ഫിഫ സംഘടിപ്പിച്ച ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും വേറിട്ടതും ചർച്ചാവിഷയവുമായ ഒരു അധ്യായമായാണ് അവസാനമായിരിക്കുന്നത്. കായികലോകത്തെ ഏറ്റവും വലിയ മാമാങ്കത്തെ കേവലം ഒരു ഫുട്‌ബോൾ ടൂർണമെന്റ് എന്നതിലുപരി, വൻകിട ബിസിനസ്സും വിനോദവും സമന്വയിപ്പിച്ച ഒരു ‘അമേരിക്കൻ സ്‌പോർട്‌സ് കാഴ്ചയായി’ മാറ്റാൻ ഇത്തവണ ഫിഫയ്ക്കായി.
മത്സരങ്ങൾക്ക് മുന്നോടിയായുള്ള സൈനിക വിമാനങ്ങളുടെ ഫ്‌ലൈഓവറുകൾ, ഡാളസ് കൗബോയ്‌സ് ചിയർലീഡർമാർ, സെലിബ്രിറ്റികളുടെ വൻ നിര, അമിതമായ പണക്കൊഴുപ്പ് എന്നിവയാൽ 39 ദിവസം നീണ്ടുനിന്ന ഈ പോരാട്ടം ശ്രദ്ധേയമായി. എന്നാൽ ലോകകപ്പ്് അവസാനിക്കുമ്പോൾ ഫുട്‌ബോൾ ലോകം ഉറ്റുനോക്കുന്നത് ഒരേയൊരു ചോദ്യത്തിലേക്കാണ്. ലോകകപ്പിലെ ഈ മാറ്റങ്ങൾ താൽക്കാലികമായിരുന്നോ, അതോ ഫുട്‌ബോളിന്റെ ഭാവി രീതി ശാശ്വതമായി മാറിക്കഴിഞ്ഞോ?
ടിക്കറ്റ് വിൽപ്പനയും കച്ചവട തന്ത്രങ്ങളും
ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ വിവാദമായത് ഫിഫയുടെ ടിക്കറ്റ് നയങ്ങളാണ്. ടിക്കറ്റ് വാങ്ങാനുള്ള മുൻകൂർ അവകാശങ്ങൾ വിറ്റും, പല ഘട്ടങ്ങളിലായി തുക വർധിപ്പിച്ചും റെക്കോർഡ് ഉയർന്ന വിലയ്ക്കാണ് ഫിഫ ഇത്തവണ ടിക്കറ്റുകൾ വിറ്റഴിച്ചത്. ഇത് ലോകകപ്പ് കാണാനാഗ്രഹിക്കുന്ന ഫുട്‌ബോൾ പ്രേമികളെ ചൊടിപ്പിച്ചിരുന്നു.
അമേരിക്കയിലെ നിയന്ത്രണങ്ങളില്ലാത്ത ടിക്കറ്റ് പുനർവിൽപ്പന വിപണിയെ ഇൻഫാന്റിനോ നയിക്കുന്ന ഫിഫ പൂർണ്ണമായി പ്രയോജനപ്പെടുത്തി. സ്വന്തമായി റീസെയിൽ പ്ലാറ്റ്ഫോം തുടങ്ങി ഓരോ ടിക്കറ്റ് വിൽപ്പനയിൽ നിന്നും 30% വിഹിതമാണ് ഫിഫ കമീഷനായി കൈക്കലാക്കിയത്. ഇതിനെതിരെ അമേരിക്കയിലും യൂറോപ്പിലും ശക്തമായ പ്രതിഷേധങ്ങളും ഉയർന്നു. എന്നാൽ, ഈ ഉയർന്ന വരുമാനം 211 അംഗ രാജ്യങ്ങളിലെ ‘ഫോർവേഡ് പ്രോഗ്രാം’ വഴി ഫുട്‌ബോൾ വളർച്ചയ്ക്കായി വിനിയോഗിക്കുമെന്നാണ് ഫിഫ നൽകുന്ന വിശദീകരണം.
അതെസമയം 2030-ൽ സ്‌പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവിടങ്ങളിലാണ് അടുത്ത ലോകകപ്പ് നടക്കുന്നത്. ഈ രാജ്യങ്ങളിൽ ടിക്കറ്റ് പുനർവിൽപ്പനയ്ക്ക് കർശനമായ നിയമങ്ങളുള്ളതിനാലും സാമ്പത്തിക സ്ഥിതി വ്യത്യസ്തമായതിനാലും അടുത്ത ലോകകപ്പിൽ ടിക്കറ്റ് നിരക്കുകൾ 2026-ലേതിനേക്കാൾ കുറയാനും സാധ്യതയുണ്ട്.
‘ഹൈഡ്രേഷൻ ബ്രേക്കുകൾ’
മത്സരത്തിനിടയിലെ വാട്ടർ ബ്രേക്കുകൾ അല്ലെങ്കിൽ ഹൈഡ്രേഷൻ ബ്രേക്കുകളാണ് മെതാനത്ത് നേരിട്ടുണ്ടായ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ബാസ്‌കറ്റ്‌ബോൾ, അമേരിക്കൻ ഫുട്‌ബോൾ എന്നിവയിലെ ‘ക്വാർട്ടറുകൾ’ പോലെ തോന്നിപ്പിക്കുന്ന രീതിയിലാണ് ഓരോ പകുതിയിലും മത്സരങ്ങൾ നിർത്തിവെച്ച് ഈ ബ്രേക്കുകൾ നൽകിയത്. എയർ കണ്ടീഷൻ ചെയ്ത റൂഫുള്ള സ്റ്റേഡിയങ്ങളിൽ വരെ ഇത്തരം ഇടവേളകൾ നിർബന്ധമാക്കിയത് കളിയുടെ സ്വാഭാവിക ഒഴുക്കിനെയും വേഗതയെയും ബാധിച്ചുവെന്ന് ശക്തമായ വിമർശനമുയർന്നു. ഇത് കളിക്കാരുടെ ആവേശം തണുപ്പിക്കാനും പരിശീലകർക്ക് തന്ത്രങ്ങൾ മാറ്റാനും വഴിയൊരുക്കി. കളിക്കാരുടെ ആരോഗ്യ സംരക്ഷണവും എല്ലാവർക്കും സമഗ്രമായ മത്സര സാഹചര്യവും ഉറപ്പാക്കാനാണ് ഈ തീരുമാനമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കിയെങ്കിലും, ഭാവിയിൽ സംപ്രേക്ഷണാവകാശമുള്ള ചാനലുകൾക്ക് കളിമധ്യേ പരസ്യങ്ങൾ കാണിക്കാനുള്ള അവസരം ഇത് തുറന്നുനൽകുന്നുണ്ട്. 2030-ലെ ടൂർണമെന്റിലും 2034-ൽ സൗദി അറേബ്യയിൽ നടക്കുന്ന ലോകകപ്പിലും ചൂട് പ്രധാന വില്ലനാകുന്നതിനാൽ ഹൈഡ്രേഷൻ ബ്രേക്കുകൾ ഭാവിയിലും തുടരാൻ തന്നെയാണ് സാധ്യത കാണുന്നത്.
ഹാഫ് ടൈം ഷോകളും വിനോദ മാമാങ്കങ്ങളും
അമേരിക്കൻ ‘സൂപ്പർ ബോൾ’ മാതൃകയിൽ ലോകകപ്പ് ഫൈനലിന്റെ ഇടവേളയിൽ മഡോണ, ജസ്റ്റിൻ ബീബർ തുടങ്ങിയ വൻതാരങ്ങളെ അണിനിരത്തി നടത്തിയ സംഗീത പരിപാടികളാണ് ഫുട്‌ബോൾ പ്രേമികളെ അമ്പരപ്പിച്ചത്. സാധാരണയായി 15 മിനിറ്റ് നീളുന്ന ഹാഫ് ടൈം ഇടവേള ഇത്തരം പ്രകടനങ്ങൾ കാരണം 27 മിനിറ്റിലധികമായി നീണ്ടുപോയി. സ്റ്റേഡിയങ്ങൾക്കുള്ളിൽ കളിക്ക് മുൻപ് യു.എസ് ദേശീയ ഗാനാലാപനം, ലൈവ് ഡീജെ, ‘ഫാൻ കാമുകൾ’, കാണികളുടെ ശബ്ദപരിധി അളക്കുന്ന ഡെസിബെൽ മീറ്ററുകൾ എന്നിവ സജ്ജീകരിച്ചിരുന്നു. ഇത് സാധാരണ കാണികളുടെ സ്വാഭാവികമായ ആവേശത്തെയും പാട്ടുകളെയും ബാധിച്ചതായി വിമർശനമുയർന്നു.
സാങ്കേതികമായി വിവാദമായെങ്കിലും, ഫുട്‌ബോൾ സാധാരണ കാണാത്ത പുതിയ വിഭാഗം പ്രേക്ഷകരെയും മറ്റ് ആരാധകരെയും ടൂർണമെന്റിലേക്ക് ആകർഷിക്കാൻ ഇത്തരം ഹാഫ് ടൈം ഷോകൾ സഹായിക്കുന്നുണ്ടെന്നാണ് ഫിഫയുടെ വിലയിരുത്തൽ.
2026-ലെ ലോകകപ്പ് ഫുട്‌ബോളിന്റെ പരമ്പരാഗതമായ ലാളിത്യത്തെ വലിയളവിൽ മാറ്റിമറിച്ചു. കായിക മത്സരങ്ങൾക്കൊപ്പം വൻകിട വിനോദത്തിനും ബിസിനസ്സിനും തുല്യ പ്രാധാന്യം നൽകുന്ന രീതിയിലേക്ക് ഫിഫ വേഗത്തിൽ ചുവടുവെച്ചു. 2030-ൽ യൂറോപ്പിലും ആഫ്രിക്കയിലുമായി ലോകകപ്പ് എത്തുമ്പോൾ പ്രാദേശികമായ ചില മാറ്റങ്ങൾ വന്നേക്കാമെങ്കിലും, 2026 ലോകകപ്പോടെ ആരംഭിച്ച ഈ ‘ബിസിനസ്സ്-എന്റർടെയിൻമെന്റ്’ വിപ്ലവത്തിൽ നിന്ന് ഫിഫ ഇനി പിന്നോട്ട് പോകാൻ സാധ്യതയില്ല.
