August 13 Thursday 2026

യുദ്ധമുനയിൽ പന്തുരുളുന്നു: പശ്ചിമേഷ്യൻ പ്രതിസന്ധിയും ലോകകപ്പിൻറെ രാഷ്ട്രീയവും

ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം 100 ദിവസം പിന്നിടുമ്പോൾ, ലോകം മറ്റൊരു ഫിഫ ലോകകപ്പിന് കൂടി സാക്ഷിയാവുകയാണ്. ഇറാൻ ഇസ്രായേൽ അമേരിക്ക യുദ്ധത്തിനു ഇടയ്ക്കൊരു താൽക്കാലിക യുദ്ധവിരാമം ഉണ്ടായപ്പോൾ ലോകം അല്പമൊന്ന് ആശ്വസിച്ചതാണ്. എന്നാൽ, എന്നെന്നേക്കുമായി യുദ്ധം അവസാനിക്കുന്നതിൻറെ ലക്ഷണമൊന്നും കാണാനില്ലെന്ന് മാത്രമല്ല, പശ്ചിമേഷ്യ കൂടുതൽ കലുഷിതമായി തുടരുകയുമാണ്. മറുവശത്താകട്ടെ, ലോകം മുഴുവൻ കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കം അതിൻറെ ഏറ്റവും വലിയ ലഹരിയിലേക്ക് കടക്കുകയാണ്. ഇനിയുള്ളൊരു മാസം ലോകം ഫുട്ബോൾ ആരാധകരുടെ പറുദീസയാകും. നാടും നഗരവും ഫ്ലക്സുകളും തോരണങ്ങളും കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ജനങ്ങളുടെ ഫുട്ബോൾ ജ്വരത്തിനൊപ്പം വിപണികളും ഉണർന്നു. വാതുവെപ്പുകാരും ഇഷ്ട ടീമുകളുടെ വീതം വെപ്പുകാരും ഫാൻസ് അസോസിയേഷനും. സജീവമായി അരങ്ങ് കീഴടക്കി. പ്രാദേശിക ക്ലബ്ബുകളും കൂട്ടായ്മകളും ഓൺലൈനായും ഓഫ് ലൈനായും ഫുട്ബോൾ ചർച്ചകളും തർക്കങ്ങളിലും മുഴുകുകയാണ്. ഇനി മത്സരങ്ങളുടെ ഉറക്കമില്ലാത്ത രാവുകളാണ്. ഫുട്ബോളിന്റെ ആവേശവും പശ്ചിമേഷ്യയെ ചാരമാക്കുന്ന യുദ്ധഭീതിയും ഒന്നിച്ച് യാഥാർത്ഥ്യമാകുമ്പോൾ ചോര ചിന്തുന്ന യുദ്ധഭൂമിയും പന്തുരുളുന്ന കളിക്കളവും ഒരേസമയം മുന്നോട്ട് പോകുമ്പോൾ ഏറെ പ്രസക്തമാകുന്ന ചില രാഷ്ട്രീയ ചോദ്യങ്ങളും ഒട്ടേറെ നയതന്ത്ര സമസ്യകളുമുണ്ട്.

ലോകകപ്പ് ഫുട്ബോൾ: മൂന്ന് ആതിഥേയ രാജ്യങ്ങൾ, മൂന്ന് നിലപാടുകൾ

മൂന്ന് നോർത്ത് അമേരിക്കൻ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ ആതിഥേയരിൽ കാനഡയും മെക്സിക്കോയും ഉണ്ടെങ്കിലും, അമേരിക്കയുടെ രാഷ്ട്രീയവും നയതന്ത്ര നിലപാടുകളുമാണ് കളിയെയും കാര്യത്തെയും (യുദ്ധത്തെയും) ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ പോകുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം നിർത്താനും തുടരാനും അമേരിക്കൻ ഇടപെടലുകൾ മാത്രം മതിയാകും; ഇസ്രായേലിനെ തടയാൻ അമേരിക്കയ്ക്ക് മാത്രമേ സാധിക്കൂ എന്നതാണ് യാഥാർത്ഥ്യം. അമേരിക്കയുടെ ഒരു ചെറിയ രാഷ്ട്രീയ നീക്കം പോലും കളിമുടക്കാൻ പോന്നതാണ് എന്നതിനാൽ ഈ ലോകകപ്പിൻറെ ഭാവി നിശ്ചയിക്കുക അമേരിക്ക എടുക്കുന്ന തീരുമാനങ്ങളായിരിക്കും എന്നുറപ്പാണ്. കാനഡ പരമ്പരാഗതമായി അമേരിക്കയുടെയും ഇസ്രായേലിന്റെയും സഖ്യകക്ഷിയാണെങ്കിലും, ഈ യുദ്ധത്തിൽ അവർ അല്പം മാറിനിന്നുള്ള, സമതുലിതമായ ഒരു നിലപാടാണ് സ്വീകരിച്ചത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകൾ വേണമെന്ന വാദത്തിൽ അവർ ഉറച്ചുനിന്നു. എന്നാൽ മെക്സിക്കോ എക്കാലത്തും അന്താരാഷ്ട്ര തർക്കങ്ങളിൽ നിഷ്പക്ഷത പാലിക്കുന്ന രാജ്യമാണ്. മറ്റൊരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല എന്ന വിദേശനയമാണ് അവർ തുടരുന്നത്. സാമ്പത്തികമായും കായികമായും ലോകകപ്പ് വൻ വിജയമാക്കുക എന്നത് മാത്രമാണ് മെക്സിക്കോയുടെ നിലവിലെ ലക്ഷ്യം. അതുകൊണ്ടുതന്നെ യുദ്ധത്തിൻറെ പേരിൽ കളിയോ കളിക്കാരോ മുടങ്ങുന്നതിനോട് മെക്സിക്കോയ്ക്ക് ഒട്ടും താല്പര്യമില്ല.

വൻശക്തി രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ഉണ്ടാക്കിയ യുദ്ധവിരാമ കരാറുകൾ ഇതിനകം പലവുരു ലംഘിക്കപ്പെട്ടിരിക്കുന്നു. ആ താൽക്കാലിക ശാന്തത യുദ്ധത്തിൻറെ അതിതീക്ഷ്ണതയ്ക്ക് വീണ്ടും വഴിമാറി. ഇതുവരെയും മറ്റൊരു മുഴുനീള ആഗോള യുദ്ധമായി മാറിയിട്ടില്ലെങ്കിലും ഇറാനിലും ഇസ്രായേലിലും ലെബനാനിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും പതിക്കുന്ന മിസൈലുകളും ഡ്രോണുകളും വീണ്ടും ആകാശങ്ങളെ ചിത്രാങ്കണവും, വന്ന് പതിക്കുന്ന ഭൂമിയെ ചോരക്കളവുമാക്കുകയാണ്. ലോകകപ്പ് നടക്കുന്ന വേളയിൽ യുദ്ധം നിർത്തിവെച്ചില്ലെങ്കിൽ അത് കളിയെ മാത്രമല്ല ബാധിക്കാൻ പോകുന്നത്. കളിമണ്ണിൽ നേർക്കുനേരെ പോരാടാൻ തയ്യാറാകുന്ന അമേരിക്കയും ഇറാനും, ഒപ്പം സൗദി അറേബ്യ ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളും ഇറാഖ് ജോർദാൻ തുർക്കി ഉൾപെടെയുള്ള അയൽരാജ്യങ്ങളും കളിക്കാൻ യോഗ്യത നേടി നിൽക്കുമ്പോൾ ഈ ആശങ്കകളുടെ വ്യാപ്തി ഇരട്ടിക്കുകയാണ്.

അമേരിക്കയുടെ കളവും ഇറാൻറെ ഗോളുകളും

ഇറാൻ അമേരിക്കയിൽ പോയി കളിക്കുമോ എന്ന നയതന്ത്ര ചോദ്യത്തേക്കാൾ ഇന്ന് ഫുട്ബോൾ ലോകത്തെ അസ്വസ്ഥമാക്കുന്നത് മറ്റൊന്നാണ് ഒരു രാജ്യത്തിന്റെ ആകാശവും ഭൂമിയും ബോംബുകൾ കൊണ്ട് താണ്ടവമാടുമ്പോൾ, അവിടുത്തെ കളിക്കാർക്ക് എങ്ങനെ സ്വസ്ഥമായി പന്തുരുട്ടാനാകും എന്ന മാനുഷികമായ വസ്തുതയാണത്. അവസാന ലാപ്പിൽ, സ്വന്തം ജനതക്ക് മേൽ ചോരയൊഴുക്കുമ്പോൾ “ഞങ്ങൾ കളിക്കാനില്ല” എന്ന നിലപാടിലേക്ക് ഏതെങ്കിലും രാജ്യം എത്തിയാൽ അത് ലോകകപ്പിൻറെ ചരിത്രത്തെത്തന്നെ മാറ്റിമറിക്കും. അത്തരമൊരു വിയോഗത്തിന് ഈ 2026 ലോകകപ്പ് സാക്ഷിയാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. യുദ്ധഭൂമിയിൽ നിന്ന് കളിക്കളത്തിലേക്ക് എത്തുമ്പോൾ, ഈ ആശങ്കകൾ ഇറാനിന്റേത് മാത്രമാകുന്നില്ല. കോടികൾ മറിയുന്ന കായിക മാമാങ്കം സുഗമമായി നടത്താൻ ആഗ്രഹിക്കുന്ന ഫിഫയ്ക്കും, ഫുട്ബോൾ ലഹരിക്കായി കാത്തിരിക്കുന്ന ആഗോള ജനതയ്ക്കും ഇത് ഒരേപോലെ നെഞ്ചിടിപ്പാണ്. എല്ലാറ്റിനുമുപരി, ചോരപ്പുഴയിൽ നിന്നും ഒരിറ്റു സമാധാനം കാംക്ഷിക്കുന്ന, യുദ്ധക്കെടുതി അനുഭവിക്കുന്ന സാധാരണ മനുഷ്യരുടെ ആത്മവിശ്വാസത്തിന്മേലുള്ള പ്രഹരം കൂടിയാണിത്.

ചരിത്രവും മുൻകാല റെക്കോർഡുകളും അനുസരിച്ച് ഇറാനും അമേരിക്കയും ഒന്നും ലോകകപ്പിന്റെ സെമിഫൈനലോ ഫൈനലോ കാണാൻ സാധ്യതയില്ലെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം കായികപ്രേമികളും. അവരുടെ മനസ്സിൽ ഇപ്പോഴും അർജന്റീനയും ബ്രസീലും ഫ്രാൻസും സ്പെയിനുമൊക്കെയാണ്. എങ്കിലും ഫുട്ബോൾ അത്ഭുതങ്ങളുടെ കളിയാണ്, ഒരുപക്ഷേ ചരിത്രം വഴിമാറുകയും അമേരിക്കൻ മണ്ണിൽ ഇറാൻ അമേരിക്കയെത്തന്നെ അട്ടിമറിച്ച് മുന്നേറുകയും ചെയ്താൽ ആതിഥേയർ അതിനെ വെറുമൊരു ‘സ്പോർട്സ്മാൻ സ്പിരിറ്റിൽ’ മാത്രം ഒതുക്കുമോ? അതുണ്ടാകുന്ന രാഷ്ട്രീയ പ്രകമ്പനങ്ങൾക്ക് ലോകം സാക്ഷിയാകേണ്ടിവരുമൊ, അത് കായിക ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുമൊ? യുക്രൈൻ യുദ്ധത്തിൻറെ പേരിൽ റഷ്യയെ വിലക്കിയ ഫിഫ, അമേരിക്കയുടെ നയതന്ത്ര സമ്മർദ്ദങ്ങൾക്ക് മുന്നിൽ വീണ്ടും കായിക തത്വങ്ങൾ പണയം വെക്കുമോ എന്നെല്ലാം കണ്ടറിയണം.

അമേരിക്കക്ക് കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ

ഇത്രയൊക്കെ ആഗോള സ്വാധീനമുണ്ടായിട്ടും, ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്ക ഈ യുദ്ധത്തിൽ ഇസ്രായേലിന് എല്ലാവിധ ആയുധങ്ങളും നൽകി തന്ത്രപരമായ പിന്തുണയും നൽകിയെങ്കിലും, നേരിട്ടൊരു സൈനിക ഇടപെടലിന് മുതിരുകയുണ്ടായില്ല. അതിന് പിന്നിൽ വ്യക്തമായ ചില കാരണങ്ങളുണ്ട്. അമേരിക്കയുടെ ഏതൊരു നേരിട്ടുള്ള സൈനിക നീക്കവും ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന ഭീതി നിലനിൽക്കുന്നു. ഇറാനെ നേരിട്ട് ആക്രമിച്ചാൽ അത് റഷ്യ, ചൈന തുടങ്ങിയ വൻശക്തികളെക്കൂടി യുദ്ധത്തിലേക്ക് വലിച്ചിഴച്ചേക്കാം. പശ്ചിമേഷ്യയിലെ ഒരു പൂർണ്ണ യുദ്ധം ആഗോള എണ്ണവില ഇനിയും കുതിച്ചുയരാൻ കാരണമാകും. ഇത് ആഗോള വിപണിയെ മാത്രമല്ല, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും തകിടം മറിക്കും. ഒപ്പം വിയറ്റ്നാം, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ മുൻകാലങ്ങളിൽ നേരിട്ട് യുദ്ധത്തിനിറങ്ങി തിരിച്ചടിയേറ്റ ചരിത്രം യുഎസ്സിനെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. മാത്രമല്ല, അമേരിക്കൻ ഭരണഘടനയനുസരിച്ച് ഒരു രാജ്യത്തിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം യുഎസ് കോൺഗ്രസിനാണ്. എന്നിരുന്നാലും, ഡോണാൾഡ് ട്രംപിന്റെ കാര്യത്തിൽ കോൺഗ്രസിനെ പൂർണ്ണമായി ഭയന്ന് പ്രസിഡന്റ് കൈയും കെട്ടിയിരിക്കുമെന്ന് പറയാനാകില്ല. എന്നാൽ, ഒരു വലിയ യുദ്ധത്തിലേക്ക് പോകുമ്പോൾ കോൺഗ്രസിന്റെയും ജനങ്ങളുടെയും പിന്തുണയില്ലാതെ മുന്നോട്ട് പോകുന്നത് രാഷ്ട്രീയമായി വലിയ ആത്മഹത്യയായിരിക്കും. പ്രത്യേകിച്ച് തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യങ്ങളിൽ കോൺഗ്രസിലെ പ്രതിപക്ഷം ഇതൊരു വലിയ ആയുധമാക്കും. അതുകൊണ്ട് തന്നെ കോൺഗ്രസിനെ ഭയന്നിട്ടല്ല, മറിച്ച് തന്ത്രപരമായ കാരണങ്ങളാലാണ് അമേരിക്കൻ പ്രസിഡന്റ് ഒരു നേരിട്ടുള്ള യുദ്ധപ്രഖ്യാപനത്തിൽ നിന്ന് മാറിനിൽക്കുന്നത് എന്ന് വേണം കരുതാൻ.

‘കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ’ എന്ന അവസ്ഥയിലാണ് ഇപ്പോൾ അമേരിക്ക. യുദ്ധത്തിൽ ഇസ്രായേലിനെ പിന്തുണയ്ക്കണം, എന്നാൽ സ്വന്തം ജനതയുടെ പൂർണ്ണ പിന്തുണ അതിനില്ല. തുടങ്ങിയ യുദ്ധം ജയിക്കാനുമാകുന്നില്ല, അവസാനിപ്പിക്കാനും കഴിയുന്നില്ല. നിലവിലെ സാഹചര്യത്തിൽ ഒരു ശാശ്വത പരിഹാരം ഏറെ വിദൂരതയിലാണ്. ഇതൊരു പ്രാദേശിക പോരാട്ടമല്ല, മറിച്ച് ദശാബ്ദങ്ങളായുള്ള നിഴൽയുദ്ധത്തിന്റെ (Shadow War) നേരിട്ടുള്ള സ്ഫോടനാത്മകമായ രൂപമാണ്. യുദ്ധം അടിയന്തരമായി നിർത്താത്ത പക്ഷം ഇറാൻ ഇസ്രായേലിനോടൊപ്പം ഗൾഫ് രാജ്യങ്ങളെയും ലക്ഷ്യമിടുന്നു. ഇസ്രായേലാകട്ടെ ഇറാനെ മാത്രമല്ല ലെബനാൻ, ഫലസ്തീൻ, യമൻ തുടങ്ങിയ രാജ്യങ്ങളെയും ആക്രമിക്കുന്നു. ഇരുരാജ്യങ്ങൾ തമ്മിലുള്ള പോര് എന്നത് ഒരു പറ്റം രാജ്യങ്ങളെ ബാധിക്കുന്ന പശ്ചിമേഷ്യൻ മേഖലയിലെ വലിയൊരു പ്രതിസന്ധിയായി മാറിയിരിക്കുന്നു.

ഇസ്രായേലിന്റെ ആഭ്യന്തര രാഷ്ട്രീയവും നയതന്ത്രപരവുമായ തർക്കങ്ങളാൽ നെതന്യാഹുവിനും വലിയ സമ്മർദ്ദമുണ്ട്. അമേരിക്കൻ ജനത യുദ്ധം നിർത്താൻ ആവശ്യപ്പെട്ട് നടത്തിയ വൻ റാലികളും അതിലെ ജനപങ്കാളിത്തവും നാം കണ്ടതാണ്. ട്രംപിന് യുദ്ധത്തിൽ വലിയ ജനപിന്തുണയില്ല എന്നതാണ് വസ്തുത എന്നിരിക്കെ, അമേരിക്കൻ കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധവുമായി ഇനി മുന്നോട്ട് പോകാൻ ഒട്ടും സാധിക്കുകയുമില്ല. ഇവിടെയാണ് രാഷ്ട്രീയത്തിന്റെ ഈ ചതുരംഗക്കളി കായികലോകത്തിന്റെ നെഞ്ചിടിപ്പായി മാറുന്നത്. വൈറ്റ് ഹൗസിലെയും യുഎസ് കോൺഗ്രസിലെയും ഈ രാഷ്ട്രീയ തർക്കങ്ങളും തീരുമാനങ്ങളുമാണ് കിലോമീറ്ററുകൾക്കപ്പുറം അമേരിക്കൻ മണ്ണിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിൻറെ ഭാവിയും നിശ്ചയിക്കാൻ പോകുന്നത്. യുദ്ധത്തിന്റെ കരിനിഴലിൽ ഒരൊറ്റ പന്ത് പോലും സുരക്ഷിതമായി ഉരുളില്ലെന്ന യാഥാർത്ഥ്യം കായികലോകം ഭീതിയോടെ തിരിച്ചറിയുന്നു.

പശ്ചിമേഷ്യയെ ചോരപ്പുഴയാക്കുന്ന യുദ്ധഭൂമിയും നോർത്ത് അമേരിക്കൻ മണ്ണിൽ പന്തുരുളുന്ന കളിക്കളങ്ങളും ഒരേസമയം യാഥാർത്ഥ്യമാകുമ്പോൾ, ലോകം സാക്ഷിയാകുന്നത് ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ കളിയും കാര്യവും ഒന്നിക്കുന്ന കായിക-രാഷ്ട്രീയ സന്ധിഭേദങ്ങൾക്കാണ്. ഒരു വശത്ത് കോടികൾ മറിയുന്ന വിപണിയും ഗാലറികളിലും മതസരക്കളങ്ങളിലും ഫുട്ബോൾ ലഹരിയും അണപൊട്ടുമ്പോൾ, മറുവശത്ത് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും സമാധാനവുമാണ് യുദ്ധമുനകളിൽ ഹോമിക്കപ്പെടുന്നത്. കായികരംഗത്തിന് രാഷ്ട്രീയമില്ലെന്ന് ഫിഫ പ്രഖ്യാപിക്കാറുണ്ടെങ്കിലും, അധികാരം നിലനിർത്താനുള്ള വൻശക്തികളുടെ ഈ ചതുരംഗക്കളിയിൽ കളിക്കളങ്ങളും പലപ്പോഴും രാഷ്ടീയ നിഴൽയുദ്ധങ്ങളുടെ വേദിയാകാറുണ്ട്. ലോകകപ്പ് ഫുട്ബോളിൻറെ ചരിത്രത്തിലേക്ക് ഈ 2026 എന്ന വർഷം കറുത്ത അക്ഷരങ്ങളാൽ എഴുതപ്പെടുമോ, അതോ ചോരക്കറയുള്ള തോക്കുകളുടെ അട്ടഹാസങ്ങളെ മറികടന്ന് സ്പോർട്സ്മാൻ സ്പിരിറ്റിന്റെയും മാനവികതയുടെയും പുതിയൊരു സമാധാന പാഠം ലോകം ഇവിടെ കുറിക്കുമോ എന്ന് വരും ദിവസങ്ങൾ തെളിയിക്കും. ഏതായാലും, ഗാലറികളിലെ ആരവങ്ങൾക്കിടയിലും പശ്ചിമേഷ്യയിലെ സാധാരണ മനുഷ്യരുടെ നെഞ്ചിടിപ്പ് ലോകകപ്പിൻറെ ആവേശത്തിനുമേൽ ഒരു കരിനിഴലായി അവശേഷിക്കുക തന്നെ ചെയ്യും. എന്തൊക്കെയായാലും കളി ഒരിക്കലും കാര്യമാകരുത്. കാര്യം (യുദ്ധം) ഒരിക്കലും ഒരു കളിയുമാകരുത്..

 

 

 

 

Related