കാൽപന്തുകളി കേവലമൊരു കായിക വിനോദം മാത്രമല്ല; പലപ്പോഴും അത് അടിച്ചമർത്തപ്പെട്ടവന്റെയും പാർശ്വവൽക്കരിക്കപ്പെട്ടവന്റെയും അതിജീവനത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം കൂടിയാണ്. യൂറോപ്യൻ, ലാറ്റിനമേരിക്കൻ ഫുട്ബോൾ വമ്പന്മാരുടെ കോടിക്കണക്കിന് ഡോളറുകൾ മറിയുന്ന മൈതാനങ്ങളിലേക്ക്, അറ്റ്ലാന്റിക് സമുദ്രത്തിലെ കേപ് വെർദെ (Cape Verde) എന്ന തീരെ ചെറിയൊരു ദ്വീപ് രാജ്യം കടന്നുവരുന്നത് കേവലം ഭാഗ്യം കൊണ്ടല്ല. ചോര നീരാക്കി പൊരുതുന്ന ഒരു പറ്റം കളിക്കാരുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ്. ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിലാദ്യമായി റൗണ്ട് ഓഫ് 32-ൽ പ്രവേശിച്ചുകൊണ്ട് കേപ് വെർദെ എന്ന അഞ്ചര ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യം ഇന്ന് ലോകത്തെ അമ്പരപ്പിക്കുകയാണ്. (നമ്മുടെ തിരുവനന്തപുരം കോർപ്പറേഷൻ്റെ ജനസംഖ്യ പോലുമില്ല).
മൂലധനത്തോട് പൊരുതുന്ന ഫുട്ബോൾ രാഷ്ട്രീയം
ഫുട്ബോളിന്റെ വാണിജ്യവൽകരണവും പണക്കൊഴുപ്പും മൈതാനങ്ങളെ നിയന്ത്രിക്കുന്ന കാലത്താണ് കേപ് വെർദെയുടെ മുന്നേറ്റം എന്നത് ശ്രദ്ധേയമാണ്. സ്പെയിനിന്റെയോ ഉറുഗ്വായുടെയോ ഒരു സൂപ്പർ താരത്തിന്റെ വാർഷിക വരുമാനത്തിന്റെ അടുത്തുപോലും വരില്ല കേപ് വെർദെ ഫുട്ബോൾ അസോസിയേഷന്റെ ആകെ ബജറ്റ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ നിന്നുകൊണ്ട്, കഴിവും പോരാട്ടവീര്യവും മാത്രം കൈമുതലാക്കിയാണ് “നീല സ്രാവുകൾ” (Blue Sharks) എന്ന് വിളിപ്പേരുള്ള അവർ ലോകകപ്പ് വേദിയിലേക്ക് ടിക്കറ്റെടുത്തത്. ആഫ്രിക്കൻ യോഗ്യതാ മത്സരങ്ങളിൽ വൻകരയിലെ വമ്പന്മാരെ അട്ടിമറിച്ചായിരുന്നു അവരുടെ തുടക്കം. ദാരിദ്ര്യവും തൊഴിലില്ലായ്മയും കാരണം ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് കുടിയേറേണ്ടി വന്ന ഒരു ജനതയുടെ പ്രതിനിധികളാണ് കേപ് വെർദെയുടെ ദേശീയ ടീമിലെ പല കളിക്കാരും. യൂറോപ്പിലെ ചെറിയ ലീഗുകളിൽ പന്തുതട്ടുന്ന അവർ, ദേശീയ ജേഴ്സി അണിയുമ്പോൾ പ്രകടിപ്പിക്കുന്നത് തങ്ങളുടെ വേരുകളോടുള്ള അടങ്ങാത്ത ആവേശമാണ്. ഈ വൈകാരികതയാണ് മൈതാനത്ത് അവരുടെ ഊർജ്ജവും.
ഈ ലോകകപ്പ് കേപ് വെർദെയുടെ പോരാട്ടത്തിന്റെ മാത്രമല്ല, വൈകാരികമായ കാഴ്ചകളുടെ വേദികൂടിയാണ്. അവരുടെ കാവൽഭടനായ ഗോൾകീപ്പർ വോസിഞ്ഞയുടെ അമ്മയ്ക്ക് മകന്റെ ചരിത്രനേട്ടം നേരിട്ട് കാണാൻ ആദ്യമത്സരങ്ങളിൽ ഗാലറിയിലെത്താൻ കഴിഞ്ഞിരുന്നില്ല. യൂറോപ്യൻ താരങ്ങൾ സ്വകാര്യ ജെറ്റുകളിൽ പറന്നിറങ്ങുമ്പോൾ, യാത്രാച്ചെലവിന് പണമില്ലാത്തതിനാൽ ആ അമ്മയ്ക്ക് നാട്ടിൽ തന്നെ തുടരേണ്ടി വന്നു. എന്നാൽ, ഫുട്ബോളിന്റെ നന്മ മരിച്ചിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട്, പിന്നീട് സുമനസ്സുകളായ ചിലർ ഇടപെട്ട് അവർക്ക് വിമാന ടിക്കറ്റും യാത്രാസൗകര്യവും ഒരുക്കി നൽകി. ദാരിദ്ര്യത്തെയും പ്രതിസന്ധികളെയും തോൽപ്പിച്ച്, മകനും രാജ്യവും ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് നടന്നുകയറുന്നത് കാണാൻ ആ അമ്മ ഗാലറിയിലെത്തിയ വൈകാരിക നിമിഷം, കാൽപന്തുകളിയിലെ കോർപ്പറേറ്റ് മൂലധനത്തിൻ്റെ അസന്തുലിത്വങ്ങളെ വരച്ചു കാണിക്കുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ കേപ് വെർദെ കാഴ്ചവെച്ച പ്രകടനം ലോകോത്തര നിലവാരത്തിലുള്ളതായിരുന്നു. കേവലം പ്രതിരോധത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ദുർബലരുടെ ശൈലിയായിരുന്നില്ല അവരുടേത്.
സ്പെയിനിനെതിരായ പ്രതിരോധ കോട്ട: ഫിഫ റാങ്കിംഗിൽ രണ്ടാമന്മാരും, ടിക്കി-ടാക്ക ശൈലിയിലൂടെ എതിരാളികളെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്ന സ്പെയിനെ ഗോൾരഹിത സമനിലയിൽ തളച്ചാണ് അവർ വരവറിയിച്ചത്. സ്പാനിഷ് മുന്നേറ്റങ്ങളെ കൃത്യമായ പൊസിഷനിംഗിലൂടെയും ശാരീരിക മികവിലൂടെയും പ്രതിരോധിച്ച കേപ് വെർദെ നിര, വമ്പന്മാർക്ക് മുന്നിൽ പതറില്ലെന്ന് തെളിയിച്ചു. അവരുടെ ഗോൾ കീപ്പർ വോസിഞ്ഞ എന്ന പേരിൽ അറിയപ്പെടുന്ന ജോസിമർ ഡയസ്ൻ്റെ പ്രകടനം അത്യജ്വലമായിരുന്നു.
ഉറുഗ്വായ്ക്കെതിരെ അഴിച്ചുവിട്ട ആക്രമണം: ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വായ്ക്കെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് അവർ 2-2 എന്ന നിലയിൽ സമനില പിടിച്ചെടുത്തത്. പ്രതിരോധത്തിൽ നിന്ന് മിന്നൽ വേഗത്തിൽ കൗണ്ടർ അറ്റാക്കുകളിലേക്ക് മാറിയ കേപ് വെർദെയുടെ വിങ്ങർമാരുടെ പ്രകടനം പ്രശംസനീയമായിരുന്നു. മധ്യനിരയിൽ അവർ പുറത്തെടുത്ത ആത്മവിശ്വാസം ഏവരെയും അത്ഭുതപ്പെടുത്തി.
സൗദിയെ തളച്ച് നോക്കൗട്ടിലേക്ക്: ഏഷ്യൻ ശക്തികളായ സൗദി അറേബ്യക്കെതിരെ ഒരു സമനില മതിയായിരുന്നു അവർക്ക് ചരിത്രം കുറിക്കാൻ. കൃത്യമായ ഗെയിം പ്ലാനോടെ കളത്തിലിറങ്ങിയ അവർ, സൗദിയുടെ ആക്രമണങ്ങളെ നിർവീര്യമാക്കി സ്കോർനില സമനിലയിൽ നിലനിർത്തി നോക്കൌട്ട് യോഗ്യത ഉറപ്പിച്ചു.
ഗോൾ വല കാക്കുന്ന ഗോളി മുതൽ മുന്നേറ്റ നിരയിലെ സ്ട്രൈക്കർ വരെ ഓരോ നിമിഷവും തങ്ങളുടെ ടീമിൻ്റെ അഭിമാനത്തിന് വേണ്ടിയാണ് പൊരുതിയത്. വ്യക്തിഗത മികവുകളേക്കാൾ, ഒരേ മനസ്സോടെ കളിക്കുന്ന ഒരു സംഘത്തിന്റെ കൂട്ടായ്മയാണ് കേപ് വെർദെയുടെ വിജയരഹസ്യം.
ഇനി മുന്നിൽ അർജന്റീന
രാജ്യത്തിന്റെ വലുപ്പവും സാമ്പത്തിക ഭദ്രതയും വെച്ച് നോക്കുമ്പോൾ, റൗണ്ട് ഓഫ് 32-ലെ ഈ പ്രവേശനം സാക്ഷാൽ ലോകകപ്പ് കിരീടം നേടുന്നതിന് തുല്യമാണ് കേപ് വെർദെ ജനതയ്ക്ക്. തെരുവുകളിൽ മോർണ (Morna) സംഗീതത്തിന്റെ താളത്തിൽ അവർ ഈ വിജയം ആഘോഷിക്കുകയാണ്. ഇനി നോക്കൌട്ടിലെ പോരാട്ടത്തിൽ അവരുടെ എതിരാളികൾ സാക്ഷാൽ അർജന്റീനയാണ്.
ഫുട്ബോൾ ഒരു അനിശ്ചിതത്വത്തിന്റെ കലയാണ്. അവിടെ കണക്കുകൾക്കും വിലമതിപ്പുകൾക്കും അപ്പുറം, അന്നത്തെ ദിവസം ആര് മികച്ച കളി പുറത്തെടുക്കുന്നു എന്നതിനാണ് പ്രസക്തി. അർജന്റീനയ്ക്കെതിരെ എന്ത് ഫലം വന്നാലും, ലോക ഫുട്ബോളിന്റെ ഭൂപടത്തിൽ കേപ് വെർദെ തങ്ങളുടെ പേര് സുവർണ്ണ ലിപികളിൽ എഴുതിച്ചേർത്തു കഴിഞ്ഞു. പൊരുതാൻ മനസ്സുണ്ടെങ്കിൽ പണക്കൊഴുപ്പിന്റെ ഏത് വൻമതിലും തകർക്കാൻ കഴിയുമെന്ന് അവർ ലോകത്തിന് കാണിച്ചുതരുന്നു.
നോക്കൌട്ടിലെ പോരാട്ടത്തിൽ കേപ് വെർദെയുടെ എതിരാളികൾ സാക്ഷാൽ അർജന്റീനയാണ്. ഫുട്ബോൾ ഒരു അനിശ്ചിതത്വത്തിന്റെ കലയാണ്. അവിടെ കണക്കുകൾക്കും വിലമതിപ്പുകൾക്കും അപ്പുറം, അന്നത്തെ ദിവസം ആര് മികച്ച കളി പുറത്തെടുക്കുന്നു എന്നതിനാണ് പ്രസക്തി. അർജന്റീനയ്ക്കെതിരെ എന്ത് ഫലം വന്നാലും, ലോക ഫുട്ബോളിന്റെ ഭൂപടത്തിൽ കേപ് വെർദെ തങ്ങളുടെ പേര് സുവർണ്ണ ലിപികളിൽ എഴുതിച്ചേർത്തു കഴിഞ്ഞു. പൊരുതാൻ മനസ്സുണ്ടെങ്കിൽ പണക്കൊഴുപ്പിന്റെ ഏത് വൻമതിലും തകർക്കാൻ കഴിയുമെന്ന് അവർ ലോകത്തിന് കാണിച്ചുതരുന്നു – സജീദ് ഖാലിദ് എഴുതുന്നു.
