമായും മൂന്ന് വിഭാഗങ്ങളിലെ സമൂഹങ്ങളാണ് സൂപ്പർ ശരണ്യ എന്ന സിനിമയിലെ ദൃശ്യത്തിൽ വരുന്നത്. അതിന് പുറമെ പല തരത്തിലുള്ള തലമുറകളും വിഭാഗങ്ങളും ഉണ്ടെങ്കിലും, ഒരു എഞ്ചിനീയറിങ് കോളേജിലെ പെൺകുട്ടികളുടെ ഒരു ഗ്രൂപ്പ്, കൊച്ചിയിലെ മധ്യവർഗങ്ങളിൽ തല്ലും കൊള്ളിത്തരവും ഒക്കെ ചേർന്ന് ജീവിതം കുരുപ്പിടിപ്പിക്കാന് ശ്രമിക്കുന്ന ഒരു ഗ്രൂപ്പ്, അജിത് മേനോനും അരുൺ സാറും അടങ്ങുന്ന മൂന്നാമത്തെ ഒരു ഗ്രൂപ്പ് എന്നിങ്ങനെയാണ് ഈ സിനിമയിലെ പ്രധാനപ്പെട്ട മൂന്ന് ഗ്രൂപ്പുകൾ. ഇതിൽ ഏറ്റവും ഗംഭീരമായി ചിത്രീകരിച്ചിരിക്കുന്നത് പെൺകുട്ടികളുടെ ലോകമാണ്. പെൺകുട്ടികൾ ഉപയോഗിക്കുന്ന ഗാഡ്ജറ്റുകൾ, അവരുടെ ഹോസ്റ്റലിലെ വസ്ത്രങ്ങൾ, ഷോർട്സ്, ഹോസ്റ്റലുകളിലെ കോ-ലിവിംഗ് സംസ്കാരം, അവരുടെ സാമൂഹ്യ മാധ്യമ പ്രവർത്തനങ്ങൾ, റാഗിങ്ങുകൾ, അവരുടെ ലോകത്തിലെ ഇമോഷണൽ/ഇമോഷൻലെസ് ബന്ധങ്ങൾ തുടങ്ങിയവയെല്ലാം അപാരമായ റിയലിസ്റ്റിക് രേഖപ്പെടുത്തലിലൂടെ ഈ സിനിമ അവതരിപ്പിക്കുന്നു.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിൽ പുറത്തിറങ്ങിയ എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലെ പെൺകൂട്ടങ്ങളുമായി ഈ സിനിമയിലെ ഗ്രൂപ്പിനെ താരതമ്യം ചെയ്‌താൽ രണ്ട് തലമുറകളുടെ വ്യത്യാസം വ്യക്തമായി കാണാം. നിലനിൽക്കുന്ന ചട്ടങ്ങളെ ഫെമിനിറ്റിയുടെ പല അതിരുകളും ഭേദിച്ച് കൊണ്ട് സൂര്യപുത്രിയിലെ പെൺകുട്ടികൾ അമലയുടെ നേതൃത്വത്തിൽ പല തരത്തിലും പൊളിച്ചെഴുതുന്നു. അതിൽ ഒന്നാണ് സുരേഷ് ഗോപിയുടെ വീട്ടിൽ പോയി അഭിനയിച്ച്, സുരേഷ് ഗോപിക്ക് പല പെൺകുട്ടികളുമായി ലൈംഗിക ബന്ധമുണ്ടെന്ന് ഒരു കുടുംബത്തെ വിശ്വസിപ്പിച്ച് തകർക്കുന്ന സീൻ. ജനലിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കൽ, ഇൻജക്ഷൻ എടുക്കാൻ ചന്തി കാണിച്ച് കൊടുക്കൽ, കൊലപാതകം തുടങ്ങിയ എക്സ്ട്രീം പ്രവൃത്തികളും ഇമോഷണൽ അതിരുകളും ആ സിനിമയിൽ കാണാം.

അതേസമയം സൂപ്പർ ശരണ്യ എന്ന ഈ സിനിമയിൽ മമിതയും അനശ്വരയും അടങ്ങുന്ന ജെൻസി തലമുറ അത്തരത്തിലുള്ള അതിരുകൾ പൊളിക്കുന്നതിലേക്കു പോകുന്നില്ല. ക്യാമ്പസ്, കുടുംബം, പ്രണയം, സൗഹൃദം, ഭരണകൂടം തുടങ്ങിയ ഇൻസ്റ്റിറ്റ്യൂഷണൽ ഘടനകളുടെ ഉള്ളിൽ നിന്നുകൊണ്ടാണ് അവർ അവരുടെ ജീവിതം നിർമ്മിക്കുന്നത്. ഈ ഘടന തന്നെയാണ് അവരുടെ വിധിയെന്ന് മനസിലാക്കി, അതിന്റെ ഉള്ളിൽ നിന്നുകൊണ്ടാണ് അവരുടെ സൗഹൃദവും പ്രണയവും യാത്രകളും റെസ്റ്റോറന്റ് ജീവിതവും മറ്റ് വീടുകളിലെ താമസവും രൂപപ്പെടുന്നത്. ഇതൊക്കെ അനുവദിച്ചുകൊടുക്കുന്ന ഒരു കേരളത്തിനകത്താണ് അവർ ജീവിക്കുന്നത്. അതേസമയം ഈ ഘടനയ്ക്കുള്ളിൽ തന്നെ അവർ ജീവിതം ആസ്വദിക്കുന്നു. സൗഹൃദത്തിന്റെ ഭാഷയിൽ പോലും ഒരു കെയർലെസ് സ്വഭാവം കാണാം. അനശ്വരയുടെയും മമിത ബൈജുവിന്റെയും ബന്ധങ്ങളിൽ പരസ്പരം ശ്രദ്ധിക്കാത്തതുപോലെ തോന്നുന്ന ഒരു ഇമോഷണൽ കണക്ഷൻ അതിൽ വ്യക്തമാണ്.

ഇത് സ്വാതന്ത്ര്യം ഉണ്ടെന്നു തോന്നിപ്പിക്കുന്നതും പക്ഷേ അതിന്റെ പരിധികൾ അകത്ത് നിന്നു തന്നെ നിയന്ത്രിക്കപ്പെടുന്നതുമായ ഒരു ലോകമാണ്. ഈ കുട്ടികളുടെ കെയർലെസ് സ്വഭാവം പോലും അവരുടെ സാമൂഹിക സാഹചര്യങ്ങളുടെ സ്വാഭാവിക വിപുലീകരണമാണ്. പുതിയ കാലത്തെ ‘ലിക്വിഡ് മോഡേണിറ്റി’യുടെ പശ്ചാത്തലത്തിൽ, സ്ഥിരതയില്ലാത്ത ബന്ധങ്ങളും കോ-ലിവിംഗ് ജീവിതവും പുതിയ തലമുറയുടെ സാധാരണ ജീവിതരീതിയായി മാറുന്നു. ‘ടൈം-സ്പേസ് കംപ്രഷൻ’ കാലത്ത്, യാത്ര ചെയ്യാതെ തന്നെ ലോകം കൈവശമാക്കുന്ന ഒരു തലമുറയാണ് ഇവർ; അതിനാൽ അവരുടെ ജീവിതം ഭൗതിക സഞ്ചാരത്തേക്കാൾ ഡിജിറ്റൽ അനുഭവങ്ങളിൽ അധിഷ്ഠിതമാണ്. അതുപോലെ ഒട്ടും ഓവർഡ്രമാറ്റിക് ആകാതെയും ഷോ ഓഫ് ഇല്ലാതെയും ഉള്ള ജെൻ സി ബന്ധങ്ങളെ ഈ സിനിമ അവതരിപ്പിക്കുന്നത് അതിന്റെ ഏറ്റവും വലിയ പുതുമയും വിജയവുമാണ്. പുതിയ തലമുറയിലെ ഫെമിനിറ്റിയെ ഇത്രയും ഫ്രഷായി അവതരിപ്പിച്ച മറ്റൊരു മലയാള സിനിമ അധികമുണ്ടാകില്ല.

ഈ സിനിമയിൽ അജിത് മേനോന്റെ ഒപ്പം നിൽക്കുന്ന മറ്റൊരു പ്രധാന കഥാപാത്രമാണ് അരുൺ സാർ എന്ന അധ്യാപകൻ. അജിത് മേനോന്റെ തന്നെ ഫ്യൂഡൽ പിൻതലമുറയാണ് അരുൺ സാർ. മലയാള സിനിമയിൽ ആഘോഷിക്കപ്പെടുന്ന അധ്യാപക പ്രതീകങ്ങളെ ഈ സിനിമ ശക്തമായി പരിഹസിക്കുന്നു. തന്റെ അധികാരം ക്ലാസിലൂടെയും വിദ്യാഭ്യാസത്തിലൂടെയും കുടുംബത്തിലൂടെയും എല്ലായിടത്തും പ്രകടമാക്കുന്ന അധ്യാപകനെ ഈ സിനിമ അവസാനത്തിൽ തകർക്കുന്നു. അത് അധ്യാപകാധിപത്യത്തിനെതിരായ ഒരു അടിയെന്ന നിലയിൽ കാണാം. ഈ സിനിമയിലെ പെൺകുട്ടികൾ ഓരോ സമയത്തും ഈ അധ്യാപകനെ കൃത്യമായി വിലയിരുത്തുകയും ചെയ്യുന്നു. അയാൾ അവസാനം സൂപ്പർ ശരണ്യയുടെ ഒരു സ്വിച്ചിടലിൽ ഷോക്കു അടിച്ചു വീഴുകയാണ്. അവൾ ഷോക്കിൽ നിന്നു രക്ഷിക്കാൻ നല്ല അടി കൊടുക്കുന്നുമുണ്ട്. പഴയ തറവാടിത്തത്തിനെയും അധികാരത്തിനെയും ഈ സിനിമ നല്ല പെട പെടക്കുന്നുണ്ട്.

മൂന്നാമത്തെ വിഭാഗം ദീപു എന്ന അർജുൻ അശോകന്റെ കൊച്ചിയിലെ ഒരു ഗ്രൂപ്പാണ്. കൊച്ചി എന്ന ഭൗമിക-സാംസ്കാരിക സ്ഥലത്ത് രൂപപ്പെടുന്ന, ചെറിയ ബിസിനസുകളും കുടുംബ ജീവിതവും ചേർത്ത് മുന്നോട്ട് പോകാൻ ശ്രമിക്കുന്ന ഒരു തലമുറയെ ഈ ഗ്രൂപ്പ് പ്രതിനിധീകരിക്കുന്നു. ദീപുവിന്റെ അളിയൻ വളരെ ശാന്തമായ രീതിയിൽ അമ്മായിയമ്മയോടൊപ്പം സീരിയൽ കാണുകയും ചെയ്യുന്നു. അതുപോലെ തന്നെ ആവശ്യമായിടത്ത് ഇടി ഇടിക്കുകയും ചെയ്യുന്നു. അജിത് മേനോനിൽ നിന്ന് വ്യത്യസ്തമായ ഒരു തലമുറയാണ് ഇത്. അവരുടെ ഇടങ്ങൾ — കൊച്ചി, കോയമ്പത്തൂർ, തൃശൂർ — എന്നിവയും, അവിടെയുള്ള ജീവിതശൈലികളും, സൗഹൃദങ്ങളും, അല്പം അധോതല ജീവിതവൈബും, വീടുകളുടെ മുകളിലായി വാടകയ്ക്ക് താമസിക്കുന്ന പെൺകുട്ടികളും ചേർന്ന് ഒരു മിക്സഡ് കൾച്ചറിനെ സൃഷ്ടിക്കുന്നു.

സ്പേസ് ഒരു ഭൗതിക ഇടമല്ല; അത് അധികാരബന്ധങ്ങൾ നിർമ്മിക്കുന്ന സാമൂഹിക ഉൽപ്പന്നമാണ് — ഈ സിനിമയിലെ മാൾ, പാർക്കിംഗ്, ഹോസ്റ്റൽ എല്ലാം അതിന്റെ ഉദാഹരണങ്ങളാണ്. ‘ഗ്ലോബൽ കൾച്ചറൽ ഫ്ലോസ്’ എന്ന ആശയത്തിൽ നോക്കുമ്പോൾ, കൊച്ചി പോലുള്ള നഗരങ്ങൾ വിവിധ സംസ്കാരങ്ങളുടെ മിശ്രണത്തിലൂടെ ഒരു പുതിയ ജീവിതശൈലി സൃഷ്ടിക്കുന്ന ഇടങ്ങളാണ്, അതിൽ നിന്ന് വ്യത്യസ്തമായ ഒരു സ്ലോവർ സോഷ്യൽ റിതം തൃശൂരിൽ കാണാം. ദൈനംദിന ജീവിതത്തിലെ ചെറിയ തന്ത്രങ്ങളാണ് പുതിയ സാമ്പത്തിക സംസ്കാരങ്ങളെ നിർമ്മിക്കുന്നത്; ഇവിടെ ചിപ്സ് കച്ചവടം പോലുള്ള ചെറിയ സംരംഭങ്ങൾ തന്നെ ഒരു പുതിയ തലമുറയുടെ സ്വയം നിലനിൽപ്പിന്റെ രാഷ്ട്രീയമാണ്.

ഇത് ഒരു ‘സോഫ്റ്റ് മാസ്കുലിനിറ്റി’യുടെ ഉദാഹരണം കൂടെ ആണ് — അധികാരം തെളിയിക്കാൻ ആവശ്യമില്ലാത്ത, പക്ഷേ ആവശ്യമായപ്പോൾ പ്രതികരിക്കുന്ന ഒരു പുതിയ പുരുഷത്വം. സ്റ്റാർട്ട്-അപ്പ് സംസ്കാരത്തോടു ചേർന്ന ചെറിയ വ്യവസായങ്ങളായ ചിപ്സ് കച്ചവടം പോലുള്ള ഇടപാടുകളിലൂടെ അവർ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. പാലക്കാടൻ മേനോൻ അജിത് മേനോനെ ഇടിച്ച് പഞ്ഞിയാക്കുന്നതും ഈ മാറ്റത്തിന്റെ ഭാഗമാണ്.

ഈ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായി പ്രവർത്തിക്കുന്നത് ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ കാണുന്ന ഒരു മീൻ ആണ്. കഴിഞ്ഞ പത്ത് വർഷങ്ങളിൽ കേരളത്തിൽ അക്വേറിയം പോലുള്ള അലങ്കാര ഘടകങ്ങൾ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. ആ അക്വേറിയം മീൻ തന്നെ ഈ സിനിമയിൽ പ്രണയത്തിന്റെ ഒരു രൂപീകരണ ഉപകരണമായി പ്രവർത്തിക്കുന്നു. ടെക്നോളജിക്കൽ ഉപകരണങ്ങൾക്കപ്പുറം, ജൈവികമായ സാംസ്കാരിക പരിണാമങ്ങളെ സിനിമയുടെ ഗ്രാമർ രൂപപ്പെടുത്താൻ ഉപയോഗിക്കുന്നത് വളരെ ശ്രദ്ധേയമാണ്. ഇവിടെ മൊബൈൽ ഫോണും ഇൻസ്റ്റാഗ്രാമും ബന്ധങ്ങളുടെ രൂപം തന്നെ മാറ്റുന്നു. ഡിജിറ്റൽ ലോകം ബന്ധങ്ങളെ ‘സേഫ്’ ആക്കുന്നു, സ്വകാര്യമാക്കുന്നു മൊബൈൽ ഫോൺ, ഇൻസ്റ്റാഗ്രാം പോലുള്ള ഡിജിറ്റൽ ഉപകരണങ്ങളും സിനിമയിലെ പ്രധാന ഘടകങ്ങളാണ്.

ഏറ്റവും രസകരമായത്, പുതിയ തലമുറയുടെ കാലഘട്ടത്തിൽ അനശ്വര, നസ്ലിൻ, മമിത ബൈജു, അർജുൻ അശോകൻ തുടങ്ങിയവരുടെ താര ശരീരങ്ങൾ പുതിയ ജീവിതശൈലികളുമായി നേരിട്ട് ബന്ധപ്പെട്ട ഒരു ജെനെറ്റിക് ആന്ത്രോപോളജിയിലൂടെ അവതരിപ്പിക്കപ്പെടുന്നു എന്നതാണ്. ഗ്രൂപ്പ് ഡാൻസുകൾ, ഹോസ്റ്റൽ ഇടങ്ങളിലെ ബോഡി മൂവ്മെന്റുകൾ, വേഷങ്ങൾ, ഭാഷ, റേ-ബാൻ പോലുള്ള കൂളിംഗ് ഗ്ലാസുകൾ, വീഡിയോ എഡിറ്റിങ് എന്ന തൊഴിൽ മേഖല, മനുഷ്യബന്ധങ്ങളിലെ അകലം — എല്ലാം ഗംഭീരമായി അവതരിപ്പിക്കപ്പെടുന്നു. അതേസമയം ഇവർ സമൂഹത്തിന്റെ ഉള്ളിൽ നിന്നുകൊണ്ടാണ് പെരുമാറുന്നത്. അവസാനം ശരണ്യ ദീപുവിനെ കാണാൻ പോകുന്ന കെ.എസ്.ആർ.ടി.സി ബസ് എന്ന ഇടം പോലും അവരെ ഈ സമൂഹത്തിലേക്ക് ഉൾക്കൊള്ളിക്കുന്നു. ‘റിസ്‌ക് സൊസൈറ്റി’യുടെ പശ്ചാത്തലത്തിൽ, അപകടം ഒഴിവാക്കി സുരക്ഷിതമായ സ്വാതന്ത്ര്യം തിരഞ്ഞെടുക്കുന്ന ഒരു തലമുറയാണ് ഇവിടെ കാണുന്നത്.

കേരളത്തിലെ ജെൻഡർ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ, ഈ സിനിമയിലെ പെൺകുട്ടികൾ ഒരു പുതിയ സാമൂഹിക ഘടനയുടെ സൂചനകളാണ്. ഒട്ടുമൊത്തത്തിൽ, ആന്ത്രോപോളജിക്കൽ ഷിഫ്റ്റിലൂടെ മാറുന്ന കേരള സമൂഹത്തിന്റെ ഏറ്റവും ശക്തമായ സാമൂഹ്യ-രാഷ്ട്രീയ രേഖപ്പെടുത്തലാണ് സൂപ്പർ ശരണ്യ. പുതിയ തലമുറയുടെ കാലഘട്ടത്തിൽ അനശ്വര, നസ്ലിൻ, മമിത ബൈജു, അർജുൻ അശോകൻ തുടങ്ങിയവരുടെ താര ശരീരങ്ങൾ പുതിയ ജീവിതശൈലികളുമായി നേരിട്ട് ബന്ധപ്പെട്ട ഒരു ജെനെറ്റിക് ആന്ത്രോപോളജിയിലൂടെ അവതരിപ്പിക്കപ്പെടുന്നു എന്നത് രസകരമാണ്.

Related