(ഖാലിദ് റഹ്മാന്‍ സിനിമകളിലെ പുരുഷത്വ രൂപങ്ങളും ആണ്‍കൂട്ടങ്ങളും – ഭാഗം: 03)
കേരളത്തിന്റെ വിഷ്വല്‍ മീഡിയ സ്‌പെക്ട്രത്തില്‍ വലിയ ഒരു പൊളിറ്റിക്കല്‍ ഷിഫ്റ്റ് ആയിരുന്നു മുഹ്‌സിന്‍ പരാരി എഴുതി സംവിധാനം ചെയ്ത ഏകദേശം പന്ത്രണ്ടു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ നേറ്റീവ് ബാപ്പ എന്ന റാപ് ആല്‍ബം. അഭൂത പൂര്‍വം ആയ വലിയ സ്വീകാര്യത ആ റാപ്പിന് കേരള സമൂഹത്തില്‍ ലഭിച്ചു. മുസ്‌ലിം യുവാക്കളെ തീവ്രവാദികളാക്കുന്ന ഭരണകൂടത്തിനെയും പൊതുബോധത്തിനും എതിരെ ഉള്ള ഒരു അടി ആയിരുന്നു ആ റാപ് വീഡിയോ. മാമുക്കോയ ആ റാപ്പില്‍ അഭിനയിച്ചതോടെ ആ വീഡിയോക്കു പോപ്പുലര്‍ കള്‍ച്ചറില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ഈ വീഡിയോയുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയ സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയും കേരളത്തിലെ പോപ്പുലര്‍ സര്‍ക്കിളില്‍ വലിയ വിജയവും ആയി. സുഡാനി ഫ്രം നൈജീരിയ മുസ്‌ലിം സമുദായം പേറി നടക്കേണ്ടി വരുന്ന ബാധ്യതയായ നന്മ കൂടി ആണ് പൊലിപ്പിച്ചു കാട്ടിയത്. ദേശീയ മുസ്‌ലിമിനു പകരം ഒരു തരം ‘നന്മ’ മുസ്‌ലിമിനെ ആണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്. രണ്ടു വംശങ്ങള്‍ തമ്മിലുള്ള അന്താരാഷ്ട്ര സ്‌നേഹം എന്നൊക്കെ രീതിയില്‍ ആ സിനിമ പ്രകീര്‍ത്തിക്കപ്പെട്ടു. എന്തായാലും ഒറ്റപ്പാലവും കൊച്ചിയും പൊള്ളാച്ചിയും പോലുള്ള ജ്യോഗ്രഫികള്‍ ഭരിച്ച മലയാള സിനിമയില്‍ മലപ്പുറത്തെ ദൃശ്യതകളും വിസിബിള്‍ ആയി തുടങ്ങി. മലപ്പുറം സമം തീവ്രവാദം എന്ന മലയാള സിനിമയുടെ ഭാഷയുടെ സക്കരിയയുടെ സിനിമകള്‍ കെ.എല്‍ പത്ത് തുടങ്ങിയ മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്ത സിനിമകളിലൂടെയും പുതിയ ഭാഷകള്‍ സൃഷ്ടിക്കപ്പെട്ടു.
മുസ്‌ലിം നന്മകളില്‍ നിന്നു വ്യത്യസ്തമായി അടി പ്രമേയമാക്കിയ സിനിമ ആയിട്ടാണ് തല്ലുമാല പുറത്തു വരുന്നത്. പൊതു ഇടങ്ങളായ നിരത്തുകള്‍ തിയേറ്ററുകള്‍ ഉത്സവ പറമ്പുകള്‍ കല്യാണ വീടുകള്‍ എന്നിവിടങ്ങളിലെ പല തരം അടികള്‍ കേരളത്തിലെ ‘നായര്‍’/ക്രിസ്ത്യന്‍ സിനിമകള്‍ എല്ലാം പല കാലങ്ങളായി ഉല്‍പാദിപ്പിച്ചിട്ടുണ്ട്. നരസിംഹം, സ്ഫടികം, കടുവ, അങ്ങനെ നൂറു കണക്കിന് ഉദാഹരണങ്ങള്‍ മറ്റ് പല സ്വത്വങ്ങളില്‍ നിന്നും മലയാള സിനിമയില്‍ നിരത്താവുന്നതുമാണ്. പക്ഷേ, ഈ ഇടങ്ങളില്‍ ഒക്കെ ഉള്ള പല തരം അടികള്‍ മലപ്പുറത്തെ മുസ്‌ലിം മസ്‌കൂലിനിറ്റിയിലൂടെ സിനിമ എന്ന വലിയ മാധ്യമത്തിലൂടെ വെളിത്തരയില്‍ കാണിക്കുന്ന പൊളിറ്റിക്കല്‍ പ്രോസസ് കൂടിയാണ് ഖാലിദ് റഹ്മാന്റെ തല്ലുമാല എന്ന സിനിമ നിര്‍വഹിക്കുന്നത്. മലപ്പുറം എന്ന സ്‌പേസിലെ, ജിംഖാന എന്ന സിനിമയിലെ പോലെ തന്നെ, ഹിന്ദു മുസ്‌ലിം സൗഹൃദങ്ങള്‍, മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ ഉള്ള സംഘര്‍ഷങ്ങള്‍, അടികള്‍, പ്രണയങ്ങള്‍ തുടങ്ങിയവ എല്ലാം കാണിച്ചു കൊണ്ട് തന്നെ, ‘ഞങ്ങള്‍ തീവ്രവാദികള്‍ അല്ല’, ഞങ്ങള്‍ നന്മയുടെ കൂടാരങ്ങല്‍ ആണ് എന്നു നിന്ന് കഥാപ്രസംഗം പറയാതെ മുസ്‌ലിം പുരുഷത്വത്തിന്റെ ആഘോഷങ്ങള്‍ സ്‌ക്രീനിന്റെ വെള്ളി വെളിച്ചത്തില്‍ കാണിച്ചു എന്നതാണ് തല്ലുമാല എന്ന സിനിമയുടെ പ്രത്യേകത. നേറ്റീവ് ബാപ്പ എന്ന റാപ് ആല്‍ബത്തിന് ശേഷം മുസ്‌ലിം റാപ്പിനെ അതി മനോഹരമായ സാധ്യതകല്‍ പ്രണയവും സൗഹൃദവും ഒക്കെ ചാലിച്ച് കൊണ്ട് കാണിച്ചു ആഘോഷിച്ചു എന്നതും ഈ സിനിമയെ മലയാളത്തിലെ വ്യത്യസ്തമായ ഒരു പൊളിറ്റിക്കല്‍ ടെക്സ്റ്റ് കൂടെ ആക്കി മാറ്റുന്നു. പോസ്റ്റ് ഡിജിറ്റല്‍ കാലഘട്ടത്തില്‍ കാര്‍ട്ടൂണ്‍/ആനിമേറ്റഡ് ഇമേജറികള്‍ ഡിജിറ്റലൈസ് ചെയ്തു കൊണ്ട് സിനിമയുടെ ദൃശ്യതയില്‍ അഭിനേതാക്കള്‍ക്കു പുറമെ ആനിമേറ്റഡ് ചിത്രകഥകളുടെ രൂപങ്ങള്‍ ഉപയോഗിച്ച് കൊണ്ട് സിനിമയുടെ ഫോം തന്നെ മാറ്റിക്കൊണ്ടാണ് ഈ ആണത്തങ്ങള്‍ സ്‌ക്രീനില്‍ ആഘോഷിക്കുന്നത്. വ്‌ളോഗിങ്ങിലൂടെ ഡിജിറ്റല്‍ സ്‌പേസില്‍ വിളയാടുന്ന പുതിയ മുസ്‌ലിം പെണ്‍ സ്വത്വങ്ങളെയും കല്യാണി പ്രിയദര്‍ശന്റെ ബീപാത്തു എന്ന കഥാപാത്രത്തിലൂടെ കാണിക്കുന്നു. മുന്‍പു സൂചിപ്പിച്ചത് പോലെ മുസ്‌ലിം സമുദായത്തിലും കാലഘട്ടത്തിന് അനുസരിച്ച് മെറ്റാമോര്‍ഫോസിസ് സംഭവിച്ച പുതിയ ഡിജിറ്റല്‍ കാലത്തെ തലമുറകളെ മുസ്‌ലിം സ്വത്വത്തില്‍ നിന്നു അടയാളപ്പെടുത്തുക എന്ന പോളിറ്റിക്കല്‍ പ്രൊസസിങ് കൂടെ ഈ സിനിമ നടപ്പാക്കുന്നു. തീവ്രവാദി, ബിരിയാണി, ബാങ്ക് വിളി, ദേശീയ മുസ്‌ലിം തുടങ്ങിയ മലയാള സിനിമയിലെ സ്ഥിരം മുസ്‌ലിം ക്ലീഷേകല്‍ ആണ് ഈ സിനിമയിലൂടെ പൊളിഞ്ഞടുങ്ങിയത്. ഇതിലെ വസീം എന്ന കഥാപാത്രം, ഗല്‍ഫില്‍ നിന്നു മടങ്ങി വന്നു പുതുതായി തുടങ്ങാന്‍ പോകുന്ന തിയേറ്റര്‍ കോംപ്ലക്‌സ്/ഷോപ്പിങ് മാള്‍ എന്നിവടങ്ങളില്‍ തന്റെ ഒരു കോഫീ ഔട്‌ലെറ്റ് തുടങ്ങാന്‍ ഒക്കെ പ്ലാന്‍ ഇടുന്നുണ്ട്. ഇവരുടെ സ്വപ്‌നങ്ങല്‍ പോലും ഡിജിറ്റല്‍ എഡിറ്റിങ്ങിന്റെ വേറിട്ട രീതികളിലൂടെ ആണ് ഈ സിനിമ വിഷ്വലൈസ് ചെയ്യുന്നത്. ഗാംഗ്സ്റ്റാര്‍ എന്ന മമ്മൂട്ടി സിനിമയില്‍ മലയാളി സ്വീകരിക്കാതെ പോയ വിഷ്വല്‍ ഗാഫിക്‌സിലെ ആനിമേറ്റഡ് പരീക്ഷണങ്ങല്‍ തല്ലുമാല എന്ന സിനിമയില്‍ പരീക്ഷിച്ചു വിജയിക്കുകയും ചെയ്തു. മാറുന്ന മുസ്‌ലിം മസ്‌കൂലിനിറ്റി മാത്രമല്ലാതെ പുതിയ കാലത്ത് പലതരം എക്‌സ്‌പോഷ്യറുകലയിലൂടെ കിട്ടുന്ന ഡിജിറ്റല്‍ വിഷ്വല്‍ ഫോര്‍മാറ്റിലേക്ക് കൂടെ ഈ സിനിമ പരിവര്‍ത്തനപ്പെടുത്തുന്നതോടെ ഈ സിനിമക്ക് പുതിയ ഒരു സൗന്ദര്യ ശാസ്ത്ര രൂപം കൈവരിക്കുന്നു
അനുരാഗ കരിക്കിന്‍ വെള്ളത്തിലെ രണ്ടു തലമുറയിലെ ആണത്തങ്ങള്‍
ഖാലിദ് റഹ്മാന്റെ അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമ രണ്ടു തലമുറയില്‍പ്പെട്ട ആണത്തങ്ങള്‍-അച്ഛന്റെയും മകന്റെയും കഥാപാത്രങ്ങളെ അവതരിപ്പിച്ച ബിജു മേനോന്റെയും ആസിഫ് അലിയുടെയും കഥാപാത്രങ്ങള്‍-അവരുടെ തലമുറ വ്യത്യാസം ഓര്‍മിച്ചും മറന്നുകൊണ്ടും ഒരു കുടുംബത്തില്‍ പലതരം കൈമാറ്റങ്ങള്‍ നടത്തുന്നുണ്ട്. പ്രണയം, സൗഹൃദം, തുടങ്ങിയ ഇടങ്ങള്‍ ഒക്കെ ഇവര്‍ പരസ്പരം വെച്ചുമാറുകയും ചെയ്യുന്നു. ഇവിടെയും വിവിധ തൊഴില്‍ രൂപങ്ങളിലുള്ള കൂട്ടുകാരെയും കാണാന്‍ കഴിയും. മോട്ടോര്‍ മെക്കാനിക്, ബേക്കറി തൊഴിലാളി പോലുള്ള സ്ഥിരം തൊഴില്‍ രൂപങ്ങളെ സൗബീന്‍ സാഹിറും ശ്രീനാഥ് ഭാസിയും അവതരിപ്പിക്കുമ്പോള്‍ തൊണ്ണൂറുകള്‍ക്കു ശേഷം കേരളത്തില്‍ ബൂം ആയ എഞ്ചിനീയറിങ് ബിരുദം നേടിയ തലമുറകളുടെ പിന്‍തുടര്‍ച്ചക്കാരായ തലമുറ പുതിയ നൂറ്റാണ്ടില്‍ അവര്‍ നേരിടുന്ന തൊഴില്‍ സംഘര്‍ഷങ്ങളും തൊഴിലില്ലായ്മയും സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയും എല്ലാം ഈ സിനിമ സംസാരിക്കുന്നു. പുതിയ കാലത്തെ പ്രണയവും ബ്രേക്ക് അപ്പും അതിനു ശേഷമുള സൗഹൃദവും മുന്നോട്ട് പോക്കും എല്ലാം ഈ സിനിമ വിഷയമാക്കുകയും ചെയ്യുന്നു. അതേസമയം മുന്‍പ് പറഞ്ഞത് പോലെ ഈ സിനിമ മുസ്‌ലിം ആണത്തങ്ങളെയും ദലിത് പുരുഷന്മാരെയും കോളനി വാസികളെയും വംശീയമായ രീതിയില്‍ അപരവത്കരിക്കുകയും ചെയ്യുന്നു. തന്റെ കാമുകിയുമായുള്ള പ്രണയത്തില്‍ നിന്നു പിന്‍ തിരിഞ്ഞതിന് ശേഷം അവളുടെ അപ്പന്റെ കൂടെ ഇരുന്നു മദ്യപിക്കുന്ന ആസിഫലിയുടെ കഥാപാത്രവും അത്തരം സീനുകളും രണ്ടായിരത്തിന് ശേഷം രൂപമാറ്റം വന്ന പാരന്റിങ് തലമുറകളുടെ ഒരു ദ്രവ്യ സ്വഭാവവും കാണിക്കുന്നു.
ആണത്ത രൂപങ്ങളുടെ ജ്യോഗ്രഫിക്കല്‍ ട്രാന്‍സ്ഫര്‍മേഷന്‍
“എനിക്ക് നാട്ടിന്‍ പൂറത്തിന്റെ നൊസ്റ്റാള്‍ജിയ ഒന്നുമില്ല” എന്നു പഴയ ഒരു ആഭിമുഖത്തില്‍ ഈ ലേഖകനോട് പറഞ്ഞ അമല്‍ നീരദ് മലയാള സിനിമയിലെ ഒറ്റപ്പാലം മലയാളി ആണത്തങ്ങളില്‍ നിന്നും പൊള്ളാച്ചി ആണത്തങ്ങളില്‍ നിന്നു കൊണ്ടുമൊക്കെ വിഘടിച്ചു കൊണ്ടാണ് ബിഗ് ബി എന്ന സിനിമയില്‍ ഒരു കൂട്ടം പുതിയ ആണത്ത രൂപങ്ങളെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ മലയാളിയുടെ പൊതുസമൂഹത്തിലെ ജേര്‍ണി പരിശോധിക്കുമ്പോള്‍ മലയാള സമൂഹത്തിന്റെ ഒരു ട്രാന്‍സ്ഫര്‍മേഷന്റെ ചരിത്രവും കാണുവാന്‍ കഴിയും. രണ്ടായിരത്തി ഏഴില്‍ പുറത്തിറങ്ങിയ ഈ സിനിമ അന്നത്തെ പോപ്പുലര്‍ കള്‍ച്ചറില്‍ വലിയ വിജയമായില്ലെങ്കിലും കാല ക്രമേണ ‘ബിലാലും പിള്ളേരും’ എന്ന രീതിയില്‍ മലയാളി സമൂഹത്തില്‍ ഒരു കള്‍ട്ട് സ്റ്റാറ്റസ് നേടി എടുക്കുകയായിരുന്നു. കേരളത്തിന് പുറത്തുള്ള ആണത്ത രൂപങ്ങളോട് തുറവി കാട്ടിയ പുതിയ തലമുറ രൂപപ്പെട്ടത് കൊണ്ടാകാം പിന്നീട് ആ സിനിമയ്ക്ക് ഇത്രയധികം ആരാധകരുണ്ടാവുകയും ആ സിനിമ അത്രയധികം മലയാളികള്‍ ആഘോഷിക്കുകയും ചെയ്തത്. രണ്ടായിരത്തി ഇരുപത്തി അഞ്ച് ആകുമ്പോഴേക്കും മലയാളി/പുതു തലമുറ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഒരു മമ്മൂട്ടി സിനിമ ബിഗ് ബി യുടെ രണ്ടാം ഭാഗം ആയിരിക്കും. അമല്‍ നീരദ് ഈ സിനിമ അനൌണ്‍സ് ചെയ്യുകയും പിന്നീട് അത് നടക്കാതിരുന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അക്രമം നേരിടുന്ന അവസ്ഥ കൂടെ ഉണ്ടായിട്ടുണ്ട്. മമ്മൂട്ടിയുടെ അറ്റയറുകള്‍, വോയിസ് മോഡുലേഷന്‍, ഒട്ടും ‘മലയാളിത്ത’മില്ലാത്ത പുരുഷത്തം, കൊച്ചിയിലെ ജ്യോഗ്രഫി തുടങ്ങിയവ മലയാളി പതുക്കെ സ്വീകരിച്ചു തുടങ്ങി. ഇത്തരം മലയാള സിനിമയിലെ ജ്യോഗ്രഫിക്കല്‍ ഷിഫ്റ്റുകളെയും അവ രൂപപ്പെടുത്തുന്ന പുരുഷത്തങ്ങളെ ആഘോഷിക്കപ്പെടുമ്പോള്‍ കൂടി ആണ് മലയാളി ഈ സിനിമകളെ/സിനിമക്കാരെ മട്ടാഞ്ചേരി മാഫിയ എന്നൊക്കെ വിളിക്കുന്നത്. മോഹന്‍ലാല്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും അവതരിപ്പിച്ച നായര്‍ പുരുഷത്തങ്ങളെ ബ്രേക്ക് ചെയ്തു കൊണ്ടാണ് കൊച്ചി പശ്ചാത്തലമാക്കി വരുന്ന ഛോട്ടാ മുംബൈ എന്ന സിനിമയിലെ ഹെറോയിക് ആയി ആഘോഷിക്കുന്ന ‘തല’ എന്ന കോളനിയിലെ ഒരു കഥാപാത്രം രൂപപ്പെടുത്തുന്നത്. അത്തരത്തിലുള്ള വിഘടനങ്ങളും മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്.
രഞ്ജി പണിക്കര്‍ മുതല്‍ ഖാലിദ് റഹ്മാന്‍ വരെ: മലയാള സിനിമയിലെ ആണത്ത രൂപങ്ങളുടെ സഞ്ചാരം
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ഇറങ്ങിയ രഞ്ജി പണിക്കര്‍ ഷാജി കൈലാസ് സിനിമകളിലെ ആണത്ത രൂപങ്ങളേയും ഈ ഘട്ടത്തില്‍ പരിശോധിക്കാവുന്നതാണ്. മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവര്‍ നായക വേഷങ്ങള്‍ കെട്ടി ആടിയ തലസ്ഥാനം, കമ്മീഷണര്‍, ദി കിങ് തുടങ്ങിയ സിനിമകള്‍ ആയിരിക്കാം ഒരു പക്ഷേ കേരളത്തില്‍ ഐ.വി ശശിക്ക് ശേഷം മലയാളികള്‍ ഏറ്റവും കൂടുതല്‍ സ്വീകരിച്ച രാഷ്ട്രീയ സിനിമകള്‍. നക്‌സലിസത്തില്‍ നിന്നു രക്ഷപ്പെട്ട, പഴയ ഇടതുപക്ഷ ബാക്ക് ഗ്രൗണ്ടുകല്‍ ഉള്ള നായര്‍/ക്രിസ്ത്യന്‍ യുവത്വങ്ങള്‍ ഐപിഎസ്/ഐഎഎസ് ഉദ്യോഗസ്ഥരായ ഈ നായക വേഷങ്ങല്‍ അന്നത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ശരിക്കും വലിച്ചു കീറി ഭിത്തിയില്‍ ഒട്ടിച്ചു. ദി കിങ് എന്ന സിനിമയിലെ കോണ്‍ഗ്രസ് വിമര്‍ശനം താങ്ങാനാകാതെ ആ സിനിമയിലെ എ.കെ ആന്റണിയെയും കെ.എം മാണിയെയും മറ്റും ആക്രമിക്കുന്നു എന്നു തോന്നിക്കുന്ന ചില ഡയലോഗുകളുടെ ഭാഗങ്ങള്‍ പിന്നീട് വെട്ടിമാറ്റപ്പെടുക പോലും ഉണ്ടായി. രഞ്ജി പണിക്കരുടെ തന്നെ പത്രം എന്ന സിനിമ പുറത്തിറങ്ങാതിരിക്കാന്‍ കേരളത്തിലെ പത്രമാധ്യമങ്ങള്‍ ശ്രമിച്ച കഥയും രഞ്ജി പണിക്കര്‍ പറയുന്നുമുണ്ട്. സിവില്‍ സമൂഹത്തെ ദേശീയതക്കു വേണ്ടി രക്ഷിക്കുന്ന ഉദ്യോഗസ്ഥ രൂപങ്ങളെ ആണ് മമ്മൂട്ടിയും സുരേഷ് ഗോപിയും ഈ സിനിമകളില്‍ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ താര ശരീരം ഇത്തരം സിനിമകളുടെ ഭാഗം ആയിരുന്നില്ല എന്നതും ഒരു പ്രത്യേകത ആയിരുന്നു. പിന്നീട് പ്രജ എന്ന രഞ്ജി പണിക്കരുടെ രാഷ്ട്രീയ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചെങ്കിലും ആ സിനിമ മലയാളത്തിലെ പോപ്പുലര്‍ കള്‍ച്ചറില്‍ സ്വീകരിക്കപ്പെട്ടില്ല. രഞ്ജി പണിക്കരുടെ ഡയലോഗുകളുടെ മീറ്ററുകള്‍ തനിക്ക് വഴങ്ങില്ല എന്നു മോഹന്‍ലാല്‍ പറഞ്ഞിട്ടുമുണ്ട് എന്നു രഞ്ജി പണിക്കര്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ഈ സിനിമകളിലും രഞ്ജി പണിക്കര്‍ തന്റെ ഡയലോകുകളിലൂടെ (സാര്‍ വടിക്കും, സാറിന്റെ പഴയ പണി-തലസ്ഥാനം) കീഴാളമായ തൊഴില്‍ രൂപങ്ങളെ, മുസ്‌ലിം ഐഡന്റിറ്റികളെ ആക്രമിക്കുകയും ചെയതു. സ്ഥലത്തെ പ്രധാന പയ്യന്‍സ് എന്ന സിനിമയിലൂടെ ജഗദീഷിന്റെ പുരുഷത്തം ഒരു കോളനിയില്‍ നിന്നു മന്ത്രി പദത്തിലേക്ക് ഉയരുന്ന വേറെ ഒരു രൂപത്തില്‍ പ്രതിഷ്ടിച്ചെങ്കിലും ദേശീയതക്കു വേണ്ടി നിലകൊള്ളുന്ന ഒരു പട്ടാളക്കാരന്റെ വേഷത്തില്‍ സുരേഷ് ഗോപിയെയും ആ സിനിമയില്‍ പ്രതിഷ്ഠിച്ചു.
പക്ഷേ, ഈ സിനിമകളില്‍ അഭിനയിച്ച സുരേഷ് ഗോപിയും മമ്മൂട്ടിയും പിന്നെ മോഹന്‍ലാലും അതേ കാലങ്ങളിലും അതിനു ശേഷവും വളരെ തുറന്ന ഹിന്ദുത്വ ആര്‍.എസ്.എസ് രാഷ്ട്രീയം സംസാരിക്കുന്ന സിനിമകളുടെ ഭാഗമായി. ആറാം തമ്പുരാന്‍, രുദ്രാക്ഷം, വല്യേട്ടന്‍, മഹാത്മാ തുടങ്ങിയ സിനിമകള്‍ അവയ്ക്ക് ഉദാഹരണങ്ങളുമാണ്. ഇവ തൊണ്ണൂറുകളുടെ ആദ്യം തന്നെ ധ്രുവം പോലുള്ള സിനിമകളില്‍ തുടങ്ങുകയും ചെയ്തിരുന്നു. ജയരാജിന്റെ പൈതൃകം പോലുള്ള സിനിമകളില്‍ ഇത്തരം രാഷ്ട്രീയങ്ങളുടെ ഒരു ക്ലൈമാക്‌സിലേക്ക് എത്തുകയും ചെയ്തു. എണ്‍പതുകളിലെ മലയാളി നായര്‍ /നമ്പൂതിരി നായര്‍ മലയാള സ്വരൂപങ്ങളില്‍ നിന്നും ഇത്തരം ഹിന്ദുത്വ ആണ്‍ സ്വരൂപങ്ങളിലേക്ക് മലയാള സിനിമ പോപ്പുലര്‍ കള്‍ച്ചറില്‍ വളര്‍ച്ചയോ കീഴ്മറിയാലോ ഉണ്ടായി. അതിനു പുറമെ മറ്റ് പലതരം വിഘടനങ്ങളും ഉണ്ടായിട്ടില്ല എന്നു നിഷേധിക്കുന്നുമില്ല. പക്ഷേ, കേരളത്തിന്റെ പൊതുബോധത്തില്‍ കള്‍ട്ട് സ്റ്റാറ്റസുകളില്‍ ഈ ഹിന്ദുത്വ സിനിമകളിലെ ആണത്തങ്ങള്‍ നിറഞ്ഞാടി. പക്ഷേ, ഒരു കാലം കഴിഞ്ഞപ്പോള്‍ അവ പ്രേക്ഷകര്‍ക്ക് മടുക്കുകയും ചെയ്തു. സ്റ്റോപ്പ് വയലന്‍സ് എന്ന സിനിമയിലൂടെ പൃഥ്വിരാജ്/വിനായകന്‍, ഋതു എന്ന സിനിമയിലൂടെ ആസിഫ് അലി, ചാപ്പ കുരിശ് എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസന്‍, കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ ഫഹദ് ഫാസില്‍, സൗബീന്‍ സാഹിര്‍, ഷൈന്‍ നിഗം, മാത്യൂ, ഭീഷ്മ പര്‍വം എന്ന സിനിമയിലൂടെ ശ്രീനാഥ് ഭാസി, ഷൈന്‍ നിഗം, പ്രേമം എന്ന സിനിമയിലൂടെ നിവിന്‍ പൊളി, ലീല എന്ന സിനിമയിലൂടെ ജഗദീഷ്, ട്രാഫിക് എന്ന സിനിമയിലൂടെ കുഞ്ചാക്കോ ബോബന്‍, ഉണ്ട എന്ന സിനിമയിലൂടെ മമ്മൂട്ടി, തല്ലുമാല എന്ന സിനിമയിലൂടെ ലുക്കുമാന്‍, ജിംഘാന എന്ന സിനിമയിലൂടെ നസ്‌ലിന്‍/മറ്റുള്ളവര്‍ പുതിയ ആണത്ത രൂപങ്ങളെ മലയാള സിനിമയിലെ സ്‌ക്രീനുകളില്‍ അവതരിപ്പിച്ചു. അവ ഒരോ കാലത്തെയും ഡിജിറ്റല്‍ വികാസത്തിലെയും മലയാളി സമൂഹത്തിലെ കുടുംബ/സാമൂഹിക ബന്ധങ്ങളിലെ മാറ്റങ്ങള്‍ക്കും അനുസരിച്ച് കൊണ്ടുമായിരുന്നു. അത്തരം പുതിയ ആണത്ത രൂപങ്ങളുടെ മാറ്റത്തിലെ പ്രധാനപ്പെട്ടവയാണ് ഖാലിദ് റഹ്മാന്‍ സിനിമകള്‍. അവയുടെ രാഷ്ട്രീയ വായനകള്‍ ഇനി രൂപപ്പെടുകയും ചെയ്യും. അവയില്‍ തന്നെ സിനിമയുടെ ആര്‍ക്കിലും പുരുഷത്ത രൂപങ്ങളും പുതിയ രൂപ മാറ്റങ്ങല്‍ അവതരിപ്പിച്ച സിനിമ കൂടി ആണ് ജിംഘാന.
(അവസാനിച്ചു)
ഖാലിദ് റഹ്മാന്‍ സിനിമകളിലെ പുരുഷത്വ രൂപങ്ങളും ആണ്‍കൂട്ടങ്ങളും – ഭാഗം: 01, 02 വായിക്കാം
ഭാഗം: 01- https://janapakshamonline.com/nazlins-fierce-looks-in-khalid-rahmans-film/
ഭാഗം: 02- https://janapakshamonline.com/mammoottys-dalit-identity-in-unda-and-lukkumans-tribal-identity/
