ഖാലിദ് റഹ്മാന്‍സിനിമകളിലെ പുരുഷത്വ രൂപങ്ങളും ആണകൂട്ടങ്ങളും ഭാഗം: 01
നസ്‌ലിന്‍, ഗണപതി, ലുക്കുമാന്‍ തുടങ്ങിയ പുതിയ നിരയിലെ താരശരീരങ്ങള്‍ സ്‌ക്രീനില്‍ അവതരിപ്പിക്കപ്പെട്ട ഖാലിദ് റഹ്മാന്റെ ഏറ്റവും അവസാനത്തെ സിനിമയായ ആലപ്പുഴ ജിംഖാന, മലയാളത്തില്‍ മസ്‌കൂലിനിറ്റികളുടെ പുതിയ പല മാറ്റങ്ങളെയും ദൃശ്യതപ്പെടുത്തുന്നുണ്ട്. തൊണ്ണൂറുകളിലും രണ്ടായിരത്തിന് ശേഷവും ജനിച്ച യുവാക്കളുടെ/ചെറുപ്പക്കാരുടെ സാന്നിദ്ധ്യം, മലയാള സിനിമയിലെ പുരുഷത്വഭാവങ്ങള്‍ പുതിയൊരു ദൃശ്യ ഗ്രാമര്‍ വഴി അവതരിപ്പിക്കാന്‍ ഖാലിദ് റഹ്മാന്‍ ഈ സിനിമയിലൂടെ ശ്രമിക്കുന്നു. മലയാള സിനിമയുടെ ദൃശ്യഭാഷ, പുതിയ തലമുറയുടെ പുരുഷത്വത്തിന്റെ ദാര്‍ശനിക നിലപാടുകള്‍, ജീവിതത്തെക്കുറിച്ചുള്ള സമീപനങ്ങള്‍, പ്രണയങ്ങള്‍, കുടുംബ ബന്ധങ്ങള്‍, സംഘര്‍ഷങ്ങള്‍, സൗഹൃദങ്ങള്‍ മുതലായവയെ മലയാള സിനിമയിലെ പരമ്പരാഗത രീതികളില്‍ നിന്ന് മാറി വേറിട്ട ഒരു ടെക്സ്റ്റ് ആയി ഈ സിനിമ രൂപപ്പെടുത്തുന്നു. പുരുഷ ശരീരങ്ങളുടെയും താരശരീരങ്ങളുടെയും പുതിയ കാലഘട്ടത്തിലെ മെറ്റാമോര്‍ഫോസിസും ഈ സിനിമയില്‍ ദൃശ്യമാണ്. അത് അവരുടെ ഭാഷ, തമാശകള്‍, ഫ്‌ലര്‍ട്ടിങ്, ലൈംഗികത, മദ്യപാനം, ഭക്ഷണരീതി, ബോഡി ബില്‍ഡിങ്, മറ്റു തലമുറകളിലേക്കുള്ള ശരീരപരമായ ഇടപെടലുകള്‍, പൊതുസ്ഥലങ്ങളില്‍ അവരുടെ ശരീരങ്ങളുടെ പ്രകടനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് രൂപംകൊള്ളുന്നത്. കള്‍ച്ചറല്‍ സ്റ്റഡീസിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയില്‍ സംഭവിച്ച മാറ്റങ്ങള്‍ പഠനവിഷയമായതും, അതുമായി ബന്ധപ്പെട്ട് ബ്ലാക്ക്/സബാല്‍റ്റേണ്‍/വര്‍ക്കിങ് ക്ലാസ് രാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ചകളും പുതിയ കാലഘട്ടങ്ങളില്‍ ഉണ്ടാകുന്നുവെന്നതും ശ്രദ്ധേയമാണ്. അവയില്‍ ജാതിയും പ്രധാന വിഷയമായി മാറുന്ന സാധ്യതയുണ്ട്. ജിംഖാന എന്ന സിനിമ കണ്ടതിന്റെ ആവേശത്തില്‍ ഖാലിദ് റഹ്മാന്റെ തല്ലുമാല എന്ന സിനിമയും കാണാന്‍ ഇടയായി. അപ്പോള്‍ മനസ്സിലാകുന്ന ഒരു പ്രധാന കാര്യം: ഖാലിദ് റഹ്മാന്റെ സിനിമകളില്‍ പുരുഷത്വത്തിന്റെ വിവിധരൂപങ്ങളും അവരുടെ ഉള്ളിലുള്ള സംഘര്‍ഷങ്ങളും പ്രമേയമായി ഉയര്‍ന്നുവരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ, ഖാലിദ് റഹ്മാന്‍ എന്ന സംവിധായകന്റെ സിനിമകളില്‍ പ്രത്യക്ഷപ്പെടുന്ന പുരുഷത്വരൂപങ്ങളും, ആണ്‍കൂട്ടങ്ങളെ കുറിച്ചും കുറിക്കുവാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.
ആലപ്പുഴ ജിംഖാനയിലെ പുതിയ ആണത്തരൂപങ്ങള്‍
മലയാള സിനിമയിലെ കഥാപാത്രങ്ങളോട് ചേര്‍ത്തു മലയാളി സൃഷ്ടിച്ചെടുത്ത ഒരു കണ്‍സ്ട്രക്ഷനായിരുന്നു ‘അയല്‍പക്കത്തെ പയ്യന്‍/യുവാവ്’ എന്ന ഇമേജറി. എന്നാല്‍, ഈ ഇമേജറിയില്‍ ആദ്യം കുടുങ്ങിയത് മോഹന്‍ലാല്‍ എന്ന നടനാണ്. പിന്നീട് അതിന് രൂപം നല്‍കിയതും നിലനിര്‍ത്തിയതും ദിലീപ്, ആസിഫ് അലി പോലുള്ള നടന്മാര്‍ കൂടി ആണ്. അതേസമയം, മോഹന്‍ലാലിന്റെ പാരലലായി നിന്ന മമ്മൂട്ടിക്കും, ദിലീപിന്റെ കാലത്ത് തന്നെ നിലകൊണ്ടിരുന്ന പൃഥ്വിരാജ് തുടങ്ങിയവര്‍ക്കും ഈ ഇമേജറിയുടെ ‘ഈസിനെസ്സോ’യും ഭാരവും ഉണ്ടായിരുന്നില്ല. ദിലീപ് എന്ന നടന്റെ സിനിമയ്ക്കുപുറത്തുള്ള, നടിയെ ആക്രമിച്ച കേസ് ഈ ഇമേജ്, ഈ ‘അയല്‍പക്കം’ വിലാസം തകര്‍ക്കപ്പെടുകയും ചെയ്തു. അതേസമയം വിനായകന്‍ എന്ന നടന്റെ കഥാപാത്രങ്ങള്‍ ഒരിക്കലും മലയാളിയുടെ അയല്‍പക്കത്തെ പയ്യന്‍ എന്ന ഇമേജിലേക്ക് ചേരുന്നതല്ലായിരുന്നു. നടന്മാരുടെ താരശരീരം, മതപശ്ചാത്തലം, ദലിതത്വം, ആണത്തം, കുറ്റവാളിത്തം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സ്വഭാവങ്ങള്‍ ഇവയെല്ലാം ഫില്‍റ്റര്‍ ചെയ്തുകൊണ്ട്കൂടി ആണ് ഇത്തരം ‘അയല്‍പക്കങ്ങള്‍’ രൂപപ്പെടുന്നത്. ഏറ്റവും പുതിയ കാലത്ത്, ഈ ‘അയല്‍പക്ക’ ഇമേജറിയിലേക്ക് കടന്നുവന്ന നടന്‍ കൂടെ ആണ് നസ്‌ലന്‍. പുതിയ ഡിജിറ്റല്‍ കാലത്തിലെ സാമൂഹിക കുടുംബ രൂപീകരണവുമായി നസ്‌ലിന്റെ ആണത്തത്തിന്റെ കടന്നുവരവിന് ബന്ധമുണ്ട്. കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി മലയാളി രൂപപ്പെടുത്തിയ ആണത്ത രൂപങ്ങളില്‍ നിന്നു വ്യത്യാസപ്പെട്ടുകൊണ്ട് കൂടിയാണ് നസ്‌ലിന്‍ ഈ അയല്‍ പക്കങ്ങളിലേക്ക് കടന്നുവരുന്നത്. അത് മാറിയ ഒരു സമൂഹത്തിലേക്കുള്ള ഒരു കടന്നുവരവ് കൂടി ആണ്.
ഡിജിറ്റല്‍ ജന്‍സീ കാലഘട്ടത്തില്‍ രൂപപ്പെട്ട പുതിയ തലമുറയുടെ ‘അയല്‍പക്കത്തെ പയ്യന്‍’ ആയി നസ്‌ലിന്‍ ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ കൂട്ടുകാരനായ മെല്‍വിന്‍ എന്ന കഥാപാത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നുവന്നത്. പുതിയ നൂറ്റാണ്ടില്‍, ‘അത്യാവശ്യം സ്വാതന്ത്ര്യ അനുവദിക്കുന്ന’, കുടുംബ അന്തരീക്ഷത്തില്‍ വളര്‍ന്ന പ്ലസ് ടു വിദ്യാര്‍ഥികളാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ കൂട്ടുകാര്‍ (തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങള്‍ അവര്‍ക്കുള്ളില്‍ നില നില്‍ക്കുന്നുമുണ്ട്). മൊബൈല്‍ ഫോണുകള്‍, ജെന്‍ഡര്‍ ലിക്വിഡ് സൗഹൃദങ്ങള്‍, ഐ.പി.എല്‍, ക്രഷ്, പ്രണയങ്ങള്‍, ആധുനികമായ സോഷ്യല്‍ സെന്‍സിബിലിറ്റികള്‍ എന്നിവയിലൂടെ ഈ തലമുറയുടെ ആത്മാവും സാംസ്‌കാരിക ഭാവങ്ങളും രൂപം നേടുന്നു. അവരുടെ കുടുംബങ്ങളും സമൂഹവും ഈ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ അത്യാവശ്യം തയ്യാറുമാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സിനിമയില്‍ വിവിധ സാമൂഹ്യ-സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള കുട്ടികള്‍ തമ്മില്‍ സൗഹൃദം രൂപപ്പെടുന്ന ദൃശ്യങ്ങള്‍ കാണാം. ഇത്തരം കൗമാര ബന്ധങ്ങളും ജീവിത ഭാവങ്ങളും അവതരിപ്പിക്കുന്ന നിരവധി സിനിമകള്‍ മലയാളത്തിലേക്ക് ഈ കാലത്ത് വന്നിട്ടുണ്ട്. വാഴ, ക്രിസ്റ്റി, ജൂണ്‍, നാരായണീന്റെ മൂന്ന് ആണ്‍മക്കള്‍ തുടങ്ങിയ സിനിമകള്‍ പുതിയ തലമുറയുടെ പ്രണയം, സെക്ഷ്വാലിറ്റി, സൗഹൃദം, അലൂമിനീഷിപ്പ് തുടങ്ങിയ ജീവിതാവാസ്തകള്‍ വ്യത്യസ്തമായി അവതരിപ്പിച്ചിട്ടുമുണ്ട്. ഈ സിനിമകള്‍ എല്ലാം തന്നെ പഴയകാലത്തെ ‘എന്നെന്നും കണ്ണേട്ടന്‍’ പോലുള്ള സിനിമകളില്‍ നിന്നു വ്യത്യസ്തമായ ഒരു ദൃശ്യമാനമുള്ള ‘ന്യുക്ലിയര്‍ ഫാമിലി’യുടെ ഉള്ളറകളിലൂടെ ആണ് കടന്നുപോകുന്നത്. അവയില്‍ ഏറ്റവും ജനപ്രിയമായി ഉയര്‍ന്നത് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍/പ്രേമലു പോലുള്ള ഗിരീഷ് എ.ഡി സിനിമകളിലൂടെ ആണ്. അതിലൂടെയാണ് നസ്‌ലിന്‍ ‘പുതിയ മലയാളിയുടെ’ പ്രതിനിധിയായി ആയി കൗമാര/യുവ ഐഡന്റിറ്റി ആയി മാറുന്നത്. ഈ ലേഖകന്‍ ജിംഖാന എന്ന സിനിമ കണ്ടത് ഹൗസ് ഫുള്‍ ആയ തളിപ്പറമ്പിലെ ക്ലാസിക് തിയറ്ററില്‍, ആദ്യത്തെ നിരയില്‍ ഇരുന്നാണ്. തിരിഞ്ഞുനോക്കിയപ്പോള്‍ ഹൗസ്ഫുള്‍ തിയറ്ററിന്റെ 90 ശതമാനത്തോളം ടീനേജുകളില്‍ ഉള്ള കാണികള്‍ ആയിരുന്നു. ഈ സ്വീകരണം, നസ്‌ലിന്‍ എന്ന പുതുതലമുറ നായകനായ നടനെ പുതിയ മലയാളി പ്രേക്ഷകര്‍ അംഗീകരിച്ചു എന്നതിന്റെ കയ്യൊപ്പ് കൂടി ആകാം. ഒരു കാലത്ത് റഹ്മാന്‍, ശങ്കര്‍ എന്നിവര്‍ക്കുള്ള പ്രേക്ഷക സ്വീകാര്യതയെ അനുസ്മരിപ്പിക്കുന്നത് കൂടെ ആണ് ഈ സ്വീകരണം. പുതിയ കാലഘട്ടത്തിലെ ‘അയല്‍പക്കത്തെ പയ്യന്‍’ ഇനി നസ്‌ലിന്‍ ആണെന്നത് കാലത്തിന്റെ സ്വാഭാവിക ഗതിക്രമമാണ്.
പക്ഷേ, റഹ്മാന്‍, ശങ്കര്‍ എന്നീ നടന്മാരില്‍ നിന്നു തന്റെ പുരുഷത്വത്തിന് ഒരു പ്രത്യേകതരം മെറ്റാമോര്‍ഫോസിസ് നടത്തുന്ന ഒരു നസ്‌ലിനെ നമുക്ക് ആലപ്പുഴ ജിംഖാന എന്ന സിനിമയില്‍ കാണുവാന്‍ കഴിയും. റഹ്മാന്‍, ശങ്കര്‍ തുടങ്ങിയ നടന്‍മാര്‍ എണ്‍പതുകളില്‍ തങ്ങളുടെ റൊമാന്റിക് ഇമേജുകളില്‍ തങ്ങിക്കിടന്നപ്പോള്‍ മോഹന്‍ലാലിനെ പോലുള്ള നടന്മാര്‍ പലതരം ശാരീരികവും അഭിനയത്തിലുമുള്ള ട്രാന്‍സ്ഫര്‍മേഷനുകളിലൂടെ പലതരം വൈബ്രേഷനുകളിലെക്കും ചുവടു മാറ്റിയിരുന്നു. മോഹന്‍ലാലിന്റെ മലയാളിയുടെ ഈസ്‌തെറ്റിക്‌സില്‍ ഏത് തരം രൂപമാറ്റങ്ങള്‍ക്കും സാധ്യമാകും എന്ന തരത്തില്‍ ഉള്ള ഒരു ഇമേജ് ഉണ്ടായിരുന്നു. പക്ഷേ, അത് ഇപ്പോള്‍ എംപുരാന്‍ തുടങ്ങിയ സിനിമകളിലെ ഇന്റര്‍നാഷണല്‍ ഐഡന്റിറ്റികള്‍ അവതരിപ്പിക്കുമ്പോള്‍ പൊളിഞ്ഞു പോകുന്ന കാഴ്ചയിലേക്കും അത് നീങ്ങി. മമ്മൂട്ടി തന്റെ പൗരുഷം രൂപപ്പെടുത്തിക്കൊണ്ടും പിന്നീട് രാജമാണിക്യം പോലുള്ള സിനിമകളില്‍ കോമഡി പേര്‍ഫോമന്‍സുകള്‍ നടത്തിയും പോപ്പുലര്‍ കള്‍ച്ചറില്‍ ഇവിടെ നിലനിന്നു. നസ്‌ലിന്‍, തന്റെ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, പ്രേമലു, ഐആം കാതലന്‍ തുടങ്ങിയ സിനിമകളില്‍ അയല്‍പക്കത്തെ പാവം/അത്യാവശ്യം കുസൃതി/വേലത്തരങ്ങള്‍ ഉള്ള ഒരു പയ്യന്‍ ഇമേജില്‍ നിന്നും ഒരു ബോഡി ട്രാന്‍സ്ഫര്‍മേഷന്‍ ജിംഖാന എന്ന സിനിമയില്‍ നടത്തിയിരിക്കുന്നു. തന്റെ താര ശരീരം അതിനനുസരിച്ച് പരിവര്‍ത്തനപ്പെടുത്തിയിരിക്കുന്നു. ബോഡി ബില്‍ഡിങ്ങിലൂടെ ജിംഖാന നിര്‍മിച്ചെടുത്ത ശരീര ഭാഷയിലൂടെ, ബോക്‌സിങ്ങിലൂടെ, ബോക്‌സിങ്ങിലെ സൗഹൃദങ്ങളിലൂടെ, സ്വന്തം ബോഡി ട്രാന്‍സ്ഫര്‍ മേഷനിലൂടെ നസ്‌ലിന്‍ എന്ന നടന്‍ വേറെ ഒരു താര ശരീരത്തിലേക്ക് പരിണാമപ്പെടുകയാണ്.
യൂറോപ്യന്‍ സ്വപ്നങ്ങളും പ്രേമലുവിലെ ഹൈദരാബാദ് നഗരവും
പ്രേമലു എന്ന സിനിമയില്‍ കേരളത്തിലെ ഒരു മധ്യവര്‍ഗ കുടുംബത്തില്‍ നിന്നും എഞ്ചിനീയറിങ് കഴിഞ്ഞു തൊഴില്‍ അന്വേഷണവും പഠനവുമായി ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്യുന്ന ഒരു യുവാവായാണ് നസ്‌ലിന്‍ വരുന്നത്. ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ കേരളത്തില്‍ തുടങ്ങിയ ഗള്‍ഫ് പ്രവാസവും തീവണ്ടികള്‍ വ്യാപകമായതോടെ മദ്രാസിലേക്കും മുംബെയിലേക്കുമുള്ള പറിച്ചു നടലുകള്‍ക്കു ശേഷം പുതിയ നൂറ്റാണ്ടില്‍ ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളിലേക്കും വിദ്യാഭ്യാസവും തൊഴിലുമായി യൂറോപ്പിലേക്കുള്ള മൈഗ്രേഷനുകളും നടക്കുകയുണ്ടായി. ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളില്‍ പഠിച്ച/ജോലി ചെയ്ത പെണ്‍കുട്ടികളെ കുറിച്ച് സദാചാര പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള നോട്ടങ്ങളും കേരളത്തില്‍ പലതരം സമൂഹങ്ങളില്‍ നിന്നുമുണ്ടായി. ചില മലയാളികള്‍ക്കെങ്കിലും മെട്രോ സിറ്റി ആയ ബാംഗ്ലൂര്‍ ഒരു സെക്‌സ് ഹബ് എന്ന ഭീതി കൂടി രൂപപ്പെടുത്തി. വേറെ ഒരു തരത്തില്‍ പുതിയ തലമുറകളില്‍ പറിച്ചു നടലുകള്‍ നടന്ന ഒരു നഗരം കൂടി ആണ് ഹൈദരബാദ്. പ്രേമലു എന്ന സിനിമയില്‍ നസ്‌ലിന്റെ സച്ചിന്‍ എന്ന കഥാപാത്രവും കൂട്ടുകാരനായ അമല്‍ ഡേവീസും ഹൈദരാബാദ് എന്ന നഗരവുമായി ഇണങ്ങി ജീവിക്കുവാന്‍ ശ്രമിക്കുകയാണ്. കഞ്ഞിവെച്ചു കുടിച്ചുകൊണ്ട് ഒരു ചെറിയ റൂമില്‍ അവരുടെ ജീവിതം തള്ളി നീക്കുന്ന ആ നഗരത്തിലെ ഒരു ചെറിയ ജീവിതവുമായാണ് സച്ചിനും അമല്‍ ഡേവീസും മുന്നോട്ട് പോകുന്നത്. ടിഎഫ്‌സി ചിക്കന്‍ (തോമസ് ഫ്രൈഡ് ചിക്കന്‍) എന്ന ഒരു സ്ഥാപനത്തിലെ വെയിറ്ററും ഡെലിവറി ബോയും അതിന്റെ കൂടെ തന്റെ പഠനവുമായി യൂറോപ്പിലേക്ക് പോകുവാന്‍ തയ്യാറെടുക്കുന്ന പുതിയ മലയാളി യുവത്വത്തിന്റെ പ്രാതിനിധ്യം ആയാണ് സച്ചിന്‍ എന്ന കഥാപാത്രത്തിലൂടെ വെളിവാകുന്നത്. തോമസ് എന്ന മാത്യുവിന്റെ കഥാപാത്രം സച്ചിന്റെ അതേ പ്രായത്തിലുള്ള ഒരു എന്റര്‍പ്രണര്‍ കൂടെ ആകുന്നു. കേരളത്തില്‍ ഇപ്പോള്‍ ജന്‍സി ജനറേഷന്റെ ഏകദേശം സ്വപ്നമായി, ഇന്ത്യ വിടുക എന്ന സങ്കല്‍പം വ്യാപകമായി കഴിഞ്ഞു. അത്തരം ഒരു സ്വപ്നത്തിലേക്ക് നീങ്ങുന്ന യൂറോപ്യന്‍ സ്വപ്നം കാണുന്ന ലോവര്‍ മിഡില്‍ ക്ലാസ് ജീവിതങ്ങളും ചെറുതായെങ്കിലും കേരളത്തില്‍ രൂപപ്പെടുന്നുമുണ്ട്. ആ സാമൂഹിക മാറ്റങ്ങളുടെ യാഥാര്‍ഥ്യങ്ങളെ ഫിക്ഷണലൈസ് ചെയ്ത ഒരു ക്രിയേറ്റീവ് സിനിമ കൂടി ആണ് പ്രേമലു.
അതേസമയം ഹൈദരാബാദ് എന്ന ഐ.ടി ഹബ്ബുമായി, അവിടത്തെ ജീവിതവുമായി യോജിച്ചു പോകുന്ന പുതിയ തലമുറയിലെ പെണ്‍കുട്ടിയായി റീനു റോയ് എന്ന കഥാപാത്രമായി മമിത ബൈജു വരുന്നു. നഗര ജീവിതത്തിന്റെ താളത്തിനൊത്തു ഐടി ജീവിതത്തിന്റെ സാംസ്‌കാരികതയോട് ചേര്‍ന്നു സാമ്പത്തികമായും ജീവിത നിലവാരത്തോടൊപ്പം ഉയര്‍ന്നു ജീവിക്കുന്ന അപ്പര്‍ മിഡില്‍ ക്ലാസ്സ് ആയ റീനു റോയും ആയി സച്ചിന്‍ എന്ന സുഹൃത്ത്/കാമുകന്‍ ചേര്‍ന്നു പോവുക എന്ന ഒരു സംഘര്‍ഷവും ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്. ആ നഗരവുമായി റീനു റോയ് എന്ന പെണ്‍ കുട്ടിയുടെ ജീവിത നിലവാരവുമായി സൗഹൃദങ്ങളും കുടുംബവുമായി യോജിച്ചും വിഘടിച്ചും സംഘര്‍ഷപ്പെട്ടും കൊണ്ട് കൂടി ആണ് സച്ചിന്റെ ജീവിതം മുന്നോട്ട് പോകുന്നത്. യൂറോപ്യന്‍ സ്വപ്നം അല്ലെങ്കില്‍ യൂറോപ്യന്‍ മൈഗ്രേഷന്‍ സാധ്യമാകുമ്പോള്‍ ആണ് സച്ചിന്‍ എന്ന യുവാവിന്റെ ജീവിത നിലവാരം ആ സിനിമയില്‍ ഒരു ഷിഫ്റ്റ് സാധ്യമാക്കുന്നത്. വിമാനത്തില്‍ കയറുമ്പോള്‍ പോലും വിമാനത്താവളത്തില്‍ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന ഒരു ക്ലാസ് സച്ചിന് എടുത്തു കൊടുക്കുന്നതും റീനു റോയ് ആണ്. റീനുവിന്റെ ഓഫീസ്‌മേറ്റ് ആയ ആദി എന്ന യുവാവുമായി സച്ചിന്‍ ഉണ്ടാകുന്ന സംഘര്‍ഷവും ആദിയുടെ ജീവിത നിലവാരവും സാമ്പത്തിക അധികാരവും ആയി ബന്ധപ്പെട്ട് കൂടി ആണ്. ആയിരത്തി തൊള്ളായിരത്തി എണ്‍പതില്‍ പുറത്തിറങ്ങിയ എം.ടി എഴുതിയ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന സിനിമയിലെ സുകുമാരന്റെ കഥാപാത്രം ഗള്‍ഫ് പ്രവാസത്തിലൂടെ ആണ് ജീവിതം പിടിച്ചെടുക്കുന്നത്. അവിടെ അയാള്‍ക്ക് അപാരമായ ധൈര്യം ഉണ്ടായിരുന്നു. എണ്‍പതുകളില്‍ തന്നെ പുറത്തിറങ്ങിയ ആര്യന്‍ എന്ന സിനിമയിലെ ബോംബെയിലേക്ക് പറിച്ചു നടുന്ന മോഹന്‍ലാലിന്റെ നമ്പൂരി കഥാപാത്രവും ഒരു തരത്തില്‍ ബോംബെയിലെ അധോലോകങ്ങളോട് അടിച്ചു നിന്നുകൊണ്ടാണ് ആ നഗരത്തില്‍ തന്റെ ജീവിതം കെട്ടിപ്പടുക്കുന്നത്. ഗള്‍ഫ് പ്രവാസവും സ്വപ്നം കണ്ടു മദ്രാസില്‍ എത്തുന്ന നാടോടിക്കാറ്റിലെ ദാസനും വിജയനും എന്ന മിഡില്‍ ക്ലാസ് ജീവിതങ്ങള്‍ക്ക് മദ്രാസ് എന്ന അപരിചിതമായ ഒരു നഗരത്തില്‍ അവരുടേതായ പല പ്രതിസന്ധികളിലും ചെന്നുപെടുന്നുണ്ട്. പച്ചക്കറി വിറ്റു കൊണ്ടും സിനിമ സ്വപ്നം കണ്ടു കൊണ്ടും ദാസനും വിജയനും പല തരത്തില്‍ ആ നഗരത്തില്‍ പിടിച്ചു നില്‍ക്കുന്നു. തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ശ്രമിക്കുന്നു. നാടോടിക്കാറ്റില്‍ ദാസന്‍ പച്ചക്കറി വില്‍ക്കുന്നത് പോലെ ഹൈദരാബാദില്‍ സച്ചിന്‍ ടിഎഫ്‌സി ചിക്കന്‍ എന്ന ഒരു ഔട്‌ലെറ്റില്‍ ഡെലിവേറി ബോയ് ആയി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. പുതിയ തലമുറകള്‍ പുതിയ നഗരങ്ങളിലേക്ക് ചേക്കേറുമ്പോള്‍ സാമ്പത്തികമായി സാംസ്‌കാരികമായി ജീവിത നിലവാരവുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന സംഘര്‍ഷങ്ങള്‍ കൂടി അവതരിപ്പിക്കുന്ന ഒരു സിനിമ കൂടി ആയി പ്രേമലു എന്ന സിനിമയെ വായിക്കാം. ആ ഒരു നോട്ടത്തില്‍ ഒരു മോഡേണ്‍ നാടോടിക്കാറ്റ് ആയി പ്രേമലു സിനിമയെ കാണാവുന്നതാണ്. ഒരോ കാലത്തെ ആണത്ത രൂപങ്ങള്‍ പുതിയ നഗരങ്ങളില്‍ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുമ്പോഴുള്ള സംഘര്‍ഷങ്ങള്‍ ആണ് ഈ സിനിമകള്‍ കാണിക്കുന്നത്. നാടോടിക്കാറ്റില്‍ ഇന്ത്യന്‍ ദേശീയതയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പൊലീസുകാരായാണ് മോഹന്‍ലാലും ശ്രീനിവാസനും നാടോടിക്കാറ്റില്‍ രക്ഷപ്പെടുന്നതെങ്കില്‍ പ്രേമലുവില്‍ അത് നസ്‌ലിന്റെ കഥാപാത്രം ഇന്ത്യ തന്നെ വിട്ട് യൂറോപ്പിലേക്ക് പറന്നുകൊണ്ടാണ്. ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളിലെ സര്‍ക്കാര്‍ ഉദ്യോഗം എന്ന സ്വപ്നത്തില്‍ നിന്നു ഇന്ത്യ തന്നെ വിടുക എന്ന സ്വപ്നത്തിലേക്ക് മലയാളി യുവത്വം മാറുന്നത്തിന്റെ ഒരു സൂചന കൂടി ആണിത്. അതിന്റെ ഒരു പ്രതിനിധാനം കൂടി ആണ് സച്ചിന്‍ എന്ന നസ്‌ലിന്റെ കഥാപാത്രം.
പുതിയ കാലത്തെ ഡിജിറ്റല്‍ വൈബ്രേഷനില്‍ വളരെ സാധാരണക്കാരായ മനുഷ്യരുടെ യൂറോപ്യന്‍ സ്വപ്നങ്ങള്‍ക്ക് അപ്പുറവും കേരളത്തില്‍ നിന്നു കൊണ്ടുതന്നെ ധാരാളം പണം സമ്പാദിക്കുവാന്‍ തുടങ്ങിക്കഴിഞ്ഞു. ‘കെഎല്‍ ബ്രോ ബിജു ഋത്വിക്’ എന്ന കണ്ണൂരിലെ ഒരു സാധാരണ കുടുംബത്തിന്റെ യൂടൂബ് ചാനല്‍ ആ മാധ്യമത്തില്‍ തന്നെ ട്രെന്‍ഡിങ് ആയി കോടിക്കണക്കിന് രൂപയാണ് വരുമാനം ഉണ്ടാക്കുന്നത്. അതായത്, ഡിജിറ്റല്‍ യുഗം കേരളത്തിന്റെ സാമ്പത്തികമായ ഒരു അട്ടിമറി ചെറിയ രീതിയിലെങ്കിലും രൂപപ്പെടുത്തുന്നു. ഷൊര്‍ണ്ണൂരിലെയോ മറ്റോ നാസര്‍ക്ക എന്ന കാക്കയുടെ റീല്‍സ് കാണുമ്പോള്‍ മുമ്പ് മാമുക്കോയ ഒക്കെ തന്ന ഒരു വൈബ് ആണ് കിട്ടാറുള്ളത്. ഒരു ഓട്ടോറിക്ഷ ഓടിക്കുന്ന നാസാര്‍ക്ക/അദ്ധേഹത്തിന്റെ വീഡിയോകളിലൂടെ പൈസ ഉണ്ടാക്കി, തന്റെ റീലുകളിലൂടെ പരസ്യങ്ങള്‍ ചെയ്തും പൈസ ഉണ്ടാക്കി തുടങ്ങി. അതുപോലെ മനോരമ ബമ്പര്‍ ചിരി എന്നു പറയുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന സുധി മോള്‍ എന്ന ദലിത് സ്ത്രീ ഒരു ആത്മഹത്യ ശ്രമത്തിന് ശേഷമാണ് ആ പരിപാടിയില്‍ പങ്കെടുത്തു ബമ്പര്‍ അടിക്കുന്നത്. അവരുടെ പ്രശസ്തി, യൂടൂബിലൂടെ അവരുടെ സാമ്പത്തിക സ്രോതസ് ആയി മാറി തുടങ്ങി. ഒരു ദലിത് സ്ത്രീയുടെ ജീവിതം ഇത്തരത്തിലും കേരളത്തില്‍ സംഭവിക്കുന്നുണ്ട്. മലയാളി നിരന്തരം കളിയാക്കുന്ന അലന്‍ ജോസ് പരേര എന്ന സിനിമ റിവ്യൂവര്‍, അദ്ദേഹത്തിനും ഉണ്ടാകുന്ന സ്ഥിര വരുമാനത്തിന്റെ കണക്കുകള്‍ പോലും പലരിലൂടെയും പല തരത്തില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. പുതിയ പല തരത്തിലുള്ള സാമ്പത്തിക സമ്പാദന സ്രോതസ്സുകള്‍ കേരളത്തില്‍ അവതരിപ്പിക്കപ്പെടുകയാണ്.
ഡിജിറ്റല്‍ കാലത്തെ പുതിയ അനേകം സാധ്യതകള്‍ പ്രേമലു സംവിധാനം ചെയ്ത ഗിരീഷ് എഡിയുടെ തന്നെ, ‘ഐ ആം കാതലന്‍’ എന്ന സിനിമയും മുന്നോട്ട് വെക്കുന്നുണ്ട്. അത്തരം ഒരു ഡിജിറ്റല്‍ കാലത്തെ ഒരു മിഡില്‍ ക്ലാസ്സ് ആയ ഒരു ഐടി യുവത്വത്തിനെ ആണ് നസ്‌ലിന്‍ എന്ന നടന്‍ ഈ സിനിമയില്‍ മുന്നോട്ട് വെക്കുന്നത്. പുതിയ കാലത്തേ ഹാക്കര്‍ എന്നാല്‍ ഹൂഡി ധരിച്ചു, ഇംഗ്ലീഷ് പറഞ്ഞു, ഹൈ എന്‍ഡ് ബൈക്കും എടുത്തു കാതില്‍ കമ്മല്‍ ഇട്ടു ‘പൊളിക്കുന്ന’ ഒരാള്‍ ആയിരിക്കും എന്നു പറയുന്ന അതേ സീക്വന്‍സില്‍ ആണ്, ഒരു ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പിലെ ജോലിക്കാരനായ അച്ഛന് ചോറു കൊണ്ട് കൊടുക്കുന്ന ഒരു ഹാക്കര്‍ ആയി നസ്‌ലിന്റെ കഥാപാത്രം ഈ സിനിമയില്‍ വരുന്നത്. കേരളത്തിലെ അടിസ്ഥാന വിഭാഗത്തിലെ യുവത്വങ്ങള്‍ ഡിജിറ്റല്‍ യുഗത്തിലെ ഇത്തരം തൊഴില്‍ മേഖലകളിലേക്ക് കടന്നു കയറുന്നതിന്റെ ഒരു വിഷ്വല്‍ റെപ്രസന്റേന്‍ കൂടി ആണ് നസ്‌ലിന്റെ താര ശരീരത്തിലൂടെ ഈ സിനിമയില്‍ നടപ്പാക്കുന്നത്. ഐ.ടി എന്ന മേഖലയുടെ സാധ്യതകള്‍ വളരെ അടിസ്ഥാന ജനവിഭാഗങ്ങള്‍ സ്വീകരിച്ചു തുടങ്ങുകയും പോസ്റ്റ് ഐ.ടി കാലത്ത് അതിന്റെ പലതരം പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കപ്പെടുന്ന ഒരു ലോകത്തേക്ക് ഈ ലോകം/തലമുറകള്‍ കടന്നു തുടങ്ങുകയും ചെയ്തിരിക്കുന്നു.
ഒമ്പത് മണി മുതല്‍ അഞ്ചു മണി വരെ ജോലി ചെയ്യുന്ന ക്ലാസിക്കല്‍ തൊഴില്‍ സംസ്‌കാരങ്ങള്‍ ഒരു പരിധി വരെയെങ്കിലും ഇനി നഷ്ടപ്പെട്ടു പോയേക്കാം. ഐആം കാതലന്‍ എന്ന സിനിമയിലെ നസ്‌ലിനെ പോലുള്ള ചെറുപ്പക്കാര്‍ ഇനി അത്തരം ജോലികളില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരും അല്ലായിരിക്കാം. ഇനിയുള്ള തൊഴില്‍ സംസ്‌കാരങ്ങള്‍ക്ക് അല്ലെങ്കില്‍ അവയ്ക്ക് രൂപ പരിണാമങ്ങള്‍ സംഭവിച്ചേക്കാം. ‘കാതലന്‍’ എന്ന തൊണ്ണൂറുകളില്‍ ഇറങ്ങിയ പഴയ പ്രഭുദേവ സിനിമ അന്നത്തെ ഒരു പുതിയ തലമുറയുടെ ബോഡി ലാങ്‌ഗ്വേജിലും സെന്‍സിബിലിറ്റിയിലുമൊക്കൈ വലിയ ബ്രേക്ക് സൃഷ്ടിച്ച ഒരു ഇമേജറി ആയിരുന്നു. ‘മുക്കാല മുക്കാബുല’ എന്നതു അന്നത്തെ തലമുറയെ ബ്രേക്ക് ചെയ്ത പാട്ട് ആയിരുന്നു. ആ കള്‍ട്ടിനോട് കോപ് അപ്പ് ചെയ്യുക എന്നത് അന്നത്തെ പലരുടെയും പ്രശ്‌നവും ആയിരുന്നു. സിനിമയുടെ പേരുള്ള ഒരു ഓട്ടോ റിക്ഷയില്‍ ഇരുന്നു കൊണ്ടു കേരളത്തിലെ ‘അടിത്തട്ടില്‍’/മധ്യവര്‍ഗങ്ങളില്‍ കിടക്കുന്ന മനുഷ്യര്‍ ”ഐ ആം കാതലന്‍’ എന്ന സിനിമയില്‍ ഹാക്ക് ചെയ്യുന്നതൊക്കെ കാണുന്നത് രസമാണ്. കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് ഇത്തരം ഐ.ടി സംസ്‌കാരങ്ങള്‍ ഡിജിറ്റല്‍ ലോകത്തിലെ സാധ്യതകല്‍ കടന്നു കയറുന്നത് ഐ.ആം കാതലന്‍ എന്ന സിനിമയിലെ നസ്‌ലിന്റെ വിഷ്ണു എന്ന കഥാപാത്രത്തിലൂടെ കാണിച്ചു തരുന്നുണ്ട്. കീഴാളരായ, സാധാരണക്കാരായ മനുഷ്യര്‍ക്ക് ഇന്ത്യ എന്ന ജ്യോഗ്രഫിയില്‍ തന്നെ വ്യവസ്ഥാപിതമായ പല ലോകവും വിട്ട് പുതിയ രീതിയില്‍ സാമ്പത്തിക സമ്പാദനത്തിന് പല വിധങ്ങളായ അവസരങ്ങള്‍ ഒരുക്കുന്ന പുതിയ ലോകം ഒരുക്കുന്നതിന്റെ ഒരു ഹിന്റ് ഐ ആം കാതലന്‍ എന്ന സിനിമ മുന്നോട്ട് വെക്കുന്നുണ്ട്. അത് ഫിസിക്കല്‍ ആയ ഒരു ലോകത്തിന് അപ്പുറം രാജ്യത്തിന്റെ ബൗണ്ടറികളില്‍ ദേശീയതയില്‍ കുരുക്കി ഇടാന്‍ പറ്റാത്ത ഐടിയുടെയും മറ്റും വേറെ ഒരു ‘മെറ്റാ’ലോകം ആണ്. അങ്ങനെ ആണ് നാസര്‍ക്ക എന്ന റീല്‍ മേക്കര്‍ക്ക് അമേരിക്കയില്‍ ഫാന്‍സ് ഉണ്ടാകുന്നത്. നസ്‌ലിന്‍ എന്ന ഹാക്കര്‍ ആയ ചെറുപ്പക്കാരന്‍ ഒരു കമ്പനിയില്‍ ആണ് അവസാനം ജോലി അന്വേഷിച്ചു പോകുന്നത്. അത്തരം കമ്പനികളുടെ ഇന്റീരിയറുകള്‍ പോലും, അത്തരം തൊഴിലിടങ്ങള്‍ പോലും ചിലപ്പോള്‍ ഇനി മ്യൂസിയം പീസുകള്‍ ആയേക്കാം. മുമ്പ് മനുഷ്യര്‍ അഞ്ഞൂറു രൂപയുടെ റിലയന്‍സ് ഫോണില്‍, ഏതൊരു സാധാരണക്കാരനും ഫോണ്‍ ചെയ്തത് പോലെ, ഇനി കാതലന്‍ എന്ന ഓട്ടോറിക്ഷയില്‍ ഓട്ടം പോകാതെ ഒരു ലാപ് ടോപ്പുമായി ജോലി ചെയ്യുന്ന റിലാക്‌സ്ഡ് ആയ ഒരു പോസ്റ്റ് ഐടി മെറ്റാ ജെനറേഷന്‍ ഉണ്ടായേക്കാം. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ തകര്‍ത്ത് ഇന്റര്‍നാഷ്ണല്‍ സ്‌പേസിലേക്ക് കടന്നു കയറുന്ന ഡിജിറ്റല്‍ യുവത്വത്തെ ആണ് ഒരു മലയാളി ദേശ സ്വത്വമായ നസ്‌ലിന്റെ വിഷ്ണുവിനെ ഈ സിനിമയില്‍ കാണിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, പ്രേമലു, ഐ ആം കാതലന്‍ എന്നീ ഗിരീഷ് എഡിയുടെ മൂന്ന് നസ്‌ലിന്‍ സിനിമകളിലും അത്തരത്തില്‍ പുതിയ നൂറ്റാണ്ടില്‍ രൂപപ്പെടുന്ന ജന്‍സിയുടെ പലതരം രൂപ ഭേദങ്ങള്‍ സ്‌ക്രീനില്‍ തെളിയുന്നു.
ഇത്തരം കഥാപാത്രങ്ങളുടെ ഒരു തുടര്‍ച്ചയോ ഷിഫ്റ്റ് ആയോ കൂടി ആണ് ജിംഖാന എന്ന സിനിമയിലെ നസ്‌ലിന്റെ ജോജോ ജോണ്‍സണ്‍ എന്ന കഥാപാത്രം മറ്റൊരു തരത്തിലുള്ള ഒരു ആണത്തത്തിലേക്ക് കടക്കുന്നത്. ആലപ്പുഴ എന്നത് ജിംഖാനകളുടെ നാടാണ് എന്നാണ് ആലപ്പുഴയിലെ ഒരു സുഹൃത്ത് ഈ ലേഖകനോട് പറഞ്ഞത്. ആലപ്പുഴയില്‍ പ്രധാനമായ ഒരു സ്‌പോര്‍ട്‌സ് മത്സരം ഇനം കൂടി ആണ് വെയിറ്റ് ലിഫ്റ്റിങ് എന്നു കൂടി പറഞ്ഞു വെക്കുന്നു. മലയാളത്തില്‍ തൊണ്ണൂറുകളില്‍ ഇറങ്ങിയ ബാബു ആന്റണി സിനിമയിലെ ബോക്‌സറെ പോലെ ആന്റണി പെപ്പെ ഈയിടെ അഭിനയിച്ച ദാവീദ് പോലുള്ള ബോക്‌സിങ് സിനിമകളാണ് ഇറങ്ങിയത്. വേറെ അധികം സിനിമകളുടെ പേരുകള്‍ ഒന്നും ഗൂഗിള്‍ സെര്‍ച്ചില്‍ പോലും മലയാളത്തിലെ ബോക്‌സിങ് സിനിമകളായി ലഭ്യമല്ല. ഇവയില്‍ നിന്നു വ്യത്യസ്തമായി പൂരണമായും ഒരു സ്‌പോര്‍ട്‌സ് ഡ്രാമ ഴോണറില്‍പ്പെടാത്ത ഒരു സിനിമ കൂടി ആണ് ആലപ്പുഴ ജിംഖാന. സാധാരണ സ്‌പോര്‍ട്‌സ് ഡ്രാമകളില്‍ കാണുന്നത് പോലെ ഒരു പ്രധാന കഥാപാത്രം ഒരു മത്സരം ജയിക്കുക എന്ന സിനിമാറ്റിക് ആര്‍ക്കിലൂടെ അല്ല ജിംഖാന എന്ന സിനിമ മുന്നോട്ട് പോകുന്നത്. SSman (tatami) പോലുള്ള ഇറാനിയന്‍ സിനിമകള്‍ പോലെ സ്‌പോര്‍ട്‌സും അതുമായി ബന്ധപ്പെട്ട വിസിബിള്‍ ആയ രാഷ്ട്രീയ മാനങ്ങളും ഈ സിനിമയ്ക്ക് കാണുവാന്‍ കഴിയില്ല. പക്ഷേ, വളരെ സട്ടില്‍ ആയി ജിംഖാന എന്ന സിനിമ മലയാള സിനിമയിലെ വീസിബിലിറ്റിയില്‍ മാറുന്ന പുതിയ കാലത്തെ ആണത്തങ്ങളെ ദൃശ്യതയില്‍ കൊണ്ടുവരുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനമായി തോന്നിയ ഒന്നാണ് ഫ്രാങ്കോ ഫ്രാന്‍സിസ് എന്ന നടന്‍ അവതരിപ്പിച്ച ഷിഫാസ് അലിയുടെ ‘ചെറുത്’ എന്ന കഥാപാത്രം. ഒരു ബീഫ് കച്ചവടക്കാരന്റെ മകനായിട്ടാണ് ഷിഫാസ് അലി ഈ സിനിമയില്‍ രൂപപ്പെടുന്നത്. ഫ്രാങ്കോ ഫ്രാന്‍സിസ് നസ്‌ലിന്റെ കൂടെ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയില്‍ ലിന്റപ്പന്‍ എന്ന കഥാപാത്രം അവതരിപ്പിക്കുകയും ചെയ്തിരുന്നു. നസ്‌ലിന്റെ ജോജോ ജോണ്‍സണും അയാളുടെ കൗമാരക്കാരുടെ ഗാങ്ങും പലതരം ആണത്തങ്ങളുടെ ഒരു മിക്‌സച്ചര്‍ കൂടെ ആണ്. അത്തരം ആണത്തരങ്ങളെ അവതരിപ്പിച്ചു കൊണ്ടുതന്നെ ആണ് ജിംഖാനയിലെ ഒരു കള്ള് ഷാപ്പ് സീന്‍ തുടങ്ങുന്നതും. മലയാള സിനിമയില്‍ ഒരു കാലത്ത് നില നിന്നിരുന്ന നിറം, ദലിതത്തം, മുസ്‌ലിം സ്വത്വം തുടങ്ങിയ പല തരം അവസ്ഥകളെ ചേര്‍ത്തു വെച്ചു നിര്‍മിക്കപ്പെടുന്ന അപരത്തങ്ങളില്‍ നിന്നു വ്യത്യസതപ്പെട്ട് അവരുടെ ഐഡന്റിറ്റിയെ മാനിച്ച് കൊണ്ട് ഈ സിനിമ കൗമാരക്കാരുടെ കൂട്ടങ്ങളെ/ഗാങ്ങുകളെ ഡീല്‍ ചെയ്യുന്നുണ്ട്. മാമുക്കോയ എന്ന നടനെ കുറിച്ച് പ്രേം കുമാര്‍ പറഞ്ഞ ഒരു വിലയിരുത്തല്‍, മാമുക്കോയ എന്ന നടന്‍ കഥാപാത്രങ്ങളില്‍ തമാശക്കാരന്‍ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്കെല്ലാം ഒരു തന്റേടിത്തം ഉണ്ടായിരുന്നു എന്നതായിരുന്നു. അതുപോലെ ഈ സിനിമയില്‍ ഒരു ഇറച്ചി വെട്ടുകാരനായ കറുത്ത മുസ്‌ലിം മനുഷ്യന്‍ ആയ ഷിഫാസ് അലി ഒരു ഹെറോയിക് ഫിഗര്‍ കൂടി ആയി മാറുന്നുമുണ്ട്. മറ്റുള്ളവരൊക്കെ തോറ്റിടത്ത് ഒരു ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം റൗണ്ട് കടന്നു കാണികളുടെ കയ്യടി വാങ്ങിക്കുന്ന ഒരു ഹെറോയിക് ആക്ട് കൂടെ ഈ കഥാപാത്രം ചെയ്യുന്നുണ്ട്. ഖാലിദ് റഹ്മാന്റെ തന്നെ അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയില്‍ രൂപപ്പെട്ട പലതരം വംശീയമായ സ്റ്റീരിയോടിപ്പിക്കല്‍ ആയ നോട്ടങ്ങളില്‍ നിന്നു വേറൊരു പലതരം ഐഡന്റിറ്റികളെ മാനിക്കുന്ന ഒരു സിനിമ ഭാഷയിലേക്ക് ഖാലിദ് റഹ്മാന് ജിംഖാനായിലൂടെ ഉയരുന്നുമുണ്ട്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയില്‍ കോളനി വാസികളായ യുവാക്കള്‍ ഗുണ്ടകളും മദ്യപാനികളും പെണ്ണുങ്ങളെ തല്ലുന്നവരും പൊലീസിന്റെ അടി വാങ്ങിക്കുന്നവരും, അതുപോലെ മുസ്‌ലിം വാര്‍ധക്യം പോലും കുട്ടികളെ ഉണ്ടാക്കുന്ന മെഷീന്‍ ആയും ചിത്രീകരിക്കുന്ന വംശീയമായ അപരത്തം സൃഷ്ടിക്കുന്ന ഒരു സിനിമ ഭാഷ കൂടെ പങ്കുവെച്ചിട്ടുമുണ്ട്.
അതേ സമയം ലുക്കുമാന്‍ എന്ന നടന്റെ ഖാലിദ് റഹ്മാന്‍ സിനിമകളില്‍ തന്നെ രൂപപ്പെടുന്ന ഒരു ആര്‍ട്ടും പഠന വിഷയം ആണ്. ഉണ്ട എന്ന സിനിമയില്‍ ആദിവാസി സമൂഹത്തില്‍പെടുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനായി വന്ന്, അത് തല്ലുമാലയില്‍ എത്തുമ്പോഴേക്കും സ്‌റ്റൈലിഷ് ആയ ഒരു മുസ്‌ലിം മസ്‌കൂലിനിറ്റിയിലേക്ക് രൂപപ്പെടുനമന്നു. അവിടെ നിന്നുമാണ് ജിംഖാനായിലെ ആന്റണി ജോഷ്വ എന്ന ബോക്‌സിങ് ട്രെയിനര്‍ കഥാപാത്രത്തിലേക്ക് വളരുന്നത്. മലയാള സിനിമയില്‍ വളരെ വ്യത്യസ്തങ്ങളായ ഐഡന്‍ന്റിറ്റികളിലൂടെ പവര്‍ ഫുള്‍ ആയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു ബ്ലാക്ക് ഹീറോ ആയി ചരിത്രം ഭാവിയില്‍ ലുക്കമാന്‍ എന്ന നടനെയും വായിച്ചെടുത്തേക്കാം. ഹോളിവുഡ്, യൂറോപ്യന്‍ ലാറ്റിന്‍ അമേരിക്കന്‍ സിനിമകള്‍ ഒക്കെ പ്രണയിക്കുന്ന, കുടുംബ ബന്ധങ്ങളുടെ സംഘര്‍ഷങ്ങള്‍ അവതരിപ്പിക്കുന്ന, ഹെറോയിക് ആയ അങ്ങനെ പല തരം വൈബ്രേഷനുകളിലുള്ള ബ്ലാക്ക് ഐഡന്റിറ്റികളില്‍ ഉള്ളവര്‍ അവതരിപ്പിക്കുന്ന പല തരം സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അവ തമിഴ്‌നാട്ടില്‍ രൂപപ്പെടുന്ന പ്രത്യക്ഷമായി പൊളിറ്റിക്‌സ് പറയുന്ന പാ രഞ്ജിത്ത് സ്ട്രീമിലുള്ള സിനിമകളില്‍ നിന്നു വ്യത്യസ്തവുമാണ്. പ്രത്യക്ഷമായ പൊളിറ്റിക്‌സ് പറയുന്നതിനോടൊപ്പം അതിനു പുറമെയുള്ള പലതരം സംഘര്‍ഷങ്ങള്‍ യൂറോപ്യന്‍-ലാറ്റിന്‍ അമേരിക്കന്‍ ഹോളിവുഡ് സിനിമകള്‍ സംസാരിക്കുന്നുമുണ്ട്. മലയാളത്തില്‍ ലുക്കുമാന്റെ പ്രസന്‍സിലൂടെ അത്തരത്തിലുള്ള കണ്ടന്റ് ഉള്ള സിനിമകള്‍ വികസിക്കുക കൂടി ആണ്. ഒരു താരം സിനിമയെ വികസിപ്പിക്കുക എന്ന ഒരു ഓപ്പറേഷന്‍ വിനായകന്‍, കലാഭവന്‍ മണി, ലുക്കുമാന്‍ തുടങ്ങിയ നടന്മാര്‍ ചെയ്തിട്ടുണ്ട്. കൊറോണ ജവാന്‍, സുലൈഖ മനസില്‍ പോലുള്ള സിനിമകള്‍ അതിനു ഉദാഹരണങ്ങളും ആണ്.
(തുടരും)
