ഇരുപത് ശതമാനം എഥനോൾ ചേർത്ത ഇ-20 പെട്രോൾ വിവാദം കത്തുകയാണ്. 2025 ലാണ് നിശ്ചയിച്ച കാലാവധി എങ്കിലും, 2030 ഓടെ രാജ്യത്തെ പെട്രോളിൽ 20% എഥനോൾ എന്ന ലക്ഷ്യം പൂർത്തീകരിക്കുവാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. നീതി ആയോഗിന്റെ കണക്ക് പ്രകാരം 55 ബില്യൺ ഡോളർ ചെലവ് വരുന്ന 185 മില്ല്യൻ ടൺ പെട്രോൾ ആണ് 2020-21 കാലയളവിൽ രാജ്യത്ത് ഇറക്കുമതി ചെയ്തത്. എഥനോൾ ചേർത്ത പെട്രോൾ വിപണിയിൽ എത്തിക്കുമ്പോൾ നാല് ബില്യൺ ഡോളർ ഒരു വർഷം ലാഭിക്കാം എന്നാണ് നീതി ആയോഗിന്റെ അനുമാനം. വിദേശ എണ്ണയുടെ ഇറക്കുമതിയിൽ ഉണ്ടാകുന്ന ഈ ഇടിവ് വിദേശനാണയങ്ങൾ ലാഭിക്കാൻ രാജ്യത്തിന് അവസരം ഒരുക്കുന്നു. ഇന്ത്യൻ സ്റ്റാൻഡേർഡ് പെട്രോളായി രാജ്യമാകെ ഇ-20 പെട്രോൾ നിലവിൽ മാറിയിരിക്കുകയാണ്. 1970 ലെ എണ്ണ പ്രതിസന്ധിയെ തുടർന്നാണ് എഥനോൾ പെട്രോൾ എന്ന ആവശ്യം ആദ്യമായി ഉയർന്നുവരുന്നത്.
ഇ-20 പെട്രോളിന്റെ ഉപയോഗം മൂലം എണ്ണ ഇറക്കുമതി കുറച്ചതിനാൽ പശ്ചിമേഷൻ പ്രതിസന്ധിയെ തുടർന്നുള്ള എണ്ണ ഇറക്കുമതി പ്രതിസന്ധിയിൽ അത് സഹായകരമായതായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് മാസം പ്രസ്താവിച്ചിരുന്നു. 11 വർഷത്തിനിടെ ഇന്ത്യ 13 തവണയാണ് പെട്രോളിലെ എഥനോൾ ശതമാനം വർധിപ്പിച്ചത്. 2014 ൽ രാജ്യത്തെ പെട്രോളിലെ എഥനോൾ ശതമാനം 1.5 ആയിരുന്നത് 2025 ആകുമ്പോഴേക്കും 20 ശതമാനമായി വർധിക്കുകയാണ് ഉണ്ടായത്. മറ്റു പ്രധാന എഥനോൾ ഉൽപാദന രാഷ്ട്രങ്ങളെ അപേക്ഷിച്ച് വേഗതയേറിയ ശതമാന വളർച്ചയായിരുന്നു ഇത്.
2023 ന് ശേഷം നിർമ്മിച്ച വാഹനങ്ങൾ മാത്രമാണ് നിലവിൽ ഇ-20 പെട്രോളിനായി രൂപകൽപ്പന ചെയ്തത്. അതുകൊണ്ടുതന്നെ 2023 ന് മുമ്പ് നിർമ്മിച്ച വാഹനങ്ങളെയാണ് കൂടുതലായും ഇ-20 പെട്രോൾ സാരമായും പ്രതികൂലമായി ബാധിക്കുക. മൈലേജ് കുറയുമെന്നും ഇ-20 പെട്രോളിനായി രൂപകൽപ്പന ചെയ്യാത്ത വാഹനത്തിലെ ഭാഗങ്ങൾക്ക് കേടുവരുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്. 2021ൽ ഇന്ത്യയിലെ ഓട്ടോമോട്ടീവ് ഗവേഷണ അസോസിയേഷൻ കണ്ടെത്തിൽ പ്രകാരം ഇ-20 പെട്രോളിൽ ഉപയോഗിക്കുന്ന പോളിമറുകൾ വാഹനത്തിന്റെ ഗ്യാസ്കറ്റുകൾ, ഹോസുകൾ, ഡയഫ്രംങ്ങൾ തുടങ്ങിയവയുടെ വലിച്ചു നീട്ടാവുന്ന ശേഷിയെ (Tensile strenght) സാരമായി ബാധിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. 2023ന് മുമ്പ് നിർമ്മിച്ച നിലവിൽ നിരത്തിലോടുന്ന വാഹനങ്ങളെയാണ് ഇത് കാര്യമായും ബാധിക്കുക. ഇൻഷുറൻസുമായി ബന്ധപ്പെട്ട നൂലാമാലകളാണ് ഏറെ തലവേദന സൃഷ്ടിക്കുക. പഴയ വാഹനങ്ങളിൽ ഇ-20 പെട്രോൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുകയില്ല. ഇ-20 പെട്രോൾ മൂലം ഉണ്ടാകുന്ന കേടുപാടുകളെ അശ്രദ്ധ മൂലമുണ്ടായ നാശനഷ്ടങ്ങളായെ ഇൻഷുറൻസ് കമ്പനികൾ പരിഗണിക്കുകയുള്ളൂ. ഇ-20 പെട്രോളിന് ഉയർന്ന ബാഷ്പീകരണ താപമുണ്ട്. ഇത് തണുത്ത കാലാവസ്ഥയിൽ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാൻ പ്രയാസം സൃഷ്ടിക്കും. ശുദ്ധമായ പെട്രോളിനെ അപേക്ഷിച്ച് ഇ-20 പെട്രോൾ വളരെ പെട്ടെന്ന് വിഘടിച്ചു പോകാൻ സാധ്യതയുള്ളവയാണ്. ഇത് ഇന്ധനം ദീർഘകാലം സൂക്ഷിച്ചു വെക്കുന്നതിനെ ബാധിക്കും. ഇ-20 പെട്രോൾ വഹിക്കാൻ ശേഷിയുള്ള വാഹനങ്ങൾ നിർമ്മിക്കുന്നത് നിലവിലെ വാഹന വിലയിൽ വർധനവ് സൃഷ്ടിക്കും.
രാജ്യത്ത് ഇതുവരെ പെട്രോളിൽ വർധിപ്പിച്ച എഥനോളിന്റെ ശതമാനം മൂലം അന്തരീക്ഷത്തിലേക്കുള്ള 54.4 മില്യൻ ടണ്ണിന്റെ കാർബൺ പുറന്തള്ളൽ തടയാൻ സാധിച്ചതായും ഗവൺമെന്റ് അവകാശപ്പെടുന്നുണ്ട്. 12 മില്യൻ പെട്രോൾ കാറുകൾ ഒരു വർഷം പുറന്തള്ളുന്ന കാർബണിന്റെ അളവോളം വരും ഇത്. ചൂടു കാലാവസ്ഥകളിൽ ഇ-20 പെട്രോൾ ബാഷ്പീകരണ ജൈവ സംയുക്തങ്ങളുടെ (Volatile organic compounds) ബാഷ്പീകരണത്തിന് കാരണമാകും. പുകമഞ്ഞു പോലുള്ള അന്തരീക്ഷ മലിനീകരണത്തിനാകും ഇത് വഴിവെക്കുക. ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ നിലവിൽ പുക മഞ്ഞ് മലിനീകരണത്തിന്റെ അസ്വസ്ഥതകൾ അഭിമുഖീകരിക്കുകയാണ്. ഈ അവസ്ഥയെ കൂടുതൽ തീവ്രമാക്കാനുള്ള സാധ്യത ഇ-20 പെട്രോളിന്റെ ഉപയോഗത്തിന് ഉണ്ട്. എന്നാൽ, ധാന്യ അവശിഷ്ടങ്ങൾ എഥനോൾ നിർമ്മാണത്തിനായി നൽകുന്നതിലൂടെ അവ കത്തിക്കുന്നതിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം കുറയും എന്നാണ് ഗവർമെന്റ് കണക്കുകൂട്ടുന്നത്. കാർബൺഡയോക്സൈഡ് പോലുള്ള ഹരിത ഗൃഹവാതകങ്ങളുടെ പുറന്തള്ളൽ ഇ-20 പെട്രോൾ കുറയ്ക്കും എന്നാണ് സർക്കാർ വാദം. കാർബൺ മോണോക്സൈഡ്, ഹൈഡ്രോകാർബണുകൾ, നൈട്രജൻ ഓക്സൈഡുകൾ പോലുള്ള വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുമെങ്കിലും നൈട്രസ് ഓക്സൈഡുകളുടെ പുറന്തള്ളൽ വേണ്ട വിധത്തിൽ കുറയ്ക്കപ്പെടുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്.
ജലാംശം തീരെ കുറഞ്ഞ എഥനോൾ ചുറ്റുപാടുമുള്ള ജലകണങ്ങളെ അന്തരീക്ഷത്തിൽ നിന്നും വലിച്ചെടുക്കും. ഈ ജല കണങ്ങൾ വാഹനങ്ങളുടെ തുരുമ്പിക്കലിന് കാരണമാകും. ഇ-20 പെട്രോൾ വാഹന ഉടമകളുടെ ഇന്ധനക്ഷമത മൂന്നു മുതൽ അഞ്ചു ശതമാനം വരെ കുറച്ചു എന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ഗവൺമെന്റ് അവകാശപ്പെട്ടത്. എഥനോളിന്റെ ഉപയോഗം കർഷകരെയും സഹായിക്കും എന്നാണ് പെട്രോളിയം മന്ത്രിയുടെ വാദം. എഥനോൾ പ്രധാനമായും ഒരു കാർഷിക ഉപോൽപന്നമാണ്. പ്രധാനമായും അത് ഉൽപ്പാദിപ്പിക്കുന്നത് കരിമ്പിന്റെ സംസ്കരണത്തിലൂടെയാണ്. കരിമ്പാണ് ഏറ്റവും വില കുറഞ്ഞ എഥനോളിന്റെ ഉറവിടം. ഒരു ടൺ കരിമ്പിൽ നിന്നും 70 ലിറ്റർ എഥനോൾ ഉല്പാദിപ്പിക്കാം. ഈ പ്രക്രിയയ്ക്ക് ആവശ്യമായി വരിക 2,860 ലിറ്റർ ജലമാണ്. ഈ ജലം കണ്ടെത്തുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുമെന്ന് ഉറപ്പ്. കരിമ്പുകൾ എഥനോൾ ഉൽപാദനത്തിനായി നീക്കിവെച്ചാൽ അത് ഭക്ഷ്യ മേഖലയെ സാരമായി ബാധിക്കും. നിലവിൽ കരിമ്പ് കൃഷിക്കായി ഉപയോഗിക്കുന്ന ഭൂമിയുടെ പത്തിൽ ഒന്ന് എഥനോൾ നിർമ്മാണത്തിനായുള്ള കരിമ്പ് കൃഷിക്കായി മാറ്റി വയ്ക്കേണ്ടതുണ്ട്. ഇതു ഭക്ഷ്യ സുരക്ഷയെ കാര്യമായി ബാധിക്കാൻ പോന്നതാണ്. എഥനോൾ കാർഷിക അടിസ്ഥാനത്തിൽ വൻതോതിൽ നിർമ്മിക്കാനുള്ള ശ്രമം മണ്ണൊലിപ്പ്, കീടനാശിനികളുടെ വൻതോതിലുള്ള ഉപയോഗം, വനനശീകരണം എന്നിവയ്ക്ക് കാരണമാകും.
പെട്രോളിലെ എഥനോളിന്റെ ഉപയോഗം ഉയർത്തുന്ന ഇത്തരം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടപെടുമ്പോഴും 100 ശതമാനവും എഥനോൾ ഉപയോഗിക്കുന്ന ഇ-100 പെട്രോളിന് പച്ചക്കൊടി കാട്ടിയിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 2023 ന് മുമ്പ് നിർമ്മിച്ച വാഹനങ്ങളെയും അവയുടെ ഇൻഷുറൻസിനെയും പരിസ്ഥിതിയെയും പരിഗണിച്ചുകൊണ്ട് വേണം എഥനോൾ പെട്രോളുമായി സർക്കാർ മുന്നോട്ടു പോകേണ്ടത് എന്നാണ് വിദഗ്ധർ പറയുന്നത്.
