August 14 Friday 2026

നിന്ന് കത്തുന്ന എഥനോൾ (E20) വിവാദം

രാജ്യത്തെ വാഹന ഉപഭോക്താക്കളിൽ വലിയ ആശങ്കയും ഭീതിയും നിറച്ചുകൊണ്ട് E20 അഥവാ, എഥനോൾ പെട്രോൾ വിവാദം കനക്കുകയാണ്. പല പ്രമുഖ വാഹനനിർമാതക്കളും എഥനോൾ പെട്രോളിന് അനുയോജ്യമായ വാഹനങ്ങൾ നിരത്തിലിറക്കി കഴിഞ്ഞു. E20 ഇന്ധനം മൂലം വാഹനങ്ങൾക്ക് വ്യാപകമായി തകരാർ സംഭവിപ്പിക്കുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ നിറയുകയാണ്. ഇതേ തുടർന്ന കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നേരിട്ട് തന്നെ വിശദീകരണവുമായി രംഗത്തു വരികയും ചെയ്തിരിക്കുന്നു. രാജ്യത്ത് ഘട്ടങ്ങളായി നടപ്പിലാക്കിവരുന്ന എഥനോൾ പെട്രോൾ, മൈലേജിൽ നേരിയ വ്യത്യാസം നൽകുമെന്നതൊഴിച്ചാൽ വാഹനങ്ങൾക്ക് യാതൊരുവിധ കേടുപാടുകളും വരുത്തില്ലെന്നാണ് നിതിൻ ഗഡ്കരി അവകാശപ്പെടുന്നത്. എഥനോളിന്റെ കലോറി മൂല്യം പെട്രോളിനേക്കാൾ കുറവായതിനാൽ അത്തരം നേരിയ വ്യത്യാസം സ്വാഭാവികമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എന്താണ് E20 വിവാദം?

ഇന്ത്യയിൽ പെട്രോളിൽ എഥനോൾ കലർത്തുന്നത് വ്യാപകമായതോടെയാണ് ‘E20’ വിവാദം ഉടലെടുത്തത്. 20 ശതമാനം എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുന്നത് മൈലേജ് കുറക്കുമെന്നും എൻജിൻ ഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്തുമെന്നുമാണ് പ്രധാന ആരോപണം. പെട്രോളിൽ എഥനോൾ ചേർത്താൽ 3% മുതൽ 5% വരെ മൈലേജ് കുറയുമെന്ന് സർക്കാർ വൃത്തങ്ങൾ തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും, ഇത് പരിസ്ഥിതിക്ക് നൽകുന്ന ഗുണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്നാണ് വാദം.

എഥനോൾ ബ്ലണ്ട് പെട്രോൾ

എഥനോൾ പെട്രോളുമായി കലർത്തി വരുന്നതിനെയാണ് എഥനോൾ ബ്ലണ്ട് പെട്രോൾ എന്ന് അറിയപ്പെടുന്നത്. എഥനോൾ എന്നത് കരിമ്പ്, ചോളം എന്നിവ പോലുള്ള ധാന്യങ്ങൾ പുളിപ്പിച്ച് അതിൽനിന്ന് വേർതിരിച്ച് എടുക്കുന്ന ഒന്നാണ്. നിറമില്ലാത്ത ഇവ എളുപ്പത്തിൽ കത്തുന്ന വാതകമാണ്. ലഹരി പാനീയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് എഥനോൾ.

എഥനോളും പെട്രോളും തമ്മിലുള്ള ബന്ധം

പല രാജ്യങ്ങളിലും എഥനോൾ ചേർന്ന പെട്രോൾ ആണ് ഉപയോഗിച്ച് വരുന്നത്. ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ, അതായത് ഏകദേശം 88 ശതമാനത്തിലധികം. പ്രതിവർഷം ഏകദേശം 1.8 ബില്യൺ മുതൽ 2 ബില്യൺ ബാരൽ വരെയാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെ ചിലവ് കുറയ്ക്കാനും അതോടൊപ്പം പരിസ്ഥിതി മലിനീകരണം കുറക്കാനുമാണ് കേന്ദ്രസർക്കാർ എഥനോൾ ബ്ലെൻഡിംഗ് ചെയ്യുന്നത്.

2001ൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറച്ചെങ്കിലും രണ്ടു വർഷങ്ങൾക്കുശേഷം 2003ലാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിനുശേഷം 2006 ഇ5 പെട്രോൾ വിൽക്കാൻ നിർദ്ദേശം വന്നു. ഇത് നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലും കേരളമടക്കം 20 സംസ്ഥാനങ്ങളിലുമാണ് ഇ5 പെട്രോൾ വിൽക്കാൻ ഊർജ്ജമന്ത്രാലയം നിർദേശം നൽകിയത്. ഇ5പെട്രോൾ എന്നാൽ 5% എഥനോളും 95% പെട്രോളുമാണ്. 2009ൽ ഇ10 നിലവിൽ വന്നു. അതിന്റെ കൂടെ തന്നെ എത്തനോളിന്റെ ഉത്പാദനവും ഉപയോഗവും വർദ്ധിപ്പിക്കാനുള്ളതും പ്രോത്സാഹിപ്പിക്കുവാനുള്ളതുമായ പല പദ്ധതികളും കേന്ദ്രസർക്കാർ നടപ്പിലാക്കി. അതോടൊപ്പം ബയോ റിഫൈനറികൾ സ്ഥാപിക്കാനും എണ്ണ കമ്പനികൾക്ക് നിർദ്ദേശം നൽകി. എഥനോളിന്റെ വിതരണം ഉറപ്പാക്കാൻ വേണ്ടി 2016 കേന്ദ്രസർക്കാർ ഐ ഡി ആർ ആക്ട് ഭേദഗതി ചെയ്തു. 2018ൽ കർഷകരെയും പുതിയ വ്യവസായകരെയും ഉൾപ്പെടുത്തിക്കൊണ്ട് നാഷണൽ ബയോ ഫ്യൂവൽ പോളിസി കൊണ്ടുവന്നു.

എഥനോളിന്റെ ഉൽപാദനശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ അഞ്ച് വർഷത്തെ പലിശ സബ്സിഡി ഉൾപ്പെടെ ഉൽപ്പാദന കമ്പനികൾക്ക് നൽകുകയുണ്ടായി. 18% ആയിരുന്ന എഥനോളിന്റെ ജി എസ് ടി 5% ആക്കി കുറച്ചു. 2022ൽ ഇ10 രാജ്യത്ത് പൂർണ്ണമായും വിതരണം ചെയ്യാനുള്ള തീരുമാനത്തിലെത്തി. അതായത് 10% എഥനോളും 90% പെട്രോളും. 2024ൽ ഇ15 നിലവിൽ വന്നു. 2026 ഏപ്രിൽ 1 മുതൽ ഇ20 വിതരണം ചെയ്യാനുള്ള നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നു. ഇപ്പോൾ ഇ 85 സ്റ്റേഷനുകൾ ഡൽഹിയിൽ തുടക്കമിട്ടിട്ടുണ്ട്. അതായത് 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും.

ഗുണമോ ദോഷമോ?

രാജ്യം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഹീറോ, സുസുക്കി എന്നീ കമ്പനികൾ ഫ്ലക്സ് ഫ്യാവൽ വെഹിക്കിൾസ് എന്ന പേരിൽ വാഹനങ്ങൾ ഇറക്കാൻ തുടങ്ങിയിട്ടുണ്ട്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനോടൊപ്പം ഈ പെട്രോൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ദോഷമാണോ ഗുണമാണോ എന്നതിനെപ്പറ്റി നടത്തിയിട്ടുള്ള അന്വേഷണത്തിൽ രാജ്യത്ത് പലയിടത്തുനിന്നും പരാതികൾ ഉയർന്നു വരുന്നുണ്ട്. വാഹനങ്ങളുടെ എൻജിൻ തകരാറിലാകുന്നു, മൈലേജ് കുറയുന്നു, പെട്ടെന്ന് സ്പെയർപാർട്സ് തകരാർ സംഭവിക്കുന്നു എന്നിങ്ങനെയാണ് പരാതികൾ. ഇപ്പോൾ ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ പലരും വലിയ രീതിയിൽ വിമർശനം ഉന്നയിച്ചിരിക്കുകയാണ്.

എഥനോൾ പെട്രോളിൻറെ അതി ദ്രുതഗധിയിലുള്ള വികാസനത്തിനു പിന്നിൽ ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്. ആരോപണങ്ങൾ ചെന്നെത്തുന്നത് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിയിലേക്കാണ്. എഥനോൾ ഉൽപാദന കമ്പനികളുടെ തലപ്പത്ത് ഉള്ളത് അദ്ദേഹത്തിന്റെ രണ്ട് മക്കളാണ് എന്നതാണ് അതിൽ പ്രധാനം. ആ കമ്പനികൾക്ക് വേണ്ടിയുള്ള നീക്കമാണോ ഇത് എന്നുള്ള വിമർശനവും ഉയർന്നുവരുന്നു. എന്നാൽ, കേന്ദ്രസർക്കാർ ഈ ആരോപണങ്ങളെല്ലാം തന്നെ നിഷേധിച്ചിരിക്കുകയാണ്.

Related